കേരളവും ഇന്ത്യയും ഞെട്ടിത്തരിച്ച ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. ജൂലൈ 30ന് അതിരാവിലെ രണ്ട് മണിക്ക് ആദ്യ ഉരുൾപൊട്ടൽ. 4.10 ഓടെ വീണ്ടും ഉരുൾപൊട്ടി. മേപ്പാടിയും മുണ്ടക്കൈയും ചൂരൽമലയും ഉൾപ്പടെ തകർന്നടിഞ്ഞ് ഒലിച്ചുപോയി. വെള്ളാർമല ജി.വി.എച്ച്.എസ്.എസ് സ്കൂൾ മണ്ണിനടിയിലായി. ഇതുവരെ 226 മരണങ്ങൾ സ്ഥിരീകരിക്കപ്പെട്ടു. 138 പേരെ കാണാതായി. 192 ശരീരഭാഗങ്ങൾ കണ്ടെത്തി. 1600- ലേറെ പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ 220 പേർ ചികിത്സയിലാണ്. 106 റിലീഫ് കേന്ദ്രങ്ങളിൽ 11,645 പേർക്ക് സംരക്ഷണം നൽകി.
പ്രകൃതിദുരന്തങ്ങളും ചുഴലിക്കാറ്റുകളും ഉരുൾപ്പൊട്ടലുകളും അതിനു കാരണമായ അതിവർഷവും മറ്റും മനുഷ്യന്റെ ജാഗ്രതയോടെയുളള ഇടപെടലുകളിലൂടെ കുറക്കാനും തടയാനും കഴിയും.
നമ്മുടെ സർവ്വശ്രദ്ധയും രക്ഷാപ്രവർത്തനങ്ങളിലും ദുരിതനിവാരണത്തിലും ചികിത്സ ലഭ്യാമാക്കുന്നതിലും പുനരധിവാസ പ്രവർത്തനങ്ങളിലുമാണ് സ്വഭാവികമായും കേന്ദ്രീകരിക്കേണ്ടത്. അതിൽ വീഴ്ച വരാതിരിക്കാൻശ്രദ്ധിക്കുന്നതിനൊപ്പം ഭരണാധികാരികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടാകുന്നുവെങ്കിൽ അത് ചൂണ്ടിക്കാണിച്ച് തിരുത്തുന്നതും അത്യാവശ്യമാണ്. അതിനുപകരം സംസ്ഥാന ഭരണസംവിധാനത്തെ അടിസ്ഥാനരഹിതമായി കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങളോടെയുള്ള പ്രസ്താവന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയത് അത്യന്തം നിരുത്തരവാദപരമായിപ്പോയി.
റെഡ് അലർട്ടിനു പകരം ഓറഞ്ച് അലർട്ട് മാത്രമാണ് കേന്ദ്ര ഏജൻസി നൽകിയത് എന്നതാണ് വസ്തുത. ഉരുൾപൊട്ടലിനുശേഷം മാത്രമാണ് റെഡ് അലർട്ട് നൽകിയത് എന്ന് അസന്ദിഗ്ദ്ധമായ തെളിവുകളോടെ ചൂണ്ടിക്കാണിച്ചുവെങ്കിലും കേന്ദ്രം തെറ്റുതിരുത്താനോ മാപ്പു പറയാനോ മുതിർന്നിട്ടില്ല. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും കേന്ദ്രസർക്കാർ സാങ്കേതിക തടസ്സങ്ങൾ നിരത്തുന്നു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വ്യത്യസ്തഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനിടയിൽ അതിന് തടസ്സമാകാത്ത നിലയിൽ ചില ചർച്ചകൾ പ്രസക്തമാണ്.
ഒന്നാമത്തെ കാര്യം, പാരിസ്ഥിതിക സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഔപചാരികമായി അംഗീകരിക്കുകയും പ്രയോഗത്തിൽ ആത്മാർത്ഥത കാട്ടാതിരിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തിൽ കാണാം. എന്നാൽ ഇന്ന് ഇതൊരു ജീവന്മരണ പ്രശ്‌നം തന്നെയായി മാറിയിട്ടുണ്ട് എന്നത് അംഗീകരിച്ചേ തീരൂ.
2024 ഏപ്രിൽ 22ന് അന്തർദേശീയ തൊഴിൽ സംഘടന (ILO) പ്രസിദ്ധീകരിച്ച പഠനത്തിൽ, ലോകത്ത് പണിയെടുക്കുന്നവരിൽ 240 കോടി ആളുകൾ അത്യുഷ്ണത്തിന്റെ കെടുതിയിൽപ്പെടുന്നു എന്ന് കണക്കാക്കിയിരുന്നു. 2000-നെ അപേക്ഷിച്ച് 20 വർഷം കഴിഞ്ഞ് 2020-ൽ എത്തിയപ്പോൾ 34.7 ശതമാനം വർദ്ധനവ് അനുഭവപ്പെട്ടിരിക്കുന്നു എന്നും ഈ പഠനം വ്യക്തമാക്കുന്നു.
പ്രകൃതിദുരന്തങ്ങളും ചുഴലിക്കാറ്റുകളും ഉരുൾപ്പൊട്ടലുകളും അതിനു കാരണമായ അതിവർഷവും മറ്റും മനുഷ്യന്റെ ജാഗ്രതയോടെയുളള ഇടപെടലുകളിലൂടെ കുറക്കാനും തടയാനും കഴിയും. അതിന് സാധ്യത തീരെ കുറഞ്ഞതുമുണ്ട്. എന്നാൽ, പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ പാറപൊട്ടിക്കൽ, മലയിടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും വലിയ നിർമാണ പ്രവർത്തനങ്ങളും തുടരുന്നത് പരിസ്ഥിതി ആഘാത പഠനങ്ങളെ അവഗണിച്ചുകൊണ്ടായിരിക്കും. അവ എന്തുവിലകൊടുത്തും തടയുന്നതിൽ ഗവണ്മെന്റ് കർശന നിലപാട് സ്വീകരിക്കണം.
പ്രകൃതിയുടെ മേൽ നമ്മൾ, മനുഷ്യർ നേടിയ വിജയങ്ങളെച്ചൊല്ലി അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പക വീട്ടുന്നുണ്ട്.
ഇപ്പോൾ ദാരുണമായ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തുനിന്ന് പത്തു കിലോമീറ്റർ അകലെ മാത്രമേ പാറ പൊട്ടിക്കുന്ന ക്വാറി പ്രവർത്തിക്കുന്നുള്ളൂ എന്ന് ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനങ്ങൾ സൂക്ഷമമായും ശാസ്ത്രീയമായും തന്നെ നടത്തിയശേഷം മാത്രമേ നിശ്ചിത വലുപ്പമുള്ള പദ്ധതികൾ അംഗീകരിക്കാവൂ എന്നതിൽ ഒട്ടും വെള്ളം ചേർക്കാൻ പാടില്ല. പശ്ചിമഘട്ടത്തിന്റെ സംരക്ഷിതത്വം സംബന്ധിച്ച പഠന റിപ്പോർട്ടുകൾ വേണ്ടപോലെ പുനർപഠനത്തിന് വിധേയമാക്കി സാമൂഹികമായ അഭിപ്രായ സമന്വയത്തിനുള്ള പരിശ്രമം ആവശ്യമാണ്.
മനുഷ്യൻ പ്രകൃതിയിൽനിന്ന് ഭിന്നരാണെന്നു പറയുമ്പോൾ, ഉടൻതന്നെ കാൾ മാർക്‌സ് കൂട്ടിച്ചേർത്തു; മനുഷ്യൻ പ്രകൃതിയുടെ തന്നെ ഭാഗവുമാണ്. 'പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' എന്ന ഗ്രന്ഥത്തിൽഏംഗൽസ് ഇപ്രകാരം കുറിച്ചു: 'ചുരുക്കിപ്പറഞ്ഞാൽ മൃഗം അതിന്റെ പരിസരത്തെ ഉപയോഗപ്പെടുത്തുന്നു. സ്വന്തം സാന്നിധ്യം കൊണ്ടുമാത്രം അതിൽ മാറ്റങ്ങൾ വരുത്തുന്നു. മനുഷ്യനാകട്ടെ, അവന്റെ ഉദ്ദേശ്യലക്ഷ്യത്തിനുവേണ്ടി അതിൽ മാറ്റങ്ങൾ വരുത്തുന്നു. അതിനെ വരുതിയിലാക്കുന്നു. മനുഷ്യനും മറ്റു ജന്തുക്കളും തമ്മിലുള്ള അന്തിമമായ, കാതലായ വ്യത്യാസം ഇതാണ്. അധ്വാനമാണ് ഈ വ്യത്യാസം കൈവരുത്തുന്നത്’.
എങ്കിലും പ്രകൃതിയുടെ മേൽ നമ്മൾ, മനുഷ്യർ നേടിയ വിജയങ്ങളെച്ചൊല്ലി അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പക വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച വിജയമാണെന്നത് ശരിതന്നെ. എന്നാൽ രണ്ടാമതും മൂന്നാമതുമായി അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും അപ്രതീക്ഷിതവും പലപ്പോഴും ആദ്യത്തേതിനെ തട്ടിക്കഴിക്കുന്നതുമായ ഫലങ്ങളാണ്.
1895-ൽ അന്തരിച്ച ഫ്രെഡറിക് ഏംഗൽസ് അപൂർണമായി എഴുതിവെച്ച കൃതിയിൽ നിന്ന് നൽകിയിട്ടുള്ള ഉദ്ധരണി ഉയർത്തുന്ന ആശയം തികച്ചും ശാസ്ത്രീയമാണ്. പ്രകൃതിയുമായുള്ള മനുഷ്യബന്ധം തികഞ്ഞ പാരസ്പര്യത്തിൽ അധിഷ്ഠിതമാകേണ്ടതുണ്ട്. ലാഭം പരമാവധിയാക്കുന്നതിൽ കഴുത്തറുപ്പൻ മത്സരത്തിലേർപ്പെടുന്ന ധനമൂലധന ശക്തികൾ മനുഷ്യനെ ചൂഷണം ചെയ്യും പോലെ പ്രകൃതിവിഭവങ്ങളെയും ആലോചനാശൂന്യമായും ആർത്തിപിടിച്ചും ചൂഷണം ചെയ്യുന്നു. അതു തടയാൻ സമത്വപൂർണമായ ഒരു വ്യവസ്ഥിതി രൂപപ്പെടുത്തണം.
എല്ലാതരം ചൂഷങ്ങളെയും തുടച്ചുമാറ്റുന്നതിലൂടെ പുതിയ ഒരു ധാർമിക സംസ്‌കാരം; മനുഷ്യർ തമ്മിലുള്ള ബന്ധത്തിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലും സ്ഥാപിക്കുവാൻ സാധിക്കുമ്പോൾ മാത്രമേ ഈ ഭൂമി കൂടുതൽ സുരക്ഷിതമായ പൊതു ആവാസസ്ഥലമായി പരിണമിക്കുകയുള്ളൂ. പിറന്നതെന്തും പ്രകൃതിയിൽ ലയിക്കുമെന്നതുപോലെ ഭൂമിക്കും സൂര്യനും ഒരന്ത്യമുണ്ടാവും. മനുഷ്യന്റെ അതിക്രമങ്ങളിലൂടെ അത് അതിവേഗമാക്കരുതല്ലോ.