മുണ്ടക്കൈ ഗ്രാമത്തിന് ജൂലൈ 30 ഇനിയും മറക്കാറായിട്ടില്ല. ദുരന്തത്തിന് മുമ്പ് ജീവിക്കാനായി അവരെടുത്ത വായ്പകൾ ദുരന്തം സംഭവിച്ച് അഞ്ചുമാസങ്ങൾക്കിപ്പുറവും ആ മനുഷ്യരെ വേട്ടയാടുന്നുണ്ട്. ദുരിതബാധിതരുടെ വായ്പകൾ മുഴുവൻ എഴുതിത്തള്ളുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നെങ്കിലും എല്ലാം നഷ്ടമായ ആ മനുഷ്യർക്ക് വായ്പ തിരിച്ചടക്കാനുള്ള മെസേജുകൾ ഇപ്പോഴും വരുന്നുണ്ട്. അഞ്ചു മാസമായി വായ്പ മുടങ്ങിയത് അവരുടെ സിബിൽ സ്കോറിനെ ബാധിക്കുകയും ചെയ്തു. അതിനെല്ലാം പുറമെ മുണ്ടക്കൈ ചൂരൽമല പ്രദേശത്തേക്ക് ഇനി വായ്പകൾ നൽകാൻ ബാങ്കുകൾ മടിക്കുന്നുമുണ്ട്. ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ കഴിയുമ്പോഴും വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് നിരന്തരമെത്തുന്ന മെസ്സേജുകൾ ആ മനുഷ്യരെ മാനസികമായി വല്ലാതെ തളർത്തുന്നുണ്ട്. ഈട് വെച്ച ഭൂമിയും ഒപ്പമുണ്ടായിരുന്ന മനുഷ്യരുമെല്ലാം നഷ്ടപ്പെട്ടിട്ടും തങ്ങളെ വിടാതെ പിന്തുടരുന്ന വായ്പകൾ കാരണം ആത്മഹത്യയുടെ വക്കിലാണ് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ബാക്കിയായ മനുഷ്യർ.