ഗാഡ്ഗിൽ എന്ന പേര് ഇന്ത്യയിലെ അക്കാദമിക സമൂഹത്തിൽ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് ഒരു സൂത്രവാക്യത്തിൻറ പേരിലാണ്. അതിൻെറ പേര് ‘ഗാഡ്ഗിൽ ഫോർമുല’ എന്നാണ്. എങ്ങനെയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് പണം വിതരണം ചെയ്യേണ്ടത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ നിലപാട് എടുക്കുന്ന ഫോർമുലയായിരുന്നു അത്. മൂന്നാം പഞ്ചവത്സരപദ്ധതിയുടെ കാലത്താണ് ഇത് പ്രാവർത്തികമാവുന്നത്. അതിനുമുൻപ് എങ്ങനെയാണ് പണം വിതരണം ചെയ്യേണ്ടത് എന്ന് നിർദ്ദേശിക്കുന്ന കൃത്യവും വസ്തുനിഷ്ഠവുമായ നിയമങ്ങളുണ്ടായിരുന്നില്ല. അത് മുന്നോട്ടുവെച്ച ഗാഡ്ഗിൽ ഫോർമുലയോടെയാണ്, ഗാഡ്ഗിൽ എന്ന പേര് ഇന്ത്യൻ അക്കാദമിക സമൂഹത്തിൽ ചർച്ചയായത്. ഈ ഫോർമുല മുന്നോട്ടുവെച്ചത് ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിലാണ്. നമ്മളിന്ന് സംവദിക്കുന്നത് അദ്ദേഹത്തെക്കുറിച്ചല്ല, മറിച്ച് അദ്ദേഹത്തിൻെറ മകനെക്കുറിച്ചാണ്; മാധവ് ഗാഡ്ഗിലിനെക്കുറിച്ചാണ്…
വളരെ പ്രസിദ്ധനായ ഒരു പിതാവിൻെറ മകനായി ജനിച്ച മാധവ് ഗാഡ്ഗിൽ, പൂനെ സർവകലാശാലയ്ക്ക് കീഴിലുള്ള ഫെർഗൂസൻ കോളേജിൽ നിന്നാണ് ബയോളജിയിൽ ബിരുദം നേടുന്നത്. ശേഷം മുംബൈ സർവകലാശാലയിൽ നിന്ന് സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് അദ്ദേഹം പോയത് ഹാർവാർഡ് സർവകലാശാലയിലേക്കാണ്. യു.വിൽസണാണ് അദ്ദേഹത്തിൻെറ മുന്നോട്ടുള്ള പഠനത്തെ ആകർഷിച്ച വ്യക്തിത്വം. ആ സമയത്ത് വിൽസൺ എവല്യൂഷണറി ബയോളജിയിൽ ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞനായിരുന്നു. മാത്തമാറ്റിക്കൽ ഇക്കോളജിയിലാണ് ഗാഡ്ഗിൽ പിന്നീട് ഗവേഷണം നടത്തുന്നത്. വില്യം ബൊസേർട്ട് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് പിഎച്ച്.ഡി ചെയ്തത്, 1969-ൽ പൂർത്തിയാക്കി. ശേഷം ഫെല്ലോഷിപ്പുമായി ഹാർവാർഡ് കംപ്യൂട്ടിങ് സെൻററിൽ രണ്ട് വർഷം ജോലി ചെയ്തു.
1971-ലാണ് മാധവ് ഗാഡ്ഗിൽ ഹാർവാർഡിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. പിന്നീട് മഹാരാഷ്ട്രയിലെ അഗാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻറിഫിക്ക് റിസർച്ചറായി ചേർന്നു. അവിടെയും രണ്ട് വർഷത്തോളം ജോലി ചെയ്തു. അതിനുശേഷമാണ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ചേരുന്നത്. 30 വർഷത്തോളമാണ് അവിടെ ജോലി ചെയ്തത്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി 2004-ൽ വിരമിച്ചു.
രണ്ട് റിസർച്ച് സെൻററുകൾ അദ്ദഹം തുടങ്ങിയിരുന്നു- സെൻറർ ഫോർ തിയററ്റിക്കൽ സ്റ്റഡീസ്, സെൻറർ ഫോർ ഇക്കോളജിക്കൽ സ്റ്റഡീസ്. അതിനിടയിൽ സ്റ്റാൻഫോർഡ്, കാലിഫോർണിയ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായി. IISc-യിൽ നിന്ന് വിരമിച്ചശേഷം ഗാഡ്ഗിൽ പൂനെയിലേക്ക് തിരിച്ചുപോയി. പിന്നീട് ഗോവ സർവകലാശാലയിൽ ഡി.ഡി. കൊസാംബി ചെയറിൽ വിസിറ്റിങ് റിസർച്ച് പ്രൊഫസറായി.

ഗാഡ്ഗിൽ സ്പോർട്സ്മാനായിരുന്നു. 1959-ലും 1961-ലും മഹാരാഷ്ട്രയിൽ ജൂനിയർ തലത്തിൽ ഹൈജംപ് റെക്കോർഡുകൾ നേടിയിരുന്നു. സുലോചനയെയാണ് ഗാഡ്ഗിൽ വിവാഹം ചെയ്തത്. മീറ്ററോളജിസ്റ്റായ സുലോചന, ഹാർവാർഡിൽ തന്നെയാണ് പഠിച്ചിരുന്നത്.
വളരെ രസകരമായിട്ടാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. ഒരു ദിവസം ഫെർഗൂസൻ കോളേജിലൂടെ നടക്കുന്ന സമയത്ത് ക്ലാസ് നടക്കുന്ന മുറിയുടെ ജനലിലൂടെ ഒരു പെൺകുട്ടി ചാടി പുറത്തിറങ്ങുന്നു. ഗാഡ്ഗിൽ അവരെ കണ്ടു. കൊള്ളാലോ എന്ന് പറഞ്ഞു. അവിടനിന്ന് തുടങ്ങിയതാണ് ആ പ്രണയം. പിന്നെ വിവാഹത്തിലേക്കെത്തി. അവരെ ഇന്ന് നമ്മൾ സുലോചന ഗാഡ്ഗിൽ എന്നു വിളിക്കുന്നു. അവർ കഴിഞ്ഞ വർഷം മരിച്ചു. രണ്ട് മക്കളാണ് അവർക്ക്, ഒരാൺകുട്ടിയും പെൺകുട്ടിയും. മകൾ ഗൗരി ഗാഡ്ഗിൽ മാധ്യമപ്രവർത്തകയും സ്പാനിഷ് പഠിപ്പിക്കുന്ന അധ്യാപികയുമാണ്. മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ മാത്തമാറ്റീഷ്യനാണ്.
എങ്ങനെയാണ് ശാസ്ത്രവും ശാസ്ത്രം ഉത്പാദിപ്പിക്കുന്ന അറിവുകളും ഒരു പ്രദേശത്തിൻെറ ഭരണസംവിധാനവുമായി ബന്ധിപ്പിക്കുക എന്ന അന്വേഷണമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ഏറ്റവും വലിയ സവിശേഷത.
പശ്ചിമഘട്ട ഇക്കോളജി എക്സ്പെർട്ട് പാനൽ (Western Ghats Ecology Expert Panel) ചെയർമാൻ എന്ന നിലയിലാണ് ഗാഡ്ഗിലിനെ കേരളം നന്നായി പരിചയപ്പെടുന്നത്. കമ്മിറ്റിയിൽ അദ്ദേഹത്തോടൊപ്പം ബി.ജെ. കൃഷ്ണൻ, കെ.എൻ. ഗണേശയ്യ, ഡോ. വി.എസ്. വിജയൻ, പ്രൊഫൽ റെനെ ബോർഗെസ്, പ്രൊഫ. സുകുമാർ, വിദ്യ നായക്, ഡോ. സുബ്രഹ്മണ്യം, ഡോ. ആർ.വി. വർമ എന്നിവരും ഉണ്ടായിരുന്നു. കൂടാതെ ബയോഡൈവേഴ്സിറ്റി ബോർഡ് അധ്യക്ഷരും. പശ്ചിമഘട്ടത്തിൻെറ നിലനിൽപ്പിനാവശ്യമായ കാര്യങ്ങൾ കണ്ടെത്തുക എന്നതായിരുന്നു അവരെ ഏൽപ്പിച്ച ജോലി. പശ്ചിമഘട്ടം അതിന് മുൻപ് വലിയ തോതിൽ ആക്രമിക്കപ്പെട്ടിരുന്നു.
ശാസ്ത്രജ്ഞനെന്ന നിലയ്ക്ക് പശ്ചിമഘട്ട ഇക്കോളജി എക്സ്പെർട്ട് പാനൽ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ എനിക്ക് മനസ്സിലായ വലിയൊരു കാര്യം, എങ്ങനെയാണ് ശാസ്ത്രവും ശാസ്ത്രം ഉത്പാദിപ്പിക്കുന്ന അറിവുകളും ഒരു പ്രദേശത്തിൻെറ ഭരണസംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ്. അതിൻെറ ഏറ്റവും ഗംഭീരമായ മാനിഫെസ്റ്റോ ആയിട്ടാണ് ഈ റിപ്പോർട്ടിനെ ഞാൻ കണ്ടത്.
റിപ്പോർട്ടിൻെറ പ്രധാന പ്രത്യേകത, പശ്ചിമഘട്ടത്തിൽ പ്രവേശിക്കണമെങ്കിൽ സാമാന്യജനവിഭാഗങ്ങളുടെ, അല്ലെങ്കിൽ അവിടെ ജീവിക്കുന്ന മനുഷ്യരുടെ നിർദ്ദേശങ്ങൾ മുഖവിലയ്ക്ക് എടുക്കണം എന്നതായിരുന്നു. രണ്ടാമതായി, അത് മുന്നോട്ടുവെച്ചത് വ്യത്യസ്ത തലങ്ങളിലുള്ള സംരക്ഷണ സംവിധാനമാണ്. ഇക്കോളജിക്കൽ സെൻസിറ്റീവ് സോണായി തീരുമാനിച്ച സ്ഥലങ്ങളുണ്ട്. അവയെ സോൺ 1,2,3 എന്നിങ്ങനെ വിഭജിച്ചിരുന്നു. ഓരോ മേഖലയിലും ചെയ്യാൻ പാടില്ലാത്തതും അനുമതിയുള്ളതുമായ കാര്യങ്ങളുമുണ്ട്. ഇതെല്ലാം ചേർത്തുവായിച്ചാൽ എന്ത് കാര്യവും നമുക്ക് ചെയ്യാം. ഖനനം നടത്താം, തെർമൽ പവർ പ്ലാൻറ്സ് കൊണ്ടുവരാം, അങ്ങനെ എല്ലാം സാധ്യമാണ്. പക്ഷേ, എവിടെ ചെയ്യാം എന്നതിനെക്കുറിച്ച് കൃത്യമായ നിബന്ധനകൾ റിപ്പോർട്ട് മുന്നോട്ട് വെക്കുന്നുണ്ട്.

റിപ്പോർട്ട് സമർപ്പിച്ചശേഷം കുറേകാലം അത് പുറംലോകം കണ്ടില്ല. പിന്നീട് കോടതിയിൽ കേസൊക്കെ പരിഗണിച്ചതിന് ശേഷമാണ് പുറത്തു വരുന്നത്. അതോടെ അതിനെതിരെ കേരളത്തിൽ വലിയ എതിർപ്പുണ്ടായി. അതിൻെറ യുക്തി എന്തായിരുന്നുവെന്ന് ഇന്നാലോചിച്ചാൽ മനസ്സിലാവും. ഓരോ ഭരണകൂടത്തെയും നിലനിർത്തുന്ന സാമ്പത്തികസംവിധാനം എന്താണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ലളിതമായി പറഞ്ഞാൽ, ട്രംപ് നേതൃത്വം കൊടുക്കുന്ന അമേരിക്കൻ സർക്കാരിനെ നിലനിർത്തുന്നത് അവിടുത്തെ പെട്രോകെമിക്കൽ കമ്പനികളാണ്. ദേശീയതലത്തിലേക്ക് വന്നാൽ, മോദി സർക്കാരിനെ നിലനിർത്തുന്നത് അദാനിയും അംബാനിയും ആണെന്ന് നമുക്കറിയാം. കേരളത്തിലേക്ക് വന്നാൽ, പിണറായി സർക്കാരിനെ താങ്ങിനിർത്തുകയും മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്ന സാമ്പത്തിക സംവിധാനം എന്നത് ഇവിടെയുള്ള ക്വാറി മുതലാളിമാരാണെന്നും നമുക്ക് മനസ്സിലാവും. ഇത് മനസ്സിലാവുന്നത് എങ്ങനെയെന്ന് വെച്ചാൽ, ഒരു സർക്കാർ അധികാരത്തിൽ വന്നാൽ, അവർ ആദ്യം എടുക്കുന്ന നടപടികളും തീരുമാനങ്ങളും നോക്കിയാൽ മതി.
കേരളത്തിലെ ക്വാറികൾ, കാട്ടിൽ നിന്നും മനുഷ്യ ആവാസ മേഖലകളിൽ നിന്നും 200 മീറ്റർ അകലെയായിരിക്കണം എന്നായിരുന്നു നിയമം. അത് 150 മീറ്ററും 100 മീറ്ററും 50 മീറ്ററുമാക്കി കുറച്ചുകൊണ്ടുവരുമ്പോൾ നമുക്ക് മനസ്സിലാവും, സർക്കാർ ആരോടൊപ്പമാണ് എന്ന്. അതുകൊണ്ടു തന്നെ ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തുവന്നശേഷം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അത് മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നതിന് മുൻപ് തന്നെ, ഇത് തങ്ങൾക്ക് അപകടകരമാണ് എന്ന് ക്വാറി മുതലാളിമാർക്ക് മനസ്സിലായി. കാരണം ആ റിപ്പോർട്ടിൽ പറയുന്നത്, പരിസ്ഥിതി ദുർബലമേഖലയിലുള്ള ഒന്നാം സോണിൽ ക്വാറി പ്രവർത്തനം പാടില്ല എന്നാണ്. രണ്ടാം സോണിൽ അഞ്ച് വർഷം കൊണ്ട് പ്രവർത്തനം അവസാനിപ്പിക്കണം, മൂന്നാമത്തെ സോണിൽ ക്വാറി ആവാം എന്നും പറയുന്നു. ഇതനുസരിച്ച് കേരളത്തിൽ നിലനിൽക്കുന്ന ധാരാളം ക്വാറികൾ നിർത്തേണ്ടിവരും. അത് മനസ്സിലായതോടെ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും നിലപാടെടുത്തു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ചീഫ് സെക്രട്ടറി വകുപ്പധ്യക്ഷരെ വിളിച്ച് യോഗം ചേർന്നിരുന്നു. യോഗം തുടങ്ങവേ ചീഫ് സെക്രട്ടറി പറഞ്ഞത് ഇങ്ങനെയാണ്:
“ഈ റിപ്പോർട്ട് വളരെ വലിയ റിപ്പോർട്ടാണ്. ഇത് മുഴുവൻ വായിക്കാൻ എനിക്ക് സമയം കിട്ടിയിട്ടില്ല. പക്ഷേ, എനിക്ക് തോന്നിയത് എന്താണെന്നുവെച്ചാൽ… കേരളത്തിലെ സ്ഥലം എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തിലൊക്കെ കേന്ദ്ര സർക്കാർ എങ്ങനെയാണ് അഭിപ്രായം പറയുക? ഇത് ഫെഡറൽ സംവിധാനത്തിനെതിരായ നിലപാടായി എനിക്ക് തോന്നുന്നു. ഞാനിത് മുഴുവനായി വായിച്ചിട്ടില്ല. നിങ്ങളുടെ അഭിപ്രായം നിങ്ങൾ പറയൂ.”
എല്ലാ വകുപ്പ് അധ്യക്ഷരും ചീഫ് സെക്രട്ടറിയെ അനുകൂലിക്കുകയായിരുന്നു. അദ്ദേഹത്തിന് കൂടുതൽ പോയൻറ്സ് കൊടുക്കുകയാണ് ചെയ്യുന്നത്. ആ യോഗം കഴിയുമ്പോൾ തന്നെ എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു, ഈ റിപ്പോർട്ട് ചവറ്റുകൊട്ടയിലേക്ക് പോകും എന്ന്.
കേരളത്തിൽ ഓരോ തരത്തിലുള്ള പരിസ്ഥിതി പ്രശ്നം വരുമ്പോഴും- മലയിടിച്ചിൽ, വെള്ളപ്പൊക്കം, വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ പോലുള്ളവ- ഗാഡ്ഗിലിൻെറ പേര് വീണ്ടും വീണ്ടും പറയുക എന്നതല്ലാതെ, ഗാഡ്ഗിൽ റിപ്പോർട്ട് മുന്നോട്ട് വെച്ച നിലപാടുകളെ സ്വാംശീകരിക്കുന്നതിനുള്ള ഒരു ശ്രമവും നമ്മുടെ ഭാഗത്തുനിന്നുണ്ടായില്ല.
കേരളത്തിലെ ശാസ്ത്രസമൂഹം, ഗവേഷണ സ്ഥാപനങ്ങൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവയൊക്കെ 100 ശതമാനം ഈ റിപ്പോർട്ടിനെ കണ്ടില്ലെന്ന് നടിച്ചു. ഇവരൊക്കെ ചെയ്യുന്ന ഗവേഷണത്തിൻെറ ഫലങ്ങൾ എങ്ങനെയാണ് ഭരണവുമായി നേരിട്ട് ബന്ധപ്പെടുത്താൻ പറ്റുക എന്നതാണ് ഗാഡ്ഗിൽ റിപ്പോർട്ടിൻെറ ഏറ്റവും വലിയ സാധ്യത. അങ്ങനെയൊരു റിപ്പോർട്ടിന് അക്കാദമിക ലോകത്തുനിന്ന് ഒരുതരത്തിലുള്ള പിന്തുണയും ലഭിച്ചില്ല.
അതിനുശേഷം കേരളത്തിൽ ഓരോ തരത്തിലുള്ള പരിസ്ഥിതി പ്രശ്നം വരുമ്പോഴും- മലയിടിച്ചിൽ, വെള്ളപ്പൊക്കം, വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ പോലുള്ളവ- ഗാഡ്ഗിലിൻെറ പേര് വീണ്ടും വീണ്ടും പറയുക എന്നതല്ലാതെ, ആ റിപ്പോർട്ട് മുന്നോട്ട് വെച്ച നിലപാടുകളെ സ്വാംശീകരിക്കുന്നതിനുള്ള ഒരു ശ്രമവും നമ്മുടെ ഭാഗത്തുനിന്നുണ്ടായില്ല. അത് എന്തുകൊണ്ടാണ് എന്ന് അന്വേഷിച്ചാൽ മനസ്സിലാവുന്ന ഒരു കാര്യം, മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ശാസ്ത്രത്തെ മുൻനിർത്തി ജീവിക്കുന്ന ഒരു സമൂഹമല്ല നമ്മുടേത്. രാവിലെ മുതൽ വൈകുന്നേരം വരെ നമ്മളെടുക്കുന്ന തീരുമാനങ്ങളിൽ ശാസ്ത്രീയമായത് വളരെ കുറച്ചേ ഉണ്ടാവൂ. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ അറിവ് വളരെ പ്രധാനമാണെന്ന് നമുക്ക് പലപ്പോഴും തിരിച്ചറിയാനും സാധിക്കാറില്ല.
ഗാഡ്ഗിൽ കേരളത്തിന് വളരെ പ്രിയപ്പെട്ട മനുഷ്യനായിരുന്നു. പക്ഷേ, പെട്ടെന്ന് അദ്ദേഹം അനഭിമതനായി. പരിസ്ഥിതി പ്രവർത്തകർക്ക് പോലും അദ്ദേഹത്തെ ഇഷ്ടമില്ലാതായി. ഗാഡ്ഗിൽ അദ്ദേഹത്തിൻെറ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് വെച്ച ചില പ്രധാന ചോദ്യങ്ങളുണ്ട്.
അതിലൊന്ന്; വടക്കേ ഇന്ത്യയിൽ വലിയ തെർമൽ പ്ലാൻറുകൾ ഉണ്ടാക്കുന്ന സമയത്ത് ആ പ്രദേശത്ത് ജീവിച്ചിരുന്ന ആദിമനിവാസികൾ അടക്കമുള്ളവർ മാറിത്താമസിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്നതാണ്. അവർ കുടിയൊഴിക്കപ്പെടുമ്പോഴും, അവരുടെ തലയ്ക്ക് മുകളിലൂടെ ഇലക്ട്രിക് ലൈനുകൾ നഗരങ്ങളിലേക്ക് വൈദ്യുതി എത്തിക്കുമ്പോഴും ഈ സാധാരണ മനുഷ്യർക്ക് എന്തുകൊണ്ടാണ് വൈദ്യുതി ലഭ്യമല്ലാത്തത്? ഇങ്ങനെ വളരെ മൗലികമായ ചോദ്യങ്ങൾ ശാസ്ത്രപക്ഷത്തുനിന്ന് ചോദിക്കുന്ന മനുഷ്യനായി ഗാഡ്ഗിലിനെ കാണേണ്ടതുണ്ട്.

പശ്ചിമഘട്ട സംരക്ഷണ സമിതി വിദഗ്ദ പാനലിനെ ഏൽപ്പിച്ചിരുന്ന മറ്റൊരു പ്രധാന ജോലി, അതിരപ്പിള്ളി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിനെക്കുറിച്ച് നിലപാട് എടുക്കലായിരുന്നു. ഇതുമായി ബന്ധപ്പെട്ട പഠനത്തിന് ഗാഡ്ഗിലും സംഘവും അതിരപ്പിള്ളിയിൽ എത്തിയിരുന്നു. അവിടെയുള്ള ഊരുമൂപ്പത്തി ഗീതയുമായി സംസാരിക്കുമ്പോൾ ഗാഡ്ഗിൽ ചോദിക്കുന്നുണ്ട്, “നിങ്ങൾക്ക് വനാവകാശ നിയമത്തെക്കുറിച്ച് അറിയാമോ” എന്ന്. ഗാഡ്ഗിലിൻെറ ചോദ്യം തർജ്ജമ ചെയ്തപ്പോൾ ഗീത അതിന് മറുപടി പറയുന്നത് “ഇല്ല, അതെന്താണ്?” എന്നായിരുന്നു. ആ ഒരു നിമിഷം ഗാഡ്ഗിലിൻെറ മുഖം ഞാൻ ശ്രദ്ധിച്ചു. തീരുമാനം അവിടെയാണ് ഉണ്ടാവുകയെന്ന് എനിക്ക് തോന്നി.
ഗാഡ്ഗിൽ റിപ്പോർട്ട് പറഞ്ഞു, ആ പദ്ധതി ഒരിക്കലും നടപ്പാക്കരുതെന്ന്. അവിടെ ജീവിക്കുന്ന മനുഷ്യർക്ക് ഭരണഘടന അനുശാസിക്കുന്ന സംവിധാനങ്ങൾ നടപ്പാക്കാതെ അവരെ കുടിയൊഴിപ്പിക്കുന്ന നിലപാട് ശരിയല്ല എന്ന നിലപാടാണ് അദ്ദേഹം എടുത്തത്. ഇത്തരത്തിൽ വളരെ കൃത്യമായി മനുഷ്യപക്ഷത്ത് നിൽക്കുന്ന ശാസ്ത്രജ്ഞനെന്നേ ഗാഡ്ഗിലിനെ അടയാളപ്പെടുത്താനാവൂ.
ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ച് ധാരാളം ചർച്ച നടക്കുന്ന കാലത്ത്, ഒരിക്കൽ ചാലക്കുടിയിൽ എൻെറ ഒരു അവതരണത്തിനുശേഷം സംസാരിക്കാൻ വന്നത് പ്രൊഫ. സി. രവീന്ദ്രനാഥാണ്. അദ്ദേഹം സി.പി.എം എം.എൽ.എയും മന്ത്രിയുമൊക്കെ ആയിരുന്നു. അദ്ദേഹം ആദ്യം പറഞ്ഞത്, ഗാഡ്ഗിലിനെ സംബന്ധിച്ച് പശ്ചിമഘട്ടം മാത്രം സംരക്ഷിച്ചാൽ മതിയെന്നാണ്. ‘‘നമ്മളെ സംബന്ധിച്ച് അത് മാത്രം പോരല്ലോ. നമുക്ക് തീരദേശവും ഇടനാടും മലനാടുമൊക്കെ സംരക്ഷിക്കണമല്ലോ.” അദ്ദേഹം അത് പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി, സി.പി.എം എന്ന പാർട്ടി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ നിലപാടെടുത്തു കഴിഞ്ഞുവെന്ന്. ഏറ്റവും ബഹുമാനിക്കുന്ന, നിറയെ അറിവുള്ള പ്രൊഫ. രവീന്ദ്രനാഥ് പോലും ഇങ്ങനെയൊരു അഭിപ്രായം പറയണമെങ്കിൽ അതിൻെറ പിറകിലുള്ള കാരണങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ.
ആ റിപ്പോർട്ടിൻെറ സമഗ്രത പിന്നീട്, കേരളീയ സമൂഹം, കേരളത്തിൻെറ ഭരണവ്യവസ്ഥ എങ്ങനെയാണ് ഉപയോഗിച്ചത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. സത്യത്തിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയപ്പെടുകയല്ല ഉണ്ടായത്, മറിച്ച് അതിലെ ഓരോ അംശങ്ങളും കേരളീയ സമൂഹവും ഭരണകൂടവും സ്വാംശീകരിക്കുകയാണ് ചെയ്തത്.
ഏറ്റവും വലിയ ഉദാഹരണം, കാട്ടുപന്നികളെ എങ്ങനെ നേരിടണം എന്ന ചോദ്യമാണ്. കാട്ടുപന്നികളെ നേരിടേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുകയും അതിനെ മാനേജ് ചെയ്യുകയും ചെയ്യുന്നൊരു സംവിധാനം കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ലെങ്കിൽ അതിനർത്ഥം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ തുടങ്ങി എന്നാണ്. ആ തരത്തിൽ ഇനിയങ്ങോട്ടേക്ക് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള എല്ലാ ചർച്ചകളും അവസാനിക്കുക എവിടെയാണെന്ന് വെച്ചാൽ, അത് ഓരോന്നോരോന്നായി നമ്മൾ നടപ്പിലാക്കുന്ന സ്ഥിതിയിലായിരിക്കും. പലപ്പോഴും പറയാറുള്ള ഒരു കാര്യം, ഗാഡ്ഗിൽ റിപ്പോർട്ട് നമ്മൾ നടപ്പിലാക്കിയിട്ടില്ലെങ്കിൽ, നമ്മുടെ അടുത്ത തലമുറ അത് നടപ്പിലാക്കുമെന്നാണ്. കാരണം അത് മാത്രമേയുള്ളൂ വഴി.
കാട്ടുപന്നികളെ നേരിടേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കുകയും അതിനെ മാനേജ് ചെയ്യുകയും ചെയ്യുന്നൊരു സംവിധാനം കേരള സർക്കാർ നടപ്പിലാക്കിയിട്ടില്ലെങ്കിൽ അതിനർത്ഥം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാൻ തുടങ്ങി എന്നാണ്.
ജനസാന്ദ്രതയുള്ള ഒരു പ്രദേശത്ത്, ധാരാളം ജീവജാലങ്ങളുള്ള ഒരു പ്രദേശത്ത് എങ്ങനെയാണ് ഇവർ ഒരുമിച്ച് ജീവിക്കുക എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും അതിനുള്ള കൃത്യമായ ഉത്തരങ്ങളുമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. ആ നിലയ്ക്ക് കേരളത്തോട് വലിയ സ്നേഹം കാണിച്ചിട്ടുള്ള മനുഷ്യനായിരുന്നു ഗാഡ്ഗിൽ. അദ്ദേഹത്തിന് കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തെക്കുറിച്ചും ത്രിതല ഭരണ സംവിധാനത്തിൻെറ ശക്തിയെക്കുറിച്ചും കുടുംബശ്രീ സംവിധാനങ്ങളെക്കുറിച്ചും വലിയ ബഹുമാനമുണ്ടായിരുന്നു. കേരളം പ്രിയപ്പെട്ട പ്രദേശമായതുകൊണ്ടാണ്, ഗാഡ്ഗിൽ ഇടയ്ക്കിടെ ഓടിയോടി കേരളത്തിലേക്ക് വന്നിരുന്നത്. ആ വാക്കുകൾ ശ്രദ്ധയോടുകൂടി വീണ്ടും വായിക്കാൻ, നമ്മുടെ ജീവിതത്തിലേക്കും ഭരണസംവിധാനത്തിലേക്കും അദ്ദേഹത്തിൻെറ നിലപാടുകളെ കണ്ണിചേർക്കാൻ, സാധ്യമാകേണ്ടതായിട്ടുണ്ട്.
▮
ജാതിയെക്കുറിച്ച്
മാധവ് ഗാഡ്ഗിൽ പറഞ്ഞത്…
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളുടെ കാലത്ത്, മാധവ് ഗാഡ്ഗിൽ ഒരു ബ്രാഹ്മണനെന്ന നിലയ്ക്ക് തന്റെ വരേണ്യ ജാതിയുക്തി പ്രകൃതിവിഭവ സംരക്ഷണവുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ ചെലുത്താൻ ശ്രമിക്കുന്നു എന്ന വ്യാപക പ്രചാരണം കേരളത്തിലുണ്ടായിരുന്നു. ഈ കാമ്പയിൻ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഗാഡ്ഗിൽ എന്നോട് വിശദമായി സംസാരിച്ചിരുന്നു. ആ മറുപടി താഴെ ചേർക്കുന്നു.
“എന്റെ പിതാവ് വളരെ ചെറുപ്പത്തിൽ തന്നെ, 16 വയസ്സുള്ളപ്പോൾ തന്നെ, ഇങ്ങനെ പ്രഖ്യാപിച്ചിരുന്നു: ജാതി എന്നത് വെറുപ്പുളവാക്കുന്ന സംഗതിയാണ്, ഞാൻ ഒരു ജാതിയിലും പെട്ടയാളല്ല. എന്റെ അമ്മയുടെ കുടുംബം ഹിന്ദു ജാതിവ്യവസ്ഥ നിരസിച്ച പ്രാർത്ഥനാ സമാജ് എന്ന പുരോഗമന സംഘത്തിൽ പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ എന്റെ മാതാപിതാക്കൾ ജാതി നിരസിച്ചിരുന്നവരാണ്.
ഒരു ബ്രാഹ്മണ പുരോഹിതനെയും ഞങ്ങളുടെ വീട്ടിൽ പ്രവേശിപ്പിച്ചിട്ടില്ല. എന്റെ പിതാവ് (ധനഞ്ജയ രാമചന്ദ്ര ഗാഡ്ഗിൽ) സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു. ബാബാസാഹേബ് അംബേദ്കറുടെ ക്ഷണപ്രകാരം 1936- ൽ ബോംബെ ടെക്സ്റ്റൈൽ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം ഒരു പഠനം നടത്തിയിരുന്നു. അന്നുമുതൽ അദ്ദേഹം, താൻ ഏറെ ആദരിച്ചിരുന്ന അംബേദ്കറുടെ സുഹൃത്തായി.
എന്റെ അച്ഛന് പക്ഷിനിരീക്ഷണത്തിൽ ഏറെ താൽപ്പര്യമുണ്ടായിരുന്നു. ഞാൻ ജനിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം സാലിം അലിയുടെ സുഹൃത്തായിരുന്നു. 14-ാം വയസ്സിൽ സാലിം അലിയെ പരിചയപ്പെട്ടതിനുശേഷമാണ് ഒരു ഫീൽഡ് ഇക്കോളജിസ്റ്റാകാൻ എനിക്ക് പ്രചോദനം ലഭിച്ചതും. 1987-ൽ അദ്ദേഹം മരിക്കുന്നതുവരെ ഞാൻ അദ്ദേഹവുമായി വ്യക്തിപരമായി ബന്ധപ്പെട്ടിരുന്നു.
എന്റെ അമ്മ, അവരുടെ മുറിയുടെ ഒരു മൂലയിൽ ഒരു കൂട്ടം ദൈവങ്ങളെ സ്വകാര്യമായി പ്രാർഥിച്ചിരുന്നു. എങ്കിലും മക്കളായ ഞങ്ങളോട് ഹിന്ദു ദൈവങ്ങളിൽ വിശ്വസിക്കാൻ അവർ ഒരിക്കലും ആവശ്യപ്പെട്ടില്ല. മാത്രമല്ല, ഞങ്ങൾ അച്ഛനെപ്പോലെ നിരീശ്വരവാദികളായാണ് വളർന്നതും. പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞയായിരുന്ന ഐരാവതി കാർവെ ഞങ്ങളുടെ അയൽക്കാരിയായിരുന്നു, അവർ ഞങ്ങളെ ശക്തമായി സ്വാധീനിച്ചു. ഇന്ത്യൻ സാമൂഹിക സംഘാടനത്തെക്കുറിച്ച് ഏറെ താൽപര്യമുള്ള അവർ ‘ഹിന്ദു സൊസൈറ്റി: ആൻ ഇന്റർപ്രെറ്റേഷൻ’ എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമായ ജാതിവ്യവസ്ഥയെക്കുറിച്ചാണ് അത് സംസാരിക്കുന്നത്, ജാതിവ്യവസ്ഥയെ ഒരു തരത്തിലും അംഗീകരിക്കാതെ തന്നെ.

caste endogamy-യായി മാറിയ tribal endogamy എന്തുകൊണ്ടാണ് ഇന്ത്യയിൽമാത്രം നിലനിൽക്കുന്നത് എന്നും ലോകത്തിലെ മറ്റൊരു സമൂഹത്തിലും നിലനിൽക്കാത്തത് എന്നതിലും എനിക്ക് വളരെ കൌതുകം തോന്നി. അതിനാൽ, ഇതുമായി ബന്ധപ്പെട്ട ഒരു അനുമാനം പരിശോധനക്കെടുക്കാൻ തീരുമാനിച്ചു. അതായത്, ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട്, ചരിത്രപരമായി തന്നെ ചില ഗുണങ്ങളുണ്ടായേക്കാം എന്ന അനുമാനം. ഇതിനായി, മഹാരാഷ്ട്രയിലെ മൂന്ന് വേട്ടയാടൽ സമൂഹങ്ങളിൽ ഞാൻ ഫീൽഡ് വർക്ക് നടത്തി. സുസ്ഥിരമായ വിഭവഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ജാതിസമ്പ്രദായം സഹായിച്ചിട്ടുണ്ടാകാം എന്നതിനുള്ള ചില തെളിവുകളിലുടെ എനിക്ക് കടന്നുപോകാൻ കഴിഞ്ഞു. ഇരാവതി കാർവെയുടെ വിദ്യാർത്ഥിയായ മൽഹോത്രയ്ക്കൊപ്പം ‘Adaptive significance of the caste system’ എന്ന പേരിൽ ഞാൻ എഴുതിയ പേപ്പർ, ഈ തെളിവുകളെ വിശാലമായ വീക്ഷണകോണിൽ അവതരിപ്പിക്കുന്നു. ഈ പേപ്പറിൽ ഞങ്ങൾ വ്യക്തമാക്കിയത് ഇതാണ്: ഭൂതകാലത്ത് ജാതിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങളുണ്ടായിരുന്നിരിക്കാം എങ്കിൽക്കൂടി, അത് ഇനി നിലനിൽക്കില്ല. ആ ജാതി പൂർണ്ണമായും ഇപ്പോൾ അഭികാമ്യമല്ലാതായിരിക്കുന്നു. അത് ഇന്ത്യൻ സമൂഹത്തിന് ഒരു ഭാരമായി മാറിയിരിക്കുന്നു- ഈയൊരു ഉറച്ച നിഗമനത്തിലാണ് ഞങ്ങൾ എത്തിയത്.
അതോടൊപ്പം ഞാൻ, ‘An approach to Ecodevelopment of Western Ghats’ എന്നൊരു പ്രബന്ധം പ്രസിദ്ധീകരിച്ചു. ആ പേപ്പർ ജാതിവ്യവസ്ഥയെ വളരെ ശക്തമായി വിമർശിക്കുന്നതും ഞാൻ ജാതിവ്യവസ്ഥയ്ക്ക് എതിരാണെന്ന് വ്യക്തമാക്കുന്നതുമായ ഒന്നാണ്.
വ്യക്തിപരമായ ജീവിതത്തിൽ ഞാൻ ഈ വിശ്വാസം മുറുകെപ്പിടിച്ചാണ് പ്രവർത്തിച്ചത്. മാത്രമല്ല, എന്റെ മകളോടും മകനോടും, ഒരു ജനിതകശാസ്ത്ര വിദ്യാർത്ഥിയെന്ന നിലയ്ക്ക്, ഞാൻ ഒരു ഉപദേശം കൂടി നൽകിയിട്ടുണ്ട്; ജാതിക്കു പുറത്തുനിന്ന് വിവാഹം കഴിച്ചാൽ അവരുടെ കുട്ടികൾ കൂടുതൽ ആരോഗ്യവാന്മാരാകും. ഈ ഉപദേശം കണക്കിലെടുത്ത് മകൾ ഗുജറാത്തി ബ്രാഹ്മണനല്ലാത്ത ഒരാളെ പങ്കാളിയായി തിരഞ്ഞെടുക്കുകയും മകൻ ബംഗാളി ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്റെ മൂന്ന് പേരക്കുട്ടികളും വളരെ ആരോഗ്യവതികളാണെന്നും ‘heterozygote’ ഊർജ്ജം നിറഞ്ഞവരാണെന്നും അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
1973-ൽ ഞാൻ IISc-ൽ ചേരുന്നതിന് ഒരു വർഷം മുമ്പ്, സാലിം അലിയുടെ കസിൻ സഫർ ഫുതേഹള്ളി ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്നു. തുടർന്നുള്ള മൂന്നു പതിറ്റാണ്ടുകാലം അദ്ദേഹം എനിക്ക് ശക്തമായ പിന്തുണ നൽകി ഒപ്പമുണ്ടായിരുന്നു. എന്റെയും അദ്ദേഹത്തിന്റെയും കുടുംബങ്ങൾ തമ്മിലും വളരെ അടുപ്പമുണ്ടായിരുന്നു. സസ്യശാസ്ത്രജ്ഞനും ജെസ്യൂട്ട് പുരോഹിതനുമായ എന്റെ മുതിർന്ന സഹപ്രവർത്തകനായ ഫാദർ സെസിൽ സൽദാനയുമായും എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. അദ്ദേഹം സെന്റ് ജോസഫ്സിന്റെ പ്രിൻസിപ്പലായി വിരമിക്കുകയും പിന്നീട്, IISc-യിൽ, ഞങ്ങളുടെ വകുപ്പിൽ ചേരുകയും ചെയ്തു. എന്റെ മറ്റ് അടുത്ത സുഹൃത്തുക്കളിൽ എം. കെ. പ്രസാദും ഉൾപ്പെടുന്നു. ഒരു കാലത്ത് കേരളത്തിൽ വളരെ താഴ്ന്ന ജാതിയായി കണക്കാക്കപ്പെട്ടിരുന്ന ഈഴവ ആയിരുന്നു അദ്ദേഹം എന്നു ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ എന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമറിയാൻ, അദ്ദേഹവുമായി സംസാരിക്കാവുന്നതാണ്.”
