ശാസ്ത്രത്തിൻ്റെയും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുടെയും ഹരിത വനമേലാപ്പിൽ ഒരു വൻമരം വീണുപോയ ശൂന്യത സൃഷ്ടിച്ചാണ് മാധവ് ഗാഡ്ഗിൽ 83ാം വയസിൽ അന്തരിച്ചത്. പാശ്ചാത്യ ലോകത്തിലുടലെടുത്ത യാന്ത്രിക പരിസ്ഥിതി പരികല്പനകളുടെ സ്ഥാനത്ത്, മനുഷ്യപ്പറ്റുള്ള ഇക്കോളജിയെ പ്രതിഷ്ഠിച്ച ജ്ഞാനസമ്പുഷ്ടവും സമരഭരിതവുമായ ആ ജീവിതത്തിനൊപ്പമാണ് ഇന്ത്യയിൽ പ്രകൃതിശാസ്ത്രവും വളർന്നത്. ലാൻ്റ് സ്കേപ് ഇക്കോളജി, ഹ്യൂമൺ ഇക്കോളജി, ഇക്കോ ഫോക് ലോർ തുടങ്ങി ഗാഡ്ഗിൽ ഇടപെടാത്ത പ്രകൃതിശാസ്ത്രമേഖലകളില്ല.
കാവുകളെക്കുറിച്ചുള്ള പഠനമായിരുന്നു ഗാഡ്ഗിലിൻ്റെ ആദ്യ ഗവേഷണ കാലം. പശ്ചിമഘട്ടത്തിലെ വിശുദ്ധ വനങ്ങളെക്കുറിച്ച് 1970 കളുടെ ആദ്യത്തിൽ തന്നെ ഗാഡ്ഗിലും വി.ഡി. വാർത്തക്കും ചേർന്ന് ചില പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രാദേശിക ജനഗണങ്ങളെക്കുറിച്ചും അവരുടെ പ്രകൃതിസൗഹൃദ ജീവിതരീതികളെക്കുറിച്ചും പഠിക്കാൻ പ്രസിദ്ധ നരവംശശാസ്ത്രജ്ഞയായ ഇരാവതി കാർവെയുടെ സഹവർത്തിത്വം ഗാഡ്ഗിലിന് പ്രേരണയായിട്ടുണ്ട്. 1972- ൽ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ജേർണലിൽ പ്രസിദ്ധീകരിച്ച വിശുദ്ധവനങ്ങളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഗാഡ്ഗിലിൻ്റെ ലേഖനമാണ് ഈ വിഷയത്തെക്കുറിച്ചുള്ള ആദ്യത്തെ അക്കാദമികാന്വേഷണം.
കേരളത്തിലെ കാവുകളെക്കുറിക്കുറിച്ച് അന്വേഷണതാത്പര്യം തോന്നിത്തുടങ്ങിയ തൊണ്ണൂറുകളിൽ ഗാഡ്ഗിലിന്റെ വിശുദ്ധവനപഠനങ്ങളാണ് എനിക്ക് മാർഗദർശകമായത്. ഗാഡ്ഗിലിന്റെ തന്നെ പിൽക്കാല കാവുപഠനങ്ങളിലെ കേരളത്തിലെ കാവുകളെക്കുറിച്ചുള്ള പരാമൃഷ്ടങ്ങളിൽ തൊണ്ണൂറുകൾക്കു ശേഷമുള്ള എന്റെ കാവ് അന്വേഷണങ്ങളിൽ ചിലതും സൂചിതമായിട്ടുണ്ട് എന്നത് അനല്പമായ സന്തോഷം ഉണ്ടാക്കുന്നു.
വിശുദ്ധവനങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് തീർച്ചയായും വിശ്വാസത്തിൻ്റെ പേരിൽ തന്നെയാണ്. എന്നാൽ ഈ വ്യവസ്ഥ വേരുറപ്പിച്ചിരിക്കുന്നത് വിശ്വാസേതരവും ശുദ്ധജല സംരക്ഷണം പോലെ ഭൗതികവുമായ ഗുണങ്ങളിലാണ്’ എന്ന് ഗാഡ്ഗിൽ പറയുന്നു.
കേരളത്തിലെ ആക്ടിവിസ്റ്റ് ബുദ്ധിജീവികൾ കാവുകളുടെ സംരക്ഷണമെന്നത് ഹൈന്ദവ പുനരുത്ഥാനവാദമായി കരുതിയിരുന്ന കാലത്താണ് ജൈവവൈവിധ്യപരമായും പാരിസ്ഥിതികമായും കാടോളം തന്നെ പ്രാധാന്യമുള്ള ഈ സൂക്ഷ്മ ആവാസവ്യവസ്ഥയിൽ ഗാഡ്ഗിൽ സവിശേഷതാത്പര്യം പുലർത്തിയത്. 1987- ലെ പശ്ചിമഘട്ട രക്ഷായാത്രയിൽ സഹകരിച്ച ശാസ്ത്രജ്ഞന്മാരിൽ ഗാഡ്ഗിലുമുണ്ടായിരുന്നു. സേവ് വെസ്റ്റേൺ ഘട്ട് മാർച്ചുമായി ബന്ധപ്പെട്ട് അക്കാലത്ത് ഗാഡ്ഗിൽ തയ്യാറാക്കിയ നിലപാടുരേഖയിൽ എടുത്തുപറഞ്ഞ വിശുദ്ധവന സംരക്ഷണത്തെക്കുറിച്ചുള്ള നിർദേശങ്ങളോട് "നല്ലതിനുള്ള ഒരു ചീത്ത വഴി" എന്ന നിലയിൽ വിയോജിച്ചുകൊണ്ട് ഒരു കുറിപ്പ് അക്കാലത്ത് പയ്യന്നൂരിൽ നിന്ന് തയ്യാറാക്കി വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.

വസ്തുതാപരമായ തെളിവുകളിൽ വിശ്വസിക്കുന്ന ശാസ്ത്രമാർഗമാണ് പാരമ്പര്യ പഠനങ്ങളെ സംബന്ധിച്ച് ഗാഡ്ഗിലിൻ്റേത്. വിശുദ്ധവനങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് തീർച്ചയായും വിശ്വാസത്തിൻ്റെ പേരിൽ തന്നെയാണ്. എന്നാൽ ഈ വ്യവസ്ഥ വേരുറപ്പിച്ചിരിക്കുന്നത് വിശ്വാസേതരവും ശുദ്ധജല സംരക്ഷണം പോലെ ഭൗതികവുമായ ഗുണങ്ങളിലാണ്’ എന്ന് ഗാഡ്ഗിൽ പറയുന്നു. വിശുദ്ധവനങ്ങൾ (Sacred groves) ലോകമെമ്പാടും ഇന്ന് വിശ്വാസബാഹ്യമായിത്തന്നെ വിലയിരുത്തിപ്പെടുന്നു എന്നത് ഗാഡ്ഗിലിൻ്റെ ദീർഘ ദർശനത്തിൻ്റെ നേർദിശ കാട്ടുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിവിലോലമേഖലകളെ കണ്ടെത്താനുള്ള മാർഗരേഖ ആവിഷ്ക്കരിക്കാനായി കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ഗാഡ്ഗിലിനെ അധ്യക്ഷനാക്കി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശാസ്ത്രീയമായ ശുപാർശകൾ ഒരു പാരിസ്ഥിതിക വിവാദമെന്ന നിലയിലാണ് പ്രസിദ്ധമെങ്കിലും പശ്ചിമഘട്ടത്തിൻ്റെ നിലനില്പിനെക്കുറിച്ചുള്ള ഏറ്റവും ആഴത്തിലും ഗൗരവത്തിലുമുള്ള ആലോചനകൾക്ക് തുടക്കം കുറിച്ച ചിന്താസംവാദമായിരുന്നു അത്. സൈലൻ്റ് വാലി പദ്ധതിയെ മുൻനിർത്തി മൂന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിൽ നടന്ന ചർച്ചകളാണ് ഒരു നാടിനെ പരിസ്ഥിതി സാക്ഷരതയിലേക്ക് നയിച്ചതെങ്കിൽ, അര നൂറ്റാണ്ടുകൊണ്ട് മുള്ളൻ ചക്കയും സിംഹവാലനും എന്ന ഭക്ഷ്യ- ഭക്ഷകബന്ധത്തിനപ്പുറത്തേക്ക് വളർന്ന വിശാല പരിസ്ഥിതിബോധത്തെ ജനകീയ ചർച്ചയ്ക്ക് വിധേയമാക്കുകയായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ട്. ഒരു രണ്ടാംഘട്ട പരിസ്ഥിതി സാക്ഷരതായജ്‌ഞം.
ഇന്ത്യയിലെ ജൈവവൈവിധ്യനയവും നിയമവും രൂപപ്പെടുത്തുന്നതിൽ ഗാഡ്ഗിൽ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ഓരോ ഗ്രാമപഞ്ചായത്തും അവരുടെ ജൈവസമ്പത്തിനെ രേഖപ്പെടുത്തിവെക്കുന്ന ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ എന്ന ആശയം ഗാഡ്ഗിലിൻ്റേതാണ്. പഞ്ചായത്തുകൾ അവരവരുടെതായ ബയോ ഡൈവേഴ്സിറ്റി രജിസ്റ്ററുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഓർമിക്കേണ്ട ഒരു കാര്യം, ഈ സങ്കല്പനം ലോകത്ത് തന്നെ ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്നത് 1997- ൽ കണ്ണൂർ ജില്ലയിലെ പട്ടുവം പഞ്ചായത്തിലായിരുന്നു എന്നതാണ്. കാംപസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ എന്ന ആശയം പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ എന്ന ആശയത്തിൻ്റെ തുടർച്ചയാണ്. ഒരു വ്യാഴവട്ടം മുമ്പ് പെരിയ ഗവ. ജി.എച്ച്. എസിൽ അധ്യാപകനായിരിക്കെ, ഗാഡ്ഗിലിൽ നിന്ന് പ്രചോദിപ്പിക്കപ്പെട്ട് ഒരു സ്കൂൾ ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ ഉണ്ടാക്കിയിരുന്നു. അത് പ്രകാശനം ചെയ്തത് മാധവ്ഗാഡ്ഗിൽ തന്നെയായിരുന്നു. കണ്ണൂരിൽ തലേക്ക് ഒരു പരിപാടി കഴിഞ്ഞ് കാസർകോട് എൻഡോസൾഫാൻ സമരപ്പന്തലിലേക്ക് പോകും വഴി രാവിലെ എട്ടു മണിക്കാണ് പെരിയയിൽ ഗാഡ്ഗിൽ വന്ന് പ്രസംഗിച്ചത്. ഒരു പരീക്ഷാകാലമായിട്ടും കുട്ടികളൊക്കെ വന്ന് ഗാഡ്ഗിലിനെ കേട്ടു. എൻഡോസൾഫാൻ മേഖലയിലെ ജൈവ പുരുജ്ജീവനത്തിൻ്റെ ഭാഗമായി അമ്പലത്തറ കുഞ്ഞികൃഷ്ണൻ്റെയും മറ്റും ഉത്സാഹത്തിൽ സ്കൂൾ വിദ്യാർത്ഥികൾ കായക്കുളം വയലിൽ നെൽകൃഷി ചെയ്തിരുന്നു. കുട്ടികൾ കൃഷിചെയ്ത ബസുമതി അരി കൊണ്ടുണ്ടാക്കിയ ചിരട്ടപ്പുട്ടാണ് അന്ന് ഗാഡ്ഗിലിന് പ്രഭാതഭക്ഷണമായി വിളമ്പിയത്. മരത്തിൽ കൊത്തിയ ഒരു വേഴാമ്പൽ പ്രതിമയും അന്ന് ഗാഡ്ഗിലിന് സമ്മാനിച്ചിരുന്നു.
സാലിം അലിയുടെ മാർഗനിർദേശത്തിലും സഹകരിച്ചും ചില പഠനങ്ങൾ ഗാഡ്ഗിൽ നടത്തുന്നുണ്ട്. എങ്കിലും സാലിം അലി ഗാഡ്ഗിലിനെ സംബന്ധിച്ച് ഒരു സ്വാധീനമായില്ല.
ഒരു മഹാശാസ്ത്രജ്ഞൻ്റെ വിനീതമായ പെരുമാറ്റവും ലളിതമായ സംസാരവും വിദ്യാർത്ഥികളിലും അധ്യാപകരിലും വലിയ മതിപ്പുളവാക്കി. തുടർന്ന് രണ്ടു ദിവസങ്ങൾ കാസർകോട് ജില്ലയിലെ വിഷബാധിത പ്രദേശത്ത് ഗാഡ്ഗിലിനൊപ്പം സഞ്ചരിക്കാനായതും കാടിനെയും കാവിനെയും കുറിച്ച് സംസാരിക്കാനായതും അവിസ്മരണീയ അനുഭവം തന്നെ.
ആശയപരമായി, മനുഷ്യപ്പറ്റില്ലാത്ത കേവല പഠനത്തിൻ്റെയും ആക്ടിവിസത്തിലേക്ക് നയിക്കുന്ന അന്വേഷണങ്ങളുടെയും രണ്ടു രീതിമാർഗങ്ങളുണ്ട് ഇന്ത്യൻ ശാസ്ത്രലോകത്ത്. സാലിം അലി സ്കൂൾ എന്നും ഗാഡ്ഗിൽ സ്കൂൾ എന്നുമായി അവ വേർതിരിച്ചുവിളിക്കപ്പെടുന്നുണ്ട്. സ്മിത്ത്സോണിയൻ യൂനിവേഴ്സിറ്റിയിലെയും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെയും വിഷയ സമീപനവൈരുധ്യം കൂടി പ്രതിഫലിക്കുന്നുണ്ട് ഈ ചിന്താപദ്ധതികളിൽ.
ബോംബ നാച്ചുറൽ സൊസൈറ്റി മെമ്പർ കൂടിയായ ഗാഡ്ഗിലിൻ്റെ പിതാവിൻ്റെ സുഹൃത്തായിരുന്നു സാലിം അലി. ആദ്യകാലത്ത് നാച്ചുറൽ ഹിസ്റ്ററിയെന്ന് വിളിക്കപ്പെട്ട ഇക്കോളജിയെ കാതലായ ഒരു വിഷയപദവിയിലേക്ക് നയിച്ചതിൽ സാലിം അലിക്കും അദ്ദേഹത്തിൻ്റെ സഹഗവേഷകൻ കൂടിയായ ഡിലൻ റിപ്ലേക്കും ജോർജ് ഷാലർക്കും വലിയ പങ്കുണ്ട്. പാശ്ചാത്യ പരിസ്ഥിതിചിന്തകൾ ഇന്ത്യയിൽ പ്രസരിപ്പിക്കപ്പെട്ടത്, ബ്രിട്ടീഷ് തോട്ട മുതലാളിമാരും പ്രകൃതിശാസ്ത്രകാരന്മാരും സ്ഥാപിച്ചതും പിൽക്കാലത്ത് സാലിം അലി കൂടി നേതൃത്വം നല്കിയതുമായ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലൂടെയാണ്.

അലിയുടെ മാർഗനിർദേശത്തിലും സഹകരിച്ചും ചില പഠനങ്ങൾ ഗാഡ്ഗിൽ നടത്തുന്നുണ്ട്. എങ്കിലും സാലിം അലി ഗാഡ്ഗിലിനെ സംബന്ധിച്ച് ഒരു സ്വാധീനമായില്ല.
സാമ്രാജ്യത്വവാദികൾക്കു വേണ്ടി സാമ്രാജ്യത്വവാദികൾ രൂപീകരിച്ച സാമ്രാജ്യത്വവാദികളുടെ സൊസൈറ്റിയായ റോയൽ സോസൈറ്റി ഫോർ പ്രിസർവേഷൻ ഓഫ് ബേർഡ്സിൻ്റെ മാതൃകയിലാണ് ബോംബെ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി ഉണ്ടാക്കിയത് എന്ന് ഗാഡ്ഗിൽ ആത്മകഥയിൽ പറയുന്നുണ്ട്. ഡബ്ല്യു. എച്ച് .ഹഡ്‌സൺ ആയിരുന്നു റോയൽ സൊസൈറ്റിയുടെ ആദ്യത്തെ അധ്യക്ഷൻ. പ്രകൃതി സ്നേഹികൾക്ക് പ്രചോദനമായ ഏറെ ഗ്രന്ഥക്കുറിപ്പുകൾ രചിച്ച ഇതേ ഹഡ്സൺ തന്നെ തൻ്റെ മുന്നിൽ പെട്ട ഒരു അമരിന്ത്യൻ ഗോത്രക്കാരനെ മൃഗമെന്നോണം വെടിവെച്ചിട്ട സംഭവം ഗാഡ്ഗിൽ വിവരിക്കുന്നുണ്ട്. സാലിം അലിയിലൊക്കെയും ഈയൊരു വരേണ്യബോധം നിലനിന്നിരുന്നുവെന്ന് ഗാഡ്ഗിൽ പറയുന്നുണ്ട്. ‘മഹാനായ പ്രകൃതിവാദിയും ഗുരുതുല്യനുമായ സാലിം അലി സാധാരണ ജനങ്ങളുമായി ബന്ധമില്ലാതെ യൂറോപ്യൻമാരുടെയും തദ്ദേശീയ വരേണ്യരുടെയും ലോകത്ത് ജീവിച്ചിരുന്നയാളായിരുന്നു’ എന്ന് ഗാഡ്ഗിൽ അലിയെ സത്യസന്ധമായി വിലയിരുത്തുന്നു.
എന്നാൽ ശാസ്ത്രത്തെ ജനകീയമാക്കാൻ സാധാരണക്കാർക്കായി ലേഖനമെഴുതിയിരുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജെ.ബി.എസ്. ഹാൽദെയ്നിനുമായി നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ജനപ്രിയ രചനകൾ തന്നിൽ ചെലുത്തിയ സ്വാധീനത്തെ എടുത്തുപറയുന്നുണ്ട്. ഇടതുപക്ഷക്കാരനും സാമ്രാജ്യത്വവിരുദ്ധനും ബ്രിട്ടൻ സൂയസ് കനാൽ പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് ലണ്ടൻ വിട്ട് ഇംഗ്ലീഷ് വേഷം വെടിഞ്ഞ് ലളിതജീവിതം നടത്തിയ ആളുമാണ് ഹാൽദെയ്ൻ.
ശുഷ്കവനങ്ങളിൽ പൾപ്പുമരങ്ങൾ വെച്ചു പിടിപ്പിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവാദം നൽകുകയും വൻ പദ്ധതികളുടെ പാരിസ്ഥിതികാനുമതിക്കായി സ്ഥലമേറ്റെടുക്കൽ രേഖ വേണ്ടന്നും തീരുമാനിക്കപ്പെടുന്ന വേളയിലാണ് ഗാഡ്ഗിൽ ഇല്ലാതെയാവുന്നത് എന്നത് ഏറെ സങ്കടകരമാണ്.
കേവലമായ ജന്തുസ്വഭാവപഠനത്തിൽ നിന്ന് മനുഷ്യൻ കൂടി ഉൾക്കൊള്ളുന്ന വിശാലമായ സാമൂഹ്യ സ്ഥലരാശിയിലേക്ക് പ്രകൃതിപഠനത്തെ പറിച്ചുനട്ടത് ഗാഡ്ഗിലായിരുന്നു. ആധുനിക പരിസ്ഥിതിശാസ്ത്രത്തിന്റെ പ്രോദ്ഘാടകൻ എന്ന് ഗാഡ്ഗിലിനെ വിശേഷിപ്പിച്ചാൽ തെറ്റില്ല. ഗാഡ്ഗിലിന്റെ ആദ്യകാല ശിഷ്യനായ രാമൻ സുകുമാറാണ് ആനയെക്കുറിച്ചുള്ള പഠനത്തിലൂടെ മനുഷ്യ- മൃഗ സംഘർഷത്തിന്റെ ഘടകങ്ങൾ ആദ്യമായി വിശകലനവിധേയമാക്കിയത്. അമേരിക്കൻ - ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞർ അതുവരെ നടത്തിയ ഫ്ളോറ -ഫോണ പഠനത്തിലപ്പുറത്തേക്ക് ആദ്യമായി അന്വേഷണം നീളുന്നത് ഏഷ്യൻ ആനയുടെ ഇക്കോളജിയും മാനേജ്മെന്റും സംബന്ധിച്ച ഈ ഗവേഷണത്തിലാണ്.
ഇക്കോളജിയെ ഹ്യുമൺ ഇക്കോളജിയുടെ പരിമണ്ഡലത്തിലേക്ക് സാമൂഹ്യവത്കരിച്ചതിൽ രാമചന്ദ്രഗുഹയുമായുണ്ടായ നാല് പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദം കൂടി ഒരു ഘടകമാണ്. 1992- ൽ ഗുഹയുമൊത്തു രചിച്ച "വിണ്ടുകീറിയ ഈ ഭൂമി" ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തിൻ്റെ അപൂർവ രേഖയാണ്.

1977- ൽ അധികാരത്തിലിരുന്ന ജനതാപാർട്ടി ഗവർമെണ്ടാണ് ഇന്ത്യയിൽ പദ്ധതികളുടെ പാരിസ്ഥിതികാഘാത പഠനത്തിന് തുടക്കം കുറിക്കുന്നത്. എന്നാൽ 1976- ൽ നെയ്യാറിൻ്റെ വൃഷ്ടിപ്രദേശമായ അഗസ്ത്യമലയിൽ ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രമുണ്ടാക്കാനുള്ള ISRO- യുടെ ശ്രമം സ്ഥലത്തിൻ്റെ പാരിസ്ഥിതിക പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള ഗാഡ്ഗിലിൻ്റെ കുറിപ്പുകളെ കണക്കിലെടുത്ത്, ISRO- യുടെയും ഗാഡ്ഗിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെയും മേധാവിയായിരുന്ന സതീഷ് ധവാൻ ഉപേക്ഷിക്കുന്നുണ്ട്. ഇത്തരം ചില പാരിസ്ഥിതിക ഇടപെടലുകൾ പദ്ധതികളുടെ പാരിസ്ഥിതികാഘാതപഠനങ്ങളൊന്നും നിലവിലില്ലാത്ത കാലത്ത് ഗാഡ്ഗിൽ നടത്തുന്നുണ്ട്.
പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ദുരന്ത ങ്ങളെക്കുറിച്ചുള്ള ഗാഡ്കിലിൻ്റെ പ്രവചനങ്ങൾ ഇനിയെങ്കിലും സംഭവിക്കാതിരിക്കാനുള്ള പാരിസ്ഥിതിക ജാഗ്രത വേണ്ട കാലമാണിത്. എന്നാൽ മൂലധനശക്തികളോടുള്ള വിധേയത്വവും ലാഭപങ്കും കൊതിക്കുന്ന ഭരണകൂടങ്ങൾക്ക് മുന്നിൽ പ്രജ്ഞയുടെ ശബ്ദങ്ങൾ വനരോദനമാകുന്നു. ശുഷ്കവനങ്ങളിൽ പൾപ്പുമരങ്ങൾ വെച്ചു പിടിപ്പിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവാദം നൽകുകയും വൻ പദ്ധതികളുടെ പാരിസ്ഥിതികാനുമതിക്കായി സ്ഥലമേറ്റെടുക്കൽ രേഖ വേണ്ടന്നും തീരുമാനിക്കപ്പെടുന്ന വേളയിലാണ് പാരിസ്ഥിതിക തിരിച്ചറിവുകളുടെ മറുപേരാകുന്ന മാധവ് ധനഞ്ജയ ഗാഡ്ഗിൽ ഇല്ലാതെയാവുന്നത് എന്നത് ഏറെ സങ്കടകരമാണ്.
