തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ വികേന്ദ്രീകൃതമായി മാലിന്യ സംസ്‌കരണം നടത്തുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ, മാലിന്യ സംസ്‌കരണ മേഖലയിൽ ഏറെ നേട്ടം കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജൈവ- അജൈവ മാലിന്യം വേർതിരിച്ച് സംഭരിച്ച് സംസ്‌കരിക്കുമ്പോൾ ദിനംപ്രതി നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ബയോമെഡിക്കൽ മാലിന്യങ്ങൾ ഇവയിൽ പെടാതെ വരുന്നു.
ഒരുപക്ഷേ, നമ്മളിൽ പലരുടെയും ധാരണ ബയോമെഡിക്കൽ മാലിന്യം ആശുപത്രികളിൽ നിന്നു മാത്രമേ വരൂ എന്നാണ്. എന്നാൽ വസ്തുത അതല്ല. കേരളം ആരോഗ്യ പരിപാലന രംഗത്ത് മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണെങ്കിലും ദിനം പ്രതി രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നു.
വീടുകളിൽ തന്നെ ചികിത്സയിൽ കഴിയുന്ന കിടപ്പുരോഗികളുടെ എണ്ണം വളരെ വലുതാണ്. അതോടൊപ്പം, ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, ദിനം പ്രതിയുള്ള അപകടങ്ങൾ മുതലായവയും വർധിച്ചുവരുന്നു. ഇത്തരത്തിൽ നമ്മുടെ വീടുകളിൽ ഗുളികയുടെ കവർ, സിറിഞ്ച്, കത്തീറ്റർ, റൈസ് ട്യൂബ്, പഞ്ഞി, കുട്ടികളും മുതിർന്നവരും ഉപയോഗിക്കുന്ന ഡയപ്പെർ, സാനിറ്ററി നാപ്കിൻ, ഗർഭ നിരോധന ഉറകൾ മുതലായ വിവിധ തരം ബയോമെഡിക്കൽ മാലിന്യങ്ങൾ ഉണ്ടാകുന്നുണ്ട്.
എന്താണ് നിലവിലെ അവസ്ഥ?
വീടുകളിലെ മെഡിക്കൽ മാലിന്യം സംസ്കരിക്കാൻ നേരിടുന്ന പ്രതിസന്ധികളെ പറ്റി മനസിലാക്കാൻ തിരുവനന്തപുരം നഗരസഭയെയും, മാണിക്കൽ പഞ്ചായത്തിനെയും ഉൾപ്പെടുത്തി ഫീൽഡ് സർവേ വഴി ഒരു പ്രാഥമിക പഠനം നടത്തിയിരുന്നു. ഓരോ വീടുകളിലും ഉണ്ടാകുന്ന മെഡിക്കൽ മാലിന്യത്തിന്റെ സവിശേഷതകൾ, അളവ്, നിലവിലുള്ള സംവിധാനം എന്നിവ മനസിലാക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
തിരുവനന്തപുരം നഗരസഭയിൽ ‘പ്രൗഡ്' (PROUD - Programme on Removal Of Unused Drugs) മുഖേനെ, വീടുകളിൽ നിന്ന് വരുന്ന പഴയ മരുന്നുകൾ, മരുന്നുകവറുകൾ മുതലായവ ശേഖരിക്കാൻ നാലു കേന്ദ്രങ്ങളിലായി കളക്ഷൻ ബൂത്തുകൾ സജ്ജമാണ്. അതോടൊപ്പം, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി വഴിയും ശേഖരണം നടക്കുന്നു. നഗരസഭക്കുകീഴിലെ പാലിയേറ്റീവ് യൂണിറ്റുകളിൽ നിന്ന് വരുന്ന സിറിഞ്ച്, നീഡിൽ മുതലായവ അതാതു യൂണിറ്റുകൾ തന്നെ ശേഖരിച്ച് ആശുപത്രിക്കു കൈമാറുന്നു. എന്നാലും വീടുകളിൽ തന്നെ ഉണ്ടാകുന്ന മറ്റു പല മെഡിക്കൽ മാലിന്യങ്ങളും ശേഖരിക്കാനോ ശാസ്ത്രീയമായി സംസ്‌കരിക്കാനോ സാധിക്കുന്നില്ല.
മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ, വീടുകളിലെ മെഡിക്കൽ മാലിന്യം ശേഖരിക്കാൻ സംവിധാനം ലഭ്യമാണോ എന്നറിയില്ല. നാഷണൽ ഹെൽത്ത് മിഷന്റെ പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകളിൽ 1,22,465 രോഗികളുണ്ട്. ഇവർക്ക് നൽകുന്ന സേവനങ്ങളിലൂടെ ഒരു മാസം ഏകദേശം മൂന്നു ടൺ മെഡിക്കൽ മാലിന്യം ഉണ്ടാകുന്നതായി കണക്കാക്കുന്നു.
സാനിറ്ററി നാപ്കിൻ, ഡയപ്പർ
ആർത്തവവുമായി ബന്ധപ്പെട്ട മാലിന്യങ്ങളെയും നാം ബയോമെഡിക്കൽ മാലിന്യങ്ങളുടെ കൂട്ടത്തിലാണ് പെടുത്താറ്. ദേശീയ കുടുംബാരോഗ്യ സർവേ 2015-2016 ന്റെ അടിസ്ഥാനത്തിൽ, ഇന്ത്യയിൽ മാത്രം 121 മില്യൺ സ്ത്രീകൾ സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നു. കേരളത്തിന്റെ മാത്രം കണക്കെടുത്താൽ 1.74 കോടി സ്ത്രീകളാണുള്ളത്. അതിൽ, 0.87 കോടി പേർ 10-50 വയസ്സിനിടയിലുള്ളവരാണ്. അവരിൽ സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നവർ 0.50 കോടി. ഒരാൾ ഒരു മാസം 20 നാപ്കിൻ വരെ ഉപയോഗിക്കാം. അത്തരത്തിൽ നോക്കിയാൽ 0.5 കോടി പേരിൽ നിന്ന് ഒരു വർഷം ആകെ ഉണ്ടാകുന്നത് 120 കോടി നാപ്കിനുകളാണ്. ഇതിനുപുറമേയാണ് കുഞ്ഞുങ്ങളും കിടപ്പുരോഗികളും ഉപയോഗിക്കുന്ന ഡയപ്പറുകൾ. നിലവിൽ ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ആണ് ചെയ്യുന്നത്. ഇവയിലെല്ലാം 90% പ്ലാസ്റ്റിക്കാണ്. ഇവയൊക്കെ അശാസ്ത്രീയമായി സംസ്‌കരിച്ചാൽ പരിസ്ഥിതിക്കും മനുഷ്യർക്കും തന്നെയാണ് ആഘാതമേൽപ്പിക്കുക.
എന്താണ് പരിഹാരം?
നിലവിൽ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരം മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തിന് സംവിധാനമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യം ശേഖരിക്കാൻ പോകുന്ന ഹരിതകർമസേന മുഖേന പലയിടത്തും മെഡിസിൻ സ്ട്രിപ്പുകൾ ശേഖരിക്കുന്നുണ്ട്. അതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും നിലവിലുള്ള മാലിന്യസംസ്‌കരണ മാർഗങ്ങളെയും കൂട്ടിച്ചേർത്ത് വീടുകളിലെ മെഡിക്കൽ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കും എന്നുനോക്കാം.
പാലിയേറ്റീവ് യൂണിറ്റുകൾ തങ്ങളുടെ ചികിത്സയുടെ ഭാഗമായി വരുന്ന മെഡിക്കൽ മാലിന്യങ്ങൾ കൈയോടെ ശേഖരിച്ച് അതാത് ആശുപത്രിയിൽ ഏൽപ്പിക്കണം. പാലിയേറ്റീവ് സേവനം ലഭ്യമാക്കുന്ന മറ്റു എൻ.ജി.ഒകൾ പ്രാഥമികാരോഗ്യ കേന്ദ്രവുമായോ, കുടുംബാരോഗ്യ കേന്ദ്രവുമായോ ബന്ധിപ്പിക്കുക. പൊതുജനങ്ങൾക്ക് മെഡിക്കൽ ഇനത്തിൽ പെടുന്ന അജൈവമാലിന്യം നിക്ഷേപിക്കാൻ സാധിക്കുന്ന വിധത്തിൽ ലോക്ക് ആൻഡ് കീ സൗകര്യമുള്ള കളക്ഷൻ കേന്ദ്രങ്ങൾ ആരംഭിക്കാം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ, കുടുംബാരോഗ്യ കേന്ദ്രത്തിലോ തന്നെ ഇത്തരത്തിൽ വീടുകളിൽ നിന്നുണ്ടാകുന്ന മെഡിക്കൽ മാലിന്യം ശേഖരിക്കാൻ പ്രത്യേകം പെട്ടികൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാം. സുരക്ഷിത കേന്ദ്രങ്ങളിൽ പഴകിയതും ഉപയോഗിക്കാത്തതുമായ മരുന്നുകൾ ശേഖരിക്കാൻ സംവിധാനം ഏർപ്പെടുത്താം. ഉപയോഗ ശൂന്യമായ മരുന്നുകൾ തിരികെ ഏൽപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി എല്ലാ മാർഗങ്ങളിലൂടെയും ബഹുജന വിദ്യാഭ്യാസ പരുപാടി നടത്താം. വീടുകളിലെ മെഡിക്കൽ മാലിന്യം പ്രത്യേകം ബിന്നുക്കളിൽ നിക്ഷേപിക്കുക. അവ പിന്നീട് പ്രത്യേക പരിശീലനം ലഭിച്ച ഗ്രൂപ്പുകൾക്ക് കൈമാറാം. ഇത്തരത്തിൽ മാലിന്യം ശേഖരിക്കാൻ വരുന്ന ഗ്രൂപ്പുകൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സുരക്ഷാ കവചങ്ങൾ ഉണ്ടെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. പുനരുപയോഗം സാധ്യമായ നാപ്കിനുകൾ, ആർത്തവ ഉൽപ്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാം. തത്കാല പരിഹാരം എന്ന നിലയിൽ പൊതു ഇൻസിനറേറ്ററുകൾ ഉപയോഗിച്ച് നാപ്കിൻ, ഡയപ്പർ എന്നിവ സംസ്‌കരിക്കാം.
കോവിഡ് മഹാമാരി വന്നതോടെ മാസ്‌ക്, ഗ്ലൗസ് മുതലായവയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാത്തത് പരിസ്ഥിതിക്കും മറ്റ് ജീവജാലങ്ങൾക്കും ഒരുപോലെ ദോഷമാണ്. അതുകൊണ്ട്, ഗാർഹിക മെഡിക്കൽ മാലിന്യ സമാഹരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സംവിധാനവും കേന്ദ്രീകൃത സംസ്‌ക്കരണത്തിന് ക്രമീകരണവും അനിവാര്യമാണ്.