എൻഡോസൾഫാൻ ബാധിതർ പറയുന്നു; ‘ഈ കലക്​ടറിൽ നിന്ന്​ ഞങ്ങൾക്ക്​ നീതി ലഭിക്കില്ല’

ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഞങ്ങളെ മറന്നു എന്നാണ് ഞങ്ങൾ കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുസമയത്ത്​ ഒരു രാഷ്​ട്രീയ പാർട്ടിയും ഞങ്ങളുടെ പ്രശ്​നം ഉയർത്തിയില്ല. ഇങ്ങനെയൊരു വിഭാഗം ഭൂമുഖത്ത് ഇല്ലായെന്ന് വരുത്തിത്തീർക്കാനാണോ ഇപ്പോഴത്തെ നീക്കങ്ങളെന്ന്​ സംശയിക്കുന്നു- എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി 2021 ജൂൺ 30 ന് അവകാശ ദിനമായി ആചരിക്കുകയാണ്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രവർത്തക മുനീസ അമ്പലത്തറ, സർക്കാറിന്റെയും കലക്​ടർ അടക്കമുള്ള ഉദ്യോഗസ്​ഥ സംവിധാനത്തിന്റെയും ക്രൂരമായ അവഗണനകൾ വെളിപ്പെടുത്തുന്നു

ണ്ട് പതിറ്റാണ്ട്​ ആകാശത്തുനിന്ന് എൻഡോസൾഫാൻ എന്ന കീടനാശിനി തളിച്ചതിന്റെ ദുരന്തം ഇന്നും അനുഭവിക്കുന്നവരാണ് കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ. സർക്കാർ നിയന്ത്രണത്തിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ 1976 ലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഹെലികോപ്ടർ വഴി കീടനാശിനി തളിച്ചുതുടങ്ങിയത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളോ കീടനാശിനിക്കമ്പനികളുടെ മുന്നറിയിപ്പുകളോ പരിഗണിക്കാതെയായിരുന്നു ഭരണകൂടത്തിന്റെ വിഷപ്രയോഗം.

ഇതിനെതിരെ കൃഷി വകുപ്പിലെ തന്നെ ഉദ്യോഗസ്ഥയായിരുന്ന ലീലാകുമാരിയമ്മ ഹൈക്കോടതിയിൽ നിന്ന് 2000 ഒക്ടോബർ 18ന് വിധി സമ്പാദിക്കുന്നതുവരെ ഇത് തുടർന്നു. അനന്തര തലമുറകളെക്കൂടി മാരകമായ ജനിതക രോഗങ്ങൾക്ക് ഇരയാക്കാനുള്ള ശേഷി വായുവിലും മണ്ണിലും ജലത്തിലും മനുഷ്യരടക്കമുള്ള ജീവജാലങ്ങളിലും പെയ്തിറങ്ങിയ വിഷമഴയ്ക്കുണ്ടായിരുന്നു. ദുരിതബാധിതർക്ക് തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി മാറി മാറി വരുന്ന സർക്കാരുകൾക്കുമുന്നിൽ നിരന്തരം സമരം ചെയ്യേണ്ട സ്ഥിതിയാണുള്ളത്. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ 2021 ജൂൺ 30 ന് അവകാശ ദിനമായി ആചരിക്കുകയാണ്. കേരളത്തിലെ പൊതു സമൂഹത്തിന്റെ പിന്തുണയും അവർ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ സമരത്തിനാസ്പദമായ കാരണങ്ങളെക്കുറിച്ചും അവരുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രവർത്തക മുനീസ അമ്പലത്തറ ‘തിങ്കു’മായി സംസാരിക്കുന്നു.

സുൽഫത്ത് എം: കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരിൽ ഒരാളായി അവരുടെ ജീവിതസമരങ്ങളിലും അവകാശസമരങ്ങളിലും നിരന്തരം ഇടപെട്ട്​ അവർക്കിടയിൽ ജീവിക്കുന്ന ഒരാളാണല്ലോ മുനീസ.പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം 2021 ജൂൺ 13ന് ‘മുഖ്യമന്ത്രി അറിയാൻ സമരമുറ്റം’ എന്നൊരു സമരം നടന്നു കഴിഞ്ഞു.ഇടതു പക്ഷ സർക്കാർ എൻഡോസൾ ഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ അനുതാപപൂർവം പരിഗണിക്കുന്നുണ്ട് എന്നാണല്ലോ ചിലരുടെയെങ്കിലും വിശ്വാസം. ഇപ്പോൾ വീണ്ടും സമരരംഗത്തേക്കിറങ്ങുന്നതിന്റെ കാരണം എന്താണ്?

മുനീസ അമ്പലത്തറ : പുതിയ സർക്കാരിക്കു മുന്നിൽ ഞങ്ങൾ പുതുതായി ഒന്നും ആവശ്യപ്പെടുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും സർക്കാരിനോടാവശ്യപ്പെട്ട നടപടികളും ഞങ്ങളുടെ സമരത്തെത്തുടർന്ന് സർക്കാർ നല്കിയ ഉറപ്പുകളും പൂർണമായും നടപ്പിലാക്കിക്കിട്ടണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.

ആവശ്യങ്ങൾ നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് ദുരിതബാധിതർ ലോക്ഡൗൺ സമയത്ത് നടത്തിയ പ്രതിഷേധ സമരം

എന്തൊക്കെ ഉറപ്പുകൾ, എന്തൊക്കെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത്?

നിരന്തരം ചികിത്സ ആവശ്യമുള്ളവരാണ് ഞങ്ങൾ. മാനസിക- ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും പരാശ്രയമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്തവരുമാണ് ദുരിതബാധിതരിലധികവും. വിദഗ്ദ ചികിത്സക്ക്​മംഗലാപുരം, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ മെഡിക്കൽ കോളേജുകളാണ് ഞങ്ങൾക്ക് ആശ്രയം. കോവിഡ് കാലത്ത് അതെത്ര മാത്രം ബുദ്ധിമുട്ടാണെന്ന് ഊഹിക്കാമല്ലോ. മതിയായ ചികിത്സ കിട്ടാത്തതു കൊണ്ട് മാത്രം ഈ കോവിഡ് കാലത്ത് ഞങ്ങളുടെ കുഞ്ഞുങ്ങൾ മരിക്കേണ്ടി വന്നത് ജില്ലയിൽ അതിനുള്ള സൗകര്യം ഇല്ലാഞ്ഞിട്ട് തന്നെയാണ്. 2013-ൽ കല്ലിട്ട കാസർഗോഡ് മെഡിക്കൽ കോളേജിന്റെ പണി പൂർത്തിയായിട്ടില്ല. ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം ജില്ലയിൽ ഉറപ്പാക്കണമെന്ന് വർഷങ്ങളായി ഞങ്ങൾ ആവശ്യപ്പെടുന്നതാണ്. ഒരു ന്യൂറോളജിസ്റ്റിനെ കാസർകോട് നിയമിക്കാൻ എന്തുകൊണ്ടാണ് സർക്കാർ മടിക്കുന്നത്? മതിയായ ചികിത്സാ സൗകര്യം ജില്ലയിൽ തന്നെ ഉറപ്പാക്കണമെന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം.

2010 ഡിസംബറിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടവയിൽ എന്ത് നടപടികളാണ് പൂർണമായും നടപ്പാകാത്തത്?

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് ബാലകൃഷ്ണൻ നേരിട്ട് കാസർകോ​ട്ടെത്തി ദുരിതങ്ങളുടെ ആഴം നേരിട്ട് മനസ്സിലാക്കിയാണ് 2010 ഡിസംബർ 31 ന് അടിയന്തിരമായി നടപ്പിലാക്കാൻ സർക്കാരിന് നാലു നിർദ്ദേശങ്ങൾ നൽകിയത്. എട്ടാഴ്​ചക്കണം നടപടി എടുക്കണമെന്നായിരുന്നു നിർദ്ദേശിച്ചത്.

എൻഡോസൾഫാൻ മൂലം മരിച്ചവരുടെ കുടുംബങ്ങൾക്കും പൂർണമായും കിടപ്പിലായ രോഗികൾക്കും മാനസിക വളർച്ചയില്ലാത്തവർക്കും അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്കണം എന്നതായിരുന്നു അതിലൊന്ന്.
2010ലാണ് ആദ്യമായി ദുരിതബാധിതരെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. അതിനു ശേഷം 2011, 13, 17 കാലങ്ങളിൽ നിരവധി മെഡിക്കൽ ക്യാമ്പുകൾ നടത്തി. മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച ധനസഹായം കിട്ടാൻ നിരവധി സമരങ്ങൾ നടത്തേണ്ടി വന്നു. പിന്നീട് ഇതിനായി 2017ൽ സുപ്രീകോടതിക്കും ഇടപെടേണ്ടി വന്നു. മുഴുവൻ ആളുകൾക്കും ആജീവനാന്ത ചികിത്സയും ധനസഹായവും നല്കണമെന്ന് കോടതി ഉത്തരവിട്ടു.

ചികിത്സയുടെ കാര്യം പറഞ്ഞല്ലോ. പെൻഷൻ തുക തന്നെ ഇടയ്ക്കിടയ്ക്ക് മുടങ്ങുന്ന സ്ഥിതിയാണ്. പൂർണമായും കിടപ്പിലായ കുട്ടികൾക്കു പോലും ധനസഹായം ലഭ്യമായിട്ടില്ല. രണ്ടും മൂന്നും കുട്ടികളുള്ള കുടുംബത്തിനു പോലും ധനസഹായം കിട്ടാത്ത അവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് കളക്ടറെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം പറയുന്നത് എൻറടുത്തല്ല ദുരിതബാധിതർക്കു വേണ്ടിയുള്ള സെല്ലിലാണ് പറയേണ്ടത് എന്നാണ്. ആ സെല്ലിന്റെ കൺവീനറാണ് അദ്ദേഹം. സെല്ലിലുള്ളത് അദ്ദേഹത്തിന്റെ താഴെയുള്ള ചില ഉദ്യോഗസ്ഥൻമാരാണ്. അവർ പറയും, നിങ്ങൾ കളക്ടറെ കണ്ടോളൂ എന്ന്. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഞങ്ങളെ തട്ടിക്കളിക്കുകയാണ്. സർക്കാരിന് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നതെന്ന കുറ്റപ്പെടുത്തൽ ഉദ്യോഗസ്ഥരിൽ നിന്ന് നിരന്തരം കേൾക്കേണ്ടി വരാറുണ്ട് ഞങ്ങൾക്ക്. ഞങ്ങളൊരിക്കലും ആർക്കും ബാധ്യതയാക്കാൻ വേണ്ടി ജനിച്ചവരോ രോഗികളായവരോ അല്ല. ഞങ്ങളുടെ അച്ഛനമ്മമാർക്കും ഞങ്ങളുടെ കുടുംബങ്ങൾക്കും ഈ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെപ്പോലെ ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു. ഒരുപാട് പ്രതീക്ഷയോടെത്തന്നെയാണ് ഞങ്ങൾക്കും ജന്മം നല്കിയിട്ടുണ്ടാവുക. ഇപ്പറയുന്ന അഞ്ചു ലക്ഷം രൂപ കൊണ്ടോ തുച്ഛമായ പെൻഷൻ കൊണ്ടോ ഒരിക്കലും ഞങ്ങളുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കഴിയില്ല. നോട്ടുകെട്ടുകൾക്ക് കണ്ണീരൊപ്പാൻ കഴിയില്ലന്നവർക്കറിയാം.

വൈകാരികമായി ഈ വിഷയത്തെ കാണുന്നു എന്നാണ് കളക്ടർ ഞങ്ങളോട് പറയുന്നത്. ഇത് അമ്മമാരുടെ വൈകാരിക പ്രശ്നം തന്നെയാണ്. അങ്ങനെയാണ് പൊതുസമൂഹവും ഇതിനെ സമീപിച്ചത്. ജില്ലാ ഭരണാധികാരിയിൽ നിന്ന് ഞങ്ങൾക്ക് നീതി ലഭിക്കുന്നില്ല. ഞങ്ങളെ കേൾക്കാൻ പോലും തയ്യാറാകുന്നില്ല. ഡി.വൈ.എഫ്​ഐ കൊടുത്ത കേസിൽ 2017 ലെ സുപ്രീം കോടതി വിധിയനുസരിച്ചുതന്നെ 6727 പേർക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം ലഭിക്കേണ്ടതാണ്. ഇതിൽ 1442 പേർക്കും കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിച്ച നാലു പേർക്കും മാത്രമാണ് അഞ്ചു ലക്ഷം രൂപ കിട്ടിയത്. 1568 പേർക്ക് മൂന്നു ലക്ഷം രൂപ കിട്ടിയിട്ടുണ്ട്. കോടതി വിധി പ്രകാരം തന്നെ ഇനി 3717 പേർക്ക് അഞ്ചു ലക്ഷവും 1568 പേർക്ക് രണ്ടു ലക്ഷവും ധനസഹായം ലഭിക്കേണ്ടതുണ്ട്.

2010 മുതൽ നടന്ന മെഡിക്കൽ ക്യാമ്പുകളിൽ നിന്ന് വിദഗ്ദ ഡോകടർമാർ കണ്ടെത്തിയവരെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി ദുരിതബാധിതരുടെ എണ്ണം കുറയ്ക്കണമെന്ന് പറയുന്ന ഒരു കളക്ടറാണ് ഞങ്ങൾക്കുള്ളത്. മുഖ്യമന്ത്രിയെയോ ബന്ധപ്പെട്ട മന്ത്രിമാരെയോ പരാതികളുമായി സമീപിക്കുമ്പോൾ കളക്‌ട്രേറ്റുമായി ബന്ധപ്പെടൂ എന്ന മറുപടിയാണ് ഞങ്ങൾക്ക് കിട്ടുന്നത്. ഞങ്ങളെ കേൾക്കാൻ പോലും തയാറാകാത്ത കളക്ടറേറ്റുമായി ബന്ധപ്പെട്ടിട്ട് എന്ത് നീതിയാണ് ലഭിക്കുക. ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്, ശബ്ദമുണ്ടാക്കിയാൽ ചെറിയ ചെറിയ സഹായങ്ങൾ ലഭിക്കുമെന്ന്. അതുകൊണ്ടാണ് വളരെേ വേദനയോടെ സമരരംഗത്തിറങ്ങാൻ തയ്യാറാക്കുന്നത്. സമരം ചെയ്യാൻ ഒട്ടും ആഗ്രഹിക്കുന്നവരല്ല ഞങ്ങൾ. മഹാമാരിക്കാലത്ത് ഭരണകൂടത്തിനൊപ്പം നില്ക്കുന്നവരാണ് ഞങ്ങൾ. എന്നിട്ടും ഞങ്ങളെ കയ്യൊഴിഞ്ഞു. പ്രതിപക്ഷവും വേണ്ട രീതിയിൽ ഇടപെടുന്നില്ല. അതു കൊണ്ടാണ് ഞങ്ങൾ ദേനയോടെ സമരരംഗത്തിറങ്ങുന്നത്.

എൻഡോസൾഫാൻ ദുരിതബാധിതർക്കും കുടുംബങ്ങൾക്കും പെൻഷനായി വലിയ തുക സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ടെന്നാണല്ലോ പൊതുസമൂഹത്തിൽ ചിലരുടെയെങ്കിലും ധാരണ. നിങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?

ദുരിതബാധിതരിൽ ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന, തീർത്തും അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് 2200 രൂപയും കാൻസർ, മറ്റ് ശാരീരിക അവശതകൾ എന്നിവ അനുഭവിക്കുന്നവർക്ക് 1200 രൂപയുമാണ് നൽകിയിരുന്നത്. യാതൊരു കാരണവും പറയാതെ ഒരു ഉത്തരവും ഇറക്കാതെ 2200 രൂപ നൽകിവന്നിരുന്ന ആളുകൾക്ക് 1700 രൂപയാക്കി കുറയ്ക്കുകയാണ് ചെയ്തത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശമനുസരിച്ചാണ് 2010ലെ ക്യാമ്പിൽ കണ്ടെത്തിയ ദുരിതബാധിതർക്ക് ആദ്യം 2000 രൂപയും പിന്നീട് 2014 ലെ സമരത്തിന്റെ ഭാഗമായി 2200 രൂപയും ആക്കിയത്​. വർദ്ധിപ്പിച്ച് മാസങ്ങൾക്കകമാണ് ഇത് 1700 ആയി കുറച്ചത്. അതിനുള്ള കാരണമന്വേഷിച്ചപ്പോൾ ഭിന്നശേഷി പെൻഷൻ ലഭിക്കുന്നത് കൊണ്ടാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പിച്ചച്ചട്ടിയിൽ നിന്ന്​കൈയിട്ടുവാരുന്നതു പോലെ. അതിന്റെ യുക്തി വിശദീകരികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായതുമില്ല. ഭിന്നശേഷി പെൻഷൻ 1600 രൂപയാണ്. പൂർണമായും കിടപ്പിലായ കുട്ടികളെ പരിചരിക്കുന്ന അമ്മമാർക്ക് ‘ആശ്വാസ കിരണം’ പദ്ധതിയിലൂടെ ലഭിക്കുന്ന പെൻഷൻ 700 രൂപയാണ്. അത് പലയാളുകൾക്കും കൃത്യമായി കിട്ടാറില്ല എന്ന പരാതി വ്യാപകമാണ്​. ഒരു വർഷവും രണ്ടു വർഷവും ആയി മുടങ്ങിക്കിടക്കുന്നവരുണ്ട്. ഈ മഹാമാരിക്കാലത്ത് മറ്റ് എല്ലാ ക്ഷേമപെൻഷനുകളും കൃത്യമായി നല്കിക്കൊണ്ടിരിക്കുമ്പോൾ മറ്റ് ജീവിതമാർഗ്ഗങ്ങളില്ലാത്ത ഞങ്ങളുടെ പെൻഷൻ മാത്രം മുടങ്ങുന്നത് ഞങ്ങളോടുള്ള അവഗണനയല്ലേ.

പുതിയ അപേക്ഷ 2018ൽ കെടുത്തവർക്കൊന്നും ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ചില കുട്ടികൾക്ക് കിട്ടിക്കൊണ്ടിരുന്ന 1700 രൂപ 1200 ആക്കി കുറച്ചു. ആ കുട്ടികൾ ഇപ്പോഴും MR (Mentally Retarded category) തന്നെയാണ്. അതുമായ ബന്ധപ്പെട്ട ഒരു കേസിൽ ആ കുട്ടിയുടെ കുടുംബത്തോടൊപ്പം നാലഞ്ച് തവണ ഡപ്യൂട്ടി കളക്ടറെ കാണാൻ ഞാനും പോയിട്ടുണ്ട്. പറഞ്ഞത് കാറ്റഗറി ചെയ്ഞ്ചായി എന്നാണ്. എങ്ങനെയാണ് അത് കണ്ടെത്തിയതെന്നറിയില്ല. കുട്ടിയിൽ ഒരു ചെയ്ഞ്ചുമില്ല. അവൻ ദിനംപ്രതി വയലന്റാകുന്നത് കൂടുന്നതേയുള്ളു. അതാണവസ്ഥ. ആരും അന്വേഷിച്ചു വരാതെ, ഞങ്ങൾ പോലുമറിയാതെ, ഞങ്ങൾ ചെയ്ഞ്ചാകുന്ന മാജിക്ക് നടക്കുന്നുണ്ട്. 12-01-2012 ന് ഞങ്ങൾ ‘കറുത്ത ഉത്തരവ്’ എന്നുവിളിക്കുന്ന ഒരു ഉത്തരവിറക്കി, അഞ്ചു കൊല്ലം കൊണ്ട് ഈ പെൻഷൻ തന്നെ ഇല്ലാതാക്കാനുള്ള നീക്കവും നടന്നിരുന്നു. അഞ്ച് കൊല്ലം കൊണ്ട് ഞങ്ങൾ മരിച്ചു തീരുമെന്നോ ഞങ്ങളെ കൊന്നു തീർക്കാമെന്നോ ഉള്ള കണക്കുകൂട്ടലിലായിരിക്കാം അത്.

മറ്റൊന്ന്, മുമ്പൊന്നുമില്ലാത്ത രീതിയിൽ ഞങ്ങളെ മാനസികമായി തളർത്തുന്ന രീതിയിലുള്ള ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റമാണ്. എനിക്കു തന്നെ ധാരാളം അനുഭവം ഉണ്ടായിട്ടുണ്ട്. നിങ്ങൾ മാല വാങ്ങുന്നില്ലേ, സാരി വാങ്ങുന്നില്ലേ, നിങ്ങൾ അത് ചെയ്യുന്നില്ലേ, ഇത് ചെയ്യുന്നില്ലേ എന്ന ചോദ്യമാണ്. ഞങ്ങൾ എപ്പോഴുമിങ്ങനെ അഭയാർത്ഥികളെപ്പോലെയും യാചകരെപ്പോലെയും അവരുടെ മുന്നിൽ എത്തണമെന്നാണ് അവരുടെ സമീപനം. ഉദ്യോഗസ്ഥർ അത് പച്ചയായിത്തന്നെ പറയുന്നുമുണ്ട്. എന്റടുത്ത് ചോദിച്ചപ്പോൾ എനിക്ക് നല്കാനുണ്ടായിരുന്ന മറുപടി; "ഞങ്ങളത് വാങ്ങിയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ കുഞ്ഞുങ്ങളെയൊന്നും തെരുവിലേക്ക് വലിച്ചെറിഞ്ഞിട്ടല്ല. ഏതെങ്കിലും ആളുകൾ അങ്ങനെ തങ്ങളുടെ മക്കളെ വലിച്ചെറിഞ്ഞതായി ഒരു പരാതി നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടി സ്വീകരിക്കാൻ നിങ്ങൾക്കൊപ്പം ഞങ്ങളുടെ സംഘടനയും ഉണ്ടാകും’ എന്നാണ്.

വളരെ കഷ്ടപ്പാടനുഭവിച്ച്​ മക്കളെ നോക്കുന്ന അമ്മമാരുടെ അടുത്താണ് അവരത് പറയുന്നത് എന്നതാണ് സങ്കടകരം. വിമാനാപകടം മുതൽ വിഷമദ്യദുരന്തം വരെ അനുഭവിച്ചവർ സാമ്പത്തികാനുകൂല്യം കൈപ്പറ്റാറുണ്ട്. അവരോടോ മറ്റ് പെൻഷൻ വാങ്ങുന്നവരോടോ ഇങ്ങനൊരു ചോദ്യം - കിട്ടിയ പണം എന്ത് ചെയ്യുന്നു എന്ന് ഒരു ഉദ്യോഗസ്ഥനും ചോദിക്കാറില്ല. സർക്കാർ നടത്തിയ വിഷമഴയുടെ ഇരകളാണ് ഞങ്ങൾ. സഹായങ്ങൾ ഔദാര്യമല്ല. സർക്കാരിനെറ ബാധ്യതയും ഞങ്ങളുടെ അവകാശവുമാണ്.

ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ എന്റെ മറ്റൊരനുഭവം പറയാം. ഒരു വീട്ടിൽ മൂന്ന് മക്കളും MRആയ ഒരു ഉമ്മ കുട്ടികളെയും കൂട്ടി അവർ എന്റടുത്ത് വന്നു. കുട്ടികളും ഉണ്ട്. വീട്ടിലാക്കാൻ പറ്റാത്തതു കൊണ്ട് വളരെ ദൂരത്ത് തൃക്കരിപ്പൂരിൽ നിന്ന് ഓട്ടോ വിളിച്ചു വരുന്നതാണ്. മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച്,​ലിസ്റ്റിൽപ്പെട്ട ഒരു കുട്ടി വീട്ടിലുണ്ടെങ്കിൽ അതു പോലെയുള്ള മറ്റ് കുട്ടികളെയും ലിസ്റ്റിൽ പെടുത്താമെന്നറിഞ്ഞ് കളക്ടേറ്റിൽ അപേക്ഷ കൊടുക്കാൻ വന്നതാണ്. ഒരേ പോലെ MRആയ മൂന്നുകുട്ടികൾ. ഓരോരുത്തരെയും പിടിച്ചു നിർത്താനുള്ള അവരുടെ വിഷമം കണ്ട് അപേക്ഷ കളക്ടേറ്റിൽ ഞാൻ കൊടുക്കാമെന്ന് പറഞ്ഞു വാങ്ങി. ഞാനത് അവിടെയെത്തി ഒരു ഉദ്യോഗസ്ഥന്റെ കയ്യിൽ കൊടുത്തപ്പോൾ അദ്ദേഹമത് വാങ്ങാൻ കൂട്ടാക്കിയില്ല. തപാലിൽ ഇടാനാണ് പറഞ്ഞത്. ഞാൻ രസീത് ചോദിച്ചു. അന്നുതന്നെ മറ്റ് രണ്ട് അപേക്ഷകൾ മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കൊടുക്കയും അവർ വാങ്ങുകയും ചെയ്തിട്ടുണ്ട്. രസീത് ചോദിച്ചിട്ടുമില്ല. പക്ഷേ ഇദ്ദേഹം പലപ്പോഴും കൊടുത്ത പല അപേക്ഷകളും മുക്കിക്കളയുന്ന അനുഭവം ഞങ്ങൾക്കുണ്ട്. കോവിഡായതു കൊണ്ട് രസീത് തരാൻ പറ്റില്ലത്രേ. എന്നാൽ കയ്യിൽ വാങ്ങൂ, തെളിവിന് ഫോട്ടോ എടുക്കാം എന്ന് ഞാനും പറഞ്ഞു. കയ്യിൽ സാനിറ്റൈസർ ഇട്ട് ഡപ്യൂട്ടി കളക്ടർ അടക്കം കയ്യിൽ വാങ്ങിയല്ലോ എന്ന് തർക്കിച്ചപ്പോൾ തെളിവ് ചോദിച്ചതുകൊണ്ടാണ് ഞാൻ വാങ്ങാത്തതെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഞങ്ങളുടെ അപേക്ഷകൾ ഈ ഉദ്യോഗസ്ഥൻ രസീത് തരാതെ വാങ്ങി മുകളിലേക്ക് അയയ്ക്കാതിരുന്നിട്ടുണ്ട്. വാങ്ങിയില്ലങ്കിൽ ഈ അപേക്ഷയുമായി ഞാനിവിടെയിരിക്കും എന്നുപറഞ്ഞപ്പോൾ മാത്രമാണ് വാങ്ങിയതും തെളിവിനായി ഫോട്ടോ എടുക്കാൻ സമ്മതിച്ചതും. 2021 ജനുവരി 30 ന് കൊടുത്ത അപേക്ഷയിൽ ഇന്നും അവർക്ക് മറുപടിയൊന്നും കിട്ടിയിട്ടില്ല എന്നതാണ് അനുഭവം

എൻഡോസൾഫാൻ ദുരിതബാധിതർ അമ്മമാരുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ടല്ലോ. അവസാനമായി 2019 ജനുവരി 30 ന് സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം തുടങ്ങിയപ്പോൾ മുഖ്യമന്ത്രി ചില ഉറപ്പുകൾ നല്കുകയും സമരം പിൻവലിക്കുകയും ചെയ്തല്ലോ. എന്തൊക്കെയായിരുന്നു ഉറപ്പുകൾ? അവയൊക്കെ പാലിക്കപ്പെട്ടില്ലേ?

മെഡിക്കൽ ക്യാമ്പുകളിലൂടെ ദുരിതബാധിതരായി കണ്ടെത്തിയ 18 വയസ്സിൽ താഴെയുള്ളവരെ (അതായത് എൻഡോസൾഫാൻ തളിക്കുന്നത് നിർത്തിയതിനു ശേഷം ജനിച്ച അടുത്ത തലമുറ) ലിസ്റ്റിൽ ഉൾപ്പെടുത്തും എന്ന് ഉറപ്പ് തന്നിരുന്നു. അതു പ്രകാരം 2017 ലെ മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 517 കുട്ടികളെ ഉൾപ്പെടുത്തി ഉറപ്പ് പാലിച്ചിട്ടുണ്ട്. ബാക്കി വരുന്നവരുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച് അർഹതപ്പെട്ടവരെ കണ്ടെത്തുമെന്ന് ഉറപ്പ് തന്നെങ്കിലും അത്തരമൊരു പരിശോധന നടന്നിട്ടില്ല. പുതിയ മെഡിക്കൽ ക്യാമ്പ് നടത്തിട്ടുമില്ല.18 വയസ്സിനു മുകളിലുള്ള 1031പേർ ഇപ്പോഴും ലിസ്റ്റിന് പുറത്താണ്. അതു പോലെ 2017-ൽ രാജപുരം, മുളിയാർ പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ ഹർത്താൽ കാരണം മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ പറ്റാതിരുന്നവർക്കും പുതിയ കുട്ടികൾക്കും വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്താമെന്നായിരുന്നു മുഖ്യമന്ത്രി ഉറപ്പുനല്കിയത്.

2019 ൽ ക്യാമ്പ് നടന്നു. ലിസ്റ്റ് ഇത് വരെ തയ്യാറാക്കിയിട്ടില്ല. അതു പോലെ 2011 ലെ മെഡിക്കൽ ക്യാമ്പിൽ നിന്ന് കണ്ടെത്തിയ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളടക്കമുള്ളു 600 പേരുടെ ലിസ്റ്റ് പുറത്തുവന്നിട്ടില്ല. മെഡിക്കൽ ക്യാമ്പുവഴി ലിസ്റ്റ് ചെയ്യപ്പെട്ടാൽ മാത്രമേ ഈ കുട്ടികൾക്ക് സൗജന്യ ചികിത്സയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കൂ. മെഡിക്കൽ ക്യാമ്പ് നീട്ടിക്കൊണ്ടു പോകുന്നത് ഞങ്ങളെ സംബന്ധിച്ച്​ മരണത്തിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരലാണ്.

ദുരിതബാധിതരുടെ ,റേഷൻ കാർഡുകൾ ബി.പി.എൽ ആക്കും എന്ന ഉറപ്പ് പാലിക്കപ്പെട്ടോ?

യു.ഡി.എഫ്​ സർക്കാരിന്റെ കാലത്താണ് അമ്മമാരുടെ സമരത്തെത്തുടർന്ന് ഇങ്ങനെ ഒരുറപ്പ് കിട്ടിയത്. 2013-ൽ , ദുരിതബാധിതരുടെ ലിസ്റ്റിൽപ്പെട്ടവരുടെ മുഴുവൻ കാർഡുകൾ ബി.പി.എൽ ആക്കി ഉത്തരവ് ഇറങ്ങിയിരുന്നു. അത് ഏറക്കുറെ ആക്കുകയും ചെയ്തിരുന്നു. അതുകഴിഞ്ഞ് വീണ്ടും കാർഡ് പുതുക്കുന്ന സമയത്ത് (കഴിഞ്ഞ എൽ.ഡി.എഫ്​ സർക്കാരിന്റെ കാലത്ത് ) പലരുടെയും കാർഡുകൾ വീണ്ടും എ.പി.എല്ലി​ലേക്ക്​ മാറുകയുണ്ടായി. നേരത്തെ ഇറക്കിയ ഉത്തരവ് പിൻവലിക്കാതെ എങ്ങനെയാണ് മാറിയതെന്നറിയില്ല. പല തവണ ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

എൻഡോസൾഫാൻ ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന ഉറപ്പ് പാലിക്കപ്പെട്ടോ?

സമരത്തെത്തുടർന്ന് കിട്ടിയ ഒരു ഉറപ്പായിരുന്നു അതും. ചികിത്സാവശ്യത്തിനെടുത്ത ബാങ്ക് കടങ്ങൾ മാത്രം എഴുതിത്തള്ളും എന്നായിരുന്നു നിബന്ധന. അതും 2011 ജൂൺ 30 വരെയുള്ളവ. ചികിത്സക്ക്​ബാങ്കുകൾ കടം നല്കാറില്ലെന്ന വസ്തുത (അതുകൊണ്ടാണ് മറ്റാവശ്യങ്ങൾ പറഞ്ഞ് ലോൺ എടുക്കേണ്ടി വരുന്നത് ) ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സ്വർണപ്പണയം, ആൾ ജാമ്യം, കാർഷിക കടങ്ങൾ എന്നിവ എഴുതിത്തള്ളാൻ തീരുമാനമായത്. 2011 ജൂൺ 30നുശേഷമാണ് ദുരിതബാധിതർക്ക് സൗജന്യ ചികിത്സ കിട്ടിത്തുടങ്ങിയത്. അതുപ്രകാരം ആയിരത്തിലധികം ആളുകളുടെ കടം എഴുതിത്തള്ളി. എന്നാൽ മുഴുവൻ ദുരിതബാധിതർക്കും ആ ആനുകൂല്യം ലഭ്യമാകുന്നതിന് സാങ്കേതിക പരിമിതികളുണ്ട്. അതായത് 2011 ജൂൺ 30 മുതൽ സൗജന്യചികിത്സ ലഭിക്കണമെങ്കിൽ ലിസ്റ്റിൽ ഉൾപ്പെടണം. 2011 -ലെ മെഡിക്കൽ ക്യാമ്പിന്റെ ലിസ്റ്റ് പുറത്തുവരുന്നത് 2015 ലാണ്. അതു കൊണ്ട് ആ ലിസ്റ്റിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭിച്ചിട്ടുമില്ല, അവർ ചികിത്സാർത്ഥം എടുത്ത കടങ്ങൾ തള്ളിയിട്ടുമില്ല.

മുനീസ അമ്പലത്തറ

"സെൽഫിസമരം " എന്നൊരു സമരത്തെക്കുറിച്ച് കേട്ടിരുന്നു. എന്തായിരുന്നു അത്?

എല്ലാ ദുരിതബാധിതരുടെവീടുകളിലും കയറി സൂപ്പർവൈസർമാർ സെൽഫി എടുക്കണമെന്ന് കളക്ടർ ഒരു നിർദ്ദേശം നല്കി. സൂപ്പർവൈസർമാർ ഈ പണി അംഗൻവാടി ടീച്ചർമാരെ ഏല്പിച്ചു. രോഗികളുടെ കൂടെ നിന്ന് സെൽഫി എടുക്കണം. പല അംഗൻവാടി ടീച്ചർമാരും എന്നെ നേരിട്ട് വിളിച്ച് തന്നെ പറഞ്ഞിട്ടുണ്ട് തീരെ കിടപ്പിലായ, എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്തവരുടെ കൂടെ ഞങ്ങളെങ്ങനാ സെൽഫിയെടുക്കുന്നത് എന്ന്. അതു പോലെ, പത്ത് മുപ്പത്തെട്ട് വയസ്സുള്ളവരാ പല MR ആയ രോഗികളും. വളരെ ചെറുപ്പക്കാരായ പല അധ്യാപികമാർക്കും ഇവരോടൊത്ത് സെൽഫിയെടുത്ത് കളക്ടർക്ക് അയച്ചുകൊടുക്കുന്നതിൽ അവരുടേതായ വ്യക്തിപരമായ ചില പ്രശ്നങ്ങളും പരാതികളും ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഞാനതിനെക്കുറിച്ച് സൂപ്പർവൈസറെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്; "നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ' വേണ്ടിയാണെന്നാണ്. തുടർന്ന് ഞാൻ കളക്ടറെ വിളിച്ചന്വേഷിച്ചപ്പോൾ പറഞ്ഞത് സൂപ്പർവൈസർമാരോട് ഇവരുടെ ക്ഷേമം അന്വേഷിക്കാൻ പറഞ്ഞിരുന്നു, അവരത് അന്വേഷിക്കാത്തതു കൊണ്ട് അന്വേഷിച്ചു എന്ന് ഉറപ്പു വരുത്താനാണ് സെൽഫിയെടുക്കാൻ പറഞ്ഞതെന്നാണ്. സെൽഫിയെടുക്കാൽ ചെന്ന ഒരു വീട്ടിലും ഒരാളോടുപോലും നിങ്ങൾക്ക് മരുന്ന് കിട്ടുന്നുണ്ടോ, പെൻഷൻ കിട്ടുന്നുണ്ടോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് അംഗൻവാടി ടീച്ചർമാർ ചോദിച്ചിട്ടില്ല. അതിനെക്കുറിച്ച് ടീച്ചർമാർമാർ പറഞ്ഞത് സെൽഫിയെടുക്കാൻ മാത്രമേ ഞങ്ങളോട് പറഞ്ഞിട്ടുള്ളൂ എന്നാണ്. ഞങ്ങൾ ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ ഞങ്ങളുടെ ക്ഷേമം അന്വേഷിക്കുന്നു എന്ന വ്യാജേന സെൽഫിയെടുത്തത് എന്തിനെന്ന് ഇപ്പഴും ഞങ്ങൾക്ക് മനസ്സിലായിട്ടില്ല. ഇത് വലിയ മാനസിക വിഷമമാണ് ഞങ്ങളിലുണ്ടാക്കിയത്. ഒപ്പുമരച്ചുവട്ടിൽ സെൽഫിസമരം നടത്തേണ്ടി വന്നത് അങ്ങനെയാണ്.

എൻഡോസൾഫാൻ ദുരിതബാധിതരുടെ രാപകൽ പട്ടിണി സമരത്തിനിടെ മുനീസ അമ്പലത്തറ

അംഗൻവാടി ടീച്ചർമാർ സെൽഫി എടുക്കാൻ എത്തിയാൽ ഞങ്ങൾ നിൽക്കില്ല, ഞങ്ങളുടെ മക്കളെ നിർത്തില്ല എന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. വീട്ടിൽ വന്നല്ല ബഡ്സ് സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു വരുന്ന കുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി സെൽഫി എടുത്ത അനുഭവം അമ്മമാർ പറഞ്ഞിട്ടുണ്ട്. ഒരു ക്ഷേമവും അന്വേഷിച്ചിട്ടില്ല. ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനുള്ള സെൽഫി നടക്കാതെ വന്നപ്പോൾ അദ്ദേഹം സാമൂഹ്യനീതി വകുപ്പിന് കൊടുത്ത റിപ്പോർട്ട് ചില തല്പരകക്ഷികൾ ഇടപെട്ട് തടഞ്ഞു. ഞങ്ങൾ തടയുകയല്ല ചെയ്തത്. ഞങ്ങൾ ജീവിച്ചിരിപ്പണ്ടോ എന്നറിയാൻ മറ്റ് വഴികളുണ്ട്. 2012 മുതൽ സൂപ്പർവൈസർമാരും പഞ്ചായത്ത് പ്രസിഡന്റുമാരും അംഗൻവാടി ടീച്ചർമാരും പങ്കെടുത്ത്​ രണ്ട് മൂന്ന് വാർഡുകൾ ഉൾക്കൊള്ളിച്ച് വാർഡുതല യോഗങ്ങൾ നടക്കുമായിരുന്നു. അവിടെ ക്ഷേമം അന്വേഷിക്കുമായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ പറയുമായിരുന്നു. ഹെൽത്തിന്റെ ചാർജുള്ള നഴ്സുമാർ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. അതൊക്കെ ഒഴിവാക്കിക്കൊണ്ടാണ്, ചാർജ് കൊടുത്ത സൂപ്പർവൈസർമാർ നേരാം വണ്ണം ഞങ്ങളുടെ ക്ഷേമം അന്വേഷിക്കാതെ സെൽഫിയെടുത്ത് ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്തുന്നത്. വഴിയിൽ തടഞ്ഞു നിർത്തിയൊക്കെ സെൽഫിയെടുക്കുമ്പോൾ ചില നാട്ടുകാർ ചോദിച്ചു പോലും; "ഫോട്ടോ എടുത്ത് പോകുന്നല്ലോ, ഇനിയും എന്തൊക്കെയോ ആനുകൂല്യങ്ങൾ വരുന്നുണ്ടല്ലേ' എന്ന്. മരിച്ചു പോയവർ പെൻഷൻ വാങ്ങുന്നുണ്ടോ എന്നറിയാനാണത്രെ സെൽഫിയെടുത്തത്.

സായി ട്രസ്റ്റും സർക്കാരും സംയുക്തമായി ‘സാഫല്യം’ പദ്ധതിയിൽ ഉൾപ്പെടുത്തി എൻഡോസൾഫാൻ ദുരിതബാധിതർക്ക് വീട് നിർമ്മിച്ചുനല്കുന്ന പദ്ധതിയെപ്പറ്റി കേട്ടിരുന്നു. എത്ര വീടുകളാണ് കിട്ടിയത്

സായി ട്രസ്റ്റ് സർക്കാർ ഭൂമിയിൽ 108 ഓളം വീടുകൾ നിർമ്മിച്ച് വീടില്ലാത്ത ദുരിതബാധിതർക്ക് നല്കുമെന്നാണ് വ്യവസ്ഥ. ധാരാളം അപേക്ഷകൾ കിട്ടിയിട്ടും വീട് ലഭിക്കാത്തതിനെക്കുറിച്ച് ദുരിതബാധിതർ പരാതി പറഞ്ഞപ്പോൾ എൻഡോസൾഫാൻ സെൽഅംഗമായ ഞാൻ, സെല്ലിൽ പല തവണ അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി 60 ഓളം വീടുകളാണ് പണി കഴിപ്പിച്ചിട്ടുള്ളത്, നൂറിലധികം അപേക്ഷകർ ഉള്ളതുകൊണ്ട് നറുക്കിട്ടെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ്. 22 വീടുകളുടെ താക്കോൽ കൈമാറ്റം 2017ൽ മുഖ്യമന്ത്രി നിർവഹിക്കുകയും ബാക്കി വീടുകൾ അർഹതപ്പെട്ടവർക്ക് കൊടുക്കാതിരിക്കുകയും ചെയ്തപ്പോൾ സായ്​ ട്രസ്​റ്റ്​ കളക്ടർക്കെതിരെ പരാതി കൊടുത്തു. അപ്പോൾ അദ്ദേഹം നൽകിയ വിശദീകരണം; ആവശ്യക്കാരില്ലാത്തത് കൊണ്ടാണെന്നാണ്. അതിലെ പൊരുത്തക്കേടാണ് മനസ്സിലാക്കേണ്ടത്. പണിതീർന്ന വീടുകൾ വെറുതെ കിടക്കുമ്പോഴാണിത്.

അതോടൊപ്പം പറയാനുള്ള മറ്റൊരനുഭവം, പുല്ലൂർ പെരിയ പഞ്ചായത്തിലെ വാടക വീട്ടിൽ താമസിക്കുന്ന ശ്രീനിഷ എന്ന കുട്ടിക്ക് വീട് അനുവദിച്ചു എന്ന് പഞ്ചായത്ത് പ്രസിഡൻറ്​ അറിയിക്കുകയും കഴിഞ്ഞ ജൂലൈയിൽ താക്കോൽ കൈമാറുകയും ചെയ്തു. 2021 ജനുവരി 13ന് അനധികൃതമായി താമസിക്കുന്നു എന്ന കളക്ടറുടെ റിപ്പോർട്ടു പ്രകാരം വീടൊഴിയാൻ ആവശ്യപ്പെട്ട് വില്ലേജാഫീസിൽ നിന്ന് അവർക്ക് കത്ത് കിട്ടുന്നു. ഞങ്ങളത് വാർത്തയാക്കുകയും സംസ്ഥാന ഭിന്നശേഷി കമ്മീഷൻ ഇടപെടുകയും ചെയ്തു. ഇന്നും അവരവിടെ താമസിക്കുകയും ചെയ്യുന്നു. കളക്​ടറേറ്റിൽ നിന്നു നൽകിയ പട്ടികയിൽ അവർ പെട്ടിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അപേക്ഷകരില്ലെന്ന് റിപ്പോർട്ട് കൊടുക്കുന്നു. ഒറ്റ ദിവസം കൊണ്ട് താമസിക്കുന്നവരോട് ഇറങ്ങിപ്പോകാൻ പറയുക .ഇതാണ് ഞങ്ങളോടുള്ള മനോഭാവം

എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്നും ലിസ്റ്റിൽ പെട്ട മുഴുവൻ ആളുകളെയും വീണ്ടും വിദഗ്ദ പരിശോധന നടത്തണമെന്നുമാണല്ലോ കാസർകോട് കളക്ടർ സജിത്ത് ബാബു പറയുന്നത്?

അനർഹർ ഉണ്ടെന്ന് പറയുമ്പോൾ ഞങ്ങൾക്ക് ചോദിക്കാനുള്ള ഒരു ചോദ്യം, 2010 മുതൽ 17 വരെ നടത്തിയ മെഡിക്കൽ ക്യാമ്പ് സർക്കാരിന്റെ മേൽനോട്ടത്തിൽ വിദഗ്ദ ഡോക്ടർമാരെ വെച്ച് നടത്തിയതാണ്. അതിൽ ഇന്നയാളെ ചേർക്കണമെന്ന് പറഞ്ഞ്​ ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരോ സംഘടനയോ സ്വാധീനിച്ചതായി പറയാനുണ്ടോ? 2010 ലെ ക്യാമ്പിൽ ഇരുപതിനായിരത്തോളം ആളുകളാണ് രജിസ്റ്റർ ചെയ്തത്, അതിൽ നിന്ന് രേഖകൾ പരിശോധിച്ച് ക്യാമ്പിൽ പങ്കെടുപ്പിച്ച കുറച്ചു പേരെ വീണ്ടും രേഖകളും മെഡിക്കൽ പരിശോധനയും നടത്തിയാണ് 4182 പേരെ ലിസ്റ്റിൽപ്പെടുത്തുന്നത്. 2011 ലെയും 13 ലെയും 17 ലെയും ക്യാമ്പുകളും അങ്ങനെയാണ് നടന്നത്. എന്നിട്ടും അനർഹർ പെട്ടിട്ടുണ്ടെങ്കിൽ അതാരുടെ വീഴ്ചയാണ്?. ഭാവിയിൽ ഇത് അട്ടിമറിക്കണമെന്ന എന്തെങ്കിലും നിഘൂഢ ലക്ഷ്യത്തോടെയാണോ ലിസ്റ്റുണ്ടാക്കിയതെന്ന് ഞങ്ങൾക്ക് ചോദിക്കേണ്ടി വരും. ഞങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആരെയൊക്കെ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്.

കാസർകോട് കളക്ടർ സജിത്ത് ബാബു

ക്യാമ്പിനു തൊട്ടുമുമ്പ് അതത് അംഗൻവാടി ടീച്ചർമാർ തരുന്ന, പങ്കെടുക്കാൻ അർഹതയുള്ള, സ്ലിപ്പ് ഉള്ളവർ മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിദഗ്ദ ഡോക്ടർമാരാണ് പരിശോധന ടത്തുന്നത്. വീണ്ടും ലിസ്റ്റ് തയ്യാറാക്കുന്നതും ഉദ്യോഗസ്ഥന്മാരാണ്. ആരെയെങ്കിലും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ഞങ്ങളാരും ആരെയും സമീപിച്ചിട്ടില്ല. ഒരു നിവേദനവും നല്കിയിട്ടുമില്ല. ലിസ്റ്റ് പുറത്തുവന്നു കഴിയുമ്പോൾ ചിലപ്പോൾ വളരെ ഗുരുതരാവസ്ഥയിലുള്ള കുട്ടികൾ എന്തുകൊണ്ട് ഉൾപ്പെട്ടിട്ടില്ല എന്നന്വേഷിച്ചിട്ടുണ്ട്. എനിക്കറിയാം, 13 വയസ്സായിട്ടും ട്യൂബിലൂടെ മാത്രം ഭക്ഷണം കഴിക്കുന്ന കുട്ടികൾ. രണ്ട് ക്യാമ്പിൽ പങ്കെടുത്തിട്ടും ലിസ്റ്റിൽ വരാത്തവർ പലരുമുണ്ട്. പലവിധ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ. അവർ എന്തുകൊണ്ട് പെട്ടില്ല എന്നന്വേഷിക്കും. പെടുത്തണമെന്ന് പറയാൻ പറ്റില്ലല്ലോ. എൻഡോസൾഫാൻ ലിസ്റ്റിൽ അനർഹർ കടന്നു കൂടിയെന്നു പറയുമ്പോൾ രാജ്യത്തെ ക്ഷേമപെൻഷൻകളിലെല്ലാം അർഹർ മാത്രമേ ഉള്ളൂ എന്നുറപ്പ് പറയാൻ തയ്യാറാണോ സർക്കാർ?. ഏറ്റവും വലിയ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന സെൻസസിൽ പോലും വീഴ്ച പറ്റാറില്ലേ?. ലോകത്തെവിടെയെങ്കിലും പെൻഷൻ വാങ്ങുന്നവരിൽ, സഹായധനം വാങ്ങുന്നവരിൽ അനർഹരെ കണ്ടെത്താൻ പൊലീസ്- ഇന്റലിജൻസ് സംവിധാനം ഉപയോഗിക്കുന്നതായി കേട്ടുകേൾവി പോലുമില്ല. ഞാൻ സൂചിപ്പിച്ച സംവിധാനങ്ങൾ ഉണ്ടായിട്ടും ടെററിസ്റ്റുകളെ നേരിടുന്നതു പോലെ ഞങ്ങളുടെ വീടുകളിലേക്ക് പോലീസ് ഇൻറലിജൻസ് സംവിധാനം വരുന്നതെന്തിനാണ്?
പോലീസ് രഹസ്യാന്വേഷത്തിലൂടെ അനർഹരെ കണ്ടെത്താനുള്ള വ്യഗ്രത സൂചിപ്പിക്കുന്നത്, എൻഡോസൾഫൻ ലോബികൾക്ക്​ കോടതിയെ സമീപിച്ച് ദുരന്ത കാരണം എന്റോസൾഫൻ അല്ല എന്ന് വരുത്തിത്തീർക്കാൻ അധികാരികൾ കൂടി അറിഞ്ഞു കൊണ്ടുള്ള ഒരു നീക്കമാകാം എന്നാണ്​.

ഒരാഴ്​ച മുമ്പാണ്​ സ്പെഷൽ ബ്രാഞ്ചിൽ നിന്നോ ഇന്റലിജൻസിൽ നിന്നോ ഉദ്യോഗസ്ഥർ എൻഡോസൾഫാൻ ലിസ്റ്റിൽപ്പെട്ട, സർട്ടിഫിക്കറ്റിൽ 80% MR ആയിട്ടുള്ള (ഞങ്ങളുടെ അനുഭവത്തിൽ 100 % ) ഒരു കുട്ടിയുടെ വീട്ടിലേക്ക് അന്വേഷണത്തിനു ചെന്നത്, ഒരു കുറ്റവാളിയുടെ അടുത്ത് ചെല്ലുന്നതു പോലെയാണ്​ സ്പെഷൽ ബ്രാഞ്ച്​ ഉദ്യോഗസ്ഥർ ചെന്നത്. രണ്ട് തവണ പെൻഷൻ വാങ്ങിയെന്ന് കാണിച്ച് കളക്ടർ കൊടുത്ത റിപ്പോർട്ടിൽ ഈ കുട്ടിയുടെ പേരാണ് ആദ്യമുള്ളത്. ഞങ്ങളുടെ സെന്ററിൽ വരുന്ന കുട്ടിയാണ്. 40 വയസ്സാവാറായി. ഇൻറലിജൻസുകാരെത്തിയപ്പോൾ മണ്ണിലിരുന്ന് കളിച്ചു കൊണ്ടിരിക്കുകയാണ്​. സതീശനിപ്പോഴും ഞങ്ങൾക്ക് കുട്ടിയാണ്​. എനിക്കറിയാം, രണ്ട് തവണ അവർക്ക് പെൻഷൻ വന്നിരുന്നു എന്നത് ശരിയാണ്. അപ്പോത്തന്നെ അവർ എന്നെ വിളിച്ചു. സൂപ്പർവൈസർക്ക് പരാതി കൊടുത്തു. ഇപ്പോൾ രണ്ട് തവണ എന്നല്ല ഒറ്റത്തവണ പോലും അവന് പെൻഷൻ ലഭിക്കുന്നില്ല. വീട്ടിൽ ചെന്ന സുരേഷ് എന്ന ഉദ്യോഗസ്ഥനെ വീട്ടുകാർ തന്ന നമ്പറിൽ ഞാൻ വിളിച്ചന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, പെൻഷൻ കിട്ടുന്നില്ല എന്ന പരാതി അന്വേഷിക്കാൻ ചെന്നതാണെന്നാണ്. ആരുടെ പരാതി എന്ന് ചോദിച്ചപ്പോൾ മീഡിയയിൽ കണ്ടു എന്നാണ് പറഞ്ഞത്. കാസർകോട് നിന്ന് വളരെ അകലെയുള്ള ഉൾപ്രദേശത്തെ ഈ വീട്ടിലേക്ക് തന്നെ വന്നതിന്റെ
പിന്നിലെ ഉദ്ദേശ്യം ഞങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

എൻഡോസൾഫാൻ ഇരകളായ കുട്ടികളോടൊപ്പം സ്‌നേഹവീട്ടിൽമുനീസ അമ്പലത്തറ

സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥനായ കളക്ടർ ദുരിതബാധിതരെ വല്ലാതെ വേദനിപ്പിച്ച ചില പരാമർശങ്ങൾ നടത്തിയതായി മുമ്പും റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ടല്ലോ. അതൊന്ന് വിശദീകരിക്കാമോ

ഒരു വാരികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ ശീലാവതി എന്ന ദുരിതബാധിതയെക്കുറിച്ച് പറഞ്ഞത്, മംഗളം വാരികയിലെ കഥാപാത്രം എന്നാണ്. ശീലാവതിയെ മനസ്സാക്ഷിയുള്ളവർക്ക് വേദനയോടെ മാത്രമേ ഓർക്കാൻ കഴിയൂ. മുപ്പത് വർഷത്തോളം സ്വബോധത്തോടെ ഒരേ കിടപ്പ് കിടന്ന് ഒരു ജീവിതത്തിന്റെ സകല യാതനകളും അനുഭവിച്ച് മരിച്ച ഒരു സ്ത്രീയെ കുറിച്ചാണ് കളക്ടർ മംഗളം വാരികയിലെ കഥാപാത്രം എന്നുപറഞ്ഞത്. എൻഡോസൾഫാനായാലും അല്ലെങ്കിലും പൂർണമായും കിടപ്പിലായ ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീയെക്കുറിച്ചാണ് ജില്ലാ ഭരണാധികാരി അങ്ങനെ പറഞ്ഞത്. വേറെ ഏത് ജില്ലയിലായിരുന്നെങ്കിലും അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റുമായിരുന്നു. എനിക്കറിയാം ശീലാവതിയെ. സ്കൂളിൽ പോയതും ആകാശത്തുനിന്ന് വീണ തുള്ളികൾ കൈയിലെടുത്തതും മണത്തതുമൊക്കെ സ്വബോധത്തോടെ വേദനയോടെ കിടന്ന കിടപ്പിൽ എന്നോട് പറഞ്ഞിട്ടുണ്ട്​ അവർ. ‘ഞാൻ മരിച്ചാൽ എന്റെ മക്കൾക്കാരുണ്ട്​’ എന്ന്​ ചങ്കുപൊട്ടി അംബികാസുതൻ മാങ്ങാട് എന്ന എഴുത്ത്കാരനോട് ചോദിച്ചു ശീലാവതിയുടെ അമ്മ. അംബികാ സുതൻ മാങ്ങാടിനെപ്പോലെയുള്ളവർ ശീലാവതിയെക്കുറിച്ചൊക്കെ കഥകൾ സൃഷ്ടിക്കുകയാണെന്നും കളക്ടർ അഭിമുഖത്തിൽ പറഞ്ഞു. അരജീവിതം ജീവിക്കുന്ന ഞങ്ങൾ അദ്ദേഹത്തിന് വെറും കഥാപാത്രങ്ങൾ മാത്രം

ദുരിതബാധിതരുടെ വലിയൊരു ആശ്വാസമാണല്ലോ ബഡ്സ് സ്കൂളുകൾ. കോവിഡ് കാലത്ത് അവ അടഞ്ഞു കിടക്കുമ്പോൾ അതെത്ര മാത്രം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് അവരുടെ ദൈനംദിന കാര്യങ്ങളിൽ?

ബഡ്സ് സ്കൂളുകൾ അടഞ്ഞുകിടക്കുന്നത് വലിയ ബുദ്ധിമുട്ടുകളാണ് ഞങ്ങൾക്കുണ്ടാക്കുന്നത്. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, അതുപോലെ സ്പെഷൽ എഡ്യൂക്കേഷനുള്ള സഹായം എന്നിവ കുട്ടികൾക്ക് ലഭ്യമായില്ല. ഇത്തരം തെറാപ്പികൾ ചെറിയ പ്രായത്തിൽ തന്നെ കിട്ടിയാലേ കുറെയെങ്കിലും മാറ്റം കുട്ടികൾക്കുണ്ടാകൂ. അതിനു വേണ്ട സൗകര്യം കോവിഡ് മാനദണ്ഡം പാലിച്ചുപോലും നല്ലാൻ കഴിഞ്ഞിട്ടില്ല. ഓൺലൈൻ ക്ലാസുകൾ ഇത്തരം കുട്ടികൾക്ക് പ്രായോഗികമല്ലല്ലോ. അമ്മമാരിൽ പലർക്കും ജോലിക്ക് പോകാൻ പറ്റാതായി. വീടുകളിൽ കഴിയുമ്പോൾ പല കുട്ടികളും കൂടുതൽ വയലന്റാകാൻ തുടങ്ങി. ഇത്തരം കുട്ടികളിൽ ചിലർ കൂടുതൽ ഭക്ഷണം കഴിക്കുന്നവരാണ്. പണിക്ക് പോകാത്തതും പെൻഷൻ മുടങ്ങുന്നതും ഭക്ഷണത്തെയും ബാധിക്കുന്നുണ്ട്. മാത്രമല്ല, ഈ കുട്ടികളുടെ, സ്കൂളിൽ പോകാൻ കഴിയാത്തതിന്റെ ദേഷ്യവും വാശിയും അമ്മാമാരാണ് അനുഭവിക്കുന്നത്. വീട്ടിലെ സാധനങ്ങൾ എറിഞ്ഞു പൊട്ടിക്കുന്നതായൊക്കെ അമ്മമാർ പറയുന്നുണ്ട്. അവരുടെ സ്വാതന്ത്ര്യം യഥാർത്ഥത്തിൽ ഇത്തരം സ്കൂളുകളായിരുന്നു. അതവർക്ക് നഷ്ടപ്പെട്ടതിന്റെ പ്രശ്നങ്ങളാണ്. സ്നേഹവീട് അടഞ്ഞുകിടന്നപ്പോൾ രക്ഷിതാക്കൾ ദിവസവും സങ്കടങ്ങളുമായി വിളിക്കും. എവിടെയും പോകാനില്ലാത്തതു കൊണ്ട് കുളിക്കാനും പല്ലു തേക്കാനും വസ്ത്രം മാറ്റാനുമൊന്നും തയ്യാറാകാത്ത കുട്ടികളെക്കുറിച്ച് പറയാൻ. തുറന്നാൽ പോലും പല സ്ഥലത്തും തെറാപ്പി സൗകര്യങ്ങൾ പരിമിതമാണ്.

അംബികാസുതൻ മാങ്ങാട്

എൻമകജെയിലെ ബഡ്സ് സ്കൂളിന്റെ പണി പൂർത്തിയായിട്ടില്ല. ഒരു സെൽ യോഗത്തിൽ അംബികാസുതൻ മാങ്ങാട് ഇത് സൂചിപ്പിച്ചു. ആസ്ബസ്റ്റോസ് ഷീറ്റിനിടയിലാണ് ഇപ്പോഴും ഇത് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞപ്പോൾ മാഷ് തെറ്റിദ്ധരിപ്പിക്കുകയാണ് എന്നുപറഞ്ഞ് കളക്ടർ ഷൗട്ട് ചെയ്യുന്നത് ഞാൻ അനുഭവിച്ചതാണ്. അടുത്ത സെൽ യോഗത്തിൽ തെളിവുസഹിതം കൃത്യമായി ഞാനാണ് അത്​ ചോദ്യം ചോദിച്ചത്. അംബികാസുതൻ മാഷിന് പങ്കെടുക്കാൻ പറ്റിയില്ല. ഇവളോട് ഇത്രയൊക്കെ മറുപടി പറഞ്ഞാൽ മതിയല്ലോ എന്ന തോന്നൽ കൊണ്ടാകാം കളക്ടർ വ്യക്തമായ മറുപടി തന്നില്ല. അല്ലെങ്കിലും കളക്ടർ തെറ്റുപറ്റിയാൽ തിരുത്താനൊന്നും നിക്കില്ല. വളരെ പരിതാപകമായ അവസ്ഥ തന്നെയാണ് ബഡ്സ് സ്കൂളുകളുടേത്.

ജില്ലാ ഭരണാധികാരിയും എൻഡോസൾഫാൻ സെല്ലിന്റെ
കൺവീനറുമാണല്ലോ ജില്ലാ കളക്ടർ. ദുരിതബാധിതരോട് ഏറ്റവും അനുഭാവപൂർവ്വമായ സമീപനം സ്വീകരിക്കേണ്ട അദ്ദേഹത്തിൽ നിന്ന് ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടായിരിക്കാം.?

അതൊക്കെ പറഞ്ഞാൽ തീരാത്തത്രയാണ്. ഞാൻ ദുരിതബാധിതർക്കു വേണ്ടിയുള്ള പ്രവർത്തന രംഗത്തേക്ക് വരുമ്പോൾ മുഹമ്മദ് സഹീർ സാറാണ് കളക്ടർ. അന്ന് ഞാൻ സെൽ മെമ്പറൊന്നുമല്ല. പരിഹരിക്കേണ്ട പ്രശ്നങ്ങളുമായി അദ്ദേഹത്തെ വിളിക്കും .ചിലപ്പോൾ കണ്ടു സംസാരിക്കും. ശേഷമുള്ള ജീവൻ ബാബുസാറും വിളിച്ചാൽ ഫോണിൽ സംസാരിക്കും കാണാൻ സമയം തരും. കൃത്യ സമയത്തു തന്നെ കാണാൻ അനുവദിക്കും. ഇവർ രണ്ടു പേരും ഞങ്ങളെ കേൾക്കാൻ തയ്യാറായിരുന്നു, പ്രശ്നങ്ങൾ പരിഹരിച്ചാലും ഇല്ലെങ്കിലും. പലരുടെയും പ്രശ്നങ്ങൾക്ക് വിളിച്ചാൽ എത്ര തിരക്കാണെങ്കിലും തിരിച്ചുവിളിക്കാനുള്ള ഒരു മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ കളക്ടർ ഒരിക്കലും ഞങ്ങളുടെ, പ്രത്യേകിച്ച് എന്റെ ഫോൺ എടുക്കാറില്ല. ഗൺമാനാണ് അറ്റൻഡ് ചെയ്യുന്നത്. നിയമപരമായി അങ്ങനെ ഉണ്ടോ എന്നറിയില്ല. മുൻപുള്ളവർ എടുത്തതുകൊണ്ടാണ് വിളിക്കുന്നത്. അദ്ദേഹം തിരക്കിലാണ് എന്ന മറുപടിയായിരിക്കും ഏത് സമയത്ത് വിളിച്ചാലും ഗൺമാൻ തരിക. നേരിട്ട് കണ്ടാൽ സെൽ കൺവീനറായ അദ്ദേഹം പറയും സെല്ലിൽ പറയാൻ. ഈ രീതിയിൽ ഞങ്ങളെ കാണുന്നതു പോലും അദ്ദേഹത്തിന് താല്പര്യമുണ്ടായിട്ടില്ല.

അദ്ദേഹം കൃഷിശാസ്ത്രജ്ഞൻ ആണെന്നാണല്ലോ പറയുന്നത്. അപ്പോൾ ചിലപ്പോൾ കീടനാശിനിയോടൊക്കെ താൽപ്പര്യമുണ്ടാകാം, അത്​ അറിഞ്ഞുകൊണ്ട് എൻഡോസൾഫാൻ ദുരിതം എന്ന സംഭവം തന്നെ ഇല്ലായ്മ ചെയ്യാൻ ഭരണകൂടം കൊണ്ടുവന്നതാണോ? സംശയിക്കുകയാണ്. അല്ലെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ നയത്തിനെതിരെ ഒരു ജില്ലാ കളക്ടർ നിലപാടെടുത്തിട്ടും ഭരണകൂടം അത് കാണാതെ പോകുന്നത്?. എക്കാലവും എൻഡോസൾഫാൻ ദുരിതബാധിതരുടെ കൂടെ നിന്നിട്ടുള്ള രാഷ്ട്രീയ പാർട്ടികൾ - കൂടെയെന്നു വച്ചാൽ ഭരിക്കാതിരിക്കുമ്പോൾ കൂടെയും അല്ലാത്തപ്പോൾ തിരിച്ചും- എന്തുകൊണ്ടാണ് കളക്ടറുടെ ഈ നിലപാടിനെതിരെ മൗനം പാലിക്കുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ ശീലാവതിയെപ്പോലെയുള്ള ഒരു രോഗിയെ മംഗളം വാരികയിലെ കഥാപാത്രം എന്ന് പറഞ്ഞിട്ടും അദ്ദേഹത്തോട് വിശദീകരണം ചോദിക്കാൻ പോലും ഭരണകൂടം തയ്യാറായില്ല. പ്രതിപക്ഷം ഇടപെട്ടില്ല. അത് ഞങ്ങൾക്ക് സംശയമുണ്ടാക്കുന്നു. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഈ വിഷയം മിണ്ടിയില്ല. എന്തൊക്കെയോ ഗൂഢാലോചനകൾ നടക്കുന്നുണ്ടോ? സർക്കാരിന് അധിക ബാധ്യത വരുത്തുന്നവരാണ് ഞങ്ങൾ. സർക്കാരിന്റെ ബാധ്യതയൊഴിവാക്കാൻ ഇവിടെക്കൊണ്ടിരുത്തിയ ഒരാളായിട്ടാണ് ഞങ്ങൾ ഈ കളക്ടറെ കാണുന്നത്.

എൻഡോസൾഫാൻ ദുരിതബാധിതർക്ക്, മാറി മാറി വരുന്ന സർക്കാരുകൾകൾക്കു മുന്നിൽ നിരന്തരം സമരം ചെയ്യേണ്ടി വരുന്ന സ്ഥിതി എന്തു കൊണ്ടാണ്?

ഭരണകൂട ഭീകരതയുടെ ഇരകളാണ് ഞങ്ങൾ. എന്നിട്ടും ഞങ്ങൾക്ക് അവകാശങ്ങൾക്കുവേണ്ടി തെരുവിലിറങ്ങേണ്ട ഗതികേടാണ് ഇന്നുമുള്ളത്. ഒരു പക്ഷേ ഞങ്ങൾ വലിയൊരു വോട്ടു ബാങ്കല്ലാത്തതായിരിക്കാം കാരണം. ഞങ്ങൾക്കുതന്ന ഉറപ്പുകൾ കടലാസിലൊതുങ്ങുകയാണ്. നിരന്തരം ശബ്ദമുയർത്തുമ്പോൾ മാത്രമാണ് അവയിൽ ചിലതെങ്കിലും പാലിക്കപ്പെടുന്നത്. പരമോന്നത നീതിപീഠത്തിന്റെ ഇടപെടലുണ്ടായിട്ടുപോലും ഭരണാധികാരികൾ ഞങ്ങളെ കാണാതെ പോകുന്നു. ഞങ്ങൾ തെരഞ്ഞെടുക്കുന്ന എം.എൽ.എമാരും എം.പിയും പഞ്ചായത്ത് പ്രതിനിധികളുമൊക്കെ ഞങ്ങളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കുന്നതിൽ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല എന്നു തന്നെയാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഞങ്ങളെ മറന്നു എന്നാണ് ഞങ്ങൾ കരുതുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം എല്ലാ രാഷ്ട്രീയ പാർട്ടികളും എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്​തിരുന്നു. ഞങ്ങളെ ചേർത്തു പിടിക്കുന്നു എന്ന് പറഞ്ഞാണ് കാസർകോട്ട് നിന്ന് പ്രചാരണം ആരംഭിച്ചിരുന്നത്. എന്നാൽ ഇത്തവണ അതുണ്ടായില്ല എന്നത് ഇങ്ങനെയൊരു വിഭാഗം ഭൂമുഖത്ത് ഇല്ലായെന്ന് വരുത്തിത്തീർക്കാനാണോ എന്ന് സംശയിക്കുന്നു. ഞങ്ങൾ ശബ്ദമയർത്തുമ്പോൾ മാത്രമാണ് ഞങ്ങൾ ദൃശ്യരാകുന്നത്.


Comments