2018, 2019 വർഷങ്ങളിലുണ്ടായ പ്രളയവും ഉരുൾപൊട്ടലുകളും വയനാടിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രകൃതിദുരന്തങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് സമൂഹത്തിൻെറ അടിത്തട്ടിലുള്ള ജനതയെ ആണെന്നതാണ് യാഥാർഥ്യം.
2018-ലെ പ്രളയത്തിൽ വയനാട്ടിൽ വെള്ളം കയറിയ 86 ശതമാനം വീടുകളും, കർഷക തൊഴിലാളികളുടേതും ആദിവാസികളുടേതുമായിരുന്നെന്നാണ് കണക്കാക്കിയത്. പനമരം പുഴയുടെ പരിസരത്ത് വീട് നഷ്ടപ്പെട്ടവരിൽ 72 ശതമാനവും പണിയ വിഭാഗത്തിൽപ്പെട്ടവരുടേതായിരുന്നു. ഇത് ഭൂമിയുടെ ഉടമസ്ഥതയും വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കുകൂടി വിരൽ ചൂണ്ടുന്നുണ്ട്.
വയനാടിന്റെ ജനസംഖ്യയുടെ 18.53 ശതമാനവും ആദിവാസി ജനതയാണ്. വനാശ്രിത വിഭാഗങ്ങൾ, നാമമാത്ര കർഷകർ, ഭൂരഹിത കർഷക തൊഴിലാളികൾ എന്നിങ്ങനെയാണ് വയനാട്ടിലെ 11 ആദിവാസി വിഭാഗങ്ങളെ പൊതുവെ തരംതിരിക്കുന്നത്. ആദിവാസി ജനതയിലെ എല്ലാ വിഭാഗങ്ങളുടെയും പ്രധാന വരുമാനമാർഗം കൂലിപ്പണിയാണ്.
വയനാട്ടിൽ ഇന്ന് അവശേഷിക്കുന്ന 19 ശതമാനം വരുന്ന നെൽവയലുകളിലും കൃഷി ചെയ്യുന്നത് ആദിവാസി കർഷകരാണ്. അതുകൊണ്ടുതന്നെ 2018, 2019 വർഷങ്ങളിലെ പ്രളയം കാർഷികരംഗത്തെ താറുമാറാക്കിയപ്പോൾ ഏറ്റവുമധികം ബാധിക്കപ്പെട്ടത് ഈ മനുഷ്യരെയായിരുന്നു. പ്രളയകാലം അവരെ മുഴുപട്ടിണിയിലേക്ക് തള്ളിയിടുകയും ചെയ്തു. ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ച് വയനാടിന്റെ പുനർനിർമാണം നടത്തുമ്പോൾ ആദിവാസി ജനതയെ ഉൾച്ചേർക്കാതിരിക്കാൻ സാധിക്കില്ല.
പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് മഴക്കാലത്ത് സുരക്ഷിതമായി താമസിക്കാൻ ഷെൽട്ടറുകൾ നിർമിച്ചുനൽകുക എന്നത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമാണ്. ഇത്തരം ഷെൽട്ടറുകളുടെ അഭാവം അവിടെയുള്ളവരെ വലിയ ദുരന്തങ്ങളിലേക്കാണ് തള്ളിവിടുന്നത്.
പുഴയോരങ്ങളിലും, പ്രളയം വലിയ നാശനഷ്ടം വിതച്ച ഇടങ്ങളിൽ ജീവിച്ചിരുന്നതുമായ മനുഷ്യരുടെ പുനരധിവാസം ഇപ്പോഴും പൂർണമായും നടപ്പായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചില പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രളയബാധിതരുടെ പുനരധിവാസം നടപ്പിലാക്കിവരുന്നുണ്ടെങ്കിലും അവയൊന്നും പൂർണമായി കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തൽ.
ഭൂമിശാസ്ത്രപരമായി ദുർബല പ്രദേശമാണ് വയനാട്. ജില്ലയിൽ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 30 വർഷത്തിൽ 70 ശതമാനം സ്വാഭാവിക ഉറവകളും അപ്രത്യക്ഷമായെന്നാണ് പറയുന്നത്. കബനി പുഴയുടെ കൈവഴികളിൽ 27 ശതമാനം അപ്രത്യക്ഷമായെന്നും 26 ശതമാനം മഴക്കാലത്ത് മാത്രം വെള്ളമൊഴുകുന്ന നീർച്ചാലുകളായി മാറിയെന്നും റിപ്പോർട്ടിലുണ്ട്. കാർഷിക, വികസന ഭൂവിനിയോഗത്തിന്റെ ഭാഗമായി നടന്ന കയ്യേറ്റങ്ങളുടെ തുടർച്ചയായി വൃഷ്ടി പ്രദേശത്തെ സ്വാഭാവികത പൂർണമായി മാറിയതോടെ ജലചംക്രമണവ്യവസ്ഥ താറുമാറായതിന്റെ ഫലമായിട്ടാണ് പ്രകൃതിദുരന്തങ്ങളുടെ രൂക്ഷത വർധിക്കുന്നതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്- റിപ്പോർട്ട് പറയുന്നു.