Photo: mali maeder / Pexels

പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നതിൽ ഒന്നാമതെത്തിയ ഇന്ത്യ; നിയന്ത്രണം അനിവാര്യം, എവിടെ തുടങ്ങണം?

പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന രാജ്യങ്ങളിൽ ലോകത്ത് തന്നെ ഒന്നാമതായ ഇന്ത്യയിൽ നിയന്ത്രണങ്ങൾ ഇനി എവിടെ നിന്ന് തുടങ്ങണം? പ്ലാസ്റ്റിക്കിൻെറ ഉപയോഗം വർഷാവർഷം വർദ്ധിച്ചു വരികയാണ്. മാലിന്യ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. കേരളവും ബദൽ മാർഗങ്ങൾ ഗൗരവത്തോടെ നടപ്പിലാക്കേണ്ടതുണ്ട്...

ലോകത്ത് ഏറ്റവും അധികം പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തിയിരിക്കുന്നു. പ്രതിവർഷം 9.3 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം നമ്മുടെ രാജ്യം പുറന്തള്ളുന്നുണ്ട് എന്നാണ് കണക്ക്. ലോകരാജ്യങ്ങൾ എല്ലാം ചേർന്ന് പ്രതിവർഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്ക് 57 ദശലക്ഷവും. ചൈനയെ പിന്നിലാക്കിയാണ്, ലീഡ്സ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തിയത്. ഇന്ത്യക്ക് തൊട്ട് പിന്നിലായി നൈജീരിയ, ഇന്തോനേഷ്യ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുംമുണ്ട്. ആദ്യ അഞ്ചിൽ, നൈജീരിയ ഒഴികെ സ്ഥാനം പിടിച്ചതെല്ലാം ഏഷ്യൻ രാജ്യങ്ങളാണ്. നൈജീരിയ പ്രതിവർഷം 3.5 മില്യൺ മെട്രിക് ടണ്ണും ഇന്തോനേഷ്യ പ്രതിവർഷം 3.4 മില്യൺ മെട്രിക് ടണ്ണും ചൈന പ്രതിവർഷം 2.8 മില്യൺ മെട്രിക് ടണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്നുണ്ട് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൃത്യമായ പ്ലാസ്റ്റിക് മാലിന്യ ശേഖരണവും കൈകാര്യം ചെയ്യലുമാണ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന ചൈനയെ നാലാം സ്ഥാനത്തെത്തിച്ചത്. മുൻവർഷങ്ങളിൽ മുന്നിലുണ്ടായിരുന്ന യു.കെ ഇത്തവണ 135-ാം സ്ഥാനത്താണ്. 4000 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യ മാണ് യു.കെ ഒരു വർഷം പുറന്തള്ളുന്നത്.

താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങൾ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പ്ലാസ്റ്റിക് മാലിന്യ ഉത്പാദനത്തില്‍ വളരെ പിന്നിലാണ് എന്നാണ് ലീഡ്സ് യൂണിവേഴ്സിറ്റിയുടെ പഠനം പറയുന്നത്. എങ്കിലും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആനുപാതിക നിരക്കിൽ ഈ രാജ്യങ്ങൾ മുന്നിലെത്തുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കപ്പെടാതിരിക്കുന്നതോ, കൃത്യമായി കൈകാര്യം ചെയ്യപ്പെടാതിരിക്കുന്നതോ ആണ് ഇതിന് കാരണം. ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഭൂരിഭാഗവും ഇത്തരത്തിൽ ശേഖരിക്കപ്പെടാത്തതോ കൈകാര്യം ചെയ്യപ്പെടാത്തതോ ആയ പ്ലാസ്റ്റിക് മാലിന്യമാണ്.

ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഭൂരിഭാഗവും ശേഖരിക്കപ്പെടാത്തതോ ഡിസ്പോസ് ചെയ്യപ്പെടാത്തതോ ആയ പ്ലാസ്റ്റിക് വേസ്റ്റാണ്.
ഇന്ത്യയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഭൂരിഭാഗവും ശേഖരിക്കപ്പെടാത്തതോ ഡിസ്പോസ് ചെയ്യപ്പെടാത്തതോ ആയ പ്ലാസ്റ്റിക് വേസ്റ്റാണ്.

2020ൽ 52 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പ്രകൃതിയിലെത്തിയെന്നും ലീഡ്സ് സംഘത്തിന്റെ പഠനം പറയുന്നു. ലോക രാജ്യങ്ങൾ പുറത്തുവിടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ മൂന്നിൽ രണ്ടുഭാഗവും ശേഖരിക്കപ്പെടാത്ത മാലിന്യങ്ങളിൽ (Uncollected Waste) നിന്നാണ്. ലോകമാകെ 1.2 ബില്യൺ മനുഷ്യർ മാലിന്യ ശേഖരണത്തിന് മതിയായ സൗകര്യങ്ങളില്ലാതെ ജീവിക്കുന്നു. 2020-ൽ ലോകത്താകെ 30 മില്യൺ മെട്രിക് ടൺ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിയന്ത്രണങ്ങളില്ലാതെ കത്തിച്ചിട്ടുണ്ട്. ലോകത്താകെ സംഭവിക്കുന്ന പ്ലാസ്റ്റിക് മലിനീകരണത്തിന്റെ 57 ശതമാനവും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ കത്തിക്കുന്നത് മൂലമാണ്.

ശേഖരിക്കപ്പെടാത്ത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളാണ് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ എറ്റവും വലിയ കാരണം. ലോകത്താകമാനം 1.2 ബില്യൺ ആളുകൾ വേസ്റ്റ് കളക്ഷന് മതിയായ സൗകര്യങ്ങളില്ലാതെ ജീവിക്കുന്നവരാണെന്നാണ് കണക്കുകൾ.

ശേഖരിക്കപ്പെടാത്ത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളാണ് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഏറ്റവും വലിയ കാരണം. മാലിന്യങ്ങൾ ചുറ്റുമുള്ള സ്ഥലത്തേക്കോ, പുഴയിലേക്കോ വലിച്ചെറിയാനോ, കത്തിക്കാനോ അവർ നിർബന്ധിരാകുന്നു. പ്ലാസ്റ്റിക് മലീനികരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ ഇരയാകേണ്ടിവരുന്നതും ഇത്തരം ദരിദ്രവിഭാഗത്തിൽ പെട്ടവരാണ്.

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ കത്തിക്കാതിരിക്കേണ്ടതിന്റെ ആവശ്യകതയും ലീഡ്സ് യൂണിവേഴിസിറ്റിയുടെ ഈ പഠനം വ്യക്തമാക്കുന്നുണ്ട്. "പ്ലാസ്റ്റിക് കത്തിക്കുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കപ്പെടാതിരിക്കുന്നതുമായ ശീലങ്ങൾ നമ്മൾ എത്രയും പെട്ടെന്ന് ഉപേക്ഷിക്കേണ്ടതുണ്ട്,” ലീഡ്‌സ് യൂണിവേഴിസ്റ്റി സംഘത്തിലെ, ഡോക്ടർ. കോസ്റ്റസ് വെലിസ് നിർദ്ദേശിക്കുന്നു. ഓരോ വർഷവും 400 മില്യൺ മെട്രിക് ടൺ പ്ലാസ്റ്റിക് ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ തന്നെ മിക്കവയും ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്നതും റീസൈക്കിൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമാണ്. പ്ലാസ്റ്റിക്കിന്റെ സ്വഭാവത്തിലെ ഈ പ്രത്യേകതകൾ, വൻ തോതിലുള്ള മലിനീകരണത്തിന് കാരണമാകുന്നു.

പ്ലാസ്റ്റിക് മലിനീകരണം

1960-കളിലും 70-കളിലുമായാണ് പ്ലാസ്റ്റിക് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ലോകം മനസിലാക്കിത്തുടങ്ങിയത്. അന്നുമുതൽ, ഇത് സംബന്ധിച്ച് നിരവധി പഠനങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുണ്ടായിട്ടുമുണ്ട്. മിക്ക പഠനഫലങ്ങളും അത് മുന്നോട്ട് വെച്ച നിർദേശങ്ങളും ലോകരാജ്യങ്ങൾ ഗൗരവമായി തന്നെ ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ പ്ലാസ്റ്റിക്കിൻെറ ഉപയോഗം വർഷാവർഷം വർദ്ധിച്ചു വരികയാണ് ചെയ്തത്. പ്ലാസ്റ്റിക് മാലിന്യം എന്ന പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ലോകത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നതാണ് ഇതേ വിഷയത്തിൽ ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെടുന്ന പഠനങ്ങളെല്ലാം കാണിക്കുന്നത്.

പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്താൻ ഉത്പാദകർ ശ്രമിക്കാത്തതും ഉപഭോഗത്തിലുണ്ടായ വർദ്ധനവും പ്ലാസ്റ്റിക് മാലിന്യങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്. 1950-ൽ രണ്ട് മില്യൺ ടൺ പ്ലാസ്റ്റിക്കായിരുന്നു ലോകത്ത് ഉത്പാദിപ്പിച്ചിരുന്നത്. 2017 ആയപ്പോഴേക്കും അത് 348 മില്യൺ ടൺ ആയി ഉയർന്നു. ഓരോ വർഷവും 11 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം കടലിലും എത്തിച്ചേരുന്നുണ്ട്. ഇന്ത്യ ശരാശരി 3,91,879 ടൺ മൈക്രോപ്ലാസ്റ്റിക് പരിസ്ഥിതിയിലേക്കും 31,483 ടൺ കെമിക്കൽ അഡിക്റ്റീവുകൾ ജലസ്രോതസ്സുകളിലേക്കും പുറന്തള്ളുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

 ഇന്ത്യ ശരാശരി 3,91,879 ടൺ മൈക്രോപ്ലാസ്റ്റിക് പരിസ്ഥിതിയിലേക്കും 31,483 ടൺ കെമിക്കൽ അഡിറ്റീവുകൾ ജലസ്രോതസ്സുകളിലേക്കും പുറന്തള്ളുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ ശരാശരി 3,91,879 ടൺ മൈക്രോപ്ലാസ്റ്റിക് പരിസ്ഥിതിയിലേക്കും 31,483 ടൺ കെമിക്കൽ അഡിറ്റീവുകൾ ജലസ്രോതസ്സുകളിലേക്കും പുറന്തള്ളുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള ആദ്യ ആഗോള ഉടമ്പടി തയ്യാറാക്കുകയാണ് ലോകരാജ്യങ്ങൾ. ഉടമ്പടിയുടെ കരട് തയ്യാറാക്കുന്നതിനായി കഴിഞ്ഞ ഏപ്രിൽ 22ന്, ലോക ഭൗമദിനത്തിൽ (പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക് എന്നതായിരുന്നു ഈ വർഷത്തെ ഭൗമദിനത്തിന്റെ പ്രമേയം) കാനഡയിലെ ഒട്ടാവയിൽ നടന്ന സമ്മേളനത്തിൽ 192 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നിയമനിർമ്മാണം നടത്തുക എന്നതാണ് ലക്ഷ്യം. പാരീസ് ഉടമ്പടിക്ക് ശേഷമുള്ള സുപ്രധeന ഉടമ്പടി ആണിത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്നതിൽ അന്താരാഷ്ട്ര കോർപ്പറേറ്റുകൾക്കും വലിയ പങ്കുണ്ട്. 2016-ൽ സ്ഥാപിക്കപ്പെട്ട ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക് എന്ന സംഘടന 2018 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ പഠനത്തിൽ അന്താരാഷ്ട്ര കോർപ്പറേറ്റ് കമ്പനികൾക്ക്, പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നതിലുള്ള പങ്ക് എത്ര വലുതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 44 രാജ്യങ്ങളിലെ 397 കോർപ്പറേറ്റ് ബ്രാൻഡുകളെ കേന്ദ്രീകരിച്ച് 14,760 വോളണ്ടിയർമാർ നടത്തിയ ഓഡിറ്റ് പ്രക്രിയ പ്രകാരമുള്ള വിവരങ്ങളായിരുന്നു പഠനത്തിന് ആധാരം. ഇത് പ്രകാരം പ്ലാസ്റ്റിക് മാലിന്യം ഏറ്റവും കൂടുതൽ പുറന്തള്ളുന്നത് കൊക്കക്കോള, പെപ്സികോ, യൂണിലിവർ, നെസ്ലെ, എന്നീ കമ്പനികളാണ്.

പ്ലാസ്റ്റിക് വേസ്റ്റ് മേനേജ്‌മെന്റിന്റെ 2020-21 വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ എറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാവുന്ന സംസ്ഥാനം തെലങ്കാനയാണ്.
പ്ലാസ്റ്റിക് വേസ്റ്റ് മേനേജ്‌മെന്റിന്റെ 2020-21 വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ എറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാവുന്ന സംസ്ഥാനം തെലങ്കാനയാണ്.

ഇന്ത്യയിലെ പ്ലാസ്റ്റിക് വേസ്റ്റ്

ലോകത്ത്, പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക് വേസ്റ്റിന്റെ 60 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് 12 രാജ്യങ്ങളിൽ നിന്നാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയും (ചൈന, റഷ്യ, ബ്രസീൽ,മെക്‌സിക്കോ,വിയറ്റ്‌നാം, ഇറാൻ, ഇന്തൊനേഷ്യ, ഈജിപത്, പാകിസ്ഥാൻ, യു.എസ്, ടർക്കി എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ). സ്വിസ് നോൺ പ്രോഫിറ്റ് സംഘടനയായ ഇ.എ എർത്ത് പുറത്തുവിട്ട ഒരു പഠനത്തിൽ പറയുന്നത് 2021ന് ശേഷം ആഗോള പ്ലാസ്റ്റിക് ഉത്പാദനം 7.11 ശതമാനം വർധിച്ചു എന്നാണ്. ഈ വർഷം മാത്രം, ലോക രാജ്യങ്ങൾ ചേർന്ന് 220 മില്യൺ പ്ലാസ്റ്റിക് വേസ്റ്റ് ഉത്പാദിപ്പിക്കുമെന്നും ഇതിൽ 70 മില്യൺ ടൺ മാലിന്യവും പരിസ്ഥിതി മലിനീകരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

പ്ലാസ്റ്റിക് വേസ്റ്റ് മേനേജ്‌മെന്റിന്റെ 2020-21 വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ എറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാവുന്ന സംസ്ഥാനം തെലങ്കാനയാണ്. രാജ്യത്താകെ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ 12 ശതമാനവും തെലങ്കാനയിൽ നിന്നാണ് എന്നാണ് റിപ്പോർട്ട്. തൊട്ടുപുറകിലായി. തമിഴ്‌നാട് (10%), പശ്ചിമബംഗാൾ(10%), ഉത്തർപ്രദേശ്(9%), കർണാടക(9%), ഗുജറാത്ത്(8%), മഹാരാഷ്ട്ര(8%) എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ. കേരളത്തിൽ ഒരുവർഷം ഏതാണ്ട്, 120063.87 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ്, കേരളത്തിന്റെ പദ്ധതികൾ

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് സംബന്ധിച്ചും പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുനരുപയോഗം സംബന്ധിച്ചും കേരളത്തിലെ ഹരിത കേരളം മിഷന് വ്യത്യസ്ത പദ്ധതികളുണ്ട്. ഇതിനുവേണ്ടി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ഏറ്റവും പുതിയ പരിപാടികളിലൊന്നാണ് ഐഡിയ ഹാക്കത്തോൺ. മാലിന്യ സംസ്‌കരണത്തിൽ നിന്ന് സാമ്പത്തിക സ്രോതസ് കണ്ടെത്തുന്ന സ്റ്റാർട്ടപ്പുകൾക്ക് തുടക്കമിടാൻ യുവാക്കളിൽ നിന്ന് വ്യത്യസ്ത ആശയങ്ങൾ സ്വീകരിക്കുന്നതാണ് അഖിലേന്ത്യ ഐഡിയാ ഹാക്കത്തോൺ. ഹരിത കർമ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇതിനായി ഉപയോഗിക്കും. ഇതിനായി റീസൈക്ലിംഗ് യൂണിറ്റും ആരംഭിക്കുന്നുണ്ട്. ശുചിത്വ മിഷന്റെയും നവ കേരളമിഷന്റെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റും പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുനരുപയോഗം സംബന്ധിച്ചും കേരളത്തിലെ ഹരിത കേരളം മിഷന് വ്യത്യസ്ത പദ്ധതികളുണ്ട്.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റും പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുനരുപയോഗം സംബന്ധിച്ചും കേരളത്തിലെ ഹരിത കേരളം മിഷന് വ്യത്യസ്ത പദ്ധതികളുണ്ട്.

ഇനി വേണ്ടത് ഒരു പ്ലാസ്റ്റിക് ഉടമ്പടി

പ്ലാസ്റ്റിക് വേസ്റ്റ് ഉണ്ടാക്കുന്ന കുഴപ്പങ്ങൾ നമ്മളെ നേരിട്ട് ബാധിച്ചു തുടങ്ങിയ ഈ സമയത്തെങ്കിലും പ്ലാസ്റ്റിക് മലിനീകരണം എന്ന യാഥാർത്ഥ്യം നമ്മൾ അംഗീകരിച്ചേ മതിയാവൂ. പ്ലാസ്റ്റിക് കത്തിക്കാതിരിക്കേണ്ടതിന്റെയും, കൃത്യമായി പ്രൊസസ് ചെയ്യേണ്ടതിന്റെയും ഇനിയും ഉത്പാദിപ്പിക്കാതിരിക്കേണ്ടതിന്റെയും ആവശ്യകതയും അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച് സാധാരണക്കാർക്കിടയിലും അവബോധം സൃഷ്ടിക്കാൻ കഴിയണം. പ്ലാസ്റ്റിക് മലിനീകരണം അതിന്റെ ഉറവിടത്തിൽ നിന്ന് തന്നെ തടുക്കാൻ കഴിയുന്ന തരത്തിൽ ഒരു പ്ലാസ്റ്റിക് ഉടമ്പടിയാണ് ഇനി വേണ്ടത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

“ഇത് മനുഷ്യരാശിയുടെ ഒരു അടിയന്തര ആവശ്യമാണ്. ആരോഗ്യപ്രശ്നമാണ്. ശേഖരിക്കപ്പെടാത്ത പ്ലാസ്റ്റിക് വേസ്റ്റ് ഉള്ള ആളുകൾക്ക് അത് കത്തിച്ചുകളയുകയോ വലിച്ചെറിയുകയോ അല്ലാതെ മറ്റ് മാർഗങ്ങളില്ല. കത്തിച്ചുകളയുമ്പോൾ പ്ലാസ്റ്റിക് ഒരുപക്ഷേ നിങ്ങളുടെ മുന്നിൽ നിന്ന് അപ്രത്യക്ഷമായേക്കാം. പക്ഷേ, പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ പരിസ്ഥിതി ന്യൂറോഡെവലപ്പ്മെന്റൽ, റീപ്രൊഡക്ടീവ് പ്രശ്നങ്ങൾ മനുഷ്യരിൽ ഉണ്ടാക്കിയേക്കാം. ഇതുകൂടാതെയാണ് പരിസ്ഥിതി പ്രശ്നങ്ങൾ” ഡോ. കോസ്റ്റസ് വെലിസ് പറഞ്ഞു. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ 9% മാത്രമാണ് ഓരോ വർഷവും റീസൈക്കിൾ ചെയ്യുന്നത്. ഈ തോതിൽ പോവുകയാണെങ്കിൽ 2060 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകുമെന്നാണ് ലീഡ്‌സ് യൂണിവേഴ്‌സിറ്റിയുടെ പഠനം പ്രവചിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കിൽ ലോകമെമ്പാടുമുള്ള റീസൈക്ലിംഗ് സംവിധാനങ്ങൾക്ക് കാര്യമായ പുരോഗതി ആവശ്യമാണെന്നും പഠനം ശുപാർശ ചെയ്യുന്നു.

Comments