‘പ്രഖ്യാപിത നാസ്​തികരു’ടെ വെട്ടുകിളിക്കൂട്ടം

നമ്മുടെ പാരിസ്ഥിതിക ആശങ്കകൾ അർത്ഥശൂന്യമാണെന്നും ഏത് പ്രശ്‌നത്തിനും സാങ്കേതികമായ പരിഹാരമുണ്ടെന്നും എന്തിനും ബദലുണ്ടെന്നും വാദിച്ചുകൊണ്ടിരിക്കുന്നവരാണ് ആധുനിക കേരളത്തിലെ നവ നാസ്തിക മുന്നേറ്റങ്ങളെ നയിക്കുന്നത്. പരിസ്​ഥിതി പ്രശ്​നങ്ങളെ, തെളിവുചോദിച്ച്​ വെളിവില്ലാതാക്കുന്നത്​ ഒരുതരം ‘യുക്​തിവാദ സർക്കസ്​’ ആണെന്ന​ വിമർശനം ഉന്നയിക്കപ്പെടുന്നു

കാട്ടാനകളെയും വേഴാമ്പലുകളെയും മാത്രമല്ല, കാടിനെയാകെയും പുഴകളെയും വേണ്ടിവന്നാൽ മലകളെ പോലും പുനരധിവസിപ്പിക്കാമെന്നും പറിച്ചുനടാമെന്നും വിശ്വസിക്കുന്ന വലിയൊരു വിഭാഗം മനുഷ്യർ നമ്മുടെ നാട്ടിലുണ്ട്. നമ്മുടെ പാരിസ്ഥിതിക ആശങ്കകൾ അർത്ഥശൂന്യമാണെന്നും ഏത് പ്രശ്‌നത്തിനും സാങ്കേതികമായ പരിഹാരമുണ്ടെന്നും എന്തിനും ബദലുണ്ടെന്നും വാദിച്ചുകൊണ്ടേയിരിക്കുന്ന ഇത്തരക്കാരാണ് ആധുനിക കേരളത്തിലെ നവ നാസ്തിക മുന്നേറ്റങ്ങളെ നയിക്കുന്നത്. ആവാസ വ്യവസ്ഥകളുടെ നാശവും വന്യജീവന് നേരിടേണ്ടിവരുന്ന സമ്മർദ്ദങ്ങളും ഏതുതരത്തിലാണ് കോവിഡിനെ പോലുള്ള പകർച്ചവ്യാധികളിലേക്ക് ലോകത്തെ തള്ളിവിടുന്നത് എന്ന് ശാസ്ത്രലോകം ഗൗരവപൂർവം ചർച്ച ചെയ്യുമ്പോൾ, ആഗോള താപനവും തൽഫലമായ കാലാവസ്ഥാ വ്യതിയാനവും വെട്ടുകിളിക്കൂട്ടങ്ങളായി പോലും പറന്നെത്തുമെന്ന യാഥാർത്ഥ്യത്തിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഞെട്ടിയുണരുമ്പോൾ, നമ്മുടെ നാട്ടിലെ ‘പ്രഖ്യാപിത നാസ്തികർ' ചർച്ചകളെ വിപരീത ദിശയിൽ നയിക്കാൻ കൊണ്ടു പിടിച്ച ശ്രമത്തിലാണ്. മാനവരാശി അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളുടെ കാരണങ്ങളിൽ പ്രഥമ പരിഗണനയർഹിക്കുന്നവ പാരിസ്ഥിതിക കാരണങ്ങളാണെന്ന് മടിച്ചുമടിച്ചാണെങ്കിലും മുഖ്യധാരാ രാഷ്ടീയപ്രസ്ഥാനങ്ങൾ പോലും സമ്മതിക്കുന്നിടത്താണ് തെളിവ് ചോദിച്ച് വെളിവില്ലാതാക്കുന്ന ‘യുക്തിവാദ സർക്കസ്' അരങ്ങേറുന്നത്.

അതിരപ്പിള്ളി; ഒരു ഉദാഹരണം

യുക്തിവാദവും പരിസ്ഥിതിവാദവും ഇരുധ്രുവങ്ങളിലായി നിലയുറപ്പിച്ചതിന് കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ മാത്രം എത്രയോ ഉദാഹരണങ്ങളുണ്ട്. അതിൽ ഒടുവിലത്തേതാണ് അതിരപ്പിള്ളി അണക്കെട്ട് വിവാദം. സംസ്ഥാനത്തെ ഭരണകക്ഷിയായ സി.പി.എമ്മിനേക്കാളും ആവേശപൂർവം പദ്ധതിയുടെ പക്ഷത്ത് നിൽക്കുകയായിരുന്നു നാസ്തിക ബുദ്ധിജീവികൾ. പുഴയിലെ ജലലഭ്യത, മുങ്ങുന്ന പുഴയോരക്കാടുകളുടെ പ്രാധാന്യം, ആനത്താരകൾ, ആവാസവ്യവസ്ഥ, എന്നിവയെകുറിച്ചെല്ലാം ഒട്ടും

യുക്തിവാദവും പരിസ്ഥിതിവാദവും ഇരുധ്രുവങ്ങളിലായി നിലയുറപ്പിച്ചതിന് കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ മാത്രം എത്രയോ ഉദാഹരണങ്ങളുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് അതിരപ്പിള്ളി അണക്കെട്ട് വിവാദം

ശാസ്ത്രീയമല്ലാത്ത വാദഗതികളാണ് ശാസ്ത്രത്തെ കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുന്ന ഇത്തരക്കാർ മുന്നോട്ടുവച്ചത്. പദ്ധതിക്കായി നശിപ്പിക്കപ്പെടുന്ന 140 ഹെക്ടർ വനഭൂമിയിൽ 28 ഹെക്ടർ മാത്രമാണ് സ്വാഭാവിക വനമെന്നും ഇത്ര നിസ്സാരമായ വനത്തിന്റെ പേരിലാണ് പരിസ്ഥിതി സ്‌നേഹികൾ പദ്ധതിയെ എതിർക്കുന്നത് എന്നും ആനത്താരകൾ മുറിഞ്ഞാൽ അവ പുതുവഴി തേടുമെന്നും വേഴാമ്പലുകൾ ആവാസം മാറ്റുമെന്നും വനമധ്യത്തിൽ രൂപം കൊള്ളുന്ന പുത്തൻ ജലാശയം വരൾച്ചയകറ്റുമെന്നും അത് വനത്തെ കൂടുതൽ സമ്പുഷ്ടമാക്കുമെന്നും ശക്തിയുക്തം അവർ വാദിച്ചു. കാടർ എന്ന ഗോത്ര വിഭാഗക്കാരെ അതിരപ്പിള്ളി പദ്ധതി ബാധിക്കില്ലെന്നും, നർമദയിലും മറ്റും നടന്നതു പോലുള്ള കൂട്ടക്കുടിയൊഴിപ്പിക്കലുമായി താരതമ്യം ചെയ്യുമ്പോൾ വാഴച്ചാൽ വനത്തിൽ നിന്ന് കുടിയിറങ്ങേണ്ടി വരുന്നവരുടെ എണ്ണം അതിനിസ്സാരമാണെന്നും ‘മരമൗലികവാദികളും' 'വികസന വിരുദ്ധരും' പ്രത്യാഘാതത്തെ പെരുപ്പിച്ചു കാണിക്കുകയാണെന്നും അവർ പറഞ്ഞു.
പൊരിങ്ങൽകുത്ത് അണക്കെട്ട് വന്നതിനുശേഷമാണ് വേനൽക്കാലത്ത് പുഴയിൽ കാര്യമായ നീരൊഴുക്കുണ്ടായതെന്നും അതിനുശേഷമാണ് താഴെ ഭാഗത്തെ വിസ്തൃതമായ പാടശേഖരങ്ങളിൽ മൂന്നു വിള നെൽക്കൃഷി സാധ്യമായതെന്നുമുള്ള കെ.എസ്.ഇ.ബി എഞ്ചിനീയർമാരുടെ വാദവും അവർ ആവർത്തിച്ചു. ഏത് വനത്തെയും അതേ മട്ടിൽ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാമെന്ന് പോലും അവരിൽ ചിലർ പറഞ്ഞു കളഞ്ഞു.

പൊരിങ്ങൽകുത്ത് അണക്കെട്ട്
പൊരിങ്ങൽകുത്ത് അണക്കെട്ട്

വാഴച്ചാൽ മേഖലയിലെ പുഴയോരക്കാടുകൾ മുങ്ങുന്നത് ചാലക്കുടിപ്പുഴയിലെ മൽസ്യ വൈവിധ്യത്തിന് ഭീഷണിയാകും എന്ന പാരിസ്ഥിതിക ആശങ്കയ്ക്ക്, കൂടുതൽ വെളളം കെട്ടി നിൽക്കുമ്പോൾ മീനുകൾ വർദ്ധിക്കുകയല്ലേ ചെയ്യുക എന്ന ലളിതമായ മറുചോദ്യമായിരുന്നു മറുപടി. തടാകത്തിന്റെ പ്രതലവിസ്തീർണവും ആഴവും മൽസ്യങ്ങളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും എന്നതായിരുന്നു ആ യുക്തി. അതിൻപ്രകാരം നീരൊഴുക്ക് കുറയുന്ന വേനൽ മാസങ്ങളിലും വാഴച്ചാലിലെ മീനുകൾകൾക്ക് അതിരപ്പിള്ളി അണക്കെട്ടിന്റെ ജലസംഭരണിയിൽ അത്യാഹ്ലാദത്തോടെ ജീവിക്കാം, പെറ്റുപെരുകാം. കെ.എസ്.ഇ.ബിക്ക് സ്വപ്നസാക്ഷാത്കാരം, അണക്കെട്ടു നിർമാതാക്കൾക്ക് സംതൃപ്തി, നാട്ടുകാർക്ക് വൈദ്യുതി, മീനുകൾക്ക് ആത്മനിർവൃതി..

ഇക്കോളജിയിൽ കാലിടറുന്ന ചാർവാകന്മാർ
ശാസ്ത്രത്തെ കുറിച്ച് നിരന്തരം പറയുകയും ശാസ്ത്രത്തിലൂടെയുള്ള സാമൂഹ്യ പുരോഗതി സ്വപ്നം കാണുകയും ചെയ്യുന്ന യുക്തിവാദികളുടെ ഒരു പ്രബല വിഭാഗത്തിന് ‘ഇക്കോളജി' എന്ന ശാസ്ത്രശാഖയ്ക്കരികിലെത്തുമ്പോൾ ഇങ്ങനെ കാലിടറുന്നുണ്ട്. കാര്യങ്ങളുടെയും കാരണങ്ങളുടെയും പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഭാഷ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യയിലുള്ള അന്ധമായ വിശ്വാസം പെരുകി പെരുകി ‘സയന്റിസം' എന്ന മനോരോഗ സമാനമായ അവസ്ഥയിലേക്ക് ആധുനിക ചാർവാകൻമാർ അധഃപ്പതിക്കുകയാണ്.

കാടുണ്ടായാൽ മാത്രമേ കടുവയുണ്ടാകൂ എന്നതു പോലെ കടുവയുണ്ടായാലേ കാടുണ്ടാകൂ എന്ന മറ്റൊരു ശരി കൂടി ‘ഇക്കോളജി' യിൽ ഉണ്ട്. വനത്തെ ചതുരശ്രമീറ്ററിലും നീർച്ചോലയെ ഉൾക്കൊള്ളുന്ന ആകെ വെള്ളത്തിന്റെ ഘനമീറ്റർ അളവിലും മാത്രം അടയാളപ്പെടുത്തിയാൽ അത് അപൂർണം എന്നല്ല അബദ്ധം പോലുമായിത്തീർന്നേക്കും. ഒന്നും ഒന്നും രണ്ടാണ് എന്ന സാമാന്യയുക്തിയ്‌ക്കൊപ്പം അത് ഇമ്മിണി വല്യ ഒന്നാണെന്ന കാൽപനിക യുക്തിയും പ്രകൃതി പഠനത്തിന് അനിവാര്യമാണ്.

അതിരപ്പിള്ളിയിലെ പാരിസ്ഥിതിക ശരികൾ
രാജ്യത്തെ പരിസ്ഥിതി നിയമങ്ങളെയെല്ലാം അവയുടെ അന്തഃസത്ത ചോർത്തിക്കളഞ്ഞ് ‘കോമ' സ്ഥിതിയിൽ എന്നന്നേക്കുമായി മയക്കിക്കിടത്താനുള്ള പദ്ധതികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും ചർച്ചയായത്. തൽക്കാലം പിൻവാങ്ങിയെങ്കിലും ഏതു കാലത്തും അത് വീണ്ടും തലപൊക്കാം. പദ്ധതിക്കാവശ്യമായ എല്ലാ അനുമതിയും പല തവണ കിട്ടിയതാണെന്ന പല്ലവി ഇത്തവണയും ഉയർന്നു കേട്ടു.

ശാസ്ത്ര സാങ്കേതിക വിദ്യയിലുള്ള അന്ധമായ വിശ്വാസം പെരുകി പെരുകി ‘സയന്റിസം' എന്ന മനോരോഗ സമാനമായ അവസ്ഥയിലേക്ക് ആധുനിക ചാർവാകൻമാർ അധഃപ്പതിക്കുകയാണ്

അനുമതികളെല്ലാം നൽകുന്ന കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ കീഴിലെ വിദഗ്ധ സമിതി (EAC -Expert Appraisal committee) യുടെ കുത്തഴിഞ്ഞ പ്രവർത്തനത്തെയും കാര്യക്ഷമതയില്ലായ്മയെയും കുറിച്ച് ആരും മിണ്ടിയില്ല, മിണ്ടാറുമില്ല.
1927 ലെ ഇന്ത്യൻ വനനിയമം മുതൽ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം വരെയുള്ള സുപ്രധാനമായ ആറ് പരിസ്ഥിതി നിയമങ്ങളെക്കുറിച്ച് പഠിക്കാൻ 2014ൽ കേന്ദ്ര സർക്കാർ നിയമിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിൽ (ടി.എസ്.ആർ.സുബ്രഹ്മണ്യൻ കമ്മറ്റി റിപ്പോർട് 2014) EAC യുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് അപേക്ഷിക്കുന്ന 99.1 ശതമാനം പദ്ധതികൾക്കും EAC അനുമതി നൽകുന്നു എന്നും അവരുടെ രീതികൾ കാര്യക്ഷമല്ല എന്നുമൊക്കെയാണ്. 2016 നും 2019 നും ഇടയിൽ പുഴകളുമായി ബന്ധപ്പെട്ട് അപേക്ഷിച്ച മുഴുവൻ പദ്ധതികൾക്കും EAC പരിസ്ഥിതിക അനുമതി നൽകി. ഒരെണ്ണം രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കാൻ പറയുകയും ചെയ്തു. EAC നൽകുന്ന അനുമതികളിൽ ശാസ്ത്രീയ പഠനങ്ങളുടെ അഭാവം ഉണ്ടെന്ന് ടി.എസ്.ആർ സുബ്രഹ്മണ്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ടി.എസ്.ആർ.സുബ്രഹ്മണ്യൻ കമ്മറ്റി റിപ്പോർട്ടിൽ EAC യുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം
ടി.എസ്.ആർ.സുബ്രഹ്മണ്യൻ കമ്മറ്റി റിപ്പോർട്ടിൽ EAC യുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം

രാജ്യമാകെ ലോക്ക്ഡൗൺ ചെയ്ത് നിശ്ചലമായിരിക്കുമ്പോൾ, ഏപ്രിൽ ഏഴിന് പശ്ചിമഘട്ടത്തിലടക്കമുള്ള വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾക്കകത്ത് 36 പദ്ധതികൾക്ക് അനുമതി നൽകാൻ ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചതായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ ട്വീറ്റ് ചെയ്തിരുന്നു. ഖനന പദ്ധതികൾ മുതൽ സുരക്ഷിത വനപ്രദേശത്തിനകത്തു കൂടിയുള്ള റെയിൽപ്പാത നിർമാണം വരെ ഇവയിൽ ഉൾപ്പെട്ടിരുന്നു. സാമ്പത്തിക വളർച്ചയാണ് മുഖ്യ പരിഗണനാ വിഷയമെന്ന് പരിസ്ഥിതിമന്ത്രി തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തിൽ നൽകപ്പെട്ടതു തന്നെയാണ് അതിരപ്പിള്ളിയുടെയും അനുമതികൾ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ പുഴയെക്കുറിച്ചോ പുഴയോരക്കാടിനെക്കുറിച്ചോ ഒന്നും പഠിക്കാതെ നൽകപ്പെട്ട അനുമതികൾ മാത്രമായിരുന്നു അവ. പൊരിങ്ങൽകുത്ത് അണക്കെട്ട് വന്നശേഷമാണ് വേനൽക്കാലത്ത് പുഴയുടെ കീഴ്ത്തടങ്ങളിൽ നീരൊഴുക്കുണ്ടായതെന്നും ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ ഒരുപ്പൂ കൃഷി മുപ്പൂവായതെന്നും ഒക്കെയുള്ള അവകാശവാദങ്ങൾ പ്രത്യക്ഷത്തിൽ ആർക്കും ശരിയെന്നു തോന്നാം. പുഴയിലെ നീരൊഴുക്കിന്റെ ചരിത്രം ചികയാൻ മഹാ ഭൂരിപക്ഷവും തുനിയില്ലെന്ന വിശ്വാസമുള്ളതിനാലാകണം ഇത്തരം അസത്യ പ്രചരണത്തിന് അണക്കെട്ടനുകൂലികൾ ധൈര്യപ്പെടുന്നത്.

അബദ്ധങ്ങൾ

1957 ലാണ് അതിരപ്പിള്ളിക്കു മുകളിലെ ആദ്യ അണക്കെട്ടായ പൊരിങ്ങൽകുത്ത് കമീഷൻ ചെയ്യുന്നത്. എന്നാൽ അതിനും ഒരു വർഷം മുൻപ് തുമ്പൂർമുഴിയിലെ ചാലക്കുടി ഡൈവേർഷൻ സ്‌കീം ഭാഗികമായി പ്രവർത്തനമാരംഭിച്ചിരുന്നു. 1956 ൽ 12000 ഏക്കറിൽ ഈ പദ്ധതി വഴി കൃഷി നടക്കുന്നുണ്ട്. 1940 കളിലാണ് തുമ്പൂർമുഴിയിലെ ഈ ഡൈവേർഷൻ പദ്ധതിക്കായുള്ള പഠനം നടക്കുന്നത്. പ്രസ്തുത പദ്ധതിക്ക് തയ്യാറാക്കപ്പെട്ട വിശദ പദ്ധതി രേഖ (Detailed Project Report) യിൽ ഏറ്റവും നീരൊഴുക്ക് കുറഞ്ഞ മാസത്തിൽ പുഴയിലെ ജലത്തിന്റെ അളവ് കൃത്യമായി പറയുന്നുണ്ട്- സെക്കന്റിൽ 17 ക്യുബിക് മീറ്റർ. അതായത് ഒരണക്കെട്ടും ഇല്ലാത്ത കാലത്ത് വേനൽമാസങ്ങളിൽ പോലും പുഴയിൽ നന്നായി നീരൊഴുക്കുണ്ടായിരുന്നു എന്നർത്ഥം.

പൊരിങ്ങൽകുത്ത് അണക്കെട്ട് വന്നശേഷമാണ് വേനൽക്കാലത്ത് പുഴയുടെ കീഴ്ത്തടങ്ങളിൽ നീരൊഴുക്കുണ്ടായതെന്നും ആയിരക്കണക്കിന് ഏക്കർ ഒരുപ്പൂ കൃഷി മുപ്പൂവായതെന്നും ഒക്കെയുള്ള അവകാശവാദങ്ങൾ പ്രത്യക്ഷത്തിൽ ശരിയെന്നു തോന്നാം

‘‘1957 ലാണ് തുമ്പൂർമുഴിയിൽ പുഴയെ ഇടതു വലത് കനാലുകളിലൂടെ തിരിച്ചുവിടുന്ന പ്രസ്തുത പദ്ധതി കമീഷൻ ചെയ്യപ്പെട്ടത്. അൻപതുകളുടെ ഒടുവിലും അറുപതുകളിലും തുമ്പൂർമുഴി ഡൈവേർഷൻ പദ്ധതി മൂലം 14000 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി നടത്തിയത്. ഡിസംബർ 15 മുതൽ മെയ് 15 വരെയുള്ള അഞ്ച് മാസമാണ് കൃഷിക്ക് ജലസേചനം ആവശ്യമായി വരുന്നത്. ഈ മാസങ്ങളിൽ തുമ്പൂർമുഴി പദ്ധതിയുടെ ഇരുകനാലുകളും നിറഞ്ഞൊഴുകിയിരുന്നതിനാലാണ് നേരത്തെ പറഞ്ഞ 14000 ഹെക്ടറിൽ കൃഷി സാധ്യമായത്. ഇത്തരത്തിൽ കനാലുകൾ ഒഴുകാൻ ഒരു ദിവസം 1.8 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമെങ്കിലും ആവശ്യമുണ്ടെന്ന് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. പൊരിങ്ങൽകുത്ത് അണക്കെട്ടിന്റെ ആകെ സംഭരണ ശേഷി വെറും 30 ദശലക്ഷം ക്യുബിക് മീറ്ററാണ്. അതായത്, പ്രതിദിനം 1.8 ദശലക്ഷം ക്യുബിക് മീറ്റർ എന്ന തോതിൽ തുമ്പൂർമുഴിക്കനാലുകൾ വഴി വെള്ളം ഒഴുക്കിവിട്ടാൽ വെറും16 ദിവസം കൊണ്ട് പൊരിങ്ങൽകുത്ത് അണക്കെട്ട് വറ്റിപ്പോകും. കനാലുകളിലൂടെയുള്ള നീരൊഴുക്ക് അൽപം കുറച്ച് പ്രതിദിനം 1.5 ദശലക്ഷം ക്യുബിക് മീറ്റർ എന്നാക്കിയാൽ അണക്കെട്ടിൽ 20 ദിവസത്തേക്കുളള വെള്ളം കാണും. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ 20 ദിവസം ജലസേചനം നടത്താനുള്ള വെള്ളം സംഭരിക്കാൻ മാത്രം ശേഷിയുള്ള പൊരിങ്ങൽ കുത്ത് അണക്കെട്ടാണത്രേ 150 ദിവസത്തെ കാർഷികാവശ്യം നിറവേറ്റിയത്..!
ചാലക്കുടി ഡൈവേർഷൻ പദ്ധതി വഴിയുള്ള ജലസേചനത്തിന്റെ മുഴുവൻ ബഹുമതിയും വൈദ്യുത പദ്ധതികളുടെ അണക്കെട്ടുകൾക്കാണ് എന്നവകാശപ്പെടുന്നവർ ജലസേചന കനാലിന്റെ വാഹക ശേഷിയേയും അണക്കെട്ടിന്റെ സംഭരണ ശേഷിയേയും താരതമ്യം ചെയ്തിരുന്നു എങ്കിൽ ഇത്തരം അബദ്ധങ്ങൾ പ്രചരിപ്പിച്ച് സ്വയം അവഹേളിതരാകേണ്ടിവരുമായിരുന്നില്ല;'' ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തകനായ എസ്.പി. രവി പറയുന്നു.

പുഴയിലെ നിലവിലെ ജലലഭ്യതയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെടുന്നത് തെറ്റായ കണക്കുകളാണെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകൻ രജനീഷും പറയുന്നു: ‘‘അതിരപ്പിള്ളിയിൽ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന അണക്കെട്ടിലേക്ക് ഒരു വർഷം ശരാശരി 1100 ദശലക്ഷം ഘനമീറ്റർ ജലം ഒഴുകിയെത്തും എന്നാണ് സംസ്ഥാന വൈദ്യുതി ബോർഡ് കാണക്കാക്കുന്നത്. ഈ വെളളം പ്രധാനപവർഹൗസിലെ വൈദ്യുതോൽപാദനത്തിനും വെള്ളച്ചാട്ടങ്ങൾക്കുമായി വിഭജിക്കപ്പെടും. ആകെ ലഭ്യമായ 1100-ൽ 241 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് വെള്ളച്ചാട്ടങ്ങളുടെ വിഹിതം. സെക്കന്റിൽ ഇത് 7.65 ഘനമീറ്ററാണ് വരിക. അതായത് ആകെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ 22 ശതമാനം മാത്രം. 78 ശതമാനം വെള്ളം തിരിച്ചുകൊണ്ടുപോയാലും വെള്ളച്ചാട്ടം അതേപടി നിലനിൽക്കുമെന്ന വിചിത്ര ന്യായമാണ് വൈദ്യുതി ബോർഡിന്റേത്.

പീക്ക് ലോഡ് സമയത്തു മാത്രം വൈദ്യുതി ഉൽപാദിപ്പിക്കാൻ വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണിത്. നല്ല മഴയില്ലാത്ത ദിവങ്ങളിൽ സന്ധ്യയ്ക്ക് ശേഷം മാത്രമാണ് പ്രധാനപവർഹൗസിൽ വൈദ്യുതി ഉല്പാദിപ്പിക്കുക. അതായത് ആ സമയത്ത് മാത്രമാണ് പുഴയിൽ കാര്യമായി നീരൊഴുക്കുണ്ടാകുക, അത് പലപ്പോഴും വെള്ളപ്പൊക്കസമാനമായ നീരൊഴുക്കായിരിക്കുകയും ചെയ്യും. മറ്റ് സമയങ്ങളിൽ അതായത് പ്രധാന പവർ ഹൗസിൽ വൈദ്യുതോൽപാദനം നടക്കാത്ത സമയങ്ങളിൽ സെക്കന്റിൽ 7.65 ഘനമീറ്റർ എന്ന തുച്ഛമായ നീരൊഴുക്ക് മാത്രമാണുണ്ടാകുക. നീരൊഴുക്കിൽ ദിവസവും ഉണ്ടാകുന്ന വളരെ വലിയ ഏറ്റക്കുറച്ചിൽ പുഴയിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അതിനൊപ്പം പുഴയുടെ കീഴ്ത്തടത്തിൽ ഉള്ള ജലസേചന, കുടിവെള്ള പദ്ധതികളുടെയെല്ലാം പ്രവർത്തനത്തെ ഇത് ബാധിക്കും. 20-ലധികം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 14,000 ഹെക്ടർ പ്രദേശത്തെ ജലസേചനവും ആ പ്രദേശങ്ങളിലെ കുടിവെള്ളലഭ്യതയും ആകെ അവതാളത്തിലാകും.''

വാഴച്ചാൽ, ഒരു സൂക്ഷ്​മ കാലാവസ്​ഥ
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവുകൾ വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ വേനൽ മാസങ്ങളിൽ പോലും ജലാർദ്രമായിരുന്നു എന്ന് ഇന്ന് അധികമാരും ഓർക്കാറില്ല. സഹ്യന്റെ തലപ്പിലെ പുൽമേടുകൾക്കും പുൽമേടുകൾക്കതിരിട്ട ചോലവനങ്ങൾക്കും അതിനു താഴെയുള്ള ആർദ്രമായ നിത്യഹരിതവനങ്ങൾക്കും മഴവെള്ളത്തെ വേനൽക്കാലത്തേക്ക് കാത്തു വയ്ക്കാനാകുമായിരുന്നു. ചോലകൾ പിറക്കുന്ന ചോലക്കാടുകൾ കോടമഞ്ഞു മേഞ്ഞു നടക്കുന്ന മലഞ്ചെരിവുകളിലായിരുന്നു. ചരിവായിരുന്നില്ല ചരിവിനെ പുതച്ച ഹരിതവ്യവസ്ഥയിൽ വന്ന വ്യതിയാനമായിരുന്നു ചോലകളെ വേനലിൽ വെറും വരണ്ട ചാലുകളാക്കിയത്. ഇന്നും വേനലിൽ നാട്ടിലെ ഏതെങ്കിലും പുഴയിൽ നീരൊഴുക്കുണ്ട് എങ്കിൽ അതിന്റെ കാരണം വൃഷ്ടിപ്രദേശത്ത് കാട് അവശേഷിച്ചിട്ടുണ്ട് എന്നതു മാത്രമായിരിക്കും. ചാലക്കുടിപ്പുഴയ്ക്കും ചോലയാർ എന്നൊരു പേരുണ്ടായിരുന്നല്ലോ. വൃഷ്ടിപ്രദേശത്തെ സ്വാഭാവിക വനങ്ങളുടെ സിംഹഭാഗവും നശിപ്പിക്കപ്പെട്ട പുഴ കൂടിയാണ് ചാലക്കുടിപ്പുഴ.

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറൻ ചരിവുകൾ ഏറെ വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ വേനൽ മാസങ്ങളിൽ പോലും ജലാർദ്രമായിരുന്നു എന്ന് ഇന്ന് അധികമാരും ഓർക്കാറില്ല

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്തിന്റെ ഭാഗമായ മലഞ്ചെരിവുകളിലെ സ്വാഭാവിക വനങ്ങൾ കാപ്പിത്തോട്ടങ്ങൾക്കായി നശിപ്പിക്കപ്പെടുന്നത്. അതിനു ശേഷം സ്വദേശികളും വിദേശികളുമായ തോട്ടമുടമകൾ ചേർന്ന് ഏലം, തേയില കൃഷികൾക്കായും കാടുവെട്ടി. ഇരുപതാം നൂറ്റാണ്ടോടെ ട്രാംവേ പാതകളിലൂടെ വനങ്ങളിലെ പടുകൂറ്റൻ മരങ്ങൾ ഒന്നൊന്നായി കാടിറങ്ങി. തോട്ടങ്ങളുടെ നിർമാണം വഴിയും തടി വെട്ടിലൂടെയും ഇങ്ങനെ ശുഷ്‌കമായിത്തീർന്ന വനത്തിലാണ് ഒന്നിനു പിറകെ ഒന്നായി ഏഴ് അണക്കെട്ടുകൾ നിർമിക്കപ്പെട്ടത്. ഈ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും പെൻസ്റ്റോക്ക് പൈപ്പുകൾക്കും വേണ്ടി നശിപ്പിക്കപ്പെട്ടത് ആർദ്രമായ നിത്യഹരിതവനങ്ങളും പുഴയോരക്കാടുകളുമായിരുന്നു. അതായത്, ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്തെ സ്വാഭാവിക വനനിരകൾ ഒട്ടുമുക്കാലും പതിറ്റാണ്ടുകൾക്കു മുൻപു തന്നെ നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. എങ്കിലും കേരളത്തിലെ മറ്റു പുഴകളെക്കാൾ വനാവൃതമായ വൃഷ്ടിപ്രദേശം ഇന്നും ചാലക്കുടിപ്പുഴയ്ക്കുണ്ട്. അവശേഷിച്ച ആ സ്വാഭാവിക വനമാണ് വാഴച്ചാലിൽ കാണുന്നത്. അതുകൊണ്ടു തന്നെ പദ്ധതിയ്ക്കാവശ്യമായ 140 ഹെക്ടറിൽ 28 ഹെക്ടർ മാത്രമാണ് സ്വാഭാവിക വനം എന്നത് അണക്കെട്ടിനുള്ള ന്യായീകരണമല്ല, അണക്കെട്ട് എന്തുകൊണ്ട് വന്നു കൂടാ എന്നതിന്റെ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ആയിരക്കണക്കിനു ഹെക്ടർ സ്വാഭാവിക വനമുള്ള ഒരിടത്തെ കുറിച്ചല്ല, പേരിനു മാത്രം ഒരു വനത്തുരുത്ത് അതിന്റെ സ്വാഭാവികതയിൽ ബാക്കിയായ ഒരു ഭൂപ്രദേശത്തെ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പാർശ്വവീക്ഷണം
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പാർശ്വവീക്ഷണം

‘‘ഒരു ചതുരശ്ര കിലോമീറ്റർ മാത്രം വരുന്ന ഒരു വലിയ കുളം, അതിനായി വെറും 28 ഹെക്ടർ സ്വാഭാവിക വനം വേണം'' എന്നിങ്ങനെ പറഞ്ഞു പോകാവുന്നതല്ല വാഴച്ചാൽ പോലുള്ള അനന്യമായ പാരിസ്ഥിതിക സവിശേഷതകളുള്ള പശ്ചിമഘട്ടത്തിലെ ഹരിത സങ്കേതങ്ങൾ എന്ന് വനഗവേഷകനായ ഡോ.അമിതാബ് ബച്ചൻ പറയുന്നു: ‘അതിരപ്പിള്ളി പദ്ധതിയ്ക്കായി നശിപ്പിക്കേണ്ടി വരുന്ന പുഴയോരക്കാടുകൾ കേരളത്തിൽ മറ്റെങ്ങുമില്ലാത്തവയാണ്. സമുദ്രനിരപ്പിൽ നിന്ന് ഇത്രയും കുറഞ്ഞ ഉയരത്തിൽ വനത്തിലൂടെ പരന്നൊഴുകുന്ന പുഴയെന്ന പ്രത്യേകതയും കേരളത്തിൽ ചാലക്കുടിപ്പുഴയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. ഇതു തന്നെയാണ് വാഴച്ചാൽ വനമേഖലയെയും പുഴയോരക്കാടുകളെയും വ്യത്യസ്തമാക്കുന്നത്. ഈ പുഴയോരക്കാടുകളുടെ 70% വും അതിരപ്പിളളി പദ്ധതിയ്ക്കായി നിർദേശിക്കപ്പെട്ട മേഖലയിലാണ്. മലമുഴക്കി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിങ്ങനെ മൂന്നിനം വേഴാമ്പലുകളെയും ഒരിടത്തു കാണുന്നത് വാഴച്ചാൽ കാടുകളിൽ മാത്രമാണ്.

മലമുഴക്കി വേഴാമ്പൽ
മലമുഴക്കി വേഴാമ്പൽ

പാണ്ടൻ വേഴാമ്പലിനെ ആകെ കാണുന്നത് ഇവിടെയും കണ്ണൂർ ജില്ലയിലെ ആറളത്തുമാണ്. ഇന്ത്യയിൽ തന്നെ മലമുഴക്കി വേഴാമ്പലിന്റെ ഏറ്റവും താഴെയുള്ള കൂട് കാണപ്പെട്ടതും അതിരപ്പിള്ളി അണക്കെട്ടു വന്നാൽ മുങ്ങാനിടയുള്ള ഈ കാട്ടിലാണ്. പുഴയും പുഴയോരക്കാടുകളുമെല്ലാം ചേർന്ന് സവിശേഷമായ സൂക്ഷ്മ കാലാവസ്ഥ ഇവിടെ സൃഷ്ടിക്കുന്നുണ്ട്. ഇതു തന്നെയാണ് വാഴച്ചാലിനെ ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും പ്രധാന സഞ്ചാരപഥമായും മാറ്റുന്നത്.'' അദ്ദേഹം പറയുന്നു.

പുനരധിവാസ അബദ്ധ സിദ്ധാന്തങ്ങൾ

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ പറമ്പിക്കുളം മേഖലയിൽ നിന്ന് പൂയംകുട്ടിക്കാടുകളിലേക്ക് ആനകൾ സഞ്ചരിച്ചിരുന്ന നിരവധി ആനത്താരകളുണ്ടായിരുന്നുവത്രേ, പിന്നീട് ഇവയിൽ പലതും മുറിഞ്ഞു പോകുകയായിരുന്നു. ‘‘മലയ്ക്കപ്പാറയിലും ആനക്കയത്തും പൊരിങ്ങൽ വാച്ച് മരം ഭാഗത്തും വാഴച്ചാലിലും അതിരപ്പിള്ളിക്കു താഴെയുമൊക്കെയായിരുന്നു ആനത്താരകൾ. ഇവയിൽ വാഴച്ചാൽ മേഖല മാത്രമാണ് ഇന്ന് അതിന്റെ സ്വാഭാവികതയിൽ അവശേഷിച്ചിട്ടുള്ളത്. ലോവർ ഷോളയാർ പദ്ധതിയുടെ ജലസംഭരണിയും പെൻസ്റ്റോക്ക് പൈപ്പും കഴിഞ്ഞാൽ ആനക്കയം തോടാണ്.

പുഴയും പുഴയോരക്കാടുകളുമെല്ലാം ചേർന്ന് സവിശേഷമായ ഒരു സൂക്ഷ്മ കാലാവസ്ഥ ഇവിടെ സൃഷ്ടിക്കുന്നുണ്ട്. ഇതു തന്നെയാണ് വാഴച്ചാലിനെ ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും പ്രധാന സഞ്ചാരപഥമായും മാറ്റുന്നത്

ആനക്കയം തോട്ടിലൂടെ നിലവിൽ വരുന്നത് സ്വാഭാവിക നീരൊഴുക്കല്ല, വൈദ്യുതോൽപാദനത്തിനു ശേഷം പുറത്തു വിടുന്ന ശക്തമായ ജലപ്രവാഹമാണിത്. അതു കൊണ്ട് ആനക്കയം തോട് കടക്കുക സാധാരണ ആനകൾക്ക് പ്രയാസകരമാണ്. നിരവധിപ്പേർ ഒഴുക്കിൽ പെട്ട് മരിച്ചതിനാൽ ഇവിടെ സഞ്ചാരികളിറങ്ങുന്നത് വനം വകുപ്പ് തന്നെ നിരോധിച്ചിട്ടുണ്ട്. ആനക്കയം തോടു കഴിഞ്ഞാൽ പിന്നെ പൊരിങ്ങൽ ജലസംഭരണിയായി അതിനു താഴെ പൊരിങ്ങൽകുത്ത് പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പായി. അതിരപ്പിള്ളിക്കു താഴെയാണെങ്കിൽ ജനവാസ മേഖലയാകുകയും ചെയ്തു. അണക്കെട്ടിന്റെ ജലസംഭരി നീന്തിക്കടക്കാനാകാതെ മലയ്ക്കപ്പാറയിൽ തേയിലത്തോട്ടത്തിന്റെ വശത്തുകൂടെ ജനവാസ കേന്ദ്രത്തിലേക്ക് ആനയെത്തുന്നത് പതിവാണ്. വാഴച്ചാലിൽ തന്നെ ഷൂട്ടിംഗോ മറ്റോ നടക്കുമ്പോൾ ആനകൾ അതിരപ്പിള്ളിക്കു താഴെ കണ്ണങ്കുഴി ഭാഗത്ത് ആളുകൾ താമസിക്കുന്ന ഇടങ്ങളിലേക്ക് വരാറുമുണ്ട്''; ഡോ. അമിതാബ് ബച്ചൻ പറയുന്നു.

നൂറും ആയിരവും ചതുരശ്ര കിലോമീറ്റർ വരുന്ന അതിവിസ്തൃതമായ വനഭാഗങ്ങളാവശ്യമുണ്ട് ആനയെ പോലെ ഒരു വലിയ സസ്തനിക്കു ജീവിക്കാൻ. നാം വരയ്ക്കുന്ന അതിരുകളും വേലികളും അവയ്ക്ക് മനസ്സിലാകാറേയില്ല. തോട്ടങ്ങൾ, റോഡുകൾ, റെയിൽവേ പാതകൾ, അണക്കെട്ടുകളുടെ ജലസംഭരണികൾ, പെൻസ്റ്റോക്ക് പൈപ്പുകൾ...ഇവയെല്ലാം ചേർന്ന് പശ്ചിമഘട്ടത്തിലെ ആനത്താരകൾ ഏറിയ കൂറും മുറിച്ചു കളഞ്ഞിട്ടുണ്ട്. മുറിയാതെ ബാക്കിയായ അപൂർവം ആനത്താരകളിലാണ് പുത്തൻ വികസന പദ്ധതികൾക്കായി നമ്മുടെ കണ്ണ് പതിയുന്നത്. ആയിരക്കണക്കിനു വർഷങ്ങളായി നടക്കുന്ന പാതകൾ ആനകൾ മറക്കാറില്ല, അവയ്ക്ക് വഴി തെറ്റാറുമില്ല. വഴിതെറ്റിയിട്ടല്ല, വഴികളേ ഇല്ലാതായതുകൊണ്ടാണ് അവ കൃഷിയിടങ്ങളിലും മനുഷ്യാധിവാസമുള്ള പ്രദേശങ്ങളിലും എത്തുന്നത്, പടക്കം കടിച്ചും ഷോക്കേറ്റും ചാകുന്നത്, തോട്ടം തൊഴിലാളികളെയും മറ്റും കൊന്ന് കൊലകൊല്ലികളായ വില്ലൻമാരാകുന്നത്, മനുഷ്യമൃഗ സംഘർഷം വർദ്ധിച്ചു വരുന്ന ഇക്കാലത്ത് വന വ്യവസ്ഥകളെ കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതിനു പകരം പുനരധിവാസ അബദ്ധ സിദ്ധാന്തങ്ങൾ വിളിച്ചു പറയുകയാണ് പലരും.

ചെന്നായ്​ക്കൾ തിരി​ച്ചെത്തിയ കഥ

ഏകദേശം ഒരു നൂറ്റാണ്ടിനപ്പുറം ഇല്ലാതാക്കപ്പെട്ട ചെന്നായ്ക്കളെ 1995 ലാണ് അമേരിക്കയിലെ യെലോസ്റ്റോൺ നാഷണൽ പാർക്കിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 1872ലും 1926നും ഇടയിലായിരുന്നു ആ വനമേഖലയിൽ നിന്ന് ചെന്നായ്ക്കൾ തുടച്ചുനീക്കപ്പെട്ടത്. കന്നുകാലി കർഷകരുടെ ആവശ്യത്തിന് സർക്കാർ വഴങ്ങിയ സർക്കാർ ചെന്നായ്ക്കളെ കൊന്നൊടുക്കാൻ അനുമതി നൽകുകയായിരുന്നു. ഇതിന്റെ ഫലം, പക്ഷേ കാടിന്റെ തന്നെ നാശമായിരുന്നു. ചെന്നായ്ക്കൾ ഭക്ഷണമാക്കിയിരുന്ന മാനുകൾ പെരുകുകയും അവ കുന്നിൻചരിവുകളിലെ പച്ചപ്പാകെ തിന്നു തീർക്കുകയും ചെയ്തു.

മുറിയാതെ ബാക്കിയായ അപൂർവം ആനത്താരകളിലാണ് പുത്തൻ വികസന പദ്ധതികൾക്കായി നമ്മുടെ കണ്ണ് പതിയുന്നത്. ആയിരക്കണക്കിനു വർഷങ്ങളായി നടക്കുന്ന പാതകൾ ആനകൾ മറക്കാറില്ല, അവയ്ക്ക് വഴി തെറ്റാറുമില്ല

ചെന്നായ്ക്കളാൽ തന്നെ നിയന്ത്രിക്കപ്പെട്ടിരുന്ന കുറുക്കൻമാരെ പോലുള്ള ജീവികളും പെറ്റുപെരുകി, അവ ബീവറുകൾക്ക് ഭീഷണിയായി. നദികളിൽ അണകെട്ടിയ ബീവറുകൾ ഇല്ലാതായതോടെ അവയുടെ അണകളെ നേരിട്ടാശ്രയിച്ചിരുന്ന ജലജീവികളുടെ നിലനിൽപും പ്രതിസന്ധിയിലായി. പച്ചപ്പില്ലാതായതോടെ കുന്നുകളിൽ ഉറവയെടുത്ത നീർച്ചോലകൾ പലതും ശുഷ്‌കമാവുകയോ വറ്റിപ്പോവുകയോ ചെയ്തു. അറുത്തുമാറ്റപ്പെട്ടത് ഒരു കുഞ്ഞു ചില്ലയായിരുന്നു, പക്ഷേ ജീവന്റെ മഹാവൃക്ഷത്തിന് അതേൽപിച്ച ആഘാതം നമ്മുടെ സങ്കൽപങ്ങൾക്കെല്ലാം എത്രയോ അപ്പുറമായിരുന്നു. പരിസ്ഥിതി ഗവേഷകരുടെ സമ്മർദ്ദത്തിന്റെ ഫലമായാണ് തൊണ്ണൂറുകളിൽ അവിടേക്ക് ചെന്നായ്ക്കളെ തിരികെയെത്തിക്കുന്നത്. ഇതോടെ യെലോസ്റ്റോൺ ദേശീയോദ്യാനത്തിൽ ഉണ്ടായത് അതിശയകരമായ അനേകം സംഭവങ്ങളുടെ ഒരു പരമ്പരയാണ്.
മാനുകളും കുറുക്കൻമാരും നിയന്ത്രിക്കപ്പെട്ടു. പുഴകളിൽ അണകെട്ടിയിരുന്ന ബീവറുകളുമെല്ലാം വളരെ വേഗം തിരിച്ചുവന്നു. കുന്നിൻചരിവുകൾ വീണ്ടും സസ്യനിബിഢമായി, വറ്റിയ നീർച്ചോലകൾ പുനർജനിച്ചു. പുഴകൾ വീണ്ടും ജലസമൃദ്ധമായി...അതിസുന്ദരമായ ഇത്തരം പാരിസ്ഥിതിക പാഠങ്ങളും ദൈവനിഷേധ സെമിനാറുകളുടെ ഇടയിലെപ്പൊഴെങ്കിലും ചർച്ച ചെയ്തിരുന്നു എങ്കിൽ നമ്മുടെ നാട്ടിലെ നാസ്തികർക്ക് അതിരപ്പിള്ളി പ്രശ്‌നത്തിലെ പാരിസ്ഥിതിക ശരികളെ തിരിച്ചറിയാൻ കഴിയുമായിരുന്നു.
സ്വാഭാവികആവാസവ്യവസ്ഥയിൽ ഓരോ കുഞ്ഞു ജീവനും അതിന്റേതായ എന്തൊക്കെയോ ധർമങ്ങളുണ്ട്. ആനയെ പോലുളള വലിയ സസ്തനികൾ കാടിന്റെ ഊർജ കൈമാറ്റ ശൃംഖലയിൽ നിർവഹിക്കുന്ന സവിശേഷമായ ധർമത്തിന് ബദലുകളില്ലെന്ന ശാസ്ത്രീയ യാഥാർത്ഥ്യം സാങ്കേതിക വിജ്ഞാന അഹന്തയുടെ ഫണങ്ങൾ മടക്കി വച്ച് വിനയപൂർവം നാം ഉൾക്കൊള്ളേണ്ടതുണ്ട്. 500 ലധികം സസ്യങ്ങളുടെ വിത്തുവിതരണം ആനകളിലൂടെ നടക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ഒരു വർഷം ഒരു കാട്ടുമാവിൻ തൈക്ക് വളരാൻ വേണ്ടതെല്ലാം ഒരു ആനപ്പിണ്ടത്തിൽ ഉണ്ടാകുമത്രേ. വന്യതയിൽ പെട്ടെന്ന് പിടിതരാതെ ഒളിച്ചിരിക്കുന്ന ജൈവബന്ധങ്ങളുടെ നേരിനെ കാണാനും അറിയാനുമുള്ള ക്ഷമയും ഹൃദയനൈർമല്യവും നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ക്ഷമാപൂർവമുള്ള നിരീക്ഷണമാണല്ലോ ശാസ്ത്രീയാന്വേഷണ വഴിയിലെ അനിഷേധ്യമായ ഒന്നാം പടവ്.

ചാലക്കുടിപ്പുഴയിലെ മീനിന്റെ കഥ
മറ്റെല്ലാ വഴികളുമടഞ്ഞപ്പോൾ അതിരപ്പിള്ളി അണക്കെട്ട് വിരോധികൾ ഉയർത്തിക്കൊണ്ടു വന്നതാണ് ചാലക്കുടിപ്പുഴയിലെ മീനിന്റെ കഥ എന്നാണ് വൈദ്യുത വകുപ്പിലെ ചിലരും അതിവികസനവാദികളും ഇത്തവണ വാദിച്ചത്. മീനുകൾക്ക് ‘റിസർവോയർ' ആയാലും മതി എന്ന് പറഞ്ഞ് യുക്തിവാദികൾ അതിനെ പിൻതാങ്ങുകയും ചെയ്യുന്നു. ഇത്തരം ‘റിസർവോയർ

അതിസുന്ദരമായ ഇത്തരം പാരിസ്ഥിതിക പാഠങ്ങളും ദൈവനിഷേധ സെമിനാറുകളുടെ ഇടയിലെപ്പൊഴെങ്കിലും ചർച്ച ചെയ്തിരുന്നു എങ്കിൽ നമ്മുടെ നാട്ടിലെ നാസ്തികർക്ക് അതിരപ്പിള്ളി പ്രശ്‌നത്തിലെ പാരിസ്ഥിതിക ശരികളെ തിരിച്ചറിയാൻ കഴിയുമായിരുന്നു

സിദ്ധാന്ത'ങ്ങളുടെ യുക്തിഹീനത തികച്ചും ശാസ്ത്രീയമായി തന്നെ മൽസ്യ ഗവേഷകനായ ഡോ. സി.പി. ഷാജി വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
‘‘അതിസൂക്ഷ്മമായ ആവാസവ്യവസ്ഥകളെ മാത്രം ആശ്രയിച്ചു കഴിയുന്ന മീനുകളുടെ ബാഹുല്യംകൊണ്ട് ശ്രദ്ധിക്കപ്പെട്ട പുഴകളിൽ ഒന്നാണ് ചാലക്കുടിപ്പുഴ. കുറഞ്ഞ ദൂരം ഒഴുകുമ്പോഴേക്കും ആ പുഴ സൃഷ്ടിക്കുന്ന സൂക്ഷ്മവും സ്ഥൂലവുമായ ആവാസവ്യസ്ഥകളുടെ വൈവിധ്യം നമുക്കത് പറഞ്ഞുതരും. കേരളത്തിൽ കാണപ്പെടുന്ന ശുദ്ധജല മൽസ്യങ്ങളിൽ, ഒഴുക്കുള്ള പുഴ എന്നൊരു ആവാസവ്യവസ്ഥയിൽ മാത്രം ജീവിക്കാൻ കഴിയുന്ന ഒരു മൽസ്യ കുടുംബമാണ് ബാലിറ്റോറിടെ (BALITORIDAE). അതിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരിനമാണ് വെളുമ്പൻ കാൽനക്കി എന്ന ഹോമേലൊപ്‌റ്റെറ മൊണ്ടാന എന്ന മൽസ്യം. പൊരിങ്ങൽക്കുത്ത് അണക്കെട്ട് വരുന്നതിന് മുമ്പ് ഒരു പക്ഷെ ചാലക്കുടിപുഴ ഒരു പുഴയായി ഒഴുകിയിരുന്ന കാലത്ത് അതിലേക്ക് വെള്ളം ചുരന്ന, ഈറ്റകൾ ഒളിപ്പിച്ച തണുത്ത അരുവികളിൽ ഇവ ധാരാളമുണ്ടായിരുന്നിരിക്കണം. അന്ന് അണക്കെട്ടിൽ മുങ്ങാതെ അവശേഷിച്ച അരുവികളിലൊന്നിൽ ഇപ്പോൾ വംശനാശവും കാത്ത് കഴിയുകയാണിവ. മാറിവരുന്ന കാലാവസ്ഥയിൽ ഇവയ്ക്കും വംശനാശം സംഭവിക്കുമായിരിക്കും. പക്ഷെ അതുവരെ ജീവിക്കാനുള്ള അവയുടെ അവകാശമാണ് ഒരു അണകൂടി കെട്ടി നമ്മൾ നിഷേധിക്കാനൊരുങ്ങിയത്. മീനല്ലേ, വെള്ളം പോരെ, അതിപ്പോ ഡാമിലില്ലെ എന്നുചോദിക്കുന്നവരുണ്ടാകാം. അങ്ങനെ വെള്ളമുള്ളിടത്തെല്ലാം കഴിയാവുന്നവയല്ല ഈ പ്രത്യേക ജനുസ്സുകൾ. ഭൂമിക്കടിയിൽ മൽസ്യങ്ങൾ ജീവിക്കുന്ന ഒരിടംകൂടിയാണ് കേരളം. സാധാരണയിൽ കൂടിയ തണുപ്പും, വലുപ്പമില്ലാത്ത, ചെറിയ പാറകളും വെള്ളാരംകല്ലുകളും നിറഞ്ഞ തെളിഞ്ഞ അരുവികൾ ഇവയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. നല്ല പരന്നു വിരിഞ്ഞ, വലിയ തോതിൽ പായൽ മൂടാത്ത പാറയോ ഉരുളൻ കല്ലുകളോ ആണ് ഇവയുടെ സൂക്ഷ്മ ആവാസ വ്യവസ്ഥ. ഒഴുക്കില്ലെങ്കിൽ ഇത്തരം മൽസ്യങ്ങൾക്ക് നിലനിൽക്കാനേ സാധിക്കില്ല. പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെറിയ പായലുകളാണ് ഇവയുടെ ഇഷ്ട ഭക്ഷണം. ചാലക്കുടി പുഴയിൽ ഇപ്പോൾ ഇവയെ കാണാനാവുക മലക്കപ്പാറയ്ക്ക് പോകുന്ന വഴിയിലുള്ള ഒരു അരുവിയിൽ മാത്രമാണ്. ഇതേ മൽസ്യകുടുംബത്തിൽ നിന്നുള്ള നീളൻ കൽനക്കിയെ 1994 ൽ രോഹൻ പെത്തിയഗോഡ എന്ന ശ്രീലങ്കക്കാരനായ മൽസ്യ ശാസ്ത്രജ്ഞൻ ചാലക്കുടിപുഴയിൽ നിന്നും കണ്ടുപിടിച്ചിരുന്നു. വെള്ളം പരന്നും തല്ലിപ്പതഞ്ഞും ഒഴുകുന്ന പാറയിലെ ഇടുക്കുകളിൽ മാത്രം കാണുന്ന ഒരിനമായിരുന്നു ഇവ. ചാലക്കുടി പുഴയുടെ താഴെ ഭാഗത്ത് ഇവയെ കാണുകയേ സാധ്യമല്ല.. അതെ കുടുംബക്കാരനായ കറുമ്പൻ കൽനക്കിയും പശ്ചിമഘട്ടത്തിന്റെ സ്വന്തം ജനുസ്സാണ്. വെറും 144 കിലോമീറ്റർ മാത്രം നീളമുള്ള ചാലക്കുടിപുഴ 98 മൽസ്യങ്ങളെയാണ് നിലനിർത്തുന്നത്

മേൽപ്പറഞ്ഞ ആവാസവ്യവസ്ഥകളിൽ മാത്രമേ ഇവയെയും കാണുന്നുള്ളൂ. കൂടാതെ കൊയ്ത, കൊയ്മ, മണലയിര എന്നീ പേരുകളിൽ കേരളത്തിലറിയപ്പെടുന്ന മൂന്ന് പ്രത്യേക ഇനം മത്സ്യങ്ങളും ചാലക്കുടിപുഴയിൽ കാണപ്പെടുന്നുണ്ട്. പാണ്ടൻ കൊയ്ത്ത, പച്ചക്കൊയ്ത്ത, വരയൻകൊയ്ത്ത എന്നിവയാണ് ഒരുക്കൊമ്പനും പരിയാരത്തിനും ഇടയിൽ കാണുന്നവ. വെള്ളം പതിഞ്ഞുവീഴുന്നതിന് ഒപ്പം തന്നെ വെള്ളം ഒഴുക്കികൊണ്ടു വന്നുകൂട്ടുന്ന വെള്ളാരംകല്ലുകളിൽ മാത്രം താമസമാക്കുന്നവയാണിവ.
1994ൽ തന്നെ ഡോ.രോഹൻ പെത്തിയഗോഡ കരിംകഴുത്തൻ മഞ്ഞക്കൂരി, മോഡോൺ എന്നിങ്ങനെ രണ്ടു പുതിയ മൽസ്യങ്ങളെക്കൂടെ ചാലക്കുടി പുഴയിൽ നിന്ന് ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. ഇതിൽ മോഡോൺ കേരളത്തിലെ രണ്ടേ രണ്ടു പുഴകളിൽ മാത്രമേ കാണുന്നുള്ളൂ. ഒന്ന് ചാലക്കുടിപ്പുഴയാണ് മറ്റൊന്ന് പൂയംകുട്ടിപ്പുഴയും. അതിരപ്പിള്ളി പദ്ധതി വന്നാൽ സമ്പൂർണമായി ഇല്ലാതാകുന്ന പുഴഭാഗത്താണ് ഇവയെ കണ്ടുവരുന്നത്. അതിനു താഴേക്ക് ഇവ അപൂർവമോ ഇല്ലെന്നോ പറയേണ്ടി വരും. IUCN ഇതിനെ അതീവ ഗുരുതര വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ഓർക്കുക.

മഞ്ഞക്കൂരിയുടെ ബന്ധുകൂടിയായ കരിംകഴുത്തൻ മഞ്ഞക്കൂരി ഇന്നു വരെ ചാലക്കുടി പുഴയൊഴിച്ച് മറ്റൊരു പുഴയിൽ ഉള്ളതായും ശാസ്ത്രലോകത്തിന് അറിവില്ല. ഇതുപോലെ അഞ്ചോളം ദേശ്യജാതി മത്സ്യങ്ങളെ നിലനിർത്തുന്ന പുഴയാണ് ചാലക്കുടിപ്പുഴ. പുഴയുടെ ഒഴുക്ക് ദുർബലപ്പെടുത്തുന്നതോ ആവാസവ്യവസ്ഥക്കു വ്യതിയാനം വരുത്തുന്നതോ എന്തും ഇവയെ എന്നേക്കുമായി ഉന്മൂലനം ചെയ്‌തേക്കും.

Denison's Barb
Denison's Barb

ചാലക്കുടി പുഴയിലെ മത്സ്യസമ്പത്തിലെ പത്തു മൽസ്യങ്ങൾ അലങ്കാരമൽസ്യ വിപണിയിൽ സജീവമാണ്. ഇവയിൽ ചെങ്കണിയാന്റെ (Denison's Barb)മിസ് കേരളയുടെ പ്രാദേശിക ഇനമായ ചോരക്കണിയാൻ ചാലക്കുടിപുഴയിൽ മാത്രം കാണുന്ന ഒന്നാണ്. നിലവിലെ ആറ് അണക്കെട്ടുകൾ മൂലം സ്വാഭാവിക ഒഴുക്കിൽ വന്ന കുറവ് 37 ശതമാണെന്ന് പഠനങ്ങൾ പറയുന്നു. ഇനിയും ഒഴുക്കിൽ കുറവ് വന്നാൽ കടലിങ്ങോട്ടു കേറിവരും, ലവണാംശം അതിക്രമിക്കും. അത് ഇപ്പോൾ ശുദ്ധജലം ലഭ്യമായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളുടെ വിസ്തൃതി കുറയ്ക്കും. ഇപ്പോൾതന്നെ ഓരു ജലത്തിൽ കാണുന്ന പലമൽസ്യങ്ങളെയും അന്നമനടപ്പുഴവരെ കണ്ടുതുടങ്ങിയിരിക്കുന്നു. ആഗോളതാപനം മൂലം കടലെടുക്കാൻ പോകുന്ന ഒരു ദേശത്തോടും അവിടുത്തെ ഒരു ജനതയോടുമാണ് നാം ഈ പറയുന്നത്.''

98 മത്സ്യങ്ങൾക്ക്​ ജീവനേകുന്ന ചാലക്കുടിപ്പുഴ
ചാലക്കുടി പുഴയുടെ മൽസ്യവൈവിധ്യം പഠന വിധേയമാക്കിയ കേരള ഫിഷറീസ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ശുദ്ധജലമൽസ്യ ഗവേഷകനുമായ ഡോ.രാജീവ് രാഘവൻ പറയുന്നു: ‘‘വെറും 144 കിലോമീറ്റർ മാത്രം നീളമുള്ള ചാലക്കുടിപുഴ 98 മൽസ്യങ്ങളെയാണ് നിലനിർത്തുന്നത്. മ്യാൻമാറിലെ ഏറ്റവും നീളം കൂടിയ നദിയായ ഇരാവതി നദിയിൽ (Irrawaddy River) 79 വംശങ്ങളും, ഇന്ത്യയിലെ വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നർമ്മദയിൽ 77 ഉം പാപ്പുവ ന്യൂഗിനിയയിൽ സെപിക് നദിയിൽ 55 ഉം മൽസ്യങ്ങളും മാത്രം ഉള്ളപ്പോഴാണ് ചാലക്കുടിപ്പഴ കുറഞ്ഞ ദൂരത്തിൽ ഒഴുകി ഇത്രയും മത്സ്യങ്ങളെ നിലനിർത്തുന്നത്. അതിരപ്പിള്ളി മുതൽ എറിയാട് വരെയുള്ള പതിനൊന്ന് പഞ്ചായത്തുകളിലെ ജനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ചാലക്കുടിപുഴയെ ആശ്രയിക്കുന്നു. ചൂരയും, ചേറനും, കുഴികുത്തിയും കരിമീനും വരാലും ചേർന്ന ഒരു കൂട്ടം മൽസ്യങ്ങൾ അവരുടെ ജീവിതത്തിന് സാമ്പത്തിക സുരക്ഷയും അവരുടെ ശരീരത്തിന് ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.

പുഴയോരക്കാടുകളുടെ തണലില്ലാതാകുന്നത് കൊണ്ടു മാത്രം വെള്ളത്തിന്റെ താപനിലയിൽ വർദ്ധനവുണ്ടാകുമെന്നും ഇത് മൽസ്യങ്ങളുടെ കൂട്ടമരണത്തിന് കാരണമാകുമെന്നും ഇന്തോനേഷ്യയിൽ നടന്ന ഒരു പഠനം പറയുന്നു

പുഴയോരക്കാടുകളുടെ തണലില്ലാതാകുന്നത് കൊണ്ടു മാത്രം വെള്ളത്തിന്റെ താപനിലയിൽ വർദ്ധനവുണ്ടാകുമെന്നും ഇത് മൽസ്യങ്ങളുടെ കൂട്ടമരണത്തിന് കാരണമാകുമെന്നും ഇന്തോനേഷ്യയിൽ നടന്ന ഒരു പഠനം പറയുന്നു. നമ്മുടെ പുഴകളിലും കുളങ്ങളിലും മീനുകൾ ചത്തുപൊങ്ങുന്നതിന് കരകളിലെ കാട്ടുപടർപ്പുകൾ കൽക്കെട്ടുകളാകുന്നതുമായി ഇങ്ങനെ നേരിട്ട് ബന്ധമുണ്ടാകാം. പശ്ചിമഘട്ടത്തിലെ കാടുകൾക്കുള്ളിൽ നാം നിർമിച്ച വലിയ ജലസംഭരണികൾ ഒട്ടനേകം മൽസ്യജാതികളെ ഇത്തരത്തിൽ ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കിയിരിക്കാം.

കുടിയിറക്കപ്പെടുന്ന ‘കാടർ’

നർമദയിൽ കുടിയിറങ്ങേണ്ടി വരുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ അതിരപ്പിള്ളിയിലെ ‘കാടർ' വിഭാഗക്കാരുടെ എണ്ണം അതിനിസ്സാരമാണെന്നായിരുന്നു പദ്ധതിയനുകൂലികളുടെ മറ്റൊരു വിചിത്രവാദം. സൈലന്റ് വാലിയുടെ അത്രയൊന്നും പ്രാധാന്യമുള്ളതല്ല വാഴച്ചാൽ വനമെന്നും ഇതുപോലെ പറഞ്ഞു കേട്ടു . നർമദയെന്നും സൈലന്റ് വാലിയെന്നുമെല്ലാം വികസന വിപ്ലവകാരികളും യുക്തിവാദികളും കേട്ടിട്ടുണ്ട് എന്നതു തന്നെ

വികെ.ഗീത                    ഫോട്ടോ/ഫേസ്ബുക്ക്
വികെ.ഗീത ഫോട്ടോ/ഫേസ്ബുക്ക്

ആശ്വാസകരം. ‘പരിസ്ഥിതി മൗലികവാദികൾ' അത്തരം സമരങ്ങൾ നടത്തുമ്പോൾ ശാസ്ത്ര സാങ്കേതിക അന്ധവിശ്വാസികളും ഈ അതിവികസന വാദികളും എവിടെയായിരുന്നു എന്ന മറുചോദ്യം മാത്രമാണ് ഇവിടെ പ്രസക്തം.
കുടിയിറങ്ങേണ്ട കുടുംബങ്ങളുടെ എണ്ണം നോക്കിയാൽ വാഴച്ചാലിലേത് താരതമ്യേന ചെറിയ കുടിയിറക്കമാണ്. പക്ഷേ കുടിയിറങ്ങുന്ന ജനതയുടെ നരവംശശാസ്ത്രപരമായ പ്രാധാന്യം കൂടി പരിഗണിക്കപ്പെടേണ്ടതാണ്. അതിരപ്പിള്ളി പദ്ധതി വന്നാൽ കുടിയിറങ്ങേണ്ടി വരുന്നവർ കാടർ എന്ന പ്രാക്തന ഗോത്ര വിഭാഗക്കാരാണ്. ഈ വിഭാഗത്തിൽ പെടുന്ന വി.കെ. ഗീതയാണ് കേരളത്തിലെ ഏക ഊരുമൂപ്പത്തി. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ ഇന്നത്തെ പറമ്പിക്കുളം കടുവാ സങ്കേതത്തിനകത്തായിരുന്നു ഗീതയുടെ പൂർവികർ ജീവിച്ചിരുന്നത്. ബ്രിട്ടീഷുകാർ തടിവെട്ടിക്കടത്താനായി ട്രാംവേകൾ നിർമിച്ചതോടെ ആദ്യമായി അവർ കുടിയിറക്കപ്പെട്ടു. ശേഷം പൊരിങ്ങൽകുത്തിൽ എത്തി. അവിടെ അണക്കെട്ട് വന്നപ്പോൾ അവിടെ നിന്ന് ഷോളയാറിലേക്ക് താമസം മാറ്റി. ഷോളയാറിലും അണക്കെട്ട് വന്നതോടെ വാഴച്ചാലിലെത്തി. ആ വാഴച്ചാലിൽ നിന്നുമാണ് ഗീതയും കുടുംബവും ഇനി കുടിയിറങ്ങേണ്ടത്. ഗാഡ്ഗിൽ റിപ്പോർട് ചർച്ചയായ കാലത്ത് ഏതൊക്കെയോ കേന്ദ്രങ്ങൾ പടച്ചുവിട്ട മലയോരത്തെ മനുഷ്യർ കുടിയിറങ്ങേണ്ടിവരുമെന്ന ആശങ്കയ്ക്ക് തങ്ങളാലാവും വിധം പ്രചരണം നൽകിയവർ പലരും വാഴച്ചാലിലെ കാടർ വിഭാഗക്കാർ കുടിയൊഴിയേണ്ടവരാണെന്നു വിധികൽപിക്കുന്നതിൽ പച്ചയായ വംശീയതയും മാനവിക വിരുദ്ധതയുമല്ലാതെ മറ്റൊന്നും കാണാനാകില്ല.

സി.പി.ഐ നേതാവും മുൻമുഖ്യമന്ത്രിയുമായ പി.കെ. വാസുദേവൻനായർ സൈലന്റ് വാലിയിൽ അണകെട്ടാൻ ശക്തമായി വാദിച്ചതിൽ താൻ ഖേദിക്കുന്നുവെന്ന് വർഷങ്ങൾക്കു ശേഷം എഴുതിയിരുന്നു. അങ്ങനെ തെറ്റ് ഏറ്റു പറഞ്ഞ് പി.കെ.വി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘എന്റെ അറിവില്ലായ്മകളെ കുറിച്ച് ' എന്നായിരുന്നു. കാടിനെ കുറിച്ചോ പരിസ്ഥിതിവാദികൾ പറയുന്നതിനെ കുറിച്ചോ അക്കാലത്ത് തനിക്കൊന്നും അറിയില്ലായിരുന്നു എന്ന് അദ്ദേഹം തുറന്നെഴുതി. പി.കെ.വിയെ പോലുള്ളവരുടെ രാഷ്ട്രീയ സത്യസന്ധത പുതിയ തലമുറയിൽ നിന്ന് പ്രതീക്ഷിക്കുക വയ്യ, എങ്കിലും നാഴികയ്ക്കു നാൽപതു വട്ടം ശാസ്ത്രത്തെ കുറിച്ച് പറയുന്ന യുക്തിവാദികൾക്ക് ഇക്കോളജി എന്ന ശാസ്ത്രശാഖയുടെ പ്രാഥമിക പാഠങ്ങളെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കാവുന്നതാണ്. പറക്കാൻ കഴിയുന്ന വേഴാമ്പലുകൾക്ക് കാട് മുങ്ങിയാൽ എന്താണ് കുഴപ്പം എന്നൊക്കെയുള്ള നിഷ്‌കളങ്ക ചോദ്യങ്ങൾ ചോദിച്ച് സ്വയം പരിഹാസ്യരാകാതിരിക്കാനെങ്കിലും അത് അവരെ സഹായിച്ചേക്കും.


Summary: നമ്മുടെ പാരിസ്ഥിതിക ആശങ്കകൾ അർത്ഥശൂന്യമാണെന്നും ഏത് പ്രശ്‌നത്തിനും സാങ്കേതികമായ പരിഹാരമുണ്ടെന്നും എന്തിനും ബദലുണ്ടെന്നും വാദിച്ചുകൊണ്ടിരിക്കുന്നവരാണ് ആധുനിക കേരളത്തിലെ നവ നാസ്തിക മുന്നേറ്റങ്ങളെ നയിക്കുന്നത്. പരിസ്​ഥിതി പ്രശ്​നങ്ങളെ, തെളിവുചോദിച്ച്​ വെളിവില്ലാതാക്കുന്നത്​ ഒരുതരം ‘യുക്​തിവാദ സർക്കസ്​’ ആണെന്ന​ വിമർശനം ഉന്നയിക്കപ്പെടുന്നു


Comments