Photo: Ajmal MK

അപ്രത്യക്ഷമായ ദേശമേ,
പ്രിയപ്പെട്ട മനുഷ്യരേ..

ഞങ്ങളുടെ ചെറുപ്പകാലത്ത് കാടും നാടും നിറയേ മഞ്ഞുപെയ്തിരുന്നു. എക്കാലത്തും ഇവിടെ കുളിരുണ്ടായിരുന്നു. അങ്ങനെയൊരു കാലമുണ്ടായിരുന്നെന്ന് വയനാട്ടിലെ പുതുതലമുറയ്ക്ക് വിശ്വസിക്കാൻ പോലും പ്രയാസമായിരിക്കും. അത്രമേൽ മാറിക്കഴിഞ്ഞു നാട്. - വയനാടൻ ഭൂപ്രകൃതിയെയും ജീവിതങ്ങളെയും പ്രമേയമാക്കി ‘വല്ലി’ എന്ന നോവലെഴുതിയ ഷീല ടോമി, വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എഴുതുന്നു.

“ഊഹം ശരിയായിരുന്നു. ആ രാത്രി ഉൾക്കാട്ടിൽ രണ്ടിടങ്ങളിൽ ഉരുളുപൊട്ടിയിരുന്നു. കുന്നിന്റെ മാറുപിളർന്ന് മണ്ണും പാറയും മരങ്ങളും ഇളക്കിച്ചിതറിച്ച് സംഹാരതാണ്ഡവമാടി ജലം കലിതുള്ളിപ്പാഞ്ഞു. ജലത്തിനു മുമ്പേ, പാറകൾക്കു മുമ്പേ, വലിയൊരാരവം താഴ് വരയിലെത്തി. മലയിടിഞ്ഞ് വരുന്ന ഹുങ്കാരം. മലഞ്ചരിവിൽ ഉറങ്ങിക്കിടന്ന കുടിലുകൾ ആ മുഴക്കം കേട്ടില്ല. മൃഗങ്ങൾ അലമുറയിട്ടതോ പക്ഷികൾ ചിതറിപ്പറന്നതോ അറിഞ്ഞില്ല. പ്രവാഹച്ചാലിൽ കുടുങ്ങിയ സർവ്വചരാചരങ്ങളും നിമിഷങ്ങൾക്കുള്ളിൽ തുടച്ചുനീക്കപ്പെടുകയായിരുന്നു. അടയാളങ്ങൾ പോലും ശേഷിപ്പിക്കാതെ. മൈലുകൾക്കപ്പുറം വനാന്തരം ഇളക്കിമറിച്ച മഹാദുരന്തമറിയാതെയാണ് കല്ലുവയൽ മൂടിക്കെട്ടിയ പ്രഭാതത്തിലേക്ക് കണ്ണുതുറന്നത്. യാതൊന്നുമറിയാതെയാണ് പുക പോലെ കാടും കുന്നും മൂടിയ മഴയിലേക്ക് നോക്കി കര പകച്ചു നിന്നത്.”
(വല്ലി)

‘വല്ലി’ എന്ന നോവലിൽ ഈ വരികൾ കുറിയ്ക്കുമ്പോഴൊന്നും ഉരുൾപൊട്ടൽ ഇത്രമേൽ ഭീകരവും ദാരുണവുമായി കൺമുന്നിൽ അവതരിക്കുമെന്ന് അറിഞ്ഞിരുന്നില്ല. ചെറുപ്പത്തിൽ പ്രളയത്തിൽ ഒഴുകിവരുന്ന കന്നുകാലികളെ കണ്ടിട്ടുണ്ട്. അവയുടെ തുറന്നുപിടിച്ച കണ്ണുകൾ ഉറക്കം കെടുത്തിയിട്ടുണ്ട്. കൊടുങ്കാറ്റലറുമ്പോൾ വീടിന്റെ മേൽക്കൂര പറന്നുപോകുമെന്ന് പേടിച്ചിട്ടുണ്ട്. വെള്ളമിറങ്ങിയാൽ ഇഴഞ്ഞുവരുന്ന പാമ്പുകളെ ഭയന്നിട്ടുണ്ട്. മൂന്നാറിലെ കരിന്തിരി മല അപ്പാടെ ഒലിച്ചുപോയ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ചും കൃത്യം നൂറു വർഷം മുമ്പുള്ള മഹാപ്രളയത്തെക്കുറിച്ചും വായിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ പറയാൻ വാക്കുകളില്ലാത്ത മഹാസങ്കടമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒരു നാട് മുഴുവൻ ഒലിച്ചുപോയിരിക്കുന്നു.

‘വല്ലി’യിൽ പറയുന്ന, ഒരു രാത്രികൊണ്ട് അപ്രത്യക്ഷമാകുന്ന തമ്പ്രാൻകുന്ന്, ചൂരൽമലയാണ്. അല്ലെങ്കിൽ  മുണ്ടക്കൈയാണ്. / Photo: PRD
‘വല്ലി’യിൽ പറയുന്ന, ഒരു രാത്രികൊണ്ട് അപ്രത്യക്ഷമാകുന്ന തമ്പ്രാൻകുന്ന്, ചൂരൽമലയാണ്. അല്ലെങ്കിൽ മുണ്ടക്കൈയാണ്. / Photo: PRD

വയനാട് എന്റെ സ്വന്തം നാടാണ്. എന്റെ മുത്തച്ഛൻ നാൽപതുകളിൽ വയനാട്ടിലേക്ക് കുടിയേറിയതാണ്. കബനീതീരത്തെ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. പുഴയോരത്തായിരുന്നു ഞങ്ങളുടെ തറവാട്. അന്നൊക്കെ വയൽ കഴിഞ്ഞാൽ കാടായിരുന്നു. “കല്ലുവയലിനെ ചുറ്റിവളഞ്ഞ് വയലിന്റെ ഹൃദയത്തിലേക്ക് നൂണ്ടുകയറി പൂത്തു തളിർത്തു കിടന്ന കാട്.” തറവാട്ടിൽ എല്ലാവരും കൃഷിക്കാരായിരുന്നു. അവരുടെ ജീവിതസമരങ്ങൾ കൺമുന്നിലുള്ളതിനാൽ പാടുപെട്ടു ജീവിച്ച ചൂരൽമലയിലെ മനുഷ്യർ എനിക്ക് അപരിചിതരല്ല. അല്ലെങ്കിൽ ഞാനും അവരിൽ ഒരാളാണ്.

ഞങ്ങളുടെ ചെറുപ്പകാലത്ത് കാടും നാടും നിറയേ മഞ്ഞുപെയ്തിരുന്നു. എക്കാലത്തും ഇവിടെ കുളിരുണ്ടായിരുന്നു. അങ്ങനെയൊരു കാലമുണ്ടായിരുന്നെന്ന് വയനാട്ടിലെ പുതുതലമുറയ്ക്ക് വിശ്വസിക്കാൻ പോലും പ്രയാസമായിരിക്കും.

ദുരന്തത്തിനിരയായവർ എസ്റ്റേറ്റ് ക്വാറി ടൂറിസം മുതലാളിമാർ ഒന്നുമല്ല. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന പാവങ്ങളാണ്. അവർ ഭൂമി ചൂഷകരോ അധിനിവേശക്കാരോ അല്ല. ‘വല്ലി’യിൽ പറയുന്ന, ഒരു രാത്രികൊണ്ട് അപ്രത്യക്ഷമാകുന്ന തമ്പ്രാൻകുന്ന്, ചൂരൽമലയാണ്. അല്ലെങ്കിൽ മുണ്ടക്കൈയാണ്. പുഞ്ചിരിമട്ടമാണ്. അത് നാളെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശം ഏതുമാകാം എന്നോർക്കവേ ഭയം തോന്നുന്നു.

വയനാടൻ മനുഷ്യരുടെ ആകുലതകളും ആശങ്കകളും അതിജീവനസമരങ്ങളും പറയുമ്പോൾ മണ്ണിന്റെയും മലയുടെയും കാടിന്റെയും പുഴയുടെയുമൊക്കെ ചെറുനിശ്വാസങ്ങൾ കൂടി നമുക്ക് കേൾക്കാം. വയനാടൻ ജീവിതം പ്രകൃതിയുമായി അത്രമേൽ ഇണങ്ങിയതാണ്. ഈ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ പുഴയുടെ കലക്കത്തെ പറ്റി, അസാധാരണമായ ചളിമണത്തെ പറ്റി, രാത്രിയിൽ ഉപദ്രവിക്കാതെ കൂട്ടുനിന്ന ആനകളെപ്പറ്റി, കാടിറങ്ങി അവയുടെ സഞ്ചാരത്തെ പറ്റിയെല്ലാം പറയുന്നത് നമ്മൾ കേട്ടതാണല്ലോ. അത് കേവലം കാൽപനികതയല്ല; പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംവേദനമാണ്.

ഉരുൾപൊട്ടലുണ്ടായപ്പോൾ ഉപദ്രവിക്കാതെ രാത്രിമുഴുവൻ കൂട്ടുനിന്ന ആനയെക്കുറിച്ച് സംസാരിക്കുന്ന പ്രദേശവാസി / Watch Video Here
ഉരുൾപൊട്ടലുണ്ടായപ്പോൾ ഉപദ്രവിക്കാതെ രാത്രിമുഴുവൻ കൂട്ടുനിന്ന ആനയെക്കുറിച്ച് സംസാരിക്കുന്ന പ്രദേശവാസി / Watch Video Here

ഏതേത് മരങ്ങൾ എപ്പോൾ പൂക്കുമെന്നും തളിർക്കുമെന്നും എപ്പോൾ ഇലകൊഴിക്കുമെന്നും അവർക്കറിയാം. കിളിക്കൂടുകൾ എവിടെയുണ്ടെന്നും ഓരോ കൂട്ടിലും ഏത് കിളിയെന്നും ഓരോന്നും അടയിരിക്കുന്ന കാലമേതെന്നുമറിയാം. ആനവഴിത്താരയും നരിമടകളും ഗുഹകളുമറിയാം. മീൻമുട്ടകൾ വിരിയണ കാലമേതെന്നറിയാം. ചുഴികൾ എവിടെയെന്നും ചീങ്കണ്ണിമടകൾ എങ്ങെന്നുമറിയാം.”
(വല്ലി)

ഉരുൾപൊട്ടലിന്റെ സ്വാഭാവിക കാരണങ്ങൾ പെരുമഴയും കുന്നിൻ ചെരിവും മണ്ണിന്റെയും പാറയുടെയും ഘടനയുമൊക്കെയാണെങ്കിലും, ഭൂമി വിനിയോഗത്തിലെ അശാസ്ത്രീയതയും കാടു തെളിച്ചുണ്ടാക്കിയ തോട്ടങ്ങളും നീർചാലുകളെ പരിഗണിക്കാതെയുള്ള നിർമ്മിതികളും മേലാവരണം നഷ്ടപ്പെട്ട കുതിർന്ന മണ്ണും വർദ്ധിച്ച ജനസാന്ദ്രതയും എല്ലാം ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചെന്ന് വിദഗ്ധർ സമ്മതിക്കുന്നുണ്ട്. മനുഷ്യ ഇടപെടൽ കഴിഞ്ഞ നൂറ്റാണ്ടിൽ വയനാടൻ ജീവിതത്തിനും പ്രകൃതിക്കും വലിയ പരിവർത്തനം വരുത്തിയിട്ടുണ്ട്. ചൂഷണവിധേയമാകുന്ന പ്രകൃതി ഒരിക്കൽ പ്രതികരിക്കാതിരിക്കുമോ? പുഴ അതൊഴുകിയ വഴിയിലെ ദുർഘട തടസ്സങ്ങളെ തട്ടിത്തെറിപ്പിക്കാതിരിക്കുമോ?

തോട്ടങ്ങളുണ്ടാക്കാൻ മല കയറിയ ബ്രിട്ടീഷ് അധിനിവേശക്കാലം തൊട്ട് മനുഷ്യൻ വയനാടൻ മണ്ണിനോടും കാടിനോടും ചെയ്ത അതിക്രമങ്ങൾ ചില്ലറയല്ല. ഞങ്ങളുടെ ചെറുപ്പകാലത്ത് കാടും നാടും നിറയേ മഞ്ഞുപെയ്തിരുന്നു. എക്കാലത്തും ഇവിടെ കുളിരുണ്ടായിരുന്നു. അങ്ങനെയൊരു കാലമുണ്ടായിരുന്നെന്ന് വയനാട്ടിലെ പുതുതലമുറയ്ക്ക് വിശ്വസിക്കാൻ പോലും പ്രയാസമായിരിക്കും. അത്രമേൽ മാറിക്കഴിഞ്ഞു നാട്. ആ പരിവർത്തനത്തിനു സാക്ഷികളാണ് ഞങ്ങൾ. കാടു മാത്രമല്ല ജലസംഭരണികളായ നെൽവയലുകളും കുളങ്ങളും എല്ലാം അപ്രത്യക്ഷമായി. തോടുകളും കൈതക്കാടുമില്ലാതായി.

പ്രകൃതിയോട് എഴുത്തുകാർ പുലർത്തുന്ന സമീപനങ്ങൾ വിമർശനവിധേയമാകുന്ന കാലമാണല്ലോ. ക്വാറികളെ കുറ്റം പറഞ്ഞാൽ പരിസ്ഥിതി തീവ്രവാദിയാകും. വനനശീകരണത്തെക്കുറിച്ച് പറഞ്ഞാൽ വനത്തിലാണ് ഉരുൾപൊട്ടിയതെന്ന് പറയും. പാരിസ്ഥിതിക മൗലികവാദം തെറ്റാണ്. മനുഷ്യ ജീവനും ഉപജീവനവും തന്നെയാണ് ഏറ്റവും പ്രധാനം. എന്നാൽ പ്രകൃതിക്കുനേരെയുള്ള ഭീകരമായ കയ്യേറ്റങ്ങളെ എതിർക്കാതിരിക്കുന്നത് ചൂരൽമലകൾ ആവർത്തിക്കാനുള്ള വഴിയൊരുക്കലാണ്. തീർച്ചയായും മനുഷ്യനുമേൽ പ്രകൃതിയെ മഹത്വവത്ക്കരിക്കാനുള്ള ശ്രമമല്ലത്.

നാനാജാതി മരങ്ങൾ, ജന്തുജാതികൾ, പക്ഷികൾ, കുറ്റിക്കാടുകൾ, മുൾപ്പടർപ്പുകൾ, മുളകൾ. കരിയിലകൾ, ഉരഗങ്ങൾ, ഉറുമ്പുകൾ, മണ്ണിരകൾ, പ്രാണികൾ എല്ലാമടങ്ങുന്ന ആവാസവ്യവസ്ഥയാണ് കാട്. ഇതിൽ ഓരോന്നിനും മണ്ണിന്റെ, പ്രകൃതിയുടെ, നീരുറവകളുടെ സന്തുലനത്തിൽ പങ്കുണ്ടല്ലോ. മനുഷ്യന്റെ നിലനിൽപ്പ് ഈ സന്തുലനത്തിലാണ് എന്ന സത്യം അറിഞ്ഞിട്ടും നമ്മൾ അവഗണിച്ചു കളയുന്നു.

“ഗ്രാമം നിസ്സഹായയായി നോക്കിനിൽക്കെ തമ്പ്രാൻകുന്ന് ഇടിയാൻ തുടങ്ങി. മണ്ണിന്റെ യഥാർത്ഥ അവകാശികൾ വിരട്ടിയോടിക്കപ്പെട്ടു. കോളനികൾ മണ്ണിനടിയിലായി. കല്ലുവയലിലെ വനംകൊള്ളക്കാർ ഒരു ജന്മത്തിൽ നശിപ്പിച്ചതിനേക്കാൾ വനം ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി. കാട് കരയാൻ പോലും മറന്നു. മൃഗങ്ങളായ മൃഗങ്ങളെല്ലാം ചോലകൾ തേടി പരക്കം പാഞ്ഞു. കിളികളായ കിളികളെല്ലാം കൂടു തേടി കരഞ്ഞു പറന്നു."
(വല്ലി)

കാട് സംരക്ഷിക്കേണ്ട സർക്കാരാണ് ജനങ്ങളെ സംരക്ഷിക്കേണ്ടതും. ഭൂവിനിയോഗത്തിൽ സന്തുലനം വേണം എന്നതാണ് സർക്കാരിനു മുമ്പിലുള്ള വെല്ലുവിളി. പഞ്ചായത്ത് തലം മുതൽ മലനാടൻ പ്രദേശങ്ങളെ കൂടുതൽ സൂക്ഷ്മമായി തരം തിരിച്ചു പഠിച്ചും സോൺ അതിർത്തികൾ നിശ്ചയിച്ചും വേണ്ട ഭേദഗതികളോടെ ഗാഡ്ഗിൽ നിർദ്ദേശങ്ങൾ നടപ്പാക്കേണ്ടതുണ്ട് എന്ന് പ്രകൃതി ഓർമപ്പെടുത്തുകയാണ്. മലനാട്ടിലെ ജനങ്ങൾക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം. അവർക്ക് ഭൂമിയിൽ കൃഷിചെയ്യാൻ കഴിയണം. മറിച്ച്, കുത്തക മുതലാളിമാരുടെ പദ്ധതികൾക്കുള്ള അവസരമാക്കി പരിസ്ഥിതിലോല പ്രദേശങ്ങൾ തുറന്നുകൊടുക്കുന്നതിനെയാണ് എതിർക്കേണ്ടത്. പണ്ടെന്നോ കുത്തകകൾക്ക് പാട്ടത്തിനു കൊടുത്ത ഭൂമി ഇന്നും അവർ തന്നെ കൈയ്യാളുമ്പോൾ പാവപ്പെട്ടവർ ദുർബല പ്രദേശങ്ങളിലും അപകടമേഖലകളിലും താമസിയ്ക്കാൻ നിർബന്ധിതരാവുന്നു. മഴയുടെ അളവും മറ്റും രേഖപ്പെടുത്തി ജനത്തെ മുൻകൂട്ടി അറിയിയ്ക്കാനുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുമുണ്ട്.

മലനാട്ടിലെ ജനങ്ങൾക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം. അവർക്ക് ഭൂമിയിൽ കൃഷിചെയ്യാൻ കഴിയണം. മറിച്ച്, കുത്തക മുതലാളിമാരുടെ പദ്ധതികൾക്കുള്ള അവസരമാക്കി പരിസ്ഥിതിലോല പ്രദേശങ്ങൾ തുറന്നുകൊടുക്കുന്നതിനെയാണ് എതിർക്കേണ്ടത്.

കാട് ഇല്ലാതാക്കാൻ കുത്തകകൾക്ക് ഒരാഴ്ച മതി. തൂമ്പകൾ കൊണ്ട് കർഷകർ പണിത മണ്ണിൽ മണ്ണുമാന്തികൾ പണി തുടങ്ങുമ്പോൾ നീർച്ചാലുകളുടെ പാതകൾക്കും ഉറച്ച പാറകൾക്കുമെല്ലാം ഇളക്കമുണ്ടാവുന്നു. അത് ദുരന്തങ്ങളുടെ ആക്കം കൂട്ടാൻ കാരണമാകുമെന്നതിന് ചൂരൽമല ഉദാഹരണം മാത്രം. ഇനിയിപ്പോൾ കോഴിക്കോട് വയനാട് തുരങ്ക പാത ഈ ദുരന്തമലയുടെ ഹൃദയത്തിലൂടെയാണ് പ്ലാൻ ചെയ്യുന്നത്. അത് മലകളെ, മലമുകളിലെ ജീവിതത്തെ, എത്രമാത്രം അസ്ഥിരപ്പെടുത്തുമെന്ന് സത്യത്തിൽ ഭയമുണ്ട്.

“ഗ്രാമത്തിൽ നീ എത്തിച്ചേരുന്ന മഞ്ഞുകാലത്ത്, അവശേഷിച്ചേക്കാവുന്ന അവസാന നീർച്ചാലിനരികിൽ, പുഴയുടെ അവസാന മുദ്രയായ ചീങ്കണ്ണിപ്പാറയിൽ കണ്ണടച്ച് അൽപമിരിക്കൂ. മറയുന്ന കാടിൻറെ ആത്മാവിൽ നിന്നുയരുന്ന ബാഷ്പകണം നിന്നെ ഉമ്മ വയ്ക്കുവോളം.’’
(വല്ലി)

ദുരന്തമുഖത്തുനിന്ന് ആൾക്കൂട്ടം മടങ്ങും. ആളും ആരവവും ഒതുങ്ങും. എല്ലാം നഷ്ടമായ ജനം, അവർ മാത്രം ബാക്കിയാവും. എങ്ങനെ ജീവിക്കും പിന്നെയവർ? പുനരധിവാസത്തിനായി സർക്കാർ സംവിധാനങ്ങളും സുമനസ്സുകളും ഉണർന്നു പ്രവർത്തിക്കുന്നതിൽ പ്രതീക്ഷയുണ്ട്. പുത്തുമല ദുരന്തത്തിൽ സംഘടനകൾ അഞ്ചു വർഷം മുമ്പ് പണിതു നൽകിയ വീടുകൾ ചോർന്നൊലിയ്ക്കാൻ തുടങ്ങിയെന്നും ഏഴു സെന്റിൽ മാലിന്യകുഴി പോലും കുത്താൻ സ്ഥലമില്ലാതെ തിങ്ങിഞെരുങ്ങി കഴിയുകയാണെന്നും പരാതി ഉയരുന്നുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തിൽപ്പെട്ടവർക്ക് മാന്യമായി ജീവിക്കാനുതകുന്ന സ്ഥലങ്ങൾ കിട്ടുമോ? അവർക്ക് വരുമാനമാർഗ്ഗം കണ്ടെത്താനാവുമോ? കുട്ടികൾക്ക് പഠിക്കാനാവുമോ? വലിയൊരു യജ്ഞമാണ് സർക്കാരിന്റെ മുന്നിലുള്ളത്. നമ്മുടേയും. വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും നിർദ്ദേശങ്ങളും ദേശവാസികളുടെ അറിവും ഉപയോഗപ്പെടുത്തി നമ്മുടെ മലനാട് ഉയിർത്തെഴുന്നേൽക്കുമെന്നു പ്രതീക്ഷിക്കാം. അപ്രത്യക്ഷമായ ദേശമേ, പ്രിയപ്പെട്ട മനുഷ്യരേ, ഒപ്പമുണ്ട് ഞങ്ങൾ...

“അവനെ ചുടലയിലേക്കെടുക്കുമ്പോൾ രുക്കു കരഞ്ഞില്ല. കരയുന്നത് അവൾക്കിഷ്ടമല്ല. ആയിരം മരങ്ങളായ് പുല്ലായ് നെല്ലായ് കല്ലുവയലിൽ ബസവൻ പുനർജനിക്കുമെന്ന് അവൾ വിശ്വസിച്ചു.
നിനക്കെപ്പളും വയൽചളിയുടെ ചൂരാ ബസവാ... രുക്കു പറയാറുണ്ടായിരുന്നു.
ആ ചൂരില്ലാതാവുമ്പം ഞാൻ ചത്തുപോവും രുക്കൂ... ബസവൻ പറയും.
അതുകൊണ്ടാണോ ബസവാ നീ ചത്തുപോയത്? ’’ (വല്ലി)


Summary: Renowned Malayalam Novelist Sheela Tomy writes about Wayanad. She remembers about writing her novel Valli on the wake of Wayanad Mundakkai landslides.


ഷീലാ ടോമി

നോവലിസ്​റ്റ്​, കഥാകൃത്ത്​. ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു. ഗൾഫിലെ റേഡിയോകളിൽ പുസ്തക അവതാരക, സ്​ക്രിപ്​റ്റ്​ റൈറ്റർ, ഗാനരചയിതാവ്. മെൽക്വിയാഡിസിന്റെ പ്രളയ പുസ്​തകം (കഥ), വല്ലി (നോവൽ), ആ നദിയോട് പേരുചോദിക്കരുത്(നോവല്‍) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments