കാവേരിയുടെ കാമുകനായ സന്യാസിക്ക് വിട

കാവേരിക്കും, അതുത്ഭവിക്കുന്ന ബ്രഹ്മഗിരിയുൾപ്പെടുന്ന പശ്ചിമഘട്ട മലനിരകൾക്കുംവേണ്ടി ജീവിതകാലമത്രയും പരിത്യാഗിയായി ജീവിച്ച ഒരു വയോധികനെ ബ്രഹ്മഗിരിയുടെ ക്ഷുഭിതപ്രവാഹങ്ങൾ ഒഴുക്കിക്കൊണ്ടുപോയി എന്ന ക്രൂരവൈപരീത്യമാണ് എന്നെ വേദനിപ്പിക്കുന്നത്. കഴിഞ്ഞദിവസം ബ്രഹ്മഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയ വീടിനൊപ്പം മണ്ണുമൂടിയൊടുങ്ങിയ സ്വാമി ആനന്ദതീർത്ഥയ്ക്കുള്ള ചരമോപചാരക്കുറിപ്പാണിത്

ക്തർ മോക്ഷപ്രാപ്തിക്ക് സ്‌നാനം ചെയ്യുന്ന തീർത്ഥങ്ങളിലെല്ലാം ഗംഗ ഉൾപ്പടെ ഏഴു പുണ്യനദികളും ലയിച്ചുചേരട്ടെ എന്ന പ്രാർത്ഥനയാണ് സപ്ത നദീസ്തവത്തിന്റെ സാരം. ദക്ഷിണേന്ത്യൻ നദിയായ കാവേരിയാണ് വേദകാലം മുതൽ പുണ്യതീർത്ഥമായി കരുതപ്പെടുന്ന ആ ഇന്ത്യൻ നദികളിലൊന്ന്. അത് പിറവിയെടുക്കുന്ന ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരി മുതൽ കടലിൽച്ചേരുന്ന പൂംപുഹാർ വരെ അനേകം തീർത്ഥസ്ഥാനങ്ങളിൽ നൂറ്റാണ്ടുകളായി അരങ്ങേറുന്ന നദീപൂജകളിലും അനുഷ്ഠാനങ്ങളിലും കാവേരി മോക്ഷപ്രദായിനി മാത്രമല്ല; മനുഷ്യർക്ക് അന്നം നൽകുന്ന അനുഗ്രഹദായിനിയുമാണ്. കന്നടഭാഷയിലെ നാടോടിപ്പാട്ടുകളിൽ കാവേരി അന്നദായിനിയായ കാവേരമ്മ തന്നെയാണല്ലോ. കാർഷിക സംസ്‌കൃതിയുടെ ഏതോ ഘട്ടത്തിൽ നദികളോടുള്ള നന്ദിസൂചകമായി ആരംഭിച്ച പ്രസാദാത്മകമായ ഒരു ചേഷ്ഠയായിരിക്കാം ഒരുവേള നദീപൂജയായി വേഷപ്പകർച്ച നേടിയത്.

കാവേരിയിൽ ജലനിരപ്പുയരുന്ന വർഷകാലാരംഭത്തിൽ തമിഴ്ജനത ആഘോഷിക്കുന്ന ആടിപ്പെരുക്കുത്സവമോർക്കുക. കാവേരിയുടെ പ്രഭവസ്ഥാനത്ത് ദേവതാസങ്കൽപ്പത്തിൽ പൂജിക്കപ്പെടുന്ന പ്രധാന മൂർത്തി കാവേരീതീർത്ഥമാണ്. ഈശ്വരാരാധനയുമായി ബന്ധപ്പെട്ട വൈദികമിത്തുകളെ പിന്തുടരുന്ന ഭക്തർക്ക് സ്വീകാര്യമാവാനിടയില്ലാത്ത ഈ നിരീക്ഷണത്തിലേക്ക് എന്നെ നയിച്ചത് സ്വാമി ആനന്ദതീർത്ഥയെന്ന വയോധികനായ ഹിന്ദുസന്യാസിയാണ്.
മുന്നൂറ് വർഷങ്ങളായി കാവേരീതീർത്ഥോത്ഭവത്തിന്റെ കാവൽക്കാരും

ആനന്ദതീർത്ഥയുടെ തിരോധാനം സൃഷ്ടിച്ച വൈയക്തിക സങ്കടങ്ങളോടൊപ്പം ആ അസാന്നിദ്ധ്യം സൃഷ്ടിക്കുവാനിടയുള്ള ഒരു സാമൂഹികവിപത്തിനെക്കുറിച്ചുള്ള ഉൽക്കണ്ഠയും ഇപ്പോൾ എന്നെ അലട്ടുന്നുണ്ട്

അർച്ചകരുമായ ഒരു വൈദികബ്രാഹ്മണ കുടുംബത്തിലെ ഒടുവിലത്തെ കണ്ണിയും പ്രകൃത്യുപാസകനുമായിരുന്നു സ്വാമി ആനന്ദതീർത്ഥ. കഴിഞ്ഞദിവസം ബ്രഹ്മഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയ വീടിനൊപ്പം മണ്ണുമൂടിയൊടുങ്ങിയ സ്വാമി ആനന്ദതീർത്ഥയ്ക്കുള്ള ചരമോപചാരക്കുറിപ്പാണിത്.

ബ്രഹ്മഗിരി മലനിരകളുടെ ഉച്ചിയിൽനിന്നുത്ഭവിക്കുന്ന കാവേരിയുടെ ആദ്യ ഉറവ ചെറിയ നീർച്ചാലായി താഴേക്കൊഴുകുന്നത്, മലഞ്ചെരിവിലെ ഒരിടുക്കിൽ ഏഴരപ്പതിറ്റാണ്ടിലേറെയായി സുരക്ഷിതമായിരുന്ന സ്വാമിയുടെ കുടുംബവീടിന്റെ വലതുഭാഗത്തുകൂടെയായിരുന്നു.

ഉരുൾപൊട്ടലിൽ അപ്രത്യക്ഷമായ വീടുണ്ടായിരുന്ന സ്ഥലം

Photo: Star of Mysore
ഉരുൾപൊട്ടലിൽ അപ്രത്യക്ഷമായ വീടുണ്ടായിരുന്ന സ്ഥലം

Photo: Star of Mysore

കഴിഞ്ഞ ആറാം തീയതി അർദ്ധരാത്രി ഉരുൾപൊട്ടലിൽ കാവേരിയുടെ ആ ഉറവയും ബ്രഹ്മഗിരിയുടെ മറ്റനേകം അദൃശ്യ ജലസ്രോതസ്സുകളും ഒഴുക്കിക്കൊണ്ടുവന്ന മണ്ണും പാറകളും ചരൽക്കല്ലുകളും സ്വാമിയുടെ വീടിനെ മൂടിക്കളഞ്ഞുവെന്ന വൃത്താന്തം എനിക്ക് വലിയൊരാഘാതമായിരുന്നു. കാരണം, സ്വാമി ആനന്ദതീർത്ഥയുമായും ആ അർച്ചക കുടുംബവുമായും എനിക്കുണ്ടായിരുന്നത് രണ്ടരപ്പതിറ്റാണ്ടിലേറെക്കാലത്തെ ആത്മബന്ധമാണ്. ഇപ്പോൾ, മൂന്നാം ദിവസം ഈ കുറിപ്പെഴുതാനിരിക്കുമ്പോഴാണ് ഉരുൾപൊട്ടലിൽ വീടിനൊപ്പം അപ്രത്യക്ഷമായ സ്വാമിയുടെ മൃതശരീരം കണ്ടെത്തിയെന്ന വാർത്തയെത്തിയത്.

നാരായണാചാർ എന്ന പ്രകൃതിസ്‌നേഹി

തലക്കാവേരിയിൽ, കാവേരീതീർത്ഥോത്ഭവത്തിനരികിൽ ജനിച്ചുവളർന്ന സ്വാമി ആനന്ദതീർത്ഥയുമായി തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഞാൻ പരിചയത്തിലാവുന്നത്. പ്രകൃതിസംരക്ഷണ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ സേതുമാധവൻ എന്ന, സ്വാമിയുടെ മുൻപരിചയക്കാരനായ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ സ്‌നേഹിതനെന്ന നിലയിലായിരുന്നു ആ സൗഹൃദം തുടങ്ങിയതെങ്കിലും അക്കാലത്ത് തലക്കാവേരിയിലെ പതിവുസന്ദർശകനായിരുന്ന എന്നെ ഒരു ചിരകാല സ്‌നേഹിതനെപ്പോലെയാണ് അദ്ദേഹം പരിഗണിച്ചിരുന്നത്. ഏറ്റവുമൊടുവിൽ നാല് വർഷംമുമ്പാണ് പ്രിയ ചങ്ങാതി മാങ്ങാട് രത്‌നാകരനോടൊപ്പം ഒരു ടെലിവിഷൻ അഭിമുഖത്തിന്​ സ്വാമിയെ സന്ദർശിച്ചത്. എൺപതുകാരനായ സ്വാമി പ്രായാധിക്യം മറന്ന് ഞങ്ങളെ കുന്നിൻമുകളിലെ ക്ഷേത്രപരിസരങ്ങളിലൂടെ അനുഗമിച്ചു. വിനോദസഞ്ചാരികളും തീർത്ഥാടകരും വ്യവസായശാലകളും മലിനമാക്കുന്ന കാവേരിയെക്കുറിച്ചും വികസനത്തിന്റെ മറവിൽ നടക്കുന്ന അമിതമായ പ്രകൃതിചൂഷണത്തിന്റെ ഫലമായുള്ള പാരിസ്ഥിതികാഘാതത്തെക്കുറിച്ചുമായിരുന്നു അന്നും സ്വാമി ഞങ്ങളോട് ദീർഘമായി സംസാരിച്ചത്. ആ ഉൽക്കണ്ഠ തന്നെയായിരുന്നു ബോംബെയിൽ അദ്ധ്യാപകനായിരുന്ന നാരായണാചാർ എന്ന പ്രകൃതിസ്‌നേഹിയെ സന്യാസജീവിതത്തിലേക്ക് നയിച്ചതും.

ഒ.കെ ജോണി സ്വാമിയ്ക്കൊപ്പം       ഫോട്ടോ/റഷീദ്
ഒ.കെ ജോണി സ്വാമിയ്ക്കൊപ്പം ഫോട്ടോ/റഷീദ്

എൺപതുകളിൽ പശ്ചിമഘട്ടസംരക്ഷണത്തിന് പ്രകൃതിസ്‌നേഹികളുടെയും പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും പൊതുപ്രവർത്തകരുടെയും എഴുത്തുകാരുടെയുമെല്ലാം നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത നൂറ് ദിവസംനീണ്ടുനിന്ന പശ്ചിമഘട്ടരക്ഷായാത്ര എന്ന ബോധവൽക്കരണ ജാഥയിൽ അണിചേരാൻ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചിറങ്ങിത്തിരിച്ച അവിവാഹിതനായ നാരായണാചാർ, ലൗകികാസക്തികളെല്ലാം ഉപേക്ഷിച്ച് സ്വാമി ആനന്ദതീർത്ഥയാവുകയായിരുന്നു. ഭൗതികജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിൽനിന്ന് അമൂർത്തമായ ആത്മീയതയിലേക്ക് പലായനം ചെയ്യുന്നതിനുപകരം, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ നാനാർത്ഥങ്ങൾ തേടുന്ന ഒരു മതേതര മാനവികതയെ സംബന്ധിച്ച

ആനന്ദതീർത്ഥയും മുഖ്യപൂജാരിയായ സഹോദരനും ആ കുടുംബവും നാമാവശേഷമായതോടെ, സ്ത്രീകളെ തടയാനുള്ള പദ്ധതി നടപ്പിലാക്കുക പ്രയാസകരമാവില്ലെന്നതാണ് കുടകിലെ മഹാഭൂരിപക്ഷം സ്ത്രീകളെയും പരിസ്ഥിതിവാദികളേയും പോലെ എന്റെയും ആശങ്ക

ദർശനമായിരുന്നു ആനന്ദതീർത്ഥയുടെ സന്യാസജീവിതത്തെ നിർണ്ണയിച്ചത്. തനിക്ക് വൈകാരികബന്ധവും നേരിട്ടറിവുമുള്ള കാവേരിയുടെയും പശ്ചിമഘട്ടത്തിന്റെയും സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രവർത്തനമണ്ഡലം. സമാനമനസ്‌കരുമായി സംവദിച്ചും പ്രകൃതിസംരക്ഷണപ്രവർത്തനങ്ങളിൽ നേരിട്ട് ഭാഗമായിക്കൊണ്ടുമാണ് ആനന്ദതീർത്ഥ സന്യാസജീവിതത്തെ സാർത്ഥകമാക്കിയത്.

മതേതരവാദിയായ സന്യാസി

കാവേരീനദിയെക്കുറിച്ചുള്ള മതപരമായ ഐതിഹ്യങ്ങളും അതിനെ

ചൂഴ്ന്നുനിൽക്കുന്ന ഭക്തിപരിവേഷവും ആ നദി ഉത്ഭവിക്കുന്ന ബ്രഹ്മഗിരി മലനിരകളുടെ സംരക്ഷണത്തിന് ഉതകുമെങ്കിൽ അത്തരം നിർദ്ദോഷങ്ങളും കാവ്യാത്മകവുമായ വിശ്വാസങ്ങൾ നിലനിൽക്കട്ടെയെന്ന് കരുതിയ മതേതരവാദിയായ സന്യാസിയായിരുന്നു ആനന്ദതീർത്ഥ. അതുകൊണ്ടാണ്, കാവേരീതീർത്ഥത്തെ സംബന്ധിച്ച് ഒരുപക്ഷെ, ഭക്തന്മാർക്ക് ഹിതകരമായിരിക്കാനിടയില്ലാത്ത ഒരു വസ്തുത ഒരിയക്കൽ അദ്ദേഹം എന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തലക്കാവേരിയിൽ കാവേരിയുടെ ഉത്ഭവസ്ഥാനമായി ഭക്തർ പൂജിക്കുന്ന കല്ലുകെട്ടിയ ചെറിയ ജലചത്വരം കാവേരിയുടെ അനേകം ഉറവകളിലൊന്നുമാത്രമാണെന്നും, കാവേരിയുടെ ഇടമുറിയാത്ത സ്രോതസ് വേറെയാണെന്നും എന്റെ രണ്ടാമത്തെ സന്ദർശനവേളയിലാണ് സ്വാമി പറഞ്ഞത്. ബ്രഹ്മഗിരി മലയുടെ ഏറ്റവും ഉയരത്തിലുള്ള പുൽമേടുകൾക്കിടയിൽനിന്ന് ക്ഷേത്രത്തിന്റെ ഇടതുവശത്തുകൂടി

കാവേരിയുടെ നിത്യകാമുകനായിരുന്ന സ്വാമി ആനന്ദതീർത്ഥയെ കാവേരിതന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു

താഴേക്കൊഴുകുന്ന ആ നീരൊഴുക്ക് അദ്ദേഹം ഞങ്ങൾക്ക് കാണിച്ചുതന്നു. അതുതന്നെയാണ് കാവേരിയെന്ന് ബോദ്ധ്യപ്പെടാനായി ആ ഉറവയെ പിൻതുടർന്ന് ചെങ്കുത്തായ പാറയിടുക്കുകളിലൂടെ കാവേരി ഒരു ചെറിയ പുഴയായിമാറുന്ന താഴ്‌വാരത്തെ ചേരങ്കാല ഗ്രാമം വരെ ഞങ്ങൾക്ക് വഴികാട്ടിയായി വന്നതും ആനന്ദതീർത്ഥയായിരുന്നു.

കാവേരിയുടെ യഥാർത്ഥ ഉറവ

മലയിടിച്ചിലിൽത്തകർന്ന സ്വാമിയുടെ വീടിന്റെ ചിതറിയ അവശിഷ്ടങ്ങളും നനഞ്ഞുകുത്തിളകിയ പുസ്തകങ്ങളും നാല് കിലോമീറ്റർ അകലെ താഴ്‌വരയിലെ ചേരങ്കാല ഗ്രാമത്തിൽ കണ്ടെത്തിയെന്ന വാർത്ത വായിച്ചപ്പോൾ, ആനകൾ മേയുന്ന ചെങ്കുത്തായ മലങ്കാടിനുള്ളിലൂടെ സ്വാമിയോടൊപ്പം 2003-ൽ ഞങ്ങൾ ചേരങ്കാലയിലേക്ക് നടത്തിയ യാത്രയാണ് ഞാനോർത്തത്. ചേരങ്കാലയിലെത്തുമ്പോഴേക്കും ചെറിയൊരു പുഴയായി മാറുന്ന കാവേരിയിലെ പാറക്കല്ലിൽ വിശ്രമിക്കുമ്പോൾ സ്വാമി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ച ചോദ്യം ഞാനോർമ്മിക്കുന്നുണ്ട്: ‘ഇപ്പോഴുറപ്പായില്ലേ കാവേരിയുടെ യഥാർത്ഥ ഉറവ ഏതാണെന്ന്?'

മറ്റൊന്നുകൂടി എനിക്കിപ്പോൾ ഉറപ്പായിരിക്കുന്നു. കാവേരിയുടെ നിത്യകാമുകനായിരുന്ന സ്വാമി ആനന്ദതീർത്ഥയെ കാവേരിതന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തലക്കാവേരിയിൽനിന്ന് പൂംപുഹാർ വരെ ഒരുമിച്ചൊരു യാത്രപോകാമെന്ന വാഗ്ദാനം ബാക്കിയാക്കി, സ്വാമി തലക്കാവേരിയിൽനിന്ന് കുടുംബസമേതം യാത്രയായിരിക്കുന്നു.

കാവേരിയുടെ ആദ്യ ഉറവയ്ക്കരികിൽനിന്ന് സ്വാമിയുടെ വീടിന്റെ കാഴ്ച(2008) ഫോട്ടോ/ഒ.കെ ജോണി
കാവേരിയുടെ ആദ്യ ഉറവയ്ക്കരികിൽനിന്ന് സ്വാമിയുടെ വീടിന്റെ കാഴ്ച(2008) ഫോട്ടോ/ഒ.കെ ജോണി

കാവേരിയുടെ ആദ്യ ഉറവയക്കരികിൽ നിൽക്കുമ്പോൾ സ്വാമി താഴേയ്ക്ക് കൈചൂണ്ടി കാണിച്ചുതന്ന അദ്ദേഹത്തിന്റെ വീടിന്റെ കുറേചിത്രങ്ങളും ഞാനെടുത്തിരുന്നു. ഇപ്പോൾ, ആ വീടുണ്ടായിരുന്ന ദിക്കാകെ അറുപത്തിയഞ്ചടിയോളം ഉയരത്തിൽ മണ്ണും പാറയും മൂടിക്കിടക്കുന്ന ഒരു വാർത്താ ചിത്രവും കന്നട പത്രങ്ങളിൽ കാണാനിടയായി. അന്നദ്ദേഹം പറഞ്ഞ വാക്കുകൾ, കാവേരിയെക്കുറിച്ചുള്ള പുസ്തകത്തിൽ ഞാൻ അതേപടി ഉദ്ധരിച്ചിരുന്നു. അതിങ്ങനെയാണ്: ‘ഒഴുകുന്ന ദിക്കിലെല്ലാം പൂജിക്കപ്പെടുന്നുണ്ടെങ്കിലും മനുഷ്യന്റെ മാലിന്യസ്പർശമേൽക്കാത്ത കാവേരീതീർത്ഥം ഇതുമാത്രമാണ്. സംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്ന നദീതടങ്ങൾ പ്രകൃതിവിരുദ്ധസംസ്‌കാരത്തിന്റെ വിളനിലങ്ങളായിക്കഴിഞ്ഞു. ആലോചിച്ചാൽ, കാവേരിയുടെ പരിശുദ്ധമായ ഈ ജലപ്രാന്തത്തിൽ ജനിച്ചുവളരാൻ കഴിഞ്ഞതാണ് എന്റെ സൗഭാഗ്യമെന്നുപോലും ചിലപ്പോൾ തോന്നും.'

കാവേരിയോടുള്ള മതാതീത ഭക്തി

പിന്നീടൊരിക്കൽ, കാവേരിയോടുള്ള തന്റെ ഭക്തി മതാതീതമാണെന്നും സമസ്ത ജന്തുജാലങ്ങളുടെയും നിലനിൽപ്പിനാധാരമായ ഒരു പ്രകൃതിപ്രതിഭാസമെന്ന നിലയിലാണ് കാവേരിയെയും ഇതരനദികളെയും താൻ കാണുന്നതെന്നും സ്വാമി പറഞ്ഞു. ഹിന്ദുദേവതകളെ ആരാധിക്കുക പതിവില്ലാതിരുന്ന കുടകിലെ കർഷകരായ കൊടവർ എന്ന തദ്ദേശിയ ഗോത്രസമുദായത്തിനുമാത്രമല്ല, കാർഷികവൃത്തിയുടെ ദീർഘപാരമ്പര്യമുള്ള തെന്നിന്ത്യയിലെ സമുദായങ്ങൾക്കെല്ലാം കാവേരി പ്രിയനദിയായതിന്റെ കാരണവും ഇതായിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

കാവേരിയോടുള്ള തന്റെ ഭക്തി മതാതീതമാണെന്നും സമസ്ത ജന്തുജാലങ്ങളുടെയും നിലനിൽപ്പിനാധാരമായ ഒരു പ്രകൃതിപ്രതിഭാസമെന്ന നിലയിലാണ് കാവേരിയെയും ഇതരനദികളെയും താൻ കാണുന്നതെന്നും സ്വാമി പറഞ്ഞു.

കടുത്ത ഇസ്‌ലാമിക വിശ്വാസിയും വിഗ്രഹാരാധനാ വിരോധിയുമായിരുന്ന ടിപ്പുസുൽത്താൻപോലും, അൽപകാലം തന്റെ അധീനതയിലായിരുന്ന കുടക് സന്ദർശിച്ചപ്പോൾ കാവേരീതീർത്ഥത്തെ വണങ്ങുവാൻ ഇവിടെവന്നിരുന്നുവെന്ന് അക്കാലത്തും ഇവിടെ അർച്ചകരായിരുന്ന ആനന്ദതീർത്ഥയുടെ കുടുംബം തലമുറകളായി വിശ്വസിക്കുന്നു. തലക്കാവേരിയിലെ ആശ്രമപാർശ്വത്തിൽനിന്ന് തെല്ലുദൂരെ തകർന്നടിഞ്ഞ ഒരു കൽമണ്ഡപത്തിന്റെ അവശിഷ്ടങ്ങളാണ് ആ സന്ദർശനത്തിന്റെ അടയാളമായി ഇന്നുള്ളത്. ഭാഗമണ്ഡലയിലെത്തിയ ടിപ്പുസുൽത്താൻ കുതിരയോടിച്ചുവന്ന പഴയ കാട്ടുപാതയോരത്തുള്ള ആ ശിലാവശിഷ്ടങ്ങൾ സുൽത്താൻ കല്ലെന്നും സലാം കല്ലെന്നുമാണ് അറിയപ്പെടുന്നത്.

ടിപ്പു സുൽത്താൻ മണ്ഡപത്തിന്റെ ശിലാവശിഷ്ടങ്ങൾ

ഫോട്ടോ/ഒ.കെ ജോണി
ടിപ്പു സുൽത്താൻ മണ്ഡപത്തിന്റെ ശിലാവശിഷ്ടങ്ങൾ

ഫോട്ടോ/ഒ.കെ ജോണി

തന്റെ രാജ്യത്തിന്റെ കാർഷികസമൃദ്ധിക്ക് നിദാനമായ കാവേരിയെ ടിപ്പുസുൽത്താൻ നമസ്‌കരിച്ച ദിക്കിൽ അതിന്റെ സ്മരണയ്ക്കായി അർച്ചകകുടുംബം നിർമ്മിച്ചതായിരുന്നു ആ കൽമണ്ഡപം. അവിടെവെച്ച്, തന്നെ സ്വീകരിക്കുവാനെത്തിയ പൂജാരികുടുംബത്തിന് ഭാരിച്ച ഒരു പണക്കിഴി സമ്മാനിച്ചാണ് ടിപ്പു സുൽത്താൻ മടങ്ങിയതത്രെ. സ്വാമി തന്നെയാണ് അവിടേക്ക് ഞങ്ങളെ നിർബ്ബന്ധപൂർവ്വം കൂട്ടിക്കൊണ്ടുകൊണ്ടുപോയത്. കർണ്ണാടക സർക്കാരിന്റെ ആഭിമുഖ്യത്തിൽ ടിപ്പുസുൽത്താൻ ജയന്തിയാഘോഷത്തിനെതിരെ കുടകിൽ സംഘപരിവാരസംഘടനകളുടെ അക്രമാസക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്ന കാലവുമായിരുന്നു അത്. വർഗീയ രാഷ്ട്രീയമാണ് ടിപ്പു സുൽത്താനെ വർഗീയവാദിയാക്കുവാനുള്ള ശ്രമങ്ങൾക്ക് പിന്നിലെന്ന് തിരിച്ചറിഞ്ഞ സ്വാമി ആനന്ദതീർത്ഥ ഇന്ത്യാചരിത്രത്തെ ആഴത്തിൽ മനസിലാക്കിയ ഒരു സ്വതന്ത്രഗവേഷകനുമായിരുന്നു. സ്വാമിയുടെ ഗ്രന്ഥശേഖരത്തിൽ തിരുവള്ളുവരും നീഷേയും ബുദ്ധനും യേശുവും നബിയും എ.എൽ.ബാഷാമും മസനോബു ഫുക്കുവോക്കയും റൊമീല ഥാപ്പറും ആനന്ദകുമരസ്വാമിയുമെല്ലാം ഇടംപിടിച്ചിരുന്നു. താൻ വളർത്തുന്ന ഏതാനും പശുക്കളും പുസ്തകങ്ങളുമായിരുന്നു, വിശേഷദിവസങ്ങളിലൊഴികെ വിജനമായ ആ മലമുകളിൽ സ്വാമി ആനന്ദതീർത്ഥയുടെ ചങ്ങാതിമാർ.

സ്വാമിയുടെ വേവലാതികൾ

വീണ്ടുമൊരിക്കൽ അവിടെയെത്തുമ്പോൾ, തലക്കാവേരി ഒരു പിൽഗ്രിമേജ് ടൂറിസ്റ്റ് കേന്ദ്രമാക്കുവാനുള്ള സർക്കാർ തീരുമാനത്തിൽ അസ്വസ്ഥനായ സ്വാമിയെയാണ് കണ്ടത്. മലമുകളിലെ മനോഹരവും വിനീതങ്ങളുമായ കോവിലുകൾക്കരികിൽ പുതിയൊരു ക്ഷേത്രസമുച്ചയവും അലങ്കാരസ്തംഭങ്ങളും യാത്രികർക്കുള്ള സൗകര്യങ്ങളുമൊരുക്കുവാൻ കർണ്ണാടക സർക്കാർ പതിനഞ്ചുകോടിയുടെ പദ്ധതിയുണ്ടാക്കിക്കഴിഞ്ഞുവെന്ന വാർത്ത ആയിടെയാണ് പ്രത്യക്ഷപ്പെട്ടത്. വിനോദസഞ്ചാരവും തീർത്ഥാടനവും കൈകോർക്കുമ്പോൾ ഉണ്ടാകുവാൻപോകുന്ന പാരിസ്ഥിതികവിപത്തുകളെക്കുറിച്ചായിരുന്നു സ്വാമിയുടെ വേവലാതി.

തലക്കാവേരി ക്ഷേത്രസമുച്ചയം. ഫോട്ടോ/ഒ.കെ ജോണി
തലക്കാവേരി ക്ഷേത്രസമുച്ചയം. ഫോട്ടോ/ഒ.കെ ജോണി

തലക്കാവേരി ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റിയാണെങ്കിലും ക്ഷേത്രഭരണം പ്രത്യേകം സമിതിയുടെയും ജില്ലാ ഭരണകൂടം നിയമിക്കുന്ന കമീഷണറുടെയും നിയന്ത്രണത്തിലായതിനാൽ നിസ്സഹായനായ അദ്ദേഹം കത്തുകളിലൂടെയും കന്നട പത്രങ്ങളിലെ വായനക്കാരുടെ പംക്തികളിലൂടെയും തന്റെ ആശങ്കകൾ പൊതുജനങ്ങളെയും അധികാരികളെയും അറിയിച്ചുകൊണ്ടിരുന്നു. മുന്നൂറ് വർഷംമുമ്പ് തലക്കാവേരി-ഭാഗമണ്ഡല ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി കുടക് രാജാവ് ഉഡുപ്പിയിൽനിന്ന് കൊണ്ടുവന്ന് കുടിയിരുത്തിയ അർച്ചക

വിനോദസഞ്ചാരവും തീർത്ഥാടനവും കൈകോർക്കുമ്പോൾ ഉണ്ടാകുവാൻപോകുന്ന പാരിസ്ഥിതികവിപത്തുകളെക്കുറിച്ചായിരുന്നു സ്വാമിയുടെ വേവലാതി

കുടുംബാംഗമായ സ്വാമിയുടെ സഹോദരനായിരുന്നു ക്ഷേത്രത്തിലെ മുഖ്യപൂജാരിയും. അദ്ദേഹത്തിന്റെകൂടി പിന്തുണ സ്വാമിക്കുണ്ടായിരുന്നുവെങ്കിലും വികസനപ്രേമികളായ ഭക്തജനങ്ങളും ഭരണാധികാരികളും അത് അവഗണിച്ചതേയുള്ളൂ.
ഇക്കുറി ബ്രഹ്മഗിരിയിലുണ്ടായ ഉരുൾപൊട്ടലിനും, സ്വാമിയുടെയും കുടുംബത്തിന്റെയും ദാരുണമായ മരണത്തിനും കാരണമായിട്ടുണ്ടാവുക, അനാവശ്യമായ ആ കോൺക്രീറ്റ് നിർമ്മിതികളാണെന്നുവേണം കരുതുവാൻ. കാരണം, ആ പുതിയ നിർമ്മിതികൾക്ക് മതിൽപോലെ അതിരിടുന്ന ബ്രഹ്മഗിരിയുടെ ഒരു ശൃംഗമാണ് ഉരുൾപൊട്ടലിൽ താഴെ മലഞ്ചെരിവിലുണ്ടായിരുന്ന അർച്ചകകുടുംബത്തിനുമേൽ പതിച്ചത്. ഇത്തരം ഒരപകടസാദ്ധ്യത മുന്നിൽക്കണ്ട ഭൗമശാസ്ത്രവിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടം ആനന്ദതീർത്ഥയുടെ കുടുംബത്തോട് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ രണ്ടാം ദിവസമായിരുന്നു ആ അത്യാഹിതം.

സ്ത്രീസാന്നിദ്ധ്യമില്ലാത്ത തലക്കാവേരിയോ?

ആനന്ദതീർത്ഥയുടെ തിരോധാനം സൃഷ്ടിച്ച വൈയക്തിക സങ്കടങ്ങളോടൊപ്പം ആ അസാന്നിദ്ധ്യം സൃഷ്ടിക്കുവാനിടയുള്ള ഒരു സാമൂഹികവിപത്തിനെക്കുറിച്ചുള്ള ഉൽക്കണ്ഠയും ഇപ്പോൾ എന്നെ അലട്ടുന്നുണ്ട്. ശബരിമലയിലേതുപോലെ, യുവതികൾക്ക് തലക്കാവേരിയിൽ പ്രവേശനം നിരോധിക്കണമെന്ന ക്ഷേത്രഭരണസമിതിയുടെ നിലപാടാണത്. വർഷങ്ങൾക്കുമുമ്പേ അത്തരമൊരു നീക്കം ഉണ്ടായിരുന്നുവെങ്കിലും ആനന്ദതീർത്ഥയും കുടുംബവും അതിനെതിരായിരുന്നു. എന്നാൽ, ക്ഷേത്രഭരണസമിതി സ്ത്രീകൾക്ക് നിരോധനമേർപ്പെടുത്തുവാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നതോടെ 2018-ൽ കർണ്ണാടക സംസ്ഥാന മനുഷ്യാവകാശ കമീഷൻ സമിതിക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. തുലാസംക്രമണം മുതൽ വൃഷഭസംക്രമണം വരെ (ഒക്ടോബർ 17 - മെയ് 15) പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളെ ബ്രഹ്മഗിരി മലയിലോ തലക്കാവേരിയിലോ പ്രവേശിപ്പിക്കരുതെന്നായിരുന്നു ക്ഷേത്രഭരണസമിതി തീരുമാനം. ഇത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തതോടെയാണ് ക്ഷേത്രഭരണസമിതി ഇതൊരു അന്തിമതീരുമാനമല്ലെന്ന ന്യായവുമായി താൽക്കാലികമായി പിൻവാങ്ങിയത്. കുടകിൽ വലിയ സ്വാധീനമുള്ള സംഘപരിവാരസംഘടനകളുടെ ഒരു അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന സ്ത്രീവിരുദ്ധമായ ഈ നീക്കത്തിനു പിന്നിൽ മലയാളികളായ തന്ത്രിമാരായിരുന്നുവെന്നതാണ് മറ്റൊരു വിശേഷം.

സ്വാമി ആനന്ദതീർത്ഥ ഫോട്ടോ/ ഒ.കെ ജോണി
സ്വാമി ആനന്ദതീർത്ഥ ഫോട്ടോ/ ഒ.കെ ജോണി

കുടകിന്റെ ഒരു ഭാഗവും വടക്കേ മലബാറിലെ ഏതാനും താലൂക്കുകളും പഴയ തുളുനാടിന്റെ ഭാഗമായിരുന്നതിനാൽ തലക്കാവേരി-ഭാഗമണ്ഡല ക്ഷേത്രങ്ങളുടെ ആരാധനാക്രമവും അനുഷ്ഠാനങ്ങളും നിശ്ചയിക്കുവാനും നിയന്ത്രിക്കുവാനുമുള്ള അധികാരം ഇപ്പോഴും നീലേശ്വരത്തെ പരമ്പരാഗത തന്ത്രി കുടുംബത്തിനാണ്. ഇപ്പോഴത്തെ തന്ത്രിയായ നീലേശ്വരം പത്ഭനാഭ തന്ത്രിയുടെയും ജ്യോതിഷി എ.വി. നാരാണപ്പൊതുവാളുടെയും നേതൃത്വത്തിൽ നടത്തിയ അഷ്ടമംഗല്യപ്രശ്‌നത്തിലാണ് യുവതികൾക്ക് വിലക്കേർപ്പെടുത്തണമെന്ന കൽപ്പനയുണ്ടായത്. നിയമയുദ്ധത്തിനൊരുങ്ങാതെ, സ്ത്രീകൾക്കുള്ള ഭരണഘടനാസ്വാതന്ത്ര്യം നിലനിർത്തണമെന്ന സ്വാമി ആനന്ദതീർത്ഥയുടെ അഭ്യർത്ഥനയെത്തുടർന്ന് ആ വിലക്ക് പിൻവലിക്കുവാൻ ക്ഷേത്രസമിതി തീരുമാനിച്ചതോടെയാണ് മനുഷ്യാവകാശ കമീഷൻ രണ്ടുവർഷംമുമ്പ് കേസ് പിൻവലിച്ചത്. ആനന്ദതീർത്ഥയും മുഖ്യപൂജാരിയായ സഹോദരനും ആ കുടുംബവും നാമാവശേഷമായതോടെ, സ്ത്രീകളെ തടയാനുള്ള പദ്ധതി നടപ്പിലാക്കുക പ്രയാസകരമാവില്ലെന്നതാണ് കുടകിലെ മഹാഭൂരിപക്ഷം സ്ത്രീകളെയും പരിസ്ഥിതിവാദികളേയും പോലെ എന്റെയും ആശങ്ക. അത് സംഭവിക്കാതിരിക്കട്ടെ.

കാവേരീപൂജ മാത്രമല്ല, തലക്കാവേരിയിലേക്ക് മനുഷ്യരെ ആകർഷിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരവും വൈവിദ്ധ്യസമൃദ്ധവുമായ കന്യാവനമാണത്. പ്രകൃതിനിരീക്ഷകരായ മനുഷ്യർക്ക് ജാതി-മത-ലിംഗവ്യത്യാസമില്ലാതെ സന്ദർശനം അനുവദിക്കേണ്ട പ്രദേശമാണിതെന്നായിരുന്നു സ്വാമി ആനന്ദതീർത്ഥയുടെ വിചാരം. പ്രകൃതിയുടെയും മനുഷ്യരുടെയും ജന്തുജാലങ്ങളുടെയും സഹജമായ പാരസ്പര്യത്തിന്റെ വിശാലഭൂമികയായി തലക്കാവേരിയെയും ബ്രഹ്മഗിരി മലനിരകളെയും സങ്കൽപ്പിച്ചിരുന്ന സ്വാമിയുടെ തിരോധാനത്തോടെ അദ്ദേഹത്തിന്റെ മതേതരമായ മാനവികദർശനവും പ്രകൃതിസങ്കൽപ്പവുംകൂടിയാണ് അവിടെനിന്ന് വിടപറയുന്നത്. വാസ്തവത്തിൽ, തലക്കാവേരിയിലെ തുലാസംക്രമണോത്സവം സ്ത്രീകളുടെ മഹോത്സവമാണ്. പല പ്രായത്തിലുള്ള ആയിരക്കണക്കിന് സ്ത്രീകളാണ് കാവേരീതീർത്ഥം കൊണ്ടുപോകാനുള്ള കുടങ്ങളുമായി അന്ന് കാട്ടുപാതകളിലൂടെ മലകയറിയെത്തുക. ആ മനോഹരമായ കാഴ്ച്ചയ്ക്ക് ഒരിക്കലെങ്കിലും സാക്ഷിയായിട്ടുള്ളവർക്ക് സ്ത്രീസാന്നിദ്ധ്യമില്ലാത്ത തലക്കാവേരിയെക്കുറിച്ച് സങ്കൽപ്പിക്കുകതന്നെ പ്രയാസമാവും; സ്വാമി ആനന്ദതീർത്ഥയും ആ അർച്ചകകുടുംബവും ഇല്ലാത്ത തലക്കാവേരി എനിക്കെന്നപോലെ.

കാവേരിക്കും, അതുത്ഭവിക്കുന്ന ബ്രഹ്മഗിരിയുൾപ്പെടുന്ന പശ്ചിമഘട്ട മലനിരകൾക്കുംവേണ്ടി ജീവിതകാലമത്രയും പരിത്യാഗിയായി ജീവിച്ച ആ വയോധികനെ ബ്രഹ്മഗിരിയുടെ ക്ഷുഭിതപ്രവാഹങ്ങൾ ഒഴുക്കിക്കൊണ്ടുപോയി എന്ന ക്രൂരവൈപരീത്യമാണ് എന്നെ വേദനിപ്പിക്കുന്നത്. ആദരണീയനായ ആ ചിരകാല മിത്രത്തിന്, മതേതരവാദിയായ സന്യാസിക്ക് അത്യധികമായ സങ്കടങ്ങളോടെയാണ് ഞാൻ വിട നൽകുന്നത്.


Summary: കാവേരിക്കും, അതുത്ഭവിക്കുന്ന ബ്രഹ്മഗിരിയുൾപ്പെടുന്ന പശ്ചിമഘട്ട മലനിരകൾക്കുംവേണ്ടി ജീവിതകാലമത്രയും പരിത്യാഗിയായി ജീവിച്ച ഒരു വയോധികനെ ബ്രഹ്മഗിരിയുടെ ക്ഷുഭിതപ്രവാഹങ്ങൾ ഒഴുക്കിക്കൊണ്ടുപോയി എന്ന ക്രൂരവൈപരീത്യമാണ് എന്നെ വേദനിപ്പിക്കുന്നത്. കഴിഞ്ഞദിവസം ബ്രഹ്മഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയ വീടിനൊപ്പം മണ്ണുമൂടിയൊടുങ്ങിയ സ്വാമി ആനന്ദതീർത്ഥയ്ക്കുള്ള ചരമോപചാരക്കുറിപ്പാണിത്


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments