എൻഡോസൾഫാൻ : പിണറായി വിജയനോട് ഞങ്ങൾക്ക് പറയാനുള്ളത്

എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതി നൽകിയ കത്ത്.

Open letter

കാസർഗോഡ് ജില്ലയിലെ Plantation corperation (P. C.K ) ന്റെ അധീനതയിലുള്ള 12000 ത്തോളം ഏക്കർ കശുമാവിൻ തോട്ടത്തിൽ 1978 മുതൽ 2000 വരെയുള്ള കാലയളവിൽ എൻഡോസൾഫാൻ എന്ന കീടനാശിനി തുടർച്ചയായി ഹെലിക്കോപ്റ്റർ വഴി തളിച്ചതിന്റെ ഫലമായി ഉണ്ടായിട്ടുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചും താങ്കൾക്ക് അറിയാവുന്നതാണല്ലോ.

എൻഡോസൾഫാൻ ദുരിത ബാധിതർ വിവിധഘട്ടങ്ങളിൽ നടത്തിയ സമരങ്ങൾക്ക് താങ്കളുടെ കൂടി പിന്തുണ ഉണ്ടായിരുന്നു.
എന്നാൽ ദേശീയമനുഷ്യവകാശ കമ്മീഷനും ബഹു. സുപ്രീം കോടതിയും ഈ പ്രശ്നത്തിൽ ഇടപെട്ട് പുറപ്പെടുവിച്ച ഉത്തരവുകൾ പോലും പൂർണമായും നടപ്പിലാക്കപ്പെട്ടില്ല എന്നത് ഞങ്ങളെ അത്യധികം ആശങ്കപ്പെടുത്തുന്നു.

ICMR ന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണൽ ഹെൽത് (N.I.O.H) 2002 ൽ ദേശീയ മനുഷ്യാവകാശകമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ തന്നെ POPഇനത്തിൽ പെട്ട എൻഡോസൾഫാൻ ഏരിയൽ സ്പ്രേ നിരവധി തലമുറകൾക്ക് ജനിതക വൈകല്യം സൃഷ്ടിക്കാവുന്ന സാഹചര്യം സൂചിപ്പിച്ചിരുന്നു.

ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന ഗവ. വരുത്തുന്ന വീഴ്ചകൾക്കെതിരെ DYFI സുപ്രീം കോടതിയിൽ നൽകിയ കേസിൽ 2017 ജനുവരി 10 ന് പുറപ്പെടുവിച്ച വിധിയിൽ " To release entire undisbursed Payment of compensation, quantified as Rs 5 lakh each to all affected person within 3 months from today' എന്ന് അസന്നിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. ഈ വിധി സർക്കാർ നടപ്പിലാക്കാത്ത സാഹചര്യത്തിൽ 4 ദുരിത ബാധിതരുടെ അമ്മമാർ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി.

Other catagory യിൽ പെട്ടവർക്ക് സൗജന്യ ചികിത്സക്കും പെൻഷനും അർഹതയുണ്ടെങ്കിലും Compensation ന് അർഹതയില്ല എന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. എന്നാൽ 2019 ജൂലൈ 3 ന് സുപ്രീം കോടതി ഈ വാദം തള്ളിക്കളയുകയും എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ട് ചികിത്സയും പെൻഷനും ലഭിക്കുന്നവർക്ക് 2017 ജനുവരി 10 ലെ സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള 5 ലക്ഷം രൂപ compensation ന് അർഹതയുണ്ടെന്ന് വിധിക്കുകയുമുണ്ടായി.

എന്നാൽ ഇപ്പോഴും ആയിരക്കണക്കിന് എൻഡോസൾഫാൻ ദുരിതബാധിതർ കോടതി ഉത്തരവു പ്രകാരമുള്ള compensation കിട്ടാതെ വലയുകയാണ്.
കോവിഡ് കാലത്ത് ദുരിതങ്ങളും പ്രയാസങ്ങളും പതിന്മടങ്ങായിരിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കഴിഞ്ഞ 5 മാസമായി നേരത്തേലഭിച്ചു കൊണ്ടിരിക്കുന്ന നാമമാത്ര പെൻഷൻ പോലും ലഭിക്കുന്നില്ല എന്ന അറിവ് ഞങ്ങളെ ഞെട്ടിക്കുന്നു.

കോവിഡ് ദുരിത ലഘൂകരണത്തിനായി ഫലപ്രദമായി ഇടപെട്ട ഒരു സംസ്ഥാനഗവ:ൽ നിന്നും ഒട്ടും പ്രതീക്ഷിക്കാവുന്നതല്ല ഈ നടപടി.
ദുരിതബാധിതരോട് ഔദ്യോഗിക സംവിധാനങ്ങളുടെ അവഗണന തുടരുമ്പോൾ മറെറാരു ഗതിയുമില്ലാതെ വീണ്ടും പ്രക്ഷോഭത്തിന് ഇറങ്ങേണ്ടി വരുന്നത് സങ്കടകരമാണ്. ഓണത്തിനു മുമ്പ് കുടിശ്ശിക പെൻഷനെങ്കിലും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ചിങ്ങം 1 ന് (ആഗസ്ത് 17 ) വീടുകളിലും കലക്ടറേറ്റുകൾക്ക് മുന്നിലും PCK സ്ഥാപനങ്ങൾക്കു മുന്നിലും ഉപവാസം സംഘടിപ്പിക്കാനുള്ള ദുരിത ബാധിതരുടെയും സംസ്ഥാന ഐക്യദാർഢ്യ സമിതിയുടെയും തീരുമാനം അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കണമെന്നും അഭ്യർഥിക്കുന്നു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ രാപകൽ പട്ടിണി സമരത്തിനിടെ

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷമങ്ങൾ നേരിൽ കണ്ടതു കൊണ്ടു തന്നെ താങ്കളെ അത് ഞങ്ങൾ ബോദ്ധ്യപ്പെടുത്തേണ്ടതില്ല.
മുഴുവൻ ദുരിത ബാധിതർക്കും സുപ്രീം കോടതി വിധിപ്രകാരമുള്ള compensation അടിയന്തരമായി അനുവദിക്കണമെന്നും പെൻഷൻ അടിയന്തരമായി നൽകണമെന്നും അഭ്യർഥിക്കുന്നു. ആരോഗ്യ- വിദ്യാഭ്യാസ - പുനരധിവാസ മേഖലകളിൽ ദുരിത ബാധിതർ മുന്നോട്ടു വെക്കുന്ന താഴെ പറയുന്ന ആവശ്യങ്ങളിൽ താങ്കളുടെ അടിയന്തര ശ്രദ്ധ പതിയണമെന്നും അപേക്ഷിക്കുന്നു

2019 ഫെബ്രവരി 3 ന് അങ്ങുമായി നടത്തിയ ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ പൂർണമായും നടപ്പിലാക്കണം.

▪️2017ലെ മെഡിക്കൽ ക്യാമ്പിൽ നിന്നും കണ്ടെത്തിയ 1905 പേരിൽ 363 പേരെ നേരത്തേ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പട്ടികയിൽ നിന്നും ഒഴിവാക്കിയവരിൽ 18 വയസിൽ താഴെയുള്ള 511 കുട്ടികളെ താങ്കളുടെ കഴിഞ്ഞ ഭരണകാലത്ത് ദുരിത ബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ
ബാക്കി 1031 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല.
പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്താമെന്ന തീരുമാനവും പാലിച്ചില്ല. ആവശ്യമായ ചികിത്സാ സംവിധാനത്തിന്റെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണം. 8 വർഷമായി ഇഴഞ്ഞു നീങ്ങുന്ന മെഡിക്കൽ കോളേജ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. ന്യൂറോളജിസ്റ്റടക്കം വിദഗ്ധ ഡോക്ടർമാരില്ലാത്ത ഏക ജില്ലയാണ് കാസർഗോഡ്.
ചികിത്സക്ക് മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലാണ് കാസർകോടുകാർ.
കൊറോണക്കാലം അതിർത്തികൾ അടഞ്ഞപ്പോൾ വഴിയിൽ വെച്ച് ഇരുപതിലധികം മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടേണ്ടിവന്നു. ഇതിന് അടിയന്തിര പരിഹാരം വേണം.

▪️ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസറഗോഡ് ജനറൽ ആ ശുപത്രിയിലും വിദഗ്ദ്ധ ചികിത്സ നൽകാനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണം.

▪️DYFI സുപ്രീംകോടതിയിൽ നിന്നും നേടിയെടുത്ത വിധി പ്രകാരം പട്ടികയിൽ പെട്ട 6727 പേർക്കും 5 ലക്ഷം രൂപ compensation നൽകേണ്ടതായിരുന്നു.
എന്നാൽ 1446 പേർക്ക് മാത്രമാണ് 5 ല ലക്ഷം രൂപ ലഭിച്ചത്. 1568 പേർക്ക് 3 ലക്ഷം രൂപയും കിട്ടി. 3713 പേർ നഷ്ടപരിഹാരം ലഭിക്കാതെ ബാക്കിയുണ്ട്

▪️മുഴുവൻ ദുരിതബാധിതരുടെയും കടം എഴുതി തള്ളിയിട്ടില്ല.
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും ഇനിയും ഉൾപ്പെടുത്താനുള്ളവരും ഉൾപ്പെടെ അർഹരായ മുഴുവൻ പേർക്കും കടാശ്വാസം നൽകണം .

▪️2013ലെ സർക്കാർ ഉത്തരവനുസരിച്ച് എല്ലാ ദുരിതബാധിതർക്കും BPL റേഷൻ കാർഡുകൾ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ പകുതിയോളം വീണ്ടും APL കാർഡുകളാക്കിയിരിക്കുകയാണ്. മുഴുവൻ ദുരിത ബാധിത കുടുംബങ്ങൾക്കും BPL കാർഡ് പുനസ്ഥാപിക്കണം.

▪️തനിക്ക് ശേഷം തന്റെ കുഞ്ഞിന് ആരെന്ന ചോദ്യമാണ് ഓരോ അമ്മയും നേരിടുന്നത്. അത്തരം കുടുംബങ്ങളെ പുനരധിവാസ ഗ്രാമം നിർമ്മിച്ച് താമസിപ്പിക്കുക എന്നതാണ് കരണീയം. 2015 ൽ തീരുമാനിച്ച
മോഡൽ വില്ലേജെന്ന പദ്ധതി തറക്കല്ലിടലിനപ്പുറം നീങ്ങിയിട്ടില്ല. കുട്ടികളെ രക്ഷിതാക്കളിൽ നിന്നും വേർപെടുത്തി ഒരു കേന്ദ്രത്തിൽ പാർപ്പിക്കുക എന്നത് പ്രായോഗികമല്ല. വൈകാരിക ഉത്കണ്ഠകളെയടക്കം പരിഗണിക്കുന്ന ശാസ്ത്രീയ പുനരധിവാസ പദ്ധതി ഉടൻ പൂർത്തിയാക്കണം.

▪️എട്ടു വർഷം മുമ്പുള്ള 1200, 2200 രൂപ മാസ പെൻഷനാണ് ഇപ്പോഴും നൽകി വരുന്നത്. കുട്ടികളെ വീട്ടിൽ മുഴുവൻ സമയവും ശുശ്രൂഷിക്കുന്ന അമ്മമാർക്ക് 700 രൂപ മാത്രമാണ് ആശ്വാസധനം നൽകുന്നത്. ജീവിതച്ചെലവ് വർധിച്ചു വരുന്ന സാഹചര്യത്തിൽ 5000 രൂപയായി പെൻഷൻ വർദ്ധിപ്പിക്കണം.

▪️ മുൻ MLA ആയിഷാ പോറ്റി ചെയർ പേഴ്സനായുള്ള നിയമസഭാ സമിതി . ദുരിതബാധിതരുടെ അർഹതയനുസരിച്ച് ജോലി നൽകാനുള്ള ശുപാർശ സമർപ്പിച്ചിട്ടുണ്ട്. ആ നിർദ്ദേശം നടപ്പിലാക്കണം.

▪️ഗോഡൗണുകളിലെ എൻഡോസൾഫാൻ സുരക്ഷിതമായ രീതിയിൽ നിർവ്വീര്യമാക്കാൻ നടപടി സ്വീകരിക്കണം.

▪️ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതിനും അർഹമായ നഷ്ടപരിഹാരം ദുരിതത്തിനു കാരണക്കാരായവരിൽ നിന്നും ഈടാക്കുന്നതിനും ട്രിബ്യൂണൽ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കണം.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആശ്വാസ നടപടികൾ സ്വീകരിക്കുന്നതിനും രൂപീകരിക്കപ്പെട്ട Endosulfan victims Remediation cell പ്രവർത്തനരഹിതമാണ്. 2 മാസത്തിലൊരിക്കൽ യോഗം ചേർന്നിരുന്ന സെൽ മീറ്റിംഗ് 10 മാസമായി നടന്നിട്ടില്ല. സെൽ അടിയന്തരമായി പ്രവർത്തനക്ഷമമാക്കണം.

കാസർഗോഡ്‌ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ സെല്ലിൽ പരാതികളും പ്രശ്നങ്ങളുമായി സമീപിക്കുന്നവരോട് അഹന്ത നിറഞ്ഞതും മനുഷ്യത്വ വിരുദ്ധവുമായ പെരുമാറ്റമാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത് അവസാനിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ താങ്കളുടെ ഭാഗത്തു നിന്നും ഉണ്ടാകണം.

തങ്ങളുടെതല്ലാത്ത തെറ്റു കൊണ്ടാണ് കാസറഗോട്ടെ ഈ മനുഷ്യർ നിത്യദുരിതമനുഭവിക്കുന്നത്. മനുഷ്യരുടെ നഷ്ടപ്പെട്ട ജീവിതത്തെ തിരിച്ചു പിടിക്കാൻ നമുക്കാവില്ല. എന്നാൽ അവർക്ക് മനുഷ്യോചിതമായ ജീവിതം ഉറപ്പുവരുത്താൻ നമുക്കാവും. അതിന് താങ്കൾ നേതൃത്വം കൊടുക്കുന്ന സർക്കാർ സന്നദ്ധമാകണമെന്നും നീതി ഉറപ്പുവരുത്തണമെന്നും അഭ്യർഥിക്കുന്നു.

Comments