എൻഡോസൾഫാൻ ഇങ്ങനെ കുഴിച്ചുമൂടുന്നത്​ നിയമവിരുദ്ധമാണ്​

പെരിയ,ചീമേനി, രാജപുരം എന്നിവിടങ്ങളിലെ PCK ഗോഡൗണുകൾക്ക് സമീപം എൻഡോസൾഫാൻ കുഴിച്ചുമൂടാനുള്ള നീക്കത്തിൽ നിന്നും ജില്ലാ ഭരണകൂടം പിൻമാറണം. കാസർകോട്‌ കലക്ടർക്ക് എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതി നൽകുന്ന കത്ത്.

Open letter

കാസർകോട്ടെ PCK തോട്ടങ്ങളിൽ കാൽനൂറ്റാണ്ടു കാലത്തോളം തുടർച്ചയായി ഉപയോഗിച്ചതിനുശേഷം ബാക്കിയായ എൻഡോസൾഫാൻ പെരിയ, ചീമേനി, രാജപുരം എസ്റ്റേറ്റ് ഗോഡൗണുകൾക്ക് സമീപം കുഴിച്ചുമൂടാനുള്ള നീക്കം നടക്കുന്നതായി ഞങ്ങൾ മാധ്യമ വാർത്തകളിൽ നിന്ന്​ മനസ്സിലാക്കുന്നു.

ആവശ്യമായ കൂടിയാലോചനകളോടുകൂടി 2012 ജൂലൈയിൽ ഗോഡൗണുകളിൽ ബാരലിൽ അവശേഷിച്ച എൻഡോസൾഫാനും അത് കലർന്ന അവശിഷ്ടങ്ങളും അന്താരാഷ്ട്ര മാനദണ്ഡപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ്, അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധർ, ആരോഗ്യ വിദഗ്ധർ, HIL പ്രതിനിധി എന്നിവരുടെ മേൽനോട്ടത്തിൽ FAO യുടെയും WHO യുടെയും നിർദേശങ്ങൾക്ക് അനുസൃതമായി HDPE ഡ്രമ്മുകളിലേക്ക് മാറ്റുന്ന പ്രവർത്തനം പൂർത്തീകരിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് കെമിക്കൽ അനാലിസിസിന്​ മാനദണ്ഡപ്രകാരം സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.

മൂന്ന് മാസത്തിനുള്ളിൽ എൻഡോസൾഫാൻ ഗോഡൗണുകളിൽനിന്ന് നീക്കംചെയ്ത് നിർവീര്യമാക്കി നശിപ്പിക്കുമെന്ന് 28.1.2014 ന് മുഖ്യമന്ത്രിയുടെ ചേമ്പറിൽ കൃഷിവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. മന്ത്രിമാരായ എം.കെ. മുനീർ, വി.എസ്. ശിവകുമാർ, ​പ്രതിപക്ഷനേതാവ്​ വി.എസ്. അച്ചുതാനന്ദൻ, എം.എൽ.എ.മാരായ എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ (ഉദുമ), ഐ.എ.എസ്​ഉദ്യോഗസ്​ഥരായ കെ.എം, എബ്രഹാം, ഡോ. കെ. ഇളങ്കോവൻ, കെ.ആർ. ജ്യോതിലാൽ, വി.എൻ. ജിതേന്ദ്രൻ, ബിനോയ് വിശ്വം, ആർ. അജിത്ത് കുമാർ (ഡയറക്ടർ, അഗ്രിക്കൾച്ചർ) പ്ലാൻറേഷൻ കോർപ്പറേഷൻ എം.ഡി., ഡോ. മുഹമ്മദ് അഷീൽ എന്നിവരും എൻഡോസൾഫാൻ സമരസമിതി പ്രവർത്തകരും ആ യോഗത്തിൽ പങ്കെടുത്തിരുന്നു.

എന്നാൽ എൻഡോസൾഫാന് ആഗോളനിരോധനം നിലവിൽവരികയും വിവിധ സംസ്ഥാനങ്ങളിൽ ബാക്കിയുള്ള എൻഡോസൾഫാൻ നിർവീര്യമാക്കി സംസ്കരിക്കുന്നതിന് ഏറ്റവും സുരക്ഷിതമായ ടെക്നോളജി ലഭ്യമാക്കാനുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയുംചെയ്ത പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ ബാക്കിയായ സ്റ്റോക്ക് നീക്കംചെയ്ത് നിർവീര്യമാക്കി നശിപ്പിക്കുന്ന പ്രക്രിയയും നീണ്ടുപോയി.

2011-ൽ സ്റ്റോക്ക്ഹോം കൺവെൻഷൻ എൻഡോസൾഫാൻ Persistent Organic polluter പട്ടികയിൽ പെടുത്തുകയും ആഗോളമായി നിരോധിക്കുകയും ചെയ്തു. 2012-ലാണ് യു.എന്നിന്റെ ഔദ്യോഗിക വിവർത്തനം അംഗരാജ്യങ്ങൾക്ക് ലഭ്യമാക്കിയത്. എൻഡോസൾഫാൻ പൂർണമായും ഉപയോഗത്തിലില്ലാത്താക്കാൻ അഞ്ചുവർഷത്തെ transition Period അനുവദിച്ചതിനാൽ 2017-ലാണ് അംഗരാജ്യങ്ങളുടെ നിയമപരമായ ബാധ്യത നിലവിൽവന്നത്. അതിനുശേഷം UNEP, WHO മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് FAO യുടെ ആഗോള Tool Kitന് അനുസൃതമായി അത് നീക്കംചെയ്ത് നിർവീര്യമാക്കുന്നതിന് കൂടുതൽ സുരക്ഷിതമായ നടപടിക്രമങ്ങൾക്ക് തുടക്കമിടേണ്ടതുണ്ടായിരുന്നു. എന്നാൽ PCK ഗോഡൗണുകൾക്ക് സമീപം കുഴിയെടുത്ത് കേരള കാർഷിക സർവകലാശാലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് സുതാര്യതയോ കൂടിയാലോചനകളോ ഒട്ടുമില്ലാതെ എൻഡോസൾഫാൻ സംസ്കരിക്കാനുള്ള ധൃതിപിടിച്ച നീക്കം പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

എൻഡോസൾഫാൻ ബാരൽ കുഴിച്ചുമൂടിയ നെഞ്ചൻപറമ്പിലെ കിണറിൽ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കരിങ്കൊടി നാട്ടുന്നു
എൻഡോസൾഫാൻ ബാരൽ കുഴിച്ചുമൂടിയ നെഞ്ചൻപറമ്പിലെ കിണറിൽ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കരിങ്കൊടി നാട്ടുന്നു

35 % ECവീര്യമുള്ള 1438 ലിറ്റർ എൻഡോസൾഫാനും കൂടാതെ അത് കലർന്ന അവശിഷ്ടങ്ങളുമാണ് ഗോഡൗണുകളിലുള്ളത്. 65 % inert material കൾ കീടനാശിനിയിൽ അടങ്ങിയിട്ടുണ്ട്. അത് എൻഡോസൾഫാനുമായി പ്രതിപ്രവർത്തനം ഇല്ലാത്തതാണെങ്കിലും പ്രകൃതിക്കും ജനാരോഗ്യത്തിനും അപകടകരമായ രാസവസ്തുക്കളാണ്. legal sampling procedure അനുസരിച്ച് പുതിയ Chemical analysis നടത്തിയതിനുശേഷമേ ഏതു ടെക്​നോളജി ഉപയോഗിച്ച് സംസ്കരണം നടത്തണമെന്ന തീരുമാനം എടുക്കാൻ പറ്റൂ.
ജില്ലാ ഭരണകൂടം ഇപ്പോൾ സാങ്കേതികസഹായത്തിന് ആശ്രയിക്കുന്ന കാർഷിക സർവകലാശാലയ്ക്ക് ഇക്കാര്യം ചെയ്യാനുള്ള യാതൊരു ശാസ്ത്രീയവൈദഗ്ധ്യവും ഇല്ല. നിയമപരമായ അംഗീകാരവുമില്ല. Chemical Disposal നടത്തുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ
അംഗീകാരമുള്ള ഒരു സ്ഥാപനവുമല്ല കാർഷിക സർവകലാശാല.

UNEP അംഗീകാരമുള്ള നാഗ്പൂരിലുള്ള National Environment Engineering Research Institute പോലുള്ള സ്ഥാപനങ്ങളാണ് പുതിയ Chemical Analysis നടത്തേണ്ടത്. മാരക കീടനാശിനികൾ നിർവീര്യമാക്കി സംസ്കരിക്കാൻ ഡബിൾ ചേമ്പർ സൗകര്യമുള്ള 30 മീറ്ററിൽ അധികം ഉയരമുള്ള പുകക്കുഴലുള്ള ആധുനിക സംസ്കരണ പ്ലാന്റ് ആവശ്യമാണ്. എന്നാൽ അത്തരം സൗകര്യങ്ങളൊന്നുമില്ലാത്തിടത്ത് കുഴിച്ചുമൂടാൻ സർക്കാർ ശ്രമിക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആധുനിക സംസ്കരണ പ്ലാൻറുകളിലേക്ക് നീക്കം ചെയ്ത് എൻഡോസൾഫാൻ സംസ്കരിക്കുന്നതിനായിരുന്നു നേരത്തേ ധാരണയുണ്ടായിരുന്നത്.

എൻഡോസൾഫാൻ POP പട്ടികയിൽ പെടുന്നതിനു മുമ്പേ നടന്ന ആലോചനയാണിത്. POP യിൽ ഉൾപ്പെടുത്തിയതിനുശേഷം കാലഹരണപ്പെട്ട എൻഡോസൾഫാൻ സ്റ്റോക്കുകൾ നിർവീര്യമാക്കി നശിപ്പിക്കുന്നതിന് കൂടുതൽ കർക്കശമായ നിബന്ധനകൾ നിലവിൽ വന്നതിനുശേഷം, മുമ്പുണ്ടാക്കിയ ധാരണകളെപ്പോലും അട്ടിമറിക്കുന്ന നിലയിലാണ് ജില്ലാ ഭരണകൂടം പ്രവർത്തിക്കുന്നത്. അന്താരാഷ്ട്രതലത്തിലുണ്ടാക്കിയ കരാറുകളെ മാനിച്ചുകൊണ്ട് ഭരണഘടനാനുസൃതമായ നിയമങ്ങളിലൂടെ പ്രവർത്തിക്കേണ്ട ജില്ലാ ഭരണകൂടം നിയമങ്ങളെ അട്ടിമറിക്കുന്ന രീതിയിൽ പെരുമാറുന്നത് അത്യധികം പ്രതിഷേധാർഹമാണ്.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ പുതിയ Chemical Analysis നടത്തി ഉചിതമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് Ministry of Environment and Forest ന്റെയും അന്താരാഷ്ട്ര ഏജൻസികളുടെയും സഹകരണം ഉറപ്പുവരുത്തിക്കൊണ്ട് എൻഡോസൾഫാൻ ഗോഡൗണുകളിൽനിന്ന് നീക്കംചെയ്ത് നിർവീര്യമാക്കി നശിപ്പിക്കാൻ സുതാര്യമായ ടെൻഡർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഒരു പുതിയ പഠനവും നടത്താതെ ഗോഡൗണുകൾക്ക് സമീപം കുഴിയെടുത്ത് തിരക്കുപിടിച്ച് എൻഡോസൾഫാൻ കുഴിച്ചുമൂടാൻ നടത്തുന്ന നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.

കൊച്ചു രാജ്യമായ നേപ്പാൾ പോലും കാലഹരണപ്പെട്ട കീടനാശിനി സ്റ്റോക്കുകൾ സ്വന്തം രാജ്യത്ത് സംസ്കരിക്കാൻ വിടാതെ തിരിച്ചെടുപ്പിച്ച് യൂറോപ്പിലെ ഉല്പാദക രാജ്യങ്ങളിൽ നിർവീര്യമാക്കി സംസ്കരിച്ച അനുഭവപാഠമുണ്ടെന്നതും ഞങ്ങൾ ചൂണ്ടിക്കാട്ടട്ടെ.


Summary: പെരിയ,ചീമേനി, രാജപുരം എന്നിവിടങ്ങളിലെ PCK ഗോഡൗണുകൾക്ക് സമീപം എൻഡോസൾഫാൻ കുഴിച്ചുമൂടാനുള്ള നീക്കത്തിൽ നിന്നും ജില്ലാ ഭരണകൂടം പിൻമാറണം. കാസർകോട്‌ കലക്ടർക്ക് എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതി നൽകുന്ന കത്ത്.


Comments