അട്ടിമറിക്കപ്പെട്ട ‘ഓപറേഷൻ അനന്ത’ നൽകും,
ജോയിയുടെ മരണത്തിനുള്ള കാരണം

‘മാലിന്യം ശൂന്യാകാശത്തുനിന്ന് വന്നതല്ല’ എന്നു പറയുന്ന മന്ത്രി എം.ബി. രാജേഷ്, ജോയി മുങ്ങിമരിച്ച ആമയിഴഞ്ചാൻ തോടും അത് കടന്നുപോകുന്ന തുരങ്കവും ശൂന്യാകാശത്തുനിന്ന് വന്നതല്ല എന്നു മാത്രമല്ല, അത് തിരുവനന്തപുരം കോർപറേഷൻ മുതൽ റെയിൽവേ വരെയുള്ളവരുടെ കൺമുന്നിലൂടെ തന്നെയാണ് ഒഴുകിക്കൊണ്ടിരുന്നത് എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കൊണ്ടുവന്ന ‘ഓപ്പറേഷൻ അനന്ത’ എന്ന പദ്ധതി എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത് എന്നതിന്റെ ഉത്തരം, ​ജോയിയുടെ മരണം വരെയുള്ള സംഭവങ്ങളിൽ ആരാണ് ഉത്തരവാദി എന്നതിന്റെ കൃത്യമായ വിശദീകരണം കൂടിയാകും.

Think

മാലിന്യ സംസ്കരണത്തിലെ ഭരണകൂട ഉത്തരവാദിത്തത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്തവുമുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത് ശരിയാണ്: ‘മാലിന്യം ശൂന്യാകാശത്തുനിന്ന് വന്നതല്ല. മാലിന്യപ്രശ്നം പൂർണമായി പരിഹരിച്ചിട്ടില്ലെങ്കിലും മുന്നേറ്റമുണ്ടാക്കാനായി’ എന്നാണ്, തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളിയായ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞത്.

മന്ത്രി പറഞ്ഞ അതേ ന്യായമനുസരിച്ച്, ജോയി മുങ്ങിമരിച്ച ആമയിഴഞ്ചാൻ തോടും അത് കടന്നുപോകുന്ന തുരങ്കവും ശൂന്യാകാശത്തുനിന്ന് വന്നതല്ല എന്നു മാത്രമല്ല, അത് തിരുവനന്തപുരം കോർപറേഷൻ മുതൽ റെയിൽവേ വരെയുള്ളവരുടെ കൺമുന്നിലൂടെ തന്നെയാണ് ഒഴുകിക്കൊണ്ടിരുന്നത്. മാലിന്യം നീക്കാൻ പലവട്ടം കോർപറേഷൻ നോട്ടീസ് കൊടുത്തിരുന്നുവെന്നു പറയുന്നു.

എം.ബി. രാജേഷ്
എം.ബി. രാജേഷ്

എന്നാൽ, 2018-നുശേഷം തോട്ടിലെ മാലിന്യം നീക്കിയിട്ടില്ല. ഒരു ശുചീകരണ തൊഴിലാളി മരിക്കുന്നതുവരെ, കാത്തിരക്കേണ്ട ഒരു പ്രശ്നപരിഹാരമായിരുന്നില്ല ഈ മാലിന്യത്തുരങ്കത്തിന്റേത് എന്ന് വ്യക്തം. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സ്ഥലത്തെ മാലിന്യം നീക്കുന്നതിലുള്ള റെയിൽവേയുടെ വീഴ്ചക്കുസമാനമാണ്, തങ്ങളുടെ പരിധിയിലുള്ള ഈ പ്രദേശത്തെ മാലിന്യം നീക്കാൻ നോട്ടീസ് നൽകിയിട്ടും അതിന്മേൽ തുടർനടപടിയെടുക്കാത്ത കോർപറേഷന്റെ വീഴ്ചയും.

2015- ൽ കോഴിക്കോട് നഗരത്തിൽ നടന്ന മാൻഹോൾ ദുരന്തം മലയാളി മറക്കാനിടയില്ല. തളി ജയ ഓഡിറ്റോറിയത്തിന് സമീപമുള്ള ഭൂഗർഭ അഴുക്കുചാലിലെ മാൻഹോളിലിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും അവരെ രക്ഷിക്കാനിറങ്ങിയ നൗഷാദ് എന്ന ഓട്ടോ ഡ്രൈവർക്കുമായിരുന്നു അന്ന് ജീവൻ നഷ്ടമായത്. 12 അടി താഴ്ചയുള്ള മാൻഹോളിൽ വിഷവാതകം ഉണ്ടോയെന്ന് പരിശോധിക്കുന്നതടക്കമുള്ള ലളിതമായ മുൻകരുതൽ പോലുമെടുക്കാതെയാണ് അന്ന് തൊഴിലാളിക്കൾ അഴുക്കുചാലിലേക്ക ഇറങ്ങിയത്.

നൗഷാദിന്റെ അസാധാരണമായ ജീവത്യാഗത്തെക്കുറിച്ച് അർഹിക്കുംവിധം നമ്മൾ ഓർക്കുന്നുണ്ട്. എന്നാൽ, രണ്ട് തൊഴിലാളികൾക്ക് അപകടകരമായ വിധത്തിൽ അത്തരമൊരു പണിയിലേർപ്പെടേണ്ടിവന്നതിന്റെ വീഴ്ച സമർഥമായി മറച്ചുവക്കപ്പെട്ടു.

2015- ൽ നിന്ന് 2024- ലേക്കെത്തുമ്പോൾ അതേ വീഴ്ചയും അതേ അഴുക്കുചാലും അതേപടി തുടരുകയാണ്. ഓരോ തൊഴിലാളിക്കും ജീവൻ നഷ്ടപ്പെടുമ്പോഴും സടകുടഞ്ഞെഴുന്നേൽക്കുകയും അതു കഴിഞ്ഞാൽ മൂടിപ്പുതച്ചുറങ്ങുകയും ചെയ്യുന്ന ഭരണസംവിധാനം തന്നെയാണ് ഈ ദുരന്തങ്ങളിലെ ഒന്നാം പ്രതി.

കോഴിക്കോട്ട് മാൻഹോളിലിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ അസാധാരണമായ ജീവത്യാഗത്തെക്കുറിച്ച് അർഹിക്കുംവിധം നമ്മൾ ഓർക്കുന്നുണ്ട്. എന്നാൽ, രണ്ട് തൊഴിലാളികൾക്ക് അപകടകരമായ വിധത്തിൽ അത്തരമൊരു പണിയിലേർപ്പെടേണ്ടിവന്നതിന്റെ വീഴ്ച സമർഥമായി മറച്ചുവക്കപ്പെട്ടു.
കോഴിക്കോട്ട് മാൻഹോളിലിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ അസാധാരണമായ ജീവത്യാഗത്തെക്കുറിച്ച് അർഹിക്കുംവിധം നമ്മൾ ഓർക്കുന്നുണ്ട്. എന്നാൽ, രണ്ട് തൊഴിലാളികൾക്ക് അപകടകരമായ വിധത്തിൽ അത്തരമൊരു പണിയിലേർപ്പെടേണ്ടിവന്നതിന്റെ വീഴ്ച സമർഥമായി മറച്ചുവക്കപ്പെട്ടു.

തിരുവനന്തപുരത്ത് സംഭവിച്ച ദുരന്തം അധികൃത വീഴ്ചകളുടെ കൃത്യമായ റൂട്ട് മാപ്പാണ്.
ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആമയിഴിഞ്ചാൽ തോട്ടിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാളത്തിനടിയിലൂടെ ഒഴുകുന്ന ഭാഗത്താണ് ജോയിയെ കാണാതാകുന്നത്. മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് ജോയിക്ക് അപകടം സംഭവിക്കുന്നത്.

ജോയിയെ കാണാതായത് മുതൽ റെയിൽവേയും കോർപ്പറേഷനും അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ പരസ്പരം പഴിചാരുകയായിരുന്നു.

ഒഴുക്കിൽ പെട്ട് ഏകദേശം മൂന്ന് ദിവസത്തിന് ശേഷം ജോയിയുടെ മൃതദേഹം തകരപ്പറമ്പിലെ കനാലിൽ പൈപ്പിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം നീണ്ട രക്ഷാദൗത്യത്തിൽ സ്‌കൂബ ഡൈവേഴ്‌സും അഗ്നിരക്ഷാസേനയുമെല്ലാം അവിശ്രമം പങ്കെടുത്തു. ടൺ കണക്കിന് മാലിന്യമാണ് ഈ മൂന്ന് ദിവസത്തിനിടെ ഈ തോട്ടിൽ നിന്ന് പുറത്തെത്തിച്ചത്. അടിയിലേക്ക് പോവുംതോറും തുരങ്കത്തിലെ പ്ലാസ്റ്റിക് കൂമ്പാരം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. തുടർന്ന് ശക്തിയിൽ വെള്ളം പമ്പ് ചെയ്തും മറ്റും മാലിന്യം നീക്കാനുള്ള ശ്രമങ്ങളും നടന്നു.

ജോയിയെ കാണാതായത് മുതൽ റെയിൽവേയും കോർപ്പറേഷനും അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ പരസ്പരം പഴിചാരുകയായിരുന്നു. എന്നാൽ അപകടം നടന്നത് റെയിൽ വേ ഭൂമിയിലാണെന്നും റെയിൽവേ ഭൂമിയിൽ കോർപ്പറേഷന് ഇടപെടാനാകില്ലെന്നുമാണ് മന്ത്രി എം ബി ഇന്ന് പ്രതികരിച്ചത്. റെയിൽവേ ആക്ട് പ്രകാരം മാലിന്യ നിർമാർജനമടക്കം റെയിൽവേയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തവണ കോർപ്പറേഷന് ഇവിടെയുള്ള മാലിന്യം നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ റെയിൽവേ ആക്ട് ഉയർത്തിക്കാട്ടി തടഞ്ഞതായും മന്ത്രി എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നത്തിലേക്കെത്താനാണ് ജോയി മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞ അഴുക്കുചാലിലേക്ക് ഇറങ്ങിയത്.
അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നത്തിലേക്കെത്താനാണ് ജോയി മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞ അഴുക്കുചാലിലേക്ക് ഇറങ്ങിയത്.

ഇത്രയധികം മാലിന്യങ്ങൾ നിറഞ്ഞ അഴുക്കുവെള്ളത്തിലേക്കായിരുന്നു 1500 രൂപക്ക് വേണ്ടി ജോയി ഇറങ്ങിയത്.
ഡസൻകണക്കിന് മാലിന്യങ്ങൾ കുന്നുകൂടിയതാണ് തിരുവനന്തപുരം നഗരത്തിലെ ഓടകളെന്നാണ് ഈ ദുരന്തം കേരളത്തോട് വിളിച്ചുപറയുന്നത്. മാലിന്യങ്ങൾ നിറഞ്ഞൊഴുകുന്ന ഓടകൾക്കു മുകളിൽ കെട്ടിപ്പെടുത്തതാണ് തിരുവനന്തപുരം നഗരമെന്ന് പറഞ്ഞാൽ തെറ്റാകില്ല.

നെൽപാടങ്ങളാൽ ചുറ്റപ്പെട്ട തമ്പാനൂരിലൂടെ ഒഴുകിയിരുന്ന തോടായിരുന്നു ആമയിഴിഞ്ചാൽ. പിൽക്കാലത്ത് പാടങ്ങൾ നികത്തി നഗരമായതോടെ ആമയിഴിഞ്ചാൽ മാലിന്യവാഹിനിയായി എന്നതാണ് യാഥാർഥ്യം. 1931 ൽ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡും റെയിൽവേ സ്‌റ്റേഷനും വന്നു. തുടർന്ന് കോഫി ഹൗസടക്കം മറ്റനേകം കെട്ടിടങ്ങളും തമ്പാനൂരിലെത്തി. ഇതെല്ലാമായതോടെ ആമയിഴിഞ്ചാൽ തോട്ടിലെ നിറഞ്ഞുകുമിഞ്ഞ മാലിന്യവും പേറി തലസ്ഥാന നഗരം തലയുർത്തി നിന്നു.

സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായിരുന്നിട്ട് കൂടി മാലിന്യനിർമാർജന പദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയായിരുന്നു.

ഇപ്പോൾ വീടുകളിൽ നിന്നും നഗരത്തിലെ കടകളിൽ നിന്നും റെയിൽ വേയിൽ നിന്നുമെല്ലാമെത്തുന്ന മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞ സ്ഥിതിയാണ് തോടിനുള്ളത്. സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായിരുന്നിട്ട് കൂടി മാലിന്യനിർമാർജന പദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയായിരുന്നു.

2015- ലായിരുന്നു തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ‘ഓപ്പറേഷൻ അനന്ത’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്. ആമയിഴിഞ്ചാൽ തോട്ടിലെ മാലിന്യങ്ങൾ നീക്കുക, ഓടകൾക്ക് മുകളിലൂടെയുള്ള അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണും തിരുവനന്തപുരം കലക്ടറായിരുന്ന ബിജു പ്രഭാകറിന്റെയും നേതൃത്വത്തിലാണ് ഓപ്പറേഷൻ അനന്ത തുടങ്ങിയിരുന്നത്.

വീടുകളിൽ നിന്നും നഗരത്തിലെ കടകളിൽ നിന്നും റെയിൽ വേയിൽ നിന്നുമെല്ലാമെത്തുന്ന മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞ സ്ഥിതിയാണ് ആമയിഴിഞ്ചാൽ തോടിനുള്ളത്.
വീടുകളിൽ നിന്നും നഗരത്തിലെ കടകളിൽ നിന്നും റെയിൽ വേയിൽ നിന്നുമെല്ലാമെത്തുന്ന മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞ സ്ഥിതിയാണ് ആമയിഴിഞ്ചാൽ തോടിനുള്ളത്.

പദ്ധതി കാലയളവിൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആർക്ക് വേണ്ടിയും ഒരു രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഇടപെടരുതെന്ന നിലപാടായിരുന്നു അന്ന് ജിജി തോംസൺ എടുത്തിരുന്നത്. ആരും ഇടപെടില്ലെന്ന അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ ഉറപ്പിൻമേലാണ് ഈ പദ്ധതി ആരംഭിച്ചത്.

തുടക്കത്തിൽ വലിയ പിന്തുണ ലഭിച്ചിരുന്ന പദ്ധതി പിന്നീട് ലക്ഷ്യം കാണാതെ നിലച്ചു. 30 കിലോമീറ്റർ ദൂരത്തിൽ ഓടകളും തോടുകളും വൃത്തിയാക്കി മുന്നേറിയ ‘അനന്ത’ പിന്നീടങ്ങോട്ട് ഇഴഞ്ഞുനീങ്ങി. തമ്പാനൂർ, ചാല, പഴവങ്ങാടി ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കുന്ന കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. ഓടകൾക്കുമുകളിലെ നിർമാണങ്ങൾ പൊളിച്ചു. എസ്.എസ് കോവിൽ, മാഞ്ഞാലിക്കുളം റോഡുകളിലെ വെള്ളക്കെട്ടിന് പരിഹാരമായി എസ്.എസ് കോവിൽ റോഡ് മണ്ണിട്ടുയർത്തി ടാർ ചെയ്താൽ ഓടകളിലുടെ മഴവെള്ളം ആമയിഴഞ്ചാൻ തോട്ടിലെത്തും.

എന്നാൽ, ഈ പദ്ധതി, തൽപരകക്ഷികളുടെ എതിർപ്പിനെതുടർന്ന് നടന്നില്ല. കൈയ്യേറ്റക്കാരെ ഒഴിപ്പിക്കൽ വൻകിടക്കാരിലേക്ക് എത്തിയതോടെയാണ് ‘അനന്ത’ അനന്തമായി നിലച്ചത്. ഒന്നാം ഘട്ടത്തിൽ വിജയകരമായി പൂർത്തിയാക്കിയെങ്കിലും ‘അനന്ത’യുടെ രണ്ടാം ഘട്ടമോ മൂന്നാം ഘട്ടമോ ഉണ്ടായില്ല. 25 കോടിയോളം രൂപ പദ്ധതിക്ക് ചെലവിടുകയും ചെയ്തു. മുൻ സർക്കാരിന്റെ കാലത്തെ പദ്ധതിയാണെങ്കിലും എൽ ഡി എഫ് ആയാലും യു ഡി എഫ് ആയാലും പാതിവഴിയിൽ നിർത്തരുതെന്ന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജിജി തോംസണ്‍, ബിജു പ്രഭാകര്‍
ജിജി തോംസണ്‍, ബിജു പ്രഭാകര്‍

‘ഓപറേഷൻ അനന്ത’ എങ്ങനെയാണ് അട്ടമറിക്കപ്പെട്ടത് എന്നതിന്റെ ഉത്തരം, ജോയിയുടെ മരണത്തിന് ആരാണ് ഉത്തരവാദി എന്നതിന്റെ കൃത്യമായ വിശദീകരണം കൂടിയാകും. എന്നാൽ, അത്തരം അന്വേഷണങ്ങളിലേക്ക് ഈ ദു​രന്തം പോകില്ല എന്നുറപ്പാണ്. കാരണം, മേൽവിലാസ പോലുമില്ലാത്ത മനുഷ്യരെ മാത്രം ബാധിക്കുന്ന ദുരന്തങ്ങളാണിത്.

അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നത്തിലേക്കെത്താനാണ് ജോയി മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യങ്ങൾ നിറഞ്ഞ അഴുക്കുചാലിലേക്ക് ഇറങ്ങിയത്. ഏത് സമയവും നിലംപൊത്താവുന്ന ചുവരുകളും ശക്തിയായ കാറ്റടിച്ചാൽ പറന്നു പോകാവുന്ന ഷീറ്റുകളും ഉള്ളതാണ് ജോയിയുടെ വീട്. ഇടിഞ്ഞു പൊളിഞ്ഞ വഴിയും വീടിന്റെ ശോചനീയാവസ്ഥയും ജോയിയുടെ അതിദാരിദ്യം തുറന്നു കാണിക്കുന്നതാണ്.

കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ കണക്ക് പ്രകാരം 2018 നും 2023 നുമിടയിൽ 339 പേരാണ് ഇത്തരത്തിൽ മാൻഹോളുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത്.

വഴി മോശമായതിനാൽ ജോയിയുടെ വീടിന് താഴെയുള്ള സഹോദരന്റെ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ശേഷം ജോയിയുടെ പുരയിടത്തിൽ മൃതദേഹം സംസ്‌കരിച്ചു. ജോയിയെ അവസാനമായി കാണാനെത്തിയവരെ ഉൾക്കൊള്ളാനുള്ള സ്ഥലപരിമിതി കാരണം വളരെ കുറച്ചുപേർ മാത്രമേ സംസ്‌കാരചടങ്ങുകൾ നടക്കുന്ന പുരയിടത്തിലേക്ക് പോയുള്ളൂ. ഇത്തരം മനുഷ്യരുടെ ദുരന്തങ്ങൾക്ക് മാധ്യമവിചാരണകൾക്കപ്പുറത്തേക്ക് ആയുസ്സുണ്ടാകാറില്ല.

പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ‘അനന്ത’ മാത്രമല്ല ജോയിയുടെ മരണത്തിന്റെ ഉത്തരവാദി. യാതൊരു മടിയുമില്ലാത്തെ മാലിന്യങ്ങൾ തള്ളുന്ന പൊതുസമൂഹവും അതിനെതിരെ നടപടിയെടുക്കാൻമടിക്കുന്ന ഭരണകൂടവുമെല്ലാം ഈ ദുരന്തത്തിന്റെ ഉത്തരവാദികൾ തന്നെയാണ്. ‘അനന്ത’യല്ലെങ്കിൽ സമാനമായ മറ്റൊരു പദ്ധതി സർക്കാർ ആവിഷ്‌കരിക്കുക തന്നെ വേണം. പദ്ധതികൾ പ്രഖ്യപനങ്ങളിലൊതുങ്ങാതെ നടപ്പിലാക്കുകയും വേണം. മാൻഹോൾ ദുരന്തങ്ങൾ ഇനിയുമാവർത്തിക്കാതിരിക്കാൻ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കുകയും വേണം.

വഴി മോശമായതിനാൽ ജോയിയുടെ വീടിന് താഴെയുള്ള സഹോദരന്റെ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ശേഷം ജോയിയുടെ പുരയിടത്തിൽ മൃതദേഹം സംസ്‌കരിച്ചു.
വഴി മോശമായതിനാൽ ജോയിയുടെ വീടിന് താഴെയുള്ള സഹോദരന്റെ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ശേഷം ജോയിയുടെ പുരയിടത്തിൽ മൃതദേഹം സംസ്‌കരിച്ചു.

കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ കണക്ക് പ്രകാരം 2018 നും 2023 നുമിടയിൽ 339 പേരാണ് ഇത്തരത്തിൽ മാൻഹോളുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത്. എന്നാൽ കേരളത്തിലടക്കം യാതൊരു സുരക്ഷയും കൂടാതെ ഇപ്പോഴും മനുഷ്യരെ ഇത്തരം ജോലികൾക്കായി ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ജോയിയുടെ മരണം.

കേരളത്തിന്റെ മാലിന്യപ്രശ്‌നത്തിൽ ഭരണകൂടങ്ങളെ അവിശ്വസിക്കേണ്ടിവരുന്നതിന് നിരവധി കാരണങ്ങളുണ്ട്. 2023-ൽ ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം അതിൽ ഒടുവിലത്തെ സംഭവമായിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന ആ തീപിടുത്തം ഗുരതരമായ പാരിസ്ഥിതിക പ്രത്യാഘാതമാണുണ്ടാക്കിയത്. പ്ലാന്റ് അറ്റകുറ്റപ്പണി നടത്തുക, പുതിയ റോഡുകൾ പണിയുക, മാലിന്യമലയുടെ നിരീക്ഷണത്തിന് ക്യാമറകൾ സ്ഥാപിക്കുക, ബയോ മൈനിങ്, പതിവായുള്ള അവലോകനയോഗങ്ങൾ തുടങ്ങിയ പ്രാഥമിക പരിഹാരങ്ങൾ ബ്രഹ്മപുരത്ത് നടന്നിട്ടുണ്ട്. അതിനോടൊപ്പം അനിവാര്യമായ, നഗര മാലിന്യ സംസ്‌കരണത്തിനുള്ള ദീർഘകാല പദ്ധതികൾക്കുവേണ്ടിയുള്ള സജീവമായ ഇടപെടലുകൾക്ക് അന്നത്തെ പ്രഖ്യാപനങ്ങളുടെ വേഗമില്ല. അത്, മന്ത്രി രാജേഷ് സൂചിപ്പിച്ചതുപോലുള്ള സാമൂഹിക ഉത്തരവാദിത്തത്തിനേക്കാൾ ഭരണകൂട ഉത്തരവാദിത്തമാണ്. അത് പാലിക്കപ്പെടാതിരിക്കുന്നതിന്റെ ഒടുവിലത്തെ ഇരയായിരിക്കുകയില്ല, ജോയി.

Comments