ചോമ്പാലിലെ മത്സ്യത്തൊഴിലാളികൾക്ക്​ കിട്ടിയ ക്രിസ്​മസ്​ ദ്വീപിലെ കടൽക്കള്ളൻ പക്ഷി / ഫോട്ടോകൾ: അബ്ദുള്ള പാലേരി

തിരിച്ചറിയും മുമ്പേ മരിച്ചുപോയ പക്ഷി

ലോകത്തെ ഒരു അപൂർവ പക്ഷിയുടെ പ്രഥമ ദർശനം സമ്മാനിച്ച അസമാനമായ ആഹ്ലാദം; തിരിച്ചറിയും മുമ്പേ മരണത്തിനു കീഴടങ്ങിയ അതേ പക്ഷിയുടെ അകാല വിയോഗം ഉണർത്തിയ നൊമ്പരം - ഈ ദ്വയാനുഭവങ്ങൾ മനസ്സിൽ സൃഷ്ടിച്ച വെളിച്ചവും ഇരുട്ടും ഓർമയിൽ എന്നും മായാതെ കിടക്കും. ഒരു പക്ഷിനിരീക്ഷകന്റെ ജീവിതത്തിൽനിന്ന്​...

ക്ഷിനിരീക്ഷണത്തിന്റെയും പഠനങ്ങളുടേയും രണ്ടരപതിറ്റാണ്ടു കടന്നുപോയിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ മനസ്സിൽ ഒരിക്കലും മായാതെ ആലേഖനം ചെയ്യപ്പെട്ട ഒരു ദിനമുണ്ട്; 2019 ജൂൺ 29.

അന്നാണ് ലോകത്തിലെ ഏറ്റവും അപൂർവമായ കടൽപ്പക്ഷികളിലൊന്നിനെ കാണാനുള്ള അപൂർവ സൗഭാഗ്യം കൈവന്നത്. പക്ഷേ, ആ പക്ഷി കൃത്യമായി ഏതു ജാതിയാണെന്നു തിരിച്ചറിയും മുമ്പേ അത്​ ഇഹലോകവാസം വെടിഞ്ഞിരുന്നു.
അതിന്റെ അകാല വിയോഗ സ്മൃതി മനസ്സിലെ ഒരു ഉണങ്ങാത്ത മുറിവാണ്.

അറബിക്കടലിൽ മീൻ പിടിക്കാൻ പോയ ചോമ്പാലിലെ ഏതാനും മത്സ്യത്തൊഴിലാളികൾ മുറിവേറ്റ ഒരു പക്ഷിയെ ചോമ്പാൽ തീരത്തേക്ക് കൊണ്ടുവന്നു. ഒരിനം കടൽക്കള്ളൻ പക്ഷിയാണ് (Frigate Bird) അതെന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷിക്ക് പ്രായപൂർത്തി എത്തിയിട്ടില്ല എന്നും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു. പക്ഷിയുടെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം വാർന്നുകൊണ്ടിരുന്നു.

Frigate Bird / Photo : Wikimedia Commons

കടപ്പുറത്തു വെച്ച ഈ അപൂർവ പക്ഷിയെ ഒന്നു കാണാൻ ആളുകൾ തടിച്ചുകൂടി. പ്രിയേഷ് എന്ന പരിസ്ഥിതി പ്രവർത്തകൻ പക്ഷിയെ ചികിത്സക്ക്​ തൊട്ടടുത്ത മൃഗാശുപത്രിയിലെത്തിച്ചു. ചികിത്സയുടെ ഫലമായി മുറിവിൽനിന്നുള്ള രക്തമൊഴുക്ക് പൂർണമായി നിലച്ചു.

പക്ഷി തന്റെ അസാധാരണമായി നീണ്ട ചിറകുകൾ അടിച്ചുതുടങ്ങി. ചിറകുവിടർത്തി ആകാശത്തേക്ക് പറക്കാൻ പലവട്ടം ശ്രമിച്ചു. പക്ഷേ, നിലത്തുനിന്ന്​ വായുവിലേക്ക് ഉയരാൻ കഴിയുന്നില്ല. പക്ഷിയെ കുറ്റ്യാടിയിലെ വനംവകുപ്പ് ഓഫീസിൽ കൊണ്ടുവന്നു. ആഹാരവും വെള്ളവും നൽകിയെങ്കിലും അന്നപാനീയങ്ങൾ ഒന്നും സ്വീകരിക്കില്ല എന്ന നിലപാടിലായിരുന്നു. വൈകാതെ വിദഗ്ധ ചികിത്സക്ക്​ പൂക്കോട്ടുള്ള മൃഗചികിത്സാ കേന്ദ്രത്തിലെത്തിച്ചു. ചികിത്സ ഫലിക്കാതെ ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പക്ഷി ചത്തുപോയി. നെഞ്ചിലെ അസ്ഥിയിലും മറ്റു ആന്തരികാവയവങ്ങളിലും ഏറ്റ മുറിവാണ് മരണകാരണമായെതെന്നു പോസ്റ്റുമാർട്ടം റിപ്പോർട്ടു വന്നു.

ലോകത്തെമ്പാടും അഞ്ചിനം കടൽക്കള്ളൻ പക്ഷികളുണ്ട്. ഏതു ജാതി പക്ഷിയാണ് ചോമ്പാലിൽ കണ്ടെത്തിയതെന്നു തിരിച്ചറിയാൻ മൂന്നു മാസത്തോളമെടുത്തു. അതിനുമുമ്പേ തന്നെ ആ പക്ഷി മരിച്ചുപോയിരുന്നു.

പ്രായപൂർത്തിയെത്താത്ത ഒരിനം കടൽക്കള്ളൻ പക്ഷിയാണ് അതെന്നു തിരിച്ചറിഞ്ഞിരുന്നുവെങ്കിലും കൃത്യമായി ഏതിനം കടൽക്കള്ളനാണെന്ന് കണ്ടെത്തുക എളുപ്പമായിരുന്നില്ല. പക്ഷിക്ക് പ്രായപൂർത്തി ആകാത്തതാണ് മുഖ്യ കാരണം.

ലോകത്തെമ്പാടും അഞ്ചിനം കടൽക്കള്ളൻ പക്ഷികളുണ്ട്. ഇവയിൽ ചെറിയ കടൽക്കള്ളൻ (Lesser Frigate Bird), വലിയ കടൽക്കള്ളൻ (Great Frigate Bird), ക്രിസ്​മസ് ദ്വീപിലെ കടൽക്കള്ളൻ (Christmas Island Frigate Bird) എന്നീ മൂന്നു ജാതി പക്ഷികളെയാണ് ഇന്ത്യയിൽ കണ്ടെത്തിയത്​. ഈ മൂന്നിനം പക്ഷികൾ കേരളത്തിൽ വന്നതായും രേഖകളുണ്ട്. ഈ മൂന്ന് ജാതികളിൽ ഏതു ജാതി പക്ഷിയാണ് ചോമ്പാലിൽ കണ്ടെത്തിയതെന്നു തിരിച്ചറിയാൻ മൂന്നു മാസത്തോളമെടുത്തു. അതിനുമുമ്പേ തന്നെ ആ പക്ഷി മരിച്ചുപോയിരുന്നു.

Christmas Island Frigate Bird / Photo : Wikimedia Commons

കടൽക്കള്ളൻ പക്ഷികൾ ഒട്ടേറെ സവിശേഷതകൾ കൊണ്ട് ആരിലും കൗതകമുണർത്തുന്നവയാണ്. പ്രജനന കാലമെത്തിയാൽ ആൺപക്ഷിയുടെ തൊണ്ടയിൽ ഒരു ചുവന്ന ബലൂൺ കാണാം. പെണ്ണിനെ ആകർഷിക്കാനാണ് ആൺപക്ഷി ബലൂൺ വീർപ്പിക്കുന്നത്​. മറ്റുപക്ഷികൾ പിടിച്ച ഇരയെ തട്ടിപ്പറിച്ചു കഴിക്കുന്നതുകൊണ്ടാണ് ഇതിനെ കടൽക്കള്ളൻ എന്നു വിളിക്കുന്നത്. ചിറകുകൾക്ക് രണ്ടു മീറ്ററിലേറെ നീളം കാണും. പറക്കുന്നതിനിടെയാണ് ഉറക്കം. ഉറങ്ങുമ്പോൾ തലച്ചോറിന്റെ ഒരു പാതി പ്രവർത്തിച്ചു കൊണ്ടിരിക്കും. ഒരു പ്രജനന കാലത്ത്​ ഒരു മുട്ട മാത്രമേ ഇടാറുള്ളൂ.

പക്ഷിയുടെ ശരീരസവിശേഷതളുടെ അടിസ്ഥാനത്തിൽ ഡേവിഡ് ജെയിംസിനുമായി നിരന്തരം സംവാദത്തിൽ ഏർപ്പെട്ടു. ഒടുവിൽ ഇത് ലോകത്തിലെ അപൂർവ കടൽപ്പക്ഷികളിലൊന്നായ ക്രിസ്​മസ്​ ദ്വീപിലെ കടൽക്കള്ളൻ പക്ഷി തന്നെയെന്ന് അദ്ദേഹം തീർത്തുപറഞ്ഞപ്പോൾ മനസിൽ ആഹ്ലാദത്തിന്റെ പെരുമഴ.

ഇത് ഏതിനം കടൽക്കള്ളൻ പക്ഷിയാണെന്ന് ഉറപ്പു വരുത്താൻ മാസങ്ങളോളം നീണ്ട അന്വേഷണം തന്നെ നടത്തേണ്ടി വന്നു. ഇന്ത്യയിലെ ചില പ്രശസ്തരായ പക്ഷി നിരീക്ഷകർക്ക്​ ഫോട്ടോ അയച്ചുകൊടുത്തെങ്കിലും ആർക്കും ഇത് ഏതിനം കടൽക്കള്ളൻ പക്ഷിയാണെന്ന്​ ഉറപ്പിച്ചുപറയാൻ പറ്റിയില്ല. അങ്ങനെയാണ് കടൽ പക്ഷികളെതേടി നിരന്തരം യാത്ര നടത്തുന്ന ബ്രിട്ടീഷ് പക്ഷിനിരീക്ഷകനായ സീമിന്‌സിനു ഫോട്ടോ അയച്ചുകൊടുതത്തത്. അദ്ദേഹം ഏറെക്കുറെ ഇത് ക്രിസ്മസ് ദ്വീപിലെ കടൽക്കള്ളൻ പക്ഷിയാണെന്ന്​ അഭിപ്രയാപ്പെട്ടു. പക്ഷേ, ഇത്തിരി അവ്യക്തത അദ്ദേഹവും മറച്ചു വെച്ചില്ല.
തുടർന്ന്​, ഏഷ്യയിലെ പക്ഷികളെ കുറിച്ച് ആഴത്തിൽ അറിവുള്ള പോൽ ബെയ്​ലിക്കും ലോകപ്രശസ്ത കടൽപക്ഷി ഗവേഷകൻ ഓൾസനും ഫോട്ടോ അയച്ചു കൊടുത്തു. പക്ഷേ നൂറു ശതമാനം സ്ഥിരീകരണം നൽകാൻ അവർക്കും സാധിച്ചില്ല. അതോടെ ഈ പക്ഷിയെ നിസ്സംശയമായി തിരിച്ചറിയാൻ കഴയില്ല എന്നുറപ്പിച്ചു.

ഡോ. അബ്​ദുള്ള പാലേരി

ആയിടക്കാണ് ആസ്ട്രേലിയൻ പക്ഷിഗവേഷകനായ ഡേവിഡ് ജെയിംസിനെ കുറിച്ച് മനസ്സിലാക്കിയത്. അദ്ദേഹം ഈ പക്ഷിയെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനാണ്. ക്രിസ്മസ് ദ്വീപിലെ കടൽക്കള്ളൻ പക്ഷികളുടെ അവസാന വാക്ക്. ഫോട്ടോയും ഒപ്പം ഒരു വീഡിയോയും അദ്ദേഹത്തിന് അയച്ചുകൊടുത്തു. മറുപടിക്കായി കാത്തിരുന്നു. പക്ഷേ, അദ്ദേഹം ആ സമയം ഏതോ വിദൂര ദ്വീപിൽ പക്ഷികളെ കുറിച്ച്​ പഠിക്കാൻ പോയതായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി വന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിലും സംശയത്തിന്റെ ലാഞ്ചന ഉണ്ടായിരുന്നു. തുടർന്ന് ഈ പക്ഷിയുടെ ശരീരസവിശേഷതളുടെ അടിസ്ഥാനത്തിൽ അദ്ദേഹവുമായി നിരന്തരം സംവാദത്തിൽ ഏർപ്പെട്ടു. ഒടുവിൽ ഇത് ലോകത്തിലെ അപൂർവ കടൽപ്പക്ഷികളിലൊന്നായ ക്രിസ്​മസ്​ ദ്വീപിലെ കടൽക്കള്ളൻ പക്ഷി തന്നെയെന്ന് അദ്ദേഹം തീർത്തുപറഞ്ഞപ്പോൾ മനസിൽ ആഹ്ലാദത്തിന്റെ പെരുമഴ.

ലോകത്ത്​ ക്രിസ്​മസ്​ ദ്വീപിൽ മാത്രമേ ഈ പക്ഷിയെ കാണാൻ കഴിയൂ. ഇന്ത്യാ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണിത്. കേവലം രണ്ടായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ ദ്വീപ് ആസ്ട്രേലിയയുടെ അധീനതയിലാണ്. 135 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപ് ലോകത്ത്​ മറ്റൊരിടത്തും കാണാത്ത വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ഈറ്റില്ലമാണ്. 1643ലെ ക്രിസ്മസ് ദിനത്തിൽ ഈ ദ്വീപിലെത്തിയ ക്യാപ്റ്റൻ വില്യം മൈനേഴ്സ് ആണ് ക്രിസ്​മസ്​ ദ്വീപ് എന്ന് പേരിട്ടത്. കേരളത്തിൽ നിന്ന് 4021 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. അതായത്, ഇത്രയും ദൂരം പറന്നാണ് പക്ഷി ചോമ്പാലിലെത്തിയത്​ എന്നുചുരുക്കം.

വർഷകാലത്ത്​ കടൽക്കാറ്റിലും കോളിലും പെട്ട് ചില കടൽപ്പക്ഷികൾ വഴി തെറ്റി കേരളത്തിലെത്താറുണ്ട്. ഇത്തരം പക്ഷികളെ ആകസ്മിക സന്ദർശകർ എന്നാണ് വിളിക്കുന്നത്​.

പ്രജനനേതര കാലത്ത്​ ഈ പക്ഷി ക്രിസ്​മസ്​ ദ്വീപു വിട്ട്​ തെക്കെൻ ചൈനയിലേക്കും തായ്​ലാൻറിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കും ദേശാടനത്തിനെത്താറുണ്ട്. ഇന്ത്യയിൽ സ്ഥിരമായി ദേശാടനത്തിന്​എത്താറില്ല. ആകസ്മിക സന്ദർശകനായിട്ടാണ് (Vagrant) വരവ്. ഇന്ത്യയിൽ വിരളമായേ ഇതിന്റെ ആഗമനം രേഖപ്പെടുത്തിയിട്ടുള്ളൂ. കേരളത്തിൽ ഈ പക്ഷി മുമ്പ് ഒരു തവണ മാത്രം വന്നതായേ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുളളൂ. ആലപ്പുഴയിൽ വെച്ച് പകർത്തിയ പറക്കുന്ന ഒരു പക്ഷിയുടെ ചിത്രം ക്രിസ്​മസ്​ ദ്വീപിലെ കടൽക്കള്ളൻ പക്ഷിയാണെന്ന്​ പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി.

വർഷകാലത്ത്​ കടൽക്കാറ്റിലും കോളിലും പെട്ട് ചില കടൽപ്പക്ഷികൾ വഴി തെറ്റി കേരളത്തിലെത്താറുണ്ട്. ഇത്തരം പക്ഷികളെ ആകസ്മിക സന്ദർശകർ എന്നാണ് വിളിക്കുന്നത്​. പറക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടോ അപകടം സംഭവിക്കുന്നതു കൊണ്ടോ ആഹാരം കിട്ടാത്തതുകൊണ്ടോ പക്ഷികൾ അസാധാരണ ഇടങ്ങളിൽ എത്തിപ്പെടാറുണ്ട്. ചോമ്പാലിലെ തീരക്കടലിൽ ഈ പക്ഷി എത്തിയത് ഇവയിൽ ഏതെങ്കിലും ഒരു കാരണം കൊണ്ടാകാം. പക്ഷിയുടെ നെഞ്ചിലേറ്റ മുറിവിന്റെ കാരണം അജ്ഞാതമാണ്. ശക്തമായ കടൽക്കാറ്റിൽ പെട്ട്​ കപ്പലിലോ ബോട്ടിലോ ചെന്നിടിച്ചു മുറിവേൽക്കാൻ സാധ്യതയുണ്ട്.

രണ്ടു വർഷത്തിൽ ഒരു തവണയാണ് പ്രജനനം നടത്തുന്നത്​. ഡിസംബർ മുതലേ കൂടുകൂട്ടാൻ ഒരുക്കം തുടങ്ങും. മാർച്ച് മുതൽ മെയ് വരെയാണ് മുട്ടയിടുന്ന കാലം. ഒരു മുട്ടയേ ഇടാറുള്ളു. മുഖ്യമായും അട മരത്തിലാണ്​ (Terminalia catappa) കൂടൊരുക്കുന്നത്. നാൽപതു ദിവസത്തോളമാണ് അടയിരിപ്പു കാലം. കുഞ്ഞിന് പറക്കമുറ്റിയാലും ഒരുവർഷത്തിലേറെ കാലം രക്ഷിതാക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്​.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി (IUCN) ഇതിനെ ലോകത്ത്​അപകടകരമായി വംശനാശം നേരിടുന്ന (Critically Endangered) പക്ഷികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്​. ഇവ ഇപ്പോൾ ആകെ എണ്ണായിരത്തിൽ താഴെ എണ്ണമേ ജീവിച്ചിരിപ്പുള്ളൂ. മാത്രമല്ല, ഇതിന്റെ വംശം നാൾക്കുനാൾ ക്ഷയിച്ചു വരികയാണ്. ഇത് ക്രിസ്മസ് ദ്വീപിൽ മാത്രമേ കൂട് കൂട്ടുന്നുള്ളു എന്നതാണ് വംശക്ഷയത്തിന്റെ മുഖ്യ കാരണം. ആവാസനാശവും വേട്ടയും മുട്ട ശേഖരണവും ഇതിന്റെ വംശക്ഷയത്തിന്​ ആക്കം കൂട്ടുന്നു. ഇതിന്റെ പ്രജനന സ്ഥലത്ത്​ ഖനനം നടത്തുന്നതും നിലനില്പിന്​ ഭീഷണി ഉയർത്തിയിരിക്കുകയാണ്. ഇനിയെങ്കിലും ഈ പക്ഷിക്ക് മതിയായ സംരക്ഷണം നൽകിയില്ലെങ്കിൽ ഏറെ താമസിയാതെ ഭൂലോകത്തുനിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ലോകത്തെ ഒരു അപൂർവ പക്ഷിയുടെ പ്രഥമ ദർശനം സമ്മാനിച്ച അസമാനമായ ആഹ്ലാദം; തിരിച്ചറിയും മുമ്പേ മരണത്തിനു കീഴടങ്ങിയ അതേ പക്ഷിയുടെ അകാല വിയോഗം ഉണർത്തിയ നൊമ്പരം - ഈ ദ്വയാനുഭവങ്ങൾ മനസ്സിൽ സൃഷ്ടിച്ച വെളിച്ചവും ഇരുട്ടും ഓർമയിൽ എന്നും മായാതെ കിടക്കും. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. അബ്​ദുള്ള പാലേരി

പക്ഷിനിരീക്ഷകൻ, അധ്യാപകൻ. പക്ഷിനിരീക്ഷണം: അറിവും വിനോദവും, വരൂ, നമുക്ക്​ പൂമ്പാറ്റകളെ നിരീക്ഷിക്കാം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments