വാഗാഡ് എന്ന നാടുമാന്തി

കോഴിക്കോട് ജില്ലയിൽ വെങ്ങളം മുതൽ അഴിയൂർ വരെയുള്ള ദേശീയപാതയുടെ നിർമാണ കരാർ കമ്പനിയാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഗാഡ് കൺസ്ട്രക്ഷൻ കമ്പനി. ദേശീയപാതക്ക് മണ്ണെടുക്കാനെന്ന പേരിൽ ജില്ലയിലെ പല ഗ്രാമങ്ങളിലെയും മലകളും കുന്നുകളും ഇടിച്ചു നിരത്തുകയാണ് ഈ കമ്പനി.

ദേശീയപാത നിർമാണത്തിന്റെ മറവിൽ ഖനനം ചെയ്യുന്ന മണ്ണ്, കരിങ്കല്ല് ഉൾപെടെയുള്ളവ സ്വകാര്യ പ്രവൃത്തികൾക്കടക്കം കമ്പനി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്ത് വരുകയും ഖനനം തടയുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അശാസ്ത്രീയവും അനിയന്ത്രിതവുമായ മണ്ണ് ഖനനം ജില്ലയിലെ ഇടനാടുകളിൽ ഇപ്പോഴും സിസ്റ്റത്തിന്റെ ഒത്താശയോടെ തുടരുന്നുണ്ട്.

ദേശീയപാതയുടെ പ്രവർത്തനം നിലച്ചുപോകുമെന്ന് കാണിച്ച്് വാഗാഡ് ജില്ലയിലെ പല ഗ്രാമങ്ങളിലെയും കുന്നുകളെ തേടിയെത്തുകയാണ്. വികസനത്തിനെന്ന പേരിലുള്ള വാഗാഡിന്റെ അനിയന്ത്രിതമായ മണ്ണെടുപ്പിനെതെരെ എല്ലാ ഗ്രാമങ്ങളിൽ നിന്നും ജനരോഷമുയരുമ്പോഴും തങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് കമ്പനി ശ്രമിക്കുന്നത്.

ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പിനെതിരെ പ്രതിഷേധവുമായെത്തിയ പ്രദേശവാസികളെ കൈപ്രയോഗത്തിലൂടെയായിരുന്നു പോലീസ് നേരിട്ടത്. പോലീസും ജിയോളജി വകുപ്പുമെല്ലാം വാഗാഡിന് വേണ്ടി പ്രവർത്തിക്കുന്നതായാണ് ഇവിടുത്തുകാരുടെ പ്രധാന ആരോപണം. നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഒരു നാടിന്റെ ആവാസവ്യവസ്ഥയെ തകർത്തെറിയുന്ന രൂപത്തിലാണ് വാഗാഡ് കമ്പനി മലകൾ ഇടിച്ചു നിരത്തുന്നത്. ഷിരൂർ, വിലങ്ങാട്, മുണ്ടക്കൈ തുടങ്ങി നാടിനെ നടുക്കിയ മഹാ ദുരന്തങ്ങൾ ആർക്കും മറക്കാനായിട്ടില്ല. ഇതിനിടയിലാണ് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ തികച്ചും അശാസ്ത്രീയമായി വാഗാഡ് കമ്പനി ഓരോ നാടുകളിലെയും കുന്നുകൾ ഇടിച്ചു നിരത്തുന്നത്.

Comments