കറുത്തും ​ചുവന്നും ഒഴുകുന്ന പെരിയാർ,
മലിനീകരണ നിയന്ത്രണ ബോർഡ്​ എന്ന പ്രതി

ജൂണ്‍ ഏഴിന്​ സന്ധ്യക്ക്​ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ ആരേയും അറിയിക്കാതെ പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജി​ന്റെ ഷട്ടറുകള്‍ തുറന്ന്​ വിഷജലം ഒഴുക്കി. എട്ടാം തീയതിയായപ്പോൾ അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള ചെറു മത്സ്യങ്ങളെല്ലാം ചത്തുപൊങ്ങി. ഇത്ര വലിയ മത്സ്യ കുരുതി നടന്നിട്ട് ഉത്തരവാദിത്വപ്പെട്ടവര്‍ അന്വേഷിച്ചില്ല. കലക്ടറും സ്ഥലം എം.എല്‍ എ കൂടിയായ വ്യവസായമന്ത്രിയും തിരിഞ്ഞുനോക്കിയില്ല. നൂറുകണക്കിന് മത്സ്യതൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന ക്രിമിനല്‍നടപടികളാണ് വ്യവസായ മാലിന്യം പുറം തള്ളി മത്സ്യങ്ങളെ കൂട്ടക്കുരുതി ചെയ്യുന്നതിലൂടെ നടക്കുന്നതെന്ന് മന്ത്രിക്കറിയാഞ്ഞിട്ടല്ലല്ലോ?.

2023 ജൂണ്‍ ഏഴിന്​ സന്ധ്യക്ക്​ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ ആരേയും അറിയിക്കാതെ പാതാളം റഗുലേറ്റര്‍ കം ബ്രിഡ്ജി​ന്റെ ഷട്ടറുകള്‍ തുറന്ന്​ വിഷജലം ഒഴുക്കി. എട്ടാം തീയതിയായപ്പോൾ പാതാളം മുതല്‍ താഴേക്ക് ഏലൂര്‍ ഫെറിയും കഴിഞ്ഞ് ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ പരിധിയിലുള്ള കരിമീന്‍, കൂരി, കൊഞ്ച്, പള്ളത്തി, ചെമ്പല്ലി, ചെമ്മീന്‍, മറ്റു ചെറു മത്സ്യങ്ങളെല്ലാം ചത്തുപൊങ്ങി. ആചാരം പോലെ മലനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി)​ സാമ്പിള്‍ എടുത്തു. പിറ്റേദിവസം നഗരസഭ പ്രമേയം പാസാക്കി. പി.സി.ബിയിലെത്തി പ്രതിഷേധിച്ചു. അതിനപ്പുറം, ഇത്ര വലിയ മത്സ്യ കുരുതി നടന്നിട്ട് ഉത്തരവാദിത്വപ്പെട്ടവര്‍ അന്വേഷിച്ചില്ല. കലക്ടറും സ്ഥലം എം.എല്‍ എ കൂടിയായ വ്യവസായമന്ത്രിയും തിരിഞ്ഞുനോക്കിയില്ല. തന്റെ മണ്ഡലത്തില്‍ ഇത്ര വലിയ മത്സ്യ കുരുതി നടന്നിട്ട് അതേക്കുറിച്ചന്വേഷിക്കാന്‍ മന്ത്രി സമയം കണ്ടെത്തിയില്ല എന്നത് അത്ഭുതകരമാണ്. താഴെ ഉള്‍നാടന്‍ മേഖലയില്‍ നൂറുകണക്കിന് മത്സ്യതൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന ക്രിമിനല്‍നടപടികളാണ് വ്യവസായ മാലിന്യം പുറം തള്ളി മത്സ്യങ്ങളെ കൂട്ടക്കുരുതി ചെയ്യുന്നതിലൂടെ നടക്കുന്നതെന്ന് മന്ത്രിക്കറിയാഞ്ഞിട്ടല്ലല്ലോ?

മാലിന്യമൊഴുക്കിയതിനെതുടർന്ന്​ പെരിയാറിലുണ്ടായ നിറം മാറ്റം

മലിനീകരണ നിയന്ത്രണ ബോർഡ്​ ഒന്നാം പ്രതി

തീര്‍ച്ചയായും പി.സി.ബി ആണ് ഒന്നാമത്തെ ഉത്തരവാദി, രണ്ടാമത് വ്യവസായ മാനേജ്‌മെന്റും. മഴ ശക്തമായി പെയ്യുമെന്ന പ്രതീക്ഷയില്‍ പെരിയാറിന്റെ തീരത്തെ കമ്പനികള്‍ സംഭരിച്ചു വച്ചിരുന്ന വിഷജലം, റഗുലേറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ പുഴയിലേക്ക് ഒഴുക്കിയതാണ് മത്സ്യക്കുരുതിക്ക് കാരണമായത്. വ്യവസായിക മലിനജലം ഒഴുക്കിവിടുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നാളിതുവരെ നിയമം അനുശാസിക്കുന്ന നടപടിയെടുക്കാതെ പെരിയാര്‍ മലിനീകരണത്തിന് കൂട്ടുനിൽക്കുന്ന പി.സി.ബിയിലെ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുകയാണ് ആദ്യം വേണ്ടത്. തങ്ങളില്‍ അര്‍പ്പിതമായ കടമ നിര്‍വഹിക്കാതെ ശമ്പളവും കിമ്പളവും വാങ്ങി തിന്നുന്ന ഉദ്യോഗസ്ഥരെ ജനം ഒരു നാള്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും.

നൂറുകണക്കിന് പ്രാവശ്യം പെരിയാര്‍ ചുമന്നൊഴുകിയിട്ടുണ്ട്. പച്ചയിലും വെളുപ്പിലുമെല്ലാം പല വര്‍ണ്ണങ്ങളില്‍ പെരിയാര്‍ ഒഴുകിയിട്ടും, ആ കമ്പനികളെ നേരിട്ട് കണ്ടെത്തിയിട്ടും യാതൊരു നടപടിയും പി.സി.ബി എടുത്തില്ല.

1996- മുതല്‍ നൂറുകണക്കിന് പ്രാവശ്യം പെരിയാര്‍ ചുമന്നൊഴുകിയിട്ടുണ്ട്. പച്ചയിലും വെളുപ്പിലുമെല്ലാം പല വര്‍ണ്ണങ്ങളില്‍ പെരിയാര്‍ ഒഴുകിയിട്ടും, ആ കമ്പനികളെ നേരിട്ട് കണ്ടെത്തിയിട്ടും യാതൊരു നടപടിയും പി.സി.ബി എടുത്തില്ല. 1972- മുതല്‍ മത്സ്യ കുരുതി സംഭവിക്കുന്നു. 150 ലധികം മത്സ്യ കുരുതി ഇതിനകം സംഭവിച്ചിട്ടുണ്ട്. 1998 ജൂണ്‍ 11നു നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യ കുരുതിയിലടക്കം പി.സി.ബി ഒരു നടപടിയുമെടുത്തില്ല. ഇതിന്റെ കാരണം ചോദിച്ചാല്‍ ചുമന്നൊഴുകുന്നത് അടിത്തട്ടിലെ ഇളക്കങ്ങള്‍ മൂലമാണെന്ന് പറയും. ഓക്‌സിജന്റെ അളവ് കുറയുന്നതുകൊണ്ടാണെന്നും പറയും. എന്നാല്‍ എന്തുകൊണ്ടാണ് വെള്ളത്തിലെ ഓക്‌സിജന്‍ കുറയുന്നതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. എപ്പോഴെല്ലാം മത്സ്യ കുരുതി സംഭവിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം പുഴയില്‍ അമോണിക്ക് നൈട്രജന്റെ അളവ് കൂടിയിട്ടുണ്ട്. അമോണിയ വരാനുള്ള സോഴ്‌സ് എവിടെയൊക്കെയുണ്ട് എന്ന് ട്രെയ്‌സ് ചെയ്താല്‍ മത്സ്യ കുരുതിയുടെ ഒരു കാരണം കണ്ടെത്താം. പക്ഷെ ചെയ്യില്ല, കാരണം ഏലൂര്‍ -എടയാര്‍ വ്യവസായമേഖല എല്ലാവരുടെയും കറവപ്പശുവാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 2023 മെയ് 27ന്​ ഏലൂര്‍ പാതാളത്തെ റഗുലേറ്റര്‍-കം- ബ്രിഡ്ജിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ കണ്ടത്.

5.03.2023 ഞായറാഴ്ച പെരിയാറിൽ കണ്ടെത്തിയ വ്യവസായ മാലിന്യം

വിവിധ കമ്പനികളില്‍ നിന്ന് ഒഴുക്കിവിട്ട വ്യവസായ മാലിന്യം കലര്‍ന്ന ജലം താഴെക്ക് ഒഴുകിപ്പരന്ന്​ പെരിയാര്‍ കറുത്തൊഴുകി. ഇത് വര്‍ഷത്തില്‍ പല പ്രാവശ്യം ആവര്‍ത്തിക്കും. മുമ്പൊരിക്കല്‍ ഇങ്ങനെ പെരിയാര്‍ കറുത്തൊഴുകിയപ്പോൾ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതുകൊണ്ട് ഇപ്രാവശ്യം ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാവരെയും അറിയിച്ചശേഷമാണ് ഇത്തവണ ഷട്ടര്‍ തുറന്നത്. തഹസില്‍ദാർ, പി.സി.ബി ഉദ്യോഗസ്ഥർ, ഇറിഗേഷൻ- പരിസ്ഥിതി പ്രവര്‍ത്തകർ തുടങ്ങിയവ​രുടെ സാന്നിദ്ധ്യത്തിലായിരുന്നു വിഷജലപ്രവാഹം. എന്നി​ട്ടോ? പി.സി.ബി നടപടിയെടുത്തോ? ഹൈക്കോടതിയില്‍ നിന്ന്​ എന്തെങ്കിലും ഇടപെടല്‍? - ഇല്ല എന്നു മാത്രമല്ല, ഇനിയൊന്നും സംഭവിക്കാനും പോകുന്നില്ല.

ഈ വര്‍ഷം ഏഴെട്ടു പ്രാവശ്യം വിവിധ കമ്പനികളില്‍ നിന്ന് പെരിയാറിലേക്ക് വ്യവസായിക മലിനജലം ഒഴുക്കുന്നത് നേരിട്ടു കണ്ടെത്തുകയും പി.സി.ബിയെ വിളിച്ചു വരുത്തി സാമ്പിൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഏഴെട്ടു പ്രാവശ്യം വിവിധ കമ്പനികളില്‍ നിന്ന് പെരിയാറിലേക്ക് ഒട്ടും സംസ്‌കരിക്കാത്ത വ്യവസായിക മലിനജലം ഒഴുക്കുന്നത് നേരിട്ടു കണ്ടെത്തുകയും പി.സി.ബിയെ വിളിച്ചു വരുത്തി സാമ്പിൾ ശേഖരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പെരിയാര്‍ മലിനീകരണത്തിനെതിര ഷെബീറടക്കമുള്ള കുറച്ചുപേരുടെ നിരന്തര ജാഗ്രതയും ഇടപെടലുകളുമാണ് കമ്പനികള്‍ ചെയ്യുന്ന ഇത്തരം ക്രിമിനല്‍ ആക്ടിവിറ്റികള്‍ കുറച്ചെങ്കിലും ജനങ്ങള്‍ അറിയാന്‍ ഇടയാക്കുന്നത്. വ്യവസായ മേഖലയില്‍ പരിസ്ഥിതി സംരക്ഷണ നിയമം, അപകടകരങ്ങളായ മാലിന്യങ്ങളെ സംബന്ധിച്ച നിയമം, ജല- വായു മലിനീകരണ നിയന്ത്രണ നിയമം, കോസ്റ്റല്‍ സോണ്‍ മാനേജ്‌മെൻറുമായി ബന്ധപ്പെട്ട നിയമം എന്നിവ നഗ്‌നമായി ലംഘിക്കുന്ന ഒരിടം കൂടിയാണ് ഏലൂര്‍ - എടയാര്‍ വ്യവസായ മേഖല.

പെരിയാറില്‍ ചത്തു പൊങ്ങിയ മത്സ്യങ്ങള്‍

ഒരു എല്ലുപൊടി കമ്പനി വ്യവസായി പെരിയാറിന്റെ തീരത്തോടു ചേര്‍ന്ന് മലിനജല സംസ്‌കരണത്തിനു വേണ്ടി എന്ന വ്യാജേന വലിയ കെട്ടിടം പണിയുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പി.സി.ബിക്കും, തീരദേശ പരിപാലന അതോറിറ്റിക്കും പരാതി നൽകി. നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് അറിയുന്നത്, പി.സി.ബിയിൽനിന്ന്​ പിരിഞ്ഞ ഒരുദ്യോഗസ്ഥനാണ് ആ കെട്ടിടം ഉള്‍പ്പെടുന്ന പ്ലാന്റിന്റെ കണ്‍സള്‍ട്ടൻറ്​. മാത്രമല്ല, പി.സി.ബിയിലെ ഉദ്യോഗസ്ഥര്‍ അറിഞ്ഞു കൊണ്ടാണ് ആ നിര്‍മ്മിതി നടക്കുന്നത്​. പിന്നെ കേസ് കൊടുത്തു, CRZ നിയമം ലംഘിച്ചതിനാല്‍ അത് പൊളിക്കാന്‍ കോടതി ഉത്തരവുണ്ടായി.

എട്ടോളം ബോണ്‍ മീല്‍ (എല്ലുപൊടി ) കമ്പനികളോട് ചീഞ്ഞ മണം ഒഴിവാക്കാന്‍ ബയോ ഫില്‍റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനും അതിനു കഴിയാത്തവര്‍ക്കെതിരെ നടപടിയെടുക്കാനും സുപ്രീംകോടതി നിരീക്ഷണ സമിതി നിയോഗിച്ച പ്രാദേശിക പരിസ്ഥിതി കമ്മിറ്റിയും കോടതികളും നിരവധി വട്ടം പറഞ്ഞിട്ടും 15 വര്‍ഷമായിട്ടും പി.സി.ബി അത്​ നടപ്പിലാക്കിയിട്ടില്ല. അതിന്റെ ഫലമായി ഏലൂര്‍ വടക്കുംഭാഗം, പാതാളം ഭാഗം, എടയാര്‍ തുടങ്ങിയ ഭാഗങ്ങളില്‍ അസഹ്യമായ നാറ്റം സഹിച്ചാണ് ജനം കഴിഞ്ഞുകൂടുന്നതു്.

മലിനീകരണത്തെ തുടര്‍ന്ന് പെരിയാറില്‍ ചത്ത് പൊങ്ങിയ മത്സ്യങ്ങള്‍

ശ്വസിക്കുന്ന വായുവിന് മണമില്ലെന്നും നിറമില്ലെന്നും ഒക്കെ നമുക്കറിയാം. എന്നാല്‍ ഞങ്ങള്‍ ശ്വസിക്കുന്ന ഏലൂരിലെ വായുവിന് മണമുണ്ട്, നിറവുമുണ്ട്. ചിലപ്പോള്‍ മാംസം ചീഞ്ഞ മണമായിരിക്കും. മറ്റു ചിലപ്പോള്‍ ചീഞ്ഞ ഉണക്കമീന്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന മണം, മറ്റു ചിലപ്പോള്‍ റബ്ബറും സ്‌പെറ്റിക്കും, തുകലും എല്ലു ചീഞ്ഞതുമെല്ലാം ഒരുമിച്ചുള്ള മണം, ചിലപ്പോള്‍ വളരെ മധുരതരമായ (ബെന്‍സീന്‍) നെഞ്ച് കുത്തുന്ന സള്‍ഫര്‍ ഡയോക്‌സൈഡിന്റെ, അമോണിയയുടെ, ക്ലോറിന്റെ, ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ, ഡി.ഡി.ടിയുടെ, HC CP- യുടെ… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വ്യത്യസ്ത രാസ കൂട്ടുകളുടെ വിഷുവായു ശ്വസിച്ചാണ് വര്‍ഷങ്ങളായി ഏലൂരിലെ ജനം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും രോഗാതുരരാണ്.

പലതരം രോഗങ്ങള്‍ ഏലൂരില്‍ ഏറിയും കുറഞ്ഞും കാണാം. ആസ്മ, അലര്‍ജി, ത്വക്ക് രോഗം, തല വേദന, ഹൃദ്രോഗം, കിഡ്‌നി രോഗങ്ങള്‍, ലിവര്‍ രോഗങ്ങള്‍, തൈറോയിഡ്, എല്ല് മസില്‍ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രോഗങ്ങള്‍ അലട്ടുന്നവരാണ് ഏലൂരിലെ ജനങ്ങള്‍. ( ഈയിടെ ബൈപ്പാസ് കഴിഞ്ഞ ഞാന്‍ ഒരു ഉദാഹരണം). എന്നിട്ടും ഒരുതരം മരവിച്ച ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ് ഏലൂരിലെ ജനം. ഒരു കണ്ടീഷന്റ് സമൂഹം എന്നു പറയാം.

ആ മുഖമായി ഇത്രയും പറഞ്ഞത്​, ഏലൂര്‍ - എടയാര്‍മേഖലയിലെ 20- ഓളം വ്യവസായ സ്ഥാപനങ്ങളുടെ വായു മലിനീകരണം സംബന്ധിച്ച് പഠിക്കാന്‍ പി.സി.ബി, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനെയും (CSIR) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസ്പ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജിയെയും (NIIST ) ചുമതലപ്പെടുത്തിയിരുന്നു. ആറ് കമ്പനികളുടെ- Alliance industry, Parakkal industries, Organo Fertilizers, Ashan exports, National industies, Malaya Rub tech- വായു മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ച്​ സാമ്പിൾ എടുത്ത് പഠിച്ചതില്‍ ഒന്നില്‍ പോലും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മലിനീകരണ സംവിധാനമില്ലായിരുന്നു എന്നു മാത്രമല്ല എല്ലാ പരിധിയും ലംഘിക്കുന്ന വിധത്തിലായിരുന്നു മണത്തിന്റെയും വളാട്ടൈയില്‍ ഓര്‍ഗാനിക് കോംപൗണ്ടിന്റെയും ആധിക്യം. മനുഷ്യന് ശ്വസിക്കാവുന്ന മണത്തിന്റെ പരിധി 2 0U/ m3 എന്ന കണക്കിലാണെങ്കില്‍ അത് 1500 ou മുതല്‍ രണ്ടരക്കോടി ou / m3 വരെയാണ് രേഖപ്പെടുത്തിയത്. അതിനര്‍ത്ഥം, ഏലൂര്‍- എടയാർ മേഖലയിലെ ജനങ്ങള്‍ ഒരോ ദിവസവും ഗുരുതര രോഗത്തിലേക്ക് നടന്നടുക്കുന്നു എന്നു തന്നെയാണ്. വളാട്ടെയില്‍ ഓര്‍ഗാനിക് കോമ്പൗണ്ടിന്റെ ആധിക്യവും എല്ലാ പരിധിയും ലംഘിക്കുന്നതാണ്. ഇതുമൂലം ആസ്മ, അലര്‍ജി, ത്വക്ക് രോഗങ്ങള്‍, ശര്‍ദ്ദി, തലവേദന, ഹൃദ്രോഗം, കിഡ്‌നി രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, കാന്‍സര്‍ എന്നിവ ബാധിക്കാനിടയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഏലൂര്‍- എടയാര്‍ മേഖലയിലെ ചെറുതും വലുതുമായ വ്യവസായ ശാലകളില്‍ നിന്ന്​ നൂറോളം പുകക്കുഴലുകള്‍ ആകാശത്തേക്ക് വായും പിളര്‍ന്നിരിക്കുന്നുണ്ട്. അവയിലൊന്നിലെ സാമ്പിളുകള്‍ പോലും പതിനെട്ട് വര്‍ഷത്തിലധികമായി പി.സി.ബി നേരിട്ട് പരിശോധിച്ചിട്ടില്ല.

കുഴിക്കണ്ടം തോട്ടില്‍ നിന്ന് ജെ.സി.ബി. ഉപയോഗിച്ച് മാലിന്യം കോരുന്നു

മലിനീകരണം നിരീക്ഷിക്കാനും ഒരു പരിധി വരെ ഒഴിവാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമായിരുന്നു, പെരിയാറിന്റെ തീരത്തുകൂടിയുളള നിരീക്ഷണ പാതയും ഡൈക്കും. അത്​ കോടതികളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയും അംഗീകരിച്ചിട്ടും അതു നടപ്പാക്കാന്‍ യാതൊരു മുന്‍കൈയ്യും പി.സി.ബിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പെരിയാര്‍ മലിനീകരണം സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തി പെരിയാര്‍ ആക്ഷന്‍ പ്ലാന്‍ വരെയുണ്ടായി, എന്നിട്ടും നടപടി മാത്രമുണ്ടായില്ല. ഏറ്റവും ഒടുവില്‍, ജൂൺ ഒമ്പതിന്​ രാവിലെ കുഴിക്കണ്ടം തോട് ജെ.സി.ബി ഉപയോഗിച്ച് കോരുന്നതായും അപകടകരമായ കീടനാശിനികള്‍ കലര്‍ന്ന ചെളി റോഡിനരികിലുള്ള പാടത്ത്​ നിക്ഷേപിക്കുന്നതായും മനോരമ ലേഖകന്‍ മോഹനന്‍ ഫോണില്‍ അറിയിച്ചു.

ഞാന്‍ സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ജനജാഗ്രത പ്രവര്‍ത്തകനായ ഷെബീര്‍ എത്തി, തോട് കോരുന്ന പ്രവൃത്തി തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഏലൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാനും ഷെബീറുമായി വാക്കേറ്റമുണ്ടാകുന്നു. പൊലിസ് ഇടപെടുന്നു. കുഴിക്കണ്ടം തോടിന്റെ ശുചീകരണം എങ്ങനെയാണ് നടത്തേണ്ടത്​ എന്നതു സംബന്ധിച്ച് കോടതി പറഞ്ഞത്​ പൊലിസിനെ ബോധ്യപ്പെടുത്തി ഷെബീര്‍ പ്രവൃത്തി നിര്‍ത്തിവെപ്പിക്കുകയായിരുന്നു.

ചത്തുപൊന്തിയ മീനുകൾ

കുഴിക്കണ്ടം തോട് ശുചികരണത്തിന്റെ പ്രവൃത്തി വേഗത്തിലും സമയബന്ധിതവുമായി തീര്‍ക്കാന്‍ പരിസ്ഥിതി, തദ്ദേശ സ്വയംഭരണം, ജലസേചനം / ജലവിഭവം, ധനകാര്യം തുടങ്ങിയ വകുപ്പുകളിലെ അഡീ. ചീഫ് സെക്രട്ടറിമാരുടെ ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് എന്നിരിക്കെ, ജലസേചന വകുപ്പിനും, മുനിസിപ്പാലിറ്റിക്കും ഒന്നുമറിയില്ല എന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്. ഇതെല്ലാം അറിയാവുന്ന പി.സി.ബി അജ്​ഞത നടക്കുന്നത്​ കളിക്കുന്നത് ആരെ സഹായിക്കാനാണ്? ഇത്തരം അത്യപകടകരങ്ങളായ സൈറ്റുകളില്‍ ഇടപെടുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമം മുനിസിപ്പാലിറ്റിയും, ഇറിഗേഷനും, പി.സി.ബിയും ചെയ്തിരുന്നില്ല. ഇത് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും അപകടകരങ്ങളായ മാലിന്യങ്ങളെ സംബന്ധിച്ച നിയമത്തിന്റെയും ഇതു സംബന്ധിച്ച 2003 ഒക്​ടോബർ 14- ലെ സുപ്രീം കോടതി വിധിയുടെയും കീടനാശിനി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ തീരുമാനങ്ങളുടെയും നഗ്‌നമായ ലംഘനമാണ്.

കുഴിക്കണ്ടം തോട്ടിലേത് വെറും ചെളിയല്ല എന്ന കാര്യം അറിയാത്തവരല്ല ഇവരാരും. അതുകൊണ്ടു തന്നെ ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നതായി ഞങ്ങള്‍ സംശയിക്കുന്നു. അതിനാലാണ് ഞങ്ങള്‍ കോരിയിട്ട മാലിന്യത്തിന്റെ സാമ്പിള്‍ എടുത്ത് പരിശോധനക്ക് നല്കിയത്. പരിശോധനാ ഫലം ഞെട്ടിക്കുന്നതാണ്. മണ്ണിലോ ചെളിയിലോ അനുവദനീയമായ ഡി.ഡി.ടിയുടെ അളവ് ഒരു മില്ലി ഗ്രാമാണ്. എന്നാല്‍ കോരിയിട്ട മാലിന്യത്തില്‍ 483 മില്ലിഗ്രാമാണ് കണ്ടെത്തിയതു്. BHC- യുടെയും അനുവദനീയമായ അളവ് ഒരു മില്ലി ഗ്രാമാണ്. ലഭിച്ചത് 17.3- ഉം. HIL- ല്‍ BHC ഉല്പാദനം നിര്‍ത്തിയത് 1984-ലാണ്. നാല്പതു കൊല്ലത്തിനിപ്പുറവും ബെന്‍സീന്‍ ഹെക്‌സാക്ലോറൈഡ് എന്ന, കാന്‍സറിനും മറ്റു മാരകരോഗങ്ങള്‍ക്കും കാരണമാകുന്ന കൊടുംവിഷം തോട്ടില്‍ തന്നെ നിലനിൽക്കുന്നു എന്ന യഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.

കുഴിക്കണ്ടം തോട്ടിലെ മാലിന്യത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ നിന്ന്

ജനജാഗ്രത പ്രവര്‍ത്തകനായ കെ.കെ. മുഹമ്മദ് ഇക്ബാല്‍ 2016-ല്‍ 409-ാം നമ്പരായി അഡ്വ. അഷ്‌കര്‍ ഖാദര്‍ മുഖേന ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത പെരിയാര്‍ മലിനീകരണം സംബന്ധിച്ച പൊതുതാത്പര്യ കേസ് പരിഗണിച്ച്​, 2016 ആഗസ്റ്റ് അഞ്ചിന്​ കൊച്ചി സര്‍ക്യൂട്ട് ബഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ഇങ്ങനെ പറഞ്ഞു: 'നീതി പുലര്‍ന്നു കാണണമെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഓരോ സീനിയര്‍ ഓഫീസര്‍മാര്‍ വീതം ഉള്‍പ്പെടുന്ന ഒരു ടീമിനെ ഞങ്ങള്‍ നിയോഗിക്കുന്നു. അവര്‍ പെരിയാറിന്റെ തീരത്തുള്ള മുഴുവന്‍ വ്യവസായശാലകളും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളും സന്ദര്‍ശിച്ച് അവയുടെ കാര്യക്ഷമതയും പുറംതള്ളുന്ന മലിനജലം നിശ്ചിത ഗുണനിലവാര പരിധിക്കകത്താണോ എന്നും പരിശോധിച്ച് 2016 സപ്​തംബർ 29നു മുമ്പ്​ റിപ്പോർട്ട്​ സമര്‍പ്പിക്കണമെന്നും ഉത്തരവിടുന്നു. '

ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ CPCB ഉദ്യോഗസ്ഥരുടെയും സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍സുദ്യോഗസ്ഥരുടെയും യോഗം എറണാകുളം കടവന്ത്രയിലുള്ള പി.സി.ബി ഓഫിസില്‍ ചേര്‍ന്നു. ഏതൊക്കെ മേഖലയിൽ നിന്ന് സാംമ്പിൾ ശേഖരിക്കണം, അതിന്റെ സര്‍വ്വെ, ലാബ് സൗകര്യങ്ങള്‍, മനുഷ്യവിഭവം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി.

പെരിയാര്‍ റിവര്‍ ബേസിന്‍ മാപ്പ്

പെരിയാറിന്റെ തീരത്തുളള പെരുമ്പാവൂര്‍, കാലടി, ആലുവ, കളമശ്ശേരി, ഏലൂര്‍ - എടയാര്‍ തുടങ്ങിയ വ്യവസായമേഖല നിരീക്ഷിക്കുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്തു. അതുപോലെ, ഇടുക്കി പനംകുട്ടി മുതല്‍ ഏലൂര്‍ ഫെറി വരെയുള്ള 122 കിലോമീറ്റര്‍ നദീയുടെ സാമ്പിളും ശേഖരിച്ചു. ഒമ്പതോളം മലിനജല കാനകള്‍ പെരിയാറിലേക്ക് എത്തിച്ചേരുന്നുണ്ട്. അതിന്റെയും സാമ്പിൾ പെരിയാറിലേക്ക് ചേരുന്നതിന്​ മുമ്പുള്ള ഇടങ്ങളിൽനിന്ന്​ ശേഖരിച്ചു.

അങ്ങേയറ്റം അഴിമതി നിറഞ്ഞ സംവിധാനമാണ് പി.സി.ബി.

സാമ്പിളുകള്‍ ഘനലോഹങ്ങൾ, കീടനാശിനി സാന്നിദ്ധ്യം പരിശോധിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും CPCB യുടെയും ലാബിനെ ഉപയോഗപ്പെടുത്തി. 2016 സപ്​തംബർ- ഒക്ടോബര്‍ മാസങ്ങളില്‍ 122 കിലോമീറ്റര്‍ പെറിയാറിന്റെ പ്രദേശങ്ങള്‍ മൂന്നു ഫേസുകളായാണ് പഠിച്ചത്​. ഇടുക്കി പനംകുട്ടി മുതല്‍എറണാകുളം ജില്ലയിലെ മാറമ്പിള്ളി വരെ 86 കിലോമീറ്ററാണ് ആദ്യ ഫേസ്. 9.5 കിലോമീറ്ററും 12.3 കിലോമീറ്ററും വരുന്ന ഏലൂര്‍ ഇടമുളയാണ് രണ്ടാം ​ഫേസ്​. 14 കിലോമീറ്റര്‍ വരുന്ന ആലുവ കളമശ്ശേരിയാണ് മൂന്നാം ഫേസ്​.

ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതുടർച്ച്​ മലിനീകരണം കണ്ടെത്താൻ സാമ്പിൾ പരിശോധന നടന്ന മേഖലകൾ (SAMPLING POINTS P1 TO P4, SAMPLING POINTS P4 TO P5)

ഈ മേഖലകളില്‍ നിന്ന്​ 16-ഓളം സാമ്പിളുകള്‍ പരിശോധിച്ചു. കല്ലാര്‍കുട്ടി പുഴ (P 1), ഇടുക്കി ഡാം (P 2), കല്ലാര്‍കുട്ടിയും ഇടുക്കി ഡാമുമായി ചേരുന്നയിടം (P 3), നേര്യമംഗലം (P 4), മാറമ്പള്ളിപ്പാലം (P5), ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലം (P 6), മംഗലപ്പുഴ പാലം (P 7), ആലുവ മാര്‍ക്കറ്റ് കാനക്കുശേഷം ( P 8), പാതാളം പാലം (P 9 ), ഏലൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് (P 10), ഏലൂര്‍ വെട്ടുകടവ് (P 11), ഏലൂര്‍ മേത്താനം പാലം (P 12) / ഇടമുള ശാഖയിലെ പുത്തലംകടവ് (P 13), ഏലൂര്‍ മഞ്ഞുമ്മല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് (P 14), ഏലൂര്‍ മഞ്ഞുമ്മല്‍ മുട്ടാര്‍ ശാഖ (P 15), ഏലൂര്‍ ഫെറി (P 16) എന്നിങ്ങനെയാണ് പതിനാറു സാമ്പിള്‍ പോയിന്റുകള്‍. ഈ പതിനാറിടത്തെ ജല പരിശോധയില്‍ നേര്യമംഗലം ഭാഗത്തുമാത്രമാണ് നേരിയ ആശ്വാസം. എന്നാല്‍ കല്ലാര്‍കുട്ടി, ഇടുക്കി ഡാം, കല്ലാര്‍ക്കുട്ടിയുടെ വെള്ള സംഭരണിയായ ഇടുക്കി ഡാമിന്റെ ഫ്ലോയം ചേരുന്നിടത്തുമെല്ലാം കോളിഫോം ബാക്ടീരിയയുടെ അളവ്​ വളര കൂടു തലാണ്. അതോടൊപ്പം ഇരുമ്പ്, സിങ്ക്, മാംഗനീസ് തുടങ്ങിയവയും കൂടുതലാണ്. ചുരുക്കിപ്പറഞ്ഞാല്‍ P 1 മുതല്‍ P 4 വരെ കുടിവെള്ളത്തിന്​ യോഗ്യമല്ല എന്നര്‍ത്ഥം. താഴെക്കു വന്നാല്‍ ബാക്കിയെല്ലാ പോയിന്റുകളും സ്വീവേജ് കാനകള്‍, അറവുശാലകള്‍, മാര്‍ക്കറ്റ് കാനകള്‍, അപ്പാര്‍ട്ട്‌മെന്റ് STP കള്‍, വ്യവസായ മാലിന്യങ്ങള്‍ എന്നിവയാല്‍ ഗുരുതരമായി മലിനീകരിക്കപ്പെട്ടിരിക്കുന്നു.

SAMPLING POINTS P5 TO P8, SAMPLING POINTS P9 TO P16

കാലടി, പെരുമ്പാവൂര്‍, ആലുവ- കളമശ്ശേരി, ഏലൂര്‍ - എടയാര്‍ ഭാഗങ്ങളിലെ പെരിയാറിലേക്ക് മലിനജല നിര്‍ഗ്ഗമനമുള്ള 78 കമ്പനികള്‍ (പൊതുമേഖല സ്ഥാപനങ്ങള്‍ അടക്കം) പരിശോധിച്ച്​ സാമ്പിളുകള്‍ശേഖരിച്ചു. അരിമില്ല് കമ്പനികള്‍ മുതല്‍ ഫാക്​റ്റ്​ വരെ നീളുന്ന ലിസ്​റ്റിൽ ഒരെണ്ണം പോലും പി.സി.ബി നൽകിയ കണ്‍സന്റിലെ പാരാമീറ്ററുകള്‍ അച്ചീവ് ചെയ്യുന്നില്ലായിരുന്നു. IRE, FACT, HIL, TCC, സൂഡ് കെമി, CMRL, ബോണ്‍ മീല്‍, റബ്ബര്‍, ലെതര്‍, മറ്റു രാസവ്യവസായ സ്ഥാപനങ്ങള്‍, അരിമില്ലുകള്‍ തുടങ്ങിയിടങ്ങളിലെ എല്ലാ മലിനജല സംസ്‌കരണ പ്ലാന്റുകളും പരിതാപകരമായ നിലയിലാണ്. ചില സ്ഥാപനങ്ങളില്‍ പേരിനു പോലും സംസ്‌കരണ പ്ലാന്റുകളില്ലായിരുന്നു.

പെരിയാറുള്‍പ്പെടുന്ന ഏലൂര്‍ - എടയാര്‍ ഭാഗത്ത് സമീപകാലത്ത് ഗുരുതരമായ വായു- ജല മലിനീകരണമാണ്​. അതാകട്ടെ കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ കൊണ്ടാണ്​.

ഒരു കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്കുമ്പോള്‍ പി.സി.ബി നല്കുന്ന വ്യവസ്​ഥകൾ പാലിച്ചില്ലെങ്കില്‍ പ്രവര്‍ത്തനാനുമതി പിന്‍വലിക്കാം. അങ്ങനെ ചെയ്യണമെങ്കില്‍ പി.സി.ബി ഉദ്യോഗസ്ഥര്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തുടര്‍ച്ചയായി പരിശോധന നടത്തി സാമ്പിളുകള്‍എടുത്ത് (ലീഗല്‍ സാമ്പിളുകള്‍) പരിശോധിച്ച് നദിയിലേക്ക് ഒഴുക്കുന്ന ജലം പ്രവര്‍ത്തനാനുമതിയില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നോക്കി, പാലിക്കുന്നില്ലെങ്കില്‍ അത് കറക്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി, വീണ്ടും പരിശോധിച്ച്, അത് കറക്ടായാല്‍ മാത്രം അനുമതി നൽകണം. ഇല്ലെങ്കില്‍, വ്യവസ്​ഥ പാലിക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാൻ നിര്‍ദ്ദേശിക്കണം. പി.സി.ബി അങ്ങനെ ചെയ്തിരുന്നെങ്കില്‍ പെരിയാര്‍ അതീവ ഗുരുതരമായി മലിനപ്പെടുന്ന സാഹചര്യമുണ്ടാകില്ലായിരുന്നു. എന്തുചെയ്യാം, അങ്ങേയറ്റം അഴിമതി നിറഞ്ഞ സംവിധാനമാണ് പി.സി.ബി.

പെരിയാര്‍ മലിനീകരണം തടയുന്നതില്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടതിനാല്‍, പി.സി.ബി പിരിച്ചു വിടണമെന്നാവശ്യപ്പെട്ട്​ അഡ്വ. ഡെയ്‌സി തമ്പി മുഖേന 2000- ത്തില്‍ ഹൈക്കോടതിയില്‍ ഞാനൊരു കേസ് ഫയല്‍ ചെയ്തു. വാദങ്ങള്‍ക്കൊടുവില്‍ പിരിച്ചുവിടാതിരിക്കാന്‍ കാരണം ചോദിച്ചപ്പോള്‍, വേണ്ടത്ര സ്റ്റാഫില്ലാത്തതുകൊണ്ടാണ്​ പെരിയാര്‍ മലിനീകരണമടക്കം തടയാന്‍ കഴിയാത്തതെന്നും സ്റ്റാഫിനെ കിട്ടിയാല്‍ നന്നായിക്കോളാമെന്നും പി.സി.ബി കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്ന് 69 എന്‍വയോൺമെന്റല്‍ എഞ്ചിനീയര്‍മാരെ ഉടന്‍ നിയമിക്കാന്‍ കോടതി ഉത്തരവിട്ടു. 2004-ൽ ഞാന്‍ സുപ്രീംകോടതി നിരീക്ഷണ സമിതി നിയോഗിച്ച പ്രാദേശിക പരിസ്ഥിതി കമ്മിറ്റി അംഗമായിരിക്കെ, പി.സി.ബിയുടെയും LAEC- യുടെയും സംയുക്ത യോഗത്തില്‍ ഈ വിഷയം വീണ്ടും ഉയര്‍ത്തിയപ്പോഴാണ് സ്റ്റാഫിനെ നിയമിച്ചിട്ടില്ലെന്ന വിഷയം ശ്രദ്ധയില്‍ വരുന്നത്. അനുവദിച്ച സ്റ്റാഫിനെ പോലും നിയമിക്കാതെ ഉന്തിതള്ളി പോകുന്ന രീതിയാണ് പി.സി.ബിക്ക് അന്നും ഇന്നും ഉള്ളത്.

60 സയന്റിസ്റ്റുകള്‍ ഉണ്ടായിരുന്നിടത്ത് ഇന്നവശേഷിക്കുന്നത് നാല്​ സയന്റിസ്റ്റുകള്‍ മാത്രം. 2024 രണ്ടു പേര്‍ കൂടി പിരിയും. ബാക്കി സംസ്ഥാനത്ത് അവശേഷിക്കുന്നത് രണ്ടു പേര്‍ മാത്രം. ഈ രണ്ടു പേരെ വച്ച് എന്ത് സാമ്പിള്‍ ടെസ്റ്റ് നടത്താനാണ്.

പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇതിന്റെ ഗൗരവം SCMC മുഖേന ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമനമുണ്ടായി. അതിനുശേഷവും നിയമനങ്ങള്‍ നടന്നു. പി.സി.ബിയില്‍ 1996- നുശേഷം ഒരു നിയമനവും നടക്കാത്ത ഒരു ഏരിയാ ലാബ് സയന്റിസ്റ്റുകളുടെയാണ്. ചീഫ് എന്‍വയോൺമെന്റല്‍ സയന്റിസ്റ്റ്, സീനിയര്‍ സയന്റിസ്റ്റ്, എന്‍വയോൺമെന്റല്‍ സയന്റിസ്റ്റ്, AES, AS, JS എന്നിങ്ങനെ 60 സയന്റിസ്റ്റുകള്‍ ഉണ്ടായിരുന്നിടത്ത് ഇന്നവശേഷിക്കുന്നത് നാല്​ സയന്റിസ്റ്റുകള്‍ മാത്രം. 2024 രണ്ടു പേര്‍ കൂടി പിരിയും. ബാക്കി സംസ്ഥാനത്ത് അവശേഷിക്കുന്നത് രണ്ടു പേര്‍ മാത്രം. ഈ രണ്ടു പേരെ വച്ച് എന്ത് സാമ്പിള്‍ ടെസ്റ്റ് നടത്താനാണ്. വളരെ പ്രധാനപ്പെട്ട ഒരു വകുപ്പില്‍ നൂറുകണക്കിന് സാമ്പിളുകള്‍ വരുന്ന ഒരു ലാബ് സംവിധാനത്തില്‍ താത്കാലിക ജീവനക്കാരെ വച്ചുള്ള തരികിട പരിശോധനകള്‍ ആ സംവിധാനമാകെ തകര്‍ത്തുകളയും. അല്ലെങ്കില്‍ തന്നെ വിശ്വാസ്യത ഏറ്റവും കുറഞ്ഞ ഒരു സംവിധാനമാണ് പി.സി.ബി.

പെരിയാറുള്‍പ്പെടുന്ന ഏലൂര്‍ - എടയാര്‍ ഭാഗത്ത് സമീപകാലത്ത് ഗുരുതരമായ വായു- ജല മലിനീകരണമാണ് അനുഭവപ്പെടുന്നത്​. അതാകട്ടെ കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ കൊണ്ടാണെന്ന് മനസ്സിലാക്കാം.

സമരചരിത്രം

വ്യക്തവും ശാസ്ത്രീയവുമായ കാഴ്ചപ്പാടോടെയാണ്​ സമിതി മലിനീകരണ വിരുദ്ധ സമരത്തിന്റെ രാഷ്ടീയം രൂപപ്പെടുത്തിയത്. മലിനീകരണ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഏതെങ്കിലും കമ്പനികള്‍ പൂട്ടി പോകണമെന്ന മുദാവാക്യം മുന്നോട്ടുവച്ചിട്ടില്ലെന്നു മാത്രമല്ല, അത്തരം മുദ്രാവാക്യം മുന്നോട്ടുവക്കണമെന്ന് പറഞ്ഞ സംഘടനകളെയും വ്യക്തികളെയും സമിതി അകറ്റി നിര്‍ത്തുകയും ചെയ്​തിട്ടുണ്ട്​. അതുകൊണ്ടുതന്നെ തൊഴിലാളികളെ കൂടി പരിഗണിച്ചുകൊണ്ടുള്ള പരിസ്ഥിതി മുന്നേറ്റത്തിനാണ് സമിതി ശ്രമിച്ചിട്ടുള്ളത്.

പി.സി.ബി. ചെയര്‍മാനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്ന്

ഏലൂരും എടയാറുമായി രണ്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പെരിയാറിനിരുകരകളിലുമായി ചെറുതും വലുതുമായ 280- ലധികം വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രമുഖ പൊതു മേഖല- സ്വകാര്യ മേഖല സ്ഥാപനങ്ങളുണ്ട്. 1934-ൽ ഇന്ത്യന്‍ അലുമിനിയം കമ്പനിയും തുടര്‍ന്ന് FACT, HIL, TCC, IRE, കോമനിക്കോ ബിനാനി തുടങ്ങി ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങളും വളര്‍ന്നുവന്നു. അതോടൊപ്പം മലിനീകരണ പ്രശ്‌നങ്ങളും ഉടലെടുത്തു. വായു- ജല മലിനീകരണ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഇക്കാലയളവിലാണ് ലോകത്ത്​ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരായ മുന്നേറ്റം ശക്തമാകുന്നത്. 1972- ല്‍ ഏലൂരില്‍ മലിനീകരണത്തിനെതിരെ എം.കെ. കുഞ്ഞപ്പന്റെ നേതൃത്വത്തില്‍ 'ഏലൂര്‍ ഗ്യാസ് ചേംബറിലേക്ക് സ്വാഗതം' എന്ന ബോര്‍ഡ്​ കളമശ്ശേരിയില്‍ സ്ഥാപിച്ച്​ മലിനീകരണ വിരുദ്ധ സമരത്തിന് തുടക്കം കുറിച്ചു.

1990-ല്‍ കുഴിക്കണ്ടം തോട് കത്തിയതിനെ തുടര്‍ന്ന് കലക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ കുഴിക്കണ്ടം തോട് ക്ലീന്‍ചെയ്ത് സ്ലാബിട്ട് മൂടാമെന്നും പ്രദേശത്തുകാര്‍ക്ക് കുടിവെള്ളം നൽകാമെന്നും ഉറപ്പുനൽകിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവ പാലിക്കപ്പെട്ടില്ല.

1969, 1978, 1979, 1985 തുടങ്ങിയ വര്‍ഷങ്ങളിലുണ്ടായ വാതക ചോര്‍ച്ചയും 1990-ല്‍ എച്ച് ഐ എല്‍ കമ്പനിയില്‍നിന്ന് ടുളുവിന്‍ ഒഴുകി കുഴിക്കണ്ടം തോട് കത്തിപ്പിടിച്ചതടക്കമുള്ള പ്രശ്‌നങ്ങളും ഏലൂരിലെ മലിനീകരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി. 1998 ജൂണ്‍ 11 ന്​ പെരിയാറില്‍ സംഭവിച്ച, ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യ കുരുതിയെ തുടര്‍ന്നാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി രൂപീകരിക്കുന്നത്. സമിതിയുടെ നേതൃത്വത്തില്‍ പെരിയാറിനു കുറുകെ വഞ്ചികളില്‍ മനുഷ്യചങ്ങല തീര്‍ത്ത്​ സമരം ശക്തമാക്കി. ഇതേസമയത്താണ് മെര്‍ക്കം കമ്പനിയിലെ വിഷവായു മലിനീകരണത്തിനെതിരായി സമരങ്ങള്‍ നടന്നത്. 1990-ല്‍ കുഴിക്കണ്ടം തോട് കത്തിയതിനെ തുടര്‍ന്ന് കലക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ കുഴിക്കണ്ടം തോട് ക്ലീന്‍ചെയ്ത് സ്ലാബിട്ട് മൂടാമെന്നും പ്രദേശത്തുകാര്‍ക്ക് കുടിവെള്ളം നൽകാമെന്നും ഉറപ്പുനൽകിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവ പാലിക്കപ്പെട്ടില്ല. മെര്‍ക്കം സമരം ശക്തമായി തുടരുന്നതിനിടയിലാണ് കുഴിക്കണ്ടം തോടിന്റെ മലിനീകരണ പ്രശ്‌നവും അതിന്റെ ശാസ്ത്രീയ ശുദ്ധീകരണവും മുന്‍നിര്‍ത്തി വീണ്ടും സമരം പ്രഖ്യാപിച്ചത്​.

2002- ല്‍ നൂറുകണക്കിന് മനുഷ്യരുടെ പങ്കാളിത്തത്തോടെ പോലീസ് ബലപ്രയോഗം മറികടന്ന് കുഴിക്കണ്ടം തോട് അടച്ചു. പൊലിസിന്റെ ലാത്തിയടിയില്‍ യേശുദാസ് വരാപ്പുഴക്കടക്കം നിരവധി പേര്‍ക്ക് പരിക്കുപറ്റി. FACT, HIL, മെര്‍ക്കം കമ്പനികളിലെ മലിന ജലനിര്‍ഗ്ഗമനം തടയപ്പെട്ടതിനാല്‍ HIL, മെര്‍ക്കം കമ്പനികളും സമീപ റോഡും രാസമാലിന്യം കലര്‍ന്ന വെള്ളത്താല്‍മുങ്ങി. അധികാരികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് അടച്ച തോടിന്റെ ഒരു ഭാഗം തുറന്നു. പിന്നീടങ്ങോട്ട് സമരപരമ്പര അരങ്ങേറി.

കുഴിക്കണ്ടം തോട്ടില്‍ ഗ്രീന്‍ പീസ് നടത്തിയ പഠനത്തില്‍ 111 രാസ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. ഇത്​ മുന്‍നിര്‍ത്തി തോട് ശുദ്ധീകരിക്കുക, മലിനീകരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തോട്ടിലെ മാലിന്യം 111 കുടങ്ങളിലാക്കി പി.സി.ബിയില്‍ സമര്‍പ്പിച്ച്​ നടത്തിയ ഉജ്ജ്വല സമരങ്ങള്‍ - ഏലൂരിലെ മലിനീകരണത്തിന്റെ പ്രതീകമായി മലിനീകരണ ഭീതിയില്‍ നിലവിളിക്കുന്ന അമ്മയുടെ പ്രതിമ പി.സി.ബിക്കു മുമ്പില്‍ സ്ഥാപിച്ച സമരം, സൗജന്യ കുടിവെള്ള വിതരണ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ പി.സി.ബി റീജ്യനൽ ഓഫീസ് പൂട്ടിയിട്ട് നടത്തിയ സമരം, ജല സത്യാഗ്രഹം, റഗുലേറ്റര്‍ കം ബ്രിഡ്ജ്​ ഷട്ടർ ഉപരോധം… അങ്ങനെ ഡസന്‍ കണക്കിന്​ പ്രക്ഷോഭങ്ങളിലൂടെ സൗജന്യ കുടിവെള്ള വിതരണമടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കാനും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഏലൂരിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പഠിക്കാനും പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് കഴിഞ്ഞു.

കുഴിക്കണ്ടം തോടിന്റെ മലിനീകരണത്തിനെതിരായ പോരാട്ടത്തിന് മൂന്നര പതിറ്റാണ്ടിലേറെ പോരാട്ട ചരിത്രമുണ്ട്.

2004-ല്‍ അപകടകരങ്ങളായ മാലിന്യങ്ങളെ (H/w Act ) സംബന്ധിച്ച നിയമം നടപ്പില്‍ വരുത്തുവാന്‍ സുപ്രീംകോടതി നിയോഗിച്ച മോണിറ്ററിംഗ് സമിതിക്ക്, ഏലൂര്‍ - എടയാര്‍ മേഖലയിലെ മലിനീകരണം സംബന്ധിച്ച് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയും പി.യു.സി.എല്ലും പരാതി നൽകി. ഇതേതുടർന്ന്​ സമിതി കേരളത്തിലെത്തുകയും തിരുവനന്തപുരത്തെ TTP, കൊല്ലം KMML, ഏലൂര്‍ - എടയാര്‍, പ്ലാച്ചിമട, കഞ്ചിക്കോട് എന്നിവ സന്ദര്‍ശിച്ച് മലിനീകരണം വിലയിരുത്തി. ഏലൂരിലെ വ്യവസായ സ്ഥാപനങ്ങള്‍ മുഴുവനും വായു - ജല, പരിസ്ഥിതി സംരക്ഷണ നിയമങ്ങളും അപകടകരങ്ങളായ മാലിന്യങ്ങളെ സംബന്ധിച്ച നിയമങ്ങളും പൂര്‍ണ്ണമായും ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പെരിയാര്‍ അപകടകരങ്ങളായ മാലിന്യങ്ങളുടെ ഡമ്പിങ്​ യാർഡായി മാറിയെന്നും വിലയിരുത്തി. എല്ലാ കമ്പനികളും പൂട്ടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇതെല്ലാം മോണിറ്റര്‍ ചെയ്യാനും കൃത്യമായ പരിസ്ഥിതി ഓഡിറ്റ് റിപ്പോർട്ടുണ്ടാക്കാനും അഡ്വ. പി. കെ. ഇബ്രാഹിം ചെയര്‍മാനും പുരുഷന്‍ ഏലൂര്‍, ജേക്കബ്ബ് ലാസര്‍, എം. അശോകന്‍, എസ്. ജയതിലകന്‍ എന്നിവരെയും പി.സി.ബിയെയും അംഗങ്ങളായി പ്രാദേശിക പരിസ്ഥിതി കമ്മിറ്റിയെ നിയോഗിച്ചു. ഏലൂര്‍ - എടയാര്‍ മേഖലയിലെ മുഴുവന്‍ വ്യവസായങ്ങളും പരിശോധിച്ച് എന്‍വയോൺമെൻറ്​ ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടാക്കാനും, ഒരു ഇംപാക്​റ്റ്​ അസ്സസ്സ്​മെൻറ്​ റിപ്പോർട്ട്​ ഉണ്ടാക്കാനും സുപ്രീംകോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ചു. ഈ കമ്മറ്റി നടത്തിയ ഇടപെടലുകള്‍ കമ്പനികളുടെ നിരവധി നിയമലംഘനങ്ങള്‍ പുറത്തുകൊണ്ടുവന്നു. നിയമം ലംഘിക്കുന്ന എല്ലാ കമ്പനികള്‍ക്കും നോട്ടീസ്​ നൽകി. ചിലതെല്ലാം പൂട്ടാന്‍ നിര്‍ദ്ദേശിച്ചു. കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ ഇത് വ്യവസായ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചു. കമ്പനികള്‍ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിച്ചു. പെരിയാര്‍ പഴയ രൂപത്തിലേക്ക് തിരിച്ചുവന്നു.

2013 മുതല്‍ ‘ജനജാഗ്രത’ പ്രവര്‍ത്തകരായ സുബൈദ ഹംസ, മുഹമ്മദ് ഇക്ബാല്‍, ഷെബീര്‍, സുനി തുടങ്ങിയവരും പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയും ചേര്‍ന്നു നടത്തിയ ഇടപെടലുകള്‍ മലിനീകരണ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകര്‍ന്നു. അതോടൊപ്പം സമാനതകളില്ലാത്ത നിയമപോരാട്ടത്തിന്​ ജനജാഗ്രത നേതൃത്വം കൊടുത്തു. അഡ്വ. അഷ്‌കര്‍ നടത്തിയ ചരിത്രപരമായ നിയമപോരാട്ടങ്ങള്‍ മലിനീകരണ വിരുദ്ധ സമരത്തെ അവിസ്മരണീയമാക്കുന്നു.

വ്യവസായ മലിനീകരണ മേഖലയിലെ പഠനങ്ങൾ

  • 1999- ല്‍ അന്താരാഷ്ട പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് കുഴിക്കണ്ടം തോട്ടിൽ നടത്തിയ പഠനത്തില്‍ നൂറ്റിപതിനൊന്നോളം രാസവസ്തുക്കള്‍ കണ്ടെത്തി. ഇതില്‍ 52 എണ്ണം തിരിച്ചറിയാന്‍ കഴിയുന്നവയാണ്. അതില്‍ തന്നെ 39 എണ്ണം ഓര്‍ഗാനോ ക്ലോറിന്‍ സംയുക്തങ്ങള്‍ അഥവാ പോപ്പസ് മാലിന്യങ്ങളാണ്, അല്ലെങ്കില്‍ സ്ഥാവര കാര്‍ബണിക വിഷവസ്തുക്കളാണ്. ഇതേതുടര്‍ന്നാണ് ഗ്രീന്‍ പീസ് ഗുജറാത്തിനും ഭോപ്പാലിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ മാരക വിഷമേഖലയായി ഏലൂരിനെ പ്രഖ്യാപിച്ചത്.

  • 2000-ൽ പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി ഏലൂരില്‍ ആദ്യ ആരോഗ്യ സര്‍വേ നടത്തി. വാഴക്കുളം പഞ്ചായത്തും ഏലൂരും താരതമ്യം ചെയ്ത് നടത്തിയ സർവേ മേഖലയിലെ രോഗാതുരത പുറത്തുകൊണ്ടുവന്നു.

  • 2001- ല്‍ മണ്ണൂത്തി വെറ്ററിനറി കോളേജിലെ ടോക്‌സിക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഏലൂരിലെയും എടയാറിലെയും പശുവിന്‍ പാലില്‍ നടത്തിയ പഠനത്തില്‍ കാഡ്മിയത്തിന്റെ അളവ് അപകടകരമായ നിലയിലാണെന്ന് കണ്ടെത്തി.

  • 2003- ല്‍ പെരിയാറിന്റെയും കുഴിക്കണ്ടം തോടിന്റെയും തുടര്‍പഠനം ഗ്രീന്‍ പീസിന്റെ നേതൃത്വത്തില്‍ നടന്നു. അതില്‍ മലിനീകരണ തോത് 1999- നെ അപേക്ഷിച്ച് കൂടിയതായി കണ്ടെത്തി.

  • 2003- ല്‍ ഏലൂരില്‍ ഗ്രീന്‍പീസിന്റെ നേതൃത്വത്തില്‍ പിണ്ടിമന പഞ്ചായത്തുമായി താരതമ്യം ചെയ്ത് സമഗ്രാരോഗ്യ പഠനം നടത്തി. അതില്‍ ആസ്മയും അലര്‍ജിയും, എല്ല്- മസില്‍ സംബന്ധമായ 18- ഓളം അസുഖങ്ങളും കൂടുതലാണെന്ന് കണ്ടെത്തി.

  • 2004- 2006 - ല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം പ്രാദേശിക പരിസ്ഥിതി സമിതി 243 കമ്പനികളില്‍ നടത്തിയ പരിസ്ഥിതി ഓഡിറ്റിംഗും ആഘാത പഠനവും മലിനീകരണം സംബന്ധിച്ച് വളരെ വിലപ്പെട്ട വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. ബഹുഭൂരിക്ഷം കമ്പനികളിലും പേരിനു പോലും മലിന ജലസംസ്‌കരണ പ്ലാന്റോ അപകടകരങ്ങളായ മാലിന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമോ ഉണ്ടായിരുന്നില്ല. പല കമ്പനികളും അനധികൃതമായി ഭൂമിക്കടിയിലൂടെ പൈപ്പുകള്‍ സ്ഥാപിച്ച് പെരിയാറിലേക്കും കുഴിക്കണ്ടം തോട്ടിലേക്കും വിഷജലം ഒഴുക്കുന്നതായി കണ്ടെത്തി. ഇതിന്​ പി.സി.ബിയുടെ അകമഴിഞ്ഞ പിന്തുണയുള്ളതായും സമിതി കണ്ടെത്തി. ഏലൂര്‍ എടയാര്‍ വ്യവസായ മേഖലയിലെ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ 64 നിര്‍ദ്ദേശങ്ങളും പെരിയാർ പുനരുജ്ജീവനത്തിന്​ ഒരു പദ്ധതിയും മുന്നോട്ടുവച്ചു.

  • ഭൂഗര്‍ഭജല സ്രോതസ്സ്​ മലിനീകരിക്കപ്പെട്ടതിനാല്‍, ഏലൂരിലെയും എടയാറിലെയും ജനങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം നൽകാൻ 2005- ല്‍ സുപ്രീംകോടതി നിരീക്ഷണ സമിതി പി.സി.ബിയോട് നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം എടയാറിലെ ഒരു വാര്‍ഡില്‍ ബിനാനി സിങ്ക് കമ്പനി പൂര്‍ണ്ണമായും മുതല്‍ മുടക്കി വാട്ടര്‍ അതോറിറ്റി വഴി സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കി. 2009-ൽ ഏലൂരിലെ 6 വാര്‍ഡുകളിലെ 2140 കുടുംബങ്ങള്‍ക്ക്, 1.40 കോടി രൂപ കമ്പനികളില്‍ നിന്ന് ഈടാക്കി, പ്രതിദിനം 500 ലിറ്റര്‍ ശുദ്ധജലം വ്യക്തിഗത പൈപ്പുലൈന്‍ സ്ഥാപിച്ച് വാട്ടര്‍ അതോറ്റി വഴി സൗജന്യമായി കുടിവെളളം വിതരണം ചെയ്​തുതുടങ്ങി. പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയുടെ അവിസ്മരണീയമായ ഒരു പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്ന അത്.

  • 2005-ല്‍ പാതാളത്തെയും - എച്ച് ഐ എല്‍ പരിസരത്തെയും അന്തരീക്ഷവായുവിനെ സംബന്ധിച്ചു നടത്തിയ പഠനത്തില്‍ കാന്‍സറിനു കാരണമാകുന്ന അഞ്ചോളം രാസവിഷങ്ങള്‍ (ക്ലോറോഫോം, ബെന്‍സീന്‍ , കാര്‍ബണ്‍ ടെട്രാസൈക്കിള്‍, കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്, ഹെക്‌സാ ക്ലോറാ ബ്യൂട്ടാ ഡീന്‍, എന്നിവ 150 ഇരട്ടി മുതല്‍ 250 ഇരട്ടി വരെ ) അധികരിച്ച തോതില്‍ കണ്ടെത്തി.

  • 2005 കുഴിക്കണ്ടം തോടിനു ചുറ്റുമുള്ള 340- ഓളം കുടുംബങ്ങളില്‍ പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയും തിരുവനന്തപുരത്തെ ‘തണലും’ ചേര്‍ന്നു നടത്തിയ ആരോഗ്യ പഠനത്തില്‍ 94% കുടുംബങ്ങളിലും എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുള്ളതായും പലരും ഗുരുതര രോഗബാധിതരാണെന്നും കണ്ടെത്തി.

  • 2005-06 ല്‍ കൊച്ചി യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ ഓഷ്യാനോഗ്രാഫി ഡിപ്പാര്‍ട്ട്‌മെന്റ്, പെരിയാര്‍ മലിനീകരണവിരുദ്ധ സമിതി, തണല്‍ എന്നിവര്‍ ചേര്‍ന്ന് ഏലൂരിലെയും എടയാറിലെയും വീട്ടുവളപ്പിലെ 21 ഭക്ഷ്യ വസ്തുക്കള്‍ പരിശോധിച്ചതില്‍ എല്ലാത്തിലും ഘനലോഹങ്ങളുടെയും കീടനാശിനികളുടെയും അളവ് വളരെ ഉയര്‍ന്ന തോതിലാണെന്നും അത് മനുഷ്യരുള്‍പ്പെടുന്ന ജീവജാലങ്ങള്‍ക്ക് അപകടകരമാണെന്നും കണ്ടെത്തി.

  • 2005-ല്‍ ഏലൂരിലെ കോഴിമുട്ടയില്‍ നടത്തിയ പഠനത്തില്‍ ഡയോക്‌സിന്‍ എന്ന മാരകവിഷ സംയുക്തത്തിന്റെ അളവ് യുറോപ്യന്‍ യൂണിയന്‍നിലവാരത്തി​ലേതിനേക്കാള്‍ നാലിരിട്ടി കൂടുതലായും DDT- യും BHC- യുമടക്കമുള്ള കീടനാശികൾ അധികരിച്ച തോതിലും കണ്ടെത്തി.

  • 2005- 2006 ല്‍ കൊച്ചി യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഡസ്ട്രീസ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെൻറ്​ തലവന്‍ ഡോ. മധുസൂദന കുറുപ്പിന്റെ നേതൃത്വത്തില്‍ പെരിയാറില്‍ നടത്തിയ ബയോട്ടിക് ഇന്റഗ്രിറ്റി സ്റ്റഡിയില്‍ നദിയിലെ മത്സ്യവൈവിദ്ധ്യത്തില്‍ സാരമായ ശോഷണം സംഭവിച്ചതായും 35 ഇനം മത്സ്യങ്ങള്‍ 12 ഇനമായി ചുരുങ്ങിയെന്നും കണ്ടെത്തി. മാത്രമല്ല, മത്സ്യതൊഴിലാളികള്‍ക്ക് കിട്ടുന്ന മത്സ്യങ്ങളുടെ അളവിലും വലിയ കുറവുണ്ടായതായി കണ്ടെത്തി. 1986- കളില്‍ 3 മുതല്‍ 7 കിലോ വരെ മത്സ്യം ലഭിച്ചിരുന്ന സ്ഥാനത്ത് 300 ഗ്രാമായി ചുരുങ്ങി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ മാനദണ്ഡമനുസരിച്ച് വീട്ടാവശ്യങ്ങള്‍ക്കു പോലും പെരിയാറിലെ ജലം ഉപയോഗിക്കാന്‍ പാടില്ലെന്നും കണ്ടെത്തി.

  • 2008-ല്‍ കേരള സര്‍ക്കാരിന്റെ മുന്‍കൈയില്‍ ഏലൂരിലെ 9 വാര്‍ഡുകളില്‍ നടത്തിയ ആരോഗ്യ പഠനത്തില്‍ ആസ്മയും അലര്‍ജിയും എല്ല്​- മസ്സില്‍ സംബന്ധമായ അസുഖങ്ങള്‍ അടക്കം വിവിധ രോഗങ്ങള്‍ കേരള ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍, കമ്പനികളില്‍ നിന്ന് പണം ഈടാക്കി സൗജന്യ ചികിത്സ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി.

  • 2005 - 2009 ല്‍ SCMC യുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്ര ബോര്‍ഡ് കുഴിക്കണ്ടം തോടിന്റെ മലിനീകരണ വ്യാപ്തിയും -എടയാറ്റു ചാല്‍ ചക്കരച്ചാല്‍ - പാടശേഖരങ്ങളിലെ മലിനീകരണവും പഠിക്കാന്‍ജര്‍മ്മന്‍ ടെക്‌നിക്കല്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. പഠനാവസാനം കുഴിക്കണ്ടം തോടും പരിസരവും - എടയാറ്റുചാലും ചക്കരച്ചാലും- അത്യാപകടമായ രീതിയില്‍ മലിനീകരിക്കപ്പെട്ടതായി റിപ്പോര്‍ട്ട് നല്കി.

  • 2007-2009-ല്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജി & എൻവയോൺമെന്റ് എന്ന സര്‍ക്കാര്‍ ഏജന്‍സി പെരിയാറിലെ വ്യവസായ മലിനീകരണം പഠിച്ചു. പെരിയാറിലെ നിറം മാറ്റത്തിനും മത്സ്യക്കുരുതിക്കും കാരണം വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യം നേരിട്ട് പെരിയാറിലെത്തുന്നതുമാണെന്ന്​ ഈ പഠനം കണ്ടെത്തി. ഇതുമൂലം പെരിയാറിലെ സ്വഭാവിക ആവാസ വ്യവസ്ഥ തകര്‍ന്നതായും കണ്ടെത്തി.

  • 2005-2010-ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദല്‍ഹി ഐ.ഐ. ടിയും ചേര്‍ന്ന് ഇന്ത്യയിലെ 168 വ്യവസായ സമുച്ചയങ്ങളില്‍ നടത്തിയ കര, വായു, ജല മലിനീകരണം സംബന്ധിച്ച പഠനത്തില്‍ 68 ഗുരുതര മലിനീകരണ സമുച്ചയങ്ങളുണ്ടായിരുന്നു. അതില്‍ ഏലൂർ 24ാം സ്​ഥാനത്തായിരുന്നു. ഇതേതുടര്‍ന്ന് പുതിയ വ്യവസായങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യപിച്ചു.

  • 2010-2011 ല്‍ പെരിയാര്‍ മലിനീകരണം സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നേതൃത്വത്തില്‍ ‘നീറി’യുടെ സഹായത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസ്പ്ലിറ്റി സയന്‍സ് & ടെക് നോളജി നടത്തിയ പഠനത്തില്‍ പെരിയാറില്‍ കീടനാശിനികളും ഘനലോഹങ്ങളും മാരക അളവില്‍ കണ്ടെത്തി.

  • 2017-ല്‍ കോടതി നിര്‍ദ്ദേശപ്രകാരം ‘നീറി’ നടത്തിയ പഠനത്തിലും ജല മലിനീകരണം രൂക്ഷമാണെന്ന് കണ്ടെത്തി.

കുഴിക്കണ്ടം തോട്​ എന്ന സമരഭൂമി

കുഴിക്കണ്ടം തോടിന്റെ മലിനീകരണത്തിനെതിരായ പോരാട്ടത്തിന് മൂന്നര പതിറ്റാണ്ടിലേറെ പോരാട്ട ചരിത്രമുണ്ട്. വര്‍ഗീസ്​ വേവുകാടനും എം.എല്‍. സുരേഷും കുമാരന്‍ ചേട്ടനും ഹൈമവതി ചേച്ചിയും കെ.എം. പ്രസാദും ശ്രീകുമാര്‍ ചേട്ടനും കുഞ്ഞുഞ്ഞ് ചേട്ടനും ശിവനും, ജോസേട്ടനും രാജപ്പന്‍ ചേട്ടനും അഡ്വ. ടി.ആർ. രാജേഷും, മണി സാമിയും പി.എസ്.​ ഗംഗാധരനും അഡ്വ. അഷ്‌കറും പുരുഷന്‍ ഏലൂരും സക്കീര്‍ ഹുസൈനും അന്‍വറും ആദം കുട്ടിയും കുഞ്ഞപ്പന്‍ ചേട്ടനും ഷെബീറും സാജന്‍ മലയിലും ഇക് ബാല്‍, മഹേഷും സൈനുദ്ദീനും ഉണ്ണിയും സുബൈദ ഹംസയും മോഹനനും (മനോരമ) തുടങ്ങി (ലിസ്റ്റ് ഇനിയും നീളും) എണ്ണമറ്റ മനുഷ്യര്‍ നടത്തിയ സമാനതകളില്ലാത്ത ഇടപെടലിനൊടുവില്‍കുഴിക്കണ്ടം തോടിന്റെ മലിനീകരണപ്രശ്‌നം പരിഹാരത്തിലേക്ക് നീങ്ങുകയാണ്. ഈയവസരത്തില്‍ ചില പ്രധാന ഇടപെടലുകള്‍ സൂചിപ്പിക്കുകയാണ്.

1985- മുതല്‍ കുഴിക്കണ്ടം തോടിന്റെ മലിനീകരണത്തിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭരംഗത്തുണ്ട്. അതിശക്തമായ പുകച്ചിലോടു കൂടിയ മണത്തിനെതിരെ തോടിന്റെ തീരത്തു താമസിക്കുന്നവര്‍ പ്രതിഷേധിക്കുന്നുണ്ട്. 1990- ലാണ് കുഴിക്കണ്ടം തോട് കത്തിപ്പിടിക്കുന്നത്. തുടര്‍ന്ന്​ പ്രദേശവാസികളുടെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുകയും കലക്ടര്‍ ചര്‍ച്ചക്ക് വിളിക്കുകയും പ്രദേശവാസികളുടെ ആവലാതികള്‍ വര്‍ഗീസ്​ വേവുകാടന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കുഴിക്കണ്ടം തോട് സ്ലാബിട്ട് മൂടാമെന്നും പ്രദേശവാസികള്‍ക്ക് കുടിവെള്ളം നൽകാമെന്നുമെല്ലാം കലക്ടര്‍ ഉറപ്പു നൽകിയെങ്കിലും ഒന്നുപോലും നടപ്പായില്ല.

2023 മെയിൽ കുഴിക്കണ്ടം തോടിന്റെ ശുചീകരണം പൂര്‍ത്തിയാകണമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങള്‍ നടത്തിയ സമരങ്ങളും നിയമപോരാട്ടങ്ങളും അട്ടിമറിക്കാൻ അണിയറ പ്രവര്‍ത്തനം നടത്തുകയാണ്​.

1999-ല്‍ ഗ്രീന്‍ പീസ്​, കുഴിക്കണ്ടം തോടിലെ ചെളി, വെള്ളം തുടങ്ങിയ ശേഖരിച്ച് പഠിച്ചു. ഗുരുതര സ്ഥിതിവിശേഷമാണ് റിപ്പോർട്ട്​ വെളിവാക്കിയത്​. അന്നുവരെ കുഴിക്കണ്ടം നിവാസികള്‍ അനുഭവിച്ച മലിനീകരണത്തിന്റെ യഥാര്‍ത്ഥ രൂപം കണ്ട് ഗവേഷകര്‍ ഞെട്ടി. തോട്ടിലെ ചെളിയില്‍ ഊറി കിടക്കുന്നത് 111-ഓളം രാസമാലിന്യങ്ങളാണെന്നും അതില്‍ 52 എണ്ണം തിരിച്ചറിയാന്‍ കഴിയുന്നവയാണെന്നും അതില്‍ തന്നെ 39 എണ്ണം ഓര്‍ഗാനോ ക്ലോറിന്‍സ് അഥവാ പോപ്പ്‌സ് (pops) പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടൻറ്​ അഥവാ സ്ഥാവര കാര്‍ബണിക വിഷ സംയുക്തങ്ങളാണെന്നും കണ്ടെത്തി. ഇതേതുടര്‍ന്ന് ഗ്രീന്‍ പീസ്​, ഏലൂരിനെ ലോകത്തെ 35- മത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും മാരക വിഷമേഖലയായി പ്രഖ്യാപിച്ച്​ ഫാക്​റ്റ്​ കവലയില്‍ ബോര്‍ഡ്​ സ്ഥാപിച്ചു.

2000- ല്‍ കുഴിക്കണ്ടം തോടിലെ 111 മാലിന്യങ്ങളെ സൂചിപ്പിച്ച്​ തോടിലെ ചെളി 111 കുടങ്ങളിലാക്കി പി.സി.ബിയില്‍ സമര്‍പ്പിക്കുന്ന ഉജ്ജ്വല സമരവും നടന്നു. കുഴിക്കണ്ടം തോട് ശാസ്ത്രീയമായി ശുചീകരിക്കുക, മലിനീകരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച്​ 2002- ല്‍ പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി, ജനകീയ ആക്ഷന്‍ കൗണ്‍സില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ്​ വലയം ഭേദിച്ച് തോട് അടച്ചുകെട്ടി. പൊലിസ് ലാത്തിചാര്‍ജില്‍ യേശുദാസ് വരാപ്പുഴയടക്കം നിരവധി പേര്‍ക്ക് പരിക്കുപറ്റി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കുഴിക്കണ്ടം ശുചീകരിക്കാന്‍ അടിയന്തര നടപടി കൈകൊള്ളുമെന്ന് അധികൃതര്‍ ഉറപ്പുനൽകി.

2004- ല്‍ പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതിയുടെ പരാതിയിൽ സുപ്രീംകോടതി നിരീക്ഷണസമിതി കുഴിക്കണ്ടം തോട് സന്ദര്‍ശിച്ച് മലിനീകരണം നേരില്‍ കണ്ട് വിലയിരുത്തി. പി.സി.ബിയോട്​ അടിയന്തര നടപടി കൈകൊള്ളാന്‍ നിര്‍ദ്ദേശിച്ചു.

2005- ല്‍ സമിതി വീണ്ടും പരാതി നൽകിയതിനെ തുടര്‍ന്ന് സുപ്രീംകോടതി നിരീക്ഷണ സമിതി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരെ കൂടി വിളിച്ചുവരുത്തി, പ്രശ്‌നം അടിയന്തരമായി പഠിച്ച് റിപ്പോർട്ട്​ നല്കാൻ നിര്‍ദേശിച്ചു. ഇതുപ്രകാരം കര്‍ണാടകയിലെ ഹസാഡസ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെ സഹായം ആവശ്യപ്പെടുകയും അതിനായി ജര്‍മ്മന്‍ ടെക്‌നിക്കല്‍ കോര്‍പ്പറേഷനെ (GTZ) നിയോഗിക്കുകയും ചെയ്തു. ക്ലമന്റ്‌സ് മുള്ളര്‍, ഡോ. ഉള്‍റിച്ച് ഓസ്ബര്‍ഗസ്, ഡോ. വെര്‍ണര്‍ ബൂട്ട് എന്നിവരുടെ നേതൃത്വത്തില്‍ പഠനം നടത്തി 2008 ഡിസംബര്‍, 2009 ജനുവരി, 2009 മാര്‍ച്ച് എന്നീ സമയങ്ങളിൽ മൂന്ന് പഠന റിപ്പോർട്ടുകൾ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു സമര്‍പ്പിച്ചു.
തുടര്‍ന്ന് കഴിക്കണ്ടം തോട് ശുചീകരണത്തിന്​ കനേഡിയന്‍ കണ്‍സള്‍ട്ടന്റ് കമ്പനിയായി SENES- നെ ജര്‍മ്മന്‍ ടെക്‌നിക്കല്‍ കോര്‍പ്പറേഷന്‍ ചുമതല പ്പെടുത്തി. ഇതുപ്രകാരം 21.32 കോടിയുടെ വിശദമായ പദ്ധതിരേഖ SENES തയ്യാറാക്കി പി.സി.ബിക്ക് നൽകി. പദ്ധതി നിര്‍വഹണ ധന സഹായത്തിന്​ കേന്ദ്ര പ്ലാനിംഗ് കമ്മീഷനെ സമീപിച്ചു.

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുപ്രകാരം രൂപീകരിച്ച ഉന്നതല നിരീക്ഷണ സമിതി കഴിഞ്ഞ ഒരു വര്‍ഷം എന്താണ് ചെയ്തതെന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല.

2011- ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നാഷണല്‍ ക്ലീന്‍ എനര്‍ജി ഫണ്ടിനു കീഴില്‍, അപകടകരമായി മലിനീകരിക്കപ്പെട്ട രാജ്യത്തെ 12 മുന്‍ഗണനാ സൈറ്റുകളില്‍ കുഴിക്കണ്ടം തോടും ആവതുരുത്ത് പാടശേഖരവും എടയാറിലെ എടയാറ്റുചാല്‍ ചക്കരച്ചാല്‍ പാടശേഖരവും ഉള്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം പദ്ധതിച്ചെലവിന്റെ 60% സംസ്ഥാന സര്‍ക്കാരും 40% കേന്ദ്ര സര്‍ക്കാരും വഹിക്കണമെന്നതായിരുന്നു നിര്‍ദേശം. അതനുസരിച്ച് ആഗോള ടെണ്ടര്‍ വിളിക്കുകയും അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സിയായ ERM (Environment Reosurces Management India (P) Ltd. എന്ന കമ്പനിയെ 2014- ല്‍ തെരഞ്ഞെടുക്കുകയും ചെയ്തു. പദ്ധതി പ്രദേശത്തിന്റെ വിമലീകരണത്തിന് മുന്നോടിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ മേഖലയിലെ സര്‍ക്കാര്‍ ഇതര സംഘടനയായ പെരിയാര്‍ മലിനീകരണ വിരുദ്ധസമിതി ഭാരവാഹികള്‍ സമിതിയുടെ അഭിഭാഷകന്‍ തുടങ്ങിയവരുവായി ERM ചര്‍ച്ച നടത്തി. പദ്ധതി സംബന്ധിച്ച് സമിതിക്കുള്ള നിര്‍ദ്ദേശങ്ങൾ പങ്കുവക്കുകയും ആറോളം പഠന റിപ്പോര്‍ട്ടുകള്‍ ERMനു കൈമാറുകയും ചെയ്തു.

പെരിയാര്‍ മലിനീകരണം ഒഴിവാക്കുക, കുഴിക്കണ്ടം തോട് ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 2007-ല്‍ ഏലൂര്‍ സ്വദേശി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി 2013- ല്‍ ചെന്നെ ഹരിത ട്രിബൂണലിലേക്ക് മാറ്റി. 2015- ല്‍ ജനജാഗ്രതക്കു വേണ്ടി അഡ്വ. അഷ്‌കര്‍ഖാദര്‍ മുഖേന മുഹമ്മദ് ഇക്ബാല്‍ പൊതു താത്പര്യ ഹര്‍ജിയില്‍ കക്ഷി ചേരുകയും ആയിരത്തിലധികം പേജു വരുന്ന 15- ഓളം റിപ്പോര്‍ട്ടുകള്‍ ഹരിത ട്രിബൂണലില്‍ സമര്‍പ്പിക്കുകയും ചെയ്തു. 2016- ല്‍ കേന്ദ്ര മലിനീകരണ നിയന്ത്ര ബോര്‍ഡിനെ ഹരിത ട്രൈബ്യൂണല്‍ കക്ഷി ചേര്‍ത്തു. നാഷണല്‍ ക്ലീന്‍ എനര്‍ജി ഫണ്ട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനോട് ഹാജരായി വിശദീകരിക്കാനും ആവശ്യപ്പെട്ടു. ഇപ്രകാരം അടുത്ത വിചാരണക്കു മുമ്പായി കുഴിക്കണ്ടം തോട് റിമഡിയേഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ട് CPCB ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് പരിഗണിച്ച ഹരിത ട്രൈബൂണല്‍, തോടു ശുചീകരണം പൂര്‍ത്തിയാകുന്നതുവരെ കുഴിക്കണ്ടം തോട്ടിലേക്ക് അവരുടെ ശുചികരിച്ച ജലം പോലും ഒഴുക്കരുതെന്ന് നിര്‍ദ്ദേശിച്ചു. മാത്രമല്ല, റിമ ഡിയേഷനുളള സംസ്ഥാന - കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ നാലാഴ്ചക്കുളളില്‍ കണ്ടെത്താനും 2016 ഡിസംബറിനുള്ളില്‍ DPR പൂര്‍ത്തിയാക്കാനും 2016 സപ്​തംബറിൽ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ഇതിനിടെ, ശുചികരിച്ചതാണെങ്കില്‍ പോലും മലിന ജലം തോടിലേക്ക് ഒഴുക്കരുതെന്ന ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ HIL സ്റ്റേ വാങ്ങിയെങ്കിലും പിന്നീട് ഹരിത ട്രൈബ്യൂണലിനോട് തന്നെ ഉത്തരവ് നടപ്പാക്കുന്നതിന് സമയം നീട്ടി നൽകാന്‍ ആവശ്യപ്പെട്ട്​ ഹര്‍ജി നല്കാന്‍ HIL നോട് നിര്‍ദ്ദേശിച്ച്​, ഹൈക്കോടതി കേസ്​ തീര്‍പ്പാക്കി.

കുഴിക്കണ്ടം തോട്​ ശുചീകരണത്തിന്​ 26 കോടി രൂപ വേണ്ടിവരുമെന്ന്​ CPCB ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 16 കോടി രൂപ മൂന്നാഴ്ചക്കുള്ളില്‍ CPCB ക്ക് കൈമാറാന്‍ ട്രൈബ്യൂണല്‍ 2017 ഏപ്രില്‍ 24 ന് ഉത്തരവിട്ടു. ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ചീഫ് സെക്രട്ടറിയോട് 2017 ഓഗസ്റ്റ് ഒന്നിന്​ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സ്റ്റേ വാങ്ങി.

സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 16 കോടി രൂപയില്‍ 8 കോടി രൂപ സംസ്ഥാന സര്‍ക്കാരും ബാക്കി 8 കോടി മലിനീകരണത്തിനു കാരണക്കാരായ FACT, HIL, IRE, MERCHEM എന്നീ കമ്പനികളില്‍ നിന്നും ഈടാക്കി നല്കാമെന്ന് സംസ്ഥാന സര്‍ക്കാരും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍വിഹിതമായ 8,05,50,462 രൂപ രണ്ടു മാസത്തിനുള്ളില്‍ എസ്​.ബി.ഐയുടെ തിരുവനന്തപുരം പട്ടം ശാഖയില്‍ നിക്ഷേപിക്കാമെന്നും ഹൈക്കോടതിയില്‍ ഉറപ്പു നല്കി. തുടര്‍ന്ന് പണം അടച്ച രസീത് ട്രൈബ്യൂണലില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച്​ കേസ് ഹൈക്കോടതി തീര്‍പ്പാക്കി.

സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 16 കോടിയില്‍ 11.22 കോടി രൂപ റിമഡിയേഷന്‍ ഓഫ് ഏലൂര്‍ കുഴിക്കണ്ടം തോട് എന്ന പ്രോജക്ട് ഹെഡിലായി നിക്ഷേപിച്ചെന്നും ബാക്കി തുക പദ്ധതി നടത്തിപ്പ് ഘട്ടത്തില്‍ നൽകാമെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. അതേസമയം കേന്ദ്രസര്‍ക്കാര്‍ 2017- ല്‍ നാഷണ്‍ ക്ലീന്‍ എനര്‍ജി ഫണ്ടില്‍ നിന്ന്​ പിന്‍മാറിയതായും അവരുടെ വിഹിതം പൊല്യൂട്ടർ പെയ് തത്വപ്രകാരം കമ്പനികളില്‍ നിന്ന് ഈടാക്കാവുന്നതാണെന്നും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം 2019 ജനുവരി 16ന്​ ട്രൈബ്യൂണലില്‍ സത്യവാങ് മൂലം നല്കി.

കേന്ദ്ര ഫണ്ട് ലഭ്യമല്ലെങ്കില്‍ മലിനീകരിക്കുന്ന കമ്പനികളില്‍ നിന്നോ സംസ്ഥാന ഫണ്ടില്‍ നിന്നോ ഫണ്ട് കണ്ടെത്തി പദ്ധതി നിര്‍വഹണം ഉറപ്പു വരുത്തണമെന്നും പദ്ധതി നിര്‍വ്വഹണത്തിന്റെ മേല്‍നോട്ടത്തിനും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ‘നീറി’, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ സമിതി എന്നിവയിലെ ഒരോ പ്രതിനിധിയും എറണാകുളം ജില്ല മജിസ്‌ട്രേട്ടും അടങ്ങിയ അഞ്ചംഗ കമ്മറ്റിയെ നിയോഗിക്കുകയും മൂന്നു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും നിര്‍ദ്ദേശിച്ച്​ 2019 ജനുവരി 29ന്​ ഹരിത ട്രൈബ്യൂണലിന്റെ ദല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ച് ഉത്തരവിട്ടു.

കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ പദ്ധതി രേഖയും ടെന്‍ഡര്‍ നടപടിക്രമങ്ങളും മൂന്നു മാസത്തിനുള്ളില്‍പൂര്‍ത്തിയാക്കി പദ്ധതി തുടങ്ങണമെന്ന് നിര്‍ദ്ദേശിച്ചു. പദ്ധതി നിര്‍വഹണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന്​ കേസ് 2019 ഒക്ടോബര്‍ ഒമ്പതിലേക്ക്​ മാറ്റി.

പദ്ധതി നിര്‍വഹണത്തില്‍ കാര്യമായ പുരോഗതി കാണാനില്ലെന്നും പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന്​ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കിറ്റ്‌ക്കോക്കും ആവശ്യമായ അനുമതി നല്കണമെന്ന് ചീഫ് സെക്രട്ടറിയോട് ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. ഇതിനിടെ 2020 മാര്‍ച്ച് 6നകം പദ്ധതിയുടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി വര്‍ക്ക് അവാര്‍ഡ് ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ഹരിത ട്രൈബ്യൂണലിനെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് 2020 മാർച്ച്​ 31ലേക്ക്​ മാറ്റി. പിന്നീട് കൊറോണയുടെ പേരില്‍ ടെന്‍ഡറിങ്ങ് നടപടി പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സമയമാവശ്യപ്പെട്ട്​ നീങ്ങിക്കൊണ്ടിരിക്കുകയാണ്.

2022 മെയ് 27ന്​ ചെയര്‍ പേഴ്‌സന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബഞ്ച് ഈ കേസ് പരിഗണിച്ച്​ ഇങ്ങനെ പറഞ്ഞു: അനന്തമായി കേസ് ട്രൈബ്യൂണലിന്റെ പരിഗണനയില്‍ നിര്‍ത്തുന്നതുകൊണ്ട് യാതൊരു കാര്യമില്ല. സംസ്ഥാന സര്‍ക്കാര്‍ ഉന്നതല നിരീക്ഷണ സംവിധാനം സജ്ജമാക്കണം. അതിനായി പരിസ്ഥിതി, തദ്ദേശ സ്വയംഭരണം, ജലസേചനം/ ജലവിഭവം, ധനകാര്യം എന്നീ വകുപ്പുകളിലെ അഡീഷണല്‍ ചീഫ്‌സെക്രട്ടറിമാരുള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണം, ആദ്യ യോഗം രണ്ടാഴ്ചക്കുള്ളില്‍ ചേരണം.

തുടര്‍ന്ന് പദ്ധതി പുരോഗതി സംബന്ധിച്ച പ്രതിമാസ വിലയിരുത്തലിനും അതിന്റെ മിനുറ്റ്സ്​ പരിസ്ഥിതിവകുപ്പിന്റെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദേശം നൽകി. മാത്രമല്ല, ഒരു വര്‍ഷത്തിനുള്ളില്‍ കുഴിക്കണ്ടം തോടിന്റെ ശുചീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നും പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുള്ള മുഴുവന്‍ വ്യവസായങ്ങളും സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് ഉറപ്പാക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

കുഴിക്കണ്ടം തോട് ശാസ്ത്രീയമായി, ശുചീകരിക്കണമന്ന് സര്‍ക്കാരിനോ മുന്‍സിപ്പാലിറ്റിക്കോ ആത്മാർഥമായ ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ തോടിന്റെ ശുചീകരണം പൂര്‍ത്തിയായേനേ.

സംസ്ഥാന സര്‍ക്കാര്‍
അലംഭാവം തുടരുന്നു

കണക്കുപ്രകാരം, 2023 മെയിൽ കുഴിക്കണ്ടം തോടിന്റെ ശുചീകരണം പൂര്‍ത്തിയാകണമായിരുന്നു. എന്നാല്‍ ഒരു പറ്റം ഉദ്യോഗസ്ഥരും സര്‍ക്കാരും ചേര്‍ന്ന് പതിറ്റാണ്ടുകളായി ജനങ്ങള്‍ നടത്തിയ സമരങ്ങളും നിയമപോരാട്ടങ്ങളും അട്ടിമറിക്കാൻ അണിയറ പ്രവര്‍ത്തനം നടത്തുകയാണ്​. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുപ്രകാരം രൂപീകരിച്ച ഉന്നതല നിരീക്ഷണ സമിതി കഴിഞ്ഞ ഒരു വര്‍ഷം എന്താണ് ചെയ്തതെന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചും വിവരാവകാശ നിയമപ്രകാരം കത്തു നൽകി അഞ്ചു മാസമായിട്ടും മറുപടി ലഭിച്ചിട്ടില്ല. ഇതിനിടയില്‍, സൂത്രത്തില്‍ മുന്‍സിപ്പാലിറ്റിയെ കൊണ്ട് ചെളിവാരി കളയുന്ന ലാഘവത്തോടെ ഡി.ഡി.ടിയും എന്റോസള്‍ഫാനും BHC- യും അടക്കമുള്ള കീടനാശിനികള്‍ കൂടി കലര്‍ ന്ന അപകടകരങ്ങളായ ഘനലോഹങ്ങള്‍ ഉള്‍പ്പെട്ട 111- ഓളം രാസമാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാനുള്ള ഗൂഢാലോചനകളും നടക്കുന്നുണ്ട്. അതിനായി കുഴിക്കണ്ടം തോട്ടിലെ കീടനാശിനിമാലിന്യങ്ങള്‍ പ്രളയത്തില്‍ ഒലിച്ചുപോയി എന്ന തരത്തില്‍ കൃത്രിമ തെളിവുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. അതിനായി സര്‍ഫസ് സാമ്പിളുകള്‍ പല സ്ഥലങ്ങളില്‍ നിന്ന്​ എടുത്തുവെന്ന്​ നാട്ടുകാര്‍ പറഞ്ഞു.

മറ്റൊരു കുപ്രചാരണം, കുഴിക്കണ്ടം തോട് ശുചീകരണത്തിന് തടസം പരിസ്ഥിതിപ്രവര്‍ത്തകരാണെന്നതാണ്. തോട് ശാസ്ത്രീയമായി, സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രകാരം ശുചീകരിക്കണമന്ന് സര്‍ക്കാരിനോ മുന്‍സിപ്പാലിറ്റിക്കോ ആത്മാർഥമായ ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ തോടിന്റെ ശുചീകരണം പൂര്‍ത്തിയായേനേ. ഇന്ത്യ സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ഒപ്പിട്ട രാജ്യമെന്ന നിലയില്‍ പെര്‍സിസ്റ്റന്റ്​ ഓര്‍ഗാനോ പൊലൂട്ടന്‍സ് (Pops) അഥവാ സ്ഥാവര കാര്‍ബണിക വിഷസംയുക്തങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മാലിന്യങ്ങള്‍ നീക്കാനും അത്തരം പ്രദേശങ്ങള്‍ റെമഡിയേറ്റ് ചെയ്യുന്നതിനുമായി നിയതമായ മാര്‍ഗ്ഗങ്ങള്‍ അംഗീകരിച്ചിട്ടുണ്ട് അതുപ്രകാരം മാത്രമേ അത്തരം പ്രദേശങ്ങളില്‍ ശുചീകരണം നടത്താവൂ എന്ന്​ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാത്രമല്ല, ഗ്രീന്‍ ട്രൈബ്യൂണലിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളും ട്രൈബ്യൂണലിന്റ ഉത്തരവനുസരിച്ച്​ രൂപീകരിച്ച ഉന്നതാധികാര സമിതിയുമുള്ളപ്പോള്‍ മറിച്ചുള്ള നീക്കം ആരു നടത്തിയാലും, അത് നിയമ വിരുദ്ധമാണ്.

Comments