നാടുകാണിച്ചുരത്തിലെ പ്ലാസ്റ്റിക് മാലിന്യം

നാടുകാണി ചുരം: പശ്ചിമഘട്ടത്തിന്റെ
ശ്വാസനാളത്തിൽ
പ്ലാസ്റ്റിക് കുരുങ്ങുന്നു

നീലഗിരി ബയോസ്ഫിയർ റിസർവിനോട് ചേർന്നുനിൽക്കുന്ന നാടുകാണി ഇന്ന് പ്ലാസ്റ്റിക് മാലിന്യത്താൽ വീർപ്പുമുട്ടുകയാണ്. 2018 ൽ പെരിയാർ വന്യജീവി സങ്കേതത്തിൽ ചെരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. നാടുകാണിയിൽ ചെരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടത്തിലും സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നു- ശാമിൽ ചുള്ളിപ്പാറ തയ്യാറാക്കിയ റിപ്പോർട്ട്.

19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഏതാണ്ട് 1864-നോടടുത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ വില്യം കാംബെലാണ് നിലമ്പൂരിലെ നിബിഢവനങ്ങളിൽ നിന്ന് ഒരു കാനനപാത കണ്ടെത്തുന്നത്. ഏറനാടിന്റെ മണ്ണിൽ നിന്ന് അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും ഒരു സഞ്ചാരപഥം കണ്ടെത്തുക എന്നതായിരുന്നു ഈ പാതയുടെ ലക്ഷ്യം.

വനത്തിന്റെ ഗതിവിഗതികൾ കൃത്യമായി അറിയാവുന്ന പ്രാദേശിക ഗോത്രവർഗക്കാരുടെ സഹായത്തോടെ പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് പോറലേൽപ്പിക്കാതെ രൂപപ്പെടുത്തിയെടുത്ത ആ പൈതൃകപാതയാണ് നാടുകാണി ചുരം. നീലഗിരി ബയോസ്ഫിയർ റിസർവിനോട് ചേർന്നുനിൽക്കുന്ന നാടുകാണി, അപൂർവ്വയിനം സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും സങ്കേതമാണ്. മഞ്ഞുപുതച്ച മലയിടുക്കുകളും തണുപ്പൻ ചോലകളും കല്ലാറ്റിലെ തെളിനീരും ആസ്വദിക്കാൻ ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്. മലപ്പുറം ജില്ലയിലെ വഴിക്കടവ് നിന്ന് എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഈ പാതയിലൂടെ തമിഴ്നാട്ടിലെത്താം. എന്നാൽ ഇന്ന്, വന്യതയുടെ വശ്യത ആസ്വദിക്കാനെത്തുന്നവരുടെ നീചമായ പെരുമാറ്റം കൊണ്ട് പ്ലാസ്റ്റിക് മാലിന്യത്താൽ നാടുകാണിക്ക് ശ്വാസം മുട്ടുകയാണ്. പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഭക്ഷണപ്പൊതികളും ഡയപ്പറുകളും കക്കൂസ് മാലിന്യങ്ങളും ചുരത്തിൽ തള്ളുന്നത് നിത്യകാഴ്ചയായി മാറിയിരിക്കുന്നു.

​ഈ അനാസ്ഥ നേരിട്ട് ബാധിക്കുന്നത് പശ്ചിമഘട്ടത്തിലെ വന്യജീവികളെയാണ്. ഭക്ഷണഗന്ധമുള്ള പ്ലാസ്റ്റിക് കവറുകൾ കാട്ടാനകൾ ആഹാരമാക്കുമ്പോൾ അവയുടെ ആമാശയത്തിൽ അവ ദഹിക്കാതെ കെട്ടിക്കിടന്ന് വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു. മാർച്ച് 27-ന് നാടുകാണി ചുരത്തിൽ കൂട്ടംകൂട്ടമായി കാട്ടാനകൾ പ്ലാസ്റ്റിക് തിന്നുന്ന കാഴ്ച പ്രകൃതിസ്നേഹികളെ നടുക്കുന്നതായിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് വെറ്ററിനറി ഡോക്ടർ ശിവദാസിന്റെ നിരീക്ഷണങ്ങൾ:

‘പരിചരണത്തിൽ കഴിയുന്ന ആനകൾക്ക് കുടിക്കുന്ന വെള്ളത്തിൽ ചെറിയ മാറ്റം വന്നാൽ വയറിളക്കം ബാധിക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ കിലോക്കണക്കിന് പ്ലാസ്റ്റിക്കും ഡയപ്പറിലെ കെമിക്കലുകളും ആമാശയത്തിലെത്തുന്ന ആനകളുടെ അവസ്ഥ ദയനീയമാണ്’.

നാടുകാണിച്ചുരത്തിൽ പ്ലാസ്റ്റിക് മാലിന്യം കഴിയ്ക്കുന്ന ആനകൾ
നാടുകാണിച്ചുരത്തിൽ പ്ലാസ്റ്റിക് മാലിന്യം കഴിയ്ക്കുന്ന ആനകൾ

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ മുൻ ഗവേഷകയും Ministry of Environment, Forest and Climate Change (MOEFCC) ഉദ്യോഗസ്ഥയുമായ ഡോ. ഗീതാഞ്ജലി കട്ലം, ഇന്ത്യൻ വനങ്ങളിലുള്ള ഏഷ്യൻ ആനകളെ കുറിച്ച് നടത്തിയ ഗവേഷണത്തിൽ പ്ലാസ്റ്റിക് മാലിന്യം മൂലമുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ പറയുന്നുണ്ട്. വനത്തിന്റെ അതിർത്തികളിൽ നിന്നും ഉൾക്കാടുകളിൽ നിന്നുമായി ശേഖരിച്ച 156 ആനപ്പിണ്ടം സാമ്പിളുകളിൽ മൂന്നിലൊന്നും പ്ലാസ്റ്റികാണെന്ന് അവരുടെ ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

2018 ൽ പെരിയാർ വന്യജീവി സങ്കേതത്തിൽ ചെരിഞ്ഞ ആനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. നാടുകാണിയിൽ ചെരിഞ്ഞ ആനയുടെ പോസ്റ്റ്‌മോർട്ടത്തിലും സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നു. ​മൃഗങ്ങളെ മാത്രമല്ല, മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ ഈ മലിനീകരണം ബാധിച്ചുതുടങ്ങിയിരിക്കുന്നു. നിരന്തരമായി കക്കൂസ് മാലിന്യങ്ങളും ഡയപ്പറുകളും നിക്ഷേപിക്കുന്നതിനാൽ നാടുകാണിയിലെ ജലസ്രോതസ്സുകളിലും പ്രദേശത്തെ കിണറുകളിലും ബാക്ടീരിയകളുടെ അളവ് ‘അൺകൗണ്ടബിൾ’ ആണെന്നാണ് വാട്ടർ അതോറിറ്റി റിപ്പോർട്ട്. ചാലിയാർ പുഴയുടെ കൈവരിയായ കെട്ടുങ്ങലിലെ വെള്ളത്തിലും കോളിഫോം, ഇ- കോളി ബാക്ടീരിയ അനിയന്ത്രിതമായ അളവിൽ കണ്ടെത്തിയിട്ടുണ്ട്. വഴിയാത്രക്കാർ വലിച്ചെറിയുന്ന മാലിന്യം താഴെ ഗ്രാമങ്ങളിലുള്ളവരുടെ കുടിവെള്ളത്തിലാണ് വിഷം കലർത്തുന്നത്.

വഴിക്കടവ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റും സാമൂഹിക പ്രവർത്തകരും നാടുകാണി വൃത്തിയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് വലിയ വെല്ലുവിളിയാണ്.

പ്ലാസ്റ്റിക് മാലിന്യമടങ്ങിയ ആനപ്പിണ്ഡം.
പ്ലാസ്റ്റിക് മാലിന്യമടങ്ങിയ ആനപ്പിണ്ഡം.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ വി.എം സ്വാദിഖലിയുടെ 'Recapture Earth' എന്ന കൂട്ടായ്മ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ മലയാളിക്ക് ഒരു മാതൃകയാണ്. 2022 ആഗസ്റ്റ് 28 നടന്ന ക്ലീൻ ഡ്രൈവിൽ അഞ്ഞൂറിലധികം സന്നദ്ധപ്രവർത്തകർ ശേഖരിച്ചത് 1,250 കിലോ മാലിന്യമാണ്. അതിൽ 800 കിലോയും ഡയപ്പറുകളായിരുന്നു എന്നത് സ്ഥിതിവിവരക്കണക്കുകളേക്കാൾ ഭയാനകമാണ്.

ഈ ബോധവൽക്കരണത്തിന്റെ ഭാഗമായി മാർച്ച് 29 - ന് ‘നാടുകാണി ചുരം - കാട് മാത്രമല്ല, ജീവന്റെ ഉറവിടം’ എന്ന മുദ്രാവാക്യവുമായി അവേർനസ് വാക്കും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മേയ് മൂന്നിന് ആയിരത്തോളം സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ച് ‘നാടുകാണി ചുരം ക്ലീൻ ഡ്രൈവ് 2026’ എന്ന ബൃഹത്തായ മാസ് ക്ലീനിങ് പ്രോഗ്രാം നടക്കാൻ പോവുകയാണ്.

ഡോ. ഗീതാഞ്ജലി കട്ലം
ഡോ. ഗീതാഞ്ജലി കട്ലം

ഈ വിപത്തിനെ പ്രതിരോധിക്കാനായിരുന്നു 2024-ൽ അന്നത്തെ കലക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ ആനമറിയിൽ പ്ലാസ്റ്റിക് ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ ബോധവൽക്കരണമായിരുന്നു. രണ്ടാംഘട്ടത്തിൽ വാഹനത്തിൽ പ്ലാസ്റ്റിക്കുണ്ടെങ്കിൽ അതു പിടിച്ചെടുക്കും. പകരം കുടുംബശ്രീ നിർമിച്ച തുണിസഞ്ചി നൽകും. ഇതിനു പണം നൽകേണ്ടിവരും. വളരെ ശുഭപ്രതീക്ഷയോടുകൂടിയാണ് കളക്ടർ ഈ ഉദ്യമത്തെ പറ്റി അന്ന് സംസാരിച്ചത്: ‘‘കാടും ജലസ്രോതസ്സുകളും മലിനമാകുന്നതിനൊപ്പം പ്ലാസ്റ്റിക് വസ്തുക്കൾ ഭക്ഷിക്കുന്നതു കാരണം വന്യമൃഗങ്ങളുടെ ജീവനുവരെ ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ട്. പ്രശ്നം പരിഹരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് വഴിക്കടവ് പഞ്ചായത്ത് പ്ലാസ്റ്റിക് ചെക്പോസ്റ്റ് നടപ്പാക്കാനുള്ള സന്നദ്ധത അറിയിച്ചത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ബോധവൽക്കരണം മാത്രമായിരിക്കും. പിന്നീട് പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും. പ്ലാസ്റ്റിക് പ്ലേറ്റുകൾക്കു പകരം വാടകയ്ക്കോ വിലയ്ക്കോ സ്റ്റീൽ പാത്രങ്ങളും മറ്റും നൽകുന്നതുൾപ്പെടെ ഭാവിയിൽ ആലോചിക്കുന്നു. ചിപ്സോ ബിസ്കറ്റോ കൊണ്ടുവരുന്നവർക്ക് അതിന്റെ കവർ മാറ്റി പകരം കുപ്പിയിലിട്ടു നൽകുന്നതുൾപ്പെടെ പരിഗണിക്കേണ്ടി വരും. തമിഴ്നാട്ടിൽ പിഴ ഈടാക്കി അവർ നല്ല രീതിയിൽ നിയന്ത്രണം നടപ്പാക്കുന്നുണ്ട്. ജനങ്ങൾ കൂടുതൽ ബോധവാന്മാരാകുന്നതോടെ നമുക്കും ലക്ഷ്യം കൈവരിക്കാനാകും. ജനങ്ങളുടെ സഹകരണമാണു പ്രധാനം’’.

2026 മാർച്ച് 26-ന് നാടുകാണി ചുരത്തിൽ വി.എം. സ്വാദിഖലിയുടെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണം.
2026 മാർച്ച് 26-ന് നാടുകാണി ചുരത്തിൽ വി.എം. സ്വാദിഖലിയുടെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണം.

ഖേദകരമെന്ന് പറയട്ടെ. രണ്ടു മാസം മാത്രമാണ് ചെക്ക് പോസ്റ്റ് പ്രവർത്തിച്ചത്. ഇന്ന് ചെക്ക് പോസ്റ്റ് വെറുമൊരു നോക്കുകുത്തിയാണ്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും വഴിക്കടവ് പഞ്ചായത്തിന്റെ അനാസ്ഥ മൂലവും ഈ സംവിധാനം നിഷ്ക്രിയമായത് മാലിന്യനിക്ഷേപകർക്ക് കൂടുതൽ സൗകര്യമൊരുക്കിയിട്ടുണ്ട്. നാടുകാണിയിലെ ഈ പാരിസ്ഥിതിക തകർച്ചയ്ക്ക് അടിയന്തരമായ ചില ശാസ്ത്രീയ പരിഹാരങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. കേവലം ബോധവൽക്കരണം കൊണ്ട് മാത്രം മാറുന്നതല്ല ഈ വിപത്ത്. ഹിമാചൽ പ്രദേശിലെ മണാലിയിലും ഉത്തരാഖണ്ഡിലും നടപ്പിലാക്കി വിജയിച്ച 'ഗ്രീൻ ടാക്സ്' (Green Tax) മാതൃക നാടുകാണിയിലും പരീക്ഷിക്കാവുന്നതാണ്. ചുരം വഴി കടന്നുപോകുന്ന ടൂറിസ്റ്റ് വാഹനങ്ങളിൽ നിന്നും മറ്റ് വാണിജ്യ വാഹനങ്ങളിൽ നിന്നും ഈടാക്കുന്ന ചെറിയൊരു തുക (Green Cess) നാടുകാണിയുടെ സംരക്ഷണത്തിനായി മാത്രം വിനിയോഗിക്കണം. ഈ തുക ഉപയോഗിച്ച് ചുരത്തിലെ ഓരോ വളവുകളിലും അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും കൂടുതൽ ശുചീകരണ തൊഴിലാളികളെ നിയമിക്കാനും സാധിക്കും. 'മലിനമാക്കുന്നവൻ പണം നൽകണം' എന്ന ആധുനിക പരിസ്ഥിതി നിയമം കർശനമായി നടപ്പിലാക്കേണ്ടിയിരിക്കുന്നു.

അയൽസംസ്ഥാനങ്ങളിലെ മാതൃകകൾ പരിശോധിച്ചാൽ പ്ലാസ്റ്റിക് ഭീഷണി മറികടക്കാൻ കൃത്യമായ വഴികൾ നമുക്ക് മുന്നിലുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരി (ഊട്ടി) ജില്ലയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത് വളരെ കർശനമായാണ്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഓരോ വാഹനവും കൃത്യമായി പരിശോധിക്കുകയും, യാത്രക്കാർ കൈവശം വെച്ചിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾക്കും കവറുകൾക്കും സ്റ്റിക്കർ പതിച്ച് നിശ്ചിത തുക ഈടാക്കുകയും ചെയ്യുന്നു. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഈ പ്ലാസ്റ്റിക് തിരികെ ഏൽപ്പിച്ചാൽ മാത്രമേ ആ തുക റീഫണ്ട് നൽകൂ. സമാനമായ രീതി വയനാട് - മുത്തങ്ങ പാതയിലും വിജയകരമായി നടപ്പിലാക്കുന്നുണ്ട്.

ആനമറി പ്ലാസ്റ്റിക് ചെക്ക് പോസ്റ്റ്
ആനമറി പ്ലാസ്റ്റിക് ചെക്ക് പോസ്റ്റ്

കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിൽ രാത്രികാല ഗതാഗത നിയന്ത്രണത്തോടൊപ്പം പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ തള്ളുന്നവർക്കെതിരെ ലക്ഷങ്ങൾ പിഴ ചുമത്തുന്ന രീതിയും നിലവിലുണ്ട്. കേരളത്തിന് പുറത്തുള്ള ഇത്തരം മാതൃകകൾ നാടുകാണിയിലും നടപ്പിലാക്കിയാൽ മാലിന്യനിക്ഷേപത്തെ ഒരു പരിധിവരെ തടയാനാകും.

കൂടാതെ, വനംവകുപ്പും തമിഴ്‌നാട് അധികൃതരും സംയുക്തമായി 'ഇന്റർ സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെന്റ് സെൽ' രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. അതിർത്തി കടന്ന് മാലിന്യം തള്ളുന്ന ലോറികളെയും മറ്റു വാഹനങ്ങളെയും കണ്ടെത്താൻ ഈ ഏകോപനം സഹായിക്കും. ഈ വർഷം ഏപ്രിൽ ഒന്നിന് നിലവിൽ വന്ന സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് (ഭേദഗതി) ചട്ടങ്ങൾ- 2026 പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഈ നിയമത്തിന്റെ പിൻബലത്തോടെ ഭരണകൂടം ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ നാടുകാണിയുടെ വന്യത കാത്തുസൂക്ഷിക്കാനാകൂ. നാടുകാണി ചുരം വെറുമൊരു വഴിയല്ല, അത് പശ്ചിമഘട്ടത്തിന്റെ ശ്വാസകോശമാണ്. ഇനിയെങ്കിലും നമുക്ക് നാടുകാണിയെ കാക്കാനാകണം.

നാടുകാണിച്ചുരത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ നടന്ന കാമ്പയിനിൽനിന്ന്:


Summary: Nadukani Churam, adjacent to the Nilgiri Biosphere Reserve, is now overflowing with plastic waste, Shamil Chullippara writes.


ശാമിൽ ചുള്ളിപ്പാറ

കവി, വിവർത്തകൻ. ഹബീബ് ഉമർ ബിൻ ഹഫീളിൻ്റെ ‘ഇസ്ആഫു ത്വാലിബി രിളൽ ഖല്ലാഖ് ബി ബയാനി മകാരിമിൽ അഖ്ലാഖ്‘ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

Comments