പ്ലാസ്റ്റിക് മലിനീകരണം ഇന്ന് മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള 13.5% ഹൃദ്രോഗ മരണങ്ങൾക്കും കാരണം (2018-ലെ കണക്കുകൾ) പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന DEHP (ഡൈ-2-എതിൽഹെക്സിൽ ഫ്ഥാലേറ്റ്) എന്ന വിഷരസായനമാണ് എന്ന് 2025-ലെ ഏറ്റവും പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു. ആഗോളതലത്തിൽ 3.56 ലക്ഷം പേർക്ക് (55-64 പ്രായമുള്ളവർ) ഈ വിഷബാധ മൂലം അകാല മരണം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. അതിൽ 98% മരണങ്ങൾക്കും നേരിട്ടുള്ള പ്രധാന കാരണം പ്ലാസ്റ്റിക് ഉൽപാദനവും മാലിന്യവുമാണ്. ദക്ഷിണേഷ്യയിലും മിഡിൽ ഈസ്റ്റിലുമാണ് ഏറ്റവും കൂടുതൽ ഹൃദ്രോഗ മരണങ്ങൾ നടന്നിട്ടുള്ളത്. ഇന്ത്യയിൽ മാത്രം ഒരു ലക്ഷത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ മൊത്തം കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളേക്കാൾ 70% കൂടുതൽ മരണങ്ങൾ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
പ്ലാസ്റ്റിക് മൂലമുള്ള മരണങ്ങളുടെ ആഗോള സാമൂഹിക ചെലവ് 2.6 - 3.7 ട്രില്യൺ ഡോളറാണെന്നാണ് വാല്യു ഓഫ് എ സ്റ്റാറ്റിസ്റ്റിക്കൽ ലൈഫ് മോഡൽ കണക്കുകൾ പറയുന്നത്. പ്ലാസ്റ്റിക് ഉപയോഗം രോഗബാധയുടെ വ്യാപനം വർദ്ധിപ്പിക്കുന്നതിന്റെ തെളിവുകളാണ് ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നത്. ഫ്ഥാലേറ്റുകൾ പോലുള്ള പ്ലാസ്റ്റിക് സോഫ്റ്റ് (softening / plasticizing) ചെയ്യിക്കുന്ന രാസവസ്തുക്കൾ മനുഷ്യശരീരത്തിൽ ഹോർമോണുകളുടെ പ്രവർത്തനം തകർക്കുന്നു. ഇതുകാരണം ഹൃദ്രോഗം, വന്ധ്യത, മസ്തിഷ്കവികാസ തടസ്സങ്ങൾ, ജീവിതശൈലീ രോഗങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു (UNEP, 2023). ഇത് കുട്ടികളിലും ഗർഭിണികളിലും ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഹോർമോണുകൾ ശരീര വളർച്ചയെയും നാഡീവ്യവസ്ഥയെയുമൊക്കെ നേരിട്ട് ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് DEHP, DBP, BBP എന്നിവ മനുഷ്യർ ശ്വസിക്കുന്ന വായുവിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശരീരത്തിലെത്തുന്നു. ഹൃദ്രോഗം മൂലമുള്ള മരണങ്ങൾക്ക് ഇടയാക്കുന്ന തരത്തിൽ രക്തത്തിലൂടെ ഈ രാസവസ്തുക്കൾ മനുഷ്യനെ ബാധിക്കുന്നു. പെട്ടെന്നുള്ള മരണങ്ങൾ, അകാല ഹൃദയസ്തംഭനം, ശ്വാസതടസ്സം തുടങ്ങിയവയക്ക് ഇത് വഴി വെയ്ക്കുന്നു.
പ്ലാസ്റ്റിക് മലിനീകരണം കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ ലോകമെമ്പാടും വർധിക്കുമ്പോൾ, ഇതിനെതിരെയുള്ള രാഷ്ട്രീയ പ്രതികരണങ്ങളിൽ വിട്ടുവീഴ്ചകൾ പ്രകടമാണ്. ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ, വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ എന്നിവ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി നയങ്ങളും നിയമങ്ങളും രൂപീകരിച്ചെങ്കിലും ഫോസിൽ ഇന്ധന വ്യവസായത്തിന്റെയും പ്ലാസ്റ്റിക് ഉൽപാദകരുടെയും ലോബികളുടെ ഇടപെടൽ മൂലം ഇവ പലപ്പോഴും ഫലപ്രദമാകുന്നില്ല. ഉദാഹരണത്തിന്, സിംഗിൾ- യൂസ് പ്ലാസ്റ്റിക് നിരോധനം പല രാജ്യങ്ങളിലും നടപ്പാക്കിയിട്ടുണ്ടെങ്കിലും പ്രായോഗികമായി കർശനമായി അത് നടപ്പാക്കപ്പെടുന്നില്ല. പ്ലാസ്റ്റിക് ഉൽപാദനം 2040-ഓടെ ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത് (Ellen MacArthur Foundation, 2016). ഇത് വ്യക്തമാക്കുന്നത്, പ്ലാസ്റ്റിക് രാഷ്ട്രീയം ഇപ്പോഴും ഉപഭോക്താവിന്റെ ഇടപെടലുകളെ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ്, ഇതിന്റെ മറുപുറം ഉൽപാദനത്തിനെയും വിതരണത്തിനെയും കുറിച്ചുള്ള അടിസ്ഥാന പ്രശ്നങ്ങൾ മൂടിവെയ്ക്കപ്പെടുന്നു എന്നതാണ്.

ദരിദ്രർ മലിനീകരണത്തിന്റെ ഇരകൾ
പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിലെ അപാകതകൾ സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദരിദ്രരായ ജനവിഭാഗങ്ങളെയാണ് ഗുരുതരമായി ബാധിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിലും ഈ ദരിദ്രമനുഷ്യർ തന്നെയാണ് ഇടപെടുന്നത്. ഇവർ വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് പ്ലാസ്റ്റിക് ശേഖരണം, വേർതിരിക്കൽ, കത്തിക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്നത്. ഇത് കാരണം DEHP പോലുള്ള ഫ്ഥാലേറ്റുകൾ, ഡയോക്സിനുകൾ, ഫുരാൻസ് വിഷവാതകങ്ങൾ എന്നിവ ശ്വസിക്കേണ്ടി വരുന്നു. UNEP (2023) റിപ്പോർട്ട് വ്യക്തമാക്കുന്നത് പോലെ, ഇവർക്ക് ഉയർന്ന തോതിലുള്ള ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രജനനപ്രശ്നങ്ങൾ തുടങ്ങീ കാൻസർ പോലും ഉണ്ടാവുന്നു. ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കേണ്ടിവരുന്നതും ഇവരിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നു. സാമൂഹികവ്യവസ്ഥയുടെ താഴ്നിലയിൽ നിലകൊള്ളുന്നതിനാൽ ഇവർക്ക് ആരോഗ്യപരിശോധനയും ചികിത്സയും കൃത്യമായി ലഭിക്കുന്നുമില്ല. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭീകരത ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് ഈ ജനവിഭാഗങ്ങളാണ്.
പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ഉണ്ടാവുന്ന വിഷവാതകങ്ങൾ അന്തരീക്ഷ വായുമലിനീകരണത്തിന് വലിയ തോതിൽ കാരണമാവുന്നു. ജനസാന്ദ്രത കൂടുതലും വായുസഞ്ചാരം കുറവുമുള്ള ചേരികളിൽ ഇതുവഴി പ്രതിസന്ധി വർധിക്കുന്നു.
2019-ലെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള Our World in Data (Meijer et al., 2021) പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച്, ഗ്ലോബൽ സൗത്ത് മേഖലയിൽ പെട്ട ഇന്ത്യ, മ്യാൻമർ, ബ്രസീൽ, ഗാംബിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങൾ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിൽ ഏറ്റവും പിന്നിലാണ്. താഴ്ന്ന വരുമാനമുള്ള, സാമൂഹ്യമായി ഏറെ പുറകിൽ നിൽക്കുന്ന രാജ്യങ്ങളാണ് ഗ്ലോബൽ സൗത്തിൽ ഉൾപ്പെടുന്നത്. ഈ രാജ്യങ്ങളിൽ നഗരവൽക്കരണം വളരെ വേഗത്തിലും പ്രാധാന്യത്തോടെയും നടന്നിട്ടുണ്ട് എന്നാണ് പഠനനങ്ങൾ സൂചിപ്പിക്കുന്നത്. 2021-ലെ കണക്കനുസരിച്ച്, ആഗോള ജനസംഖ്യയുടെ ഏകദേശം 56% പേർ നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. 2000-ൽ ഉണ്ടായിരുന്ന 47 ശതമാനത്തിൽ നിന്ന് ഇവിടെ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. സംഘർഷം, കാലാവസ്ഥാ സമ്മർദ്ദങ്ങൾ, സാമ്പത്തിക അവസരങ്ങൾ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളാൽ നയിക്കപ്പെട്ടിരുന്ന ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള ത്വരിതഗതിയിലുള്ള കുടിയേറ്റത്തെയാണ് ഈ പ്രവണത പ്രതിഫലിപ്പിക്കുന്നതെന്നും വ്യക്തം. തൽഫലമായുണ്ടായ ഉപഭോഗസംസ്കാരവും പ്ലാസ്റ്റിക് മാലിന്യ മാനേജ്മെന്റിന്റെ അഭാവവും ചേരികളിൽ താമസിക്കുന്ന അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്നതും ഇതിന്റെ മറ്റൊരു വശമാണ്.

ദരിദ്ര നഗര സമൂഹങ്ങൾക്ക് പലപ്പോഴും സംഘടിത മാലിന്യ ശേഖരണവും ശരിയായ മാലിന്യ നിർമാർജന അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നില്ല. തത്ഫലമായി മാലിന്യ സംസ്കരണത്തിന് ചെലവ് കുറഞ്ഞതും എളുപ്പത്തിലുള്ളതുമായ മാർഗമെന്ന നിലയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിലേക്ക് ആളുകൾ തിരിയുകയാണുണ്ടാകുന്നത്. ഭാരം കുറഞ്ഞതും, പെട്ടെന്ന് കൊണ്ടുപോകാവുന്നതും നനഞ്ഞാലും എളുപ്പത്തിൽ സംഭരിക്കാവുന്നതും കാരണം ഇത്തരത്തിൽ ശാസ്ത്രീയമല്ലാതെ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥിതി വരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇത്തരം അപകടകരമായ രീതികളെ ആശ്രയിക്കാൻ ജനവിഭാഗത്തെ കൂടുതൽ നിർബന്ധിതരാക്കുകയും ചെയ്യുന്നു. ദാരിദ്ര്യത്തിൽ കഴിയുന്ന മനുഷ്യർ പാരിസ്ഥിതിക പരിഗണനകളേക്കളേറെ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ വിശപ്പ്, ഭക്ഷണം, പാചകം തുടങ്ങിയവയ്ക്ക് മുൻഗണന നൽകുന്നു. ഔപചാരിക ഊർജ്ജ സ്രോതസ്സുകൾ ലഭ്യമാവാത്ത ഇവർക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യം ഉണ്ടാവുന്നു.
ശാസ്ത്രീയമായ മാലിന്യ സംസ്കരണ സേവനങ്ങളുടെ അഭാവവും ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജ സ്രോതസ്സുകളുടെ പരിമിതിയും ഗ്ലോബൽ സൗത്തിലെ നഗരങ്ങളിലെ ഏറ്റവും ദുർബലരായ, പാർശ്വവൽക്കരിക്കപ്പെട്ടവരാണ് ഇന്ന് ഭക്ഷണം പാകം ചെയ്യാനും മറ്റ് ഊർജ്ജ ആവശ്യങ്ങൾക്കുമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിലേക്കു തിരിയുന്നത്. ഇത് മരണകാരണങ്ങളിലേയ്ക്ക് വായു മലിനീകരണത്തിന്റെ പങ്ക് (Our World in Data, 2024) വർധിപ്പിക്കുന്നു. ഈ പ്രവണത ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ്. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ഉണ്ടാവുന്ന വിഷവാതകങ്ങൾ അന്തരീക്ഷ വായുമലിനീകരണത്തിന് വലിയ തോതിൽ കാരണമാവുന്നു. ജനസാന്ദ്രത കൂടുതലും വായുസഞ്ചാരം കുറവുമുള്ള ചേരികളിൽ ഇതുവഴി പ്രതിസന്ധി വർധിക്കുന്നു. ഗർഭിണികൾക്കും ശ്വസന സംബന്ധമായ വൈകല്യങ്ങളുള്ള വ്യക്തികൾക്കും അവരുടെ ചലനപരിധി കുറവായതിനാൽ, ഈ എമിഷനുകൾ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു എന്നതാണ് (Bharadwaj et al. 2025) പഠനം വ്യക്തമാക്കുന്നത്.
എവിടെ ഡാറ്റ?
പ്ലാസ്റ്റിക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ആശങ്കകളിലൊന്ന് വിഷവാതകങ്ങൾ പുറത്തുവിടുന്നതാണ്. ഫ്യൂറാൻ, മെർക്കുറി, പോളിക്ലോറിനേറ്റഡ് ബൈഫെനൈലുകൾ, മറ്റ് വിഷ സംയുക്തങ്ങൾ തുടങ്ങിയ അപകടകരമായ വസ്തുക്കൾ പ്ലാസ്റ്റിക് മാലിന്യത്തിൽ അടങ്ങിയിരിക്കുന്നു. കത്തിക്കുമ്പോൾ ഈ രാസവസ്തുക്കൾ വായുവിലേക്കും മണ്ണിലേക്കും സമീപത്തുള്ള ഭക്ഷ്യ സ്രോതസ്സുകളിലേക്കും പുറന്തള്ളപ്പെടുന്നു. ഇത് ചുറ്റുമുള്ളവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സ്ത്രീകളും കുട്ടികളും ഈ മലിനീകരണത്തിന് കൂടുതലായി ഇരയാവുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഇത് ഗുരുതരമായി പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്രയൊക്കെ ഭയാനകമായ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടും ഈ വിഷയം പരിഹരിക്കാൻ വേണ്ടത്ര ഗൗരവത്തോടെയുള്ള ഇടപെടൽ ഉണ്ടാവുന്നില്ല. ഇതിന്റെ പരിണിതഫലങ്ങൾ യഥാർത്ഥത്തിൽ എത്ര വ്യാപകമാണെന്നും അതിന്റെ വ്യാപനത്തെ ഏറ്റവും സ്വാധീനിക്കുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങൾ ഏതൊക്കെയാണെന്നും നിർണ്ണയിക്കാൻ വ്യവസ്ഥാപിതമായ ഗവേഷണം ആവശ്യമാണ്. ഈ ഡാറ്റയില്ലാതെ, ഫലപ്രദമായ ഇടപെടലുകൾ രൂപകൽപ്പന ചെയ്യാൻ കഴിയില്ല. നഗരങ്ങളുടെ പരിസരത്ത് ചേരികളിലും മറ്റുമായി കഴിയുന്ന ജനത നേരിടുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക യാഥാർത്ഥ്യങ്ങൾ പരിഗണിക്കുന്ന കൂടുതൽ സമഗ്രമായ ഒരു സമീപനം ആവശ്യമാണ്.
വായുമലിനീകരണം കാരണമുള്ള ആരോഗ്യ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും അരികുവൽക്കരിക്കപ്പെട്ടവരെ പരിസ്ഥിതി മലിനീകരണം കാരണമുണ്ടാവുന്ന പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനും ഇടപെടലുകൾ ആവശ്യമാണ്. നമ്മുടെ സാമൂഹിക നീതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായുള്ള പൗരബാധ്യതയാണ് ഇതെന്ന് തിരിച്ചറിയേണ്ട സമയമാണിത്.

▮
Reference
• United Nations Environment Programme. (2023). Chemicals in Plastics: A Technical Report.
• Nielsen, T. D., Hasselbalch, J., Holmberg, K., & Stripple, J. (2020). Politics and the plastic crisis: A review throughout the plastic life cycle. WIREs Energy and Environment, 9(1), e360. https://doi.org/10.1002/wene.360
• Bharadwaj, B., Gates, T., Borthakur, M., Rose, S., Oranu, C. O., Allison, A. L., Bohlmann, J., Dhungana, P., Darcy, E., et al. (2025). The use of plastic as a household fuel among the urban poor in the Global South. Nature Cities, 2, 283–289. https://doi.org/10.1038/s44284-025-00201-5
• Meijer, L. J. J., van Emmerik, T., van der Ent, R., Schmidt, C., & Lebreton, L. (2021). Mismanaged plastic waste per capita, 2019 . Our World in Data. https://ourworldindata.org/plastic-pollution
• Ritchie, H., Roser, M., & Rosado, P. (2019). Number of deaths by risk factor, 2019 Our World in Data. https://ourworldindata.org/what-do-we-die-from
