Photo: Sujeesh Puthanveetil

വയനാട്ടിലെ വ്യാജ കടുവാ തിയറികളും ആനക്കണക്കും; ചില വാസ്തവങ്ങൾ

വനാതിർത്തികളെ നിരന്തര സംഘർഷഭൂമിയാക്കാൻ ബോധപൂർവം നടത്തുന്ന ചില ഇടപെടലുകളെ തുറന്നുകാട്ടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണിത്. വനവിസ്തൃതി, വന്യജീവികളുടെ എണ്ണം എന്നിവയുടെ വ്യാജ കണക്കുകൾ നിരത്തി മാധ്യമങ്ങളെയടക്കം തെറ്റിധരിപ്പിക്കുന്ന ബോധപൂർവ ശ്രമങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജനാധിപത്യപരമായ പ്രവർത്തനങ്ങളെ പോലും തടസപ്പെടുത്തുന്നതായി ഫോട്ടോ ജേണലിസ്റ്റ് പ്രസൂൺ കിരൺ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കേരളത്തിന്റെ വനവിസ്തൃതി വർധിച്ചുവെന്നും, വന്യജീവികൾ പെരുകിയെന്നുമുള്ള വ്യാജ പ്രചാരണങ്ങൾ ആരംഭിച്ചിട്ട് ഏതാനും വർഷങ്ങളായി. മുൻപ് ഏതാനും വ്യക്തികളാണ് അത്തരം വ്യാജ നിർമിതികളുമായി വന്നതെങ്കിൽ ഇന്ന്, ഏതാനും സംഘടനകളാണ് അത്തരം പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ‘കിഫ’യെന്ന ഗ്രൂപ്പ് ചാനലുകളിൽ നടത്തുന്ന ചർച്ചകളും, മുഖ്യധാരാ പത്രങ്ങളിൽ യാതൊരു ഫാക്ട് ചെക്കിങ്ങും ഇല്ലാതെ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന ദിനടെക്സ്റ്റുകളും ഇക്കൂട്ടത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. പരസ്പര ബന്ധമില്ലാതെ തെറ്റിദ്ധാരണ പരത്തുംവിധം കണക്കുകൾ ആത്മവിശ്വാസത്തോടെ പൊതുസമൂഹത്തോട് അവതരിപ്പിക്കുക എന്നതാണ് ഇക്കൂട്ടരുടെ ശൈലി. ഒറ്റ കേൾവിയിൽ ശരിയെന്ന് തോന്നുന്നവ സൂക്ഷിച്ചു വായിക്കുമ്പോഴാണ് ശരിയായ വസ്തുതകൾ തിരിച്ചറിയപ്പെടുക. കിഫയുടെ നേതാവായ അലക്സ് എന്നയാൾ ഒരു ചർച്ചയിൽ പറയുന്നത് ഇപ്രകാരമാണ്: "നമുക്ക് കണക്കിന്റെ കാര്യത്തിലേക്ക് വരാം. വയനാട് വന്യജീവി സങ്കേതം 344 sq. കി.മീറ്ററാണ്. ഒരു കടുവയ്ക്ക് ശരാശരി 20 sq. കി. മീറ്റർ വേണമെന്നാണ് കണക്ക്. 2021 ലെ കണക്ക് പ്രകാരം 154 കടുവകളെയാണ് വയനാട് വന്യജീവി സങ്കേതത്തിൽ, കേരളത്തിന്റെ സൈഡിൽ മാത്രം ഐഡന്റിഫൈ ചെയ്തിരിക്കുന്നത്. ഒരു കടുവയ്ക്ക് 20 ച. കി. മീ വച്ച് കൂട്ടിക്കഴിഞ്ഞാൽ 344 ച. കി. മി. ഉള്ള വയനാട് വയനാട് വന്യ ജീവി സങ്കേതത്തിൽ 20-22 കടുവകളേ പറ്റുള്ളൂ. / എന്ന് മാത്രമല്ല കടുവ ഒരു ടെറിട്ടോറിയൽ ജീവിയാണ്. അതിനാൽ ഒരു കടുവ ഉള്ള സ്ഥലത്ത് മറ്റൊരു കടുവ പോകില്ല’’.

വാസ്തവത്തിൽ, NTCA (National Tiger Conservation Authority) യുടെ ജൂലൈ 2023 ലെ റിപ്പോർട്ട് പ്രകാരം വയനാട് ലാൻഡ്സ്കേപ്പിൽ ആകെയുള്ളത് 80+5 കടുവകളാണ്. വായുവിൽ നിന്നും കടുവാക്കണക്ക് പറയുന്നവർ ആ റിപ്പോർട്ട് കൂടി നോക്കണം. മാത്രമല്ല, വയനാട് ലാൻഡ്സ്കേപ്പ് എന്നത് നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ ഒരു ഭാഗം മാത്രമാണ്. അതായത് ബ്രഹ്മഗിരി-നീലഗിരി ഈസ്റ്റൺഗട്ട്സിലെ 3,300 sq.km ന്റെ ഒരു ഭാഗം. ഇനി, അലക്സിന്റെ വാദം പ്രകാരമാണെങ്കിലും വയനാട്ടിൽ 100 കിലോമീറ്ററിലധികം കർണ്ണാടകയുമായി വനാതിർത്തി പങ്കിടുന്നുണ്ട് നമ്മുടെ സംസ്ഥാനം. അതിനാൽ തന്നെ ബോർഡർ ടെറിട്ടറിയായുള്ള വയനാട് റേഞ്ചിൽ കാണപ്പെടുന്ന കടുവകൾ മുഴുവൻ ഇവിടെയുള്ളതാണെന്ന് വകുപ്പിന് പോലും പറയുവാൻ സാധ്യമല്ല. ഏറ്റവും സുപ്രധാനമായ മറ്റൊരു കാര്യം, 2018ൽ വയനാട് ലാൻഡ്സ്‌കേപ്പിൽ കടുവകളുടെ പോപ്പുലേഷൻ ഡെൻസിറ്റി എന്നത് 100 sq. Km / 9.33 കടുവകൾ ആയിരുന്നു. എന്നാൽ 2023 ൽ അത് 7.70 ആയി ചുരുങ്ങുകയാണ് ചെയ്തത്.

വ്യത്യസ്തങ്ങളായ സെൻസസ് വിദ്യകൾ പരിശോധിച്ച ശേഷമാണ് കടുവകളുടെ കണക്കെടുപ്പിനായി, ലഭ്യമായതിൽ ഏറ്റവും സൂക്ഷ്മ മാർഗമായ Capture Recapture Methodology യിലേക്ക് സംസ്ഥാന വനംവകുപ്പ് വന്നെത്തുന്നത്. കേരളത്തിലെ ആദ്യത്തെ ക്യാമറാ ട്രാപ്പ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെടുന്നത് 2005 ലാണ്. ശേഷം, 2016-17 കാലത്ത് 2000 ക്യാമറകൾ സംസ്ഥാന വനംവകുപ്പ് വാങ്ങിച്ചു. കേരളത്തെ എട്ട് ലാൻഡ്സ്‌കേപ്പുകളാക്കി തിരിച്ചാണ് ഈ കണക്കെടുപ്പ് നടത്തുന്നത്. ഓരോ ലാൻഡ്സ്‌കേപ്പുകളെയും 4 sq.km വീതമുള്ള ചെറു ഗ്രിഡുകൾ ആക്കി തിരിച്ച് ഓരോ ഗ്രിഡിലും, നിശ്ചിത അകലത്തിൽ രണ്ട് ക്യാമറകൾ വീതം സ്ഥാപിക്കും. അതായത്, ഒരു കടുവയുടെ തന്നെ രണ്ട് വശങ്ങൾ ഒരേ സമയം കാപ്ചർ ചെയ്യും. ദേഹത്തെ വരകൾ യുനീക് ആയതിനാൽ ഇൻഡിവിജ്വൽസിനെ തിരിച്ചറിയുക എളുപ്പവുമാണ്. ദിവസങ്ങൾക്കുള്ളിൽ ഒരേ സ്ഥലത്ത് നിന്നും ഒരേ കടുവയുടെ ചിത്രങ്ങൾ വീണ്ടും വീണ്ടും പതിയുമ്പോൾ, ആ മേഖല ആ കടുവയുടെ നിശ്ചിത ടെറിട്ടറി ആണെന്ന് ഉറപ്പിക്കാനുമാകും. അല്ലാത്തവ പ്രാദേശിക സഞ്ചാരത്തിന്റെ ഭാഗമായി ഒരിക്കൽ മാത്രം കടന്നുപോയതായും മനസിലാക്കാനാവും. 30-45 ദിവസങ്ങൾ വരെയാണ് ഒരിടത്ത് ഇതുപോലെ ക്യാമറ നിലനിർത്തുന്നത്.

വയനാട് നോർത്തും, വയനാട് സൗത്തും, ആറളവും, കൊട്ടിയൂരും ഉൾപ്പെടുന്ന 1138 sq. km വരുന്ന വിശാലമായ വയനാട് ലാൻഡ്സ്‌കേപ്പ് എന്ന് സ്‌പെസിഫിക്കായി പറയാതെ, 344sq.km ഉള്ള വയനാട് വന്യജീവി സങ്കേതത്തിലെ 154 കടുവകൾ എന്ന് എളുപ്പം പറഞ്ഞുപോകുകയായിരുന്നു കിഫ. മാത്രവുമല്ല, ആ വ്യാജവാദത്തെ സ്ഥാപിക്കുവാൻ അവർ കാണിച്ചിരിക്കുന്ന ചിത്രങ്ങൾ ആവട്ടെ വയനാട് ലാൻഡ് സ്‌കേപ്പിലെയും. എന്തുകൊണ്ടാണ് വയനാട് വന്യജീവി സങ്കേതവും, വയനാട് ലാൻഡ്സ്‌കേപ്പും. തമ്മിൽ എണ്ണൂറോളം sq. km വ്യത്യാസം ഉണ്ടെന്ന് കിഫ പറയാത്തത്. ഏറ്റവും ലേറ്റസ്റ്റ് ആയ 2023 ലെ NTCA റിപ്പോർട്ടിനെക്കുറിച്ച് പറയാതെ വീണ്ടും ആറ് വർഷങ്ങൾക്ക് മുൻപുള്ള 2018 ലെ ഔട്ട് ഡേറ്റഡ് റിപ്പോർട്ട് എടുത്ത് വൻപ്രാധാന്യത്തോടെ പ്രചരിപ്പിച്ച് ആളുകളെ വീണ്ടും പരിഹാസ്യരാക്കേണ്ടി വരുന്ന കിഫയുടെ ദുർബുദ്ധിക്ക് സമാനതകളില്ല. ഇനി, അവർ പറഞ്ഞുകൊണ്ടിരിക്കുന്ന 2023 ലെ റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്: “Kerala shares a substantial tiger population with Karnataka (Nagarahole-Bandipur landscape) and Tamil Nadu (Nilgiri landscape, Anamalai landscape, SMTR landscape). The tiger populations in Kerala also overlap with those in neighboring states. Although Wayanad still holds the largest tiger population in the state, there has been a significant decline in tiger numbers compared to 2018 (2018 – 120 unique tiger, 2022 – 80 unique tiger), which is a concerning trend that needs immediate attention and assessment by the state forest department’’.

Photo: Madhu Gopalakrishnan

കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോളെ, ലാൻഡ്സ്‌കേപ്പുമായി അതിർത്തി പങ്കിടുന്നതിനാൽ കേരളത്തിലെ കടുവകളുടെ എണ്ണം എല്ലായ്പോഴും അതിർത്തി സംസ്ഥാനങ്ങളുമായി ഇഴചേർന്നുകിടക്കും. കേരളത്തിലെ ഏറ്റവും കൂടുതൽ കടുവകളുള്ള വനമായി വയനാട് മാറുന്നതിനും ഇത് കാരണമാണ്. എന്നാൽ 2018 ലെ കണക്ക് പ്രകാരം 120 യുനീക് കടുവകൾ ഉണ്ടായിരുന്ന വയനാട് ലാൻഡ്സ്കേപ്പിൽ 2022 ആയപ്പോഴേക്കും 80 യുനീക് കടുവകളായി അത് കുറഞ്ഞു. അതിനാൽ തന്നെ സംസ്ഥാന വനംവകുപ്പിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ട് എന്നും റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിരിക്കുന്നു.

കിഫ ആവർത്തിച്ച് വായിക്കേണ്ട റിപ്പോർട്ടിലെ ഈ ഭാഗം പോസ്റ്റിന്റെ കൂടെ സ്ക്രീൻഷോട്ടായി നൽകിയിട്ടുണ്ട്. ഇത്ര സ്‌പെസിഫിക്കായി "there has been a significant decline in tiger numbers compared to 2018 (2018 – 120 unique tiger, 2022 – 80 unique tiger)" എന്നെഴുതി വച്ചിട്ടും കിഫ 2018 ലെ 120 എന്നതിനെ 34 എണ്ണം കൂട്ടി 154 ആക്കി കബളിപ്പിക്കുകയാണ് ചെയ്തത്. 1900- കളിൽ രാജ്യത്തുണ്ടായ ഒരു ലക്ഷത്തോളം കടുവകളിൽ നിന്നും ഇന്നിലേക്കെത്തുമ്പോൾ ചരിത്രപരവും പാരിസ്ഥിതികവുമായ പശ്ചാത്തലം ഓർക്കാതെ 2018 ലെ 154 എന്ന് പറയാൻ എടുക്കുന്ന വ്യഗ്രതയെ മാനിക്കുകയാണ്. ഈ പറഞ്ഞ വിവരങ്ങൾ ഒന്നും കിഫയ്ക്ക് അറിയാഞ്ഞിട്ടല്ല ഇത്തരത്തിൽ വേണ്ടത് മാത്രം എടുത്ത് പ്രചരിപ്പിക്കുന്നത്. എന്ത് / എവിടെ / എങ്ങനെ പ്ലേസ് ചെയ്യണമെന്നതിൽ ഏറ്റവും പ്രൊഫഷണലായ രീതികളും നിരീക്ഷണങ്ങളും അവർക്ക് സംഘടനാപരമായുണ്ട്. ഏഴായിരത്തിത്തോളം മാത്രം വരുന്ന വനംവകുപ്പ് ജീവനക്കാർ സംസ്ഥാനത്തെ വനങ്ങളിലും, വനാതിർത്തികളിലും തലങ്ങും വിലങ്ങും ഓടിനടന്ന് വനസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഒരൊറ്റ ഫേസ് ബുക്ക് ലൈവ് കൊണ്ട് അതിനെയെല്ലാം അപ്പാടെ താറടിക്കാൻ സാധിക്കുന്നതും, ജനാധിപത്യ ഭരണവ്യവസ്ഥയെ പച്ചയായി പൊതുമദ്ധ്യേ അപമാനിക്കാനും കഴിയുന്നത് അതുകൊണ്ടാണ്.

കടുവയുടെ എണ്ണവുമായി ബന്ധപ്പെട്ട് കേരള വനംവകുപ്പ് പുറത്തുവിട്ട കണക്കുകള്‍

സമീപനാളുകളിൽ വായിച്ച ചില വയനാടൻ കടുവാ കണക്കുകൾ ഇപ്രകാരമാണ്:
ഡൂൾ ന്യൂസ്‌ - 120.
ഒ. കെ. ജോണി: 240.
മലയാള മനോരമ: 120
മാതൃഭൂമി: 140
കിഫ: 154.
എത്ര ലാഘവത്തോടെയാണ് കടുവാ കണക്കുകൾ അവതരിപ്പിക്കപ്പെടുന്നതെന്ന് നോക്കുക. സംസ്ഥാന വനംവകുപ്പ് 84 എണ്ണമെന്നും, NTCA ( National Tiger Conservation Authority ) 80+5 എണ്ണമെന്നുമുള്ള ആധികാരികമായ കണക്ക് കാണിക്കുമ്പോഴാണ് സീനിയർ മാധ്യമപ്രവർത്തകൻ പോലും 240 എന്ന് എഴുതിവിടുന്നത്. ഒന്നുകൂടി പറഞ്ഞാൽ ജനസംഖ്യ 140 കോടിയിലെത്തി നിൽക്കുന്ന രാജ്യത്ത് ബാക്കിയിരിപ്പുള്ള മൂവായിരം കടുവകളിലാണ് ഈ മുഴുവൻ ചർച്ചകൾ എന്നോർക്കണം.

കടുവകളുടെ സഞ്ചാരം പുതിയ ടെറിട്ടറിയും, മേറ്റിങ്ങും തേടിയുള്ളതാണ്. ബോർഡർ ടെറിറ്ററി ആയുള്ള കടുവകളുടെ എണ്ണം 100 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്ന വയനാടിന്റെ കാര്യത്തിൽ കൃത്യതയുള്ളതാവില്ല. കാരണം, മേറ്റിംഗ് പിരീഡിൽ മാത്രമാണ് കടുവകൾ സ്‌ട്രിക്ട്ലി ഹോം റേഞ്ച് കീപ്പ് ചെയ്യുന്നത്. അല്ലാത്ത കാലത്തെല്ലാം തന്നെ ഹോം റേഞ്ച് ഓവർലാപ്പ് ചെയ്തുകൊണ്ടേയിരിക്കും. അതിനാൽ തന്നെ ഒരു കടുവയ്ക്ക് 20 sq.km വനം വേണമെന്നത് വെറും സ്റ്റാറ്റിസ്റ്റിക്കലായുള്ള കാൽക്കുലേഷൻ മാത്രവുമാണ്. ഇനി, എന്താണ് ഓവർലാപ്പിങ് ഹോം റേഞ്ച് എന്നത് കിഫയുടെ റിസർച്ച് ആൻഡ് അനാലിസിസ് ടീം മനസിലാക്കുമായിരിക്കും. മാത്രമല്ല, വയനാട് ലാൻഡ്സ്‌കേപ്പിന്റെ വിസ്തീർണ്ണം 1138sq.km ഉണ്ടെങ്കിൽ കിഫ പറയുന്ന കണക്ക് പ്രകാരം വയനാട് ലാൻഡ്സ്‌കേപ്പിൽ കടുവകളുടെ ഡെൻസിറ്റി പെർഫെക്ട്ലി സ്റ്റേബിൾ ആണ്. അല്ല എങ്കിൽ വയനാട് ലാൻഡ്സ്‌കേപ്പിന്റെ വിസ്തീർണ്ണത്തേയും, 2023 ലെ ഏറ്റവും പുതിയ റിപ്പോർട്ടിലെ 80+5 എന്ന എണ്ണത്തെയും ആകെ വിസ്തീർണ്ണം വച്ച് കിഫ ചലഞ്ച് ചെയ്യട്ടെ.

ഇനി, ആനകളുടെ എണ്ണത്തെ ചർച്ചയിൽ അലക്സ് പറയുന്നത് ഇപ്രകാരമാണ്: ‘‘1993ലെ സെൻസസ് പ്രകാരം 4300 ആനകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. 2014 ൽ അത് 7400 ആയി. 2017 ൽ 5700 ആണ് കണക്ക്. 'ഞങ്ങൾ കിഫ' വന്നതിന് ശേഷം എണ്ണം കൂടുതലാണെന്ന് ഡാറ്റ വച്ച് സംസാരിക്കുമ്പോൾ വനംവകുപ്പിന് ഉത്തരമില്ലാതായി. എണ്ണം കുറവ് ആണെന്ന് പറയുമ്പോൾ വനം മന്ത്രിപറഞ്ഞത് ആനകൾ കർണ്ണാടകയിലേക്ക് പോയി എന്നാണ്. ഇന്ത്യ മൊത്തം ഒറ്റ ദിവസം തന്നെ ആന സെൻസസ് നടത്തിയാലേ ആനകളുടെ കണക്ക് കൃത്യമായി കിട്ടൂ’’.
അലക്സ് തുടരുന്നു: ‘‘ഇന്ത്യയിൽ മൊത്തം 30,000 ആനകളുണ്ട്. അതിന്റെ 15,000 എണ്ണവും കേരള കർണ്ണാടക തമിഴ് നാട് ലാൻഡ് സ്കേപ്പിലാണ്. കേരളം 6000, കർണ്ണാടക 6,000 തമിഴ്നാട് 3000 എന്നിങ്ങനെയാണത്’’.

ആ എണ്ണത്തിന്റെ ആധികാരികത അവിടെ നിക്കട്ടെ. അദ്ദേഹം പറഞ്ഞതുപോലെ ഇന്ത്യ ഒട്ടുക്കും ഒരേ ദിവസം സെൻസസ് നടത്തേണ്ട ആവശ്യമില്ല. പൂർണ്ണമായും കണക്റ്റഡ് ആയിക്കിടക്കുന്ന വനവ്യവഹാര മേഖലകളിൽ ആണ് അത് സാധ്യമാക്കേണ്ടത്. അതിനാൽ തന്നെയാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും ഒരേ സമയം കണക്കെടുപ്പ് നടക്കുന്നതും. അപ്പൊഴും, മേല്പറഞ്ഞ കണക്കുകൾ നിലനിൽക്കില്ല. കണക്കെടുപ്പ് നടക്കുന്ന വേനൽ മാസങ്ങളിൽ (MIKE / May 17-19) ഏറ്റവും കൂടുതൽ ആനകൾ വയനാട് ഭാഗത്തേക്ക് ജലം തേടി വരുന്നതിനാൽ, കർണ്ണാടകയിൽ നിന്നും ഇവിടെ താത്കാലികമായി കേന്ദ്രീകരിക്കുന്ന ആനകൾ എല്ലാം നമ്മുടെ കണക്കുകളിലാണ് വരിക. സീസണൽ ആയുള്ള പഠനങ്ങളിൽ ഇക്കാര്യം കൃത്യമായി ബോധ്യപ്പെടും. ബെലൂർ മഖ്നയുടെ സഞ്ചാരവേഗത നോക്കിയാൽ ഈ സഞ്ചാരശൈലി കൂടുതൽ മനസിലാകും. അതായത് കർണ്ണാടക പ്രദേശത്തെ ആനകൾ നമ്മുടേതായി എണ്ണപ്പെടും. അതിനാൽ വനം മന്ത്രി പറഞ്ഞത് കൃത്യമായ വസ്തുതയായിരുന്നു. അലക്സ് പറയുന്ന വായുക്കണക്കല്ല അക്കാര്യത്തിൽ മന്ത്രി പറയുന്നത്. കൃത്യമായ വകുപ്പുതല നിരീക്ഷണങ്ങളാണ്.

Photo: Shobi V D M

മലയാള മനോരമ പത്രത്തിൽ സ്പെഷ്യൽ കോളത്തിൽ അലക്സ് എഴുതിയിരിക്കുന്ന കണക്ക് ഇപ്രകാരമാണ്: ‘‘ലോകത്ത് 45,000 എണ്ണം ഏഷ്യൻ ആനകൾ ഉള്ളതിൽ 30,000 എണ്ണവും ഇന്ത്യയിലാണ്. ഇന്ത്യൻ വനങ്ങൾക്ക് ഇത്രയും ആനകളെ ഉൾക്കൊള്ളാനുള്ള ശേഷി ഇല്ല. ഇന്ത്യയിൽ ആകെ 30,000 ആനകൾ ഉള്ളതിൽ 15,000 എണ്ണവും കേരള, കർണ്ണാടക, തമിഴ്നാട് സംസ്ഥാനകളിലാണ്. ഇന്ത്യയിലെ മൊത്തം ആനകളുടെ 20% വും രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 1.2% മാത്രമുള്ള കേരളത്തിലാണ്’’.

ഇന്ത്യൻ വനങ്ങൾക്ക് ഇത്രയും ആനകളെ ഉൾക്കൊള്ളാനുള്ള ശേഷി ഇല്ലെന്ന് എന്ത് ബോധ്യത്തിന്റെ, പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹം പറയുന്നത്! ഏഷ്യൻ ആനകളിൽ 30,000 എണ്ണം ഇന്ത്യയിലാണെങ്കിലത് ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാലാണ്. ലോകത്തെ തന്നെ ഏറ്റവും സ്റ്റേബിളായ സമൃദ്ധമായ എഷ്യൻ ആനവനങ്ങൾ നമ്മുടെ രാജ്യത്താണ്. ഇനി, ഇന്ത്യയിലെ ആനകളുടെ 20% കേരളത്തിലാണെന്ന് ഉറപ്പിച്ച് പറയണമെങ്കിൽ കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിർത്തി പങ്കിടാതിരിക്കണം. എല്ലാ വനാതിർത്തികളും മതില് കെട്ടിയടക്കണം. സമാനമായി രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 1.2% മാത്രമുള്ള കേരളത്തിലാണ് കൂടുതൽ ഡെൻസിറ്റി എന്നുപറയണമെങ്കിൽ ഇന്ത്യയിലെ സകല സംസ്ഥാനങ്ങളിലും ആനകൾ ഉണ്ടായിരിക്കുകയും വേണം.

പ്രധാനമായും നാല് സോണുകളിലായാണ് കേരളം കൂടി ഭാഗമായ അതിവിസ്തൃതമായ വനമേഖല നിലനിൽക്കുന്നത്. ബ്രഹ്മഗിരി-നീലഗിരി ഈസ്റ്റൺ ഗട്ട്സിലെ 3,300 sq.km, പെരിയാർ- അഗസ്ത്യമല ലാൻഡ്സ്‌കേപ്പിലെ 5,600 sq.km, നിലമ്പൂർ-സൈലന്റ് വാലി- കോയമ്പത്തൂർ 2300 sq.km, ആനമലൈ-പറമ്പിക്കുളം 5500 sq.km, ഒപ്പം മൂന്നാർ ഇടുക്കി മേഖലയിലെ 300sq km.
ഇത്രയും വിസ്തൃതമായ വനമേഖലയിലെ ആനകളാണ് യഥാർത്ഥത്തിൽ അലക്സ് പറയുന്ന മൂന്ന് സംസ്ഥാനത്തിലെ 15,000 ആനകൾ എന്നത്. ഒരു sq. Km ൽ കാണപ്പെടുന്ന ആനക്കൂട്ടത്തിൽ തന്നെ 55/60 ആനകൾ വരെ ഉണ്ടാകാറുണ്ട് എന്നുകൂടി തിരിച്ചറിയുമ്പോൾ, കിലോമീറ്റർ അനുസരിച്ചുള്ള ഡെൻസിറ്റി കാൽക്കുലേഷനിൽ കൂടുതൽ വ്യക്തത വരും. മാങ്കുളത്തെ ആനക്കൂട്ടത്തെ ഓർക്കുക. ഓരോ ജീവനുകൾക്കും ഉചിതമായ പശ്ചാത്തലമാണ് പ്രധാനം. എന്നിട്ടും എത്ര അലസമായാണ് ഇവയെ KL / TN രജിഷ്ട്രേഷൻ ആനകളെന്ന് വിശേഷിപ്പിക്കുന്നത്! ഇനി പലരും ബ്ലൈന്റായി ആവശ്യപ്പെടുന്നത് പോലെ കേരളത്തിന്റെ വനാതിർത്തികളെ മുഴുവൻ വേലികെട്ടി നിർത്തണമെങ്കിൽ, അരുവികളും, പുഴകളും, ഗ്രാമങ്ങളും, വയലുകളും, ചതുപ്പുകളും, റോഡുകളും,കൈയ്യേറ്റഭൂമികളും, പ്ലാന്റേഷനുകളും എല്ലാം ചേർത്ത് ഏതാണ്ട് 15,000 കിലോമീറ്ററുകളിൽ അധികം നീളം വരും.

ദീർഘദൂര സഞ്ചാരികളായ ആനകളെ മലയാളി- തമിഴർ- കന്നടക്കാർ എന്നിങ്ങനെ ലേബൽ ചെയ്യുക സാധ്യമല്ല. ഭരണസൗകര്യത്തിനാണ് മനുഷ്യൻ സംസ്ഥാനങ്ങളായി കാടിനെ വിഭജിച്ചത്, അത് നിർഭാഗ്യവശാൽ ആനകൾക്കറിയില്ല. അവർക്കിത് ഒറ്റഭൂമിയാണ്. ഭക്ഷണം തേടി നന്നായി സഞ്ചരിക്കുന്നവരാണ് ഏഷ്യൻ ആനകൾ. ഉള്ളിടം തിന്നുമുടിക്കുക എന്നതല്ല, അധിക ലഭ്യതയിലേക്ക് നിരന്തരം സഞ്ചരിച്ചെത്തുക എന്നതാണ് അവയുടെ രീതി.

ആനകൾ വെള്ളം തേടി ദീർഘസഞ്ചാരം നടത്തുന്ന മാസങ്ങളാണിത്. Bandipur National Park, Nagarhole National Park, Muthamalai Wild life Sanctuary എന്നിവിടങ്ങളിൽ നിന്നും ഭക്ഷണവും വെള്ളവും തേടി ആനകൾ വയനാട് വന്യജീവി സങ്കേതങ്ങളിലേക്ക് എത്തിച്ചേരുന്ന സമയം. നൂറുകിലോമീറ്ററിലധികം വീതിയുണ്ട് ഈ സഞ്ചാരപാതയ്ക്ക്. വയനാടിന്റെ അതിർത്തി അവസാനിക്കുന്നതാവട്ടെ കൊട്ടിയൂരും ആറളത്തുമൊക്കെയാണ്. അതായത് മനുഷ്യ- വന്യജീവി സമ്പർക്കം ഏറ്റവും കൂടുതൽ നടക്കുന്ന മേഖലകളിൽ. രാജ്യവും സംസ്ഥാനവും ഭൂമിയിൽ മനുഷ്യർക്ക് മാത്രമാണെന്നോർക്കണം. ആനകളെ സംബന്ധിച്ച് പച്ച കാണുന്നതെല്ലാം വനസമാനമാണ്. അവരുടെ കാഴ്ചകൾ നമ്മളെപോലെ ഗൂഗിൾ എർത്ത് പോലെ ആകാശത്ത് നിന്നുള്ളതല്ല. ഏറ്റവും കൂടിയാൽ തങ്ങളുടെ കണ്ണുയരത്തിൽ നിന്നുള്ളതാണ്. മരങ്ങളും, പുഴകളും, കുന്നുകളും ചതുപ്പുകളും താഴ്വാരങ്ങളും ഭക്ഷണവസ്തുക്കളും, ഹ്യൂമൻ സെറ്റിൽമെന്റുകളുമാണ് അവയുടെ അതിരുകളും, സഞ്ചാരപഥങ്ങളും നിശ്ചയിക്കുന്നത്. അവയെ നിരന്തരം സംഘർഷ മേഖലകളിലേക്ക് നടന്നെത്തിക്കുന്ന, അവയുടെ സ്വാഭാവിക സഞ്ചാരപഥങ്ങളിലുള്ള തടസ്സങ്ങൾ മറ്റൊരു ദീർഘ വിഷയമാണ്.

പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി സാധാരണക്കാരായ മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചും, വനത്തെയും, വന്യജീവികളെയും ശത്രുപക്ഷത്ത് നിർത്തി ബലികൊടുത്തും നടത്തുന്ന ദുരൂഹശ്രമങ്ങളെ ഉചിതമായ സമയത്ത് സമൂഹം അഡ്രസ്സ് ചെയ്യേണ്ടതുണ്ട്. സാധാരണക്കാരായ കർഷകർ നേരിടുന്ന വെല്ലുവിളികൾക്കുനേരെ യുക്തിസഹമായ, സംയുക്തമായ ഇടപെടലുകൾക്ക് പകരം അക്രമോത്സുകത പടർത്തുന്ന എല്ലാ നീക്കങ്ങളെയും ചെറുക്കേണ്ടതുണ്ട്.

Comments