പ്ലാസ്റ്റിക് ചരടുകളും തുരുമ്പ് കമ്പികളുമായി നാട്ടുമാവുകളിൽ കാക്കകൾ കൂടുകൂട്ടുന്ന കാഴ്ചയ്ക്ക് ഏതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. 'കാലത്തിനൊപ്പം' എന്ന പതിവ് അടിക്കുറിപ്പോടെ ദിനപത്രങ്ങളിലെ പ്രാദേശിക പേജുകളിലെ കൗതുകക്കാഴ്ച എന്നതിനപ്പുറം ഒട്ടും നിരീക്ഷണവിധേയമാകാറില്ല ജീവസന്ധാരണത്തിനിടയിലെ ഈ പാരിസ്ഥിതിക ഗതികേടുകൾ. ഇന്നത് സർവസാധാരണമായതിനാൽ വാർത്തയാകാറുമില്ല.
പ്രകൃതിയിൽ ഏറ്റവും സ്വാഭാവികമായ ചുറ്റുപാടുകളിൽ ജീവിച്ചുപോരാൻ അർഹതപ്പെട്ട സകല ജീവിവർഗങ്ങളും വികസനജ്വരത്തിൽ വീർപ്പുമുട്ടിത്തുടങ്ങിയപ്പോൾ വലുതും ചെറുതുമായ ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ അപ്പാടെ മാറ്റിമറിക്കപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തിന്ന് വയറുവീർത്ത് അവ ചത്തുമലച്ച കാഴ്ച പതിവായിതുടങ്ങി. മാറ്റിമറിക്കപ്പെട്ട ഭൂഘടനകളിൽ അവ അലോസരപ്പെട്ട് ചിതറിത്തുടങ്ങി.
കേട്ടുപഴകുന്തോറും തീവ്രതകൂടുന്ന ആഗോളതാപനമെന്ന പ്രയോഗം തലക്കുമുകളിൽ വരുമ്പോളെങ്കിലും, ഭൂജലം വീണ്ടും വീണ്ടും കീഴേക്ക് അകന്നുകൊണ്ടിരിക്കുമ്പൊഴെങ്കിലും അതിന്റെ ഗുരുതരാവസ്ഥ നമ്മെയാകെ ചിന്തിപ്പിക്കേണ്ടതുണ്ട്.
പ്ലാസ്റ്റിക് തുണ്ടുകളിൽ കൊക്ക് തറച്ചുപോയി പട്ടിണികിടന്ന് ചത്ത കൊക്കുകളും, നൈലോൺ ചരടിൽ മുറുകി രണ്ടായി ഉടൽ വളർന്ന ആമകളും, വലക്കണ്ണികളിൽ കുരുങ്ങിയൊടുങ്ങിയ ലക്ഷക്കണക്കിന് കടൽജീവനുകളും, ഉപേക്ഷിച്ച സഞ്ചികൾ വിഴുങ്ങി ആമാശയം വീർത്തടിഞ്ഞ സസ്തനികളും, മാലിന്യക്കൂമ്പാരമായ കറുത്തപുഴയിൽ മുങ്ങാങ്കുഴിയിട്ടു നിവരുന്ന നീർക്കാക്കകളും, നാമുൾപ്പെടുന്ന ജൈവദേഹങ്ങളുടെ ഉള്ളിലൊളിഞ്ഞടിഞ്ഞ നാനോപ്ലാസ്റ്റിക്കിനുമപ്പുറത്തെ പ്രത്യക്ഷദുരന്തങ്ങളാകുമ്പോൾ ഉരുൾപൊട്ടിയും, പ്രളയജലം നിറഞ്ഞും നമ്മളൊന്നാകെ അഭയാർത്ഥികളായി മാറി.
കേരളീയ പാരിസ്ഥിതിക ഘടനയിൽ വയലിനാൽ സംസ്‌കരിക്കപ്പെടുന്ന മഴശേഖരത്തെയും, പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളുയിർപ്പിക്കുന്ന ജീവശൃംഖലയേയും, അതിന്റെ പാരിസ്ഥിതിക വിനിമയക്രമങ്ങളെയും നമ്മൾ കൃത്യമായും ഉൾച്ചേർക്കേണ്ടതുണ്ട്.
കേട്ടുപഴകുന്തോറും തീവ്രതകൂടുന്ന ആഗോളതാപനമെന്ന പ്രയോഗം തലക്കുമുകളിൽ വരുമ്പോളെങ്കിലും, ഭൂജലം വീണ്ടും വീണ്ടും കീഴേക്ക് അകന്നുകൊണ്ടിരിക്കുമ്പൊഴെങ്കിലും അതിന്റെ ഗുരുതരാവസ്ഥ നമ്മെയാകെ ചിന്തിപ്പിക്കേണ്ടതുണ്ട്.
നഗരമാലിന്യങ്ങൾ പുഴയിലേക്ക് പറന്നുവീഴും. മനുഷ്യന്റെ വിഴുപ്പ് ഭാണ്ഡങ്ങളാണെന്നറിയാത്ത പക്ഷികൾ അവയെ സ്വാഭാവിക ഇടങ്ങളിലൊന്നായി തെറ്റിദ്ധരിക്കും.
കടലിലടിഞ്ഞുകൂടിയ മാലിന്യങ്ങൾ സ്വാഭാവിക സമുദ്രജലജീവനുകളെ ഗുരുതരമായി ബാധിച്ചുതുടങ്ങിയിട്ട് കാലങ്ങളായി. കടലാമകളും വലിയ മത്സ്യങ്ങളും പ്ലാസ്റ്റിക് തിന്ന് ദഹനവ്യവസ്ഥ തകർന്ന് കരയ്ക്കടിഞ്ഞുതുടങ്ങി. തീരത്തോടുചേർന്ന് വലയെറിയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത് ഭൂരിഭാഗവും ഇത്തരം പ്ലാസ്റ്റിക് കൂമ്പാരങ്ങളാണ്.
നഗരമാലിന്യകേന്ദ്രമായ തണ്ണീരിടത്തിൽ ഇരയെ കാത്തിരുന്ന കുളക്കൊക്ക്, മണ്ണിരയെന്ന് തെറ്റിദ്ധരിച്ച് ഒരു റബർബാൻഡ് വിഴുങ്ങുകയാണ്. മണ്ണിരയെ കൊത്തിയെടുക്കുന്നതുപോലെ കൊക്ക് കൊണ്ട് അമർത്തി നോക്കിയശേഷമാണ് റബർബാൻഡ് വിഴുങ്ങിയത്. പ്രജനനകാലമായതിനാൽ ഒരു കിലോമീറ്റർ മാത്രം അകലെയുള്ള കൊറ്റില്ലത്തിലേക്കാണ് അത് പറന്നകന്നതും. കൂട്ടിൽ ചെന്നാൽ വായിൽ നിന്ന് കുഞ്ഞിന് തികട്ടി നൽകുന്ന ആഹാരത്തിൽ ഈ റബർ കഷണവും ഉൾപ്പെടും എന്നറിയുമ്പോണ് ദുരിതമുഖം തീവ്രമാകുക.
കഴിഞ്ഞ പ്രളയവർഷങ്ങൾക്ക് തൊട്ടുമുൻപുള്ള രണ്ടു വേനലും കടും വരൾച്ചയുടേത് കൂടിയായിരുന്നു. സ്വാഭാവിക ദിനാന്തരീക്ഷം നിലനിന്നിരുന്ന പ്രദേശങ്ങൾ ചുട്ടുപൊള്ളുന്നതായി. ഇതുവരെ വറ്റാതിരുന്ന പരമ്പരാഗത ജലേസ്രാതസ്സുകൾ വറ്റിയമർന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽവനമുള്ള ജില്ലയാണ് കണ്ണൂർ. പശ്ചിമഘട്ടത്തിൽ നിന്ന് അറബിക്കടൽ വരെ ഒഴുകുന്ന വളപട്ടണം പുഴയുടെ തീരങ്ങൾ കണ്ടൽവനങ്ങളാൽ സമ്പന്നമാണ്. ആയിരക്കണക്കിന് വവ്വാലുകളുടെ ആവാസസ്ഥാനവും, കൊക്കുകളുടെ പ്രജനനകേന്ദ്രവുമായ വളപട്ടണം പുഴയുടെ പശ്ചാത്തലദൃശ്യം.
രണ്ടു പ്രളയം തകർത്ത കേരളത്തിന്റെ ഓരോ വേനലും കടുംവരൾച്ചയുടേത് കൂടിയായി മാറി. പൂർണമായും ജലസാമീപ്യത്തിൽ ജീവിക്കുന്നതും, നീർത്തടങ്ങളുടെ വരൾച്ച ഏറ്റവും നേരിട്ട് ബാധിക്കുന്ന പക്ഷികളിലൊന്നുമായ നീലക്കോഴികൾ വരണ്ടുണങ്ങിയ പാടത്ത് ഇരതേടാനിറങ്ങിയ ദയനീയകാഴ്ച.
തണ്ണീർത്തടങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഇരയാണീ കൊക്ക്. പതിവായി ചേക്കയിരിക്കാൻ എത്താറുള്ള മഴമരത്തിൽ കാലിലെ പ്ലാസ്റ്റിക് നാരുകൾ കുരുങ്ങി പറക്കാനാവാതെ ദിവസങ്ങളോളം വിശന്ന് പിടഞ്ഞുള്ള മരണം. പുഴ തീരങ്ങളിലും ചതുപ്പുകളിലും ഇര തേടുന്ന കൊക്കുകൾക്ക്, മനുഷ്യരുപേക്ഷിക്കുന്ന വലനാരുകളും പ്ലാസ്റ്റിക് ചരടുകളുമാണ് ദയനീയ വധം വിധിക്കുന്നത്.
സ്വാഭാവിക ആവാസസ്ഥാനമെന്നത് ഏതൊരു ജീവിയുടെയും അവകാശമാണ്. ഒന്നായുള്ള തുമ്പികളുടെ ഇണസഞ്ചാരങ്ങൾ നീർത്തട ജൈവവ്യവസ്ഥയിലെ ഏറ്റവും സുന്ദര കാഴ്ചകളിലൊന്നാണ്. ആമ്പൽപ്പൂത്തുമ്പിലോ ആമ്പലിലയിലോ വിശ്രമിക്കാറുള്ള കാഴ്ചയാണ് പരിചിതമെങ്കിലും, ഇന്ന് അവ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളിലും മാലിന്യക്കൂട്ടങ്ങളിലുമായി മാറിക്കഴിഞ്ഞു.