പുഴയോരത്ത് തിങ്ങിഞെരുങ്ങി കഴിയുന്ന ഞങ്ങൾക്കിടയിൽ തന്നെ വേണോ മലിനജല സംസ്‌കരണ പ്ലാന്റ്?

2022 ഏപ്രിൽ 27 ന് രാവിലെ മുതൽ കോഴിക്കോട്ടെ കല്ലായിപ്പുഴയോരം സാക്ഷ്യം വഹിച്ചത് അതി നാടകീയ രംഗങ്ങൾക്കാണ്. കല്ലായിപ്പുഴ അറബിക്കടലിൽ ചെന്ന് പതിക്കുന്ന കോതിയിൽ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കോഴിക്കോട് കോർപറേഷന്റെ നീക്കങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം കോതി - പള്ളിക്കണ്ടി പ്രദേശങ്ങളിൽ വലിയ സംഘർഷമുണ്ടായത്. അതിരാവിലെ ഉദ്യോഗസ്ഥരെത്തി സ്ഥലം ഷീറ്റിട്ടു മറയ്ക്കാൻ നീക്കം നടത്തിയതോടെയാണ് പ്രദേശവാസികളായ ജനങ്ങൾ സംഘടിച്ചെത്തി പ്രതിഷേധിച്ചത്.

രാവിലെ ആറ് മണിയോടെ തന്നെ 2 ജീപ്പ് പൊലീസുകാരും പിറകെ കോർപറേഷൻ ഉദ്യോഗസ്ഥരും തൊഴിലാളികളും സ്ഥലത്തെത്തി. കല്ലായിപ്പുഴയോട് ചേർന്ന കണ്ടൽക്കാടു നിറഞ്ഞ പ്രദേശത്ത് തൊഴിലാളികൾ കുഴിയെടുക്കാൻ തുടങ്ങി. പിന്നീട് ഈ കുഴികളിൽ ഇരുമ്പു കാലുകൾ നാട്ടാൻ ശ്രമം തുടങ്ങിയപ്പോഴേക്കും പ്രദേശത്തെ നാട്ടുകാർ സംഘടിച്ചെത്തി ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. അതോടെ രണ്ട് ബസ് നിറയെ പൊലീസുകാർ സംഭവ സ്ഥലത്തെത്തുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ താൽക്കാലികമായി ജോലികൾ നിർത്തിവെച്ചു. പൊലീസും നാട്ടുകാരും തമ്മിലുള്ള ചർച്ചകൾ നടന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അതിർത്തി നിർണയിക്കുക മാത്രമേ ചെയ്യൂ എന്ന് പൊലീസ് നാട്ടുകാർക്ക് ഉറപ്പു നൽകി. എന്നാൽ ആ ഉറപ്പ് പിന്നീട് പാലിക്കപ്പെട്ടില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഉച്ചയോടെ വീണ്ടും ഇരുമ്പു കമ്പികളും ഷീറ്റുകളുമായി വാഹനങ്ങൾ സ്ഥലത്തെത്തി. സ്ഥലം അളന്ന് അതിർത്തി നിർണയിക്കുന്നുവെന്ന പേരിൽ ഇരുമ്പു തൂണുകൾ സ്ഥാപിച്ച് അതിനു മുകളിൽ ഷീറ്റുകളിട്ട് പ്രദേശം മറയ്ക്കാനാണ് ശ്രമമെന്ന് ജനങ്ങൾ ആരോപിച്ചു. പ്രദേശവാസികൾ വീണ്ടും തടിച്ചുകൂടി. സ്ത്രീകളടക്കമുള്ള കുടുംബങ്ങൾ റോഡിലിറങ്ങി മുദ്രാവാക്യം വിളിച്ചു. കമ്പികളുമായി വന്ന വാഹനങ്ങൾ തള്ളിനീക്കി. ഇത് കൂടുതൽ രൂക്ഷമായ സംഘർഷങ്ങളിലേക്ക് നയിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. ഇതിനിടെ പള്ളിക്കണ്ടി സ്വദേശിനിയായ റുക്കിയാബി എന്ന സ്ത്രീ റോഡിൽ ബോധരഹിതയായി വീഴുകയും പ്രാദേശിക നേതാക്കളടക്കമുള്ള വേറെയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അതോടെ ബാക്കിയുള്ള ജനങ്ങൾ വാഹനത്തിനു മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇവരെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നാല്പതിലധികം പേരെയാണ് പോലീസ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കിയത്.

പൊലീസ് വീണ്ടും സമരസമിതി നേതാക്കളുമായി ചർച്ച നടത്തുകയും കുഴികളിൽ തൂണുകൾ സ്ഥാപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്ഥലം കെട്ടിമറച്ച ശേഷം അകത്ത് പ്ലാന്റ് നിർമിക്കാനുള്ള നീക്കം അനുവദിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രദേശവാസികൾ. തുടർന്ന് ഇവിടെ ഷീറ്റിട്ടു മറയ്ക്കില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തൊഴിലാളികൾ കുഴികളിൽ കാലുകൾ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്തത്. ഇതിനിടയിൽ വീണ്ടും സംഘർഷങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് വൈകിട്ടോടെ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവച്ചു.

എന്താണ് കോതി മലിനജല സംസ്‌കരണ പദ്ധതി

നഗരപ്രദേശങ്ങളിലെ കക്കൂസ് മാലിന്യം കേന്ദ്രീകൃതമായി സംസ്‌കരിക്കുന്നതിനായാണ് കോതിയിൽ സംസ്‌കരണ പ്ലാന്റ് ആരംഭിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കോർപറേഷന്റെയും സഹകരണത്തിൽ അമൃത് പദ്ധതി വഴിയാണ് മലിനജല സംസ്‌കരണ പദ്ധതി നടപ്പാക്കുന്നത്.

നഗര മേഖലകളിൽ അടുത്തടത്ത് വീടുകൾ ഉള്ളതിനാൽ സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള മാലിന്യം കിണർ ജലം മലിനപ്പെടുന്ന സാഹചര്യം പലയിടത്തും ഉണ്ട്. പ്ലാന്റ് വരുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് കോർപറേഷൻ പറയുന്നത്. ഭട്ട് റോഡ്, കല്ലായിപ്പുഴയുടെ സമീപം, കടലോര ഭാഗം, റെയിൽവേ ലൈൻ പരിസരം എന്നിങ്ങനെ 5.4 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പ്ലാന്റിന്റെ ഗുണം ലഭിക്കുക. 116 കോടിയുടെ പദ്ധതിയിൽ വീട്, അപ്പാർട്ട്‌മെന്റ്, ആശുപത്രി, സ്ഥാപനങ്ങൾ എന്നിവക്കെല്ലാം പൈപ്പ് ലൈൻ വഴി കണക്ഷൻ നൽകും. കക്കൂസ് മാലിന്യം പൈപ്പ് വഴി ഈ പ്ലാന്റുകളിൽ എത്തും. അത് സംസ്‌കരിച്ച് ശുദ്ധീകരിച്ച വെള്ളം ഓടയിലേക്ക് ഒഴുക്കും. മറ്റ് മാലിന്യങ്ങൾ ഞെളിയൻ പറമ്പിലെത്തിച്ച് ഖരമാലിന്യങ്ങൾക്കൊപ്പം സംസ്‌കരിക്കും. ഇതാണ് പദ്ധതി.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ശുദ്ധീകരിച്ച ശേഷമാണ് വെള്ളം ഓടയിലേക്ക് മാറ്റുക. എം.ബി.ബി.ആർ (മൂവിങ് ബെഡ് ബയോ റിയാക്ടർ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുക. പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കി കുടിവെള്ള ശുചിത്വം ഉറപ്പാക്കാനായി കോർപറേഷൻ ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. ആവിക്കൽ, കോതി എന്നീ രണ്ട് സ്ഥലങ്ങളിലായാണ് പ്ലാന്റ് വരുന്നത്. ആവിക്കലിൽ ഏഴ് എം.എൽ.ഡിയും കോതിയിൽ ആറ് എം.എൽ.ഡിയും ശേഷിയുള്ള പ്ലാന്റാണ് വരുന്നത്. നേരത്തെ സരോവരത്തിനടുത്ത് തയ്യാറാക്കാൻ പദ്ധതിയുണ്ടായിരുന്ന പ്രതിഷേധങ്ങളെ തുടർന്ന് കോതിയിലേക്ക് മാറിയത്.

എന്തുകൊണ്ട് എതിർപ്പ്

തീരദേശ പരിപാലന നിയമപ്രകാരം പുഴയിലോ പുഴതീരത്തോ നിർമാണപ്രവർത്തനങ്ങൾ ഒന്നും നടത്താൻ പാടില്ലെന്ന സുപ്രീം കോടതി വിധി ലംഘിച്ചാണ് പുഴയിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള കോർപ്പറേഷൻ നടപടിയെന്ന് സമരസമിതി പ്രവർത്തകർ ആരോപിക്കുന്നു. കല്ലായി പുഴയിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റം പുഴയുടെ ആവാസ വ്യവസ്ഥയെയും നഗരത്തിന്റെ പാരിസ്ഥതിക സാഹചര്യങ്ങളെയും വലിയ രീതിയിൽ ബാധിച്ചതിനാൽ കയ്യേറിയ പുഴയോരങ്ങൾ തിരിച്ചുപിടിക്കാനായി വിവിധ ശ്രമങ്ങൾ സർക്കാറിന്റെയും പുഴ സംരക്ഷണ സമിതിയുടെയും മുൻകൈയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ കോർപ്പറേഷൻ തന്നെ പുഴ കയ്യേറിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് സമരസമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി പറയുന്നത്.

"ഞങ്ങൾ ആരും ഈ പദ്ധതിക്ക് പൂർണമായും എതിരല്ല. ഇത്തരമൊരു പ്രദേശത്ത് ഇവിടുത്തെ സാമൂഹിക - പാരിസ്ഥിതിക സവിശേഷതകൾ കണക്കിലെടുക്കാതെ പദ്ധതി നടപ്പാക്കുന്നതിനെതിരെയാണ് ഞങ്ങൾ സമരം ചെയ്യുന്നത്. മറ്റ് പ്രദേശങ്ങളിലെല്ലാം വിശാലമായ സ്ഥലങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയാണ് കോഴിക്കോട് കോർപ്പറേഷൻ കോതിയിലെ വെറും 35 സെന്റ് സ്ഥലത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇത് പ്രദേശവാസികളായ ജനങ്ങളെ ബാധിക്കുമെന്നതുറപ്പാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ ഈ പ്രദേശത്ത് തിങ്ങിനിറഞ്ഞ് താമസിക്കുന്നുണ്ട്. മൂന്ന് സെന്റിലും നാല് സെന്റിലും ഉള്ള ചെറിയ ചെറിയ വീടുകളാണ് ഇവിടെയുള്ളത്. ദരിദ്രരായ മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമെല്ലാമായ കുടുംബങ്ങൾ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഇത്തരമൊരു പ്രദേശത്ത് ഇതുപോലൊരു പദ്ധതി നടപ്പാക്കുന്നത് തീർത്തും ജനവിരുദ്ധമാണ്. വെസ്റ്റ് ഹില്ലിലും സരോവരത്തിനടത്തുമെല്ലാം ജനവാസമില്ലാത്ത ധാരാളം സ്ഥലങ്ങൾ കോർപ്പറേഷന്റെ കയ്യിലുണ്ട്. അവിടങ്ങളിലൊന്നും നടപ്പാക്കാതെ ഇത്തരത്തിൽ ജനങ്ങൾ തിങ്ങിനിറഞ്ഞ് താമസിക്കുന്ന മേഖലയിലേക്ക് പദ്ധതി കൊണ്ടുവന്നതിനെ സംശയത്തിലാണ് ഞങ്ങൾ നോക്കിക്കാണുന്നത്'', ഫൈസൽ പള്ളിക്കണ്ടി ട്രൂകോപ്പിയോട് പറഞ്ഞു.

നിയമ ലംഘനം ചൂണ്ടിക്കാട്ടി കലക്ടർക്ക് പരാതി

മാലിന്യ സംസ്‌കരണ പ്ലാന്റിനായി അതിർത്തി നിർണയിച്ചതിൽ ഹൈക്കോടതി വിധിയുടെ ലംഘനം നടന്നതായി കാണിച്ച് കല്ലായിപ്പുഴ സംരക്ഷണസമിതി കലക്ടർക്ക് പരാതി നൽകി. പുഴയുടെ തീരത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുകയോ കണ്ടൽ കാടുകൾ വെട്ടുകയോ ചെയ്യരുതെന്ന് കോടതി നിർദേശമുണ്ട്. സ്ഥലപരിശോധന പൂർത്തിയാക്കി അതിർത്തി നിർണയിക്കാനാണ് ഹൈക്കോടതി വിധിയിൽ പറഞ്ഞിട്ടുള്ളത്. ഇതു ലംഘിച്ച് കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്ത് പോസ്റ്റുകൾ സ്ഥാപിച്ചത് കോടതിവിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരസമിതി കളക്ടർക്ക് പരാതി നൽകിയത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്ന് സമരസമിതി പ്രവർത്തകർ ട്രൂകോപ്പിയോട് പറഞ്ഞു.

ജനങ്ങളെ വിശ്വാസത്തിലെടുത്ത് കോതിയിലെ മലിന ജല സംസ്‌കരണ പ്ലാന്റുമായി മുന്നോട്ട് പോകുമെന്നാണ് കോഴിക്കോട് മേയർ ബീന ഫിലിപ്പിപ്പിന്റെ പ്രതികരണം. കോതിയിൽ കല്ലായി പുഴയുടെ തീരത്ത് മലിനജല സംസ്‌കരണ പ്ലാന്റുകൾ നിർമിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, ബീന ഫിലിപ്പിന്റെ നേതൃത്വത്തിൽ ഒരു സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കേരള വാട്ടർ അതോറിറ്റി 14 കോടി രൂപ ചിലവഴിച്ച് നിർമിച്ച സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ സന്ദർശിച്ചിരുന്നു. അഞ്ച് ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് തിരുവനന്തപരും മെഡിക്കൽ കോളെജിലെ ശുദ്ധീകരണ പ്ലാന്റ്. എം.ബി.ബി.ആർ (Moving bed biofilm reactor) ടെക്നോളജി പ്രകാരം പ്രവർത്തിക്കുന്ന പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം മെഡിക്കൽ കോളജിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് കോതിയിൽ പ്രതിദിനം ആറ് ദശലക്ഷം ലിറ്റർ ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റും ആവിക്കൽ തോട് എഴു ദശലക്ഷം ലിറ്റർ ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റും നിർമിക്കാനാണ് പദ്ധതി. മലിനജല ശല്യം രൂക്ഷമായ ആവിക്കൽ തോട്, കോതി ഉൾപ്പെടെ നഗരത്തിലെ തീര പ്രദേശങ്ങളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ ഉപകാരപ്രദമാകുന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറയുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മലിന ജലം ദുരിതം വിതയ്ക്കുന്ന നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കാനാവും. എന്നാൽ തെറ്റായ പ്രചരണങ്ങൾ നടത്തി ചിലർ അനാവശ്യ വിവാദം സൃഷ്ടിക്കുന്നെന്നും, അനുവദിച്ച ആദ്യ പദ്ധതി തന്നെ നടപ്പാക്കാനായില്ലെങ്കിൽ അമൃത് പദ്ധതിയിൽ കോഴിക്കോട് കോർപ്പറേഷന് ഇടം ലഭിക്കാതെ വരുമെന്നും മേയർ പറഞ്ഞു.

Comments