ശ്വാസം മുട്ടിച്ചും കള്ളക്കേസിൽ കുടുക്കിയും ജീവിതം നീറ്റുന്ന തങ്കമലയിലെ ക്വാറി ഖനനം

കോഴിക്കോട് കൊയിലാണ്ടി തങ്കമല നിവാസികൾ, വ്യവസ്ഥകൾ ലംഘിച്ച് നടത്തുന്ന ക്വാറിക്കെതിരെ ആറുമാസമായി സമരരംഗത്താണ്. സമരത്തിന് പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ടെങ്കിലും ദേശീയപാതാ വികസനം ചൂണ്ടിക്കാട്ടി നാട്ടുകാരുടെ പ്രതിഷേധത്തെ അധികൃതർ അവഗണിക്കുകയാണ്. റിപ്പോർട്ട്.

കോഴിക്കോട് കൊയിലാണ്ടി തങ്കമല നിവാസികൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. വ്യവസ്ഥ ലംഘിച്ചുള്ള തങ്കമല ക്വാറിയിലെ ഖനനം പ്രദേശവാസികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതോടെ ആറ് മാസമായി നാട്ടുകാർ സമരത്തിലാണ്. പ്രതിഷേധം കടുപ്പിച്ച് ഏഴ് ദിവസം മുമ്പ് ക്വാറിയ്ക്ക് സമീപം പന്തൽകെട്ടി സമരവും തുടങ്ങി. സമരത്തിന് പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ട്. എന്നാൽ ദേശീയപാതാ വികസനം ചൂണ്ടിക്കാണിച്ച് നാട്ടുകാരുടെ പ്രതിഷേധത്തെ അധികൃതർ അവഗണിക്കുകയാണ്.

കൊയിലാണ്ടിയിലെ കീഴരിയൂർ, തുറയൂർ പഞ്ചായത്തുകളിൽ 63 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തങ്കമലയിൽ 30 വർഷമായി ക്വാറി പ്രവർത്തിക്കുന്നു. ഇവിടെ ഖനനം നടത്താൻ സ്റ്റേറ്റ് ലെവൽ എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി പാരിസ്ഥിതികാനുമതി നൽകിയത് പയ്യോളി ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡിനാണ്‌. ഇവരായിരുന്നു തങ്കമല ക്വാറിയുടെ ആദ്യ നടത്തിപ്പുകാർ. ഒന്നരവർഷം മുൻപ് ദേശീയപാതാ വികസനത്തിന്റെ ഉപകരാറുകാരായ വഗാഡ് കൺസ്ട്രക്‌ഷൻ കമ്പനി ക്വാറി ലീസിനെടുത്ത് തങ്കമലയിൽ ഖനനം തുടങ്ങിയതുമുതലാണ് പ്രതിസന്ധി ആരംഭിച്ചത്.
ക്വാറി നടത്തുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ ലംഘിച്ചെന്നാണ് നാട്ടുകാരുടെ പരാതി.

മുരാട് മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള ദേശീയപാതയുടെ നിർമാണത്തിനുള്ള മെറ്റൽ തങ്കമലയിൽനിന്നാണ് കയറ്റിപ്പോകുന്നത്. റോഡ് നിർമാണ കരാറുകാരായ വഗാഡ് ഇൻഫ്രാ പ്രൊജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 16 ടൺ ഭാരമുള്ള കൂറ്റൻ ബെൻസ് ലോറികളിലാണ് ഖനനം ചെയ്‌തെടുക്കുന്ന മെറ്റൽ കൊണ്ടുപോകുന്നത്.

അനധികൃത ഖനനം അവസാനിപ്പിക്കണം എന്ന ആവശ്യമുയർത്തിയാണ് തങ്കമലയിലെ പ്രദേശവാസികൾ സമരമുഖത്തെത്തിയത്. കുന്നിന് മുകളിലും തൊട്ടടുത്ത കല്ലടക്കുന്നിലും പാറ പൊടിക്കുന്ന ക്രഷറുണ്ട്‌.

ഖനനത്തിന്റെ ഭാഗമായി തങ്കമല ക്വാറിയിൽ രൂപപ്പെട്ട കുഴി
ഖനനത്തിന്റെ ഭാഗമായി തങ്കമല ക്വാറിയിൽ രൂപപ്പെട്ട കുഴി

“ആറു​മാസമായി സമരത്തിലാണ്, ആദ്യം കീഴരിയൂർ പഞ്ചായത്തിൽ മാത്രമായും, പിന്നീട് തുറയൂർ പഞ്ചായത്തിലും സമരം ഏറ്റെടുത്ത് നടത്തി. ഇപ്പോൾ രണ്ട് പഞ്ചായത്തിലെയും ജനങ്ങൾ ചേർന്നാണ് സമരം നടത്തുന്നത്. ക്വാറി ആരംഭിച്ചത് മുതൽ പ്രശ്നങ്ങൾ നിലനില്ക്കുന്നുണ്ടെങ്കിലും അന്നൊക്കെ പ്രശ്നങ്ങൾ തീർക്കാൻ ക്വാറി മാനേജ്മെന്റ് തയ്യാറായിട്ടുണ്ട്. നിയമപരമായ ഖനനത്തിന് ആരും എതിരല്ല. അനധികൃത ഖനനം പൂർണമായും നിർത്തിവെക്കണം എന്നതാണ് സമരലക്ഷ്യം. ഖനനം തുടർന്നാൽ ഇവിടെ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്. കുഴിച്ചുകുഴിച്ച് ഏകദേശം 25 മീറ്റർ താഴ്ചയിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് അത് വലിയ പ്രശ്നമുണ്ടാക്കും. അത് നികത്തണമെന്നതാണ് പ്രധാന ആവശ്യം. കലക്ടർക്കും എം.എൽ.എയ്ക്കും പരാതി കൊടുത്തു. പഞ്ചായത്തിന്റെ പേരിലും നവകേരളസദസ് വഴിയും പരാതി കൊടുത്തു. എം.എൽ.എ രണ്ടുവട്ടം വന്നിരുന്നു, കലക്ടർ വന്നിട്ടില്ല. പരാതി നൽകുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നു. കമ്പനിക്കുനേരെ യാതൊരു നടപടിയും എടുക്കുന്നില്ല. എനിക്കെതിരെയും കേസുണ്ട്’’-സമരനേതാവ് സുഭാഷ് വടക്കുംമുറി പറയുന്നു.

അനധികൃത  ഖനനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നിരാഹാര സമരം.
അനധികൃത ഖനനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നിരാഹാര സമരം.

അനധികൃത ഖനനം കാരണം പ്രദേശവാസികൾ കുടിവെള്ളപ്രശ്നവും പൊടിശല്യവും നേരിടുകയാണ്.

‘‘അവർ മഴസമയത്ത് ശക്തമായി വെള്ളം ഒഴുകിക്കളയുന്നത് കനാലിലൂടെയാണ്. വിഷാംശമുള്ള രാസവസ്തുകൾ വെച്ചിട്ടാണ് ഇത് പൊട്ടിക്കുന്നത്. അപ്പോൾ കനാലിലൂടെ ഒഴുക്കിവിടുന്ന വെള്ളം താഴോട്ട് കിണറുകളിലേക്കാണ് എത്തുന്നത്. കുടിവെള്ളം വരെ മലിനമായി’’

‘‘മഴസമയത്ത് ശക്തമായി വെള്ളം ഒഴുക്കുന്നത് കനാലിലൂടെയാണ്. വിഷാംശമുള്ള രാസവസ്തുകൾ വെച്ചിട്ടാണ് ഇത് പൊട്ടിക്കുന്നത്. കനാലിലൂടെ ഒഴുക്കിവിടുന്ന വെള്ളം താഴോട്ട് കിണറുകളിലേക്കാണ് എത്തുന്നത്. കുടിവെള്ളം വരെ മലിനമായി. ഞങ്ങൾ ആ വെള്ളം തന്നെയാണ് കുടിക്കുന്നത്. ഭയങ്കര പൊടിയാണ്. രാവിലെ വരാന്തയിലും ഭിത്തിയിലും പൊടി നിറഞ്ഞിരിക്കും. ഞങ്ങളുടെ പൈപ്പ് വെള്ളം വരുന്ന ടാങ്ക് അവരുടെ സ്ഥലത്താണ്. ആദ്യമുണ്ടായിരുന്നവർ അവിടെ ടാങ്ക് വെക്കാൻ സൗകര്യം തന്നതാണ്. ഇപ്പോഴുള്ളവർ ആ സ്ഥലം വാങ്ങിയപ്പോൾ അവരുടെ സ്ഥലത്തായി ടാങ്ക്. അതെല്ലാം അവർ പൊട്ടിച്ച് കളഞ്ഞു. പ്രശ്നമാക്കിയപ്പോഴാണ് പിന്നെ ശരിയാക്കിത്തന്നത്. വെള്ളം കിട്ടാത്തപ്പോൾ ഞങ്ങൾക്ക് അങ്ങോട്ടേക്ക് കയറിപ്പോകാൻ ബുദ്ധിമുട്ടാണ്. അവർ ഉള്ളിലേക്ക് കയറ്റില്ല. ക്വാറി വേസ്റ്റ് വീഴുന്നത് പൈപ്പിന്റെ മേലെയാണ്. അന്നേരം വെള്ളം കുടിക്കാനും പറ്റില്ല. വിട്ടുകൊടുക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. പൊട്ടിക്കുന്നത് നിർത്തണം എന്നും ആവശ്യപ്പെടുന്നില്ല, ചെറുതായിട്ട് പൊട്ടിച്ചോട്ടെ. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഇത് പൊട്ടിക്കുന്നത്. അപ്പോൾ ആർക്കും പുറത്തിറങ്ങാൻ പറ്റില്ല. ഒച്ച കേൾക്കുമ്പോൾ പേടിയാകും. പൊട്ടിക്കുന്ന സമയമാകുമ്പോൾ അവർ ബെല്ലടിക്കും. അവരോട് പറഞ്ഞാൽ ക്യാമറയിൽ കുടുക്കി കേസാക്കും. കുറെ പേർക്കെതിരെ കേസുണ്ട്. വീട്ടിലുള്ളവർക്കെതിരെ പോലും കേസുണ്ട്. കേസ് നടത്താനും കോടതിയിൽ പോകാനും മറ്റും നല്ല പൈസ വേണം. എങ്കിലും ഞങ്ങൾ തോറ്റുകൊടുക്കില്ല"- പ്രദേശവാസി ശോഭ പറയുന്നു.

ഖനനത്തിന്റെ ഭാഗമായി ആരോഗ്യ പ്രശ്നങ്ങൾ പ്രദേശവാസികളെ അലട്ടുണ്ട്. എതിർക്കുന്നവരെയെല്ലാം കേസിൽ കുടുക്കുന്ന കമ്പനിനയം മൂലം പ്രദേശവാസികളെല്ലാം കേസിന്റെ ഊരാകൂടുക്കിലാണ്.

ഖനനത്തിന്റെ ഭാഗമായി വിവിധ ആരോഗ്യ പ്രശ്നങ്ങൾ പ്രദേശവാസികളെ അലട്ടുന്നുണ്ട്. എതിർക്കുന്നവരെയെല്ലാം കേസിൽ കുടുക്കുന്ന കമ്പനി നയം മൂലം പ്രദേശവാസികളെല്ലാം കേസിന്റെ ഊരാക്കുടുക്കിലാണ്.

‘‘കുട്ടികൾക്കെല്ലാം ഓരോ അസുഖങ്ങളാണ്. ശ്വാസം മുട്ടലും മറ്റും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്വാറിയാണ്. വീട്ടിൽനിന്ന് തമ്മിൽ തമ്മിൽ വിളിച്ചാൽ പോലും കേൾക്കാനാകില്ല. എന്തെങ്കിലും പറ്റിയാൽ പോലും അറിയാനാകില്ല. ഈ സ്ഥലത്തുനിന്ന് വെള്ളം ഞങ്ങളുടെ പറമ്പിലേക്കാണ് ഒഴുകിവന്നത്. അന്ന് ഞങ്ങളോട് മാറിത്താമസിക്കാൻ പറഞ്ഞപ്പോൾ ഞങ്ങൾ മാറിയില്ല’’- പ്രദേശവാസിയായ സജിനി പറഞ്ഞു.

ക്വാറിയിലെ വെള്ളം ഒഴുകിപ്പോകാൻ പ്രത്യേക കുളമുണ്ടാക്കണം. ക്വാറി നിർമാണസ്ഥലത്തുനിന്ന് മുറിച്ച മരങ്ങൾക്ക് പകരം ഒന്നിന് അഞ്ച് എന്ന നിലയിൽ മരങ്ങൾ വെച്ചു പിടിപ്പിക്കണം. പൊടി ശല്യം തടയാൻ ബെൽറ്റ് ഉപയോഗിക്കണം. നിശ്ചിത ഖനന സമയം വേണം തുടങ്ങി ലൈസൻസിങ് നിബന്ധനകളിൽ ഒന്നുപോലും പാലിക്കപ്പെടുന്നില്ല.

തങ്കമല ക്വാറി
തങ്കമല ക്വാറി

“അശാസ്ത്രീയമായാണ് ക്വാറിയിൽ പ്രവർത്തനം നടക്കുന്നത്. വെള്ളം ഒഴുകിപ്പോകാൻ പ്രത്യേക കുളമുണ്ടാക്കണം, നിർമ്മാണസ്ഥലത്തുനിന്ന് മുറിച്ച മരങ്ങൾക്കുപകരം ഒന്നിന് അഞ്ച് എന്ന നിലയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കണം, പൊടി ശല്യം തടയാൻ ബെൽറ്റ് ഉപയോഗിക്കണം, ഖനനസമയം നിശ്ചയിക്കണം തുടങ്ങി ലൈസൻസിങ് നിബന്ധനകളിൽ ഒന്നുപോലും പാലിക്കപ്പെട്ടില്ല. വാർഡ് മെമ്പറെയും രണ്ട് പ്രദേശവാസികളെയും ഉൾക്കൊള്ളിച്ച് കമ്മിറ്റി ഉണ്ടാക്കാനും മൂന്നു മാസം കൂടുമ്പോൾ യോഗം വിളിക്കാനും നിർദേശിച്ചിട്ടുണ്ടെങ്കിലും കമ്പനി തയ്യാറായിട്ടില്ല. ദേശീയപാത നിർമ്മാണത്തിന്റെ മറവിലാണ് ഇവർ പ്രവർത്തിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ഇവിടെ ക്വാറി ഇല്ലാതെ പറ്റില്ല. എന്നാൽ അശാസ്ത്രീയമായിട്ടാണ് ഖനനം നടക്കുന്നതെങ്കിൽ അതിലൊരു തീരുമാനമുണ്ടാകേണ്ടതുതന്നെയാണ്. ഉത്തരവാദിത്തപ്പെട്ടവർ വന്ന് പരിശോധിച്ച് തീരുമാനമെടുക്കും”- കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് നിർമല ടീച്ചർ ട്രൂകോപ്പിയോട് പറയുന്നു.

കീഴരിയൂർ  പഞ്ചായത്ത് പ്രസിഡന്റ് നിർമല ടീച്ചർ
കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് നിർമല ടീച്ചർ

ഒരുപാട് തവണ കമ്പനിയുമായി ചർച്ച നടത്തിയെങ്കിലും യാതൊരു മാറ്റവുമില്ലാതെ വഗാഡ് കൺസ്ട്രക്‌ഷൻ കമ്പനി അശാസ്ത്രീയ ഖനനം തുടരുകയാണ്. പാറ ഖനനത്തിന് നൽകിയ അനുമതി ഉടൻ പിൻവലിക്കാനും ലൈസൻസ് റദ്ദാക്കാനും നടപടി സ്വീകരിക്കണമെന്നാണ് സമരസമിതയുടെ ആവശ്യം. കിഴരിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ലെന്നും പറയുന്നു.

എന്നാൽ, സർക്കാർ നിഷ്ക്കർഷിച്ച ലൈസൻസ് കമ്പനിക്കുണ്ടെന്നും പ്രദേശവാസികളുടെ ആവശ്യങ്ങൾ പരിഹരിച്ചുകൊടുക്കാറുണ്ടെന്നുമാണ് തങ്കമല ക്വാറിയുടെ അഡ്മിനിസ്ട്രേടിവ് ഓഫീസർ പറയുന്നത്: ‘‘കനാലിന്റെ പ്രശ്നങ്ങൾ, ശബ്ദം മൂലമുള്ള പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിച്ചിട്ടുണ്ട്. ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതും പരിഹരിക്കാൻ കമ്പനി തയ്യാറാണ്. അവർ ഞങ്ങളോടും ഞങ്ങൾ അവരോടും മാന്യമായ രീതിയിൽ തന്നെയാണ് പ്രശ്നപരിഹാരം നടത്താറുള്ളത്. അവർ കുറച്ച് സഹിക്കുന്നുവെന്നത് ശരിയാണ്. ദേശീയപാത പോലുള്ള വലിയ വികസനപ്രവൃത്തി വരുമ്പോൾ അത് തങ്ങളുടെ കൂടി വികസനത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കണം. കുടിവെള്ള പ്രശ്നം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അത് അന്വേഷിക്കും. സമരക്കാരുമായുള്ള അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ട്. അവരുടെ ആവശ്യങ്ങ​ളെല്ലാം അനുഭാവപൂർവം പരിഗണിക്കും”- അഡ്മിനിസ്ട്രേടിവ് ഓഫീസർ പറയുന്നു.

Comments