കല്ലേറ്റുംകരയിലെ കിളികളും മനുഷ്യരും

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ (കല്ലേറ്റുംകര) പരിസരത്ത് നീർക്കാക്കകളുടെയും ചേരക്കോഴികളുടെയും വിശാലമായ കോളനിയുണ്ട്. ജൂൺ മുതൽ ഒക്ടോബർ വരെ നീളുന്ന പ്രജനനക്കാലം, നാട്ടിൽ സംഘർഷങ്ങളുടെ കൂടി കാലമാണ്​. ജനവാസ മേഖലയിലെ ‘കൊറ്റില്ല’ങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്​ പ്രാദേശിക തലത്തിൽ തന്നെ നടപടികളുണ്ടാകണമെന്ന്​ വാദിക്കുകയാണ്​ പക്ഷിനിരീക്ഷകൻ കൂടിയായ ലേഖകൻ.

ല്ലാ കാലത്തും വിവാദ വിഷയമാണ് ജനവാസ മേഖലയിലെ കൊറ്റില്ലങ്ങൾ. പക്ഷിസ്‌നേഹികൾക്കുപോലും ഇതുസംബന്ധിച്ച്​ ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. ഏറെ പഠനവിധേയമാക്കേണ്ട മേഖലയായ ഈ ഇടം നാട്ടുവാസികളുമായുള്ള സംഘർഷം മൂലം പല പക്ഷിസ്‌നേഹികളെയും അകറ്റിനിർത്തുകയാണ്​. പ്രശ്‌നം വരുമ്പോൾ പക്ഷിക്കൊപ്പമോ അതോ ജനങ്ങളുടെ താൽപര്യത്തിനൊപ്പമോ എന്നത് കുഴഞ്ഞ സംഗതി തന്നെ.

ഒട്ടേറെ ജനങ്ങൾ ഒത്തുകൂടുന്ന പൊതു ഇടങ്ങളായ ബസാറുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളാണ്​​ പക്ഷികൾ കൂടൊരുക്കാനും കോളനികൾക്കായും തെരഞ്ഞെടുക്കാറ്​. ദിനംപ്രതി പല ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്ന ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും ദൈന്യംദിന പ്രവർത്തികൾക്കും തടസം അനുഭവിക്കുന്ന സ്ഥലങ്ങളായി ഈ ഇടങ്ങൾ മാറുന്നു.

സുസ്ഥിര വികസനത്തിലൂടെ പരിഹാരം കാണേണ്ട ഒന്നായ ഈ ആവാസ വ്യവസ്ഥകളുടെ സംരക്ഷണം, ജനരോഷത്തിൽ മുങ്ങിപ്പോകുകയാണ്​ ചെയ്യുന്നത്​. യാത്രക്കാർ, ജീവനക്കാർ, ഉപഭോക്താക്കൾ, തൊഴിലാളികൾ, ഓട്ടോ ടാക്‌സി ഡ്രൈവർമാർ ഇവരൊക്കെയാണ് ഇതിന്റ ഇരകൾ.

കൂടൊരുക്കാൻ ഓരോ ഇടങ്ങൾ പക്ഷികൾ തെരഞ്ഞെടുക്കുമ്പോൾ അതിന്റെ ചുറ്റുപാടുകളുടെ സൗകര്യത്തിനപ്പുറം ആ ആവാസവ്യവസ്ഥ പങ്കിടുന്ന മനുഷ്യരേയും പക്ഷികൾ വിശ്വാസത്തിലെടുക്കുന്നുണ്ട്. തെരഞ്ഞെടുക്കുന്ന കോളനികളിലെ ജനങ്ങളെ വിശ്വസിച്ച്​ കൂടൊരുക്കുന്ന പക്ഷികൾ, അറിയാതെ തന്നെ ഒട്ടേറെ ദുരിതങ്ങളും സമ്മാനിക്കുന്നു. കാഷ്ഠം, ഉച്ഛിഷ്ടം, കാറ്റത്തു കൂടു മറിഞ്ഞു നിലത്തു വീഴുന്ന കുഞ്ഞുങ്ങൾ, പരിസരം നിറഞ്ഞു നിൽക്കുന്ന നാറ്റം തുടങ്ങിയ പ്രശ്​നങ്ങൾ. വൃത്തിയായി സൂക്ഷിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥലങ്ങൾ ഇതുമൂലം പരിസരമലിനീകരണം നേരിടുകയാണ്.

ഞാൻ താമസിക്കുന്ന തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ (കല്ലേറ്റുംകര) പരിസരത്ത് നീർക്കാക്കകളുടെയും ചേരക്കോഴികളുടെയും വിശാലമായ കോളനിയുണ്ട്. ഇന്ത്യയിലെ തന്നെ വലുതെന്ന് വിശേഷിപ്പിക്കാം. 220 ഓളം ചേരക്കോഴികൾ (Oriental darter/Anhinga melanogaster), 400 നീർകാക്ക (Little cormorant/Microcarbo niger), 145 കിന്നരികാക്ക (Indian cormorant/Phalacrocorax fuscicollis), 78 ഓളം ചെറുമുണ്ടി (Little egret/Egretta garzetta), അഞ്ച് ചിന്നമുണ്ടി (Intermediate egret/Ardea intermedia) എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്​. ഒപ്പം, 16 മരങ്ങളിലായി പ്രാവുകളുടെയും കാക്കകളുടെയും കൂടുകളും കണ്ടെത്തിയിട്ടുണ്ട്.

ജൂൺ മുതൽ ഒക്ടോബർ വരെ നീളുന്ന പ്രജനനക്കാലത്ത് ഇവയെ സംരക്ഷിക്കേണ്ടി വരുമ്പോൾ, പല രീതിയിൽ സംഘർഷമുണ്ടാവുക പതിവാണ്. ഇതുമായി ബന്ധപ്പെട്ട്​, പത്തു വർഷത്തിനിടെ എനിക്ക് പല വിഷമഘട്ടങ്ങളിലൂടെയും കടന്നുപോകേണ്ടി വന്നിട്ടുണ്ട്. പൊലീസ് കേസ്, റെയിൽവേ ഡിപ്പാർട്ടമെൻറുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ, നാട്ടുകാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിവരുമായുള്ള സംഘർഷങ്ങൾ, എതിർപ്പ് ഇതെല്ലം നേരിടേണ്ടി വന്നീട്ടുണ്ട്.

ഇത്രയും നാളത്തെ അനുഭവത്തിൽനിന്ന്​ പറയാനുള്ളത്, ഇത്തരം പ്രശ്​നങ്ങൾ പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ ആവശ്യമാണ്​. അതിന് ആദ്യം വേണ്ടത് ഒരു ബദൽ സംവിധാനം ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിയണം എന്നാണ്. അതിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടത് വനം വകുപ്പാണ്. അത് തീർച്ചയായും വികേന്ദ്രീകൃതവും സുസ്ഥിരവും ആയിരിക്കണം. പ്രവർത്തനം വിജയിപ്പിച്ചെടുക്കാൻ ക്ലേശങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്ന യാഥാർത്ഥ്യം മുന്നിൽക്കാണണം. പ്രാവർത്തികമാക്കുമ്പോൾ മാറ്റങ്ങൾക്ക് അനുസൃതമായും പിന്നീട് പരിഹരിക്കപ്പെടുന്ന രീതിയിലുമുള്ള നല്ല മാതൃക നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും. ഇത്തരത്തിൽ പ്രകൃതിയിലെ വെറും ഒരു കണ്ണിയായ മനുഷ്യനെ പാരിസ്ഥിക സമതുലിതാവസ്ഥയിലേക്ക് കൂടുതൽ വിളക്കിച്ചേർക്കാം.

ഇനി, എന്തുകൊണ്ട് ഈ പക്ഷികൾ നമ്മളെ തേടി വരുന്നു എന്ന് നോക്കാം. ജനവാസമേഖലയും തൊട്ടടുത്ത ജലാശയത്തിന്റെ സാന്നിധ്യവുമായിരിക്കണം (breeding ground with nesting colony) പ്രാഥമിക കാരണം. വളരെ തുറന്ന ഒരു ഇടം കൂട് വയ്ക്കാൻ തെരഞ്ഞെടുക്കുന്നു, അതിലൂടെ പക്ഷിക്ക് വന്നു തിരിച്ചുപോകാനും വാസസ്ഥലം തിരിച്ചറിയാനും സഹായിക്കും.

എപ്പോഴും ജനങ്ങളുടെ സാന്നിധ്യം മറ്റു ഇരപിടിയൻ പക്ഷികളെ മാറ്റിനിർത്തും. രാത്രി ഈ ഭാഗങ്ങളിലുള്ള ദീപാലങ്കാരങ്ങൾ, വലിയ ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ ഒരു പരിധി വരെ രാത്രി സഞ്ചാരികളായ പാമ്പുകൾ, മരപ്പട്ടികൾ, പൂച്ചകൾ, ഉടുമ്പുകൾ എന്നിവയുടെ ആക്രമണം ഒഴിവാക്കും.

ഒരിക്കൽ, ഈ പ്രദേശങ്ങളിലെ മരങ്ങളെല്ലാം വെട്ടി മാറ്റണമെന്നും ദുരിതവും നാശവും കൊണ്ടുവരുന്ന പക്ഷികളെ നാട്ടിൽ നിന്ന് അകറ്റണമെന്നും നാട്ടിലെ വിവിധ മേഖലകളിലുള്ളവർ ചേർന്ന്​ തീരുമാനിക്കുകയുണ്ടായി. ഇതിനെതിരെ നിന്നപ്പോൾ എനിക്ക് വലിയ എതിർപ്പ്​ നേരിടേണ്ടി വന്നു. കേരളത്തിലെ മത്സ്യസമ്പത്ത് കുറയ്ക്കുന്നത്​ പക്ഷികളാണെന്നും, അതുപോലെ പരിസര മലിനീകരണം പകർച്ചവ്യാധികൾ, വായുമലിനീകരണം, തണൽ മരങ്ങളുടെ നാശം, ജനങ്ങളുടെ സ്വെെര്യജീവിതം നഷ്​ടമാക്കൽ എന്നിവക്കും ഇവ കാരണമാണ്​ എന്ന അർധസത്യം അടിസ്ഥാനമില്ലാതെ പറയുന്നുണ്ടെങ്കിലും അവർ ചർച്ചയിൽ പറഞ്ഞത്, കാഷ്ഠമാണ് യഥാർത്ഥത്തിൽ വില്ലൻ എന്നാണ്.

ഒരിക്കൽ ഞങ്ങളുടെ സൊസൈറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ നാട്ടിലെത്തിയ മുതിർന്ന രാഷ്ട്രീയനേതാവിന് മുകളിൽ കൂടൊരുക്കുന്ന പക്ഷികളുടെ ‘സ്‌നേഹസമ്മാനം’ കിട്ടി. അത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്തു. തന്റെ പുതിയ വെള്ള ഖദർ വസ്ത്രം പക്ഷിക്കാഷ്ഠം വീണ് വൃത്തികേടായതായിരുന്നു ക്ഷോഭത്തിനുകാരണം. അതുമൂലം ചടങ്ങിൽ പങ്കെടുക്കാൻ അ​ദ്ദേഹത്തിന്​ വലിയ ബുദ്ധിമുട്ടുണ്ടായി. അത് തീർക്കാൻ അദ്ദേഹം എന്റെ വീട്ടിൽ വന്ന് വെല്ലുവിളിയൊക്കെ നടത്തി. നാട്ടിൽ അതെ ചൊല്ലി പല പ്രശ്‌നങ്ങളും ഉണ്ടായി.

അന്ന് എനിക്കദ്ദേഹത്തെ എങ്ങനെ ആശ്വസിപ്പിക്കണം എന്നുപോലും അറിയില്ലായിരുന്നു. അടുത്ത ദിവസത്തിൽ ഇതുമായി ബന്ധപ്പെട്ട് മരം മുറിക്കണം എന്ന ആവശ്യവുമായി പഞ്ചായത്തിൽ യോഗം ചേർന്നു. ഭൂരിഭാഗം ആളുകളും എതിർപക്ഷത്തായിരുന്നിട്ടും നിയമപരമായി വൃക്ഷങ്ങളെ രക്ഷിക്കാൻ പ്രകൃതി സ്നേഹികളായ ഞങ്ങൾക്ക് കഴിഞ്ഞു. തൊട്ടടുത്ത ആഴ്ച, വലിയയൊരു കാറ്റിൽ പക്ഷികൾ ഇരുന്ന മരം മറിഞ്ഞു വീണു, അതോടെ, നാട്ടുകാരുടെ രോഷം ഒരുവിധം അടങ്ങി.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളുടെ ഡാറ്റ സൂക്ഷിക്കുന്ന പുസ്തകമായ Red Data Book (IUCN) ൽ കയറിയ ഒരു പക്ഷിയാണ് ചേരക്കോഴി (oriental darter/ Anhinga melanogaster). ഇവയുടെ
സജീവ സാന്നിധ്യമാണ് കല്ലേറ്റുങ്കരയിലെ ആകർഷണം. പക്ഷികളുടെയും കൂടുകളുടെയും എണ്ണം നാൾക്കുനാൾ കൂടി വരികയും ചെയ്യുന്നു. ലോകത്തു തന്നെ ഇവയുടെ എണ്ണം കുറയുമ്പോൾ ഇവിടെ നല്ല വളർച്ച കാണുന്നത് ആശാവാഹം തന്നെയാണ്​. അത് നമുക്ക് ഒഴിവാക്കാൻ കഴിയില്ല.

മൺസൂണിനുമുമ്പ് ഇവ കൂടൊരുക്കും, അതിനുള്ള സമയക്രമം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇവർ കൂടൊരുക്കി രണ്ടു ദിവസം കഴിഞ്ഞാൽ നല്ല മഴയായിരിക്കും. മഴ പെയ്യാൻ വൈകുന്ന നിലക്ക് കൂടൊരുക്കുന്നതും വൈകും.
‘കേരളത്തിൽ നല്ല മഴയുണ്ടാകും’ എന്ന് കാലാവസ്ഥാ പ്രവചനം പറയുമ്പോഴും ഇവിടെ പക്ഷി കൂടൊരുക്കുന്നില്ലെങ്കിൽ, നാട്ടിൽ അടുത്ത ദിവസങ്ങളിൽ മഴ പെയ്യില്ല. അതേസമയം മഴ കൂടുന്നതിനനുസരിച്ച് കൂടുകളുടെ എണ്ണവും കൂടുന്നത് കാണാം. മഴ, പക്ഷികളുടെ പ്രജനനത്തിന്റെ ഒരു ഭാഗമാണെന്ന്​ ഇതിൽനിന്ന്​ കരുതാം.

അതേ പോലെ, കേരളത്തിൽ ഇവയുടെ എണ്ണം സുസ്ഥിരമാണ്, അല്ലെങ്കിൽ ചെറിയ തോതിൽ വർധനയുണ്ടെന്ന് കാലാകാലങ്ങളിലുള്ള കണക്കെടുപ്പിലൂടെ മനസ്സിലാക്കാം. ജില്ലാ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ആലപ്പുഴയിലെയും തൃശ്ശൂരിലെയും ലൊക്കെഷനുകളിലെ എണ്ണത്തിൽ വ്യതിയാനങ്ങളുണ്ട്​, അത്​ ജില്ലകളിലെ മഴയുടെ തോതിന്റെ അടിസ്ഥാനത്തിലാണ്​. ഒരു ജില്ലയിൽ കൂടുതൽ കൂടൊരുക്കലുണ്ടങ്കിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് അവിടെ മഴ കൂടതലായിരിക്കും.

പൊതുസ്ഥലങ്ങളിലെ പക്ഷി കോളനികൾ ജനശ്രദ്ധയാകർഷിക്കുന്നത് പ്രജനന സമയത്താണ്. ധാരാളം കൂടുകൾ വരികയും അവയുടെ സാന്നിധ്യം സമീപവാസികൾക്ക് ഏറെ ദുഷ്‌ക്കരമാകുകയും ചെയ്യുന്നതാണ് പ്രശ്‌നം. സീസൺ കഴിഞ്ഞാൽ ജനം അത് മറക്കുകയും ചെയ്യും.
പൊതുസ്ഥലങ്ങളിലെ പക്ഷി കോളനികൾ ജനശ്രദ്ധയാകർഷിക്കുന്നത് പ്രജനന സമയത്താണ്. ധാരാളം കൂടുകൾ വരികയും അവയുടെ സാന്നിധ്യം സമീപവാസികൾക്ക് ഏറെ ദുഷ്‌ക്കരമാകുകയും ചെയ്യുന്നതാണ് പ്രശ്‌നം. സീസൺ കഴിഞ്ഞാൽ ജനം അത് മറക്കുകയും ചെയ്യും.

നമ്മുടെ നാട്ടിലെ മൺസൂണിന്റെ ജലചാക്രികത്തിന്റെ സമയക്രമം ഒരളവുവരെ മനസ്സിലാക്കിയവരാണ് ചേരക്കോഴികളും നീർക്കാക്കകളും.

ഏറെക്കുറെ സ്ഥിരവാസികളായ ഈ കൂട്ടങ്ങൾ മറ്റു പക്ഷികളെപ്പോലെ വലിയ ശേഷികളുള്ളവരല്ല, പല കാര്യങ്ങളിലും ദുർബലരുമാണ്. മരക്കമ്പുകളിൽ വിശ്രമിക്കാൻ സാധിക്കുന്ന തരത്തിലല്ല ഇവയുടെ കാലുകളുടെ മാതൃക. താറാവുകളെപ്പോലെയുള്ളതാണ്. കൂടുകളിലിരുന്ന് മറ്റു ഇരപിടിയൻ പക്ഷികളെ പ്രതിരോധിക്കാൻ ഒട്ടും കഴിയില്ല. മറ്റു പക്ഷികൾ തങ്ങളുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുമ്പോൾ ‘കരുതിക്കൂട്ടി വ്യത്തിഹീനമായിരിക്കണം’ എന്ന് കക്ഷി നിർബന്ധം പിടിക്കുന്നു. അതിലൂടെ എല്ലാവരുടേയും ശ്രദ്ധ പക്ഷി ക്ഷണിക്കുന്നുണ്ട്.

എന്റെ വീടിനടുത്ത് ഒരു ചെറിയ ജലാശയമുണ്ട്. അവിടെ ഇവർ സ്ഥിരം വരാറുണ്ട്. കൂടൊരുക്കാനുള്ള അസംസ്‌കൃത വസ്തുകളിൽ ഏറിയ പങ്കും വെള്ളത്തിനടിയിൽ നിന്നാണ് ശേഖരിക്കുന്നത്. ചിലപ്പോഴെല്ലാം മഴയുള്ളപ്പോൾ തെരെത്തെടുത്ത മരച്ചില്ലകളിൽ നിന്ന് ഒടിച്ചെടുക്കുന്നുമുണ്ട്. വെള്ളത്തിനടിയിൽ നിന്നുയരുന്ന ചേരക്കോഴികൾക്ക് തൊട്ടടുത്ത കോളനിയെ കുറിച്ച് ഒരു ഊഹവുമില്ലെന്ന് ഞാൻ കരുതുന്നു. കാരണം, പലപ്പോഴും എതിർ ദിശയിലേക്കാവും അവ പറക്കുക. പക്ഷെ നിശ്ചിത ഉയരത്തിലെത്തിയാൽ പക്ഷി കാറ്റിന്റെയോ വായുമർദ്ദത്തിന്റെയോ ഗതി നിർണയിച്ച് ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചുപറക്കുന്നത് കാണാം.

ജനിച്ചുവീഴുന്ന പക്ഷികളിൽ ഏറിയ പങ്കും കൂട്ടിൽ നിന്ന് താഴെ വീണ് നശിച്ച് പോകുന്നത് പതിവാണ്. ഇവിടെ ഒരു രക്ഷാപ്രവർത്തനത്തിന് അനുകൂല സാഹചര്യം നിലവിലില്ല. തങ്ങളോട്​ ചേർന്നുനിൽക്കുന്ന ഈ പക്ഷികുലത്തെ സംരക്ഷിക്കാൻ സാധിക്കാതെ വരുന്നത് വിധി വൈപരീത്യം തന്നെ. ഈ ജീവിവർഗത്തെ സംരക്ഷിക്കാൻ ഉത്തരവാദിത്തപൂർണമായ നടപടികൾ ആവശ്യമാണ്​.

പൊതുസ്ഥലങ്ങളിലെ പക്ഷിക്കോളനികൾ ജനശ്രദ്ധയാകർഷിക്കുന്നത് പ്രജനന സമയത്താണ്. ധാരാളം കൂടുകൾ വരികയും അവയുടെ സാന്നിധ്യം സമീപവാസികൾക്ക് അസഹ്യമാകുകയും ചെയ്യുന്നതാണ് പ്രശ്‌നം. സീസൺ കഴിഞ്ഞാൽ ജനങ്ങൾ അത് മറക്കുകയും ചെയ്യും.

പൊതുസ്ഥലങ്ങളിൽ കാണുന്ന വളർച്ചയെത്തിയ മരങ്ങളുടെ അവകാശം വനംവകുപ്പിനാണ്​. കൂടൊരുക്കുന്ന സമയത്ത്​ മരങ്ങൾ മുറിക്കുന്നതും ചില്ലകൾ വെട്ടുന്നതും ഉചിതമല്ല. പകരം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, വേനൽക്കാല ആരംഭത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യാം. അതിനായി പഞ്ചായത്തുകളുടെ ഇടപെടലുണ്ടാകണം. ട്രീ കമ്മിറ്റി തീരുമാനമെടുത്ത്​ വനം വകുപ്പ്​ അധികൃതരെ അറിയിച്ച്​ ആവശ്യമായ നടപടികളെടുക്കണം. ഈ സമയത്ത്​ പക്ഷി നിരീക്ഷകർ, വാർഡ് മെമ്പർ, വനം വകുപ്പ്​ അധികൃതർ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കണം.

പക്ഷികൾ കൂടു കൂട്ടുന്ന സമയത്ത്​ മരം മുറിച്ച്​ അവയെ ഇല്ലാതാക്കാം എന്ന ചിന്ത വെടിഞ്ഞ്​ നമ്മളോടൊപ്പം അവരും വളരട്ടെ എന്നതാകണം നിലപാട്. നമ്മുടെ കൺമുന്നിൽ വിഹരിക്കുന്ന ഈ മഴപ്പക്ഷി കുലത്തിന് നമുക്ക് സംരക്ഷണകവചം തീർക്കാനാകണം.


Summary: തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ (കല്ലേറ്റുംകര) പരിസരത്ത് നീർക്കാക്കകളുടെയും ചേരക്കോഴികളുടെയും വിശാലമായ കോളനിയുണ്ട്. ജൂൺ മുതൽ ഒക്ടോബർ വരെ നീളുന്ന പ്രജനനക്കാലം, നാട്ടിൽ സംഘർഷങ്ങളുടെ കൂടി കാലമാണ്​. ജനവാസ മേഖലയിലെ ‘കൊറ്റില്ല’ങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്​ പ്രാദേശിക തലത്തിൽ തന്നെ നടപടികളുണ്ടാകണമെന്ന്​ വാദിക്കുകയാണ്​ പക്ഷിനിരീക്ഷകൻ കൂടിയായ ലേഖകൻ.


Comments