വാതകച്ചോർച്ചയും അഗ്‌നിബാധയും നിത്യസംഭവങ്ങളായ ഏലൂർ- എടയാർ മേഖല രാസദുരന്തത്തിന്റെ വക്കിൽ. ജനുവരി 17ന് അർധരാത്രി 11.40ന് എടയാർ വ്യവസായമേഖലയിലെ ഓറിയോൺ കമ്പനിയിലുണ്ടായ വൻ അഗ്‌നിബാധ, രാസദുരന്തമായി മാറാതിരുന്നത് അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും ഇടപെടൽ മൂലമാണെന്ന് പരിസ്ഥിതി പ്രവർത്തകനും പെരിയാർ മലിനീകരണ വിരുദ്ധ സമിതി നേതാവുമായ പുരുഷൻ ഏലൂർ ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 11ൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
രാസദുരന്തങ്ങളുടെയും തീപിടുത്തിന്റെയും മുഖ്യ ഉത്തരവാദിത്വം ഫാക്ടറീസ് ആന്റ് ബോയിലേഴ്സിനും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ്. ഓറിയോൺ കമ്പനിയിൽ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് പരിശോധനക്കെത്തിയിട്ട് ആറുവർഷം കഴിഞ്ഞു. ഒരിക്കൽ കൊടുത്ത അനുമതിപത്രമനുസരിച്ചാണോ ഈ സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് നോക്കാനുള്ള നിയമപരമായ ബാധ്യതയിൽ നിന്നാണ് ഇവർ ഒഴിഞ്ഞുമാറുന്നത്. ഏലൂരിലെയും എടയാറിലെയും എല്ലാ കമ്പനികളുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെയാണ്. ഈ കമ്പനികളിൽ ഇവർ പരിശോധനക്കെത്തിയിട്ട് വർഷങ്ങളായി. തീപിടുത്തതിനുശേഷം വഴിപാട് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നുമാത്രം. എല്ലാ കമ്പനികളിലും ഗുരുതര സുരക്ഷാവീഴ്ചകളാണ് ഞങ്ങൾക്ക് കണ്ടെത്താനായത്. അതുകൊണ്ടുതന്നെ ഏലൂർ- എടയാർ വ്യവസായ
മേഖലയിൽ അടിയന്തരമായി കെമിക്കൽ സേഫ്റ്റി ഓഡിറ്റ് നടത്തണം.
തീപിടിച്ച കമ്പനിയിലടക്കം എന്താണ് ഉൽപാദിപ്പിച്ചിരുന്നത് എന്ന് മലിനീകരണ നിയന്ത്രണ ബോർഡിനുപോലും പറയാനാകുന്നില്ല. കമ്പനി ഉടമ പറയുന്നതിനപ്പുറമുളള ഒരു വിവരവും ബോർഡിന്റെ കൈവശമില്ലെന്ന് വസ്തുതാന്വേഷണ സംഘത്തിൽ അംഗമായിരുന്ന ലേഖകൻ പറയുന്നു.
ബോർഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തീപിടുത്തത്തെതുടർന്ന് വ്യവസായ മേഖല സന്ദർശിച്ച ശേഷം പറഞ്ഞത്, അവിടെ എന്താ നടക്കുന്നതെന്ന് ഒരു പിടിയുമില്ല എന്നാണ്. അവിടെ കമ്പനിയുടെ ബോർഡുണ്ടായിരുന്നില്ല. മാത്രമല്ല, എന്താണ് ഉൽപാദിപ്പിക്കുന്നത് എന്നോ എന്തൊക്കെ അസംസ്‌കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നോ എഴുതി പ്രദർശിപ്പിച്ചിരുന്നില്ല; മാത്രമല്ല, അന്വേഷണത്തിന് ഉത്തരവാദിത്വപ്പെട്ട ആരും കമ്പനിയിലില്ല എന്നും ഈ ഉദ്യോഗസ്ഥൻ പറയുന്നു.
എടയാർ മേഖലയിലെ എല്ലാ കമ്പനികളും വായു- ജല മലിനീകരണ നിയന്ത്രണ നിയമങ്ങളും പരിസ്ഥിതി സംരക്ഷണ നിയമവും അപകടകരങ്ങളായ മാലിന്യങ്ങളെ സംബന്ധിച്ച നിയമങ്ങളും നഗ്നമായി ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും അതിനെ തടയേണ്ട PCB യാകട്ടെ നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുകയുമാണെന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു.
ഏലൂർ- എടയാർ വ്യവസായ മേഖലയിൽ അടിയന്തരമായി വേണം; കെമിക്കൽ സേഫ്റ്റി ഓഡിറ്റ്: വായിക്കാം, കേൾക്കാം, വെബ്‌സീൻ പാക്കറ്റ് 11ൽ.