കെ. കണ്ണൻ: ‘എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം കേരളം കാസർ കോട്ടേക്ക്' എന്നതാണ്, ദുരിതബാധിതരുടെ അടുത്ത ഘട്ടം സമരത്തിന്റെ ഒരു ടൈറ്റിൽ. ‘കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക്' അതിവേഗം എത്താനുള്ള ഒരു പദ്ധതിയുടെ പണിപ്പുരയിലാണ് നമ്മുടെ സർക്കാർ. വികസനത്തെ മുൻനിർത്തിയുള്ള ഈ അതിവേഗതാ അവകാശവാദത്തെ കൂടി തുറന്നുകാട്ടുന്നതാണ് എൻഡോസൾഫാൻ ബാധിതരുടെ തീരാദുരിതം. എൻഡോസൾഫാൻ ദുരിതബാധിതർക്കായി ചെയ്തുവെന്ന് സർക്കാർ അവകാശപ്പെടുന്ന പദ്ധതികളുടെയും സൗകര്യങ്ങളുടെയും യഥാർഥ അവസ്ഥ എന്താണ്? അവ പ്രയോഗതലത്തിൽ അനുഭവിക്കാൻ അവർക്ക് കഴിയുന്നുണ്ടോ? ഒരു മാസത്തിനിടെ, മൂന്നു കുട്ടികൾക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ കൂടിയാണ് ഈ ചോദ്യം.
എൻ. സുബ്രഹ്മണ്യൻ: എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടിയുള്ള സമരങ്ങളുടെ ഫലമായി വിവിധ ഘട്ടങ്ങളിൽ പലതരം ആശ്വാസ നടപടികൾ പ്രഖ്യാപിക്കപ്പെട്ടിരുന്നു. സൗജന്യ ചികിത്സ, വിദഗ്ധ ചികിത്സക്ക് എം.പാനൽ ചെയ്ത 17 ആശുപത്രികൾ, (സംസ്ഥാനത്തിനകത്തും പുറത്തും) മൊബൈൽ മെഡിക്കൽ ടീം, ഭവന കേന്ദ്രീകൃത സാന്ത്വന ചികിത്സ, ഫിസിയോ തെറാപ്പി സേവനം, രോഗികളെ ആശുപത്രികളിലെത്തിക്കുന്ന യാത്രാ ചെലവ് വഹിക്കാൻ പഞ്ചായത്തുകൾക്ക് പ്രത്യേക ഫണ്ട്, മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഉപകരണ വിതരണം, ആംബുലൻസ് സൗകര്യം, പ്രതിമാസ പെൻഷൻ, സൗജന്യ റേഷൻ , ബഡ്സ് സ്കൂൾ, വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, കിടപ്പ് രോഗികളെ പരിചരിക്കുന്നവർക്ക് 700 രൂപ ആശ്വാസ കിരൺ പദ്ധതി, ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അടിയന്തര ചികിത്സാ സഹായം, പുനരധിവാസത്തിന് കലക്ടറേറ്റിൽ സ്‌പെഷൽ സെൽ, ഭവന പദ്ധതി, മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം, റേഷൻ കാർഡ് ബി.പി.എൽ ആക്കി മാറ്റൽ എന്നിങ്ങനെ നിരവധി പദ്ധതികൾ സർക്കാറുകൾ പ്രഖ്യാപിക്കുകയും ഭാഗികമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ദുരിത ബാധിതർക്കും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി കേരള സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. നിരന്തര സമ്മർദ്ദത്തെ തുടർന്ന് 10 വർഷത്തിലധികമായി നിർമാണത്തിലിരിക്കുന്ന ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ഒരു ന്യൂറോളജിസ്റ്റിനെ നിയമിച്ചിട്ടുണ്ട്.
നേരത്തേ മംഗലാപുരത്തോ മറ്റിടങ്ങളിലോ ഒറ്റ സ്ഥലത്ത് ലഭ്യമായിരുന്ന ചികിത്സാസൗകര്യത്തിന് ഇപ്പോൾ നെട്ടോട്ടമോടേണ്ടുന്ന സ്ഥിതിവിശേഷമാണ് കാസർകോടുള്ളത്.
എന്നാൽ, നടപ്പിലാക്കിയ പദ്ധതികളിൽ പലതും ഇന്ന് കടലാസിൽ മാത്രമാണ്. നിരന്തര സമരങ്ങളിലൂടെ നേടിയെടുത്ത തുച്ഛമായ അവകാശങ്ങൾ പോലും പ്രായോഗികമായി ലഭ്യമല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് എൻഡോ സൾഫാൻ ദുരിതബാധിതർ കടന്നുപോകുന്നത്. 17 ആശുപത്രികളിൽ സൗജന്യ ചികിത്സ, മാസം തോറും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും വീടുകളിൽ ചെന്ന് നടത്തുന്ന പരിശോധന, ആംബുലൻസ് സൗകര്യങ്ങൾ എന്നിവ അനുഭവതലത്തിൽ ഇല്ല.
ആവശ്യമായ ഒരു പരിശോധനാ സൗകര്യവുമൊരുക്കാതെ ന്യൂറോളജിസ്റ്റിനെ നിയമിച്ചതുമൂലം എം.ആർ.ഐ, ഇ.ഇ.ജി തുടങ്ങിയ പരിശോധനകൾ നടത്തണമെങ്കിൽ 100 കി.മീറ്ററിലധികം ദൂരമുള്ള പരിയാരം മെഡിക്കൽ കോളേജിലേക്കയക്കും. അവിടെ വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ ആഴ്ചകൾ കഴിഞ്ഞാണ് സ്കാൻ പോലുള്ളവ ലഭ്യമാക്കുന്നത്. തുടർന്ന് പരിശോധനാ റിപ്പോർട്ടുകളുമായി വീണ്ടും നൂറിലധികം കിലോമീറ്റർ സഞ്ചരിച്ചു വേണം ന്യൂറോളജിസ്റ്റിനെ കാണാൻ. നേരത്തേ മംഗലാപുരത്തോ മറ്റിടങ്ങളിലോ ഒറ്റ സ്ഥലത്ത് ലഭ്യമായിരുന്ന ചികിത്സാസൗകര്യത്തിന് ഇപ്പോൾ നെട്ടോട്ടമോടേണ്ടുന്ന സ്ഥിതിവിശേഷമാണ് കാസർകോടുള്ളത്.
ഉദ്യോഗസ്ഥ തലത്തിലുണ്ടാക്കുന്ന സാങ്കേതിക കുരുക്കുമൂലം വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാകണമെങ്കിൽ പല ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ഓടേണ്ട അവസ്ഥയിലാണ് രോഗികളും ബന്ധുക്കളും. പ്രത്യുൽപ്പാദന വ്യവസ്ഥയെ ബാധിക്കുന്ന രാസവിഷം എന്ന നിലയിൽ തലമുറകളോളം ജനിതക വൈകല്യം സൃഷ്ട്രിക്കാൻ ശേഷിയുള്ളതാണ് എൻഡോ സൾഫാൻ. എന്നാൽ 2017 നു ശേഷം ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കൽ ക്യാമ്പ് നടത്തിയിട്ടില്ല. സമയത്തിന് ആംബുലൻസ് കിട്ടായ്മ, ചികിത്സക്കു പോകണമെങ്കിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ ഓഫീസിൽ നിന്ന് അനുമതിപത്രം വാങ്ങണമെന്ന നിബന്ധന, ദീർഘദൂര സഞ്ചാരത്തിന് വാഹന വാടക കിട്ടാത്ത അവസ്ഥ എന്നിവയെല്ലാം അടിയന്തര ചികിത്സ വൈകിപ്പിക്കാനും രോഗികളെ മരണത്തിലേക്ക് നയിക്കാനും ഇടയാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മൂന്നു കുട്ടികൾക്കാണ് ഇങ്ങനെ ജീവൻ നഷ്ടമായത്.
ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപീകരിക്കപ്പെട്ട എൻഡോസൾഫാൻ വിക്ടിം റെമഡിയേഷൻ സെൽ പുനഃസംഘടിപ്പിച്ചുവെങ്കിലും സെല്ലിന്റെ ആരംഭകാലം മുതൽ അതിൽ ഉൾപ്പെടുത്തിയിരുന്ന ദുരിതബാധിതരുടെ സംഘടനാപ്രതിനിധികളെയൊക്കെ ഒഴിവാക്കിയിരിക്കുകയാണ്.
ജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും പറയാനിടമില്ലാതെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇരകൾ കൂടിയായി മാറിയിരിക്കുകയാണ് ദുരിതബാധിതർ.
വീടില്ലാത്ത ദുരിതബാധിതർ വീട്ടുവാടക പോലും കൊടുക്കാൻ ഗതിയില്ലാതെ ഈ കോവിഡ് കാലത്ത് അലയുമ്പോഴും സത്യസായി ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പുല്ലൂർ - പെരിയ, എൻമകജെ പഞ്ചായത്തുകളിലായി നിർമാണം പൂർത്തീകരിച്ച 50 ഓളം വീടുകൾ മൂന്നു വർഷമായി കാടുമൂടിക്കിടക്കുകയാണ്. അത് പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്യാൻ സർക്കാർ സന്നദ്ധമാകുന്നില്ല.
ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാതെ പിന്നീട് കോടതിയലക്ഷ്യ നടപടികൾ നേരിട്ടിട്ടും പൂർണമായും നഷ്ടപരിഹാരം വിതരണം ചെയ്യാൻ സർക്കാർ നടപടിയെടുക്കുന്നില്ല.
വർഷങ്ങൾക്കുമുമ്പ് നടത്തിയ മെഡിക്കൽ ക്യാമ്പുകളിൽ ദുരിതബാധിതരായി കണ്ടത്തിയവരെ (2011 ൽ പട്ടികയിൽ പെടുത്തി സർക്കാർ ഉത്തരവിറക്കിയ 1318 പേരിൽ 610 പേരെ) ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർക്ക് ചികിത്സാ ആനുകൂല്യങ്ങൾ പോലും നൽകുന്നില്ല. 2017 ൽ അർഹതയുണ്ടെന്ന് കണ്ടെത്തിയ 1031 ദുരിതബാധിതരും ലിസ്റ്റിൽ നിന്ന് പുറത്തുതന്നെ. ഇവരെയൊക്കെ ഉൾപ്പെടുത്തി ലിസ്റ്റ് പരിഷ്‌കരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.
ആവശ്യമായ ചികിത്സ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ചുതീരുമ്പോഴും സർക്കാർ വാഗ്ദാനം ചെയ്ത മെഡിക്കൽ ക്യാമ്പ് നടത്താൻ തയ്യാറാകുന്നില്ല.
സൗജന്യ റേഷൻ പദ്ധതി ഇപ്പോഴില്ല. ദുരിതബാധിതർക്ക് വരുമാന പരിധി നോക്കാതെ നൽകിയിരിക്കുന്ന ബി.പി.എൽ കാർഡുകൾ പകുതിയിലധികം പിൻവലിക്കപ്പെട്ടു കഴിഞ്ഞു. രോഗികൾക്കും കിടപ്പുരോഗികൾക്കും നൽകുന്ന പ്രതിമാസ പെൻഷൻ മുഴുവൻ അർഹർക്കും വിതരണം ചെയ്യുന്നില്ല. മറ്റെല്ലാ ക്ഷേമ പെൻഷനുകളും വർധിപ്പിക്കുമ്പോഴും ഇവർക്ക് ആൻപാതികമായ വർധനവ് അവദിക്കുന്നില്ല. 1700, 700 രൂപ തോതിലാണ് ഇപ്പോഴും പെൻഷൻ.
ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാതെ പിന്നീട് കോടതിയലക്ഷ്യ നടപടികൾ നേരിട്ടിട്ടും പൂർണമായും നഷ്ടപരിഹാരം വിതരണം ചെയ്യാൻ സർക്കാർ നടപടിയെടുക്കുന്നില്ല. 217 കോടി രൂപയോളം ഇനിയും വിതരണം ചെയ്യാൻ ബാക്കിയുണ്ട്. കോടതിയലക്ഷ്യ നടപടികളുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ദുരിതബാധിതർ.
എൻഡോസൾഫാൻ സൃഷ്ടിച്ച ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് തുടർപഠനത്തിന്റെ ആവശ്യമുണ്ടെന്ന് വിവിധ പഠനസംഘങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഗവേഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന എയിംസ് കാസർഗോഡ് സ്ഥാപിക്കപ്പെടുകയാണെങ്കിൽ അത് ദുരിതബാധിതർക്ക് ആശ്വാസമാകും. ഈ സാഹചര്യത്തിലാണ്, മേൽപറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരരംഗത്തേക്കിറങ്ങാൻ നിർബ്ബന്ധിക്കപ്പെട്ടിരിക്കുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സാ പ്രശ്നങ്ങൾ അനുദിനം അതീവ ഗുരുതരമാകുകയാണ്. ഇതിന്റെ ഭാഗമായാണ് പൂർണ സജ്ജമായ മെഡിക്കൽ കോളേജ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തുടങ്ങിയ ആവശ്യങ്ങളുയരുന്നത്. മെഡിക്കൽ കോളേജിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നതിനേക്കാളേറെ, കാൽ നൂറ്റാണ്ടായി തുടരുന്ന, ഭാവിയിലേക്കു കൂടി പടരാൻ സാധ്യതയുള്ള എൻഡോസൾഫാൻ ദുരിതത്തിന്റെ സ്ഥായിയായ പരിഹാരത്തിന് ആവശ്യമായ ശാസ്ത്രീയ ഗവേഷണവും പഠനങ്ങളും അനിവാര്യമാണ്. ഒരു പ്രദേശത്തിന്റെ മനുഷ്യവകാശ സംബന്ധമായ ഇത്തരം ആവശ്യങ്ങളോട് നമ്മുടെ ബ്യൂറോക്രസിയും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങളും പുലർത്തുന്ന ക്രൂരമായ അവഗണനയെ നേരിടാൻ ഇപ്പോഴത്തെ സമരമാർഗങ്ങൾ പര്യാപ്തമാണോ?
സർക്കാർ- രാഷ്ട്രീയ തലങ്ങളിലും മെഡിക്കൽ തലത്തിലും നേരിടുന്ന ക്രൂരമായ അവഗണനകളെ നേരിടാൻ ഇന്നത്തെ സമരപ്രവർത്തനങ്ങൾ പര്യാപ്തമാണോ എന്ന ചോദ്യമുണ്ട്.
തുടർച്ചയായി 2 വർഷത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ലാത്ത ഒരു കീടനാശിനി കാൽനൂറ്റാണ്ടുകാലം അനുവദനീയമായതിലും എത്രയോ മീറ്റർ പരിധിയിൽ നിന്ന് തുടർച്ചയായി തളിച്ചതു മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ അതർഹിക്കുന്ന ഗൗരവത്തോടെ പഠിക്കാൻ നമ്മുടെ ശാസ്ത്രസമൂഹമോ സർക്കാർ സംവിധാനങ്ങളോ തയ്യാറായിട്ടില്ല. എൻഡോസൾഫാൻ എന്ന രാസവസ്തുവിന്റെ അറിയപ്പെട്ട സ്വഭാവങ്ങളെല്ലാം തെറ്റെന്നു തെളിയിക്കുന്ന തരത്തിലാണ് മണ്ണിലും ജലത്തിലും ഇലകളിലും മനുഷ്യരക്തത്തിലുമൊക്കെ അതിന്റെ സാന്നിദ്ധ്യം കാസർകോടൻ മേഖലകളിൽ കണ്ടെത്തിയത്. 2001-02 ലെ ലെ NIOH റിപ്പോർട്ടിലും Fl P PAT (Fredric Institute of Plant Protection and Toxicology) 2001 ൽ നടത്തിയ പഠനത്തിലും 2001 ലെ സി.ഇ.എസ് പഠനത്തിലും 2001 ലെ കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റി പഠനത്തിലും 2012ലെ മണിപ്പാൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി പഠനത്തിലുമൊക്കെ എൻഡോസൾഫാന്റെ അനുവദനീയമായതിലും എത്രയോ കൂടുതൽ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മണ്ണിൽ വീണാൽ 15 ദിവസത്തിനുള്ളിൽ വിഘടിച്ചു പോകുമെന്നു പറയുന്ന ഈ രാസവസ്തു ദീർഘകാലം ഈ പ്രദേശത്ത് നിലനിൽക്കുന്നതിനെക്കുറിച്ചും ഉപയോഗിച്ച് വർഷങ്ങൾക്കുശേഷവും കാണപ്പെടാനിടയായ പാരിസ്ഥിതിക - കാലാവസ്ഥ- ഭൗമ- ഹൈഡ്രോളജി - ശാരീരിക പ്രത്യേകതകളെക്കുറിച്ചും വിപുലമായ ശാസ്ത്രീയപഠനങ്ങൾക്കുള്ള അവസരമാണ് കാസർകോട്ട് നഷ്ടപ്പെടുത്തിയത്. പഠനം നടത്തിയ പല സംഘങ്ങളും അത്തരം തുടർപഠനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അതൊന്നും വേണ്ട രീതിയിൽ പരിഗണിക്കപ്പെടാതെ പോയി. ഒരു ഉദ്ബുദ്ധസമൂഹമെന്ന മലയാളി നാട്യത്തിന്റെ മുഖത്തേറ്റ ഒരടിയാണിത്.
സമാനമായ കെമിക്കൽ ദുരന്തം നടന്ന ജപ്പാനിലെ മീനമാതയിലെ ഇരകൾക്ക് പ്രത്യേക ഡിപ്പാർട്ട്‌മെന്റുകളടക്കം രൂപീകരിച്ച് നിരവധി പ്രത്യേക ആശ്വാസ പദ്ധതികളും ഉയർന്ന നഷ്ടപരിഹാരങ്ങളും ലഭ്യമാക്കിയതിന്റെ ചരിത്രാനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. Polluter pay തത്വപ്രകാരം ഉയർന്ന നഷ്ടപരിഹാരം കീടനാശിനി കമ്പനികളിൽ നിന്ന് ഈടാക്കാനോ അവരെ നിയമനടപടികൾക്ക് വിധേയരാക്കാനോ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തയ്യാറായില്ല. ദേശീയമനുഷ്യാവകാശ കമീഷനും സുപ്രീംകോടതിയും നൽകണമെന്നാവശ്യപ്പെട്ട പരിമിതമായ ആശ്വാസ നടപടികൾ പോലും ദശകങ്ങൾക്കുശേഷവും ദുരിത ബാധിതർക്ക് ലഭ്യമാക്കാൻ കേരളീയ പൊതു സമൂഹത്തിന് കഴിഞ്ഞില്ല എന്നതും ലജ്ജാകരമാണ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.