മുണ്ടക്കൈ- ചൂരൽമല
ഉരുൾപൊട്ടലിന്റെ കാരണങ്ങൾ,
കാലാവസ്ഥാ വ്യതിയാനത്തെ
നേരിടാനുള്ള വഴികൾ

2024 ജൂലൈ 30ന് വയനാട്ടിലുണ്ടായ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന്റെ സമഗ്രമായ ശാസ്ത്രീയ വിശകലനം. കേരളത്തിന്റെ കാലാവസ്ഥയിൽ സംഭവിക്കുന്ന അതിദ്രുത മാറ്റങ്ങളുടെ പ്രത്യാഘാതങ്ങളും മുന്നറിയിപ്പുകൾ അവഗണിക്കുന്നതിന്റെ അപകടങ്ങളും ഭാവിയിൽ ഇത്തരം ദുരന്തങ്ങളുടെ അപകടസാധ്യത ലഘൂകരിക്കാനുള്ള മാർഗങ്ങളും പരിശോധിക്കുന്നു, പ്രൊഫ. സി.പി. രാജേന്ദ്രൻ.

ഴക്കാലത്തെ മറ്റേതൊരു ദിവസത്തെയും പോലെയായിരുന്നു അത്. 2024 ജൂലൈ 29-ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, വയനാട് ജില്ലയിലെ, പശ്ചിമഘട്ടത്തിലെ വെള്ളരിമല കുന്നിൻ പ്രദേശങ്ങളിലെ ആളുകൾക്ക് എന്താണ് കാത്തിരിക്കുന്നതെന്ന് അറിയില്ലായിരുന്നു. തങ്ങളുടെ കാലിനടിയിലെ മണ്ണ് പതുക്കെ മാറാൻ തുടങ്ങിയെന്ന് അവർക്ക് മനസ്സിലായില്ല. ജൂലൈ 30-ന് പുലർച്ചെ മണ്ണ് പൂർണ്ണമായും ഇടിഞ്ഞുവീണു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായി അത് മാറി. ഏറ്റവും വിനാശകരമായ ആദ്യ സംഭവം ഒരു മണിയോടെയും ചെളിവെള്ളവും കൂറ്റൻ പാറക്കല്ലുകളും ഒഴുകിയെത്തിയ രണ്ടാമത്തെ സംഭവം 4.30നും. ഈ ഇരട്ട സംഭവങ്ങൾ; മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ജനവാസ കേന്ദ്രങ്ങളെ തുടച്ചുനീക്കി, 298 പേർ മരിച്ചു, പലരെയും ഇപ്പോഴും കാണാനില്ല. നാശത്തിന്റെ പാത അവശേഷിപ്പിക്കുകയും പച്ചപ്പ് നിറഞ്ഞ കുന്നിൻ പ്രദേശത്തെ മരണത്തിന്റെ താഴ് വരയാക്കുകയും ചെയ്തു.

നദീതീരത്തുള്ള പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരൽമല ജനവാസ കേന്ദ്രങ്ങളെ അവശിഷ്ടങ്ങളുടെ ഒഴുക്ക് ബാധിച്ചു. വെള്ളോലിപ്പാറ മലയിൽ 76.134982°E രേഖാംശത്തിലും 11.465104°N 98 അക്ഷാംശത്തിലുമാണ് ഉരുൾപൊട്ടൽ നടന്നത്. ഉരുൾപൊട്ടൽ വലിയ അളവിൽ അവശിഷ്ടങ്ങൾ സൃഷ്ടിച്ചു. ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ ഒഴുകിയെത്തിയ ദൂരം, ഉപഗ്രഹ ഡാറ്റ അനുസരിച്ച്, ഏകദേശം 8 കിലോമീറ്ററാണ്. ഇത് ഈ മൂന്ന് ഗ്രാമങ്ങളെയും വിനാശകരമായി ബാധിച്ചു. അവശിഷ്ട പ്രവാഹത്തിന് ഉടനടി കാരണമായത് അതിശക്തമായ മഴയായിരുന്നു.

ഉരുൾപൊട്ടലിന് കാരണമായതെന്ത്?

കാലാവസ്ഥയിൽ വന്ന മാറ്റങ്ങളാണ് കേരളത്തിലെ കനത്ത ഉരുൾപൊട്ടലിന് പ്രധാന കാരണമെന്ന് പറയാം. കുറഞ്ഞ സമയത്തിനുള്ളിൽ ലഭിക്കുന്ന അധിക മഴ, അന്തരീക്ഷ ഈർപ്പത്തിലെ വർദ്ധനവ് തുടങ്ങിയവയാണ് ഘടകങ്ങൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവയുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മഴയുടെ തീവ്രതയ്ക്ക് പുറമേ, മേൽമണ്ണിന്റെ വിവിധ സ്വഭാവങ്ങളും ഉരുൾപൊട്ടലിനെ സ്വാധീനിക്കും. ഉദാഹരണത്തിന്, മണ്ണിന്റെ ഘടന, നീരിറക്കശേഷി (soil sructure, drainage, shear strength etc) എന്നിവ നിർണായക സ്വാധീനഘടകങ്ങളാണ്.

ഇന്ത്യയുടെ ഉരുൾപൊട്ടൽ സംവേദകത്വ ഭൂപടം (Indian Landslide Susceptabiltiy Map- ILSM) വികസിപ്പിച്ചെടുത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എഞ്ചിനീയറിംഗ് വകുപ്പിലെയും യാർഡി സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും ഗവേഷകർ ഇന്ത്യയുടെ 4.75% ഭൂപ്രദേശങ്ങളും ഉരുൾപൊട്ടലിന് കൂടുതൽ സാധ്യതയുള്ളവയായി കണ്ടെത്തിയിട്ടുണ്ട്.

ഹിമാലയൻ മേഖലയ്ക്ക് പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ, ഉരുൾപൊട്ടൽ സാധ്യത ഏറ്റവും ഉയർന്ന സംസ്ഥാനം കേരളമാണ്. ഈ സാധ്യതാ ഭൂപടം അനുസരിച്ച് കേരളത്തിൽ യഥാക്രമം 3300, 2886 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉയർന്നതും മിതമായതുമായ ഉരുൾപൊട്ടലിന് സാധ്യതയുള്ളതാണ്. വയനാട്, ഇടുക്കി ജില്ലകളിലാണ് പ്രധാന ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്.

കുറഞ്ഞ സമയത്തേക്ക് മാത്രം ലഭിക്കുന്ന കനത്ത മഴ, അന്തരീക്ഷത്തിലെ ഈർപ്പവർദ്ധനവ് തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കേരളത്തിൽ കനത്ത ഉരുൾപൊട്ടലുകൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. പ്രദേശത്തിന്റെ ചരിവ്, ചെങ്കുത്തായ കുന്നിൻ ചരിവു കൾ, പാറയ്ക്ക് മുകളിലുള്ള മണ്ണിന്റെ കനം, മണ്ണിന്റെ ഘടനയുടെ സമഗ്രത, ഒരു നിശ്ചിത പ്രദേശത്തെ നീർച്ചാലുകളുടെ സാന്ദ്രത എന്നീ പ്രകൃതിദത്ത ഘടകങ്ങൾ ഇതര ബാഹ്യ സമ്മർദ്ദവുമായി ചേർന്ന് പ്രാദേശിക ഭൂപ്രകൃതിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു.

ഭൂവിനിയോഗവും നിർമ്മാണപ്രവർത്തനങ്ങളും മൂലം ഭൂപ്രകൃതി, മണ്ണ്, ജലനിർഗ്ഗമന മാർഗ്ഗങ്ങൾ എന്നിവയിലുണ്ടാക്കുന്ന മാറ്റങ്ങളോടൊപ്പം കാർഷിക പ്രവർത്തനങ്ങളുടെയും നിർമ്മിതി പ്രദേശങ്ങളുടെയും വ്യാപ്തി തുടങ്ങിയ മനുഷ്യ ഇടപെടലുകളുടെ തോത് അനുസരിച്ചാണ് ബാഹ്യ സമ്മർദ്ദം സാധാരണയായി നിർണ്ണയിക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലം മുതൽ ആരംഭിച്ച വനനശീകരണം - തേയില, റബ്ബർ, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകൾക്കായി ഭൂമി വെട്ടിത്തെളിക്കൽ ഇന്നും തുടരുന്നു. മണ്ണിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട വനവൃക്ഷങ്ങളുടെ വേരുകൾ ദ്രവിച്ചിരിക്കുന്നത് മണ്ണിനടിയിലെ തുരങ്ക (soil piping) പ്രതിഭാസങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു. അതുപോലെത്തന്നെ ജൈവപുതയിടൽ കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമാകാതിരിക്കുന്നതിലൂടെ മണ്ണിന്റെ ജൈവാംശം വളരെയധികം നഷ്ടപ്പെടുന്നത് ജലവാഹകശേഷി (hydraulic conductivity) സുഗമമാക്കുന്നു. ഈ ഘടകങ്ങൾക്കൊപ്പം, അശാസ്ത്രീയ നിർമ്മാണരീതികളും ക്വാറികളും ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണമായിത്തീർന്നിരിക്കാം.

20 വർഷത്തെ ആയുസ്സിനുശേഷം മുറിച്ചുമാറ്റപ്പെടുന്ന റബ്ബർ മരങ്ങൾക്കു പകരം പുതിയ തൈകൾ നട്ടുപിടിപ്പിക്കുമ്പോൾ ചരിവുകളുടെ ദൃഢതയ്ക്ക് (slope stability) കോട്ടം സംഭവിക്കുന്നു. യന്ത്രങ്ങൾ ഉപയോഗിച്ച് മഴക്കുഴികൾ നിർമ്മിക്കുന്നതും നടീൽവസ്തുക്കൾകുഴിച്ചിടുന്നതും മഴവെള്ളത്തിന്റെ ഉപരിതല ഒഴുക്ക് സുഗമമാക്കുന്നതിനുപകരം താഴോട്ടുള്ള നീരിറക്കത്തെ ഉത്തേജിപ്പിക്കുന്നു.

അനുയോജ്യമല്ലാത്ത ഇടങ്ങളിലുള്ള വീടുനിർമ്മാണം, ഉരുളൻ കല്ലുകളുപയോഗിച്ചുള്ള ബണ്ടുകളുടെയും മതിലുകളുടെയും നിർമ്മാണം എന്നിവ ജലനിർഗ്ഗമന പാതകൾക്ക് തടസ്സം സൃഷ്ടിക്കുകയും സ്വാഭാവിക ഉപരിതല ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കർശനമായ ഭൂവിനിയോഗനയങ്ങൾ പ്രയോഗിക്കാൻ വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ട് (Ajinteal. Geo environmental Distsaers (2022) 9:16 tthps://doi.org/10.1186/s40677022002181).

നിലവിൽ, ലഭ്യമായ ഉരുൾപൊട്ടൽ അപകട സാധ്യതാ ഭൂപടം (ഉദാ. വയനാട് ജില്ല) ഉരുൾപൊട്ടൽ സംഭവിക്കാവുന്ന വിശാലമായ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് നൽകുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള സവിശേഷ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അല്ലെങ്കിൽ സാധ്യതയുള്ള ഒഴുക്കുപാത എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല

സംയോജിത ഘടകങ്ങൾ

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ഉറവിടമേഖല ആഗ്നേയ ശിലകളുടെ (ചാർനോക്കൈറ്റ്-മിഗ്മാറ്റൈറ്റ്) പ്രബലമായ കൂട്ടമാണ്. ഈ മേഖലയിലെ ദുർബലമായ സമതലങ്ങൾ NWSE, SESW സംയോജിത സന്ധികളിലൂടെ രൂപം കൊള്ളുന്നുവെന്ന് ഭൂമിശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. അടിപ്പാറകൾ (basement rock) അടരുകളുടെ രൂപത്തിലുള്ളതും നിരവധി സന്ധികൾ ചേർന്നതുമാണ്. കൂടാതെ സമാന്തര സന്ധികളുടെ കൂട്ടം ഭൂഗർഭ ജലനിർഗമനത്തിനുള്ള ചാലുകളായി പ്രവർത്തിക്കുകയും ചെയ്യുന്നു (Girish Gopinath et al., 2024 a and b). മുണ്ടക്കൈ മേഖലയിലെ, നദീതീരത്ത് തുറന്നിരിക്കുന്ന, ആഴത്തിലുള്ള ചുവന്ന മണ്ണ് അപക്ഷയത്തിലൂടെ സംഭവിച്ച ഉയർന്ന തോതിലുള്ള മാറ്റങ്ങളെ സൂചിപ്പിക്കുന്നു. അതു പോലെത്തന്നെ ഉരുൾപൊട്ടൽ ഉറവിടത്തിന്റെ മുകൾ ഭാഗം തുറന്നിരിക്കുന്ന അടിത്തട്ട് പാറയെ കാണിക്കുന്നു. ഈ കല്ലട്ടികളിൽ (litho uni) ഉയർന്ന തോതിൽ അഭ്രാംശങ്ങൾ (feldspar) അടങ്ങിയിട്ടുള്ളതിനാൽ, അവ കയോലിൻ സമ്പുഷ്ട കളിമണ്ണായി മാറുകയും ജലത്തിന്റെ താഴേക്കുള്ള നീരൊഴുക്ക് കുറയ്ക്കുകയും ചെയ്യുന്നു. ഇതുകാരണം ഈ മണ്ണിന് ഒരേസമയം ചെറിയ അളവിൽ ജലം ആഗിരണം ചെയ്യാനും ഒഴുക്കിവിടാനുമുള്ള ശേഷിയുണ്ടായിരിക്കും. ഈ പ്രദേശത്തെ മണ്ണിന്റെ കനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് എന്നത് മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു. തൽഫലമായി, ജലപൂരിതാവസ്ഥയിൽ മണ്ണിന്റെ ദൃഢത നഷ്ടപ്പെടുകയും ഉരുൾപൊട്ടലിന് കാരണമാവുകയും ചെയ്യുന്നു. അടിപ്പാറയും ഉപരിതല പാറയും തമ്മിലുള്ള സമ്പർക്കമുഖത്താണ് ഇത്തരത്തിൽ പ്രാരംഭ വിച്ഛേദനം സംഭവിച്ചതെന്ന് കരുതാം.

മഴയുടെ തീവ്രത

മുണ്ടക്കൈയിൽ ഉരുൾപൊട്ടലിന് മഴയുടെ തീവ്രത പ്രധാന ഘടകമാണ്. താഴേക്ക് ഒലിച്ചിറങ്ങിയ ജലം മണ്ണിലെ സുഷിര-ജല മർദ്ദം വർദ്ധിപ്പിക്കുന്നതിനും, മണ്ണിന്റെ മൊത്തത്തിലുള്ള ശക്തി കുറയ്ക്കുന്നതിനും കാരണമാകുന്നു. ഈ പ്രദേശത്ത് 250 മുതൽ 260 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായി റിപ്പോർട്ടുണ്ട്. 2024 ജൂലൈ 29-30 തീയതികളിൽ 586 മില്ലിമീറ്റർ മഴ ലഭിച്ചതായി ഏറ്റവും അടുത്തുള്ള കാലാവസ്ഥാകേന്ദ്രം റിപ്പോർട്ട് ചെയ്തു. പ്രദേശ ത്തിന്റെ വാർഷിക മഴയുടെ 6% ആണ് രണ്ട് ദിവസത്തിനുള്ളിൽ പെയ്തത് (ചിത്രങ്ങൾ 3a, b).

വേൾഡ് വെതർ ആട്രിബ്യൂഷൻ (WWA) പഠനം കാണിക്കുന്നത്, 2019-ലും 1924-ലുമാണ് ഈ മേഖലയിൽ ഏറ്റവും ശക്തമായ മഴപ്പെയ്ത്തുണ്ടായതെന്നാണ്. ഈ പ്രദേശത്തെ മൂന്നാമത്തെ ഏറ്റവും ശക്തമായ മഴക്കാലമായിരുന്നു ഇത്. വാർഷിക മഴപ്പെയ്ത്തിന്റെ 10% ആയിരുന്നു ഒറ്റയടിക്ക് പെയ്തത്. അത് ഉരുൾപൊട്ടലിന് കാരണമായി മാറിയെന്ന് അലി യൂനുസും മറ്റുള്ളവരും നടത്തിയ പഠനം സൂചിപ്പിക്കുന്നു (as reported Ali P Yunus, K S Sajinkumar, Girish Gopinath, et al., 2024). ഈ റിപ്പോർട്ട് ഊന്നിപ്പറയാൻ ശ്രമിച്ചത്, കനത്ത മഴ ഉയർന്ന ജലവിതാനം സൃഷ്ടിക്കുകയും ഭൂഗർഭജല വിതാനം വർധിച്ച തോതിൽ ഉയരുകയും ചെയ്തു എന്നുമാണ്. ഭൂഗർഭ ജലവിതാനം ചരിവ് പ്രതലത്തിൽ സ്പർശിക്കുന്നത് നിർണായകമാണ്. ചരിവിന്റെ മറ്റൊരു ഭാഗം വരണ്ടതാണെങ്കിൽ കൂടിയും അത് വൻതോതിലുള്ള ഉരുൾപൊട്ടലിന് കാരണമായി മാറുന്നു.

ചിത്രങ്ങൾ 3a, b: a). മുണ്ടക്കൈ- ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതിന്റെ എട്ടു കിലോമീറ്റർ അകലെയുള്ള കള്ളാടി സ്റ്റേഷനിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് (data from Kerala- WRIS). b). Corrected hourly rainfall data (Ali P Yunus, K S Sajinkumar, Girish Gopinath, et al., 2024).
ചിത്രങ്ങൾ 3a, b: a). മുണ്ടക്കൈ- ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതിന്റെ എട്ടു കിലോമീറ്റർ അകലെയുള്ള കള്ളാടി സ്റ്റേഷനിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് (data from Kerala- WRIS). b). Corrected hourly rainfall data (Ali P Yunus, K S Sajinkumar, Girish Gopinath, et al., 2024).

ഭൂഗർഭ ജലവിതാനം ഉയരുന്നതിലൂടെ ചരിഞ്ഞ പ്രദേശങ്ങളുടെ ദൃഢതയ്ക്ക് സംഭവിക്കുന്ന തകർച്ച ഒരു ഉരുൾപൊട്ടലിലേക്ക് നയിക്കാൻ ഒന്നോ അതിൽ കൂടൂതൽ ദിവസങ്ങളോ വേണ്ടിവരും. അതായത് ഭൂഗർഭ ജലവിതാനത്തിൽ നിന്നു വേറിട്ട് നിൽക്കുന്ന പ്രാദേശിക ജലവിതാനങ്ങളിലേക്ക് ഉപരിതല ജലം കിനിഞ്ഞിറക്കാനാവശ്യമായ സമയം. തീവ്ര മഴയോടൊപ്പം ഒരേ ഉറവിടമേഖലയിൽ ചെറിയ ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്. താഴേക്ക് 5 കിലോമീറ്റർ ദൂരം വരെ അതിന്റെ ആഘാതം എത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020-ൽ നടന്ന ഉരുൾപൊട്ടലും അതിനെത്തുടർന്ന് സംഭവിച്ച മണ്ണൊലിപ്പുമാണ് 2024-ലെ ഉരുൾപൊട്ടലിന് വഴിതെളിയിച്ചതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നായി കണക്കാക്കാം.

2024 ജൂലൈ 29, 30 തീയതികളിലെ തീവ്രമഴയിൽ (ചിത്രം- 3a, b), വെള്ളം നിലവിലുള്ള വിള്ളലുകളിലേക്ക് നുഴഞ്ഞുകയറി, ചരിവ് ജലപൂരിതമാക്കുകയും അതിന്റെ അസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്തു. അങ്ങനെ, ഉയർന്ന ജലമർദ്ദം (2024 ജൂലൈ 30-ന്) പാറക്കൂട്ടത്തിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായി. ഏകദേശം 86,000 ചതുരശ്ര മീറ്റർ ഭൂമി താഴേക്ക് ഇടിഞ്ഞമർന്നു. ആഘാതപ്രദേശത്തിന് സമീപം ഒഴുകുന്ന ചാലിയാർ നദിയുടെ പ്രധാന പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴയുടെ ഗതിയിലൂടെ മുകൾത്തട്ടിൽ (crown zone) നിന്നുള്ള മണ്ണും പാറക്കഷണങ്ങളും ഏകദേശം 8 കിലോമീറ്റർ അകലെ വരെ ഒഴുകിപ്പരന്നു.

മുണ്ടക്കൈ, കവളപ്പാറ പോലുള്ള സ്ഥലങ്ങളിൽ 62 വർഷമായി (1960- 2022) ആവർത്തിച്ചുള്ള ഉരുൾപൊട്ടൽ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗ മേഖലാവിഭജനം തയ്യാറാക്കുമ്പോൾ പരിഗണിക്കേണ്ട ഒരു വശമാണിത്.

2024 ജൂലൈയിലെ ഉരുൾപൊട്ടലിൽ ഒന്നിലധികം സംഭവങ്ങൾ ഉൾപ്പെടുന്നു, ജലസംഭരണികൾ പൊട്ടിത്തെറിക്കുന്നതിന്റെ ആഘാതം ഉൾപ്പെടെയുള്ള ഭൗമപ്രക്രിയകളുടെ ഒരു നൈരന്തര്യം (cascading chain) മൂലമാണ് ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്നു. (Ali P Yunus, K S Sajinkumar, Girish Gopinath, et al., 2024). രണ്ടു ഘട്ടങ്ങളിലായാണ് ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായത്. ആദ്യം ജൂലൈ 30-ന് പുലർച്ചെ ഒരു മണി മുതൽ 1.15 വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന് പുലർച്ചെ നാലു മണിയോടെ രണ്ടാമത്തെ സംഭവം ഉണ്ടായി. ആദ്യ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ നദിയിൽ താൽക്കാലിക തടസ്സങ്ങളും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയും ഉണ്ടാക്കിയിരിക്കാമെന്ന അനുമാനത്തിലേക്ക് ഈ സംഭവങ്ങളുടെ ക്രമം നയിച്ചു.

അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ

കേരള സർക്കാർ (G.O.(Rt) no.2374/2009/DMD dated 17-7-2009) രൂപീകരിച്ച വിദഗ്ദ്ധ സമിതി 2009-ൽ വയനാട്ടിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഈ പ്രദേശത്ത് ഉരുൾപൊട്ടലിന് കാരണമാകുന്ന നിരവധി ഘടകങ്ങൾ അവർ തിരിച്ചറിഞ്ഞു. (അടുത്തിടെ ഉരുൾപൊട്ടൽ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ട) വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ സ്ഥലങ്ങളും വിദഗ്ദ്ധ സമിതി സന്ദർശിച്ചു. മഴവെള്ളം ഒഴുകിപ്പോകാൻ ശരിയായ ഓവുചാലുകൾ ഇല്ലെന്ന് സമിതി കണ്ടെത്തി. ഈ പ്രദേശത്ത് വളരെ ഉയർന്ന മഴ ലഭിക്കുന്നുണ്ടെന്നും, മുഴുവൻ മഴവെള്ളവും മണ്ണിലേക്ക് ഒലിച്ചിറങ്ങുന്നത് മണ്ണിടിച്ചിലിനും മൺദ്വാരങ്ങളിലൂടെയുള്ള മണ്ണൊലിപ്പിനും (soil piping) കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. മുണ്ടക്കൈ ദുരന്തത്തിന്റെ ഉറവിടപ്രദേശം ദീർഘനേരം നീണ്ടുനിൽക്കുന്ന ആഴത്തിലുള്ള മണ്ണിടിച്ചിലുകൾക്ക് കാരണമാകുമെന്ന് പ്രദേശത്തെ മുൻ അനുഭവങ്ങൾ സൂചിപ്പിക്കുന്നു. മുണ്ടക്കൈ, കവളപ്പാറ പോലുള്ള സ്ഥലങ്ങളിൽ 62 വർഷമായി (1960- 2022) ആവർത്തിച്ചുള്ള ഉരുൾപൊട്ടൽ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് (പട്ടിക 1). ഉരുൾ പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗ മേഖലാവിഭജനം തയ്യാറാക്കുമ്പോൾ പരിഗണിക്കേണ്ട ഒരു വശമാണിത്. ജൂലൈ 30-ലെ മുണ്ടക്കൈ സംഭവത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളും മരണങ്ങളും തെളിയിക്കുന്ന ഈ വശങ്ങൾ അധികാരികൾ അവഗണിച്ചതായി മനസ്സിലാക്കാം.

കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍  (Girish Gopinath et al., 2024b)
കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ (Girish Gopinath et al., 2024b)

മുണ്ടക്കൈയിൽ 1984-ൽ ഉണ്ടായ ഉരുൾപൊട്ടലിൽ 14 പേർ കൊല്ലപ്പെടുകയും കൃഷിഭൂമി നശിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, NRSC പുറത്തുവിട്ട ഉപഗ്രഹചിത്രങ്ങളിൽ പഴയ ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങളും കാണാം. നദിയുടെ ഉത്ഭവപ്രദേശം മുമ്പ് ഉരുൾപൊട്ടൽ നടന്ന സ്ഥലമായിരുന്നുവെന്ന് ചിത്രങ്ങൾ പരിശോധിക്കുമ്പോൾ ബോധ്യപ്പെടും.

2019 ഓഗസ്റ്റ് 29- ന്, 17 പേരുടെ മരണത്തിനിടയാക്കിയ പുത്തുമലയിൽ നിന്ന് ഏകദേശം 2-3 കിലോമീറ്റർ അകലെയാണ് വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ നടന്നത്. 2020-ൽ ഗോവയിലെ സെൻട്രൽ കോസ്റ്റൽ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ ഉരുൾപൊട്ടൽ പഠനങ്ങൾ (https://www.researchgate.net publication/339983293) പ്രകാരം, വനത്തിനുള്ളിലുണ്ടായ ചെറിയ ഉരുൾപൊട്ടലുകളിൽ ഒന്നായിട്ടാണ് പുത്തുമല ഉരുൾപൊട്ടൽ ആരംഭിച്ചത് എന്നും, താഴ്ന്ന ഭാഗങ്ങളിലെ മണ്ണിന്റെ ഘടന ദുർബലവും ജലപൂരിതവുമായതിനാൽ കുന്നിന്റെ താഴ്ന്ന ഭാഗങ്ങളിൽ എത്തിയപ്പോൾ ഉരുൾപൊട്ടലിന് ശക്തി വർദ്ധിച്ചുവെന്നും സൂചിപ്പിക്കുന്നു. പാറകളും ചെളിയും നിറഞ്ഞ വലിയൊരു ഉരുൾപൊട്ടലായി ഇത് മാറുകയും കുന്നിന്റെ ഒരു ഭാഗം തന്നെ താഴേക്ക് പതിക്കുകയും ചെയ്തു (ചിത്രം 3).

എല്ലാ മോഡലുകളും സൂചിപ്പിക്കുന്നത് തോട്ടം നിർമ്മാണം, ക്വാറി, റോഡ് സാന്ദ്രത, കൃഷിഭൂമി തുടങ്ങിയ മനുഷ്യനിർമിത പ്രവർത്തനങ്ങൾ ഉരുൾപൊട്ടൽ സംഭവങ്ങളെ സ്വാധീനിക്കുന്നു എന്നാണ്.

2019-ലെ പുത്തുമല സംഭവവും 2024 ജൂലൈ 30-ന് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലും തമ്മിൽ സമാനതകൾ ഏറെയുണ്ട്. അതിതീവ്ര മഴയാണ് രണ്ട് സംഭവങ്ങളുടെയും പ്രധാന കാരണം. മുണ്ടക്കൈ ഉരുൾപൊട്ടലും ചെറിയ തോതിലാണ് ആരംഭിക്കുന്നത്. 1984-ൽ മണ്ണിടിച്ചിലോടെ സജീവമായ മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഇത്തരം സംഭവങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കണം.

2024-നുമുമ്പ് മുണ്ടക്കൈ പ്രദേശത്ത് സംഭവിച്ച ഉരുൾപൊട്ടലിന്റെ കൂടുതൽ സൂചനകൾ ‘ഇസ്രോ’യുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC) ഓഗസ്റ്റ് 1-ന് പുറത്തിറക്കിയ ഉപഗ്രഹ ചിത്രങ്ങൾ (https://www.nrsc.gov.in/sites/default/files/pdf/DMSP/Charter_ 1029_VAP_2_31july2024 .pdf) സൂചിപ്പിക്കുന്നത് ഏകദേശം 86,000 ചതുരശ്ര മീറ്റർ ഭൂമി താഴേക്ക് ഇടിഞ്ഞമർന്നുവെന്നും ആഘാത പ്രദേശത്തിന് സമീപം ഒഴുകുന്ന ചാലിയാർ നദിയുടെ ഒരു പ്രധാന പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴയുടെ ഗതിയിലൂടെ മുകൾത്തട്ടിൽ നിന്നുള്ള മണ്ണും പാറക്കഷണങ്ങളും ഏകദേശം 8 കിലോമീറ്റർ അകലെ വരെ ഒഴുകിപ്പരന്നുവെന്നുമാണ്.

ആഗസ്റ്റ് ഒന്നിന് ISRO-യുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്റർ പുറത്തിറക്കിയ ഉപഗ്രഹ ചിത്രം. 2024-നുമുമ്പ് മുണ്ടക്കൈ പ്രദേശത്ത് സംഭവിച്ച ഉരുൾപൊട്ടലിന്റെ കൂടുതൽ സൂചനകളാണിതിലുള്ളത്. 86,000 ചതുരശ്ര മീറ്റർ ഭൂമി താഴേക്ക് ഇടിഞ്ഞമർന്നുവെന്നും ആഘാതപ്രദേശത്തിന് സമീപം ഒഴുകുന്ന ചാലിയാർ നദിയുടെ ഒരു പ്രധാന പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴയുടെ ഗതിയിലൂടെ മുകൾത്തട്ടിൽ നിന്നുള്ള മണ്ണും പാറക്കഷണങ്ങളും ഏകദേശം 8 കിലോമീറ്റർ അകലെ വരെ ഒഴുകിപ്പരന്നുവെന്നും ഈ ചിത്രം സൂചിപ്പിക്കുന്നു.
ആഗസ്റ്റ് ഒന്നിന് ISRO-യുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്റർ പുറത്തിറക്കിയ ഉപഗ്രഹ ചിത്രം. 2024-നുമുമ്പ് മുണ്ടക്കൈ പ്രദേശത്ത് സംഭവിച്ച ഉരുൾപൊട്ടലിന്റെ കൂടുതൽ സൂചനകളാണിതിലുള്ളത്. 86,000 ചതുരശ്ര മീറ്റർ ഭൂമി താഴേക്ക് ഇടിഞ്ഞമർന്നുവെന്നും ആഘാതപ്രദേശത്തിന് സമീപം ഒഴുകുന്ന ചാലിയാർ നദിയുടെ ഒരു പ്രധാന പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴയുടെ ഗതിയിലൂടെ മുകൾത്തട്ടിൽ നിന്നുള്ള മണ്ണും പാറക്കഷണങ്ങളും ഏകദേശം 8 കിലോമീറ്റർ അകലെ വരെ ഒഴുകിപ്പരന്നുവെന്നും ഈ ചിത്രം സൂചിപ്പിക്കുന്നു.

2023 മെയ് 22-ന് കാർട്ടോസാറ്റ് 3 ഉപഗ്രഹം പകർത്തിയ ഉരുൾപൊട്ടലിന് മുമ്പുള്ള ചിത്രങ്ങൾ, പഴയ ഉരുൾപൊട്ടലിന്റെ ആഘാതമേറ്റ മുകൾത്തട്ടിന്റെ ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു (ചിത്രം 3). ജൂലൈ 31-ന് ഉരുൾപൊട്ടലിന് ഒരു ദിവസം കഴിഞ്ഞ് RISAT (Radar Imaging Satellite) ഉപഗ്രഹം സംഭവത്തിന് ശേഷമുള്ള ചിത്രം പകർത്തുകയുണ്ടായി (ചിത്രം 4). ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) നിർമ്മിച്ച ഒരു റഡാർ ഇമേജിംഗ് രഹസ്യാന്വേഷണ ഉപഗ്രഹമാണ് റിസാറ്റ് ഉപഗ്രഹം.

1924-ലെ മേപ്പാടി ഉരുൾപൊട്ടൽ

കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന, 'തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന (കൊല്ലവർഷം 1099), മഹാപ്രളയം സംഭവിച്ചത് 1924 ജൂലൈയിലായിരുന്നു. ഈ മഴപ്പെയ്ത്ത് മൂന്നാഴ്ചയോളം തുടർന്നതായി റിപ്പോർട്ടുണ്ട്. പ്രളയം, തിരുവിതാംകൂറിലെയും മലബാറിലെയും പല ഭാഗങ്ങളെയും വലിയതോതിൽ വെള്ളത്തിനടിയിലാഴ്ത്തി. ജൂൺ മുതൽ സെപ്റ്റംബർവരെ ഈ മേഖലയിൽ അഭൂതപൂർവമായ മഴ (3,368 മില്ലിമീറ്റർ) ലഭിച്ചുവെന്നും സാധാരണയേക്കാൾ 64% കൂടുതലാണ് ഇതെന്നും, ഏറ്റവും ഉയർന്ന മഴപ്പെയ്ത്താണിതെന്നും ഇതേക്കുറിച്ച് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് (വിക്കിപീഡിയ). 2024 ജൂലൈ 30-ന് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഉൾപ്പെടെയുള്ള മേപ്പാടി പഞ്ചായത്തും മുൻകാല ഉരുൾപൊട്ടലുകളുടെ ആഘാതമേഖലയായിരുന്നുവെന്ന് ചരിത്ര റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു (ചിത്രം 5).

മുന്നോട്ടുള്ള വഴി:
കാലാവസ്ഥാ പ്രവചനത്തിൽ
ആവശ്യമായ മെച്ചപ്പെടുത്തലുകൾ

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 12 x 12 കിലോമീറ്റർവിസ്തൃതിയിലുള്ള കാലാവസ്ഥാ സംഭവങ്ങൾ പ്രവചിക്കാൻ കഴിവുണ്ട്. ഈയൊരു വിസ്തൃതി മിക്ക ഇന്ത്യൻ നഗരങ്ങളെക്കാളും വലുതാണ്. ഇതിനർത്ഥം കാലാവസ്ഥാവകുപ്പിന് ഒരു നഗരത്തിലെ മഴയുടെ സാധ്യത പ്രവചിക്കാൻ കഴിയുമെങ്കിൽകൂടിയും നഗരത്തിൽ എവിടെ മഴ പെയ്യുമെന്ന് വ്യക്തമാക്കാൻസാധിക്കില്ലെന്നതാണ്.

3x3 കിലോമീറ്റർ പരിധിക്കുള്ളിലെ പരീക്ഷണാത്മക പ്രവചനങ്ങൾ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ അവരുടെ ആത്യന്തിക ലക്ഷ്യം 1 x 1 കിലോമീറ്റർ പരിധിക്കുള്ളിലെ അതിപ്രാദേശിക (hyper local) പ്രവചനങ്ങൾ സാധ്യമാക്കുക എന്നതാണ്. അത്തരം പ്രവചനങ്ങൾ ആളുകൾക്ക് അവരുടെ പ്രവർ ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് മാത്രമല്ല, ദുരന്തങ്ങൾക്കുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിനും ഗുണം ചെയ്യും.

IMD-യിലെ നവീകരണ പ്രവർത്തനങ്ങൾ നേരത്തെ, പ്രധാനമായും അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്. ചില അടിസ്ഥാന സൗകര്യ നവീകരണ ശ്രമങ്ങൾ ഇപ്പോഴും ആവശ്യവുമാണ് -ഉദാഹരണത്തിന്, സമുദ്ര നിരീക്ഷണ സംവിധാനങ്ങളും ഉയർന്ന റെസല്യൂഷനുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളും സ്ഥാപിക്കുന്നതിൽ. കേരളം ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡോപ്ലർ റഡാറുകളുടെ ഒപ്റ്റിമൽ കവറേജ് ഇന്ന് സാധ്യമല്ല. ഇന്ത്യൻ സാഹചര്യങ്ങളെ കൂടുതൽ കൃത്യമായി അനുകരിക്കുന്ന ഇന്ത്യാ കേന്ദ്രിത കാലാവസ്ഥാ മാതൃകകൾ വികസിപ്പി ക്കുന്നതിലും ഒരു വലിയ മുന്നേറ്റം ആവശ്യമാണ്.

ഭൂമിയുടെ ശാസ്ത്രീയ ഉപയോഗം പിന്തുടരുന്നതിലൂടെയും കുന്നിൻ പ്രദേശങ്ങളുടെ ശേഷി പരിപാലിക്കുന്നതിലൂടെയും ഉരുൾപൊട്ടലിന്റെ ആവൃത്തിയും ഓരോ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും ലഘൂകരിക്കുവാൻ കഴിയും.

ഭൂമധ്യരേഖയിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കാലാവസ്ഥ പ്രവചിക്കുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. കാരണം, കാലാവസ്ഥാ പ്രതിഭാസങ്ങളിലെ വ്യതിയാനങ്ങൾ വളരെ വലുതാണ്. കൂടാതെ, വിശാല പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മൺസൂൺ അല്ലെങ്കിൽ ചുഴലിക്കാറ്റുകൾ പോലുള്ള വൻപ്രതിഭാസങ്ങൾ പ്രവചിക്കുന്നത് താരതമ്യേന ലളിതമാണ്. പ്രാദേശിക മേഘവിസ്‌ഫോടന സംഭവത്തേക്കാൾ വൻതോതിലുള്ള ഉഷ്ണതരംഗം പ്രവചനവും എളുപ്പമാണ്. അതുപോലെ, പെട്ടെന്നുള്ള, അപ്രതീക്ഷിത സംഭവങ്ങളെ അപേക്ഷിച്ച് പതിവ് ചാക്രിക പ്രതിഭാസങ്ങളുടെ പ്രവചനവും താരതമ്യേന ആയാസരഹിതമാണ്.

ഇക്കാരണത്താൽ, കഴിഞ്ഞ ദശകത്തിൽ രാജ്യത്തുടനീളമുള്ള നാലുമാസത്തെ മൺസൂൺ പ്രവചനം പൊതുവെ ശരിയായിരുന്നെങ്കിലും, പ്രാദേശിക, പ്രതിമാസ പ്രവചനങ്ങൾ കൃത്യത കുറഞ്ഞവയാണെന്ന് കാണാം.
മറ്റൊരു ഉദാഹരണമാണ്, കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും ഉഷ്ണതരംഗം കണ്ടെത്താനുള്ള സാധ്യത 97-99 ശതമാനമാണ് എന്നത്. കനത്ത മഴയ്ക്കുള്ള ഈ സാധ്യത 80 ശതമാനത്തിൽ താഴെയാണ്. തീവ്രകാലാവസ്ഥാ സംഭവങ്ങൾ പ്രവചിക്കാൻ പോലും പ്രയാസമാണ്. 50 അല്ലെങ്കിൽ 100 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന സംഭവങ്ങൾ നിലവിലെ കാലാവസ്ഥാ മാതൃകകൾക്ക് ലളിതമായി മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നതാണ് പ്രധാനം. എന്നാൽ അത്തരം സംഭവങ്ങൾ ഇപ്പോൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് പലപ്പോഴും കേരളം പോലുള്ള പ്രദേശങ്ങളിൽ മാരകമായ ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾക്ക് ഹേതുവാകുന്നു.

ഉരുൾപൊട്ടൽ സംബന്ധിച്ച ഡാറ്റാബേസ് മെച്ചപ്പെടുത്തൽ

ഭൂമിയുടെ ശാസ്ത്രീയ ഉപയോഗം പിന്തുടരുന്നതിലൂടെയും കുന്നിൻ പ്രദേശങ്ങളുടെ ശേഷി പരിപാലിക്കുന്നതിലൂടെയും ഉരുൾപൊട്ടലിന്റെ ആവൃത്തിയും ഓരോ ഉരുൾപൊട്ടലിന്റെ വ്യാപ്തിയും ലഘൂകരിക്കുവാൻ കഴിയും. നീരൊഴുക്കിനുള്ള പ്രകൃതിദത്തമാർഗ്ഗങ്ങൾ സംരക്ഷിക്കുന്നതിനും പ്രഥമ പരിഗണന നൽകേണ്ടതുണ്ട്. ഓരോ പ്രദേശത്തും മുമ്പ് സംഭവിച്ച ഉരുൾപൊട്ടലുകളുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കേണ്ടത് പ്രധാനമാണ്. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രങ്ങളിലെ അപക്ഷയം (weathering) സംഭവിച്ച പാറകളിലെ സൂക്ഷ്മാവശിഷ്ടങ്ങൾ മുൻകാല ഉരുൾപൊട്ടലിന്റെ അവശിഷ്ട നിക്ഷേപങ്ങളാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു (Ali P Yunus, K S Sajinkumar, Girish Gopinath, et al., 2024). ഉരുൾപൊട്ടലിനെക്കുറിച്ചുള്ള ഒരു ചരിത്ര (ആർക്കൈവൽ) ഡാറ്റാബേസ് ജില്ലാ, പഞ്ചായത്ത് ഓഫീസുകളിൽ പ്രദേശവാസികളുടെ റഫറൻസിനും ഭൂവിനിയോഗതന്ത്രങ്ങളുടെ രൂപീകരണത്തിനുമായി ലഭ്യമാക്കണം. മുണ്ടക്കൈയിലും സമീപപ്രദേശങ്ങ ളിലും ഉണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ചുള്ള എല്ലാ ചരിത്രവിവരങ്ങളും ലഭ്യമാണ് എന്നതു കൊണ്ടുതന്നെ ഉന്നയിക്കേണ്ട ഒരു ചോദ്യം, മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് സ്‌കൂൾ ഉൾപ്പെടെയുള്ള നിർമ്മിതികൾക്ക് അധികാരികൾ അനുവാദം നൽകിയത് എന്തിന് എന്നതാണ്. 1984-ൽ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ചുള്ള വിവരങ്ങളും 2019-ൽ മുണ്ടക്കൈയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ സ്വഭാവങ്ങളും ഉൾക്കൊണ്ട്, ഭാവിയിൽ സംഭവിക്കാവുന്ന ഒരു അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്തും ഈ പ്രദേശത്തിന്റെ ദുർബലതയെ ഉൾക്കൊണ്ടും, പൊതുജനങ്ങളെ കാര്യങ്ങൾ അറിയിക്കാൻ അധികാരികൾ ശരിയായ രീതിയിൽ പ്രവർത്തിക്കേണ്ടതായിരുന്നു.

പട്ടിക 1: 1960 മുതൽ 2022 വരെ കേരളത്തിൽ സംഭവിച്ച ഉരുൾപൊട്ടലുകൾ (from Girish Gopinath et al., 2024b)
പട്ടിക 1: 1960 മുതൽ 2022 വരെ കേരളത്തിൽ സംഭവിച്ച ഉരുൾപൊട്ടലുകൾ (from Girish Gopinath et al., 2024b)

മുൻകൂട്ടി അടയാളപ്പെടുത്തിയ ചരിഞ്ഞ പ്രദേശങ്ങളെ പ്രാദേശിക ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനങ്ങൾ (Landslide Early Warning Sstyem) ഉപയോഗിച്ച് അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള സ്ഥലമായി മാറ്റാവുന്നതാണ്. ഈ പരീക്ഷണം വിജയിച്ചാൽ, ചരിവിന്റെ സ്വഭാവങ്ങളും ഉരുൾപൊട്ടൽ സാധ്യതയും തമ്മിലുള്ള പ്രാഥമിക ബന്ധം ഉറപ്പിക്കുന്നതിന് സഹായകമാകും (https://pubs.geoscienceworld.org/ jourgeooscindia/article/100/8/1214/645872/).

നിർദ്ദിഷ്ട പ്രദേശങ്ങളിലെ മണ്ണിന്റെ കനം, ഘടന, നീരൊഴുക്ക് ഗുണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഭൂകമ്പ ശബ്ദ ചിത്രണ (seismic noice imaging) സാങ്കേതികവിദ്യ ഉപയോഗിച്ച് അടിയിലുള്ള മണ്ണിന്റെ കനവും ഉരുൾ പൊട്ടലിനുള്ള അതിന്റെ സാധ്യതയും തമ്മിലുള്ള ബന്ധം കണക്കാക്കാവുന്നതാണ്. കനം കുറഞ്ഞ മേൽമണ്ണുള്ള കുന്നിൻചരിവുകൾ ഉരുൾപൊട്ടലിന് കൂടുതൽ സാധ്യതയുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, അതേസമയം കട്ടിയുള്ള മേൽമണ്ണുള്ള പ്രദേശങ്ങൾ സ്ഥിരതയുള്ളതായും മനസ്സിലാക്കാം. മണ്ണിന്റെ ഘടനയും കുന്നിൻചരിവുകൾക്ക് താഴെയുള്ള വെള്ളത്തിന്റെ സാന്നിധ്യവും കണക്കാക്കുന്നതിനുള്ള ഈ സാങ്കേതികവിദ്യ ഭൂപ്രദേശത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ചില പ്രാഥമിക വിശദാംശങ്ങൾ നൽകുന്നു.

ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഭൂവിനിയോഗ ആസൂത്രണം പിന്തുടരേണ്ടതിന്റെ ആവശ്യകത

ഭൂവിനിയോഗം, നിർമ്മാണരീതികൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവയിലെ ആസൂത്രണമില്ലായ്മ സൃഷ്ടിക്കുന്ന ബാഹ്യസമ്മർദ്ദങ്ങൾ പ്രകൃതി വ്യവസ്ഥകളെ ഭൂപ്രകൃതി, മണ്ണിന്റെ ഘടന, പ്രകൃതിദത്ത നീർവാർച്ച എന്നിവയെ പ്രതികൂലമായി ബാധിക്കും. വളരെ കൃത്യമായി പറഞ്ഞാൽ ഇത് ചരിഞ്ഞ പ്രദേശങ്ങളുടെ ദൃഢത, ഉപരിതല ജലനിർഗ്ഗമനം, താഴേക്കുള്ള നീരൊഴുക്ക് എന്നിവയെ സ്വാധീനിക്കുന്നു. അത്തരം ആഘാതങ്ങൾ സാധാര ണയായി അവയുടെ വ്യാപ്തി അനുസരിച്ചാണ് നിർണ്ണയിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലം മുതൽ കൃഷിക്കായി (തേയില, റബ്ബർ, കാപ്പി, ഏലം മുതലായവ) സ്വാഭാവിക മരങ്ങൾ നീക്കം ചെയ്യാൻ തുടങ്ങിയിരുന്നു. ഈ പ്രവർത്തനങ്ങൾ വയനാടിന്റെ പല ഭാഗങ്ങളിലെയും മണ്ണിന്റെയും ജല സമ്പത്തിന്റെയും സ്വഭാവത്തെ ക്രമേണ മാറ്റുകയുണ്ടായി. ഭൂഗർഭ ജലപ്രവാഹരീതിയെ അത് നിർണ്ണയിച്ചു.

മുണ്ടക്കൈ- ചൂരൽമല ഉരുള്‍പൊട്ടലിന്റെ ആരംഭ മേഖലയുടെ ഭൂപടം.
മുണ്ടക്കൈ- ചൂരൽമല ഉരുള്‍പൊട്ടലിന്റെ ആരംഭ മേഖലയുടെ ഭൂപടം.

കാലക്രമേണ, റബ്ബർ മരങ്ങൾ നടുന്നതിനോ മഴവെള്ളക്കൊയ്ത്തിനോ വേണ്ടി നിർമ്മിക്കുന്ന കുഴികൾ വഴി താഴോട്ടുള്ള നീരൊഴുക്ക് അമിത മാവുകയും മേൽമണ്ണിന്റെ പാളിയും അടിത്തട്ട് പാറയുമായുള്ള സമ്പർക്കത്തെ ദുർബലപ്പെടുത്തുകയും മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തു. സാധാരണയായി, ഈ സമ്പർക്കം കളിമൺ പാളികൾക്കിടയിലാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് ജലപൂരിത സാഹചര്യങ്ങളിൽ മൺപാളികളുടെ ചലനം സുഗമമാക്കുന്നു. ഉറപ്പില്ലാത്ത, ഉരുളൻ പാറകൾകൊണ്ടു പണിത മതിലുകളും വീടുകളും, അതല്ലെങ്കിൽ മറ്റ് നിർമ്മിതികൾ എന്നിവ ജലനിർഗ്ഗ മന മാർഗ്ഗങ്ങളെ തടസ്സപ്പെടുത്തുകയും ഉപരിതല ഒഴുക്കിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കുന്നതിനായി കർശനമായ ഭൂവിനിയോഗ നിയമങ്ങൾ നടപ്പിലാക്കാൻ വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ട്.

മുണ്ടക്കൈ ഉരുൾപൊട്ടൽ താരതമ്യേന മനുഷ്യ ഇടപെടൽ ഇല്ലാത്ത വനത്തിലാണ് സംഭവിച്ചത്. പക്ഷേ മുകളിലുള്ള ഉരുൾപൊട്ടൽ അവശിഷ്ടങ്ങളുടെ ഒഴുക്ക് പാതയിലെ താഴ്ന്ന ചരിവുകളിൽ വൻതോതിലുള്ള മാലിന്യമായി മാറിയത് എന്തുകൊണ്ട്? ഏറെ പതിറ്റാണ്ടുകളായി നടന്നുവരുന്ന മനുഷ്യ ഇടപെടൽ കാരണം താഴ്ന്ന നിലങ്ങളിലെ മണ്ണിന്റെ ജലവാഹകശേഷി വഷളായതുകൊണ്ടാകാം ഈ പരിവർത്തനം സംഭവിച്ചത്.

വലിയ മരങ്ങൾ മുറിച്ചുനീക്കിയപ്പോൾ അവയുടെ വേരുകൾ ഭൂമിക്കടിയിൽ തന്നെ ഉപേക്ഷിക്കപ്പെട്ടു. കാലക്രമേണ, അവ ദ്രവിച്ച് വലിയ ദ്വാരങ്ങൾ രൂപപ്പെടുകയും, അവ അതിവേഗം ഭൂഗർഭ ജലപ്രവാഹചാലുകളായി പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ, ജൈവപുതപ്പില്ലാത്ത, തുറന്നുകിടക്കുന്ന മണ്ണിലെ ജൈവാംശം നഷ്ടപ്പെട്ടതും ഉപരിതല ജലപ്രവേഗവും ഭൂഗർഭ ജല ചാലകതയും വേഗത്തിലാക്കുന്നു. ഇത് ഉയർന്ന മണ്ണൊലിപ്പിലേക്ക് നയിക്കുന്നു. ഉരുൾപൊട്ടൽ മേഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിന് ബയോ എഞ്ചിനീയറിംഗ് നൂതനമായ ചില മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നമ്മുടെ മുന്നിലുള്ള അടിയന്തര പ്രശ്‌നങ്ങൾക്കുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ പരിഹാരം ഇത് ഉറപ്പാക്കുന്നു. ഇത് നാരുവേര് പടലങ്ങളടങ്ങിയ ഇടതൂർന്ന ജൈവശൃംഖല രൂപപ്പെടുത്തുകയും മണ്ണൊലിപ്പ് തടയാനുള്ള മണ്ണിന്റെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മണ്ണൊലിപ്പ്, ഉരുൾപൊട്ടൽഎന്നിവ തടയുന്നതിനും ചരിവുപ്രദേശങ്ങളുടെ ദൃഢത വർധിപ്പിക്കുന്നതിനും ദ്രുതഗതിയിൽ വളരുന്ന മുള വെച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും. ജോൺ മത്തായി തുടങ്ങിയവർ (2024) കേരള സർക്കാരിന് സമർപ്പിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് ഇത്തരം ദുരന്ത ലഘൂകരണ സമീപനങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

മനുഷ്യപ്രേരിത ഘടകങ്ങൾ

ടൂറിസത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെയും പലപ്പോഴും നിയന്ത്രണമില്ലാതെയും തുടരുന്നു. ജില്ലയിലെ നിർമ്മാണ മേഖലകളിൽ വർദ്ധനവ് ഉണ്ടായതായി നിരവധി മാപ്പിംഗ് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വൈത്തിരി താലൂക്കിലെ ഭൂവിനിയോഗ മാറ്റങ്ങളെക്കുറിച്ചുള്ള ഒരു പഠനം കാണിക്കുന്നത് 2015-നും 2021-നും ഇടയിൽ നിർമ്മാണ മേഖല 19 ശതമാനം (115 ചതുരശ്ര കിലോമീറ്റർ) വർദ്ധിച്ചു എന്നാണ്.

ഖനനം ഭൂപ്രകൃതിയിൽ വലിയ സ്വാധീനം ചെലുത്തുന്നു. മേൽമണ്ണ് നീക്കം ചെയ്യുന്നത് സസ്യജാലങ്ങളെ ഇല്ലാതാക്കുന്നു. സ്‌ഫോടകവസ്തുക്കളും ബാക്ക്‌ഹോ പോലുള്ള യന്ത്രങ്ങളും ഉപയോഗിച്ച് വസ്തുക്കൾ കടത്തുന്നത് പുതിയ വിള്ളലുകൾക്ക് കാരണമാകുന്നു. ഇത് നിലവിലുള്ള ജലനിർഗ്ഗമനമാർഗ്ഗങ്ങളെ കൂടുതൽ അസ്ഥിരമാക്കുന്നതോടൊപ്പം പ്രാദേശിക ഭൂപ്രകൃതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇവയൊക്കെച്ചേർന്ന് ഒടുവിൽ കുന്നിൻചരിവുകളുടെ മൊത്തത്തിലുള്ള അസ്ഥിരതയിലേക്ക് നയിക്കുന്നു.

ദുരന്ത ലഘൂകരണ ശ്രമങ്ങൾക്കുള്ള ഫലപ്രദമായ സമീപനത്തിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തവും ശാക്തീകരണവും ഉറപ്പാക്കുക എന്നത് പ്രധാനമാണ്.

ഷീലു ജോൺസും മറ്റുള്ളവരും ചേർന്ന് നടത്തിയ പഠനം (2020) സംസ്ഥാനത്തെ (ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾ) ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങൾ കണ്ടെത്തുകയുണ്ടായി. സംസ്ഥാനത്തുടനീളമുള്ള ഉരുൾപൊട്ടൽ മേഖലകളുടെ സ്ഥലപരമായ മാതൃകകൾ ഈ പഠനം തിരിച്ചറിഞ്ഞു. മൊത്തം ഉരുൾപൊട്ടലുകളുടെ ഏകദേശം 59.38% തോട്ടം മേഖലയിലാണ് സംഭവിച്ചതെന്ന് ഫലങ്ങൾ കാണിക്കുന്നു. എല്ലാ മോഡലുകളും സൂചിപ്പിക്കുന്നത് തോട്ടം നിർമ്മാണം, ക്വാറി, റോഡ് സാന്ദ്രത, കൃഷിഭൂമി തുടങ്ങിയ മനുഷ്യനിർമിത പ്രവർത്തനങ്ങൾ ഉരുൾപൊട്ടൽ സംഭവങ്ങളെ സ്വാധീനിക്കുന്നു എന്നാണ്.

സാമൂഹ്യാധിഷ്ഠിത പങ്കാളിത്ത ഗവേഷണം

നിലവിൽ, ലഭ്യമായ ഉരുൾപൊട്ടൽ അപകട സാധ്യതാ ഭൂപടം (ഉദാ. വയനാട് ജില്ല) ഉരുൾപൊട്ടൽ സംഭവിക്കാവുന്ന വിശാലമായ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് നൽകുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള സവിശേഷ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അല്ലെങ്കിൽ സാധ്യതയുള്ള ഒഴുക്കുപാത എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല (ജോൺ മത്തായി തുടങ്ങിയവർ, 2024). ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ സൂചിപ്പിക്കുന്ന ഉയർന്ന റെസല്യൂഷൻ മാപ്പുകൾ പ്രദേശവാസികളുടെ ശ്രദ്ധയിലേക്കായി തയ്യാറാക്കേണ്ടത് ആവശ്യമാണ്.

ദുരന്തലഘൂകരണം, ദുരന്ത പ്രതികരണശേഷി വർദ്ധിപ്പിക്കൽ, ദുരന്ത പ്രതിരോധ ചർച്ചകൾ എന്നിവയിൽ പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തേണ്ടതും സുപ്രധാനമാണ്. നിലവിലെ ഉരുൾപൊട്ടൽ ദുരന്തപ്രദേശമായ മുണ്ടക്കൈയ്ക്ക് സമീപം ആരംഭിച്ച ശ്രമങ്ങൾ സാമൂഹിക പങ്കാളിത്തത്തിന്റെ മികച്ച മാതൃകയാണ്. സംഭവത്തിന് ഏകദേശം 16 മണിക്കൂർ മുമ്പ് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ ഗവേഷകർ ഉരുൾപൊട്ടലിനെക്കുറിച്ച് ജില്ലാ അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുണ്ടക്കൈയിൽ നിന്ന് വളരെ അകലെയല്ലാത്ത പുത്തുമലയിൽ അവർ സ്ഥാപിച്ച അവരുടെ മഴമാപിനിയിൽ നിന്നുള്ള മഴയുടെ അളവ് ഇതിനായി അവർ ഉപയോഗിച്ചു. 2019-ൽ പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ലഭിച്ച മഴയേക്കാൾ ഏകദേശം 572 മില്ലിമീറ്റർ കൂടുതലാണിതെന്ന് അതിലൂടെ കണ്ടെത്തി.

എന്നിരുന്നാലും, ഈ മുന്നറിയിപ്പ് ജില്ലാ അധികാരികൾ ഗൗരവമായി എടുത്തില്ല. ദുരന്ത ലഘൂകരണ ശ്രമങ്ങൾക്കുള്ള ഫലപ്രദമായ സമീപനത്തിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തവും ശാക്തീകരണവും ഉറപ്പാക്കുക എന്നത് പ്രധാനമാണ്. പരിശീലനം ലഭിച്ച വളണ്ടിയർമാർക്ക് സൂക്ഷ്മതല സർവേകൾ നടത്താനും പ്രാദേശിക തലത്തിൽ വിവരങ്ങൾ കൈമാറാനും കഴിയും. ഇത് ദുരന്ത നിവാരണത്തിനുള്ള തയ്യാറെടുപ്പിന് ജനങ്ങളെ സഹായിക്കും. സംസ്ഥാന സർക്കാരിന് സമർപ്പിച്ച വിദഗ്ദ്ധ സമിതി (ജോൺ. മത്തായി തുടങ്ങിയവർ, 2024) റിപ്പോർട്ടിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്.

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന്റെ പ്രാരംഭ സ്ഥലം.
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിന്റെ പ്രാരംഭ സ്ഥലം.

ദീർഘകാല കാലാവസ്ഥാ വ്യതിയാന സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ

ജില്ലയിൽ പലപ്പോഴും അനുഭവപ്പെടുന്ന വ്യാപകമായ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിങ്ങനെയുള്ള അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാർത്ഥ്യം അനുഭവവേദ്യമാക്കുന്നു. തെക്കൻ വയനാട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഇപ്പോഴത്തെ മഴയാണ് ഉരുൾപൊട്ടലിന് പ്രധാന കാരണം. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

- താപനില: 2030 ആകുമ്പോഴേക്കും പശ്ചിമഘട്ടത്തിലെ താപനില 26.8°C - 27.5°C വരെ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

- മഴപ്പെയ്ത്ത്: മഴയുടെ തീവ്രത പ്രതിദിനം 1-2 mm വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

- ഉരുൾപൊട്ടലും വെള്ളപ്പൊക്കവും: തീവ്ര മഴയുടെ വർദ്ധനവ് കാരണം പശ്ചിമഘട്ടമേഖലയിൽ ഉരുൾപൊട്ടലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

- ജൈവവൈവിധ്യ നഷ്ടം: 2050 ആകുമ്പോഴേക്കും പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം 33% നഷ്ടപ്പെടും.

- അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ: പശ്ചിമഘട്ട കാലാവസ്ഥയിലെ മാറ്റങ്ങൾ വരൾച്ച, ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിപ്പിക്കും.

- ആവാസവ്യവസ്ഥയുടെ നാശം: വികസന (നിർമ്മിതി) പദ്ധതികൾ പശ്ചിമഘട്ട ആവാസവ്യവസ്ഥയെ തകർക്കുന്നു.

പശ്ചിമഘട്ടത്തെ ലോക പൈതൃകസ്ഥലമായി യുനെസ്‌കോ പ്രഖ്യാപിച്ചിട്ടുണ്ട്. കൺസർവേഷൻ ഇന്റർനാഷണൽ അതിനെ ലോകത്തിലെ 36 ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി തരംതിരിച്ചു. കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയം ഈ പ്രദേശത്തിന്റെ 37% പരിസ്ഥിതി സെൻസിറ്റീവ് ഏരിയ (ESA) ആയി നിശ്ചയിച്ചിട്ടുണ്ട്. സുസ്ഥിര വികസനം സാധ്യമാക്കുന്നതിനായി ശേഷിക്കുന്ന 63% 'സാംസ്‌കാരിക ഭൂപ്രകൃതി' (cultural landscape) ആയി നിർവചിച്ചിരിക്കുന്നു. ദീർഘകാല കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിൽ അതിതീവ്ര മഴ, മഴപ്പെയ്ത്തിലെ കുറവ്, കാറ്റിന്റെ രീതികളിലെ പ്രാദേശിക മാറ്റങ്ങൾ എന്നിവ പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ഉരുൾപൊട്ടൽ പ്രവചനങ്ങൾക്കുള്ള നൂനത

സാങ്കേതികവിദ്യകളുടെ പ്രയോഗം:
സ്റ്റാറ്റിക് മുതൽ ഡൈനാമിക് സസ്‌പെൻസിബിലിറ്റി മാപ്പുകൾ വരെ

2018 നവംബറിലെയും 2021 ഫെബ്രുവരിയിലെയും, ഏറ്റവും പുതിയ ഉരുൾപൊട്ടൽ സംഭവത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പുള്ളതും ആയ വ്യത്യസ്ത സമയവിഭാഗങ്ങളിലെ ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത ശേഷം, ജൂലൈ 30-ന് അവസാനിച്ച പ്രാംരംഭ ഘട്ടത്തെ സംബന്ധിച്ച് അലി പി. യൂനുസും മറ്റുള്ളവരും (2024) ചേർന്ന് നടത്തിയ ഒരു പഠനം എടുത്തുകാണിക്കുന്നു. 2018 നവംബറിൽ പകർത്തിയ ചിത്രം അനുസരിച്ച്, 2018-ലെ മൺസൂണിനുശേഷം ഉറവിട പ്രദേശത്തിന്റെ മുകളിൽ ഒരു ചെറിയ അവശിഷ്ട പ്രവാഹം രേഖപ്പെടുത്തിയതായി പഠനം സൂചിപ്പിക്കുന്നു. 2021 ഫെബ്രുവരിയിലെ ഉപഗ്രഹ ചിത്രത്തിൽ, ചരിവ് അസ്ഥിരത (slope instability) മൂലമുണ്ടായ വിള്ളലുകൾക്കൊപ്പം, ഉറവിട പ്രദേശത്ത് (2020 മൺസൂൺ സമയത്ത്) ഒരു വലിയ ഉരുൾപൊട്ടൽ (debris flow) നടന്നതായും കാണിക്കുന്നു. 2024-ലെ വൻ ഉരുൾപൊട്ടൽ സംഭവിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, പ്രദേശത്ത് വിശാലമായ വിള്ളലുകൾ ഉണ്ടായതായും ഉപഗ്രഹ ചിത്രം കാണിച്ചു.

ചിത്രം 3: വനത്തിനുള്ളിലുണ്ടായ ചെറിയ ഉരുൾപൊട്ടലുകളിൽ ഒന്നായിട്ടാണ് പുത്തുമല ഉരുൾപൊട്ടൽ ആരംഭിച്ചത് എന്നും, താഴ്ന്ന ഭാഗങ്ങളിലെ മണ്ണിന്റെ ഘടന ദുർബലവും ജലപൂരിതവുമായതിനാൽ കുന്നിന്റെ താഴ്ന്ന ഭാഗങ്ങളിൽ എത്തിയപ്പോൾ ഉരുൾപൊട്ടലിന് ശക്തി വർദ്ധിച്ചുവെന്നും സൂചിപ്പിക്കുന്നു.
ചിത്രം 3: വനത്തിനുള്ളിലുണ്ടായ ചെറിയ ഉരുൾപൊട്ടലുകളിൽ ഒന്നായിട്ടാണ് പുത്തുമല ഉരുൾപൊട്ടൽ ആരംഭിച്ചത് എന്നും, താഴ്ന്ന ഭാഗങ്ങളിലെ മണ്ണിന്റെ ഘടന ദുർബലവും ജലപൂരിതവുമായതിനാൽ കുന്നിന്റെ താഴ്ന്ന ഭാഗങ്ങളിൽ എത്തിയപ്പോൾ ഉരുൾപൊട്ടലിന് ശക്തി വർദ്ധിച്ചുവെന്നും സൂചിപ്പിക്കുന്നു.

ഈ പഠനം അത്തരം പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതാമാപ്പ് തയ്യാറാക്കുന്നതിന് ദുർബല മേഖലകളുടെ തുടർച്ചയായ നിരീക്ഷണം ആവശ്യ മാണെന്ന വാദം മുന്നോട്ടുവെച്ചു. ലഭ്യമായ ഉരുൾപൊട്ടൽ സാധ്യതാ മാപ്പുകൾ സ്ഥിരസ്വഭാവമുള്ളതാണ്. ആഗോള സംഭവവികാസങ്ങൾ കാണിക്കുന്നത്, ‘ഇൻസാർ’ ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കപ്പെട്ട ഡൈനാമിക് ലാൻഡ്സ്ലൈഡ് സസ്​പെൻസിബിലിറ്റി മാപ്പുകൾ ഗുണകരമാകുമെന്നാണ് (Devara et al., 2021; Vaka et al., 2024).

‘ഇൻസാർ’ (Inter feromteric Synthetic Aperture Radar) സാങ്കേതികവിദ്യ ഭൂമിയിലെ രൂപമാറ്റങ്ങൾ അങ്ങേയറ്റം കൃത്യതയോടെ നിരീക്ഷിക്കുന്നു. അത്തരം മോഡലുകളിൽ ചരിവ്, അരുവികളിൽ നിന്നുള്ള അകലം, വാർഷിക മഴപ്പെയ്ത്ത്, സസ്യജാലങ്ങൾ, വക്രത, ഒഴുക്കിന്റെ ദിശ, മണ്ണിന്റെ തരം, ഭൂമിശാസ്ത്രം തുടങ്ങി സംഖ്യാപരവും വർഗ്ഗീകൃതവുമായ മാറ്റങ്ങൾ (variables) ഉൾപ്പെടുന്നു. MT InSAR (Muti Interferomteric Synthetic Aperture Radar) ഡാറ്റയും മെഷീൻ ലേണിംഗ് ടെക്‌നിക്കുകളും സംയോജിപ്പിച്ച് ലാൻഡ്സ്ലൈഡ് സസ്‌പെക്റ്റിവിറ്റി മാപ്പിംഗും പ്രധാനമാണ്. പരിശോധനകളിൽ ചരിവുകളിലെ ഹ്രസ്വകാല ദ്രുത രൂപമാറ്റങ്ങളും ദീർഘകാല സാവധാനത്തിൽ നീങ്ങുന്ന രൂപഭേദങ്ങളും പിന്തുടരുന്നത് ഇതിൽ ഉൾപ്പെടുന്നു.

References:

- Ajinetal. Geoenvironmental Disasters (2022) 9:16 https://doi.org/ 10.1186/s40677-022-00218-1

- Ali P. Yunus, K.S. Sajinkumar, Girish Gopinath, Srikrishnan Siva Subramanian, Sahil Kaushal, Jiyadh Thanveer, A.L. Achu3, Shah Masud Ul Islam, Adin Ishan, V.K. Krishnapriya, A. Rajaneesh, Manish Dewrari, Sudhanshu Dixit, Shiwam Singh, Piyush Srivastava, Thomas Oommen, Nikhil Nedumpallile-Vasu, Sumit Sen, A.C. Narayana, V. Ambili, G.S. Pradeep, Sekhar Lukose Kuriakose, 2024.Documenting the Most Disastrous Meppadi Landslide of 30th July 2024 Wayanad, India.Authorea

- Devara, M., Tiwari, A. and Dwivedia, R. 2021. Landslide susceptibility mapping using MT-InSAR and AHP-enabled GIS-based multi-criteria decision analysis. Geomatics, Natural Hazards and Risk, Vol 12, No. 1p. 675-693.https://doi.org/10.1080/19475705.2021.1887939.

- Girish Gopinath, A.L., A., Bhadran, A., Girishbai, D., and Pulpadan, Y. A. (2024a). Preliminary Report of the Most Disastrous Landslide on 30 July 2024 Wayanad Plateau, Kerala, India.Journal of Geological Society of India,100(11), 1640–1641. https://doi.org/10.17491/jgsi/2024/174028

- Girish Gopinath, Achu, L. and Rani Varghese, 2024b. Sastragathi, Kerala Sastra Sahitya Parishad, Vol. 59, Issue 5, p 28-35.

- Annmaria K. George, M. Suresh Gandhi, Abhinand Raj B., Sumith Satheendran S. and Abin Varghese, 2021. Impacts of Quarrying in Land Use/Land Cover and Drainage Patterns of Muvattupuzha River sub-basin, Kerala with special reference to landslides in adjoining areas. Journal of Geosciences Research, Vol. 6, No. 2, p. 251-258..

- John Mathai, G.S Pradeep, Sreevalsa Kolathayar, Drissia, T.K., Thara Manoharan, Shinu, A., 2024; Scientific evaluation of Mundakkai-Chooralmala Landslide, Expert Committee Report submitted to the Government of Kerala, 65p.

- Sheelu Jones, A.K. Kasturba, Anjana Bhagyananthan and B.V. Binoy, 2020.Impact of anthropogenic activities on landslide occurrences in southwest India: An investigation using spatial models. J. Earth Syst. Sci. (2021) 130:70https://doi.org/10.1007/s12040-021-01566-6

- Vaka, D.S.; Yaragunda, V.R.; Perdikou, S.; Papanicolaou, A. 2024. InSAR Integrated Machine Learning Approach for Landslide Susceptibility Mapping in California. Remote Sens., 16, 3574. https://doi.org/10.3390/rs16193574.

(ട്രാൻസിഷൻ സ്റ്റഡീസിന്റെയും പശ്ചിമഘട്ട സംരക്ഷണ സമിതിയുടെയും മുൻകൈയ്യിൽ രൂപീകരിച്ച ജനകീയ ശാസ്ത്ര പഠനസമിതി റിപ്പോർട്ടിന്റെ സമാഹാരമായ ‘തെന്നുന്ന ഭൂമി, ചിതറുന്ന ജീവിതങ്ങൾ’ എന്ന പുസ്തകത്തിൽനിന്ന്).


Summary: What are the reasons of Wayanad Mundakkai Chooralmala landslide, how can we overcome climate change challenges, CP Rajendran writes.


പ്രൊഫ. സി.പി. രാജേന്ദ്രൻ

ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അഡ്​ജൻക്​റ്റ്​​ പ്രൊഫസർ. പാലിയോ സീസ്​മോളജി, ജിയോ ഫിസിക്​സ്​ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്​ധൻ. Earthquakes of the Indian Subcontinent: Seismotectonic Perspectives (കുശല രാജേന്ദ്രനോടൊപ്പം) എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments