തീരത്തെ നിർമാണങ്ങൾക്ക് നിയന്ത്രണത്തിൽ ഇളവ്,
പൊക്കാളിപ്പാടങ്ങളെ CRZ പരിധിയിൽനിന്ന്‌ ഒഴിവാക്കി

കായൽ കരകളിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കുറഞ്ഞ ദൂരപരിധി 100 മീറ്ററായിരുന്നത് ഈ വിജ്ഞാപന പ്രകാരം 50 മീറ്ററാകും. സംസ്ഥാന തീരപരിപാലന അതോറിറ്റിയാണ് കേന്ദ്രത്തിന് മുന്നിൽ പദ്ധതി അവതരിപ്പിച്ചത്. ഒരു മാസത്തിനകം പുതിയ പദ്ധതി നടപ്പാക്കിത്തുടങ്ങും.

News Desk

കേരളത്തിൽ തീരപ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധിയിൽ കൂടുതൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുള്ള തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതോടെ കായൽ, കടൽ, പുഴ എന്നിവയുടെ സമീപമേഖലയിലുള്ള നിർമ്മാണ പദ്ധതികൾക്ക് നേരത്തെയുണ്ടായിരുന്ന നിയന്ത്രണം ഇല്ലാതാവും. 2011-ലെ നിയന്ത്രണ വ്യവസ്ഥകൾ പരിഷ്കരിക്കപ്പെടും. കേരളം സമർപ്പിച്ച തീരദേശ പരിപാലന പ്ലാനിന്റെ (കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ) കരടിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്.

കടൽതീരത്ത് വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ ബഫർസോൺ തുടരും. CRZ III A-യിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കുറഞ്ഞ ദൂരപരിധി 200 മീറ്ററായിരുന്നത് 50 മീറ്ററാക്കിയും കുറച്ചിട്ടുണ്ട്. Photo / Unsplash
കടൽതീരത്ത് വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ ബഫർസോൺ തുടരും. CRZ III A-യിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കുറഞ്ഞ ദൂരപരിധി 200 മീറ്ററായിരുന്നത് 50 മീറ്ററാക്കിയും കുറച്ചിട്ടുണ്ട്. Photo / Unsplash

ഓരോ ജില്ലയിലും തീരദേശ നിയന്ത്രണ മേഖലകളെ കോസ്റ്റൽ റെഗുലേഷൻ സോണുകളായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. CRZ IA, CRZ IB, CRZ II, CRZ IIIB, etc എന്നിങ്ങനെ. ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്ത് മേഖലകളൊഴികെ, 50 മീറ്ററായിരിക്കും നിർമ്മാണത്തിനുള്ള ദൂരപരിധി. വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണപ്രവർത്തനങ്ങൾക്ക് നിലവിലുള്ള 500 മീറ്റർ ദൂരപരിധി നിലനിർത്തിയിട്ടുണ്ട്. നഗരസഭകൾക്കൊപ്പം പഞ്ചായത്തുകൾക്കും സി.ആർ.സെഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. പ്ലാൻ പ്രകാരം കേരളത്തിൽ 66 പഞ്ചായത്തുകൾ, നിർമാണപ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തുന്ന CRZ III കാറ്റഗറിയിൽ നിന്ന് നിയന്ത്രണം കുറഞ്ഞ CRZ II കാറ്റഗറിയിലേക്ക് മാറും.

സംസ്ഥാന തീരപരിപാലന അതോറിറ്റിയാണ് കേന്ദ്രത്തിന് മുന്നിൽ പദ്ധതി അവതരിപ്പിച്ചത്. ഒരു മാസത്തിനകം പുതിയ പദ്ധതി നടപ്പാക്കിത്തുടങ്ങും. സംസ്ഥാനത്തെ പത്ത് ജില്ലകളിലായി 245 പഞ്ചായത്തുകളും 36 മുനിസിപ്പാലിറ്റികളും അഞ്ച് കോർപ്പറേഷനുകളുമാണ് പ്ലാനിന്റെ പരിധിയിൽ വരിക. 37 പഞ്ചായത്തുകളെ CRZ III A വിഭാഗത്തിലേക്ക് മാറ്റി. പ്ലാനിന്റെ ആദ്യകരട് തീരദേശ പരിപാലന വിദഗ്ധസമിതി പരിശോധിച്ച് മാറ്റങ്ങളും നിർദേശിച്ചിരുന്നു. കേരളത്തിലെ മിക്ക പഞ്ചായത്തുകളും നാഗരിക സ്വഭാവമുള്ളവയും 2011-ലെ സെൻസസ് പ്രകാരം നഗരം എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവയുമാണ്. സർക്കാർ ഇത്തരം പഞ്ചായത്തുകളെ തരംതിരിച്ച് നഗരങ്ങളായി പുനർനാമകരണം ചെയ്യണമെന്നും ഈ പഞ്ചായത്തുകളെ നഗരങ്ങളായി വിജ്ഞാപനം ചെയ്ത ശേഷം ഇവയെ CRZ III കാറ്റഗറിയിൽ നിന്ന് CRZ II കാറ്റഗറിയിലേക്ക് മാറ്റണമെന്നും ഇതിൽ നിന്നും 161 തീരദേശ പഞ്ചായത്തുകൾക്ക് ഫലം ലഭിക്കുമെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. 2019-ലെ കേന്ദ്രവിജ്ഞാപന പ്രകാരം CRZ III മേഖലയെ രണ്ടായി തിരിച്ചിട്ടുണ്ട് - CRZ III A, CRZ III B. 2011-ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത്, ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ആളുകൾ ഉള്ള പ്രദേശങ്ങളെ CRZ III A വിഭാഗത്തിലും ഇതിൽ കുറവ് ജനസംഖ്യയുള്ള പ്രദേശങ്ങളെ CRZ III B വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓരോ ജില്ലയിലും തീരദേശ നിയന്ത്രണ മേഖലകളെ വിവിധ കോസ്റ്റൽ റെഗുലേഷൻ സോണുകളായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. Photo / Unsplash
ഓരോ ജില്ലയിലും തീരദേശ നിയന്ത്രണ മേഖലകളെ വിവിധ കോസ്റ്റൽ റെഗുലേഷൻ സോണുകളായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. Photo / Unsplash

കായൽ കരകളിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കുറഞ്ഞ ദൂരപരിധി 100 മീറ്ററായിരുന്നത് ഈ വിജ്ഞാപന പ്രകാരം 50 മീറ്ററാകും. 2011-ലെ വിജ്ഞാപന പ്രകാരം കായൽ ദ്വീപുകളിൽ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കുറഞ്ഞ ദൂരപരിധി 50 മീറ്ററായിരുന്നത് പുതിയ വിജ്ഞാപനത്തിൽ 20 മീറ്ററാക്കി കുറച്ചിട്ടുമുണ്ട്. 10 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ള കായൽ ദ്വീപുകളിൽ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ ആയിരുന്ന ബഫർ സോൺ 20 മീറ്ററാക്കി കുറച്ചു. ചെറിയ ജലാശയങ്ങളിലും വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ വരെ ബഫർസോൺ കണക്കാക്കും. അതേസമയം തുറമുഖങ്ങളിലും തുറമുഖങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച മേഖലകളിലും ബഫർ സോൺ ബാധകമായിരിക്കില്ല. കടൽ തീരത്ത് വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ ബഫർസോൺ തുടരും. CRZ III A-യിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കുറഞ്ഞ ദൂരപരിധി 200 മീറ്ററായിരുന്നത് 50 മീറ്ററാക്കിയും കുറച്ചിട്ടുണ്ട്.

കായൽ, ലവണാംശം കൂടുതലുള്ള പുഴ എന്നിവയുടെ തീരങ്ങളിൽ നിലവിൽ 100 മീറ്റർ ദൂരത്ത് നിർമാണ നിയന്ത്രണമുണ്ട്. ഇത് 50 മീറ്ററായി കുറയും. കടൽത്തീരങ്ങളിലെ പരിധിയും 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചു. സ്വകാര്യ മേഖലയിലെ കണ്ടൽക്കാടുകളിൽ ബഫർസോൺ പൂർണമായി ഇല്ലാതാകും. 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്ക് ചുറ്റും മാത്രമായിരിക്കും ബഫർസോൺ ഉണ്ടാകുക. പുതിയ തീരദേശ പരിപാലന പ്ലാൻ പ്രകാരം ഓരോ മേഖലയിലും പ്രത്യേകം ബഫർ സോണുകളുണ്ടാകും. പൊക്കാളി കൃഷിയിടങ്ങളിൽ 1999-ന് മുൻപുള്ള ബണ്ട് ഉണ്ടെങ്കിൽ ഇത് വേലിയേറ്റ രേഖയായും പുതിയ തീരദേശ പരിപാലന പ്ലാൻ കണക്കാക്കും. CRZ ഒന്ന്‌ബി വിഭാഗത്തിലെ പൊക്കാളിപ്പാടങ്ങൾ CRZ പരിധിയിൽനിന്ന്‌ ഒഴിവാക്കപ്പെട്ടു. ഭൂരിഭാഗം പൊക്കാളിപ്പാടങ്ങളും ഇതോടെ തീരദേശ മാനേജ്‌മെന്റ്‌ പ്ലാനിൽനിന്ന്‌ ഒഴിവായി.

കായൽ കരകളിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കുറഞ്ഞ ദൂരപരിധി 100 മീറ്ററായിരുന്നത് ഈ വിജ്ഞാപന പ്രകാരം 50 മീറ്ററാകും. Photo / Unsplash
കായൽ കരകളിലെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള കുറഞ്ഞ ദൂരപരിധി 100 മീറ്ററായിരുന്നത് ഈ വിജ്ഞാപന പ്രകാരം 50 മീറ്ററാകും. Photo / Unsplash

അഞ്ചുവർഷത്തിലധികം സമയമെടുത്താണ് കേരളം പ്ലാൻ തയ്യാറാക്കിയത്. 2011-ലെ തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി വരുത്തി 2019 ജനുവരിയിൽ കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് മാർഗരേഖ ലഭിച്ചത് 2019 ജൂണിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. പബ്ലിക് ഹിയറിംഗിന് ശേഷമാണ് കരട് തയ്യാറാക്കിയത്.

Comments