മയക്കുവെടിയേറ്റ്​ മയങ്ങുംമുമ്പ്​ കടുവയെ പൊതിയരുത്​ ആൾക്കൂട്ടമേ, അത്​ അപകടമാണ്​

മയക്കുവെടി എന്ന പ്രോസസിലെ ഏറ്റവും പ്രധാനമാണ് മയക്കുവെടി ഏറ്റതിനുശേഷം ആ മൃഗം പരിപൂർണ്ണമായ ഒരു മയക്കത്തിലേക്ക്‌ എത്തിച്ചേരുന്നതു വരേയുള്ള ഒരു സമയം. മയക്കത്തിലേക്ക്‌ പോകുന്ന ഒരു കടുവയുടെ ഏറ്റവും ഒടുവിൽ മാത്രം അസ്തമിക്കുന്ന ഒന്നാണ്‌ കേൾവി ശക്തി. ചെറു ശബ്ദങ്ങൾക്ക്‌ വരെ അതിനെ ശല്യപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പായിരിക്കവേ ആർത്ത്‌ വരുന്ന ജനക്കൂട്ട ശബ്ദങ്ങൾ സംഗതികളെ ആകെ കുഴപ്പത്തിലാക്കും. - സീനിയർ വെറ്റിനറി സർജൻ സതീഷ് കുമാർ എഴുതുന്നു.

ടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ ട്രാങ്ക്വലൈസേഷൻ ആന്റ്‌ ട്രാൻസ്പോർട്ടേഷൻ എന്ന വൈൽഡ്‌ ലൈഫ്‌ എമർജൻസി കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ വെറ്റിനറി ഡോക്ടർമാർ അടക്കമുള്ള പ്രൊഫഷണൽ സംഘത്തിന്‌ ഏറ്റവും കൂടുതൽ ശ്രമകരമാകുന്നത്‌ അനിയന്ത്രിതമായ ആൾക്കൂട്ടത്തിന്റെ ഇടപെടലാണ്‌.

"മയക്ക്‌ വെടി' എന്ന് ഒരു ലളിത വാക്യത്തിൽ പറയാമെങ്കിലും നിയമപരമായ അനവധി പ്രോട്ടോക്കോളുകളും എസ്‌.ഒ.പിയും (Standard Operating Procedure) അതികണിശമായി പാലിച്ചുകൊണ്ടേ വിദഗ്ദർക്ക്‌ അതിൽ ഇടപെടാൻ കഴിയൂ.

കടുവപോലെയുള്ള മൃഗങ്ങളുടെ കാര്യത്തിൽ അത്‌ സാധാരണയിലും കൂടുതലാണ്‌. അതിനേക്കാൾ സൂക്ഷ്മവും സങ്കീർണ്ണവുമാണ്‌ കെമിക്കൽ ട്രാങ്ക്വലൈസേഷൻ എന്ന ആ മയക്കൽ നടപടിയിൽ ഡോക്ടർ എന്ന നിലയിലുള്ള അയാളുടെ ഉത്തരവാദിത്തം.

മൃഗത്തിന്റെ പ്രായം, ആരോഗ്യാവസ്ഥ, ശരീരഭാരം, പരിക്കുകൾ തുടങ്ങി, അത്‌ നിൽക്കുന്ന സ്ഥലം, അന്നത്തെ കാലാവസ്ഥ, ചെയ്യുന്ന സമയം, അതിന്റെ അപ്പോഴത്തെ സ്വഭാവം എന്നിങ്ങനെ കാക്കത്തൊള്ളായിരം കാര്യങ്ങൾ കണക്കിലെടുത്തും പരിശോധിച്ചും വേണം അവർക്ക്‌ തീരുമാനമെടുക്കാൻ

അതീവ ശക്തിയുള്ളതും അപകടകാരിയുമായ മരുന്നുകൾ അവനവനോ അപരനോ പരിക്കുപറ്റാതെ സൂക്ഷ്മതയോടെ അളന്നെടുക്കുകയും സജ്ജമാക്കുകയും വേണം.

മയക്കുവെടി എന്ന ഈ പ്രോസസിലെ ഏറ്റവും പ്രധാനമായ ഒരു ഭാഗമാണ്‌ മയക്കുവെടി ഏറ്റതിനുശേഷം ആ മൃഗം പരിപൂർണ്ണമായ ഒരു മയക്കത്തിലേക്ക്‌ എത്തിച്ചേരുന്നതു വരേയുള്ള ഒരു സമയം

"മോണിട്ടറിംഗ്‌ ഡെപ്ത്‌ ഓഫ്‌ അനസ്തേഷ്യ' എന്നത്‌ അത്രയേറെ ശ്രദ്ധയും ജാഗ്രതയും വേണ്ട ഒരു ഘട്ടമാണ്. എല്ലാ മരുന്നുകളും എല്ലാ മൃഗങ്ങളിലും ഒരുപോലെ തന്നെയാണ്‌ പ്രവർത്തിക്കുക എന്ന് വിശ്വസിച്ച്‌ പോകരുത്‌

അതിനെ സ്വാധീനിക്കുന്ന അനവധി ഘടകങ്ങളുണ്ട്‌ അതിൽ ഏറ്റവും പ്രധാനമുള്ള ഒന്നാണ് ശബ്ദ ശല്യമടക്കമുള്ള അതിന്റെ പരിസര സാഹചര്യങ്ങൾ. മയക്കത്തിലേക്ക്‌ പോകുന്ന ഒരു കടുവയുടെ ഏറ്റവും ഒടുവിൽ മാത്രം അസ്തമിക്കുന്ന ഒന്നാണ്‌ കേൾവി ശക്തി. ചെറു ശബ്ദങ്ങൾക്ക്‌ വരെ അതിനെ ശല്യപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പായിരിക്കവേ ആർത്ത്‌ വരുന്ന ജനക്കൂട്ട ശബ്ദങ്ങൾ സംഗതികളെ ആകെ കുഴപ്പത്തിലാക്കും.

അതുകൊണ്ടാണ്‌ കടുവ, പുലി എന്നീ മൃഗങ്ങളെ കെമിക്കൽ ട്രാൻങ്ക്വലൈസേഷൻ നടത്തുമ്പോൾ പ്രദേശത്ത്‌ നൂറ്റി നാൽപ്പത്തിനാല്‌ പ്രഖ്യാപിക്കണം എന്നും ആ പ്രക്രിയക്ക്‌ തടസം വരും വിധമുള്ള ആൾക്കൂട്ടത്തെ നിയന്ത്രിക്കണം എന്നും കടുവയെ മയക്കാനുള്ള എസ്‌ഒപിയിൽ നിർദ്ദേശിച്ചിരിക്കുന്നത്‌.

ഇന്നത്തെ കടുവ പിടുത്തം നോക്കൂ... ആളുകളുടെ കാര്യം വിടൂ, ഒരാളുടെ ജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശമാകെ ഭീതിയിൽ ആയിരിക്കുകയും ചെയ്യുന്ന ഒരു സമയത്ത്‌ ആളുകളുടെ കൂട്ടം കൂടൽ സ്വാഭാവികമാണ്‌ എന്ന് വെക്കാം.

എന്നാൽ മാധ്യമപ്രവർത്തകരോ. അത്രയേറെ ടെലിവിഷൻ ക്യാമറകൾക്കും റിപ്പോർട്ടിങുകൾക്കും എന്തായിരുന്നു അവിടെ കാര്യം? അവിടെ എന്ന് ഞാൻ ഉദ്ദേശിച്ചത്‌ അത്‌ റിപ്പോർട്ട്‌ ചെയ്യുന്നതിനെ പറ്റിയല്ല. നേരത്തെ പറഞ്ഞ മയക്കുവെടി ഏറ്റതിനു ശേഷം പൂർണമായി മയങ്ങുന്നതിനും മുൻപ്‌ ക്യാമറയുമായി അവരെന്തിന്‌ അതിനെ പൊതിയുന്നു..

സൂം ചെയ്ത്‌ എടുക്കുന്നതാണ്‌ എന്ന് ദൃശ്യങ്ങളിൽ നിന്നറിയാം. ആ ദൂരത്ത്‌ നിന്നായാൽ പോലും അത്‌ ആ സമയത്തിൽ അനുയോജ്യമായ ഒന്നല്ല എന്നാണ്‌ മനസിലാക്കേണ്ടത്‌. അതിന്റെ മയക്കത്തെ ബാധിക്കുന്നു എന്ന് മാത്രമല്ല. മറ്റൊരു ചാർജ്ജിങ്ങിന്‌ കൂടി അതിന്‌ സാധിക്കില്ല എന്ന് ആരു കണ്ടു. നരഭോജിയാണ്‌ എന്ന് ഏതാണ്ട്‌ തെളിഞ്ഞ ഒരു ജീവിയാണ്‌. അവനവന്റെ ജീവിതം മാത്രമല്ല അപരന്റെ ജീവിതത്തെക്കൂടിയാണ്‌ നിങ്ങൾ അപകടത്തിലാക്കുന്നത്‌.

കടുവയുടെ ആദ്യ ദൃശ്യങ്ങൾ ഞങ്ങൾക്ക്‌ എന്ന് എല്ലാ ചാനലുകാരും വാട്ടർ മാർക്കിട്ട്‌ ദൃശ്യങ്ങൾ കാണിക്കുമ്പോൾ ആ മയക്കൽ എന്ന നടപടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടത്തെയാണ്‌ നിങ്ങൾ തകരാറിലാക്കുന്നത്‌ എന്ന് ദയവായി മനസിലാക്കുക. ആ ഒരു പ്രധാന ഘട്ടത്തെ അതിന്റെ ഗൗരവം മനസിലാക്കി വെറുതേ വിടുക എന്നതാണ്‌ മാന്യതയും ശാസ്ത്രീയതയും.

ഉത്തരവാദിത്തത്തോടെ അവർ ചെയ്തു കൊണ്ടിരിക്കുന്ന ആ ജോലിയെ നിങ്ങൾ അപകടകരമാം വിധം ശല്യപ്പെടുത്തുകയാണ്‌. പൊതു ബോധമുള്ള മനുഷ്യർ‌ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണത്‌.

ഒരിക്കൽ കൂടി ആവർത്തിക്കാതിരിക്കാൻ ആർക്കെങ്കിലും തോന്നിയാൽ നന്ന് എന്ന വിചാരത്താൽ മാത്രം ഇത്രയുമെഴുതുന്നു. അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ അപകടകാരിയായ ആ കടുവ കൂട്ടിലായി എന്നതിൽ ആശ്വാസം രേഖപ്പെടുത്തുകയും ചെയ്യുന്നു.


Summary: മയക്കുവെടി എന്ന പ്രോസസിലെ ഏറ്റവും പ്രധാനമാണ് മയക്കുവെടി ഏറ്റതിനുശേഷം ആ മൃഗം പരിപൂർണ്ണമായ ഒരു മയക്കത്തിലേക്ക്‌ എത്തിച്ചേരുന്നതു വരേയുള്ള ഒരു സമയം. മയക്കത്തിലേക്ക്‌ പോകുന്ന ഒരു കടുവയുടെ ഏറ്റവും ഒടുവിൽ മാത്രം അസ്തമിക്കുന്ന ഒന്നാണ്‌ കേൾവി ശക്തി. ചെറു ശബ്ദങ്ങൾക്ക്‌ വരെ അതിനെ ശല്യപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പായിരിക്കവേ ആർത്ത്‌ വരുന്ന ജനക്കൂട്ട ശബ്ദങ്ങൾ സംഗതികളെ ആകെ കുഴപ്പത്തിലാക്കും. - സീനിയർ വെറ്റിനറി സർജൻ സതീഷ് കുമാർ എഴുതുന്നു.


Comments