ബ്രഹ്മപുരത്തിൽ കത്തിനിൽക്കുന്ന കേരളം തെംസിന്റെ കഥയറിയണം

1878 ൽ പ്രിൻസസ് ആലീസ് എന്ന ആവിക്കപ്പൽ ലണ്ടൻ പട്ടണത്തിലൂടെ ഒഴുകുന്ന തെംസ് നദിയിൽ വച്ച് ബെവൽ കാസിൽ എന്ന കപ്പലുമായി കൂട്ടിയിടിച്ച് മുങ്ങി 700 -ഓളം യാത്രക്കാർ മരിച്ചു. നിഭാഗ്യവശാൽ യാത്രക്കാർ പലരും മുങ്ങിമരിയ്ക്കുകയായിരുന്നില്ല. മലിനജലം ഒഴുകുന്ന തെംസിലെ ജലത്തിൽ നിന്ന്​ വിഷജലം കുടിച്ചാണ് മരിച്ചത്. രക്ഷപ്പെവരിൽ ചിലർ പിന്നീട് നദീജലം വയറ്റിൽ ചെന്നതുകൊണ്ട് വിഷബാധയേറ്റ് മരിച്ചു.

ദുർഗന്ധം വമിയ്ക്കുന്ന അഴക്കുചാലിനേക്കാൾ വൃത്തിഹീനമായ തെംസ് നദി മരിച്ചതായി കാലങ്ങൾക്കുമുൻപേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഓക്സിജൻ ഇല്ലാതെയായിത്തീർന്ന നദിയിലെ ജീവജാലങ്ങൾ ചത്തൊടുങ്ങി. എങ്കിലും ലണ്ടൻ നിവാസികൾക്ക് മറ്റു കുടിവെള്ള സ്രോതസ്സുകളില്ലായിരുന്നു. 1830 മുതൽ 1860 വരെ പതിനായിരക്കണക്കിനു പട്ടണവാസികൾ മലിനജലം കുടിച്ച് കോളറ ബാധിച്ച് കൂട്ടത്തോടെ മരിച്ചു.

വിക്ടോറിയ റാണി അധികാരലെത്തുന്നകാലത്ത് ജനിയ്ക്കുന്ന പകുതി കുഞ്ഞുങ്ങൾ അഞ്ചാമത്തെ ജന്മദിനം കാണാതെ മരിച്ചുപോകുമായിരുന്നു. പട്ടണത്തിലെ ആയുർദൈർഘ്യം 35 ആയി ചുരുങ്ങി. കോളറ നാലു പ്രാവശ്യം പട്ടണത്തെ ഭീകരമായി ബാധിച്ചു.

കാര്യങ്ങളിങ്ങനെയൊക്കെയായിരുന്നെങ്കിലും ഭൂമുഖത്തെ ഏറ്റവും മലിനമായ ജലം ഒഴുകിയിരുന്ന തെംസ് നദി ഇന്നു പട്ടണങ്ങളിലൂടെ ഒഴുകുന്നതിൽ ഏറ്റവും ശുദ്ധജലമുള്ള നദിയാണ്.

ജോസഫ് ബസാൽഗെറ്റ്

ജോസഫ് ബസാൽഗെറ്റ് എന്ന സിവിൽ എഞ്ചിനീയർ പരിഹാരവുമായി മുന്നോട്ട് വന്നു. "ബിഗ് തെംസ് ക്ലീൻ അപ്’ എന്ന ബ്രഹത് പരിപാടിയിലെ ജല- മലിനജന പ്രശ്നത്തിന് ശാശ്വതപരിഹാരം കണ്ടെത്തിയ ജോസഫ്, മാധ്യമങ്ങൾ "സീവർ മാൻ ഓഫ് ഇംഗ്ളണ്ട് ’ എന്ന സ്ഥാനപ്പേര് നൽകി.

കോളറ പോലുള്ള പകർച്ചവ്യാധികൾ ഗന്ധം വഴിയാണ്​ പകരുന്നത്​ എന്ന ധാരണയാണ് പാശ്ചാത്യർക്ക് പൊതുവേ അക്കാലത്തുണ്ടായിരുന്നത്. പക്ഷേ, ജലം വഴിയാണ് പകരുന്നത് എന്ന് ലണ്ടൻകാർ മനസിലാക്കിയിരുന്നു. തെംസ് നദി മലിനമായതിന്റെ പ്രധാന കാരണം വ്യവസായ ശാലകളിൽ നിന്നു വരുന്ന മലിന ജലവും ഓടയിലെ സംസ്കരിക്കാത്ത അഴുക്കുവെള്ളവുമാണെന്ന് ജോസഫ് മനസിലാക്കി.

ഒരു താൽക്കാലിക പരിഹാരം വീണ്ടും പ്രശ്നങ്ങൾക്കു വഴിതെളിയ്ക്കും എന്നറിയാമായിരുന്ന ജോസഫും സഹപ്രവർത്തകരും ലണ്ടൻ പട്ടണത്തിലെ ജന- മലിനജല സംവിധാനത്തിന്​ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി. മലിനജല സംസ്കരണ ശാലകൾ (STP) നിർമിക്കാൻ പദ്ധതിയിട്ടു. തെംസ് നദിയ്ക്കും ഇരു കരകളിലും മതിലുകൾ (Victoria Embankment , Albert Embankment and Chelsea Embankment) കെട്ടി. വീതികുറഞ്ഞതോടെ നദിയുടെ ഒഴുക്കു കൂടി. അതുവരെ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒഴുകി​​പ്പോകാൻ തുടങ്ങി. മതിലുകൾ കെട്ടിയപ്പോൾ നിരത്തിയെടുത്ത നദീതീരത്ത് കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചു. ഭൂഗർഭ ഡ്രൈനേജുകൾ പണിതു. അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ സിവിൽ എൻഞ്ചിയറിങ് പദ്ധതിയായിരുന്നു അത്.

നദിയിലേയ്ക്ക് വരുന്ന മലിന ജനം ശുദ്ധീകരിയ്ക്കുന്നതിനും, നദിയിൽ നിന്ന്​ശേഖരിയ്ക്കുന്ന കുടിവെള്ളം ശുദ്ധീകരിയ്ക്കുന്നതിനും വലിയ ശുദ്ധീകരണ ശാലകൾ പണിതു. 1.8 ബില്ല്യൺ ലിറ്റർ കൈകാര്യം ചെയ്യുന്ന പദ്ധതിയാണ് അക്കാലത്ത് പൂർത്തിയാക്കിയത്. വിക്ടോറിയൻ കാലത്ത്​ ഏറ്റവുമധികം ജീവൻ രക്ഷിച്ച ഒറ്റവ്യക്തി എന്ന നിലയിൽ ജോസഫിനു പ്രഭു പദവി നൽകി ഗവണ്മെൻറ്​ ആദരിച്ചു.

തെംസ് നദിയിലേയ്ക്ക് ജീവജാലങ്ങൾ മടങ്ങിവന്നു. വംശനാശം സംഭവിച്ചുകൊണ്ടിരുന്ന പലതും പുനർജീവിച്ചു. 126 സ്പീഷീസ് മത്സ്യങ്ങൾ ഇന്ന് തെംസ് നദിയിലുണ്ട്. സീലുകളും ഡോൾഫിനുകളും യഥേഷ്ടം കളിച്ചു നടക്കുന്നു. നദിക്കരയിൽ വിവിധയിനം പക്ഷികൾ ചേക്കേറുന്നു. കലങ്ങിയതെങ്കിലും ശുദ്ധജലം പ്രവഹിയ്ക്കുന്ന നദിയായി തെംസ് ലണ്ടൻ പട്ടണത്തിലൂടെ ഒഴുകുന്നു.

വലിയ ഒരു ആവാസവ്യവസ്ഥയ്ക്ക് പിന്നേയും ജീവൻ വച്ചു.

പറയാൻ വന്നത് ഇതല്ല.

തെംസ് നദിതീരത്ത് ലേഖകൻ

പ്രശ്നത്തിന്റെ ഗൗരവം ലണ്ടൻ സർക്കാർ മനസിലാക്കി മലിനജല സംവിധാനം നവീകരിക്കാനുള്ള നിർദ്ദേശങ്ങൾ 1700-കളുടെ തുടക്കത്തിലുണ്ടായെങ്കിലും അത്തരമൊരു പദ്ധതിയുടെ ചെലവ് പുരോഗതിയെ തടസ്സപ്പെടുത്തി. 1856-ൽ കൂടുതൽ നിർദ്ദേശങ്ങൾ തുടർന്നു, പക്ഷേ ചെലവ് കാരണം വീണ്ടും അവഗണിക്കപ്പെട്ടു. എന്നിരുന്നാലും, പിന്നീട് പല ദുരന്തങ്ങൾക്കുശേഷം, പാർലമെൻറ്​ പ്രശ്നത്തിന്റെ അടിയന്തിരാവസ്ഥ മനസ്സിലാക്കുകയും ആധുനിക മലിനജല സംവിധാനം സൃഷ്ടിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

മരം വെട്ടുക, പാറ പൊട്ടിക്കുക, റോഡുവെട്ടുക, റെയിൽവേകൾ പണിയുക, ഫാക്ടറികൾ നിർമിക്കുക, അതിൽ മനിലജലം ഉണ്ടാവുക, വേസ്റ്റ് കുന്നുകൂടുക എന്നതൊക്കെ മനുഷ്യപുരോഗതിയുടെ ഭാഗമായി സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനെതിരെ കാല്പനികമായ കാഴ്ചപ്പാട് ഉണ്ടാകുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.

എൻജിനീയറിങ് പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. യഥാർത്ഥത്തിൽ നമ്മൾ നേരിടുന്ന മിക്ക പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ കണ്ടുപിടിച്ചുകഴിഞ്ഞു. മാലിന്യ പ്രശ്‍നം പരിഹരിക്കുന്നതിനുള്ള മാർഗങ്ങളൊന്നും ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല- കാലങ്ങൾകൊണ്ട് രൂപപ്പെടുത്തി എടുത്തതാണ്.

കേരളത്തിൽ മാലിന്യ പ്രശ്‍നം മുൻഗണനാക്രമത്തിൽ ഒന്നാമത്തെ പരിഗണനയായി വന്നിട്ടില്ല എന്നതാണ് മുഖ്യവിഷയം. ഇനി അതിന്​ താമസിച്ചുകൂടാ. ഉത്തരവാദികളെ കണ്ട്​ പിടികൂടാൻ ഓടിനടക്കുകയും ആരെയെങ്കിലും പഴിചാരുകയും ചെയ്യുന്നതുകൊണ്ട് പരിഹാരമാകില്ല. ഇതിന്​ ഏറിയും കുറഞ്ഞും എല്ലാവരും ഉത്തരവാദികളാണ്.

ഞാൻ താമസിക്കുന്ന രാജ്യത്തെ ഉദാഹരണം എടുക്കാം. വളരെ കുറച്ച് കാലങ്ങൾകൊണ്ട് വളർന്നു വന്ന പട്ടണങ്ങളാണ് ഇവിടെയുള്ളത്.

ഒരു വീട് വച്ചാൽ, എല്ലാ സർവീസുകളും (കറൻറ്​, വെള്ളം, സീവർ, ടെലിഫോൺ) എല്ലാവിധ കണക്ഷനും ഉണ്ടെങ്കിൽ മാത്രമേ വിൽക്കാൻ കഴിയുകയുള്ളൂ, താമസിക്കാനും അനുവാദമുള്ളൂ- അത് നിയന്ത്രിക്കുന്ന അതോറിറ്റികളുണ്ട്. പ്ലാനിങ് സമയത്തുതന്നെ, ആ വീട്ടിൽ നിന്നു വരുന്ന മാലിന്യം കൂടി വഹിക്കാൻ സീവർ ലൈനും സംസ്‌കരിക്കാൻ സംസ്കരണശാലയ്ക്കും ശേഷിയുണ്ടെന്ന് ബോധ്യപ്പെടണം, അവർ അംഗീകരിക്കണം. ഖര മാലിന്യങ്ങൾ കൊണ്ടുപോകുവാൻ, തൊട്ടടുത്ത് ബിന്നുകൾ വയ്ക്കുകയും, എന്നും അതിരാവിലെ പുതിയവ മാറ്റിസ്ഥാപിക്കുകയും ചെയ്തു എന്ന് മുനിസിപ്പാലിറ്റികൾ ഉറപ്പു വരുത്തും.

സർക്കാർ മേഖലയിൽ വലിയ ഗ്രഹസമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ജോലിയാണ് ഞാൻ ചെയ്യുന്നത്. പ്രോജക്ടിന്റെ പ്ലാനിങ് പെർമിഷൻ കിട്ടുന്നതിനുമുൻപ് മാലിന്യ സംസ്കരണശാലയ്ക്ക് അതും കൂടി താങ്ങാനുള്ള ശേഷിയുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയാലേ നിർമ്മാണം തുടങ്ങാൻ സാധിക്കുകയുള്ളൂ.

സ്വീഡൻ ഡെന്മാർക്ക്, ജർമനി എന്നീ രാജ്യങ്ങളൊക്കെ വേസ്റ്റ്- റ്റു- എനർജി (WTE) വഴി ഖരമാലിന്യപ്രശ്‍നം പരിഹരിച്ചിട്ടുണ്ട്. Strong waste management policies, High volume of waste:, Advanced technology, District heating systems, Public support എന്നിങ്ങനെ പലകാരണങ്ങൾ ഈ പദ്ധതിയുടെ വിജയത്തിന് പിന്നിലുണ്ട്.

കാനഡയിലും സൗത്ത് കൊറിയയിലെ Extended Producer Responsibility (EPR) വഴിയാണ്, പ്രധാനമായും ഈ പ്രശ്‍നം പരിഹരിച്ചിരിക്കുന്നത്. അവിടെ ഒരു ഉൽപ്പന്നം ഉണ്ടാക്കുന്നവർ അതിന്റെ ഉപയോഗ കാലത്തും, കാലാവധി കഴിഞ്ഞതിലൊന്നും ശേഷം ഉണ്ടാകുന്ന എല്ലാ പാരിസ്ഥിക ആഘാതത്തിനുനും അവസാനം സംസ്ക്കരിക്കുന്നതിനുമുള്ള ചെലവ് വഹിക്കാൻ നിർബന്ധിതരാണ്.

Pay-As-You-Throw (PAYT) സംവിധാനം വഴി വീടുകളും ബിസിനസുകാരും അവർ ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ സംസ്കരണത്തിന്റെ ചെലവ് വഹിക്കണം എന്ന നിഷ്കർഷിക്കുന്ന രാജ്യങ്ങളുണ്ട്. ഇത് മാലിന്യം കുറയ്ക്കാനും കൂടുതൽ റീ- സൈക്കിൾ ചെയ്യാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ജർമനി, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഈ സമീപനം നടപ്പിലാക്കിയിട്ടുണ്ട്. ഇവയൊന്നും അപ്പാടെ, അതുപോലെ നമ്മുടെ നാട്ടിൽ വരണമെന്നോ, വരുമെന്നോ അല്ല. വളരെ ചെറിയ ജനസംഖ്യയുള്ള, ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ജനങ്ങളിൽ നിന്ന്​ കനത്ത സംഖ്യ ഈടാക്കി ഈ പ്രശ്‍നം പരിഹരിച്ചതുപോലെ നമുക്ക് കഴിയില്ല.

നമുക്ക് വേണ്ടത് ബഹുമുഖ പദ്ധതികളാണ്. മുകളിൽ പറഞ്ഞതെല്ലാം ചേർന്ന പദ്ധതികളാണ്. അതിനു കഴിയും. താരതമ്യേന വളരെ ചെറിയ പ്രതിശീർഷ വരുമാനം കൊണ്ട്, വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കാൻ കേരളത്തിന് കഴിയുന്നുവെങ്കിൽ, മാലിന്യ പ്രശ്‍നം പരിഹരിക്കാനും നമുക്ക് കഴിയും.

അതുപോലെ, ഹൃസ്വകാല - ദീർഘകാല പദ്ധതികൾ വേണം.

ഇപ്പോൾ ബ്രഹ്‌മപുരത്ത്​ അഴുക്കുകൂനക്ക്​ കത്തുപിടിച്ചതിന്​ ദീഘകാല പദ്ധതികളല്ല പ്ലാൻ ചെയ്യേണ്ടത്- അടിയന്തരമായി തീയണക്കണം, അന്തരീക്ഷത്തിലെ പുകയിൽ നിന്ന്​ ജനങ്ങളെ രക്ഷിക്കണം. അതേസമയം, ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്​ ദീഘകാല എൻജിനീയറിങ് പരിഹാരം ഉണ്ടാകണം.

ഒറ്റ വഴിയേയുള്ളൂ - മാലിന്യ സംസ്കരണം പ്രഥമ പരിഗണനയിൽ വരണം- സർക്കാരിന്റെ മാത്രമല്ല, ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും.

ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ:

പൊതുജനം ചെയ്യേണ്ടത്:

വഴിയും വൈദ്യതിയും ലഭ്യമല്ലാത്തിടത്ത് ഇന്ന് ആരെങ്കിലും വീട് വയ്ക്കുമോ? അതുപോലെ ഒരു വീട് ഉണ്ടാക്കുന്ന എല്ലാ മാലിന്യങ്ങളും സംസ്കരിക്കുന്നതിനുള്ള സംവിധാനമുണ്ടെന്ന് വീട് പണിയുകയോ, വാങ്ങുകയോ ചെയ്യുന്നവർ ഉറപ്പുവരുത്തണം, അത് ഒരു പ്രത്യേക സംവിധാനം ആകണമെന്നില്ല. മുകളിൽ പറഞ്ഞ വിവിധ രാജ്യങ്ങളിൽ വിജയിച്ച, സംവിധാനങ്ങളോ നൂതനമായ മറ്റേതെങ്കിലും സംവിധാനമോ ഉണ്ടെന്ന് ഉറപ്പാക്കണം.അതിനുള്ള ചെലവുകൂടി വീട് നിർമാണത്തിന്റെ ചെലവായി കരുതണം. ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, അല്ലെങ്കിൽ WTE പ്ലാന്റുകളുണ്ടാക്കുക, സംസ്കരണച്ചെലവ്​ പൊതുജനങ്ങളിൽനിന്നുതന്നെ ഈടാക്കുക - ഇത്തരം ഒറ്റ പരിഹാരം കേരളത്തിൽ സാധ്യമാകണമെന്നില്ല

സർക്കാർ ചെയ്യേണ്ടത്:

എല്ലാവർക്കും പൂർണമായും മാലിന്യ സംസ്‌ക്കരണ സംവിധാനത്തിൽ ആക്സസ് ഉണ്ട് എന്നുറപ്പുവരുത്തണം. അതിനുള്ള പ്ലാന്റുകൾ, വാഹനങ്ങൾ, ഇവയ്ക്കുള്ള ഫണ്ടുകൾ (സർക്കാർ മേഖലയിലോ പ്രൈവറ്റ് സംവിധാനം വഴിയോ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലോ) ഉറപ്പുവരുത്തണം. ഇതിനുള്ള ഫണ്ട് ബജറ്റിൽ ഉൾപ്പെടുത്തണം, അതെത്ര വലുതായിരുന്നാലും.

ഉദ്യോഗസ്ഥർ ചെയ്യേണ്ടത്:

മാലിന്യ സംസ്കരണം സംബന്ധിച്ച നിയമങ്ങൾ, സംവിധാനങ്ങളുടെ നിർമാണത്തിന്റെ ഗുണമേന്മ, അതിന്റെ ഓപ്പറെഷൻ ഇവയൊക്കെ മറ്റേത് സർവീസും പോലെ കാര്യക്ഷമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തണം. ഇന്ന് ഒരു വീട്ടിലെ കറന്റു പോയാൽ പരാതിപ്പെടാനും നിമിഷങ്ങൾക്കുള്ളിൽ പരിഹരിക്കാനും ഉള്ള സംവിധാനം ഉണ്ടല്ലോ. മാലിന്യ സംസ്‌ക്കരണ സംവിധാനത്തിനും തുല്യമോ, അതിലും പ്രാധാന്യമോ കൊടുക്കണം.

ശുദ്ധജലമൊഴുകുന്ന തെംസ് നദി പോലെ, മാലിന്യമുക്തമായ കേരളം ഉറപ്പായും ഉണ്ടാകും, ഉണ്ടായേ പറ്റൂ.

Comments