വേലിയേറ്റ
വെള്ളപ്പൊക്കവും
പ്രതിരോധത്തിന്റെ
പെൺഭൂപടങ്ങളും

കേരളത്തിലെ ഒൻപത് തീരദേശ ജില്ലകളെ കാലാവസ്ഥാആഘാതസാധ്യത സൂചിക അതീവ ഗുരുതരമായ വിഭാഗത്തിൽപ്പെടുത്തുമ്പോൾ, അതിന്റെ ഏറ്റവും ഭീകരപ്രത്യാഘാതം അനുഭവിക്കുന്നത് വൈപ്പിൻ, എഴിക്കര, പുത്തൻവേലിക്കര, കുമ്പളങ്ങി തുടങ്ങിയ തീരദേശങ്ങളാണ്. ഈ വിഷയം മുൻനിർത്തി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ആവിഷ്കരിച്ച ജനകീയ ബദൽ പദ്ധതിയെക്കുറിച്ചും 'ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ' എന്ന ഡോക്യുമെന്ററിയെക്കുറിച്ചും എഴുതുന്നു, സാന്ദ്ര ലക്ഷ്മി ആർ.

രിസ്ഥിതിചർച്ചകളിൽ കൃത്യമായ അധികാരരാഷ്ട്രീയം പ്രവർത്തിക്കുന്നുണ്ട്. പ്രകൃതിക്കുമേൽ നടക്കുന്ന അധിനിവേശവും മൂലധനചൂഷണവും ഏതുതരത്തിലാണോ വ്യവസ്ഥാപിതമായി നടപ്പിലാക്കപ്പെടുന്നത്, അതേ യുക്തി തന്നെയാണ് നൂറ്റാണ്ടുകളായി സ്ത്രീശരീരത്തിനും ജീവിതത്തിനുംമേൽ പുരുഷാധിപത്യവ്യവസ്ഥയും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.

പുരുഷാധികാരം ഭൂമിയെ ലാഭമുണ്ടാക്കാനുള്ള ഒരു വാണിജ്യവസ്തു മാത്രമായി കാണുമ്പോൾ, സ്ത്രീ അതിനെ തന്റെ അടിസ്ഥാനപരമായ നിലനിൽപ്പിനെ താങ്ങിനിർത്തുന്ന വിഭവമായാണ് ചരിത്രത്തിലുടനീളം അടയാളപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിയുടെ താളം തെറ്റുമ്പോൾ ആദ്യം മുറിപ്പെടുന്നത് സ്ത്രീകളുടെ ജീവിതമാണ്. അതുകൊണ്ടുതന്നെ തകർന്നടിയുന്ന ആവാസവ്യവസ്ഥകളിൽനിന്ന് ഉയർന്നുവരുന്ന സ്ത്രീശബ്ദങ്ങൾ പരിസ്ഥിതിയോടുള്ള ജാഗ്രത മാത്രമല്ല, തങ്ങളെ തളച്ചിടാൻ ശ്രമിക്കുന്ന വ്യവസ്ഥിതികളെ തകർക്കുന്ന പ്രതിരോധശക്തി കൂടിയാണ്.

ദുരന്തങ്ങളുടെ ലിംഗരാഷ്ട്രീയവും സാമൂഹിക വിവേചനങ്ങളും ഭരണകൂടത്തിന്റെയും ആസൂത്രകരുടെയും ചർച്ചകളിൽനിന്ന് പുറന്തള്ളപ്പെടുകയാണ്.

നിലവിലുള്ള കാലാവസ്ഥാചർച്ചകൾ കേവലം നയതന്ത്ര- സാങ്കേതിക പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ദുരന്തങ്ങളുടെ ലിംഗരാഷ്ട്രീയവും സാമൂഹിക വിവേചനങ്ങളും ഭരണകൂടത്തിന്റെയും ആസൂത്രകരുടെയും ചർച്ചകളിൽനിന്ന് പുറന്തള്ളപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ തീരദേശ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് ബിന്ദു സാജൻ സംവിധാനം ചെയ്ത 'ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ' (2023) എന്ന ഡോക്യുമെന്ററി പ്രസക്തമാകുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ (TISS) നേതൃത്വത്തിൽ നടക്കുന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഡോക്യുമെന്ററി രൂപപ്പെടുന്നത്.

പ്രാദേശികഭൂപടങ്ങൾ:
വേലിയേറ്റവും
കൊച്ചിയുടെ യാഥാർത്ഥ്യവും

ഭൂമിശാസ്ത്രപരമായി സമുദ്രത്തോട് ചേർന്നുനിൽക്കുന്ന കൊച്ചിയുടെ കായൽ- കനാൽ ശൃംഖലകൾ ഇന്ന് വൻതോതിലുള്ള ഒരു പാരിസ്ഥിതിക പ്രതിസന്ധിയുടെ നിശ്ശബ്ദസാക്ഷികളാണ്. ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകർഷണഫലമായുണ്ടാകുന്ന വേലിയേറ്റങ്ങൾ, ഇന്ന് താഴ്ന്ന തീരപ്രദേശങ്ങളിൽ താൽക്കാലിക വെള്ളപ്പൊക്കമല്ല, സ്ഥിരമായ ദുരന്തങ്ങളാണ് സൃഷ്ടിക്കുന്നത്.

ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെ ചൂടിൽ 93% വും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ചൂടാകുമ്പോൾ ദ്രാവകങ്ങൾ വികസിക്കുന്നു എന്ന ലളിതമായ ശാസ്ത്രീയയുക്തിയനുസരിച്ച് അറബിക്കടൽ വികസിച്ചുകൊണ്ടിരിക്കുകയാണ്; കഴിഞ്ഞ ഒരു ദശകത്തിനിടെ മാത്രം ഇവിടുത്തെ ജലനിരപ്പ് 20- 24 സെന്റിമീറ്റർ വരെയാണ് ഉയർന്നത്.

കേരളത്തിലെ ഒൻപത് തീരദേശ ജില്ലകളെ കാലാവസ്ഥാ ആഘാതസാധ്യത സൂചിക (Climate vulnerability index) അതീവ ഗുരുതരമായ വിഭാഗത്തിൽപ്പെടുത്തുമ്പോൾ, അതിന്റെ ഏറ്റവും ഭീകര പ്രത്യാഘാതം അനുഭവിക്കുന്നത് ചതുരശ്ര കിലോമീറ്ററിന് അയ്യായിരത്തോളം പേർ വസിക്കുന്ന, ജനസാന്ദ്രതയേറിയ വൈപ്പിൻ, എഴിക്കര, പുത്തൻവേലിക്കര, കുമ്പളങ്ങി തുടങ്ങിയ കൊച്ചിയുടെ തീരദേശങ്ങളാണ്. പണ്ട് വൃശ്ചിക മാസത്തിൽ മാത്രം വന്നിരുന്ന വേലിയേറ്റം ഇന്ന് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന നിത്യദുരന്തമായി മാറിയതോടെ, ഇരുപതിനായിരത്തോളം വീടുകളാണ് വെള്ളപ്പൊക്കഭീഷണിയിലായത്. ഉപജീവനമാർഗ്ഗങ്ങൾ തകരുകയും ജലജന്യ രോഗങ്ങൾ പടരുകയും ചെയ്യുമ്പോൾ തീരദേശവാസികൾ സ്വന്തം മണ്ണിൽ നിന്നും ഒഴിഞ്ഞുപോകാൻ നിർബന്ധിതരാകുന്ന സ്ഥിതിയാണ്. രാഷ്ട്രീയ കാരണങ്ങളാലല്ലാതെ, കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും കാരണം ജന്മനാട് ഉപേക്ഷിക്കേണ്ടിവരുന്ന മനുഷ്യരെയാണ് 'ക്ലൈമറ്റ് റഫ്യൂജീസ്' (Climate refugees) എന്ന് വിളിക്കുന്നത്. വൈപ്പിനിലെയും എഴിക്കരയിലെയും പുത്തൻവേലിക്കരയിലെയുമൊക്കെ ജനങ്ങൾ ഇന്ന് ഈ വിഭാഗത്തിലേക്ക് തള്ളപ്പെടുകയാണ്.

കൊച്ചിയിലെ തീരദേശ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് ബിന്ദു സാജൻ സംവിധാനം ചെയ്ത 'ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ' (2023) എന്ന ഡോക്യുമെന്ററി.
കൊച്ചിയിലെ തീരദേശ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് ബിന്ദു സാജൻ സംവിധാനം ചെയ്ത 'ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ' (2023) എന്ന ഡോക്യുമെന്ററി.

കാലാവസ്ഥാവ്യതിയാനത്തെയും പാരിസ്ഥിതിക തകർച്ചയെയും കേവലം സാങ്കേതികവും വിപണി കേന്ദ്രീകൃതവുമായ പരിഹാരങ്ങൾകൊണ്ട് മറികടക്കാമെന്ന ഭരണകൂടത്തിന്റെയും വൻകിട കോർപ്പറേറ്റുകളുടെയും വാദങ്ങളെയാണ് ഈ പ്രതിസന്ധി റദ്ദാക്കുന്നത്. ഇന്റർ- ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) പുറത്തുവിട്ട ആറാം റിപ്പോർട്ട് വ്യക്തമാക്കുന്നതുപോലെ, കാലാവസ്ഥാദുരന്തങ്ങളുടെ പ്രധാന ഇരകൾ സാമൂഹികമായി ദുർബലവിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകളും ദലിതരും കുട്ടികളുമാണ്. വികസനത്തിന്റെ തിളക്കങ്ങൾക്ക് പുറത്തുനിൽക്കുന്ന ഈ മനുഷ്യരുടെ ജീവിതാനുഭവങ്ങളെയും സ്ത്രീപക്ഷ ജ്ഞാനോദയങ്ങളെയും മുൻനിർത്തി മാത്രമേ ഇനി പരിസ്ഥിതിരാഷ്ട്രീയത്തെ പുനർനിർവ്വചിക്കാൻ സാധിക്കൂ.

ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും പുരുഷകേന്ദ്രീകൃതമായ ഒരു അധികാര വ്യവസ്ഥയായി നിലനിർത്തുന്ന പരമ്പരാഗത രീതിശാസ്ത്രങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് തീരദേശ സ്ത്രീകളെത്തന്നെ പുതിയ അറിവുൽപ്പാദകരായും വോളന്റിയർമാരായും നേതൃനിരയിലേക്ക് കൊണ്ടുവരുന്ന ഒരു ജനകീയ ബദൽ പദ്ധതി ആവിഷ്കരിച്ചത്.

ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും പുരുഷകേന്ദ്രീകൃതമായ ഒരു അധികാര വ്യവസ്ഥയായി നിലനിർത്തുന്ന പരമ്പരാഗത രീതിശാസ്ത്രങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) തീരദേശ സ്ത്രീകളെത്തന്നെ പുതിയ അറിവുൽപ്പാദകരായും വോളന്റിയർമാരായും നേതൃനിരയിലേക്ക് കൊണ്ടുവരുന്ന ഒരു ജനകീയ ബദൽ പദ്ധതി ആവിഷ്കരിച്ചത്. ഇതിന് നേതൃത്വം നൽകുന്നത് സ്കൂൾ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസിലെ പ്രൊഫസ്സറായ ഡോ. മഞ്ജുള ഭാരതിയാണ്. എം. എസ്. സ്വാമിനാഥൻ ഫൗണ്ടേന്റെയും ഇക്വിനോക്ടിന്റെയും (EQUINOCT) സംയുക്ത സഹായം ഈ പദ്ധതിയ്ക്കുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ കേവലം ഉപരിപ്ലവമായ സാങ്കേതിക പ്രശ്നമായി മാത്രം കാണുന്ന രീതിയെ ഈ പദ്ധതിയിലൂടെ സ്ത്രീശബ്ദങ്ങൾ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിന്റെ ആധികാരികമായ നേർസാക്ഷ്യമാണ്, പദ്ധതിയുടെ ഭാഗമായി ബിന്ദു സാജൻ സംവിധാനം ചെയ്ത 'ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ' (2023) എന്ന ഡോക്യുമെന്ററി.

ബിന്ദു സാജൻ
ബിന്ദു സാജൻ

‘ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ':
ദുരന്താവിഷ്കാരങ്ങളിൽനിന്ന്
സ്ത്രീപക്ഷബദലുകളിലേക്ക്

‘ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ' എന്ന ഡോക്യുമെന്ററി പാരിസ്ഥിതിക ദുരന്തത്തിന്റെ ദൃശ്യപരമായ രേഖപ്പെടുത്തൽ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങൾ സ്ഥിരമായി അവഗണിക്കുന്ന തീരദേശ ജനതയ്ക്ക് 'ഡിജിറ്റൽ ദൃശ്യത' (Digital Visibility) ഉറപ്പാക്കുന്ന ശക്തമായൊരു സാംസ്കാരികപാഠമാണ്. മനുഷ്യരുടെ നിസ്സഹായതയെയും സാമൂഹ്യജീവിതത്തെയും നിരന്തരം രൂപപ്പെടുത്തുന്ന സജീവ ഘടകങ്ങളായാണ് വെള്ളപ്പൊക്കഭൂമികളും തകർന്നടിയുന്ന വാസസ്ഥലങ്ങളും ഇതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. തീരദേശജനതയുടെ നിത്യജീവിതാനുഭവങ്ങൾ, പരിസ്ഥിതിയുടെ അനിശ്ചിതത്വം, ലിംഗാധിഷ്ഠിതമായ ദുരിതങ്ങൾ എന്നിവയെ കോർത്തിണക്കി, ദൈനംദിന ദുരിതങ്ങളെ പ്രതിരോധത്തിന്റെ സൗന്ദര്യശാസ്ത്രത്തിലേക്ക് പരിവർത്തിപ്പിക്കുന്ന കലയുടെ സാധ്യതയെ ഇതിൽ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നു.

ഈ ഡോക്യുമെന്ററിയുടെ ഏറ്റവും വലിയ സവിശേഷത, അത് ദുരന്താവസ്ഥയുടെ ദൃശ്യാവിഷ്കാരത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ലയെന്നതാണ്. വേലിയേറ്റ വെള്ളപ്പൊക്കത്തിനുപിന്നിലെ ശാസ്ത്രീയമായ കാരണങ്ങൾ, നിലവിലെ സാഹചര്യം, അതിന്റെ സാമൂഹ്യ–രാഷ്ട്രീയപശ്ചാത്തലം എന്നിവ വിശദീകരിക്കുന്ന സ്ഥാപനപരമായ അറിവുകളെയും (Institutional Knowledge) വിദഗ്ധ ശബ്ദങ്ങളെയും കൃത്യമായി ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അവിടെനിന്ന് ഡോക്യുമെന്ററി വികസിക്കുന്നത് വിപണികേന്ദ്രീകൃതമായ പരിഹാരമാർഗ്ഗങ്ങൾക്ക് ബദലായി സ്ത്രീകളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്ന സമൂഹാധിഷ്ഠിത ഇടപെടലുകളുടെ (Community-based interventions) ദൃശ്യവൽക്കരണത്തിലേക്കാണ്.

വേലിയേറ്റ വെള്ളപ്പൊക്കമനുഭവിക്കുന്ന മനുഷ്യർ സ്വന്തം ജീവിതം തന്നെ കലയിലൂടെ ആവിഷ്കരിക്കുന്നുവെന്നതാണ് ഇവിടുത്തെ കമ്മ്യൂണിറ്റി തിയേറ്ററിന്റെ സവിശേഷത. വീടിനുചുറ്റും കെട്ടിനിൽക്കുന്ന ഉപ്പുവെള്ളത്തിന്റെ നീറ്റലിൽ ജീവിക്കുന്ന തീരദേശജീവിതത്തിന്റെ ദുരന്തസാക്ഷ്യമാണ് 'ചെവിട്ടോർമ്മ' എന്ന ഈ നാടകം

കമ്മ്യൂണിറ്റി ആക്റ്റിവിസം:
പ്രതിരോധത്തിന്റെ മൂന്ന് വഴികൾ

കുടുംബശ്രീയിലൂടെ ആർജ്ജിച്ചെടുത്ത സംഘടനാശേഷിയെ പ്രതിരോധായുധമാക്കി മാറ്റി, തീരദേശത്തെ സ്ത്രീകൾ തന്നെ പങ്കാളികളായുള്ള സൂക്ഷ്മതല വിവരശേഖരണ (Micro-level Data Collection) ത്തിനായി വ്യത്യസ്ത രീതിശാസ്ത്രങ്ങളാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.

  • കമ്മ്യൂണിറ്റി വീഡിയോ നിർമാണം

'ക്യാമറ ആരുടെ കൈയിലാണോ, കഥയും അവരുടെ നിയന്ത്രണത്തിലാണ്’ എന്ന മാധ്യമരാഷ്ട്രീയത്തിന്റെ ശക്തമായ പ്രയോഗവൽക്കരണമാണ് ഈ പ്രവർത്തനത്തിലൂടെ നടപ്പിലാക്കിയത്. ഇവിടെ ആ അധികാരം സ്ത്രീകൾ സ്വന്തമാക്കുന്നുവെന്നതാണ് കമ്മ്യൂണിറ്റി വീഡിയോ നിർമ്മാണത്തിലൂടെയുള്ള ഏറ്റവും പ്രധാന മാറ്റം. തങ്ങളുടെ വീടുകൾക്കുള്ളിലേക്ക് ഇരച്ചുകയറുന്ന മലിനജലം സൃഷ്ടിക്കുന്ന ദുരിതങ്ങളും, പൊടിഞ്ഞുതീരുന്ന ചുവരുകളുമടക്കം അവരുടെ ദൈനംദിന ദുരിതങ്ങളുടെ തികച്ചും വ്യക്തിപരമായ തലത്തിലുള്ള ദൃശ്യങ്ങൾ സ്ത്രീകൾ തന്നെ സ്വയം മൊബൈൽ ക്യാമറകളിൽ പകർത്തി. ഇവ അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശത്തിന്റെ ലംഘനത്തിനെതിരെയുള്ള തെളിവുകളായിരുന്നു.

മുഖ്യധാരാമാധ്യമങ്ങൾ സ്ഥിരമായി അവഗണിക്കുന്ന ഇത്തരം പ്രാദേശിക പ്രതിസന്ധികളെ സോഷ്യൽ മീഡിയയിലൂടെ പൊതുസമൂഹത്തിന് മുന്നിലേക്കെത്തിക്കാൻ ഈ പരിശീലനം അവരെ പ്രാപ്തരാക്കി. അതുകൊണ്ടുതന്നെ, ഈ ഡോക്യുമെന്ററിയിലെ കമ്മ്യൂണിറ്റി വീഡിയോയുടെ അടയാളപ്പെടുത്തൽ ദൃശ്യനിർമ്മിതിയുടെ അധികാരവും (Power of representation) മാധ്യമനിയന്ത്രണവും പാർശ്വവൽക്കരിക്കപ്പെട്ട പ്രാദേശിക സമൂഹങ്ങളിലേക്കും, പ്രത്യേകിച്ച് സ്ത്രീകളിലേക്കും നേരിട്ട് കൈമാറുന്ന വിപ്ലവകരമായ നീക്കമാണ്.

തങ്ങളുടെ വീടുകൾക്കുള്ളിലേക്ക് ഇരച്ചുകയറുന്ന മലിനജലം സൃഷ്ടിക്കുന്ന ദുരിതങ്ങളും, പൊടിഞ്ഞുതീരുന്ന ചുവരുകളുമടക്കം അവരുടെ ദൈനംദിന ദുരിതങ്ങളുടെ തികച്ചും വ്യക്തിപരമായ തലത്തിലുള്ള ദൃശ്യങ്ങൾ സ്ത്രീകൾ തന്നെ സ്വയം മൊബൈൽ ക്യാമറകളിൽ പകർത്തി.
തങ്ങളുടെ വീടുകൾക്കുള്ളിലേക്ക് ഇരച്ചുകയറുന്ന മലിനജലം സൃഷ്ടിക്കുന്ന ദുരിതങ്ങളും, പൊടിഞ്ഞുതീരുന്ന ചുവരുകളുമടക്കം അവരുടെ ദൈനംദിന ദുരിതങ്ങളുടെ തികച്ചും വ്യക്തിപരമായ തലത്തിലുള്ള ദൃശ്യങ്ങൾ സ്ത്രീകൾ തന്നെ സ്വയം മൊബൈൽ ക്യാമറകളിൽ പകർത്തി.
  • കമ്മ്യൂണിറ്റി തിയേറ്റർ

വേലിയേറ്റ വെള്ളപ്പൊക്കമനുഭവിക്കുന്ന മനുഷ്യർ സ്വന്തം ജീവിതം തന്നെ കലയിലൂടെ ആവിഷ്കരിക്കുന്നുവെന്നതാണ് ഇവിടുത്തെ കമ്മ്യൂണിറ്റി തിയേറ്ററിന്റെ സവിശേഷത. വീടിനുചുറ്റും കെട്ടിനിൽക്കുന്ന ഉപ്പുവെള്ളത്തിന്റെ നീറ്റലിൽ ജീവിക്കുന്ന തീരദേശജീവിതത്തിന്റെ ദുരന്തസാക്ഷ്യമാണ് 'ചെവിട്ടോർമ്മ' എന്ന ഈ നാടകം. ഡോ. ശ്രീജിത്ത് രമണന്റെ (സ്‌കൂൾ ഓഫ് ഡ്രാമ) നേതൃത്വത്തിൽ തയ്യാറാക്കിയ ഈ നാടകം സാമ്പ്രദായികരീതികളിൽനിന്ന് വ്യത്യസ്തമായി, ജനങ്ങളുടെ അനുഭവങ്ങളിൽ നിന്നാണ് അതിന്റെ ഭാഷ രൂപപ്പെടുത്തിയത്. ഇതൊരു സാമൂഹികാനുഭവമായി മാറുന്നത് കൊണ്ടുതന്നെ ഇത് വ്യക്തിഗത ശാക്തീകരണത്തിനപ്പുറം കൂട്ടായ ശാക്തീകരണ പ്രക്രിയയായി മാറുന്നു.

മുൻപ് അഭിനയ പരിചയമില്ലാത്ത സാധാരണക്കാരായ മനുഷ്യരാണ് അരങ്ങിലെത്തുന്നത് എന്ന സവിശേഷതയും ഇതിനുണ്ട്. ദുരന്തത്തിന്റെ തീവ്രത പ്രേക്ഷകരിലേക്കെത്തിക്കാൻ വെള്ളം നിറഞ്ഞ ഒരു ടാങ്കിലാണ് നാടകം അവതരിപ്പിക്കുന്നത്. മറ്റൊരിടത്തും പോകാനിടമില്ലാത്ത മനുഷ്യരുടെ അതിജീവന പോരാട്ടമാണിത്. ഈ നാടകവേദി, അവരുടെ ശബ്ദങ്ങൾ പൊതുമധ്യത്തിലേക്കെത്തിക്കുന്ന ശക്തമായ വിമോചനോപാധിയായി പ്രവർത്തിക്കുന്നുവെന്നതാണ് ഈ ഡോക്യുമെന്ററി വ്യക്തമായി അടയാളപ്പെടുത്തുന്നത്.

  • കമ്മ്യൂണിറ്റി മാപ്പിങ്

ഔദ്യോഗിക ഭരണസംവിധാനങ്ങളുടെ ഉപരിപ്ലവമായ ഭൂപടങ്ങൾ പലപ്പോഴും പ്രാദേശിക ദുരന്തങ്ങളുടെ ആഴത്തെ അടയാളപ്പെടുത്താറില്ല എന്ന തിരിച്ചറിവിൽ നിന്നാണ് 'കമ്മ്യൂണിറ്റി മാപ്പിംഗ്' എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ സ്ത്രീകൾ, തങ്ങൾ ജീവിക്കുന്ന പരിസ്ഥിതിയെ ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന ഭൂപട നിർമ്മാതാക്കളാണ്. തങ്ങളുടെ പ്രദേശത്തെ തോടുകൾ, കനാലുകൾ, ജലാശയങ്ങൾ എന്നിവയുടെ സ്വാഭാവികമായ ഒഴുക്കെങ്ങനെയെന്നും, വേലിയേറ്റ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ എവിടെയൊക്കെയാണ് വെള്ളം കയറുന്നതെന്നും സ്ത്രീകൾ തന്നെ സൂക്ഷ്മമായി ഭൂപടത്തിൽ അടയാളപ്പെടുത്തുന്നു. വെള്ളം കെട്ടിനിൽക്കുന്ന ഉൾപ്രദേശങ്ങൾ, ഉപ്പുവെള്ളം കാരണം ശുചിത്വ-ആരോഗ്യ പ്രതിസന്ധികൾ നേരിടുന്ന ഇടങ്ങൾ തുടങ്ങിയ അതീവ നിർണ്ണായകമായ സൂക്ഷ്മതല വിവരങ്ങളാണ് (Micro-level Data) സ്ത്രീകളുടെ ദൈനംദിന അനുഭവങ്ങളിൽ നിന്ന് ഈ മാപ്പുകളിലേക്ക് പകർത്തുന്നത്.

അയൽക്കൂട്ടതലത്തിൽ തുടങ്ങി വാർഡ് തലത്തിലേക്കും, അവിടെനിന്ന് ജില്ലാതലത്തിലേക്കും വികസിക്കുന്ന ഈ വിവരശേഖരണ പ്രക്രിയ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികച്ച മാതൃകയാണ്. ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും വിഭവങ്ങളുടെ വിന്യാസവും സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയ ഈ സ്ത്രീകളെ, വാർഡുതല ആസൂത്രണങ്ങളിലും നയരൂപീകരണങ്ങളിലും ആധികാരികതയോടെ ഇടപെടാൻ കമ്മ്യൂണിറ്റി മാപ്പിങ് പ്രാപ്തരാകുന്നു.

​ഈ സ്ത്രീകൾ നിർമ്മിച്ചെടുത്ത 'സൂക്ഷ്മതല ജ്ഞാനോദയങ്ങൾ' കേവലമൊരു അക്കാദമിക് പരീക്ഷണമായിരുന്നില്ല, മറിച്ച് ഭരണകൂടത്തിന്റെ ദുരന്തനിവാരണ നയങ്ങളെ തിരുത്തിക്കുറിച്ച ശക്തമായൊരു രാഷ്ട്രീയ ഇടപെടലായിരുന്നു എന്നത് സമീപകാലത്തെ സർക്കാർ ഉത്തരവുകൾ അടിവരയിടുന്നു.

അദൃശ്യമാക്കപ്പെടുന്ന അധ്വാനം,
ദുരന്താനന്തര പുനർനിർമ്മാണത്തിന്റെ ലിംഗരാഷ്ട്രീയം

​വേലിയേറ്റ വെള്ളപ്പൊക്കം തീരദേശ ജീവിതങ്ങളുടെ സാമ്പത്തിക- സാമൂഹിക ഭദ്രതയെ കീഴ്മേൽ മറിക്കുന്ന ഒന്നാണ്. പരമ്പരാഗതമായി ചെമ്മീൻ കെട്ടുകളിലും കൊഞ്ച് ഫാക്ടറികളിലും മറ്റും ജോലി ചെയ്തും, കായലിൽ മീൻ പിടിച്ചും സ്വന്തം കാലിൽ നിന്നിരുന്ന സ്ത്രീകളുടെ തൊഴിലവസരങ്ങൾ ഈ പാരിസ്ഥിതിക മാറ്റത്തോടെ അടഞ്ഞുപോകുകയാണ്. സാമ്പത്തികമായ തകർച്ചയ്ക്കൊപ്പം, ദുരന്തങ്ങൾ സൃഷ്ടിക്കുന്ന ഗാർഹികമായ ഇരട്ടി ഭാരവും വന്നുചേരുന്നതും സ്ത്രീകളുടെ ചുമലിലാണ്. താമസം മാറാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സഹിച്ചുകൊണ്ട്, വീടുകളിൽ ഇരച്ചുകയറുന്ന മലിനജലം നിരന്തരം കോരിക്കളയേണ്ടി വരുന്നതും കുട്ടികളുടെയും കിടപ്പിലായ പ്രായമായവരുടെയും ജലജന്യ രോഗങ്ങളെ പരിചരിക്കേണ്ടി വരുന്നതും സ്ത്രീകളാണ്. പൊതുസമൂഹം ഇനിയും തിരിച്ചറിയാത്ത, അദൃശ്യമാക്കപ്പെടുന്ന ഈ കഠിനാധ്വാനവും മാനസിക സമ്മർദ്ദവും അവരെ ലിംഗാധിഷ്ഠിതമായി കൂടുതൽ ദുർബലരാക്കുന്നു.

​വെള്ളപ്പൊക്കത്തിനുശേഷം ചെളിയും മലിനജലവും നിറഞ്ഞ വീടുകൾ ശുചീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സ്ത്രീകളുടെ മാത്രം 'സ്വാഭാവിക ചുമതല'യായി മാറുന്ന രീതിയെ ഈ ഡോക്യുമെന്ററി ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. ഡോക്യുമെന്ററിയുടെ അവസാന ഭാഗത്തിൽ, ഇത്തരം പരിചരണ-പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാരം പുരുഷന്മാരും തുല്യമായി ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഒരു സ്ത്രീ തുറന്നുപറയുന്നത് ശക്തമായൊരു തിരുത്തലാണ്. സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിട്ടുള്ള 'പരിചരണത്തിന്റെ ഭാരം' അവരുടെ മാത്രം ബാധ്യതയല്ലെന്നും, ദുരന്താനന്തര പുനർനിർമ്മാണമെന്നത് ലിംഗഭേദമില്ലാതെ സമൂഹമൊന്നിച്ച് ഏറ്റെടുക്കേണ്ട ഒരു കൂട്ടായ പ്രവർത്തനം (Collective action) മാകണമെന്നുമുള്ള പുനർചിന്തനത്തിന് ഈ സ്ത്രീസാക്ഷ്യങ്ങൾ വഴിതുറക്കുന്നു.

​വെള്ളപ്പൊക്കത്തിനുശേഷം ചെളിയും മലിനജലവും നിറഞ്ഞ വീടുകൾ ശുചീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സ്ത്രീകളുടെ മാത്രം 'സ്വാഭാവിക ചുമതല'യായി മാറുന്ന രീതിയെ ഈ ഡോക്യുമെന്ററി ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്.
​വെള്ളപ്പൊക്കത്തിനുശേഷം ചെളിയും മലിനജലവും നിറഞ്ഞ വീടുകൾ ശുചീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം സ്ത്രീകളുടെ മാത്രം 'സ്വാഭാവിക ചുമതല'യായി മാറുന്ന രീതിയെ ഈ ഡോക്യുമെന്ററി ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്.

അറിവുൽപ്പാദനത്തിൽനിന്ന്
നയരൂപീകരണത്തിലേക്ക്

​ഈ സ്ത്രീകൾ നിർമ്മിച്ചെടുത്ത 'സൂക്ഷ്മതല ജ്ഞാനോദയങ്ങൾ' കേവലമൊരു അക്കാദമിക് പരീക്ഷണമായിരുന്നില്ല, മറിച്ച് ഭരണകൂടത്തിന്റെ ദുരന്തനിവാരണ നയങ്ങളെ തിരുത്തിക്കുറിച്ച ശക്തമായൊരു രാഷ്ട്രീയ ഇടപെടലായിരുന്നു എന്നത് സമീപകാലത്തെ സർക്കാർ ഉത്തരവുകൾ അടിവരയിടുന്നു. വേലിയേറ്റ വെള്ളപ്പൊക്കത്തെ നിസ്സാരമായ പ്രകൃതിക്ഷോഭമായി കണ്ട് ചെറിയ ധനസഹായങ്ങളിൽ ഒതുക്കിയിരുന്ന സാമ്പ്രദായിക ഭരണകൂടയുക്തികളെ ഈ സ്ത്രീകളുടെ അനുഭവസാക്ഷ്യങ്ങൾ തിരുത്തി. ഇതിന്റെ നേരിട്ടുള്ള പ്രതിഫലനമെന്നോണമാണ്, വേലിയേറ്റ-വേലിയിറക്ക സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങളെയും അതുവഴിയുണ്ടാകുന്ന വെള്ളപ്പൊക്കത്തെയും 'സംസ്ഥാന സവിശേഷ ദുരന്തമായി' (State Specific Disaster) പ്രഖ്യാപിച്ച് കഴിഞ്ഞ എൽ. ഡി. എഫ് സർക്കാർ ഉത്തരവിറക്കിയത്. ചുഴലിക്കാറ്റോ കടുത്ത കടൽക്ഷോഭമോ സംഭവിക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് മാത്രം ദുരന്തനിവാരണ ഫണ്ട് അനുവദിച്ചിരുന്നതുപോലെ, ഇനിമുതൽ വേലിയേറ്റ രേഖയും കടന്ന് കരയിലേക്ക് കയറുന്ന വെള്ളപ്പൊക്കം മൂലം ജീവനും സ്വത്തിനും ജീവനോപാധികൾക്കുമുണ്ടാകുന്ന നഷ്ടങ്ങൾക്കും സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (SDRF) നിന്ന് കൃത്യമായ മാനദണ്ഡങ്ങളോടെ സഹായമുറപ്പാക്കാൻ ഈ ഉത്തരവിലൂടെ സാധിക്കുന്നു .

ഭരണകൂടനയങ്ങളെ സ്വാധീനിച്ചതിലുപരി, തീർത്തും നിർധനരായ ഒരു കൂട്ടം തീരദേശ സ്ത്രീകളെ അതിജീവനത്തിന്റെ പുതിയ വക്താക്കളായി പരിവർത്തിപ്പിച്ചുവെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ മാനവികമായ നേട്ടം. നാളിതുവരെ വികസനത്തിന്റെ തുരുത്തുകളിൽ നിശ്ശബ്ദരാക്കപ്പെട്ടിരുന്ന ഇവർ, ഇന്ന് തങ്ങളുടെ ജീവിതാനുഭവങ്ങൾ പൊതുവേദികളിൽ വിളിച്ചുപറയാവുന്നത്ര വിപ്ലവകരമായ ആത്മവിശ്വാസവും രാഷ്ട്രീയ സജീവതയും നേടിയിരിക്കുന്നു. ഒരു പാരിസ്ഥിതിക ഇടപെടലിനപ്പുറം, ഇരകളാക്കപ്പെട്ട മനുഷ്യരെത്തന്നെ ജ്ഞാനോൽപ്പാദനത്തിന്റെ നേതൃനിരയിലേക്കുയർത്തിയ സ്ത്രീ ശാക്തീകരണമാണ് ഈ പരിസ്ഥിതി പ്രതിരോധം മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ദർശനം.

വീടിനുചുറ്റും കെട്ടിനിൽക്കുന്ന ഉപ്പുവെള്ളത്തിന്റെ നീറ്റലിൽ ജീവിക്കുന്ന തീരദേശജീവിതത്തിന്റെ ദുരന്തസാക്ഷ്യമാണ് 'ചെവിട്ടോർമ്മ' എന്ന നാടകം.
വീടിനുചുറ്റും കെട്ടിനിൽക്കുന്ന ഉപ്പുവെള്ളത്തിന്റെ നീറ്റലിൽ ജീവിക്കുന്ന തീരദേശജീവിതത്തിന്റെ ദുരന്തസാക്ഷ്യമാണ് 'ചെവിട്ടോർമ്മ' എന്ന നാടകം.

Comments