കോഴിക്കോട് ജില്ലയിൽ മേപ്പയൂരിനടത്തുള്ള മീറോട് മലയുടെ താഴ്‌വരയിലെ ജനജീവിതത്തിന്റെ ചരിത്രവും വർത്തമാനവും ആ കുന്നിനുമുകളിൽ സംഭവിക്കുന്ന ചെറുതും വലുതുമായ സംഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. വനപ്രദേശമായിക്കിടന്ന താഴ്‌വര പതുക്കെ ജനനിബിഡമായ ചെറുഗ്രാമങ്ങളായി മാറിയ പരിണാമപ്രകൃയിയിൽ മീറോട് മല എന്ന പ്രേരകശക്തി വഹിച്ച പങ്ക് അവഗണിക്കാൻ പറ്റാത്തതാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മലയുടെ ഘടനയിൽ സംഭവിക്കുന്ന ഏതൊരു മാറ്റവും താഴ്‌വരയിലെ ജനജീവിതത്തെ സാരമായി ബാധിക്കും.
കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ, മേപ്പയ്യൂർ, തുറയൂർ പഞ്ചായത്തുകളിലെ നരക്കോട്, കീഴരിയൂർ, കൊറവട്ട, ഇരിങ്ങത്ത്കുളങ്ങര പ്രദേശങ്ങളുടെ നിലനിൽപ്പിന്റെ ആധാരമാണ് മീറോട് മല. ഈ പ്രദേശങ്ങളിലെ കാൽ ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം, കൃഷി, കഴിക്കാനുള്ള ഭക്ഷണം, ശ്വസിക്കാനുള്ള ശുദ്ധവായു, ജീവസന്ധാരണത്തിനായുള്ള തൊഴിൽ തുടങ്ങിയവയെല്ലാം മലയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടു കിടക്കുന്നു.
മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത 140 ഏക്കർ ഭൂമിയും സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടങ്ങളും ചേർന്നതാണ് മീറോട് മല. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ സിംഹഭാഗവും ഭൂമിയില്ലാത്തവർക്കായി പതിച്ചു നൽകിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ മലയുടെ ഏറ്റവും മുകളിലായി വലിയകളരി ഉൾപ്പെടുന്ന വലിയൊരു ഭൂപ്രദേശം ഇപ്പോഴും റവന്യൂ വകുപ്പിന്റെ കൈവശമായുണ്ട്. കുന്നിനു മുകളിൽ വാഹനസൗകര്യം, കുടിവെള്ളലഭ്യത തുടങ്ങിയവയുടെ അഭാവം മൂലം ഭൂമി ലഭിച്ച ആർക്കും തന്നെ അവിടെ വീട് നിർമ്മിക്കാൻ കഴിഞ്ഞില്ല. ഭൂമി ലഭിച്ചവർക്ക്, അവർക്ക് ലഭിച്ച ഭൂമിയുടെ കൃത്യമായ അതിരുകൾ അറിയാത്ത അവസ്ഥയുമാണ്. അതുകൊണ്ടുതന്നെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും സർക്കാർ ഭൂമി വേർതിരിച്ചടയാളപ്പെടുത്തുകയും വേണമെന്ന ആവശ്യം കുറേക്കാലമായി നിലനിൽക്കുന്നുണ്ട്.
ഭൂമി ലഭിച്ച ആളുകളിൽ നിന്ന് ചെങ്കൽ ഖനന ലോബി അവ വിലയ്ക്ക് വാങ്ങുകയും വാങ്ങിയ ഭൂമിയും സർക്കാർ ഭൂമിയും ചേർത്ത് ഖനനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി അപകടകരമായ രീതിയിൽ ഖനനം നടത്തുകയുമാണ് ചെയ്യുന്നത്. ഈ രീതിയിൽ ഖനനം തുടർന്നാൽ കുന്നിന്റെ താഴ്‌വരയിലുള്ള പ്രദേശങ്ങൾ ദുരന്തഭൂമിയായി മാറാൻ അധികം താമസമുണ്ടാകില്ല.
അസംഖ്യം അമൂല്യ ഔഷധ സസ്യങ്ങൾ, അപൂർവ്വയിനം ചിത്രശലഭങ്ങൾ, മയിലും പെരുമ്പാമ്പുമടക്കമുള്ള പക്ഷിമൃഗാദികൾ തുടങ്ങിയവയാൽ സമൃദ്ധമായ മീറോട് മല ജൈവവൈവിധ്യ കലവറ തന്നെയാണ്. ഖനനം ആരംഭിച്ച ശേഷം മലയിൽ ജീവിച്ചിരുന്ന പല ജീവികളും പൂർണമായും നശിച്ചുപോകുകയോ താഴ്‌വരകളിലേക്ക് ഇറങ്ങുകയോ ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഒരിക്കലും വറ്റാത്ത നീരുറവകളുണ്ടായിരുന്ന താഴ്‌വരയിലെ ചമ്പഭാഗത്തെ ചോലയിൽപ്രദേശം വരണ്ടുണങ്ങുന്ന സ്ഥിതിയാണിപ്പോൾ. കണിയാണ്ടി കൊല്ലി ഭാഗവും മഴ കഴിയുന്നതോടെ വരണ്ടുണങ്ങുന്നു. ഈ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം ഓരോ വർഷം കഴിയുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൃഷി അസാധ്യമാകുന്നു. കുടിക്കാനും കുളിക്കാനും വെള്ളത്തിനായി ജനങ്ങൾ പഞ്ചായത്ത് ജല വിതരണ സംവിധാനത്തിനായി കാത്തിരിക്കുന്നു.
മഴക്കാലം താഴ്‌വരയിലെ ജനങ്ങൾക്ക് ഭയത്തിന്റേതാണ്. മലയുടെ മുകളിൽ നിന്നും ഒഴുകിവരുന്ന വെള്ളത്തിന്റെ അളവ് കൂടിവരുന്നത് പേടിയോടെയാണ് ആളുകൾ കാണുന്നത്. ഖനനഫലമായി മലയുടെ മുകളിൽ രൂപീകൃതമായ വൻ കുഴികളും കുഴിയിൽ നിന്നും സമീപസ്ഥലങ്ങളിലേക്ക് മാറ്റിയിട്ട മണ്ണിന്റെ വൻ കൂനകളും ഭീകരമായ ഒരു ഉരുൾപൊട്ടലിന്റെ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു.
പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം ജാതി- മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി മാസങ്ങളോളമായി സമരത്തിലാണ്. എന്നാൽ പണവും സ്വാധീനവുമുപയോഗിച്ച് ഖനനം നിർബാധം തുടരുന്ന ഖനനമാഫിയ പ്രതിഷേധിക്കുന്ന ജനങ്ങൾക്കെതിരെ ഭീഷണിയും കായികമായ അക്രമണങ്ങളും അഴിച്ചുവിടുകയാണ്. സമരത്തിന്റെ മുൻനിരയിലുള്ള പ്രസ്ഥാനങ്ങളുടെ ഓഫീസിൽ കയറി അക്രമം നടത്തിയ സംഭവം വരെ ഉണ്ടായി. നാട്ടുകാർക്കെതിരെ അന്യായമായി പൊലീസ് എടുക്കുന്ന കേസുകളും കൂലിത്തല്ലുകാരുടെ ഭീഷണികളും ഒറ്റക്കെട്ടായി നേരിട്ടു കൊണ്ടാണ് മീറോട് മല സംരക്ഷിക്കുന്നതിനായുള്ള സമരം ഇപ്പോൾ മുന്നോട്ടു പോകുന്നത്.
മീറോട് മല; അതിജീവനത്തിന്റെസ്രോതസ്സ്
ഇഞ്ചപ്പുല്ലിന്റെ മണമിറങ്ങിവരുന്ന മീറോട് മല ഒരു കാലത്ത് താഴ്‌വാരത്തിന്റെ അതിജീവനത്തിന്റെ ശക്തിസ്രോതസ്സുകളായിരുന്നു. താഴ്‌വരയിലെ ജനത നടത്തിയ അതിജീവന സമരങ്ങൾ ഓർക്കുന്നത് ഇപ്പോൾ നടക്കുന്ന സമരങ്ങളെ അതിന്റെ രാഷ്ട്രീയാർത്ഥത്തിൽ മനസ്സിലാക്കാൻ വളരെയേറെ സഹായിക്കും. വയറിന്റെ കത്തലടക്കാൻ ഒരു റാത്തൽ കൊള്ളിക്കിഴങ്ങിനും തിക്താനുഭവങ്ങളുടെ ചവർപ്പു മാറ്റാൻ ഒരുതരി മധുരത്തിനും വേണ്ടി നേരം വെളുക്കുമ്പോൾ മുതൽ ഇരുട്ട് പരക്കുന്നതു വരെ മലയോടും മണ്ണിനോടും മല്ലടിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടം ഈ ദേശത്തുകാരെ കടന്നുപോയിട്ടുണ്ട്.
ജീവിതത്തിനെതിരെ പാഞ്ഞടുക്കുന്നതിനേയെല്ലാം പടവെട്ടിത്തോൽപ്പിക്കാൻ എന്നും അധികമായൊരു കരുത്ത് ശരീരത്തിലും മനസ്സിലും സൂക്ഷിച്ചവരാണ് മീറോടിന്റെ താഴ്‌വരയിൽ ജീവിച്ചവർ എന്ന് ചരിത്രത്തിലേക്ക് നോക്കി നമുക്ക് നിസ്സംശയം പറയാം. ഇത് പയ്യോർമലക്കാരുടെ പൊതുസ്വഭാവം കൂടിയായിരിക്കണം.
1800കളുടെ തുടക്കത്തിൽ നാടുവാഴികളും പ്രമാണികളും വരെ പകച്ചുനിന്നുപോയ ബ്രിട്ടീഷ് കമ്പനിപട്ടാളത്തിന്റെ കടന്നുകയറ്റത്തിനെതിരെ കുറുമ്പ്രനാട്ടിൽ കത്തിപ്പടർന്ന കലാപത്തിന് പയ്യോർമലയിലെ ജനങ്ങൾ പരസ്യമായി പിന്തുണ നൽകിയതായി വില്യം ലോഗൻ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലേക്കുള്ള കമ്പനിപട്ടാളത്തിന്റെ നിലയ്ക്കാത്ത പ്രവാഹം ബാഹ്യമായൊരു സമാധാനന്തരീക്ഷം സൃഷ്ടിച്ചെങ്കിലും ജനങ്ങളുടെ ഉള്ളിൽ അധിനിവേശത്തിനെതിരേയുള്ള പ്രതിഷേധത്തിന്റെ കനലുകൾ അണയാതെ കിടന്നു. കമ്പനിയുടെ ആധിപത്യത്തിനെതിരെ പ്രത്യക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവർക്ക് പയ്യോർമലക്കാർ കലവറയില്ലാത്ത പിന്തുണ നൽകി. ഇഷ്ടപ്പെട്ടതിനോട് ഇഴുകിച്ചേരുമ്പോൾത്തന്നെ അലോസരപ്പെടുത്തുന്നതിനോട് കലഹിക്കുന്ന ഗ്രാമസ്വഭാവത്തിന്റെ ദൃഷ്ടാന്തം.
ജീവിതം കൊണ്ട് സമരം നടത്തിയ ഭൂവുടമസ്ഥരല്ലാത്ത കർഷകക്കൂട്ടങ്ങൾ രണ്ട് കുന്നുകൾക്കിടയിലുള്ള താരതമ്യേന വീതികുറഞ്ഞ നരക്കോട് എന്ന പ്രദേശത്ത് സ്വാതന്ത്ര്യപൂർവ്വ കാലഘട്ടം മുതൽതന്നെ വലിയ രാഷ്ട്രീയ ബോധ്യത്തോടെ പൊറുത്തുപോന്നിരുന്നു എന്നതിന്റെ തെളിവുകളാണ് ആ കാലഘട്ടങ്ങളിൽ ഇവിടെ നടന്ന രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ അസംഖ്യം സംഭവങ്ങൾ. കടുത്ത ജാതീയതയും സാമൂഹിക അസമത്വവും സ്വൈര്യജീവിതത്തെ അസാധ്യമാക്കിക്കളഞ്ഞപ്പോൾ അതിന്റെ കേടുപാടുകൾ തീർത്തെടുക്കാൻ ഈ ഗ്രാമവും നിരന്തരമായ സമരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു.
1920 ആകുമ്പോഴേയ്ക്കും രൂപപ്പെട്ട അയിത്ത വിരുദ്ധ പ്രക്ഷോഭം, ഹിന്ദി പഠന ക്ലാസ്, വയോജന വിദ്യാഭ്യാസ പരിപാടി, തുടങ്ങിയവയിലൂടെ നരക്കോട് നിടുമ്പൊയിൽ പ്രദേശങ്ങൾ കാലത്തിന് മുൻപേ നടന്നു. അക്ഷരങ്ങളുടെ ശക്തി തിരിച്ചറിഞ്ഞവർ കൊഴുക്കല്ലൂരിൽ വയോജന വിദ്യാഭ്യാസ ക്ലാസുകൾ ആരംഭിച്ചു. 1930 ൽ ഉപ്പുകുറുക്കൽ സമരത്തിന്റെ ഭാഗമായി പള്ളിക്കരയിലെ ഇ പി കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന ജാഥയ്ക്ക് നരക്കോട് നൽകിയ സ്വീകരണം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഈ പരിപാടിയിൽ വെച്ച് ആവേശഭരിതരായി മൂന്നുപേർ മേൽമുണ്ട് കത്തിച്ച സംഭവവും നടന്നു.
അധിനിവേശത്തിൽ നിന്നുമുള്ള മോചനം എന്ന മുദ്രാവാക്യത്തോടൊപ്പം തന്നെ അതേ ശക്തിയിൽ ഉയർത്തേണ്ടുന്ന മറ്റൊന്നാണ് ജാതീയതയ്ക്കം സാമൂഹിക അസമത്വത്തിനുമെതിരേയുള്ളത് എന്ന് തിരിച്ചറിയാൻ നരക്കോട് നിടുമ്പൊയിൽ പ്രദേശത്തുള്ളവർക്ക് കഴിഞ്ഞിരുന്നു. 1939 ൽ നരക്കോടുവെച്ചുനടന്ന അയിത്തോച്ഛാടന സമ്മേളനത്തിൽ കേളപ്പജി പങ്കെടുത്തിരുന്നു. ഡോ.കുട്ടി അധ്യക്ഷനായ പരിപാടിയിൽ ഉണ്ടായ തീരുമാനപ്രകാരം പുലയ സമുദായത്തിൽപ്പെട്ട രണ്ടു കുട്ടികൾ കൊഴുക്കല്ലൂർ എൽ പി സ്‌കൂളിൽ പ്രവേശനം നേടി. അവർണർക്ക് അക്ഷരവിലക്കുള്ള കാലഘട്ടത്തിലാണ് ഇതെന്നത് വലിയ പ്രാധാന്യമർഹിക്കുന്നു.
വയലുകളിൽ മാടുകൾക്ക് പകരം മനുഷ്യരെ കലപ്പക്ക് കെട്ടുന്ന പ്രകൃതത്വത്തിനെതിരെ വലിയ സമരം ഇവിടെ നടന്നു. മൃഗതുല്യമായി മനുഷ്യരെ കാണുന്നതിനെതിരെ സാമ്പവ സമുദായത്തിൽപ്പെട്ടവരുടെ ഒരു സംഘടിതജാഥ നടക്കുകയും പ്രമാണിയായ ഒരാളുടെ വീട്ടിൽ സാമ്പവ വിഭാഗത്തിൽപ്പെട്ട സമരക്കാർ വിവാഹസദ്യയിൽ മറ്റുള്ളവരോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട് സാമൂഹിക വിപ്ലവത്തിന്റെ തിരികൊളുത്തുകയും ചെയ്തു. ഇത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല ആളുകൾക്കിയിൽ വലിയൊരു സാമൂഹിക മാറ്റത്തിനുള്ള ആശയാടിത്തറ സൃഷ്ടിക്കാനും ഇത്തരം ചലനങ്ങൾക്ക് കഴിഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ നരക്കോട് പ്രദേശത്തിന്റെ നാൾവഴികളിൽ നാഴികക്കല്ലാണ് മീറോട് മിച്ചഭൂമി സമരം. താമസിക്കുന്നിടത്തു നിന്നും ഏത് സമയവും കീറപ്പായും കറിച്ചട്ടിയുമെടുത്ത് ഇറങ്ങേണ്ടി വരുന്ന ദുരവസ്ഥവസ്ഥയിൽ പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതിഷേധമായിരുന്നു അത്. മാന്യമായ തൊഴിലോ ജീവിതമോ സ്വന്തമായൊരിടമോ സാധ്യമല്ലായിരുന്ന യാഥാർത്ഥ്യത്തിനെതിരെ ഒരു ജനത സംഘടിതമായി നടത്തിയ പ്രതിഷേധം. ആ കാലത്ത് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ രൂപംകൊണ്ട സമരങ്ങളുടെ പ്രതിധ്വനി ഈ കൊച്ചു പ്രദേശത്തും ശക്തമായി അലയടിച്ചു.
1960, 70 കളിൽ കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ രൂപം കൊണ്ട ചില പ്രതിഷേധങ്ങളും സമരങ്ങളും നരക്കോടിനേയും ശക്തമായി സ്വാധീനിച്ചു. ഇടുക്കി ഡാം നിർമ്മാണത്തിനായി എണ്ണായിരം ഏക്കർ വിസ്തൃതിതിയിൽ അയ്യപ്പൻ കോവിൽ പ്രദേശത്ത് ആയിരത്തി എഴുന്നൂറോളം കുടുംബങ്ങളിൽ നിന്നായി കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരത്തോളം ആളുകളെ പോലീസ് ക്രൂരമായി മർദ്ദിച്ചു. കുടിയൊഴിയാൻ വിസമ്മതിച്ചവരുടെ കൂരകളും കൃഷിയിടങ്ങളും അഗ്‌നിക്കിരയാക്കി. കുടിയിറക്കിയവരെ കോരിച്ചൊരിയുന്ന മഴയത്ത് കുമളിയിലെ അമരാവതിയിൽ കൂട്ടത്തോടെ ഇറക്കിവിട്ടു. ഭക്ഷണമോ പാർപ്പിടമോ ചികിത്സയോ ലഭിക്കാതെ നിരവധിയാളുകൾ മരിച്ചു. എന്നാൽ ഭരണാധികാരികൾ ഇത് ശ്രദ്ധിച്ചതേയില്ല. എ.കെ.ജി പ്രദേശം സന്ദർശിക്കുകയും കുടിയൊഴിക്കപ്പെട്ടവർക്ക് ഭൂമി നൽകണമെന്ന ആവശ്യവുമായി നിരാഹാരസമരം ആരംഭിക്കുകയും ചെയ്തു. ഇതോടെ ഈ വിഷയം ദേശീയ ശ്രദ്ധയിലേക്ക് വന്നു. മാത്രമല്ല വിവധ പ്രദേശങ്ങളിൽ സ്വന്തമായി ഭൂമിക്കുവേണ്ടി ജനങ്ങൾ സംഘടിക്കാനും തുടങ്ങി.
എ.കെ.ജി തിരികൊളുത്തിയ സമരജ്വാലയുടെ സ്വാധീനം നരക്കോടിന്റെ ചരിത്രഗതിയും മാറ്റി. കുഞ്ഞു മുതലാളി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചെറിയാൻ ജോർജിന്റെ കൈവശമായിരുന്ന മീറോട് മല സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് പതിച്ചു നൽകണം എന്ന ആവശ്യവുമായി 1971 ൽ ആരംഭിച്ച മിച്ചഭൂമി സമരം താഴ്‌വരയിൽ ജീവിതങ്ങളെ അടിമുടി മാറ്റിപ്പണിയുന്നതായി. എ കെ ജി നേതൃത്വം നൽകിയ സമരങ്ങളിൽ ആകൃഷ്ടനായ ഫാ. ജോസഫ് വടക്കൻ നരക്കോട് എത്തിയതോടെ കണ്ണെത്താ ദൂരത്തോളം വ്യപിച്ചുകിടന്ന പറങ്കിമാവിൻ തോട്ടത്തിൽ രാവന്തിയോളം പണിയെടുക്കുകയും കൂലിയായി കിട്ടുന്ന തുച്ഛമായ നാണയത്തുട്ടുകളോ കുറച്ചു പച്ചക്കിഴങ്ങോകൊണ്ട് തൃപ്തിപ്പെടേണ്ടിവരികയും ചെയ്ത ഒരു ജനതയുടെ വിചാരങ്ങളിൽ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും മെച്ചപ്പെട്ട ജീവതത്തെക്കുറിച്ചുള്ള വീക്ഷണവും മുളപൊട്ടി.
പ്രദേശികമായി ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സമരം സംഘടിപ്പിക്കപ്പെട്ടു. പട്ടിണി കിടന്നും ഒളിവിൽ കഴിഞ്ഞും ജയിലിൽ കിടന്നും സമരനേതാക്കൾ പദ്ധതികൾ ആവിഷ്‌കരിച്ചു. പോലീസിന്റെയും കൂലിത്തല്ലുകാരുടേയും ഭീഷണികളെ തന്ത്രപരമായി നേരിട്ടു. കുന്നിൽ സമരജ്വാലകളുയരുമ്പോൾ താഴ്‌വരയിലെ ജനങ്ങളിൽ പുതിയ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ നാമ്പിട്ടു. ഭൂമിയിൽ തന്റെതായൊരിടം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ വെമ്പലിന്റെ ബാഹ്യപ്രകടനങ്ങൾ വാക്കുകളായും ഭാവങ്ങളായും പ്രതിധ്വനിച്ചു.
പണവും അധികാരവും പേശീബലവും കൊണ്ട് സമരത്തെ നേരിട്ട ഭൂവുടമയ്ക്ക് ഒരു ജനതയുടെ ഇച്ഛാശക്തിയ്ക്കു മുൻപിൽ കീഴടങ്ങേണ്ടി വന്നു. ഒറോക്കുന്ന്, പൊടിയാടി, റൂബി എസ്റ്റേറ്റ് എന്നിവടങ്ങളിൽ ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിട്ടുനൽകി. മീറോട് മലയിൽ മാത്രം 140 ഏക്കറിലധികം വരുന്ന ഭൂമി സർക്കാർ പിടിച്ചെടുത്ത് ഭൂരഹിതർക്ക് പതിച്ചു നൽകി.
IUCN 2020 റിപ്പോർട്ട് പ്രകാരം അതീവഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ നേരിടുന്ന പശ്ചിമഘട്ട ശൃംഖലയിൽ ഉൾപ്പെടുന്ന ഈ മല ഏൽക്കുന്ന ഏറ്റവും ചെറിയ ഒരു ആഘാതം പോലും നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. എവിടെയും രേഖപ്പെടുത്താതെപോയ, എന്നാൽ സാമൂഹികവികാസത്തിന്റെ നിർണായക സന്ധികളിൽ ശക്തമായി അടയാളപ്പെടുത്തി കടന്നുപോയ ചെറുസംഭവങ്ങളുടെ ആകെത്തുകയയി ഇന്നും ജീവതങ്ങളെ അടിമുടി മാറ്റിപ്പണിയുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്ന മീറോട് മല സംരക്ഷിക്കേണ്ടത്, മലയിലെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് ആയിരക്കണക്കിന് ജനങ്ങളുടെ നിലനിൽപ്പിനും ഭാവി തലമുറയ്ക്കായുള്ള നമ്മുടെ കരുതലിനും അനിവാര്യമാണ്.