ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
എല്ലാ രാഷ്ട്രീയ സംഹിതകളും ലോകത്ത് വികാസം പ്രാപിച്ചത് സംവാദങ്ങളിലൂടെയാണ്. പ്രതിലോമകരമായ ചുറ്റുപാടുകളിലേക്ക് മനുഷ്യനെ നയിക്കുന്ന ആശയങ്ങളുടെ പൊതുസവിശേഷതകൾ തന്നെ അവ സംവാദ സാധ്യതകളെ അവശേഷിപ്പിക്കാത്ത തരത്തിൽ തീർപ്പുകളടങ്ങിയവയായിരിക്കും എന്നതാണ്. ജനാധിപത്യപരമായ ഒരു സാമൂഹിക ക്രമത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ക്രിയാത്മക സംവാദങ്ങൾക്ക് വലിയ പങ്കാണുള്ളത്.
മതം, ഗോത്രം, ഭാഷ, ദേശം, തദ്ദേശീയ സാമൂഹികത തുടങ്ങിയ അനന്ത വൈവിധ്യങ്ങളാൽ പടർന്നുകിടക്കുന്ന ഇന്ത്യൻ ജനസാമാന്യം ഒരു പൗര സമൂഹമെന്ന നിലയിൽ ഒരു സ്വതന്ത്ര റിപബ്ലിക്കിന് കീഴിൽ നിലകൊള്ളുമ്പോൾ അവയിൽപെട്ട ഓരോ സാമൂഹ്യവിഭാഗങ്ങൾക്കും അവരുടേതായ തനത് സവിശേഷതകളോട് കൂടി നിലനിൽക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. വിവിധ സാമൂഹ്യ വിഭാഗങ്ങൾ തമ്മിൽ അധീശത്വ-വിധേയത്വ ബന്ധങ്ങൾക്കപ്പുറത്ത് സഹവർത്തിത്ത തലം രൂപപ്പെടണമെങ്കിലും, വ്യത്യസ്ത രാഷ്ട്രീയ ധാരകൾ തമ്മിലുള്ള സംഘർഷങ്ങളില്ലാതാകാനും സംവാദങ്ങൾ നിലനിൽക്കേണ്ടതുണ്ട്.
ഒരു ചിന്ത, അല്ലെങ്കിൽ ഒരു ആശയം മറ്റൊരു ആശയത്തോട് യുദ്ധം ചെയ്യുന്നിടത്ത് നീതി പുലരാനിടയില്ല. യുദ്ധവും കലഹവും ഒന്നിന് മേൽ മറ്റൊന്ന് ആധിപത്യം സ്ഥാപിക്കുന്നിടത്ത് ചെന്നാണ് അവസാനിക്കുക. ആധിപത്യം അധികാരമായി മാറും. അധികാരത്തിന് വിമതത്വത്തെ അടിച്ചമർത്താനുള്ള പ്രവണതയുണ്ടാകും. താർക്കിക യുക്തികളിൽ നിന്ന് സംവാദ യുക്തികളിലേക്ക് സംഭാഷണങ്ങളെ വികസിപ്പിക്കുന്നതാണ് ജനാധിപത്യത്തിന് എന്തുകൊണ്ടും അഭികാമ്യം.
സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?
തീർച്ചയായും ഭാഷയും പ്രയോഗങ്ങളും ജനാധിപത്യവത്കരിക്കപ്പെടേണ്ടതുണ്ട്. നാം വിയോജിക്കുന്ന ഒരു ആശയധാരയോടുള്ള സംവാദത്തിൽ, മുന്നോട്ടു വെക്കുന്ന ഉള്ളടക്കങ്ങളായിരിക്കണം പ്രകടമായി നിൽക്കേണ്ടത്. പലപ്പോഴും എതിർ വിഭാഗത്തിന് നേരെ നടത്തുന്ന അപഹാസ്യ പ്രയോഗങ്ങളും അക്രമോത്സുക ഭാഷയുമായിരിക്കും ചർച്ചകളിൽ ഉയർന്നുനിൽക്കുക. അവയെ സംവാദമായി കണക്കാക്കാനാവില്ല. സമീപ കാലത്ത് നവമാധ്യങ്ങളിൽ നടക്കുന്ന പല ചർച്ചകളും ജനാധിപത്യവരുദ്ധമാകുന്നത് അതുകൊണ്ടാണ്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ നവമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ഇതിനുദാഹരണമാണ്.
കേരളത്തിൽ എഴുപതുകളിൽ രൂപം കൊണ്ട പാരിസ്ഥിതിക അവബോധവും പരിസ്ഥിതി പ്രസ്ഥാനങ്ങളും പിന്നീടുള്ള പതിറ്റാണ്ടുകളിൽ സഞ്ചരിച്ച രീതി, പരിസ്ഥിതി പ്രവർത്തകരെന്ന് വിശേഷിപ്പിക്കപ്പെട്ടവർ സ്വീകരിക്കുന്ന അശാസ്ത്രീയ - മൗലികവാദ സമീപനങ്ങൾ എന്നിവയെല്ലാം വിമർശിക്കപ്പെടേണ്ടതാണ്. അവയെ തിരുത്തിക്കൊണ്ടുള്ള പുതിയ മുന്നേറ്റങ്ങൾ രൂപം കൊള്ളുകയും വേണം. എന്നാൽ വിമർശനങ്ങളുടെ രീതിയിലല്ല നവമാധ്യമങ്ങളിലെ ചർച്ചകൾ. തെറിവിളിയും ആൾക്കൂട്ട വിചാരണയും അവഹേളനവുമാണ് നടക്കുന്നത്. പരിസ്ഥിതിയെയും മനുഷ്യനെയും വിരുദ്ധ ധ്രുവങ്ങളിൽ നിർത്തിയ ഭൂതകാല പരിസരങ്ങളിൽ നിന്നും മാറി കുറേക്കൂടി ക്രിയാത്മകമായ തലത്തിൽ മനുഷ്യപുരോഗതിയും വികസനവും വിഭവ സംരക്ഷണ - വിനിയോഗവും ഒന്നിച്ചു ചേർന്ന സംവാദങ്ങൾ ആഗോള തലത്തിൽ വികസിക്കുന്നുണ്ട്. അത്തരമൊരു തലത്തിലേക്ക് നാം ഉയരേണ്ടതിന് പകരം പരിസ്ഥിതി - കുടിയേറ്റക്കാർ എന്ന ദ്വന്ദ്വം സൃഷ്ടിക്കാനാണ് ചില കൂട്ടർ ശ്രമിക്കുന്നത്. അത് വിപരീത ഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ.
ആരെങ്കിലും പരിസ്ഥിതി എന്ന വാക്ക് എവിടെയെങ്കിലും ഉപയോഗിച്ചാൽ അവരെ തെറിയഭിഷേകം നടത്തുന്ന രീതിയിൽ നിന്ന് മാറി, നിലനിൽക്കുന്ന പാരിസ്ഥിതിക യുക്തികൾ പലപ്പോഴും കാണാതെ പോകുന്ന, മലമുകളിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിത സങ്കീർണതകൾ ചർച്ചയിൽ കൊണ്ടുവരേണ്ടതുണ്ട്. കാൽപനികവും മൗലികവുമായ പാരിസ്ഥിതിക യുക്തികളെ ശാസ്ത്രീയ യുക്തികളിലേക്ക് പരിവർത്തിപ്പിക്കാൻ സംവാദങ്ങൾക്ക് സാധിക്കേണ്ടതുമുണ്ട്. പക്ഷേ, നിർഭാഗ്യകരമെന്ന് പറയാം. ഏതാനും പേർ ചേർന്ന് തുടങ്ങിവെച്ച അക്രമോത്സുകമായ നവമാധ്യമ ചർച്ചകൾ കേരളത്തിൽ രണ്ട് പക്ഷക്കാരെ സൃഷ്ടിച്ചിരിക്കുകയാണ്. പരിസ്ഥിതിക്കാരും അവരെ എതിർക്കുന്നവരും. മനുഷ്യന്റെ അതിജീവനത്തിലൂന്നിയുള്ള വൈവിധ്യമാർന്ന, വിശാല തലങ്ങളുള്ള ചിന്തകൾക്ക് പ്രസക്തിയില്ലാത്ത തരത്തിൽ സംവാദങ്ങളെ അവർ തെറിവിളികളിലേക്ക് ചുരുക്കിയിരിക്കുകയാണ്.
സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?
അങ്ങേയറ്റം പരസ്പര ബഹുമാനത്തോടെ ക്രിയാത്മകമായ സംവാദങ്ങൾ നടക്കുന്ന സൈബർ ഇടങ്ങളുണ്ട്. എന്നാൽ സംവാദങ്ങളിലെ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് എതിർപ്പുള്ളവർക്ക് നേരെ ആക്രോശമഴിച്ചുവിടുന്നവരാണ് സൈബർ ഇടങ്ങളെ ഭൂരിഭാഗവും കീഴടക്കിയിരിക്കുന്നത്. ആരെയും നേരിൽ അഭിമുഖീകരിക്കേണ്ടി വരുന്നില്ല എന്ന സൗകര്യത്തെയും അജ്ഞാതമായി നിൽക്കാനുള്ള സാധ്യതയെയും മുതലെടുക്കുന്നവർ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ട് സൈബർ ആക്രമണങ്ങൾ അഴിച്ചുവിടാറുണ്ട്. വീട്ടിലും ജോലി സ്ഥലത്തും മറ്റ് പൊതുവിടങ്ങളിലുമൊക്കെ പൊതുമര്യാദകളുടെ ഭാഗമായി മാന്യമായി ഇടപെടുന്നവർ പോലും സൈബർ സ്‌പേസിൽ അങ്ങേയറ്റം ഹീനമായ ഭാഷ ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട്.
വീട്ടിൽ ഒരിക്കൽ പോലും മോശമായി ഇടപെട്ടിട്ടില്ലാത്ത തന്റെ അച്ഛൻ, യൂ ട്യൂബ് വീഡിയോകൾക്ക് താഴെ എഴുതുന്ന നീചവും അശ്ലീലം നിറഞ്ഞതുമായ കമന്റുകൾ കണ്ട് അത്ഭുതപ്പെട്ട സംഭവം ഒരിക്കൽ ഒരു സുഹൃത്ത് വിവരിച്ചിരുന്നു. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും മുന്നിൽ ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഭാഷ ഉപയോഗിക്കാനും അതിൻമേൽ യാതൊരു പ്രയാസവുമില്ലാതെ തുടരാനുമുള്ള സൗകര്യം സൈബർ സ്‌പേസിൽ ഒരാൾക്ക് ലഭിക്കുന്നു എന്നത് തന്നെയാണ് പ്രശ്‌നം.
വ്യക്തിഗത പ്രൊഫൈലുകൾ മാത്രമല്ല ഇത്തരം സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ഡിജിറ്റൽ സ്പേസിൽ രൂപം കൊണ്ട പല കൂട്ടായ്മകളും, ഓൺലൈൻ മാധ്യമങ്ങളെന്ന പേരിൽ പ്രവർത്തിക്കുന്ന ചില സംഘങ്ങളുമെല്ലാം സൈബർ സ്പേസിനെ അങ്ങേയറ്റം ഉപദ്രവകരമായ രീതിയിലാണ് വിനിയോഗിക്കുന്നത്. ഫേസ്ബുക്കിൽ ഒരു പേജും യൂട്യൂബിൽ ഒരു ചാനലുമുണ്ടാക്കി ഓൺലൈൻ മാധ്യമമാണെന്ന് പറഞ്ഞ് തോന്നിയതെല്ലാം വിളിച്ചുപറയുന്നവരുണ്ട്. എല്ലാവർക്കും അഭിപ്രായങ്ങൾ പറയാൻ സാധിക്കുന്ന തരത്തിൽ കൂടുതൽ ജനാധിപത്യപരമാകേണ്ടിയിരുന്ന ഒരു ഇടത്തെ അങ്ങേയറ്റം പ്രതിലോമകരമാക്കി മാറ്റിത്തീർത്തവരാണ് ഇത്തരം സംഘങ്ങൾ. കടുത്ത മുസ്ലിം വിരുദ്ധതയും കലാപാഹ്വാനവുമടങ്ങിയ അശ്ലീലങ്ങൾ വിളിച്ചുപറഞ്ഞ് ഒടുവിൽ "ന്യൂസ് ഡസ്‌ക്' എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നവർ ഡിജിറ്റൽ സ്പേസിനോടും മുഴുവൻ മാധ്യമ ലോകത്തോടും ചെയ്യുന്നത് കടുത്ത അപരാധമാണ്.
ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?
ഡിജിറ്റൽ സ്‌പേസിൽ നടക്കുന്ന അക്രമങ്ങൾ ഡോക്യുമെന്റ് ചെയ്യപ്പെടുന്നു, അതേത് സമയത്തും ആർക്കും കാണാവുന്ന തരത്തിൽ തരത്തിൽ ലഭ്യമാകുന്നു, അവ പരിധികളില്ലാതെ വലിയ ഒരു ഡയസ്‌പോറക്ക് മുന്നിലെത്തുന്നു, എന്നതൊക്കെയാണ് ഡിജിറ്റൽ സ്‌പേസിൽ നടക്കുന്ന ആക്രമണങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നത്. ഡിജിറ്റൽ സ്‌പേസിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ ദൃശ്യത മറ്റ് ആക്രമണങ്ങളേക്കാൾ എത്രയോ അധികമാണ്. അവ അക്രമകാരിയായ ഒരു സമൂഹത്തെ നിർമിച്ചെടുക്കുന്നുമുണ്ട്.
മറ്റൊന്ന് ഞാൻ നേരത്തെ പറഞ്ഞതുപോലെ, ആളുകൾക്ക് സാധാരണ ജീവിതത്തിൽ അവർക്ക് ചുറ്റിലുമുള്ള മനുഷ്യർക്ക് മുന്നിൽ ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിലുള്ള ഭാഷ ഉപയോഗിക്കാനും അതിൻമേൽ യാതൊരു പ്രയാസവുമില്ലാതെ തുടരാനുമുള്ള സൗകര്യം സൈബർ സ്‌പേസിൽ ലഭിക്കുന്നു എന്നതിനാൽ ഡിജിറ്റൽ ആക്രമണങ്ങളുടെ രീതി എപ്പോഴും കൂടുതൽ വഷളായിരിക്കും എന്നതാണ്. ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകയായ ലക്ഷ്മി പദ്മക്ക് നേരെ ഇടത് സൈബർ പ്രൊഫൈലുകൾ സംഘടിതമായി നടത്തിയ ആക്രമണം ഇതിനൊരുദാഹരണമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നിന്ന് മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയെ കുറിച്ച് തയ്യാറാക്കിയ ഒരു സ്റ്റോറിയുടെ പേരിലാണ് അവർ ആക്രമിക്കപ്പെട്ടത്. തീർച്ചയായും ആ സ്റ്റോറിയെയും ആ സ്റ്റോറിയുടെ രീതിയെയും വിമർശിക്കാനുള്ള അവകാശം ഇടത് പ്രവർത്തകർക്കുണ്ട്. എന്നാൽ ലക്ഷ്മി പദ്മയ്ക്ക് നേരെ വന്ന കമന്റുകളിൽ നിറയെ ഒരു ആൺകൂട്ട ആക്രോശത്തിന്റെ അലയൊലികളായിരുന്നു. രാഷ്ട്രീയ എതിർപ്പുകൾ രേഖപ്പെടുത്തേണ്ടതിന് പകരം ലൈംഗിക ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞ കമന്റുകളായിരുന്നു ഭൂരിഭാഗവും. ഇത് സ്ത്രീകൾക്ക് നേരെ നടക്കുന്ന എല്ലാ സൈബർ ആക്രമണങ്ങളിലും പ്രകടമായി കാണാവുന്നതാണ്. നവമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമണം നേരിടേണ്ടി വരുന്നത് സ്ത്രീകളാണെന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.
വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?
വ്യക്തിപരമായ ആക്രമണങ്ങൾ അധികം നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ചെയ്ത സ്റ്റോറികളുടെ പേരിൽ നിരവധി തവണ കൂട്ടമായ കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. യാതൊരു പരിശോധനകളും നടത്താതെ തോന്നിയത് വിളിച്ചുപറയുന്നവരാണ് സൈബർ സ്പേസിൽ അധികവുമെന്ന് തോന്നിയത് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് നേരെ വരാറുള്ള കമന്റുകളിലൂടെയാണ്. ഒരു വാർത്ത, റിപ്പോർട്ട്, ലേഖനം, അഭിമുഖം ഇതിലേതെങ്കിലുമൊന്ന് നാം പ്രസിദ്ധീകരിക്കുമ്പോൾ ആ പ്രസ്തുത കോപ്പി കൈകാര്യം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് അത് ചിലപ്പോൾ ഏതെങ്കിലും രാഷ്ട്രീയ ധാരയിലുള്ളവർക്ക് ഗുണം ചെയ്യുന്നതോ ദോഷം ചെയ്യുന്നതോ ആകാം. അത് ആ കോപ്പിയുമായി ബന്ധപ്പെട്ട കാര്യം മാത്രമായിരിക്കും. എന്നാൽ അതിന്റെ പേരിൽ വലിയ ആക്രമണമാണ് നടക്കുക.
ഓരോ വാർത്തയെയും ഓരോ സംഭവങ്ങളെയും അതാത് വിഷയങ്ങളുടെ മെറിറ്റിൽ സമീപിക്കുകയെന്നതാണല്ലോ നാം സ്വീകരിക്കേണ്ട രീതി. എന്നാൽ തങ്ങൾക്കെതിരെ വാർത്ത കൊടുക്കുന്നവരെയെല്ലാം വിരുദ്ധ പക്ഷത്തുള്ളവരായി ചാപ്പയടിക്കുന്നതാണ് ഡിജിറ്റൽ ആൾക്കൂട്ടങ്ങളുടെ രീതി. ഈ ചാപ്പയടികൾക്ക് മുമ്പ് പ്രസ്തുത മാധ്യമത്തിന്റെ ഹോം പേജിൽ പോയി അവർ ഏതെല്ലാം വാർത്തകൾ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് നോക്കാൻ പോലുമുള്ള മര്യാദ ഈ ചാപ്പയടിക്കാർക്കുണ്ടാവില്ല.