തെരുവുനായ ഇല്ലാത്ത തെരുവുകൾ;
കേരളത്തിൽ സാധ്യമാണ്​

ആരോഗ്യമുള്ള ഒരു പൊതുസമൂഹം സൃഷ്ടിക്കാനുള്ള മുന്നുപാധികളിലൊന്ന് തെരുവുനായകളില്ലാത്ത തെരുവുകളെ ഉണ്ടാക്കലാണ്. അത് സാദ്ധ്യമാക്കേണ്ടത് പരിഷ്‌കൃതമായ മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കണം.

റ്റു പല വളര്‍ത്തുമൃഗങ്ങളേയും പോലെ, മനുഷ്യര്‍, അവരുടെ കേവലമായ താല്‍പ്പര്യത്തിനനുസരിച്ച് ഇണക്കി തന്നോടൊപ്പം കൂട്ടി വളര്‍ത്തിയ മൃഗമല്ല നായ. മനുഷ്യര്‍ മറ്റ് ജീവജാലങ്ങളെ ഇണക്കിയും മെരുക്കിയും വളര്‍ത്താനാരംഭിക്കുന്നത് കൃഷി തുടങ്ങുകയും ഒരിടത്ത് സ്ഥിരമായി താമസിക്കുകയും ചെയ്യുന്നതോടെയാണ്. എന്നാല്‍ കൃഷി ആരംഭിക്കുന്നതിന് എത്രയോ മുമ്പ്, നാടോടികളായി ( Nomads) കാട്ടില്‍ വേട്ടയാടി നടന്നിരുന്ന മനുഷ്യരോടൊപ്പം, ഇന്നത്തേക്കാള്‍ വലിപ്പമുണ്ടായിരുന്ന ഒരു തരം ചാരച്ചെന്നായ്ക്കള്‍(Canis lupus campestris) കൂട്ടുകൂടിയിരുന്നു. ഇത്തരം ചെന്നായകളുടെ 54,000 വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ വരെ കണ്ടെത്താനായിട്ടുണ്ട്. ജര്‍മ്മനിയിലെ ബൊണ്‍ ഓബര്‍കാസ്സെല്‍ (Bonnoberkassel) എന്ന സ്ഥലത്ത് നിന്ന് മനുഷ്യരോടൊപ്പമുള്ള (ഒരാണും പെണ്ണും) നായയുടെ അസ്ഥിക്കൂടം കണ്ടെടുത്തിട്ടുണ്ട്. ഇതിന് 14,200 വര്‍ഷത്തെ പഴക്കം കണക്കാക്കിയിട്ടുണ്ട്. അതിനര്‍ത്ഥം അതിനു മുമ്പു തന്നെ മനുഷ്യരും ചെന്നായ്ക്കളും പരസ്പരം ഇണങ്ങി ജീവിക്കാന്‍ തുടങ്ങിയിരുന്നു എന്നാണല്ലോ. 25,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഒരു പ്രക്രിയയാണതെന്ന് ശാസ്ത്ര ഗവേഷകര്‍ അനുമാനിക്കുന്നു.

കൊടും ശൈത്യം മനുഷ്യരേയും ചെന്നായ്ക്കളേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ കാലത്ത്, ഭക്ഷണത്തിനും അതിജീവനത്തിനുമായി ഒരുമിച്ച് കൂടാന്‍ നിര്‍ബന്ധിമായപ്പോഴായിരിക്കാം ഈ പാരസ്പര്യം ഉടലെടുത്തത്. സൈബീരിയയില്‍ ആണ് ഇതാരംഭിച്ചത് എന്ന് ചില പഠനങ്ങള്‍ പറയുന്നു. തുടര്‍ന്ന് പറിഞ്ഞാറ് യൂറേഷ്യയിലേക്കും കിഴക്ക് അമേരിക്കയിലേക്കും ഈ പാരസ്പര്യം ക്രമത്തില്‍ വികസിച്ചതാവാം. 2021- ല്‍ മാത്രമാണ് ഇത്തരം പഠനങ്ങളില്‍ പലതും പ്രസിദ്ധീകൃതമായത്.

ചാര ചെന്നായ് / Photo: Wikimedia Commons
ചാര ചെന്നായ് / Photo: Wikimedia Commons

ചെന്നായ് കൂട്ടം ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട, തളര്‍ന്ന ജീവികളെ എറിഞ്ഞും കുത്തിവീഴ്ത്തിയും കീഴ്‌പ്പെടുത്താന്‍ ഗോത്രമനുഷ്യന് എളുപ്പമായിരുന്നു. തങ്ങള്‍ ഓടിച്ചു തളര്‍ത്തിയ മൃഗങ്ങളെ മനുഷ്യര്‍ കയ്യടക്കുമ്പോള്‍ ചെന്നായ്ക്കള്‍ക്ക് മുറുമുറുപ്പ് കാണും. പക്ഷേ മനുഷ്യന്‍ പിടികൂടിയ മൃഗകളെ അവര്‍ ഒന്നടങ്കം ആഹാരമാക്കുന്നില്ല. എല്ലുകളും തോലും കുടല്‍പണ്ടങ്ങളും ഉള്‍പ്പെടെ അവര്‍ ഉപേക്ഷിക്കുന്ന ഭാഗങ്ങള്‍ തങ്ങള്‍ക്കുതന്നെ ആഹാരമായി തിരിച്ചുകിട്ടുന്നതുകൊണ്ടും മനുഷ്യര്‍ സ്വന്തം നിലയില്‍ വേട്ടയാടിപ്പിടിച്ച ജീവികളുടെ അവശിഷ്ടങ്ങള്‍ പരിസരങ്ങളില്‍ നിന്ന് ലഭിക്കുന്നതുകൊണ്ടും മനുഷ്യരും ചാരച്ചെന്നായ്ക്കളും( grey wolf Canis lupus) ഭയപ്പാടോടെയാണെങ്കിലും അടുത്തടുത്ത ഇടങ്ങളില്‍ പരിചിതരാകാന്‍ തുടങ്ങിയിരുന്നിരിക്കണം. ആ സമയത്തും മനുഷ്യരും ചെന്നായ്ക്കളും വേറെ വേറെയായിത്തന്നെയാണ് വേട്ടയാടി ആഹാരം കണ്ടെത്തിയത്. പക്ഷേ രൂപമെടുത്ത പാരസ്പര്യം, മനുഷ്യര്‍ക്കും ചാരച്ചെന്നായ്ക്കള്‍ക്കും ഒരുപോലെ ഭക്ഷണലഭ്യത എളുപ്പമാക്കിയിട്ടുണ്ടാവും.

ചാരച്ചെന്നായകളുമായുള്ള പാരസ്പര്യത്തിലൂടെ, അപാരമായ വേട്ടയാടല്‍ ശേഷിയുള്ള വലിയ മാര്‍ജ്ജാരന്മാരുടെ (Big cat) കോമ്പല്ലിലുടക്കി അവസാനിച്ചുപോകാതെ വംശം നിലനിര്‍ത്താന്‍ ഹോമോസാപ്പിയന്‍സിന് സാധിച്ചു.

ചെന്നായ്ക്കളോട് ഒരു സുരക്ഷിത ദൂരത്ത് നിന്നാണ്, മനുഷ്യര്‍ ഇടപെട്ടിട്ടുണ്ടാവുക. ചെന്നായ്ക്കളും അതേപോലെ തന്നെ. കാലക്രമത്തില്‍ ഈ ദൂരം കുറച്ചു കൊണ്ടുവരാന്‍ രണ്ട് ജീവിവിഭാഗങ്ങള്‍ക്കും ഒരു പോലെ സാധിക്കുന്നു. ചെന്നായ് കുഞ്ഞുങ്ങള്‍ ഭയമില്ലാതെ മനുഷ്യര്‍ക്കിടയിലേക്ക് എത്തുകയും മനുഷ്യര്‍ അവക്ക് ഭക്ഷണം നല്‍കുകയും ഓമനിക്കുകയും ഒക്കെ ചെയ്യുന്നതോടെ തമ്മിലുള്ള സൗഹൃദം ഉടലെടുക്കുന്നു. ഈ സൗഹൃദം ഇരുകൂട്ടര്‍ക്കും അതിജീവനത്തിനുള്ള അവസരങ്ങളെ പരിപോഷിപ്പിക്കുന്നു. മനുഷ്യപരിണാമചരിത്രത്തിലെ ഒരു നിര്‍ണ്ണായക സന്ധിയില്‍ ഇത് വലിയ മുന്നേറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഒരുമിച്ചു കൂടിയ ചാരച്ചെന്നായ്ക്കളും ഗോത്രമനുഷ്യരും പരസ്പരം പരിണമിച്ചാണ് ആധുനിക മനുഷ്യന്റെ (Homo sapien sapiaen) അതിജീവനയാത്ര ആരംഭിക്കുന്നത്. ഇന്നത്തെ നാനൂറിലധികം വരുന്ന വളര്‍ത്തുനായകളായി (Canis familiaris) ചാരച്ചെന്നായ്ക്കള്‍ മാറിവരുന്നതും ഈ പരിണാമ വഴിയിലൂടെ തന്നെ.

Photo: Needpix
Photo: Needpix

വേട്ടയാടാന്‍ വിദഗ്ധരായിരുന്ന Homo Eructus വിഭാഗങ്ങള്‍ അതിജീവിക്കാതിരുന്നതിന് കാരണമായതും ആധുനിക മനുഷ്യരുടെ പൂര്‍വ്വ വിഭാഗങ്ങളിലൊന്നായിരുന്ന നിയാണ്ടര്‍താലുകള്‍ (Neanderthal) അതിജീവിക്കാതെ പോയതിനും പല കാരണങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്., അതില്‍ പ്രധാനപ്പെട്ട ഒരു നിരീക്ഷണം, ഹോമോ സാപ്പിയന്‍സിനിപ്പോലെ ചാരച്ചെന്നായകളുമായി സൗഹൃദം സ്ഥാപിക്കാനും ഒരുമിച്ചുനിന്ന് അതിജീവനത്തിനായി പൊരുതാനും അവയ്ക്ക് അവസരങ്ങള്‍ കൈവന്നിരുന്നില്ല എന്നതാണ്. പെറുക്കിത്തിന്നും വേട്ടയാടിയും സഞ്ചരിച്ചിരുന്ന മനുഷ്യരെ ചാരച്ചെന്നായ് പറ്റം പിന്തുടരുകയും പാരസ്പര്യം വളര്‍ത്തുകയും ചെയ്തതോടെ ഒന്നിച്ചുള്ള അതിജീവനം എളുപ്പമായി. ഇതോടെ അന്ന് ധാരാളമായുണ്ടായിരുന്ന ഇരപിടിയന്‍ (Predators) മൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഹോമോ സാപ്പിയന്‍സിന് അവസരങ്ങള്‍ തുറന്നു കിട്ടി. ചെന്നായ്ക്കൂട്ടങ്ങള്‍ വേട്ടമൃഗങ്ങളുടെ ഗന്ധവും സാമീപ്യവും തിരിച്ചറിയുമ്പോഴുണ്ടാക്കുന്ന ശബ്ദങ്ങള്‍ മനുഷ്യര്‍ക്കും തിരിച്ചറിയാനായി. ചെന്നായ്ക്കളുടെ രാത്രിക്കാഴ്ച ശേഷി മനുഷ്യര്‍ക്കും വലിയ തോതില്‍ രക്ഷാകവചമായി. വേട്ടക്കാരും പ്രാകൃതമായ ആയുധങ്ങളുമൊക്കെ കൈവശമുള്ളവരാണെങ്കിലും മനുഷരേക്കാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്‍മേടുകളിലും കാടുകളിലും ഇരപിടിയന്‍ മൃഗങ്ങള്‍ അരികിലെത്തും വരെ അവയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ മനുഷ്യര്‍ക്ക് കഴിയുമായിരുന്നില്ല. ചാരച്ചെന്നായകളുമായുള്ള പാരസ്പര്യത്തിലൂടെ, അപാരമായ വേട്ടയാടല്‍ ശേഷിയുള്ള വലിയ മാര്‍ജ്ജാരന്മാരുടെ (Big cat) കോമ്പല്ലിലുടക്കി അവസാനിച്ചുപോകാതെ വംശം നിലനിര്‍ത്താന്‍ ഹോമോസാപ്പിയന്‍സിന് സാധിച്ചു.

ഇതൊന്നും മനുഷ്യന്‍ ഏകപക്ഷീയമായി വികസിപ്പിച്ചതല്ല. തുല്യനിലയിലോ ഒരു പക്ഷേ അതില്‍ കൂടുതലോ ചാരച്ചെനായ്കളുടെ കൂടെ ഇടപെടലുകളിലൂടെ ദീര്‍ഘകാലം കൊണ്ട് സംഭവിച്ചതാണ്. ഇത് ഇരുകൂട്ടരുടെയും ശിഷ്ടകാല പരിണാമങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. ചെന്നായ്ക്കളുടേയും മനുഷ്യരുടേയും തലച്ചോറുകളില്‍ ഇവ വലിയ പ്രതികരങ്ങളുണ്ടാക്കി. ഗന്ധം, കേള്‍വി, രാത്രിക്കാഴ്ച എന്നിവ തിരിച്ചറിയുന്നതിന് നായ്ക്കളുടെ സഹായം ലഭിച്ചു തുടങ്ങിയതോടെ മനുഷ്യരില്‍ ഈ ശേഷി വികസിച്ച് മുന്നേറിയില്ല. ആയുധങ്ങളുമായി വേട്ടക്കിറങ്ങുന്ന മനുഷ്യരോടൊപ്പം ചേര്‍ന്നതോടെ ചെന്നായ്ക്കളില്‍ നൈസര്‍ഗ്ഗികമായി നിലനിന്നിരുന്ന വേട്ടക്കുള്ള പലതരം മികവുകളും നായകളില്‍ കുറയാന്‍ തുടങ്ങി.

പെറുക്കിത്തിന്നും വേട്ടയാടിയും സഞ്ചരിച്ചിരുന്ന മനുഷ്യരെ ചാരച്ചെന്നായ് പറ്റം പിന്തുടരുകയും പാരസ്പര്യം വളര്‍ത്തുകയും ചെയ്തതോടെ ഒന്നിച്ചുള്ള അതിജീവനം എളുപ്പമായി.

ചില അതിജീവന മിടുക്കുകളൊക്കെ മുരടിച്ചു. ചെന്നായകള്‍ സാധാരണ നായകളായി പരിവര്‍ത്തനപ്പെട്ടു. മനുഷ്യര്‍ കൃഷിയാരംഭിച്ചതോടെ ധാന്യഭക്ഷണം ദഹിപ്പിക്കാന്‍ ശേഷിയുള്ള പാങ്ക്രിയാറ്റിക് അമൈലേസ് (AMY2B) ഉദ്പാദിപ്പിക്കാനുള്ള ശേഷി നായകളിലും വികസിച്ചു. അതുവരെ ചെന്നായകള്‍ക്ക് വയറ്റിലെ ചില ബാക്ടീരിയങ്ങളുടെ സഹായത്തോടെ വളരെ ചെറിയ തോതില്‍ മാത്രമേ സ്റ്റാര്‍ച്ചിനെ ദഹിപ്പിച്ച് ശരീരത്തില്‍ ആഗിരണം ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.

വികാരകൈമാറ്റ ശേഷിയുള്ള മൃഗം

തലച്ചോറിലുണ്ടായ വികാസം അത്ഭുതകരമായ ചില മാറ്റങ്ങളാണ് ഇരു ജീവികളിലും സൃഷ്ടിച്ചത്. മനുഷ്യന് സമാനമായ വികാരങ്ങള്‍ പ്രകടിപ്പിക്കാനും അവ പരസ്പരം തിരിച്ചറിയാനും ഇരുകൂട്ടര്‍ക്കും കഴിയുന്ന അവസ്ഥ വികസിച്ചു. മനുഷ്യന്റെ തലച്ചോറില്‍ വികാര സംശ്ലേഷണ/വിശ്ലേഷണ ശേഷിയുള്ള ഭാഗങ്ങള്‍ വികസിച്ചതിന് സമാനമായി നായ്ക്കളുടെ തലച്ചോറിലും ഇവ വികസിച്ചുവന്നു. തലച്ചോറിന്റെ ഈ മേഖലയിലാണ് ന്യൂറോട്രന്‍സ്മീറ്ററുകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കൂടുതല്‍ ഡൊപ്പമിന്‍(Dopamin) സ്വീകരിണികള്‍ ഉള്ളതും ഇവിടെയാണ്. പ്രതീക്ഷ, സന്തോഷം, അനുകമ്പ എന്നിവയുണ്ടാകുമ്പോള്‍ മനുഷ്യരിലും നായകളിലും ഈ ഭാഗം പെട്ടെന്ന് ഉത്തേജിതമാകും. ഇതുവഴി ഇഷ്ടം, വെറുപ്പ്, ദേഷ്യം, പേടി, ദുഖം, സന്തോഷം, അസ്വസ്ഥത തുടങ്ങിയ വികാരങ്ങള്‍ ഉല്പാദിപ്പിക്കാനും പ്രകടിപ്പിക്കാനും അതനുസരിച്ച് പെരുമാറാനും മനുഷ്യര്‍ക്കും നായകള്‍ക്കും ഒരുപോലെ കഴിയും.

എമോറി സര്‍വ്വകലാശാലയിലെ ന്യൂറോ സൈന്റിസ്റ്റായ ഗ്രിഗറി ബേണ്‍സിന്റെ കണ്ടുപിടുത്തങ്ങള്‍ പ്രധാനമാണ്. ജീവലോകത്ത് വേറെ വേറെ സ്പീഷീസുകളില്‍ പെട്ടതാണെങ്കിലും പരസ്പരം സംവേദനം (inter specific communication) സാദ്ധ്യമായ രണ്ട് ജീവികള്‍ നായയും മനുഷ്യനും മാത്രമാണെന്ന് അദ്ദേഹം കണ്ടെത്തി. വളരെ പരിമിതമായ തോതിലാണെങ്കിലും ഈയൊരു കഴിവുള്ള മറ്റൊരു ജീവി ആനയാണ്. കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ അമ്മമാരില്‍ വാത്സല്യം വഴിഞ്ഞൊഴുകുന്നതിന് കാരണം അമ്മമാരുടെ തലച്ചോറില്‍ ഓക്‌സിടോസിന്‍ (Oxytocin) എന്നൊരു ഹോര്‍മോണ്‍ ഉയരുന്നത് കൊണ്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്‍ഡോര്‍ഫിന്‍ (Endorphin)എന്നൊരു ഹോര്‍മോണ്‍ നമുക്ക് ആനന്ദവും സമാധാനവും സ്വസ്ഥതയുമൊക്കെ പ്രധാനം ചെയ്യുന്നുണ്ട്. ഇത്തരം ഹോര്‍മോണുകള്‍ ഉത്തേജിതമാകുന്നത് കൊണ്ടാണ് പരസ്പരം കണ്ണുകളില്‍ നോക്കുമ്പോള്‍ നമുക്ക് വികാരക്കൈമാറ്റം സാദ്ധ്യമാകുന്നത്. കാമുകനും കാമുകിയും തമ്മിലും, അമ്മയും മക്കളും തമ്മിലും, സുഹൃത്തുക്കള്‍ തമ്മിലുമൊക്കെ പലവിധ വികാരങ്ങള്‍ കൈമാറാന്‍ കഴിയുന്നതും വാക്കുകളിലൂടെയല്ലാതെ ആശയക്കൈമാറ്റം സാദ്ധ്യമാകുന്നതുമൊക്കെ ഇത്തരം ചില ഹോര്‍മോണുകള്‍ വഴിയാണ്. മനുഷ്യര്‍ വികസിപ്പിച്ച ഇത്തരം കഴിവുകളൊക്കെ അതേപോലെ വികസിപ്പിച്ച മറ്റൊരു ജീവിയേ ഇന്ന് ഭൂമുഖത്തുള്ളൂ. അത് നായയാണ്. അതുകൊണ്ടാണ് ഈ രണ്ട് ജീവിവര്‍ഗ്ഗങ്ങള്‍ക്കും ഇത്രയേറെ ഇഴുകിച്ചേര്‍ന്ന് ചരിത്രത്തില്‍ അതിജീവിക്കാന്‍ സാധിച്ചത്.

നിവര്‍ന്നുനില്‍ക്കാനുള്ള ശേഷി ആര്‍ജിക്കുകയും അതുവഴി കൈകള്‍ സ്വതന്ത്രമാകുകയും, സ്വതന്ത്രമായി അധ്വാനിക്കാന്‍ ശേഷി കൈവരിക്കുകയും ചെയ്ത ജീവിയായതു കൊണ്ടാണ് മനുഷ്യന്റെ തലച്ചോറിന്റെ വികാസം വേഗത്തിലായത്. ഉപകരണങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാനുള്ള, സാങ്കേതികവിദ്യകള്‍ പ്രയോഗിക്കാനുള്ള, അതുവഴി ഉല്പാദനം നടത്താനുള്ള ശേഷി വന്‍തോതില്‍ വികസിച്ചതോടെ, മറ്റു ജീവജാലങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ അതിവേഗം മുന്നേറുകയും ഭൗമമണ്ഡലത്തിലും ജൈവമണ്ഡലത്തിലും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

ജീവലോകത്ത് വേറെ വേറെ സ്പീഷീസുകളില്‍ പെട്ടതാണെങ്കിലും പരസ്പരം സംവേദനം (inter specific communication) സാദ്ധ്യമായ രണ്ട് ജീവികള്‍ നായയും മനുഷ്യനും മാത്രമാണ്.

ഇതോടെ മനുഷ്യര്‍ തന്നെ പലതരം ക്രോസ്​ ബ്രീഡിംഗിലൂടെ വികസിപ്പിച്ച, മനുഷ്യരുടെ തന്നെ പലതരം ആവശ്യങ്ങള്‍ക്കായുള്ള നായ ജനുസ്സുകളെ അവര്‍ കയ്യൊഴിയാന്‍ തുടങ്ങി. വേട്ട, കാലിമേയ്ക്കല്‍, കാവല്‍ തുടങ്ങിയതിനൊന്നും ഇപ്പോള്‍ മനുഷ്യന് നായകളുടെ ആവശ്യം വരുന്നില്ല. ഇതിനൊക്കെ പറ്റിയ റൊബോട്ടുകള്‍പ്പെടെയുള്ള യന്ത്രങ്ങളും വിവര സാങ്കേതിക സംവിധാനങ്ങളും കൃതൃമ ബുദ്ധിയുമുള്‍പ്പെടെ മനുഷ്യര്‍ വികസിപ്പിച്ചു കഴിഞ്ഞു. പക്ഷേ ഗോത്ര മനുഷ്യരുടെ സ്ഥിതി അതല്ല. അവര്‍ക്കിന്നും നായകള്‍ അതിജീവനത്തിനുള്ള ആത്മസുഹൃത്തുക്കളാണ്.

ഇന്ന് നാഗരികരുടെ, വിശേഷിച്ച് കുട്ടികളുടെ, കൗതുകത്തിനും ആഡംബരത്തിനും പത്രാസിനും ഗമയ്ക്കും മാത്രമുള്ള അടിമ ജീവികളായാണ് നാം നായകളെ കാണുന്നത്. ഇത്തരം വൈകാരികാവശ്യങ്ങളാവട്ടെ, സ്ഥായിയായി നിലനില്‍ക്കണമെന്നില്ല. അതിന്റെ ഏറ്റവും നല്ല ഉദാഹണമാണ് കേരളത്തിലുള്‍പ്പെടെ കോവിഡ് അടച്ചുപൂട്ടല്‍ കാലത്തുണ്ടായ പട്ടിപ്രേമം. മിക്കവാറും വീടുകളില്‍ വളര്‍ത്തു പട്ടികള്‍ വന്നു. അവ വലിയ തോതില്‍ ഓമനിക്കപ്പെട്ടു. പക്ഷേ കോവിഡാനന്തരകാലത്ത് തിരക്കുകൂടിയതോടെ, നാമവയെ തെരുവില്‍ ഉപേക്ഷിച്ചു. ഒരു തരം തരളിത വികാരങ്ങളും അതിന് തടസ്സമായില്ല. ഈ സാധു ജീവികളോട് സ്ഥായിയായി സ്‌നേഹം പ്രകടിപ്പിടുന്ന ഒരു കൂട്ടം നല്ല മനുഷ്യരെ കാണാതെയല്ല ഇതൊന്നും പറയുന്നത്.

നന്ദികെട്ട മൃഗം നായയല്ല; മനുഷ്യനാണ്

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പരസ്പര്യത്തിലൂടെ (Mutuality) വികസിപ്പിച്ച സഹവര്‍ത്തിത്തമാണ്, (symbiosis) അതുവഴിയുണ്ടായ ജീവനവും അതിജീവനവുമാണ് മനുഷ്യര്‍ക്കും നായകള്‍ക്കുമിടയിലുള്ളത്. ചരിത്ര വികാസത്തിന്റെ ഒരുഘട്ടമെത്തുമ്പോള്‍ ഇനി മുതല്‍ ഈ പാരസ്പര്യം തുടരേണ്ടതില്ലന്ന് മനുഷ്യര്‍ ഏകപക്ഷിയമായി തീരുമാനിച്ചാല്‍ പാവം നായ്ക്കള്‍എന്തു ചെയ്യണമെന്നതാണ് ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നാമിന്ന് അതീവ രോഷത്തോടെ ചര്‍ച്ച ചെയ്യുന്ന തെരുവുനായ പ്രശ്‌നം.

Photo: Wikimedia Commons
Photo: Wikimedia Commons

മനുഷ്യര്‍ തെരുവിലിറക്കിവിടുന്ന കാലമാകുമ്പോഴേക്കും നായകള്‍, അവരില്‍ അന്തര്‍ലീനമായിരുന്ന (inherent) മിക്കവാറും അതിജീവനശേഷികള്‍ മനുഷ്യനുവേണ്ടി നഷ്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു. പഴയ ചാരച്ചെന്നായ്ക്കള്‍ക്കുണ്ടായിരുന്ന, അപാരമായ വേട്ടയാടല്‍ ശേഷി അവയ്ക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. മനുഷ്യര്‍ പാകം ചെയ്‌തോ അല്ലാതേയോ നല്‍കുന്നതാണ് അവരുടെ ഭക്ഷണം. അത് നഷ്ടപ്പെടുമ്പോള്‍ അവയുടെ ജീവിതം വഴിമുട്ടും. അതിജീവിക്കാനുള്ള വെപ്രാളവും പിടച്ചിലും സ്വാഭാവികമായും അവയില്‍ നിന്നുമുണ്ടാകും. ആ പിടച്ചിലുകളാണ് നമ്മുടെ തെരുവുകളില്‍ നമ്മളിന്ന് കാണുന്നത്.

തങ്ങള്‍ക്ക് ഭക്ഷണം നിഷേധിച്ച് തെരുവിലിറക്കി വിട്ട മനുഷ്യരോട് അവയ്ക്ക് പകയുണ്ടാവും. മനുഷ്യരോടിടപെട്ടതിന്റെ അബോധത്തിലുള്ള ഓര്‍മ്മകളില്‍ നിന്ന് രൂപപ്പെട്ട സഹജവാസനകള്‍(instinct) അവയുടെ തലച്ചോറിലുണ്ട്. നിങ്ങള്‍ ധൈര്യമായി ഒരു പട്ടിയ്ക്ക് മുമ്പില്‍ നിന്നാല്‍ അത് കണ്ട ഭാവം നടിക്കാതെ ഒഴിഞ്ഞുപോകും. കുനിഞ്ഞൊരു കല്ലെടുത്താല്‍ ഓടിപ്പോകും. എന്നാല്‍ നിങ്ങള്‍ ഭയപ്പെടുന്നതായി തോന്നിയാല്‍ ഭയപ്പെടുത്തി ഓടിക്കാന്‍ നോക്കും. ഓടിയില്ലെങ്കില്‍ ഒന്നും ചെയ്യില്ല. ഓടിയാലോ പിറകേ ഓടി വന്ന് ആക്രമിക്കും. കുട്ടികള്‍ക്ക് പൊതുവേ പട്ടികളെ കാണുന്നതുതന്നെ പേടിയാണ്. കുഞ്ഞായിരിക്കുമ്പോള്‍ നായകളെ കാണിച്ച് പേടിപ്പിച്ചും ഭക്ഷണം കഴിച്ചില്ലെങ്കില്‍ നായകളെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമൊക്കെയാണ് അമ്മമാര്‍ അവരെ വരുതിയില്‍ നിര്‍ത്തുക. അതുകൊണ്ട് നായകളെ കണ്ടപാടെ അവര്‍ ഓടാന്‍ തുടങ്ങും. അവ പിറകെ ഓടി ആക്രമിയുകയും ചെയ്യും.

തങ്ങള്‍ക്ക് ഭക്ഷണം നിഷേധിച്ച് തെരുവിലിറക്കി വിട്ട മനുഷ്യരോട് അവയ്ക്ക് പകയുണ്ടാവും. മനുഷ്യരോടിടപെട്ടതിന്റെ അബോധത്തിലുള്ള ഓര്‍മ്മകളില്‍ നിന്ന് രൂപപ്പെട്ട സഹജവാസനകള്‍(instinct) അവയുടെ തലച്ചോറിലുണ്ട്.

എന്റെ പ്രദേശത്ത് റോഡില്‍ ഉപേക്ഷിക്കപ്പെട്ട ഒരു 'മുന്തിയ' ഇനം പട്ടിയുണ്ട്. ഗര്‍ഭിണിയായപ്പോള്‍ ആരോ വാഹനത്തില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളിപ്പോയതാണ്. അത് തെരുവില്‍ പ്രസവിച്ചു. കുട്ടികളെല്ലാം വാഹനം തട്ടി മരിച്ചു. അതു കൊണ്ട് റോഡിലൂടെ പോകുന്ന എല്ലാ വാഹനങ്ങളോടും അതിന് പകയാണ്. എല്ലാത്തിന്റേയും പിറകെ കുരച്ചു പായും. ഏതെങ്കിലുമൊരു വാഹനമിടിച്ച് അതും തീര്‍ന്നുപോകുമായിരിക്കും. ഭക്ഷണം കൊടുക്കുന്നവരോടൊക്കെ വലിയ സ്‌നേഹമാണ്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ റോഡില്‍ വാഹനം വരുന്നത് കണ്ടാല്‍, തീറ്റ നിര്‍ത്തി അതിന്റെ പിറകെ ഓടും. ആരാണ് ഈ സാധു ജീവിയെ ഈ പരുവമാക്കിയത്? ഒരു നിമിഷം ഇതേക്കുറിച്ച് ചിന്തിക്കാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍, അല്പം സഹിഷ്ണുതയോടെ പെരുമാറിയാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ, അവര്‍ കേരളത്തില്‍ ഉണ്ടാക്കുന്നുള്ളൂ എന്ന് മനസ്സിലാവും. യൂറോപ്പിലൊക്കെയുള്ള മനുഷ്യര്‍ ഒരിക്കലും അവരുടെ വളര്‍ത്തുനായകളെ തെരുവിലുപേക്ഷികാറില്ല. മാലിന്യമുള്‍പ്പെടെ ഒന്നിനേയും തെരുവിലേക്ക് വലിച്ചെറിയുന്നതില്‍ നമുക്കൊരു ബുദ്ധിമുട്ടുമില്ല. രോഗപ്രതിരോധ ശേഷിയും, അതിജീവനത്തിന് നല്ല കഴിവുമുള്ള നാടന്‍ നായകളെ തെരുവില്‍ ഉപേക്ഷിച്ചാണ് നാം യൂറോപ്പ്യന്‍ ബ്രീഡുകളുടെ പിറകെപ്പോയത്. അവയെ വളര്‍ത്തുന്നതിനുള്ള സാമ്പത്തിക ബാദ്ധ്യതയും മറ്റു ബുദ്ധിമുട്ടുകളും നേരിടുന്നതോടെ അവയേയും നാം തെരുവില്‍ തള്ളുന്നു.

തെരുവുനായ പ്രശ്‌നത്തെ സമചിത്തതയോടേയും ശാസ്ത്രീയമായും പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍നാളെ അവ സൃഷ്ടിക്കാനിടയുള്ള ദുരന്തങ്ങള്‍ നമ്മുടെ കണക്ക് കൂട്ടലുകള്‍ക്കപ്പുറമായിരിക്കും. അതിജീവിക്കാനുള്ള ഒരോ ജീവിയുടേയും ശേഷി അപാരമാണ്. അതിജീവിക്കാന്‍ അര്‍ഹതയുള്ളത് നിലനില്‍ക്കുകയും അതിന് കഴിയത്തവ നശിക്കുകയും ചെയ്യുമെന്ന (survivaI of the fittest) സിദ്ധാന്തവും പ്രകൃതി നിര്‍ദ്ധാരണ നിയമവും (natural selection) ഒക്കെ വിശദീകരിക്കുമ്പോഴും അതൊരു ലളിതമായ പ്രക്രിയയല്ല. ദീര്‍ഘ സംവത്സരങ്ങളിലൂടെ സംഭവിക്കുന്ന ഒന്നാണ്.

ഇന്നത്തെ നിലയില്‍ അതിജീവിക്കാനുള്ള വഴികളാണ് ഇനിയങ്ങോട്ട് നായകള്‍ എന്ന ജീവിവര്‍ഗ്ഗം വികസിപ്പിക്കുക. കൂട്ടായി വേട്ടയാടാന്‍ അസാമാന്യ ശേഷിയുണ്ടായിരുന്ന ചാരച്ചെന്നായ്ക്കളാണ് ഇന്നത്തെ നായകളായി പരിവര്‍ത്തിക്കപ്പെട്ടത്. അവയുടെ ക്രോമോസോമുകളില്‍ നിന്ന് ചാരച്ചെന്നായകളുടെ ജീനുകള്‍ സമ്പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കാനിടയില്ല. അവയൊക്കെ ഇപ്പോഴും നായകളുടെ ജനിതകഘടനയില്‍ ഉറങ്ങിക്കിടക്കുന്നുണ്ടാവും. ചെടികളിലും മരങ്ങളിലും ഇത്തിരി മൂത്രമിറ്റിച്ച് തന്റെ ടെറിട്ടറി മാര്‍ക്ക് ചെയ്യുന്നതും കിടക്കുന്നതിന് മുമ്പ് ചുറ്റിച്ചുറ്റി പരിസരം നിരീക്ഷിക്കുന്നതുമൊക്കെ ആ പഴയ ജീവിയുടെ ജനിതക സ്വഭാവങ്ങളാണല്ലോ.

ഹോമോസാപ്പിയന്‍ സാപ്പിയന്‍ എന്ന ആധുനിക മനുഷ്യരുടെ ജനിതകഘടനയില്‍ നമ്മുടെ പൂര്‍വ്വരൂപങ്ങളിലൊന്നായ നിയാണ്ടര്‍താല്‍ മനുഷ്യന്റെ ഏതാനും ജീനുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്ന് അടുത്ത കാലത്ത് ശാസ്ത്രം കണ്ടെത്തി. അവയിലുള്‍ച്ചേര്‍ന്ന രോഗപ്രതിരോധശേഷിയെ ആധുനിക മനുഷ്യന് എങ്ങിനെ ഉപയോഗിക്കാന്‍ കഴിയുമെന്ന ഗവേഷണങ്ങളും പുരോഗമിക്കുന്നു. അതേപോലെ മനുഷ്യര്‍ തെരുവിലുപേക്ഷിച്ച സ്ഥിതിക്ക് സ്വന്തമായി ഭക്ഷണം തേടി അതിജീവിക്കാനുള്ള വഴികളാണ് ഇനി നായകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുക. ഇപ്പോള്‍ തന്നെ മനുഷ്യന്റെ വളര്‍ത്തുമൃഗങ്ങളായ ആട്, കോഴി, മുയല്‍, മറ്റു ചെറു ജീവികള്‍ എന്നിവയെ കൂട്ടായി വേട്ടയാടാനും ഭക്ഷണമാക്കാനും അവ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂരിലെ മുഴുപ്പിലങ്ങാട്ട്​ നായകള്‍ കടിച്ചുകൊന്ന നിഹാല്‍ എന്ന പതിനൊന്നുകാരന്റെ തുടയിലെ മാംസം നായകള്‍ പറിച്ചെടുത്തതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതായത്, കൈമോശം വന്ന വേട്ടയാടല്‍ശേഷി തിരികെ വികസിപ്പിച്ചെടുക്കാന്‍ കഴിയുംവിധം ജനിതഘടനയില്‍ പുതിയ പരിണാമങ്ങള്‍ വരാനുള്ള സാദ്ധ്യത തള്ളി കളയാനാവില്ല. പഴയ ചാരച്ചെന്നായ് അതേപോലെ ഉയര്‍ത്തെഴുന്നേറ്റ് വരും എന്നല്ല വിവക്ഷ. അത് അസംഭാവ്യവും അസംബന്ധവുമാണ്. എന്നാല്‍ വേട്ടയാടല്‍ സ്വഭാവങ്ങളുള്ള, മനുഷ്യനോടിണങ്ങാത്ത പുതിയ നായ ജനുസ്സുകള്‍ രൂപപ്പെടാം. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും കൂട്ടമായി ജീവിക്കുന്ന വന്യമൃഗങ്ങളായി അവ പരിവര്‍ത്തനം ചെയ്യപ്പെടാം. ഇപ്പോള്‍ തന്നെ തെരുവില്‍ പ്രസവിച്ചു വളരുന്ന നായക്കുഞ്ഞുങ്ങള്‍ക്ക് മനുഷ്യരോടുള്ള ഇണക്കം കുറയുന്നുണ്ട്. വേവിച്ച മനുഷ്യനിര്‍മ്മിതമായ ഭക്ഷണമല്ല അവ കഴിക്കുന്നത്. അറവുമാലിന്യവും വേട്ടയാടിപ്പിടിയ്ക്കുന്ന ചെറുജീവികളുമൊക്കെയാണ് ആഹാരമായിത്തീരുന്നത്. നേരത്തെ മനുഷ്യനോടൊത്തുവന്ന ചാരച്ചെന്നായകള്‍ക്ക് പകരം മനുഷ്യനോട് അകന്നു പോകുന്ന വന്യസ്വഭാവം കൈവരിക്കുന്ന പുതിയ നായ് വര്‍ഗ്ഗങ്ങള്‍ ഉണ്ടായിവരാം.

നായകളെ കൊല്ലാം; പക്ഷേ നിപയേയും കൊറോണയേയും?

ഇത് ഏതാനും വെടിയുണ്ടകള്‍ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ലേയുള്ളൂ എന്ന് ചിന്തിക്കുന്നവരുണ്ടാകും. നായകളെ കൊല്ലാനനുമതി തരണം എന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നമ്മുടെ തദ്ദേശഭരണാധികാരികളില്‍ ചിലര്‍. നേരത്തെ നമ്മള്‍ തെരുവുനായകളെ നിയന്ത്രിച്ചിരുന്നത് കൊന്നുതള്ളിയായിരുന്നില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. അതില്‍ പലതരം പ്രശ്‌നങ്ങളുണ്ട്.

ശാസ്ത്രീയവും യുക്തിസഹവുമായാണ് ഒരു ആധുനിക സമൂഹം പ്രശ്‌നങ്ങളെ സമീപിക്കേണ്ടത്. തെരുവുനായകള്‍ക്കിടയില്‍ അനിയന്ത്രിതമായി പേവിഷബാധ പടരുകയും മറ്റു നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെടുകയും ചെയ്താല്‍ തീര്‍ച്ചയായും ഒരിടക്കാലത്തേക്ക് നായകളെ കൊന്നൊടുക്കേണ്ടിവരാം.

രണ്ടര ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയില്‍ തെരുവുനായകളുണ്ട് കേരളത്തില്‍. അവയെ കൊന്നുതള്ളുക (culling) എന്നത് എന്തുമാത്രം അപരിഷ്‌കൃതമായ നടപടിയായിരിക്കും? ഇത്തരം ഹീനമായ നടപടികള്‍ സ്വീകരിച്ച് ഒരു പരിഷ്‌കൃത സമൂഹമായി ലോകത്തിന് മുമ്പില്‍ നമുക്ക് നില്‍ക്കാനാകുമോ? മനേകാഗാന്ധി പറയുന്ന നിലയിലാണ് ഈ പ്രശ്‌നത്തേ കാണേണ്ടത് എന്ന അഭിപ്രായവുമില്ല. അടിയന്താരവസ്ഥയില്‍ തുര്‍ക്കുമാന്‍ഗേറ്റില്‍ മനുഷ്യരെ ബുള്‍ഡോസ് ചെയ്യാന്‍ നേതൃത്വം കൊടുത്ത സഞ്​ജയ്​ ഗാന്ധിയെ തള്ളിപ്പറയാത്തയാളാണ്​ മനേകാഗാന്ധി.

സഞ്​ജയ്​ ഗാന്ധി, മനേക ഗാന്ധി
സഞ്​ജയ്​ ഗാന്ധി, മനേക ഗാന്ധി

അന്ന് തന്റെ ഭര്‍ത്താവ് ചെയ്തത് തെറ്റായിരുന്നു എന്ന് പിന്നീടെപ്പോഴെങ്കിലും അവര്‍ സമ്മതിച്ചതായി അറിയില്ല. ഇന്ത്യയില്‍ മതത്തിന്റെ പേരിലും മറ്റും മനുഷ്യരെ പുഴുക്കളെപ്പോലെ കൊല്ലുന്ന ഒരു ഭരണകൂടത്തിന്റെ ഭാഗമായി നില്‍ക്കുകയും മൃഗസ്‌നേഹം പ്രസംഗിക്കുകയും ചെയ്യുന്നത് മുഖവിലക്കെടുക്കാനാകില്ല. ശാസ്ത്രീയ കാഴ്ചപ്പാടിനുപകരം വൈകാരികമായാണ് അവര്‍ പ്രശ്‌നങ്ങളെ സമീപിക്കുന്നത് എന്ന് തോന്നാറുണ്ട്. അവരുടെയൊക്കെ ഇത്തരം കാര്യങ്ങളിലുള്ള ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.

ശാസ്ത്രീയവും യുക്തിസഹവുമായാണ് ഒരു ആധുനിക സമൂഹം പ്രശ്‌നങ്ങളെ സമീപിക്കേണ്ടത്. തെരുവുനായകള്‍ക്കിടയില്‍ അനിയന്ത്രിതമായി പേവിഷബാധ പടരുകയും മറ്റു നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെടുകയും ചെയ്താല്‍ തീര്‍ച്ചയായും ഒരിടക്കാലത്തേക്ക് നായകളെ കൊന്നൊടുക്കേണ്ടിവരാം. പക്ഷേ അതൊരു ശാശ്വതപരിഹാരമായി കാണാനാവില്ല. മനുഷ്യരുടെ ജീവിതം പ്രധാനം തന്നെയാണ്. പക്ഷേ അത്തരം അപരിഷ്‌കൃത നടപടികളിലേക്ക് പോകാതെ തന്നെ ശാസ്ത്രീയ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വിജയിക്കുമ്പോഴാണ് നാം പരിഷ്‌കൃതവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുള്ള മനുഷ്യസമൂഹമാകുക.

ഭൂമുഖത്തെ വലിയ ജീവികളേയൊന്നും കൊന്നൊടുക്കാന്‍ മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. നിഗ്രഹായുധങ്ങള്‍ അത്രയേറെ നാം വികസിപ്പിച്ചിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് വേണങ്കില്‍ കേരളത്തിലെ ആനകളേയും കടുവകളേയും വന്യമൃഗങ്ങളേയുമൊക്കെ നമുക്ക് വെടിവെച്ചു കൊല്ലാം. ഒരു ടാസ്‌ക്‌ഫോഴ്‌സ് രൂപികരിച്ചാല്‍ മതി. ഏതാനും ദിവസം കൊണ്ട് കേരളത്തിലെ നായകളെ ഒന്നടങ്കം നമുക്ക് കൊന്നൊടുക്കാം. പക്ഷേ പ്രസക്തമായ ചോദ്യം, ഇങ്ങനെയൊക്കെ ചെയ്ത് മനുഷ്യന് മാത്രമായി ഭൂമിയില്‍ നിലനില്‍ക്കാനാവുമോ എന്നതാണ്. അത് അസാദ്ധ്യമാണ് എന്ന് അസന്നിഗ്ധമായി തെളിയിക്കപ്പെട്ട ഒരു കാലത്താണ്​ നാം ജീവിക്കുന്നത്. എവിടെ നിന്നാണ് നമുക്കിടയിലേക്ക് നിപയും കൊറോണയുമൊക്കെ കടന്നുവന്നത്? വലിയ ജീവികളെ ഇല്ലാതാക്കുന്നതു പോലെ സൂക്ഷ്മജീവികളെ (microbes) ഇല്ലാതാക്കാനാവില്ല. നമ്മുടെ പരിസ്ഥിതിയിലെ ഏതെങ്കിലുമൊരു ജീവിയുടെ അനിയന്ത്രിതമായ പെരുക്കമോ നാശമോ എക്കോസിസ്റ്റത്തെ മൊത്തമായി ബാധിക്കും. ഇത് മനുഷ്യരുള്‍പ്പെടെയുള്ള ജൈവമണ്ഡലത്തിന്റെ സര്‍വ്വനാശത്തിലാണ് എത്തിച്ചേരുക.

Photo: Wikimedia Commons
Photo: Wikimedia Commons

മനുഷ്യരുണ്ടാവുന്നതിനും ആയിരത്താണ്ടുകള്‍ക്ക് മുമ്പ് ഈ ഭൂമുഖത്ത് ഉണ്ടായിരുന്ന ജീവികളാണ് വവ്വാലുകള്‍. അവയുടെ ശരീരത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി പാര്‍ത്തുവരുന്ന സൂഷ്മജീവികളാണ് നിപ വൈറസ്സുകള്‍. അവ മനുഷ്യര്‍ക്കിടയില്‍ മാരകമായ രോഗമുണ്ടാകുന്ന സൂക്ഷ്​മജീവികളായി തിരിച്ചറിയാന്‍ തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് വവ്വാല്‍ കടിച്ച മാങ്ങകള്‍ ധാരാളം തിന്നിട്ടുണ്ട്. വവ്വാല്‍ ചപ്പിയിട്ട പഴുത്തടക്ക പെറുക്കിയെടുത്ത് ഉണക്കി വില്പന നടത്തിയിട്ടുണ്ട്. ഒരു രോഗഭീതിയും അന്നുണ്ടായിരുന്നില്ല.

പശ്ചിമഘട്ടത്തില്‍, തിരുനെല്ലി കൊട്ടിയൂര്‍ വഴിയിലെ കൊടുംകാടിനകത്ത് പക്ഷിപാതാളം എന്നൊരു സ്ഥലമുണ്ട്. പാറക്കൂട്ടങ്ങളും ഗുഹകളുമാണിവിടത്തെ ആകര്‍ഷണം. പതിനായിരക്കണക്കിന് വവ്വാലുകളാണ് അതിനകത്ത് കുടിപാര്‍ക്കുന്നത്. ഇരുട്ടു നിറഞ്ഞു കിടക്കുന്ന ഗുഹകളില്‍, വവ്വാലുകള്‍ പറക്കുമ്പോഴുള്ള ശബ്ദവും അവ പാറകളില്‍ തട്ടി പലവുരുവായി പ്രതിധ്വനിക്കുന്നതിന്റെ മുഴക്കവും എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഭയാനകമായ അവസ്ഥ ഒന്നനുഭവിച്ചറിയണം.

ആ ഗുഹകള്‍ക്കകത്ത് കുടുംബമൊന്നിച്ച് മണിക്കൂറുകളോളം നില്‍കാന്‍ അവസരം കിട്ടിയിട്ടുണ്ട്. പുറത്തുവന്നപ്പോള്‍ വസ്ത്രങ്ങളിലും മുഖത്തും ശരീരഭാഗങ്ങളിലുമാകെ വവ്വാലുകളുടെ കാഷ്ടവും മൂത്രവുമായിരുന്നു. ആധുനിക കാലത്ത് വച്ചാലുകളുടെ ആവാസ കേന്ദ്രങ്ങള്‍ മനുഷ്യര്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ, വന്‍മരങ്ങളുടേയും കാവുകളുടേയും നാശം സംഭവിച്ചതോടെ, വവ്വാലുകളുടെ ജീവിതം അരക്ഷിതമായിത്തീര്‍ന്നു. ഇതേത്തുടര്‍ന്നാണ് നിപ വൈറസ്സുകള്‍ രോഗക്കാരികളായി വവ്വാലുകളുടെ ശരീര ശ്രവങ്ങളിലെത്തിയതും മനുഷ്യരില്‍ മാരകമായ രോഗമുണ്ടാക്കിയതും.

പക്ഷിപാതാളം / Photo: Wikimedia Commons
പക്ഷിപാതാളം / Photo: Wikimedia Commons

കൊറോണാ വൈറസ്സ് ലോകം മുഴുവന്‍ പടര്‍ന്നത് ജീവനുള്ള മൃഗങ്ങളെ അപ്പപ്പോള്‍ അറുത്തു വില്‍ക്കുന്ന ചൈനയിലെ ഒരു ഇറച്ചിച്ചന്തയില്‍ നിന്നായിരുന്നു എന്നിപ്പോള്‍ ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞതാണ്. അങ്ങേയററം മാരകമായ റാബീസ് വൈറസ്സുകളുടെ വാഹകരില്‍ പ്രധാനികളാണ് നായകള്‍. അവയെ അനിയന്ത്രിതമായി കൊന്നൊടുക്കിയാല്‍ റാബീസ് ഉണ്ടാവില്ല എന്ന് കരുതുന്നതില്‍പ്പരം അസംബന്ധം മറ്റൊന്നില്ല. വൈറസുകൾ അതിവേഗം ജനിതക വ്യതിയാനം വരുന്നവയാണ്. നായകളില്‍ വരുന്ന പരിണാമങ്ങള്‍ അവയെ ഏതു തരത്തില്‍ ബാധിക്കും എന്ന് പറയാനാവില്ല. മിക്കവാറും വൈറസ്സുകള്‍ മനുഷ്യരിലെത്തുന്നതും രോഗകാരികളായി മാറുന്നതും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അസന്തുലിതമായ ഇടപെടല്‍ കൊണ്ടും മനുഷ്യന്റെ ആധിപത്യം മറ്റ് മൃഗങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതുകൊണ്ടുമാണ് എന്ന് വ്യക്തമാണ്.

ഈ പറഞ്ഞതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ജൈവമണ്ഡലത്തിലെ മറ്റു ജന്തുസസ്യ സൂക്ഷ്​മജീവി ജാലങ്ങളുമായി സമാധാനപരമായി സഹവര്‍ത്തിച്ചുകൊണ്ടേ മനുഷ്യര്‍ക്കും ഈ ഭൂമിയില്‍ നിലനില്‍ക്കാനാകൂ. ഇത്തരം തിരിച്ചറിവ് ശാസ്ത്രഗവേഷകരിലുണ്ടായതുകൊണ്ടാണ് മനുഷ്യരുടെ മാത്രം ആരോഗ്യ പരിരക്ഷ എന്ന കാഴ്ചപ്പാടുപേക്ഷിച്ച് മനുഷ്യരുടേയും പ്രകൃതിയുടേയും പൊതുവായ ആരോഗ്യപരിരക്ഷ എന്ന കാഴ്ചപ്പാടുയര്‍ന്ന് വന്നത്. 'ഏക ലോകം, ഏക ആരോഗ്യം' എന്ന വിശാല കാഴ്ചപ്പാടിലേക്ക് വികസിക്കാന്‍ മാനവരാശിയോടും രാജ്യങ്ങളോടും ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്യുന്നത്. ഈയൊരു കാഴ്ചപ്പാടില്‍ നിന്ന് മാത്രമേ തെരുവുനായ പ്രശ്‌നവും നമുക്ക് പരിഹരിക്കാന്‍ കഴിയൂ.

ശാസ്ത്രീയ പരിഹാരം അന്വേഷിക്കാത്തതെന്ത്?

പ്രശ്‌നത്തിന്റെ കാതലിലേക്ക് കടന്ന് പരിഹാരമാലോചിക്കുമ്പോള്‍ ചര്‍ച്ച ആരംഭിക്കേണ്ടത്, നമ്മുടെ അവികസിതമായ പൗരബോധത്തില്‍ നിന്നാണ്. ആധുനിക മനുഷ്യന്റെ സര്‍വ്വവിധ പുരോഗതിക്കും ഒപ്പം നിന്ന ഒരു ജീവിവര്‍ഗ്ഗത്തെ ഒട്ടും ആദരവോടെ കണ്ടില്ലെന്നുമാത്രമല്ല അപമാനവും അടിമജീവിതവുമാണ് നാം തിരിച്ചുനല്‍കിയത്. 'നന്ദിയില്ലാത്ത നായ, നായിന്റെ മോന്‍ / മോള്‍, നായ നക്കിയ കലം പോലെ, നടുക്കടലിലും നായ നക്കിയേ കുടിക്കൂ, നായയുടെ വാല്‍ കുഴലിട്ടിട്ട് കാര്യമില്ല, നായയെ കാണുമ്പോള്‍ കല്ലു കാണില്ല, അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് എന്നിട്ടും നായക്ക് മുറുമുറുപ്പ്' തുടങ്ങി നിത്യജീവിതത്തില്‍ നായയെ അവഹേളിക്കുന്ന ധാരാളം പ്രയോഗങ്ങള്‍ നാം ഉപയോഗിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഇത്ര അവഹേളനങ്ങള്‍ അര്‍ഹിക്കുന്ന ജീവിയാണോ നായ? വെള്ളത്തൂവല്‍ സ്റ്റീഫന്‍ എന്ന മുന്‍നക്‌സലൈറ്റ് നേതാവ് വയനാട്ടില്‍ ഒരു ആദിവാസിക്കുടിലില്‍, നക്‌സല്‍ വര്‍ഗ്ഗീസിനെ കാണാന്‍ പോയ കാര്യം വിശദീകരിക്കുന്നുണ്ട്. ആദിവാസികള്‍ക്കുതന്നെ ഭക്ഷണം ലഭിക്കാത്ത അക്കാലത്ത്, മനുഷ്യരുടെ വിസര്‍ജ്ജ്യം മാത്രം ഭക്ഷിച്ച് ആദിവാസി കുടിലുകള്‍ക്ക് കാവല്‍ കിടന്ന നായകളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. പുതപ്പും പായയുമൊന്നുമില്ലാത്തതിനാല്‍ ആദിവാസി കുട്ടികള്‍ ഈ നായകളെ കെട്ടിപ്പിടിച്ച് കിടന്നാണത്രേ, വയനാട്ടിലെ കൊടും തണുപ്പില്‍ ഉറങ്ങിയിരുന്നത്.

എല്ലാ പ്രതിസന്ധികളിലും മനുഷ്യരോടൊപ്പം ജീവിച്ചവരാണ് നായകള്‍. അവരെങ്ങിനെയാണ് പിന്നീട് തെരുവില്‍ എത്തിയത് എന്നന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുക മനുഷ്യര്‍ തന്നെയായിരിക്കും. നാം തെരുവിലേക്ക് വലിച്ചെറിയുന്ന ഭക്ഷണ മാലിന്യങ്ങളാണ് അവയുടെ ആഹാരമായിത്തീരുന്നത്. മലയാളികളെപ്പൊലെ ഭക്ഷണം മലിനമാക്കി തെരുവിലേക്ക് വലിച്ചെറിയുന്ന മറ്റേതെങ്കിലും ജനവിഭാഗം ഭൂമുഖത്തുണ്ടാവാനിടയില്ല. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' പോലുള്ള കഥകള്‍ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്ന്. സംസ്‌കാര ശൂന്യവും അപരിഷ്‌കൃതവുമായ ഈ നടപടി നാം അവസാനിപ്പിച്ചാല്‍ തന്നെ തെരുവുനായ പ്രശ്‌നത്തിന്റെ ഭീകരത അവസാനിക്കും.

നായകളെ കൊല്ലണം എന്ന് പറഞ്ഞു നടക്കുന്ന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിനായി മുന്നിട്ടിറങ്ങുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്നും തെരുവിലവശേഷിക്കുന്ന നായകളെ വന്ധ്യംകരിക്കാനുള്ള നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാകും. ഒരു തെരുവുനായയെ പിടികൂടി വന്ധ്യംകരണ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരിച്ച് രണ്ടു ദിവസം നിരീക്ഷിച്ച് തുറന്നുവിടാന്‍ 2100 രൂപ ചെലവുവരും എന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ സംഖ്യയുടെ വലിപ്പം കേള്‍ക്കുമ്പോള്‍ തന്നെ ഭരണാധികാരികള്‍ക്ക് ചൊരുക്കാണ്. തെരുവില്‍ പുഴുത്തു കിടക്കുന്ന ഒരു പട്ടിക്കുവേണ്ടി 2100 രൂപ ചെലവഴിക്കുന്നതില്‍പരം ദുര്‍വ്യയം മറ്റെന്തുണ്ട് എന്നാണവരില്‍ പലരും ചോദിക്കുന്നത്.

വെറുതെ കൊന്നു കളഞ്ഞാല്‍ പോരേ എന്നാണവരുടെ മനോഭാവം. ഈ പണം മറ്റു വല്ല കാര്യത്തിനും ചെലവഴിക്കാമെല്ലോ എന്നും അവര്‍ കരുതുന്നുണ്ടാവും. ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങള്‍ക്ക് നമ്മുടെ ഭരണാധികാരികള്‍ എത്രയധികം പണം ചെലവഴിക്കുന്നുണ്ട് എന്നറിയാന്‍ ജനകീയമായ ഒരു ഓഡിറ്റിംഗ് നടത്തി നോക്കണം. അപ്പോഴറിയാം നാം ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നതിലെ മുന്‍ഗണനകള്‍. ആരോഗ്യമുള്ള ഒരു പൊതുസമൂഹം സൃഷ്ടിക്കാനുള്ള മുന്നുപാധികളിലൊന്ന് തെരുവുനായകളില്ലാത്ത തെരുവുകളെ ഉണ്ടാക്കലാണ്. അത് സാദ്ധ്യമാക്കേണ്ടത് പരിഷ്‌കൃതമായ മാര്‍ഗ്ഗങ്ങളിലൂടെയായിരിക്കണം. പക്ഷേ ഇങ്ങനെയൊന്നും ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പൗരബോധം അത്രയേ വികസിച്ചിട്ടുള്ളൂ.

അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (Abc) പദ്ധതിയുടെ ഭാഗമായി ലഭിച്ച ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച, നായകളെ പാര്‍പ്പിക്കാനുള്ള കേന്ദ്രങ്ങള്‍ കേരളത്തില്‍ പലയിടത്തുമുണ്ട്. പണിതിട്ടതല്ലാതെ അതൊന്നും പിന്നീട് ഉപയോഗിച്ചിട്ടില്ല. അവയൊക്കെ കാടുമൂടിക്കിടക്കുന്നതിന്റെ വാര്‍ത്തകള്‍ നിത്യേന മാധ്യമങ്ങളില്‍ കാണാം. നായപിടുത്തക്കാരെ കിട്ടാത്തതാണ് കാരണം എന്നാണ് ഭരണാധികാരികള്‍ ഉത്തരം പറയുക. പക്ഷേ, ഉള്ള നായപിടുത്തക്കാര്‍ക്ക് അര്‍ഹതപ്പെട്ട ന്യായമായ കൂലി നല്‍കുകയുമില്ല. ഈയൊരു ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തലയിട്ട് കൈകഴുകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്നത്തെ നിലയില്‍ സ്ഥിരമായി പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ എ ബി സി സെന്ററുകള്‍ കൊണ്ട് ഒരു പ്രയോജനവും കിട്ടില്ല. നായയ്ക്ക് ഒരു പ്രസവത്തില്‍ തന്നെ ആറോ ഏഴോ കുഞ്ഞുങ്ങള്‍ ഉണ്ടാകും. വന്ധ്യംകരണം സമയബന്ധിതമായി നിശ്ചിത കാലയളവിലേക്ക് തുടര്‍ച്ചയായി നടത്തിയില്ലെങ്കില്‍ അതിന്​ ചെലവഴിക്കുന്ന പണമത്രയും വൃഥാവിലാകും. അതാണ് ഇപ്പോള്‍ സംഭവിച്ചത്.

ജനകീയ ഇടപെടല്‍ അനിവാര്യം

ഇവിടെയാണ് കേരളം വിജയിപ്പിച്ച സാക്ഷരതായജ്ഞം, ജനകീയാസൂത്രണം എന്നിവയെ മാതൃകയാക്കേണ്ടത്. ജനകീയമായി സംഘടിപ്പിച്ച ബോധവല്‍ക്കരണത്തിലൂടയും വിഭവ സമാഹരണത്തിലൂടെയുമാണ് അവയുടെ ആദ്യഘട്ടങ്ങള്‍ ഗംഭീരവിജയമായത്. അത്തരം ഒരു മാതൃക ഇക്കാര്യത്തില്‍ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ?

നായകളെ അശ്രീകരങ്ങളായി തെരുവില്‍ തള്ളുന്ന പ്രവണതക്കെതിരേയും, മനുഷ്യരും നായകളും തമ്മില്‍ തലമുറകളായി തുടരുന്ന പാരസ്പര്യങ്ങളെക്കുറിച്ചുമൊക്കെ ജനങ്ങളെ ബോധവല്‍ക്കരിക്കണം. ഭക്ഷണം നല്‍കുന്ന ആരേയും അവ ഉപദ്രവിക്കാറില്ല. ഉപാധികളില്ലാത്ത സ്‌നേഹം തിരിച്ചുനല്‍കുകയും ചെയ്യും. പ്രാദേശിക സമിതികള്‍ രൂപീകരിച്ച് എല്ലാ തെരുവുനായകള്‍ക്കും ഭക്ഷണം ഉറപ്പുവരുത്തണം. അറവുകേന്ദ്രങ്ങളില്‍നിന്ന് ശേഖരിക്കുന്ന കോഴിക്കാലുകള്‍ ഉള്‍പ്പെടെ മനുഷ്യരുപയോഗിക്കാത്ത, നായകള്‍ക്ക് ഭക്ഷ്യയോഗ്യമായ മാംസഭാഗങ്ങള്‍ ഇതിനായി ശേഖരിക്കാനാകും. അവ കഴുകി വൃത്തിയാക്കി ധാന്യങ്ങളും പച്ചക്കറികളും ചേര്‍ത്ത് വേവിച്ചെടുത്താല്‍ ഒന്നാം തരം നായത്തീറ്റയാകും. ഒരാഴ്ച ഒരു നേരം ഇങ്ങനെ ഭക്ഷണം കൊടുത്താല്‍ നായകള്‍ ശത്രുത വെടിഞ്ഞ് അവിടത്തെ മനുഷ്യരോടിടപെടാന്‍ തുടങ്ങും.

ഒരു കേന്ദ്രത്തില്‍ വെച്ച് ഭക്ഷണം കൊടുത്താല്‍ നായകള്‍ കൃത്യസമയത്ത് അവിടെയെത്തും. അതോടനുബന്ധിച്ച് താല്‍ക്കാലിക ഷെല്‍ട്ടറും എ ബി സി സെന്ററുമൊരുക്കിയാല്‍ ഓടിച്ചിട്ടു പിടിക്കാതെ അവിടെ വെച്ചുതന്നെ വന്ധ്യംകരിക്കാം. വന്ധ്യംകരിച്ചവയെ അതോടനുബന്ധിച്ച് തന്നെ ഏതാനും ദിവസം പാര്‍പ്പിക്കുന്നതിനുള്ള സംവിധാനവുമൊരുക്കണം. വന്ധ്യംകരിക്കാനുള്ള ഉപകരണങ്ങളും മരുന്നും പേവിഷബാധക്കെതിരായ കുത്തിവെപ്പും സര്‍ക്കാര്‍ ഒരുക്കണം. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇത്തരം പ്രവൃത്തികള്‍ക്ക് സാമ്പത്തിക സാങ്കേതിക സഹായം ചെയ്യുന്ന ധാരാളം എന്‍ ജി ഒ കളുണ്ട്. അവയുടെ സഹായം ഉറപ്പുവരുത്താം. അത് പക്ഷേ സര്‍ക്കാര്‍ മുന്‍കൈ എടുത്താലേ നടക്കൂ. പശ്ചാത്തല സൗകര്യം, ഭക്ഷണം, വെള്ളം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ മുന്‍കൈയ്യില്‍ ജനകീയ വിഭസമാഹരണത്തിലൂടെ സാദ്ധ്യമാകും.

സംസ്ഥാനത്താകെ ഒരു നിശ്ചിതസമയത്തിനകം ഒരുമിച്ച് ഇത് പൂര്‍ത്തിയാക്കുന്നതിന് നടത്തിപ്പ് സംവിധാനം പ്രത്യേകമായി ഒരുക്കേണ്ടിവരും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സാമൂഹ സന്നദ്ധ പ്രവര്‍ത്തകര്‍, മൃഗസ്‌നേഹികള്‍, ആരാധനാലയ നടത്തിപ്പുകാര്‍ എന്നിവരെയെല്ലാം അണിനിരത്തി ജനകീയ നിര്‍വാഹക സമിതികളുണ്ടാക്കണം. സംസ്ഥാന തലം മുതല്‍ വാര്‍ഡ്, അയല്‍ക്കൂട്ടം തലം വരെ ശ്രേണീബന്ധിതമായ കുറ്റമറ്റ പരിശീലന സംവിധാനമായിരിക്കണമത്. മൃഗസംരക്ഷണം, ആരോഗ്യം, തദ്ദേശഭരണം തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംവിധാനത്തെ ഉപയോഗിച്ച് സമാന്തരമാരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥതല ഇംപ്ലിമെന്റേഷന്‍ സമിതികളും മേല്‍നോട്ട സമിതികളും ഒരുക്കണം. ആവശ്യമായ പരിശീലനം, ബോധവല്‍ക്കരണം എന്നിവ നടത്തുന്നതിന് സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ റിസോഴ്‌സ് പേഴ്‌സണ്‍മാരെ തയാറാക്കണം. നിര്‍വഹണ കാലഘട്ടത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഈ മേഖലയില്‍ കേന്ദ്രീകരിച്ച് നില്‍ക്കാന്‍ സൗകര്യമൊരുക്കി കൊടുക്കണം. ഇത്രയും കാര്യങ്ങള്‍ വിജയകരമായി നിര്‍വഹിക്കാനായാല്‍ ആറുമാസം കൊണ്ട് മുഴുവന്‍തെരുവുനായകളേയും വന്ധ്യംകരിച്ച് പേ വിഷത്തിനെതിരായ കുത്തിവെപ്പ് നല്‍കി വിട്ടയക്കാന്‍ സാധിക്കും.

തെരുവില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ തെരുവിലെത്താതെ ശേഖരിക്കാനും ഒക്കെയുള്ള സംവിധാനം തുടര്‍ച്ചയായി നിലനിര്‍ത്തണം. പിന്നീടങ്ങോട്ട് നായകള്‍ക്ക് തെരുവില്‍ കടിപിടികൂടി ഭക്ഷണം കണ്ടെത്തേണ്ട അവസ്ഥ വരരുത്. അവക്ക് ജനകീയ വിഭവസമാഹരണത്തിലൂടെ കൃത്യമായ ഇടവേളകളില്‍ ഭക്ഷണം നല്‍കാനുള്ള സംവിധാനം സ്ഥിരമായി നിലനിര്‍ത്തണം. വന്ധ്യംകരണം 90 ശതമാനം വിജയിച്ചാല്‍ തന്നെ തൊട്ടടുത്ത വര്‍ഷങ്ങളില്‍ തെരുവില്‍ നായകളുടെ എണ്ണം കുറഞ്ഞു തുടങ്ങും. പിന്നീട് അവക്ക് ഭക്ഷണം നല്‍കുന്നതൊന്നും വലിയ ബാദ്ധ്യതയാവില്ല. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായകളേയും കുഞ്ഞുങ്ങളേയും കണ്ടെത്തി കുളിപ്പിച്ച് വൃത്തിയാക്കി, നല്ല ഭക്ഷണവും മരുന്നും കുത്തിവെപ്പുമൊക്കെ നല്‍കി സംരക്ഷിക്കുന്ന വ്യക്തികളും സംഘടനകളും ധാരാളമായുണ്ട്. നായകളെ വീടുകളില്‍ വളര്‍ത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇവര്‍ സൗജന്യമായി തന്നെ കുഞ്ഞുങ്ങളേയും വലിയ നായകളേയും ദത്ത് നല്‍കുന്നുമുണ്ട്. അവരുടെ സേവനം നന്നായി ഉപയോഗപ്പെടുത്തുകയും അത്തരം സംഘടനകള്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തുകയും ചെയ്യണം. വല്ല കാരണവശാലും വളര്‍ത്തു നായകളെ ഉപേക്ഷിക്കേണ്ട സ്ഥിതിയുണ്ടായാല്‍ അവയെ തെരുവിലിറക്കി വിടാതെ സംരക്ഷണ കേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കുന്നതിനുള്ള സംവിധാനം ഉണ്ടാവണം.

വീട്ടില്‍ നായകളെ വളര്‍ത്തണമെന്ന് താല്‍പ്പര്യമുണ്ടെങ്കിലും നായകളുമായി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് പലരും അതിന് തയാറാവാത്തത്. വീട് വിട്ട് യാത്ര പോകുമ്പോള്‍ കുറച്ച് ദിവസത്തേക്ക് നായകളെ സംരക്ഷിക്കല്‍ ഒരു തൊഴിലായി സ്വീകരിച്ചവര്‍ നഗരങ്ങളിലൊക്കെയുണ്ട്. ഇവരുടെ സേവനം വിപുലമാക്കണം. ആഘോഷങ്ങളെത്തുടര്‍ന്നും മറ്റും അധികം വരുന്ന ഭക്ഷണം മലിനമാകാതെ ശേഖരിച്ച് ആവശ്യക്കാരായ മനുഷ്യര്‍ക്കോ നായകള്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ നല്‍കുന്നതിന് സ്ഥിരം സംവിധാനവും ടോള്‍ ഫ്രീ നമ്പറുമൊക്കെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജനകീയമായി നടപ്പിലാക്കാനാവും. മത്സ്യമാര്‍ക്കറ്റുകള്‍, അറവു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള നിയമപരമായ ബാദ്ധ്യത തദ്ദേശ ഭരണസ്ഥാപനങ്ങള്‍ കണിശമായി നടപ്പിലാക്കണം. അതായത് ആയിരകണക്കിന് വര്‍ഷങ്ങളായി മനുഷ്യരോടിടപഴകി ജീവിച്ച ഈ പാവം ജീവികള്‍ക്ക് അല്പം സ്‌നേഹം നല്‍കാന്‍ നാം തയാറായാല്‍ അത് വഴി നാം സംസ്‌കാരസമ്പന്നരാകുകയാണ് ചെയ്യുക. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള, ഇരുകൂട്ടര്‍ക്കും ഗുണകരമായ, സമാധാനപരമായ സഹവര്‍ത്തിത്തം സാദ്ധ്യമായിത്തീരുകയും ചെയ്യും.


Summary: NV Balakrishnan's analysis of the stray dog issue in Kerala, as well as his proposed potential solutions.


എൻ. വി. ബാലകൃഷ്ണൻ

എഴുത്തുകാരൻ. 'മതം ലൈംഗികത മൂലധനം പരിസ്ഥിതി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments