ആലപ്പുഴ ബൈപാസ്​. 6.8 കിലോമീറ്റർ നീളമുള്ള ബൈപാസ് ബീച്ചിനുമുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യത്തെ മേൽപ്പാലമാണ്​

ഉറപ്പില്ല, നിലനിൽപ്പ്

‘കുടിവെള്ളം വേണാ അതോ മലമുകളിൽ പറന്നു ചെന്നിറങ്ങണോ' എന്ന തരം ചോദ്യങ്ങളാണ് നമുക്കു മുമ്പിലുള്ളത്. ആ തിരഞ്ഞെടുപ്പാണ് ഇനി ഏറ്റവും വിവേകപൂർവം ചെയ്യേണ്ടത്.

തിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ഭരണത്തുടർച്ച ഉറപ്പാക്കിയ ഇടതുജനാധിപത്യമുന്നണി, പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാം സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.
ഇടതു-വലതു മുന്നണികളെ മാറിമാറി അധികാരത്തിലേറ്റാറുള്ള കേരളത്തിലെ ജനങ്ങൾ ഇക്കുറി ഇടതുപക്ഷത്തിന് വീണ്ടും അവസരം നൽകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയ മുന്നണിയാണ് ഇടതുപക്ഷം എന്നും, കാര്യക്ഷമതയുള്ള ക്യാപ്റ്റനാണ് പിണറായി വിജയനെന്നുള്ള പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ മുന്നണി വിജയിച്ചുവെന്നുതന്നെയാണ് ജനവിധി സൂചിപ്പിക്കുന്നത്.

കോവിഡിന്റെ രണ്ടാം തരംഗം അനുദിനം ശക്തിപ്പെടുന്നതിനിടയിലാണ് പുതിയ സർക്കാർ വീണ്ടും ഭരണം കയ്യാളുന്നത്. ഈ ഘട്ടത്തിൽ ഗൗരവമായി ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പിനെപ്പറ്റി തന്നെയാണ്. പക്ഷേ, ചൂണ്ടുവിരലിൽ മഷി പുരളുന്നതോടെ അവസാനിക്കുന്ന തെരഞ്ഞെടുപ്പല്ല. നമ്മുടെ ജീവനെയും ജീവിതത്തെയും ബാധിക്കുന്ന അത്യധികം പ്രാധാന്യമുള്ള ചില തെരഞ്ഞെടുപ്പുകൾ. ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ടായും നടത്തേണ്ട ചില തെരഞ്ഞെടുപ്പുകൾ.

2020ലെ ലോക്ക്ഡൗൺ കാലത്ത് തിരക്കൊഴിഞ്ഞ പാത. പൊൻകുന്നം പട്ടണത്തിലെ കെ.കെ റോഡാണ് ചിത്രത്തിൽ.

ദുരന്തങ്ങൾ; മറന്നതും മറന്നതായി നടിക്കുന്നതും

അഞ്ചുവർഷം പിറകിൽനിന്ന് ഓർമിച്ചു തുടങ്ങാം. ഒരിക്കലും മറക്കരുതാത്ത പല കാര്യങ്ങളും പെട്ടെന്ന് മറക്കുകയോ അതല്ലെങ്കിൽ മറന്നതായി നടിക്കുകയോ ചെയ്യുന്ന സ്വഭാവം നമ്മൾ ആർജ്ജിച്ചിട്ടുണ്ട് എന്നതു കൊണ്ടാണ് പിറകോട്ട് പോകേണ്ടിവരുന്നത്.

2016 ഏപ്രിൽ. പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സമയം. നമ്മുടെ ഹരിതസുന്ദരകേരളം അപ്പോൾ ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ചയിലൂടെ കടന്നുപോവുകയായിരുന്നു. അങ്ങകലെ തെക്കൻ അമേരിക്കയുടെ തീരത്ത് പസഫിക് സമുദ്രത്തിൽ എൽനിനോ ഉഷ്ണജലപ്രവാഹം രൂപപ്പെട്ടിരുന്നു. അതിന്റെ പ്രഭാവത്തിൽ നമ്മുടെ രാജ്യത്തും വരൾച്ച താങ്ങാനാവാത്തവിധം തീവ്രമായി. വീശിയടിച്ച തീക്കാറ്റിൽ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ആയിരക്കണക്കിനു മനുഷ്യർ മരിച്ചു. ജീവിക്കാൻ കഷ്ടപ്പെടുന്ന കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു അവരിലേറെയും.

കേരളവും ചരിത്രത്തിലാദ്യമായി ഉഷ്ണതരംഗത്തിന്റെ പിടിയിൽപ്പെട്ടു. കണ്ണൂരും കോഴിക്കോടും പാലക്കാടുമൊക്കെ കൊടുംചൂടിൽ തിളച്ചു. പലയിടങ്ങളിൽ നിന്നും സൂര്യാഘാതത്തിന്റെയും മരണങ്ങളുടെയും വാർത്തകൾ വന്നു. കന്നുകാലികൾ ചത്തുവീണു. നീരുറവകൾ പറ്റെ വറ്റി. ഭൂഗർഭജലം ആഴങ്ങളിലേയ്ക്ക് ഉൾവലിഞ്ഞു. കുടിവെള്ളം മുട്ടി. വിള കരിഞ്ഞു. കർഷകരുടെ നെഞ്ചകം പുകഞ്ഞു. ഉഷ്ണം കനത്ത കാടുകളിൽ നിന്ന് വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി.

മഴ തിമർത്തുപെയ്യേണ്ട തുലാവർഷക്കാലത്ത് 14 ജില്ലകളും വരൾച്ചാബാധിതമായി പ്രഖ്യാപിക്കപ്പെട്ടു. അതും ചരിത്രസംഭവമായിരുന്നു. കേരളപ്പിറവിയുടെ അറുപതാം വാർഷികത്തിന്റെ തലേന്ന്, 2016 ഒക്ടോബർ 31 നാണ് മുഖ്യമന്ത്രി ആ കടും പ്രഖ്യാപനം നടത്തിയത്.

നൂറുവർഷത്തിനിടയിൽ നേരിടുന്ന ഏറ്റവും വലിയ വരൾച്ചയായിട്ടുപോലും
ഇവിടത്തെ രാഷ്ട്രീയമുന്നണികൾ അതേപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. "വേണം നമുക്കൊരു പുതുകേരളം', "ദൈവത്തിന്റെ സ്വന്തം നാടിനെ വീണ്ടെടുക്കണം' എന്നൊക്കെയുള്ള കിടിലൻ തലക്കെട്ടുകളോടെ തനിപഴഞ്ചൻ മട്ടിലുള്ള പ്രകടനപത്രികൾ തന്നെ വേദിയിൽ അണിനിരന്ന ആൺനേതാക്കൾ ഉയർത്തിക്കാട്ടി.

"വികസനം അതിവേഗം ബഹുദൂരം' എന്നു വാഗ്ദാനം ചെയ്യുന്ന പത്രികകളായിരുന്നു മൂന്നു മുന്നണികളുടെയും. വൻകിട പദ്ധതികൾക്കും പ്രത്യേക സാമ്പത്തികമേഖലകൾക്കും ഐ.ടി. പാർക്കുകൾക്കുമൊക്കെയായിരുന്നു പ്രാമുഖ്യം. അതോടൊപ്പം എല്ലാവർക്കും പാർപ്പിടം, ഭക്ഷണം, കുടിവെള്ളം, തൊഴിൽ, ക്ഷേമ പെൻഷനുകൾ അങ്ങനെയങ്ങനെ പതിവിൻപടി ഉറപ്പുകളും. മെഗാവികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷിക്കുമെന്ന് ആവർത്തിക്കുന്ന ആചാരവും മുന്നണികൾ മുടക്കിയില്ല.

അത്തവണ ഇടതിന്റെ ഊഴമായിരുന്നു. "എല്ലാം നേരെയാകും' (എന്ത് എല്ലാം?)
എന്ന വാഗ്ദാനവുമായി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നു. പക്ഷേ, ആ വാഗ്ദാനത്തെപ്പറ്റി കടലിനും കാറ്റിനും മേഘങ്ങൾക്കും മഴയ്ക്കും അറിയില്ലായിരുന്നു. കാലവർഷം പേരിനുമാത്രം പെയ്തു. തുലാമഴ തിരിഞ്ഞുനോക്കിയില്ല. അങ്ങനെ ഇടിമിന്നലോടെ മഴ തിമർത്തുപെയ്യേണ്ട തുലാവർഷക്കാലത്ത് 14 ജില്ലകളും വരൾച്ചാബാധിതമായി പ്രഖ്യാപിക്കപ്പെട്ടു. അതും ചരിത്രസംഭവമായിരുന്നു. കേരളപ്പിറവിയുടെ അറുപതാം വാർഷികത്തിന്റെ തലേന്ന്, 2016 ഒക്ടോബർ 31 നാണ് മുഖ്യമന്ത്രി ആ കടുംപ്രഖ്യാപനം നടത്തിയത്. ഒരു വർഷം നീളുന്ന ആഘോഷങ്ങൾ തുടങ്ങുന്നതിന്റെ തലേന്ന്.
തുടർന്നു വന്നതും ദുരന്തവർഷങ്ങളായിരുന്നു. ഭീകര വരൾച്ചയുടെ തുടർച്ചയിൽ തുടങ്ങിയ 2017 ന്റെ പകുതിയിൽ വൈറസ് പരത്തുന്ന നിപ പനിയും വർഷാവസാനം തീവ്രത വളരെ കൂടിയ ഓഖി ചുഴലിക്കൊടുങ്കാറ്റും വന്നു. നൂറ്റിനാൽപ്പതിലേറെ മത്സ്യത്തൊഴിലാളികൾ മരിച്ചു.

പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾ / Photo: deshabhimani

പ്രളയം, വരൾച്ച, കോവിഡ്​

പെരുമഴപ്പെയ്ത്തിന്റെ വർഷമായിരുന്നു 2018. ഇടവപ്പാതി മുതൽ രണ്ടുമാസം കനത്ത മഴ പെയ്തു. അണക്കെട്ടുകൾ നിറഞ്ഞു, പലതും ഒന്നിച്ചു തുറന്നു. "നൂറ്റാണ്ടിലെ മഹാപ്രളയം' വന്നു. പശ്ചിമഘട്ട മലനിരകളിൽ 5000 ഓളം ഇടങ്ങളിൽ വലുതും ചെറുതുമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ജീവനുവേണ്ടിയുള്ള ആർത്തനാദങ്ങളിൽ മലനാടും ഇടനാടും തീരപ്രദേശവും മുങ്ങി. അഞ്ഞൂറോളം ആളുകൾ മരിച്ചു. അമ്പതുലക്ഷത്തോളം പേർ ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടി. മറ്റാരെക്കാളും മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ രക്ഷകരായി മാറിയ ദുരന്തം.

കേരള സമൂഹത്തിന്റെ കൂട്ടായ ഓർമയിലെ ആ വലിയ വെള്ളപ്പൊക്കം കഴിഞ്ഞയുടൻ സംസ്ഥാനം അസാധാരണമായ വരൾച്ചയിലേക്കാണ് വീണത്. പഴയ വഴികൾ കണ്ടെത്തി മദിച്ചൊഴുകിയ നദികളൊക്കെ വളരെ പെട്ടെന്ന് മെലിഞ്ഞുണങ്ങി. കിണറുകളിൽ വെള്ളം അടിവരെ താഴ്ന്നു. വരൾച്ചയിൽ തുടങ്ങുകയും കാട്ടുതീയിൽ എരിയുകയും ചെയ്ത 2019 ലെ ആഗസ്റ്റിലുമുണ്ടായി വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും മരണങ്ങളും.

ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതം കുറയ്ക്കാനും അടുത്ത അഞ്ചുവർഷവും അതിനുശേഷവും എന്തൊക്കെയാണ് നമ്മൾ ചെയ്യാൻ പോകുന്നത് എന്നതായിരുന്നു ഏറ്റവും വലിയ ചർച്ചാ വിഷയമാകേണ്ടിയിരുന്നത്. എന്നാൽ...

കഴിഞ്ഞ വർഷം തുടങ്ങിയതുതന്നെ കോവിഡോടെയാണ്. ഒരു വിത്തു പോലെ ചേതനമോ അചേതനമോ എന്ന് കൃത്യമായി പറയാൻ പറ്റാത്ത, ഒരു കോശം പോലും മുഴുവനായി ഇല്ലാത്ത, മറ്റു ജീവകോശങ്ങളിൽ കയറിപ്പറ്റി അനുയോജ്യ സാഹചര്യങ്ങളിൽ മാത്രം പെരുകാൻ കഴിയുന്ന അതിസൂക്ഷ്മമായ ഒരു രാസക്കൂട് എന്ന് വിശേഷിപ്പിക്കാവുന്ന വൈറസ് എന്ന അസ്തിത്വം ആഗോളവൽകൃതവും വിവരസാങ്കേതികവിദ്യകളിൽ ബഹുദൂരം പുരോഗമിച്ചുവെന്ന് അഹന്ത പുലർത്തുകയും ചെയ്യുന്ന മനുഷ്യലോകത്തെ ദിവസങ്ങൾക്കുള്ളിൽ തകർത്തു. സകല മേഖലകളും സ്തംഭിച്ചു. മനുഷ്യർ വീട്ടുകൾക്കുള്ളിൽ തടവിലായി. പകർച്ചവ്യാധിയുടെ മൂർധന്യത്തിൽ പുറത്തിറങ്ങി പണിചെയ്യാനാവാതെ ദരിദ്രരും സാധാരണക്കാരും വലഞ്ഞു. വലിയൊരു വിഭാഗത്തിന്റെ ഭക്ഷ്യസുരക്ഷിതത്വം സർക്കാർ നൽകിയ കിറ്റുകളിലൊതുങ്ങി.

മഴക്കാലമായപ്പോൾ ചുഴലിക്കൊടുങ്കാറ്റും കടലാക്രമണവും. പകർച്ചവ്യാധി വല്ലാതെ പടർന്ന എറണാകുളത്തെ ചെല്ലാനം പോലുള്ള തീരദേശഗ്രാമങ്ങളിലെ വീടുകളിലേക്ക് കടൽ ഇരച്ചുകയറി വരുന്ന ദൃശ്യങ്ങൾ ഭയാനകമായിരുന്നു.
വൻമലകളിടിഞ്ഞ് കുത്തിയൊഴുകിയെത്തുന്ന കലക്കവെള്ളപ്പാച്ചിലിൽ മനുഷ്യരും മരങ്ങളും മൃഗങ്ങളും മറഞ്ഞുപോകുന്ന ദൃശ്യങ്ങൾ പോലെത്തന്നെ. കഴിഞ്ഞ വർഷവുമുണ്ടായി വലിയ മണ്ണിടിച്ചിൽ. റിസോർട്ടുകൾ കൊണ്ട് ശ്വാസം മുട്ടുന്ന മൂന്നാറിനു സമീപമുള്ള പെട്ടിമുടിയിൽ. പാവപ്പെട്ട തേയിലത്തൊഴിലാളികളായിരുന്നു മണ്ണിനടിയിലായവരിലേറെയും.

2020 ൽ മൂന്നാറിനു സമീപമുള്ള പെട്ടിമുടിയിൽ മണ്ണിടിച്ചലുണ്ടായപ്പോൾ

എത്രയെത്ര മരണങ്ങൾ, എത്രയെത്ര ദുരിതങ്ങൾ. കണക്കാക്കാൻ കഴിയുന്നതും അല്ലാത്തതുമായ. എത്രയെത്ര നഷ്ടങ്ങൾ. എത്രയെത്ര തകർച്ചകൾ. ഓരോ ദുരന്തവും മറ്റനേകം ദുരന്തങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വെള്ളത്തിൽ കല്ലിട്ടാലുണ്ടാകുന്ന അലകൾ പോലെ. ചെറുതിൽ നിന്ന് വലുതായി വലുതായി വരുന്ന അലകൾ. തുടക്കത്തിലെ ദുരന്തം മാത്രമേ പലപ്പോഴും പൊതുസമൂഹം അറിയാറുള്ളൂ. അതും ഇല്ലാതായിപ്പോകുന്ന മനുഷ്യ ജീവനുകളുടെ കണക്കു മാത്രം.

മറ്റൊരു തെരഞ്ഞെടുപ്പ്​

ദുരന്തങ്ങളുടെ പഞ്ചവത്സരത്തിനുശേഷം കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പു വന്നത്. സ്വാഭാവികമായും മുഖ്യതിരഞ്ഞെടുപ്പു വിഷയമാകേണ്ടിയിരുന്നത് അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ദുരന്തങ്ങൾ തന്നെയാണ്. സാധാരണക്കാരുടെ ജീവിതം ദുരിതമയമാക്കുകയും ദരിദ്ര ജനവിഭാഗങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുകയും ചെയ്യുന്ന ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതം കുറയ്ക്കാനും അടുത്ത അഞ്ചുവർഷവും അതിനുശേഷവും എന്തൊക്കെയാണ് നമ്മൾ ചെയ്യാൻ പോകുന്നത് എന്നതായിരുന്നു ഏറ്റവും വലിയ ചർച്ചാ വിഷയമാകേണ്ടിയിരുന്നത്. മാനിഫെസ്റ്റോകളിൽ മുൻഗണന ലഭിക്കേണ്ടിയിരുന്നതും ഇതിനു തന്നെയാണ്.

ഉറപ്പുകളുടെ പരസ്യപ്രളയത്തിൽ കേരളം മുങ്ങി. ജീവന് ആർത്തുകരഞ്ഞ പഴയ പ്രളയം പൊതുജനം മറന്നു. മാധ്യമങ്ങൾ സൃഷ്ടിച്ച താരങ്ങളെക്കണ്ട് രാവു മറന്നു. വാഗ്ദാനപ്പെരുമഴയിൽ വരൾച്ച മറന്നു. നേതാക്കളുടെ ചിരികളിൽ മൃതിയെ മറന്നു. സകലമാന ഉറപ്പുകളും ചോദ്യങ്ങളില്ലാതെ കയ്യടിച്ചു സ്വീകരിച്ചു.

എന്നാൽ, അങ്ങേയറ്റം നിർഭാഗ്യകരമെന്നു പറയട്ടെ, അതുണ്ടായില്ല. ഒന്നും സംഭവിക്കാത്ത മട്ടിൽ പ്രചാരണവും വോട്ടിങ്ങും നടന്നു. പഴയ അതേ അതിവേഗ വികസനസങ്കൽപ്പങ്ങൾ, അതേ വാഗ്ദാനങ്ങൾ, ഭീമൻ പദ്ധതികൾ. ആരോഗ്യം, ആഹാരം, തൊഴിൽ, ക്ഷേമം, വികസനം അങ്ങനെയങ്ങനെ. ഉറപ്പുകളുടെ പരസ്യപ്രളയത്തിൽ കേരളം മുങ്ങി. ജീവന് ആർത്തുകരഞ്ഞ പഴയ പ്രളയം പൊതുജനം മറന്നു. മാധ്യമങ്ങൾ സൃഷ്ടിച്ച താരങ്ങളെക്കണ്ട് രാവു മറന്നു. വാഗ്ദാനപ്പെരുമഴയിൽ വരൾച്ച മറന്നു. നേതാക്കളുടെ ചിരികളിൽ മൃതിയെ മറന്നു. സകലമാന ഉറപ്പുകളും ചോദ്യങ്ങളില്ലാതെ കയ്യടിച്ചു സ്വീകരിച്ചു.

ദുരിതാശ്വാസമല്ല ദുരന്ത നിവാരണം

സത്യത്തിൽ ഇപ്പോൾ ഉറപ്പിച്ചുപറയാവുന്ന ഒറ്റക്കാര്യമേയുള്ളു. ഒന്നും പഴയതു പോലെയല്ല. കേരളവും പഴയ കേരളമല്ല. ഉയരുന്ന അറബിക്കടലിനും ഇടിയുന്ന പശ്ചിമഘട്ടത്തിനുമിടയിൽ കുടുങ്ങിക്കിടക്കുന്ന ഭൂമിമലയാളത്തിന്റെയും അവിടെ അധിവസിക്കുന്ന മുന്നൂറ്റിമുപ്പത് ലക്ഷം മനുഷ്യരുടെയും നിലനിൽപിന്റെ കാര്യത്തിൽ ഒരു ഉറപ്പുമില്ല. കടലിന്റെ സ്വഭാവം മാറുന്നു, കാറ്റിന്റെ ഗതി മാറുന്നു, മേഘങ്ങളുടെ വിന്യാസം മാറുന്നു, ഭൂമിയും അന്തരീക്ഷവും തമ്മിലുള്ള ഊർജ്ജവിനിമയം മാറുന്നു. ഇടവപ്പാതിയിൽ മഴവരാം, വരാതിരിക്കാം, തിരിമുറിയാതെ പെയ്യാം, പെയ്യാതിരിക്കാം. പല ദിവസങ്ങളിൽ പെയ്യേണ്ടത് നാലഞ്ചു ദിവസങ്ങളിൽ ഒന്നിച്ചുപെയ്‌തൊഴിഞ്ഞെന്നുവരാം.

ഓഖി കൊടുങ്കാറ്റിനെതുടർന്നുണ്ടായ കടൽക്ഷോഭം

കർക്കിടകം കറുക്കുകയോ കറുക്കാതിരിക്കുകയോ ചെയ്യാം. ചിങ്ങം ചിലപ്പോൾ പ്രളയത്തിൽ മുങ്ങിപ്പോയെന്നു വരാം. തുലാമാസത്തിൽ വരൾച്ചയും ധനു മാസത്തിൽ മിന്നൽമഴയുമുണ്ടാകാം. മഞ്ഞും കുളിരുമില്ലാതെ മകരം കൊടും ചൂടിലുരുകാം. എന്തും എപ്പോഴും സംഭവിക്കാം.

പ്രകൃതിദുരന്തങ്ങളും മനുഷ്യനിർമിതദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രമായ പ്രത്യാഘാതങ്ങളും പകർച്ചവ്യാധികളും എല്ലാം കൂടിക്കുഴഞ്ഞ് സങ്കീർണമായിട്ടുണ്ട് കാര്യങ്ങൾ. ഓരോ ദുരന്തവും ഒരു സുപ്രഭാതത്തിൽ നിഷ്‌കളങ്കരായ നമ്മുടെ തലയിൽ പൊട്ടിവീണതാണെന്ന മട്ടിലാണ് ദുരന്തസമയത്തും അതിനുശേഷവും നമ്മൾ പെരുമാറുന്നത്. 2018ൽ പ്രളയമുണ്ടായപ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും സമൂഹത്തിലെ സകലമാന ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ, സഹായത്തോടെയും ഒട്ടൊക്കെ കാര്യക്ഷമമായി നടത്താൻ പിണറായി സർക്കാരിനു കഴിഞ്ഞുവെന്നത് നേരുതന്നെയാണ്. നഷ്ടപരിഹാരങ്ങളും ഭക്ഷണക്കിറ്റുകളും ക്ഷേമ പെൻഷനുകളുമൊക്കെ പ്രധാനപ്പെട്ടതു തന്നെയാണ്. പക്ഷേ, അതല്ല ദുരന്തനിവാരണം.

അടിസ്ഥാനപരമായ ഈ കാര്യംപോലും അംഗീകരിക്കാൻ ഇനിയും കേരളം തയ്യാറായിട്ടില്ല. ദുരന്തം വന്നതിനുശേഷം ചെയ്യുന്ന കാര്യങ്ങളാണല്ലോ ദുരിതാശ്വാസപ്രവർത്തനം. അതേസമയം, ദുരന്തം വരാതിരിക്കാനും വരികയാണെങ്കിൽ അതിന്റെ ആഘാതം പരമാവധി കുറയ്ക്കാനുമുള്ള പദ്ധതികൾ സമഗ്രമായ കാഴ്ചപ്പാടോടെയും ദീർഘവീക്ഷണത്തോടെയും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത് വേണ്ടവിധം സജ്ജരായിരിക്കുന്നതാണ് ദുരന്തനിവാരണം. കേരളം ഒറ്റക്കെട്ടായി ദുരന്തങ്ങളെ ചെറുത്തുതോൽപ്പിക്കും എന്നൊക്കെയുള്ള വീരവാദങ്ങൾ കേൾക്കാൻ സുഖമുള്ളതാണെങ്കിലും നടക്കാത്ത കാര്യമാണ്.

കേരളത്തിന്റെ മൊത്തം വാർഷിക മഴയിൽ 70 ശതമാനം പ്രദാനം ചെയ്യുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ 1901-1980 കാലത്ത് 10 ശതമാനമെങ്കിലും കുറവു വന്നതായി വ്യക്തമാക്കുന്ന പഠനങ്ങളും എൺപതുകളുടെ അവസാനം പുറത്തിറങ്ങിയിരുന്നു.

മറന്നുപോയ മുന്നറിയിപ്പുകൾ

ഒന്നോർത്തു നോക്കൂ, കേരളത്തിന്റെ സൂക്ഷ്മമായ കാലാവസ്ഥയിൽ മാറ്റം വന്നുതുടങ്ങിയിട്ട് എത്ര കാലമായി? പ്രതിവർഷം ശരാശരി 3000 മില്ലീമീറ്റർ മഴ ലഭിക്കുന്ന ജലസമൃദ്ധമായ കേരളം എന്തുകൊണ്ട് വരൾച്ചയിലേക്കു വീഴുന്നുവെന്നതിനെപ്പറ്റി നാല് തീവ്ര വരൾച്ചാവർഷങ്ങളുണ്ടായ എൺപതുകളിൽ തന്നെ ഗൗരവമായ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ മൊത്തം വാർഷിക മഴയിൽ 70 ശതമാനം പ്രദാനം ചെയ്യുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ 1901-1980 കാലത്ത് 10 ശതമാനമെങ്കിലും കുറവു വന്നതായി വ്യക്തമാക്കുന്ന പഠനങ്ങളും എൺപതുകളുടെ അവസാനം പുറത്തിറങ്ങിയിരുന്നു.

തുടർന്നുവന്ന ദശകത്തിന്റെ പകുതിയായപ്പോഴേയ്ക്കും വയനാട് പോലുള്ള ജലസമൃദ്ധമായിരുന്ന പശ്ചിമഘട്ട ജില്ലകളിൽ നിന്ന് മരുവൽക്കരണത്തിന്റെ പേടിപ്പിക്കുന്ന വാർത്തകൾ വരാൻ തുടങ്ങിയിരുന്നു. അതുപോലെ, കൊല്ലം മുഴുവൻ മണ്ണിനെ ഈർപ്പുള്ളതാക്കിയിരുന്ന വെള്ളപ്പട്ടുനൂൽ പോലുള്ള നാൽപതാംനമ്പർ മഴയും നട്ടുച്ചയ്ക്കു പോലും കട്ടിപ്പുതപ്പു പോലെ മലനിരകളെ ആവരണം ചെയ്തിരുന്ന കോടമഞ്ഞും മറഞ്ഞുപോയതിനെപ്പറ്റി ഇടുക്കിക്കാർ പറയാൻ തുടങ്ങിയിട്ട് ഇരുപതുവർഷമെങ്കിലുമായി. തീരക്കടലിൽ നിന്ന് പഴയതു പോലെ മീൻ കിട്ടാതെ വലിയ തോതിൽ എണ്ണ കത്തിച്ച് കിലോമീറ്ററുകളോളം ഉൾക്കടലിലേക്കു പോയാലും വലയിൽ മീനില്ലാതെ മടങ്ങി വറുതിയുടെ ചുഴികളിൽപ്പെട്ടു മത്സ്യത്തൊഴിലാളികൾ നട്ടംതിരിയാൻ തുടങ്ങിയതും ഇന്നോ ഇന്നലെയോ അല്ല.

ഏതു പ്രദേശമായാലും ശരി, അവിടെ ഭൂവിനിയോഗത്തിലും സസ്യാവരണങ്ങളിലും ഭൂപ്രകൃതിയിലും മണ്ണിന്റെ ഘടനയിലുമൊക്കെയുണ്ടാകുന്ന മാറ്റങ്ങൾ ആ പ്രദേശത്തിന്റെ സൂക്ഷ്മമായ കാലാവസ്ഥയെ വലിയ തോതിൽ ബാധിക്കും. / Photo: Werner Schellmann, Wikimedia Commons

പക്ഷേ, സാധാരണക്കാരുടെ അറിവുകളെയും അനുഭവങ്ങളെയും നമ്മൾ ഗൗരവമായി എടുത്തില്ല. ഈ മാറ്റത്തിൽ നമ്മുടെ പങ്ക് എന്ത് എന്ന് ചിന്തിക്കാനോ തെറ്റ് തിരുത്താനോ ഒരു സമൂഹമെന്ന നിലയിൽ നമ്മൾ തയ്യാറായില്ല. മാത്രമല്ല, പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരുടെയും ശാസ്ത്രജ്ഞരുടെയും മുന്നറിയിപ്പുകൾ നമ്മൾ അവഗണിക്കുകയും ചെയ്തു. പശ്ചിമഘട്ടത്തിന്റെ നാശം, വനഭൂമിയിലെ കയ്യേറ്റങ്ങൾ, അതിവേഗത്തിലുളളതും അശാസ്ത്രീയവുമായ നഗരവത്കരണം, വ്യാപകമായ പാറപൊട്ടിക്കൽ, വിനാശകരമായ വിനോദസഞ്ചാരം, മലകൾക്കു താങ്ങാനാവാത്തവിധം കൂണുപോലെ മുളച്ചുപൊന്തുന്ന റിസോർട്ടുകൾ, ഇടനാടൻ ചെങ്കൽ കുന്നുകൾ ഇടിക്കുന്നത്, പുഴയോര നിർമാണങ്ങൾ, അടിത്തട്ടുവരെയുള്ള മണലൂറ്റൽ, കായലുകളും നെൽവയലുകളും നികത്തുന്നത്, കടലും തീരവും തമ്മിലുള്ള ബന്ധം ശിഥിലമാക്കുന്ന വൻനിർമാണങ്ങൾ, കടലോര ഖനനം, കണ്ടൽക്കാടുകളുടെ നാശം ഇതൊക്കെ തുടർന്നുകൊണ്ടേയിരിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കുമെന്നു പറഞ്ഞവർ വികസനവിരുദ്ധരും പരിസ്ഥിതി തീവ്രവാദികളുമായി മാവോയിസ്റ്റുകളുമായി മുദ്രകുത്തപ്പെട്ടു.

സംസ്ഥാനത്തിന്റെ കാലാവസ്ഥ മാറുന്നതിൽ നമുക്കുള്ള പങ്കിനെപ്പറ്റി ചർച്ച ചെയ്യാൻ നമ്മൾ വൈമുഖ്യം കാണിച്ചു. ഇപ്പോൾ എല്ലാം സമ്പന്ന രാഷ്ടങ്ങൾക്ക് കൂടുതൽ പങ്കുള്ള ആഗോളതാപനത്തിന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാനുള്ള വ്യഗ്രത കാണുന്നുണ്ട്. ആ പ്രവണത ശരിയല്ല. ഏതു പ്രദേശമായാലും ശരി, അവിടെ ഭൂവിനിയോഗത്തിലും സസ്യാവരണങ്ങളിലും ഭൂപ്രകൃതിയിലും മണ്ണിന്റെ ഘടനയിലുമൊക്കെയുണ്ടാകുന്ന മാറ്റങ്ങൾ ആ പ്രദേശത്തിന്റെ സൂക്ഷ്മമായ കാലാവസ്ഥയെ വലിയ തോതിൽ ബാധിക്കും. മാത്രമല്ല, ഇത്തരം മാറ്റങ്ങൾ ആഗോളതാപനം വർധിപ്പിക്കുന്നതിനും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതം രൂക്ഷമാക്കുന്നതിനും ഇടവയ്ക്കുകയും ചെയ്യും.

കാലാവസ്ഥാദുരന്തങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. കഴിഞ്ഞ അഞ്ചുവർഷം ഉണ്ടായതുപോലുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും. ആവർത്തിക്കുക മാത്രമല്ല, അവയുടെ വ്യാപ്തിയും തീവ്രതയും വർധിക്കാനാണ് പോകുന്നത്.

തിരിച്ചും അങ്ങനെത്തന്നെയാണ്. ആഗോളതാപനം കൊണ്ടുണ്ടാകുന്ന കാലാവസ്ഥാദുരന്തങ്ങൾ പ്രകൃതിയുടെയും ആവാസവ്യവസ്ഥകളുടെയും ജൈവവൈവിദ്ധ്യത്തിന്റെയും വലിയ തോതിലുള്ള തകർച്ചക്ക് വഴിവയ്ക്കും. ഇതൊരു ദൂഷിത വലയമാണ്. വലിയ അപകടത്തിന് വഴിവെയ്ക്കുന്നത്. ജൈവവൈവിധ്യത്തിന്റെയും ആവാസ വ്യവസ്ഥകളുടെയും തകർച്ചയാണ് പല പകർച്ചവ്യാധികൾക്കും വഴിവെക്കുന്നത് എന്ന് കഴിഞ്ഞ വർഷവും മുമ്പും ഇറങ്ങിയ നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ, അതിനെപ്പറ്റി ആലോചിക്കാതെ വൈറസ് വാഹകരായി മുദ്ര കുത്തപ്പെടുന്ന നിരുപദ്രവികളായ പാവം വവ്വാലുകളെ കെണിവച്ചു പിടിച്ചു കൊല്ലാൻ നമ്മൾ ഓടി നടക്കും.

വരാനിരിക്കുന്ന വൻ ദുരന്തങ്ങൾ

കാലാവസ്ഥാദുരന്തങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. കഴിഞ്ഞ അഞ്ചുവർഷം ഉണ്ടായതുപോലുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും. ആവർത്തിക്കുക മാത്രമല്ല, അവയുടെ വ്യാപ്തിയും തീവ്രതയും വർധിക്കാനാണ് പോകുന്നത്.
ആഗോളതാപനത്തെപ്പറ്റിയും കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയും പഠിക്കാൻ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി ഐക്യരാഷ്ട്രസഭ 1988 ൽ രൂപീകരിച്ച ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) ഇതുവരെ അഞ്ചു സമഗ്ര റിപ്പോർട്ടുകളും പത്തിലധികം പ്രത്യേക റിപ്പോർട്ടുകളും പുറത്തിറക്കിയിട്ടുണ്ട്.

ചെറുതോണി അണക്കെട്ട്

മനുഷ്യരുടെ പലതരം പ്രവൃത്തികളുടെ ഫലമായി അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ കട്ടി കൂടുന്നതിനാൽ ഭൂമിയുടെ ഉപരിതലോഷ്മാവ് ഉയരുന്നുവെന്നും അത് കൊടുംവരൾച്ചയ്ക്കും അതിവർഷത്തിനും വലിയ വെള്ളപ്പൊക്കങ്ങൾക്കും കടൽനിരപ്പ് ഉയരുന്നതിനും കടലിലെ പ്രാണവായു കുറയുന്നതിനും കൊടുങ്കാറ്റുകളുടെ എണ്ണവും തീവ്രതയും കൂടുന്നതിനും പുതിയ പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനും കാരണമാകുമെന്നും ഐ.പി.സി.സി. മുന്നറിയിപ്പു നൽകുന്നു. ഇത്തരം ദുരന്തങ്ങൾ വലിയ ഭക്ഷ്യക്ഷാമത്തിനും ജീവഹാനിക്കും കലാപങ്ങൾക്കും ഭരണകൂടങ്ങളുടെ പതനത്തിനും രാഷ്ട്രീയമായ അസ്ഥിരതയ്ക്കും വഴിവയ്ക്കുമെന്ന കാര്യവും ഐ.പി.സി.സി. ആവർത്തിച്ചുപറയുന്നുണ്ട്.

ഭൂമിയുടെ ശരാശരി ഉപരിതലോഷ്മാവ് ഒന്നാം വ്യാവസായിക വിപ്ലവകാലത്തിനു തൊട്ടുമുമ്പുള്ളതിനെക്കാൾ 1.5 ഡിഗ്രി സെന്റിഗ്രേഡ് കൂടിയാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ശാസ്ത്രലോകം മുമ്പുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറച്ചുകൊണ്ടുവരുന്നതിനുവേണ്ടിയുള്ള കരാറാണ് 2015 ൽ പാരീസിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ഉണ്ടാക്കിയത്. ആ ലക്ഷ്യം കൈവരിക്കാൻ കഴിയാത്തപക്ഷം ചൂട് രണ്ടു ഡിഗ്രിക്കു താഴെയെങ്കിലും പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നായിരുന്നു ധാരണ.

യു.എൻ.ഇ.പി പുറത്തിറക്കിയ എമിഷൻ ഗ്യാപ്​ റിപ്പോർട്ടിൽ പറയുന്നത്, ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തിൽ പറയത്തക്ക കുറവൊന്നും വരാത്തതിനാൽ ആഗോളതാപനം കൂടിക്കൊണ്ടേയിരിക്കുകയാണെന്നും ഈ നൂറ്റാണ്ടോടെ മൂന്നു ഡിഗ്രിക്ക് മുകളിൽ പോകുമെന്നുമാണ്.

എന്നാൽ, കാര്യങ്ങൾ അവിടെ നിന്നെല്ലാം മാറി ഗുരുതരമായി എന്ന് പല പുതിയ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. 2016 ൽ ആഗോള താപനം 1.2 ഡിഗ്രി സെന്റിഗ്രേഡായി. അതുവരെ രേഖപ്പെടുത്തിയതിലെ വലിയ ഉയർച്ച. കഴിഞ്ഞ വർഷവും (2020) ചൂട് ഇതേ അളവിൽ ഉയർന്നു. എൽ നിനോ പ്രഭാവമില്ലാതെത്തന്നെ.

കഴിഞ്ഞ വർഷം ഐക്യരാഷ്ടസഭയുടെ പരിസ്ഥിതി ഏജൻസിയായ യു.എൻ.ഇ.പി പുറത്തിറക്കിയ എമിഷൻ ഗ്യാപ്​ റിപ്പോർട്ടിൽ പറയുന്നത്, ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തിൽ പറയത്തക്ക കുറവൊന്നും വരാത്തതിനാൽ ആഗോളതാപനം കൂടിക്കൊണ്ടേയിരിക്കുകയാണെന്നും ഈ നൂറ്റാണ്ടോടെ മൂന്നു ഡിഗ്രിക്ക് മുകളിൽ പോകുമെന്നുമാണ്. കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറങ്ങിയ ഇന്ത്യയുടെ ആദ്യ ദേശീയകാലാവസ്ഥാ വിലയിരുത്തൽ റിപ്പോർട്ടിലും പറയുന്നത് നമ്മുടെ രാജ്യത്ത് അനുഭവപ്പെടുന്ന താപനം 4.4 ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ്. ഇതിന്റെ ഫലമായി വരൾച്ചയുടെ കാഠിന്യവും വ്യാപ്തിയും വർധിക്കും, ഉഷ്ണതരംഗങ്ങളുടെ എണ്ണവും തീവ്രതയും പൂർവാധികം വർധിക്കും, പെരുമഴകളും വെള്ളപ്പൊക്കങ്ങളും ആവർത്തിക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

പ്രധാനപ്പെട്ട ആറ് രാജ്യങ്ങളിലെ ഹരിതഗൃഹവാതക ബഹിർഗമനത്തിൽ 1990നും 2000നും ഇടയിലുണ്ടായ മാറ്റം സൂചിപ്പിക്കുന്ന ഗ്രാഫ്. എമിഷൻ ഗ്യാപ്​ റിപ്പോർട്ടിൽ നിന്ന്.

എന്നാൽ ഇത്തരം മുന്നറിയിപ്പുകൾ പ്രാദേശികതലത്തിലേക്ക് പരാവർത്തനം ചെയ്ത് മനസ്സിലാക്കുന്നതിലും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് നടപടികളെടുക്കാൻ ആവശ്യമായ അടിസ്ഥാനവിവരങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിലും ഹ്രസ്വ -ദീർഘകാല പദ്ധതികൾ രൂപപ്പെടുത്തുന്നതിലും നമ്മൾ വേണ്ടത്ര മുന്നോട്ടു പോയിട്ടില്ല. ഏതൊരു പദ്ധതി ആവിഷ്‌ക്കരിക്കുമ്പോഴും അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തിയാവണം എന്നു പറയുന്ന ദേശീയ - സംസ്ഥാന നയങ്ങളും 2005 ലെ ദുരന്ത നിവാരണ നിയമവും സർക്കാരുകൾ ഗൗരവമായി എടുക്കുന്നില്ല. ജനങ്ങളുടെ കാര്യം പറയാനുമില്ല. സ്വന്തം ജീവിതത്തിലും തങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കാര്യമായ ചിന്തയൊന്നും ഉള്ളതായി തോന്നുന്നില്ല.

തിളയ്​ക്കുന്ന അറബിക്കടൽ

വരാനിരിക്കുന്ന വർഷങ്ങളിൽ കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അറബിക്കടലിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റമായിരിക്കും. മുമ്പ് താരതമ്യേന തണുത്ത് ശാന്തമായിരുന്ന അറബിക്കടൽ ഇപ്പോൾ വളരെ വേഗം ചൂടുപിടിക്കുന്നുണ്ട്. അതുമൂലം കടൽനിരപ്പ് ഉയരുകയും കൊടുങ്കാറ്റുകളുടെ എണ്ണവും തീവ്രതയും കൂടുകയും ചെയ്യുന്നു.

1951നും 2018 നുമിടയിൽ ഒക്ടോബർ - ഡിസംബർ മാസങ്ങളിൽ ഉണ്ടാവുന്ന കൊടുങ്കാറ്റുകളുടെ എണ്ണം അറബിക്കടലിന്റെ കാര്യത്തിൽ 52 ശതമാനം വർധിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ വ്യതിയാന വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു.

ആഗോളതാപനം കൊണ്ട് അധികമായി ഉണ്ടാവുന്ന ചൂടിന്റെ 93 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതിൽത്തന്നെ കാൽഭാഗത്തോളം ഉള്ളിലേക്കെടുക്കുന്നത് ഇന്ത്യൻ മഹാസമുദ്രമാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗമാണ് അറബിക്കടലും ബംഗാൾ ഉൾക്കടലും.
ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ വിലയിരുത്തൽ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സമുദ്രത്തിന്റെ നിരപ്പ് 1901 നും 2004 നുമിടക്ക് ഓരോ വർഷവും 1.06 - 1.75 മില്ലിമീറ്റർ ഉയർന്നിട്ടുണ്ട്. 2004 മുതൽ വർഷന്തോറും 3.3 മില്ലിമീറ്റർ എന്ന നിരക്കിലാണ് ഉയരുന്നത്. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുപാളികൾ വലിയ തോതിൽ ഉരുകുന്നതുമൂലം കടലിലേക്ക് കൂടുതൽ ജലം വന്നെത്തുന്നതുകൊണ്ടുണ്ടാവുന്ന ഉയർച്ച ഈ കണക്കിൽ വന്നിട്ടില്ല.

ഇന്ത്യൻ സമുദ്രത്തിന്റെ ചൂട് അതിവേഗം കൂടുന്നതും കരയിലെ ഭൂവിനിയോഗത്തിൽ മാറ്റങ്ങൾ വരുന്നതും കാരണം 1950 മുതൽ മഴ ദുർബലപ്പെടാനും അതേസമയം അതിവർഷം പോലെ തീവ്രത കൂടിയ സംഭവങ്ങൾ ഉണ്ടാകാനും കാരണമായിട്ടുണ്ട്. അറബിക്കടൽ ഉൾപ്പെടുന്ന വടക്കുഭാഗത്ത് ചൂടുകൂടുന്നതിനാൽ തെക്കുപടിഞ്ഞാറൻ മഴക്കാറ്റിന്റെ സ്വഭാവത്തിലും വലിയ വ്യതിയാനം വരുന്നുണ്ട്.
ഇന്ത്യയുടെ കിഴക്കൻ തീരവുമായി താരതമ്യപ്പെടുത്തുമ്പോൾ പടിഞ്ഞാറൻ തീരത്ത് കൊടുങ്കാറ്റുകളുടെ എണ്ണം കുറവായിരുന്നു. അറബിക്കടലിലെ വെള്ളം താരതമ്യേന തണുത്തതായിരുന്നതിനാൽ കടലിൽ രൂപം കൊള്ളുന്ന പകുതിയോളം കൊടുങ്കാറ്റുകൾക്ക് ശക്തിയാർജ്ജിക്കാൻ വേണ്ടത്ര ഊർജ്ജം ലഭിച്ചിരുന്നില്ല. അതിനാൽ അവ കരയിലേക്ക് എത്താറുമുണ്ടായിരുന്നില്ല. നാലോ അഞ്ചോ കൊല്ലം കൂടുമ്പോൾ തീവ്രത വളരെ കൂടിയ ഒരു കൊടുങ്കാറ്റ് എന്നതായിരുന്നു പശ്ചിമതീരത്തിന്റെ സ്വഭാവം. പക്ഷേ, 2014 മുതൽ ഇത് വർഷത്തിലൊന്ന് എന്ന മട്ടിലായിട്ടുണ്ട്. 1951നും 2018 നുമിടയിൽ ഒക്ടോബർ - ഡിസംബർ മാസങ്ങളിൽ ഉണ്ടാവുന്ന കൊടുങ്കാറ്റുകളുടെ എണ്ണം അറബിക്കടലിന്റെ കാര്യത്തിൽ 52 ശതമാനം വർധിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ വ്യതിയാന വിലയിരുത്തൽ റിപ്പോർട്ടിൽ പറയുന്നു.

നാലോ അഞ്ചോ കൊല്ലം കൂടുമ്പോൾ തീവ്രത വളരെ കൂടിയ ഒരു കൊടുങ്കാറ്റ് എന്നതായിരുന്നു പശ്ചിമതീരത്തിന്റെ സ്വഭാവം. പക്ഷേ, 2014 മുതൽ ഇത് വർഷത്തിലൊന്ന് എന്ന മട്ടിലായിട്ടുണ്ട്. / Photo: Save the children, flickr

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 590 കിലോമീറ്റർ നീണ്ടുകിടക്കുന്ന കടൽതീരമാണ് കേരളത്തിന്റേത്. പതിനാല് ജില്ലകളിൽ ഒമ്പതെണ്ണം കടലുമായി മുഖാമുഖം നിൽക്കുന്നവയാണ്. കടലോരത്ത് ജനസാന്ദ്രത വളരെ കൂടുതലാണ്- ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 1111 ആളുകൾ. 220ഓളം കടലോര ഗ്രാമങ്ങളിലായി എട്ടര ലക്ഷത്തോളം മത്സ്യത്തൊഴിലാളികൾ ജീവിക്കുന്നു. കടലിനു വരുന്ന മാറ്റങ്ങൾ അവരുടെ ജീവനെയും ഉപജീവനത്തെയും ബാധിക്കും. ലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളായി മാറും. എന്നാൽ, നമ്മുടെ വികസന ചർച്ചകളിലൊന്നും കടൽ പ്രത്യക്ഷപ്പെടുന്നില്ല. കാര്യങ്ങൾ ഇത്രയും അപകടത്തിലാകുമ്പോഴും 5000 കോടി രൂപയുടെ തീരദേശ പാത നിർമിക്കുന്നതിനെപ്പറ്റിയാണ് സർക്കാർ പറയുന്നത്.

തകരുന്ന പശ്​ചിമഘട്ടം

പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്ന കാര്യം അവഗണിച്ച് ഇനി ഒരടി മുന്നോട്ടുപോകാനാവില്ല. പശ്ചിമഘട്ടം അഥവാ സഹ്യാദ്രി ഹിമാലയത്തെക്കാൾ പ്രാചീനമാണ്. രാജ്യത്തിന്റെ പശ്ചിമതീരത്തിന് സമാന്തരമായി ഗുജറാത്തിന്റെ തെക്കുഭാഗം മുതൽ നാഗർകോവിൽ വരെ 1506 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഈ മലനിരകളാണ് തെക്കുപടിഞ്ഞാറൻ മഴമേഘങ്ങളെ തടഞ്ഞുനിർത്തി മഴ പെയ്യിക്കുന്നത്.

ദക്ഷിണേന്ത്യയുടെ പ്രധാന ജലസ്രോതസാണ് പശ്ചിമഘട്ടം. ഗോദാവരി, കൃഷ്ണ, കാവേരി തുംഗഭദ്ര തുടങ്ങി പല വലിയ നദികളും ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിൽ നിന്നാണ്. കേരളത്തിലെ 44 നദികളിൽ ഒട്ടുമിക്ക നദികളും, പമ്പയും പെരിയാറും ഭാരതപ്പുഴയും ചാലക്കുടിപ്പുഴയും ചാലിയാറുമൊക്കെ, പശ്ചിമഘട്ടത്തിൽ നിന്നു തന്നെയാണ് പിറവിയെടുക്കുന്നത്.

പശ്ചിമഘട്ടം സംരക്ഷിക്കുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വാഗ്ദാനം. എന്നാൽ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രി നടത്തിയ ആദ്യത്തെ പ്രസ്താവന തന്നെ ""അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കും, പരിസ്ഥിതി തീവ്രവാദം വച്ചു വെറുപ്പിക്കില്ല'' എന്നായിരുന്നു.

പശ്ചിമഘട്ടത്തിലെ കാടുകൾ വെറും പച്ചത്തുരുത്തുകളല്ല. ലോകത്തിലെ അവശേഷിക്കുന്ന ആറു ശതമാനം ഉഷ്ണമേഖലാ മഴക്കാടുകളുടെ ഭാഗമാണ്. ഏതുവിധേനയും സംരക്ഷിക്കേണ്ടവ. ഭൂമിയിൽ മറ്റെവിടെയും കാണാത്ത നിരവധി സസ്യ -ജന്തുജാലങ്ങളുടെ ആവാസകേന്ദ്രം. പ്രകൃതിയുടെ മഴവെള്ളസംഭരണികളായ മഴക്കാടുകൾ മഴവെള്ളത്തെ ഭൂമിക്കുള്ളിലേക്ക് കിനിഞ്ഞിറങ്ങാൻ സഹായിക്കുകയും കാട്ടരുവികൾക്കും പുഴകൾക്കും ജന്മം നൽകുകയും ഭൂഗർഭജലത്തെ പരിപോഷിപ്പിക്കുകയും മാത്രമല്ല ചെയ്യുന്നത്. വേനൽക്കാലത്ത് കാടിന്റെ അടിത്തട്ടിൽ നിന്ന് വെള്ളം വലിച്ചെടുത്ത് അന്തരീക്ഷത്തിലേക്ക് നീർക്കണങ്ങളായി തിരിച്ചുവിട്ട് മഴ പെയ്യിക്കുന്നുമുണ്ട്. ജലത്തിന്റെ ഈ പുനഃചംക്രമണം നടക്കുന്നില്ലെങ്കിൽ നദികൾ വറ്റും. വലിയ ഭക്ഷ്യക്ഷാമവും ജലക്ഷാമവുമുണ്ടാവും.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 655.6 കിലോമീറ്റർ നീളമുള്ള തീരദേശ ഹൈവേയാണ് സർക്കാർ നിർമ്മിക്കാനൊരുങ്ങുന്നത്. ഹൈവേയുടെ നിർമാണ പ്രവർത്തനം ആരംഭിച്ചതായി അറിയിച്ചുകൊണ്ട് തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം.

പശ്ചിമഘട്ടത്തിന്റെ മഴയധികം കിട്ടുന്ന പടിഞ്ഞാറുഭാഗത്ത് കിടക്കുന്നതുകൊണ്ടുമാത്രമാണ് ജലസമൃദ്ധമായ ഒരു പ്രദേശമാകാൻ കേരളത്തിന് കഴിഞ്ഞത്. പശ്ചിമഘട്ടമില്ലെങ്കിൽ കേരളമില്ല. ഈ മലനിരകൾ നൽകുന്ന തണുത്ത കാലാവസ്ഥയില്ലെങ്കിൽ തേയിലയും ഏലവും കാപ്പിയും നശിക്കും. സമതലങ്ങളിൽ കൃഷി നടക്കില്ല. ഒന്നോർത്തുനോക്കൂ, പെരിയാർ വറ്റിപ്പോയാൽ, ഏലൂരിലെ വ്യവസായമേഖലക്ക് പ്രവർത്തിക്കാൻ കഴിയുമോ? മൽസ്യമേഖല പോലും നദികൾ കൊണ്ടുവരുന്ന എക്കലിനെയും പോഷകങ്ങളെയും ആശ്രയിച്ചാണ് നിൽക്കുന്നത്.
പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട വലിയ ഒച്ചപ്പാടുകളുണ്ടായ 2013-2015 സമയത്ത് കേരളത്തിൽ പശ്ചിമഘട്ടം സംരക്ഷിക്കാൻ ഇവിടെയുള്ള നിയമമൊക്കെ ധാരാളം മതി എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ പറഞ്ഞത്. എന്നാൽ, 2016 ലെ തിരഞ്ഞെടുപ്പുസമയത്ത് യു.ഡി.എഫ് അതിനെപ്പറ്റി മൗനം പാലിച്ചു. ജനപങ്കാളിത്തത്തോടെ പശ്ചിമഘട്ടം സംരക്ഷിക്കുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വാഗ്ദാനം. എന്നാൽ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രി നടത്തിയ ആദ്യത്തെ പ്രസ്താവന തന്നെ ""അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കും, പരിസ്ഥിതി തീവ്രവാദം വച്ചു വെറുപ്പിക്കില്ല'' എന്നായിരുന്നു. പശ്ചിമഘട്ടത്തിന്റെ കണ്ണായ കാടാണ് അതിരപ്പിള്ളിയിലേത്.

​ആദിവാസികൾക്കിടയിൽ തന്നെ സാമൂഹ്യമായി വളരെ പിന്നിൽ നിൽക്കുന്ന കാടർ വിഭാഗത്തിന് കമ്മ്യൂണിറ്റി വനാവകാശമുള്ള കാടാണ് അതെന്ന വസ്തുത പോലും മുഖ്യമന്ത്രി ഗൗനിച്ചില്ല. പദ്ധതിക്കെതിരെ അവിടത്തെ ആദിവാസികളും ജനകീയ സമരസമിതിയും ചെറുത്തുനിൽപ്പും നിയമപോരാട്ടങ്ങളും തുടങ്ങിയിട്ട് വർഷങ്ങളായി.

പ്രളയവും ഉരുൾ പൊട്ടലും ഉണ്ടാകുമ്പോൾ കുറച്ചു ദിവസത്തേയ്ക്ക് പാറമടകളുടെ പ്രവർത്തനം നിർത്തിവയ്ക്കും. ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ പഴയതു പോലെത്തന്നെയാകും.

മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തുടക്കത്തിൽ തന്നെ വിവാദമായി. ഇടതുമുന്നണിയിൽ കൂടിയാലോചിക്കാതെയാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് മുന്നണി കൂട്ടാളിയായ സി.പി.ഐ. പരസ്യമായി വിമർശിച്ചു. സി.പി.എം. നേതാവും ധനമന്ത്രിയുമായ തോമസ് ഐസക്കും പ്രസ്താവനയോട് പരസ്യമായിത്തന്നെ വിയോജിച്ചു.

ജനകീയ പങ്കാളിത്തത്തോടെ പശ്ചിമഘട്ടം സംരക്ഷിക്കുമെന്ന വാഗ്ദാനം ഇടതു സർക്കാർ പാലിച്ചില്ല എന്നു മാത്രമല്ല, പശ്ചിമഘട്ടത്തിന് കൂടുതൽ നാശം ഉണ്ടാക്കുന്ന പല തീരുമാനങ്ങളും എടുക്കുകയും ചെയ്തു. ശബരിമല വിമാനത്താവളം, തേക്കടി - മൂന്നാർ - കൽപ്പറ്റ ഹെലിപാഡുകൾ, പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ കരുതൽ മേഖലയിൽ അതിരപ്പള്ളിയോട് ചേർന്നുള്ള ആനക്കയത്ത് മിനിജല വൈദ്യുതപദ്ധതി, വയനാട്ടിലേക്കുള്ള തുരങ്കപ്പാത തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ. തിരുവനന്തപുരം കോർപറേഷന്റെ ഖരമാലിന്യങ്ങൾ സംസ്‌ക്കരിക്കാനും മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും, പശ്ചിമഘട്ടത്തിന്റെ ഭാഗവും ജൈവവൈവിദ്ധ്യ സമ്പന്നവുമായ പെരിങ്ങമ്മലയിൽ പ്ലാന്റ് സ്ഥാപിക്കാനുമുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടത് അവിടത്തെ ജനങ്ങൾ ഒരു വർഷത്തോളും രാവും പകലും സമരം ചെയ്തശേഷമാണ്.

അതിരപ്പിള്ളി പദ്ധതിയ്ക്കെതിരെ കാടർ വിഭാഗത്തിലുള്ളവർ നടത്തിയ പ്രതിഷേധത്തിൽ നിന്ന്. അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക ഡോ. എ. ലതയെയും ഗീത വാഴച്ചാലിനെയും കാണാം / ഫോട്ടോ: ഷഫീഖ് താമരശ്ശേരി

പ്രളയവും ഉരുൾ പൊട്ടലും ഉണ്ടാകുമ്പോൾ കുറച്ചു ദിവസത്തേയ്ക്ക് പാറമടകളുടെ പ്രവർത്തനം നിർത്തിവയ്ക്കും. ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾ പഴയതു പോലെത്തന്നെയാകും. വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് നിർമ്മിക്കുന്ന തുറമുഖത്തിന് വേണ്ടിയുള്ളതും അല്ലാത്തതുമായ ക്വാറികൾക്ക് മുൻപിൻ നോക്കാതെ ലൈസൻസ് അനുവദിക്കുന്ന രീതി തന്നെയാണ് ഇപ്പോഴും. റിസർവ് വനവും ക്വാറിയും തമ്മിൽ ഉണ്ടായിരിക്കേണ്ട ദൂരപരിധി 10 കിലോമീറ്ററിൽ നിന്ന് ഒരു കിലോമീറ്ററായി കുറയ്ക്കുന്ന ഉത്തരവ് 2019 ലെ വെള്ളപ്പൊക്കം കഴിഞ്ഞയുടൻ സർക്കാർ പുറത്തിറക്കി. അതുപോലെ ഒരു ജനവാസസ്ഥാനത്തു നിന്ന് ക്വാറികൾ പാലിയ്‌ക്കേണ്ട ദൂരപരിധി വെറും 50 മീറ്ററാക്കി കുറച്ചു. ഇത് പിന്നീട് ദേശീയ ഹരിത കോടതി 200 മീറ്റർ ആക്കി ഉയർത്തി.
പശ്ചിമഘട്ടത്തെ സംരക്ഷിക്കുമെന്ന് ഇത്തവണത്തെ പ്രകടന പത്രികയിലും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ട്രാക്ക് റെക്കോർഡ് നോക്കുമ്പോൾ ഇനിയുള്ള അഞ്ചുവർഷം അതിനുവേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാനാവില്ല.

എവിടെയെത്തി കേരള പുനർനിർമാണം?

പ്രളയം കഴിഞ്ഞയുടൻ കേരളസർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ഐക്യരാഷ്ട്രസഭയുടെ 10 ഏജൻസികളും യൂറോപ്യൻ യൂണിയനും കൂടാതെ മറ്റു ചില സംഘടനകളും ചേർന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്ന ഒരു റിപ്പോർട്ട് -Post Disaster Needs Assessment Report​ (PDNA Report)- പുറത്തിറക്കിയിരുന്നു. പത്തു ജില്ലകളിലെ 120 ഗ്രാമങ്ങളിൽ ദുരന്തത്തിന് ഇരകളായവരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിഷയവിദഗ്ധരെയുമൊക്കെ കണ്ട് തയ്യാറാക്കിയ റിപ്പോർട്ടായിരുന്നു അത്. കേരളം എത്രയും പെട്ടെന്ന് കാലാവസ്ഥാ ദുരന്തങ്ങളെ നേരിടാൻ സജ്ജമാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന റിപ്പോർട്ടാണത്. ശരിയായ രീതിയിലുള്ള ഭൂവിനിയോഗത്തിലും ജലസ്രോതസ്സുകളുടെ സംയോജിത പരിപാലനത്തിലും ശ്രദ്ധിച്ചിരുന്നുവെങ്കിൽ കേരളത്തിന് ദുരന്തത്തിന്റെ ആഘാതം വലിയൊരു പരിധിവരെ കുറയ്ക്കാൻ കഴിയുമായിരുന്നു എന്ന് ആ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല, നദികളെ വേണ്ടവിധം ഒഴുകാൻ സമ്മതിക്കുക ( Room for the River), ജലത്തോടൊപ്പമുള്ള ജീവിതം (Living with Water), തകർന്ന സംസ്ഥാനത്തെ മെച്ചപ്പെട്ട രീതിയിൽ പടുത്തുയർത്തിക്കൊണ്ടുവരിക, അങ്ങനെ കേരളത്തെ കാലാവസ്ഥാദുരന്തങ്ങൾ നേരിടാൻ സജ്ജമായ ആദ്യ ഹരിത സംസ്ഥാനമാക്കുക തുടങ്ങിയ പല ആശയങ്ങളും ഈ റിപ്പോർട്ട് മുന്നോട്ടു വച്ചിരുന്നു. കാലാവസ്ഥാവ്യതിയാനം ഒരു ആഗോള വിഷയമാണെങ്കിലും അതിന്റെ പ്രത്യാഘാതം നേരിടാനും ആഗോളതാപനം കുറയ്ക്കാനുമുള്ള പ്രവർത്തനങ്ങളിൽ തദ്ദേശ സർക്കാരുകൾക്കും ജനങ്ങൾക്കുമുള്ള നിർണായക ഉത്തരവാദിത്തത്തെപ്പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ ഈ റിപ്പോർട്ട് മാറ്റിവെച്ചുകൊണ്ടാണ് സംസ്ഥാ​ന സർക്കാർ കേരള പുനർ നിർമാണപദ്ധതി തുടങ്ങിയത്. എവിടെയെല്ലാം എന്തൊക്കെ തകർന്നുവോ അതൊക്കെ അവിടെത്തന്നെ വീണ്ടും പടുത്തുയർത്തുന്ന തരത്തിലുള്ള പുനർനിർമാണം. ഓരോ പ്രദേശത്തും എത്ര മഴ പെയ്തു, ആ പ്രദേശത്തിന്റെ ഭൂപ്രകൃതി, ഉയർച്ചതാഴ്ചകൾ, ദുരന്തസാധ്യത, നദികളുടെ ഒഴുക്ക്, അണക്കെട്ടിലെത്തുന്ന വെള്ളം, അണക്കെട്ടുകളുടെ ആഴം എത്ര കുറഞ്ഞിട്ടുണ്ട്, അണക്കെട്ടുകളുടെ ഇപ്പോഴത്തെ ശേഷി... അങ്ങനെ അടിസ്ഥാനപരമായ ഡേറ്റ പോലും ഉണ്ടാക്കാതെയാണ് കേരള പുനർനിർമാണം തുടങ്ങിയത്. അതും സുതാര്യമല്ലാത്ത രീതിയിൽ സംസ്ഥാന സർക്കാരിന്റെ വിവിധ ഡിപ്പാർട്ടമെന്റുകൾ വഴി കേന്ദ്രീകൃതമായ രീതിയിൽ.

ഒരു ഭാഗത്ത് ഹരിതകേരള മിഷൻ പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിക്കുമ്പോൾ മറുഭാഗത്ത് വികസനത്തിന്റെ പേരിൽ നെൽപ്പാടങ്ങൾ നികത്തപ്പെട്ടു, വനഭൂമിയിൽ കയ്യേറ്റങ്ങൾ തുടർന്നു, നെൽവയൽ - നീർത്തട നിയമം ഇളവു ചെയ്തു, നിർത്തടാധിഷ്ഠിത വികസനം കടലാസിലൊതുങ്ങി, ഭൂമിയുമായി ബന്ധപ്പെട്ട ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചില്ല.

ഇതിനെതിരെ വിമർശനം ഉയർന്നപ്പോൾ ഒരു വർഷത്തിനുശേഷം, 2019 ന്റെ അവസാനം തദ്ദേശഭരണ സ്ഥാപനങ്ങളോട് രണ്ടുമാസത്തിനുള്ളിൽ തങ്ങളുടേതായ ദുരന്തനിവാരണപദ്ധതി ഉണ്ടാക്കാൻ സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, സ്വന്തമായ ദുരന്തനിവാരണ പദ്ധതി പല കാരണങ്ങളാൽ വേണ്ടവിധം ഉണ്ടാക്കാൻ മിക്ക തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കഴിഞ്ഞില്ല. വെള്ളപ്പൊക്കമുണ്ടായാൽ മുങ്ങിപ്പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തി കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നൽകിയ ഭൂപടങ്ങളും (റിമോട്ട് സെൻസിങ് വഴി തയ്യാറാക്കിയ ഈ ഭൂപടങ്ങൾ പല തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ഉപകാരപ്രദമായിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ) ദുരന്തങ്ങളുണ്ടാകുമ്പോൾ ജനങ്ങളെ പാർപ്പിക്കാനും ചികിത്സിക്കാനും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ- സ്‌കൂളുകൾ, ആശുപത്രികൾ, കമ്മ്യുണിറ്റി ഹാളുകൾ - എന്നിവയെപ്പറ്റിയുള്ള സ്ഥിതിവിവരക്കണക്കുകളുമൊക്കെ കൂട്ടിച്ചേർത്ത് ഒരു തട്ടിക്കൂട്ട് ദുരന്തനിവാരണ പദ്ധതിയാണ് മിക്ക തദ്ദേശഭരണ സ്ഥാപനങ്ങളുടെ പക്കലുമുള്ളത്. ചില പഞ്ചായത്തുകളിൽ അധ്യാപകരും വിദ്യാർത്ഥികളും സാങ്കേതികവിദഗ്ധരുടെ സ്വതന്ത്ര സംഘങ്ങളും ചേർന്ന് സ്വതന്ത്രമായ രീതിയിൽ ദുരന്തനിവാരണപദ്ധതികൾ തയ്യാറാക്കാൻ ശ്രമം നടത്തുന്നുണ്ട് എന്നത് ക്രിയാത്മക ചുവടുവെപ്പാണ്.

2018ലെ പ്രളയത്തിൽ കേരളത്തിലെ വിവിധജില്ലകളിൽ തകർന്നവീടുകളുടെയും ഭൂമിയുടെയും എണ്ണം സൂചിപ്പിക്കുന്നു. കേരള പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്റ് റിപ്പോർട്ടിൽ നിന്ന്‌

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കൊണ്ടുവന്നതായി പിണറായി സർക്കാർ എടുത്തു പറയുന്ന ഒരു കാര്യം ഹരിത കേരള മിഷൻ ആണ്. ജലസ്രോതസുകളുടെ പുനരുജ്ജീവനം, പച്ചത്തുരുത്തു നിർമാണം, മാലിന്യനിർമ്മാർജനം എന്നിവയാണ് ഹരിത കേരള മിഷന്റെ പ്രധാന ചുമതല. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, കാട്, ഭൂമി എന്നിവയൊന്നും ഈ മിഷന്റെ കീഴിൽ വരുന്നില്ല. ഒരു ഭാഗത്ത് ഹരിതകേരള മിഷൻ പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിക്കുമ്പോൾ മറുഭാഗത്ത് വികസനത്തിന്റെ പേരിൽ നെൽപ്പാടങ്ങൾ നികത്തപ്പെട്ടു, വനഭൂമിയിൽ കയ്യേറ്റങ്ങൾ തുടർന്നു, നെൽവയൽ - നീർത്തട നിയമം ഇളവു ചെയ്തു, നിർത്തടാധിഷ്ഠിത വികസനം കടലാസിലൊതുങ്ങി, സമഗ്ര ഭൂവിനിയോഗ നയം രൂപപ്പെടുത്തിയില്ല, ഭൂമിയുമായി ബന്ധപ്പെട്ട ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചില്ല.

പശ്ചാത്തല സൗകര്യങ്ങൾ കണ്ടമാനം വർധിപ്പിക്കുകയല്ല, മറിച്ച്, ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ ആഘാതം കുറയ്ക്കാനും പരമാവധി യത്‌നിക്കുക എന്നതാവണം വികസനത്തിന്റെ അർഥം.

യഥാർഥ തെരഞ്ഞെടുപ്പ്​

മനുഷ്യർ ഇപ്പോൾ നിൽക്കുന്നത് ഡെയ്ഞ്ചർ സോണിലാണ്. ആര് ഭരണത്തിൽ വന്നാലും, ഉൾക്കാഴ്ചയോടെ ദീർഘവീക്ഷണത്തോടെ ഇനി ഏതുവഴിയിലൂടെ മുന്നോട്ടു പോകണം എന്ന് തീരുമാനിക്കുന്നതു കൂടിയാണ് തെരഞ്ഞെടുപ്പ്.
ലോകമാകമാനം അനുഭവപ്പെടുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെയും ഊർജ്ജ പ്രതിസന്ധിയുടെയും സാമ്പത്തികത്തളർച്ചയുടെയും പശ്ചാത്തലത്തിൽ വികസനത്തിന്റെ പഴയപാതയിലൂടെ ഇനി അധികദൂരം മുന്നോട്ടു പോകാനാകില്ല. ഇനിയുള്ള കാലത്ത് റോഡും പാലങ്ങളും കെട്ടിടങ്ങളും അണക്കെട്ടുകളും അതിവേഗപ്പാതകളും വ്യാവസായിക ഇടനാഴികളുമൊക്കെ നിർമിക്കുക എന്ന പഴയ വികസന സങ്കൽപ്പത്തിൽ നിന്ന് മാറേണ്ടതുണ്ട്. പ്രകൃതിദുരന്തങ്ങളും മനുഷ്യനിർമിത ദുരന്തങ്ങളും കാലാവസ്ഥാദുരന്തങ്ങളും പകർച്ചവ്യാധികളും കൂടിക്കുഴഞ്ഞു കിടക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ വികസനത്തെ പുനർനിർവചിക്കേണ്ടതുണ്ട്.

പശ്ചാത്തല സൗകര്യങ്ങൾ കണ്ടമാനം വർധിപ്പിക്കുകയല്ല, മറിച്ച്, ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ ആഘാതം കുറയ്ക്കാനും പരമാവധി യത്‌നിക്കുക എന്നതാവണം വികസനത്തിന്റെ അർഥം. വികസനത്തെ ഒരു ഭാഗത്തും പരിസ്ഥിതിയെ മറുഭാഗത്തും നിർത്തുന്ന രീതി മാറ്റേണ്ടി വരും, ജനങ്ങളുടെ ജീവനെപ്പറ്റിയും നിലനിൽപ്പിനെപ്പറ്റിയും ഉത്കണ്ഠയുണ്ടെങ്കിൽ. കുടിവെള്ളം വേണാ അതോ മലമുകളിൽ വിമാനത്തിലും ഹെലികോപ്ടറിലുമൊക്കെ പറന്നു ചെന്നിറങ്ങണോ എന്ന തരം ചോദ്യങ്ങളാണ് നമുക്കു മുമ്പിലുള്ളത്. നമ്മുടെ ജീവിതരീതികൾ മാറ്റുക എന്നതാണ് ഇനി വിവേകപൂർവം ചെയ്യേണ്ടത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ്. അതിന് ശ്രമിക്കേണ്ടത് മുഴുവൻ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.▮


എം. സുചിത്ര

മാധ്യമപ്രവർത്തക. ഇന്ത്യ ടുഡേ, കൈരളി ടി.വി., ഇന്ത്യൻ എക്‌സ്പ്രസ്, ദി ക്വസ്റ്റ് ഫീച്ചേഴ്‌സ് ആൻഡ് ഫൂട്ടേജസ്, ഡൗൺ ടു എർത്ത് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.

Comments