പശ്ചിമഘട്ട മലനിരകൾ / Photo: Wikimedia Commons

പരിസ്​ഥിതി വാദികളെ വികസന വിരോധികളാക്കുന്ന കാലത്ത്​

കോവിഡനന്തര കേരളത്തിനുവേണ്ടി ഒരു ഹരിത രാഷ്​ട്രീയ വിചാരം

പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വികസന പ്രത്യയശാസ്ത്രത്തിന്റെ ഒരു ‘മറ' കൊണ്ടുവരാൻ ബോധപൂർവ ശ്രമം നടക്കുന്നു.

കേരളത്തിന്റെ പരിസ്ഥിതി: ഒരു ആമുഖം

ന്ത്യയിലെ മറ്റ് ഭൂപ്രദേശങ്ങളിൽ നിന്ന് തികച്ചും വിഭിന്നമാണ് കേരളത്തിന്റെ ഭൂപ്രകൃതിയും പരിസ്ഥിതിയും. കിഴക്ക് സഹ്യപർവതത്തിനും പടിഞ്ഞാറ് ലക്ഷദ്വീപ് സമുദ്രത്തിനും ഇടയിൽ 55- 65 കിലോമീറ്റർ മാത്രം ശരാശരി വീതിയുള്ള ഈ ഭൂപ്രദേശത്തിന്റെ പാരിസ്ഥിതിക തനിമയും സുസ്ഥിരതയും നിലനിർത്തുന്നതും സമാനതകളില്ലാത്തതുമായ പാരിസ്ഥിതിക സവിശേഷതകൾ തന്നെയാണ്.

മലനിരകളുടെ തുടർച്ച ഇല്ലാത്തതുകൊണ്ടുതന്നെ പാലക്കാട് ചുരം ജില്ലയുടെ മിക്ക പ്രദേശങ്ങൾക്കും സമീപത്തുള്ള തൃശൂർ- മലപ്പുറം ജില്ലകളുടെ ചില ഭാഗങ്ങൾക്കും അൽപം വരണ്ട കാലാവസ്ഥയും പാരിസ്ഥിതിക സ്വഭാവങ്ങളും പ്രദാനം ചെയ്യുന്നു. ശരാശരി 1800 മീറ്ററിലധികം ഉയരമുള്ള സഹ്യപർവതനിരകൾ ചെങ്കുത്തായ ചരിവുകളിലൂടെ ഇടനാടൻ കുന്നുകളിലേക്ക് ഇറങ്ങിവന്ന് പടിഞ്ഞാറൻ തീരത്തെ കായൽപ്പരപ്പുകളിൽ അവസാനിക്കുന്നു. കേരളത്തിൽ മഴ തുടങ്ങുന്നത് കിഴക്കോട്ടു വീശുന്ന കാറ്റിനൊപ്പം എത്തുന്ന കടലിലെ നീരാവി പശ്ചിമഘട്ടത്തിൽ തടയപ്പെടുമ്പോഴാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ പുഴകൾ മിക്കവയും ഉത്ഭവിക്കുന്നത് സഹ്യാദ്രിയിലെ വനമേഖലകൾ ഉൾക്കൊള്ളുന്ന നീർത്തടങ്ങളിൽ നിന്നാണ്. മലനിരകൾ ശേഖരിച്ചുവയ്ക്കുന്ന ജലമാണ് വേനൽക്കാലത്തും നാട്ടിൽ ജലസമൃദ്ധി ഉറപ്പുവരുത്തുന്നത്. പുഴകൾ ഇടനാട്ടിലും തീരപ്രദേശത്തും എത്തിക്കുന്ന ജലവും ജൈവവസ്തുക്കളുമാണ് ഭൂമിയെ കൃഷിക്ക് പര്യാപ്തമാക്കുന്നതും കാർഷികസംസ്‌കൃതി നിലനിർത്തി പോരുന്നതും. പുഴകൾ, കായലുകൾ, തീരക്കടൽ എന്നിവയിലെ മത്സ്യസമൃദ്ധിക്കും മറ്റുകാരണങ്ങൾ തേടേണ്ടതില്ല. പരിണാമത്തിലും പ്രായത്തിലും ഹിമാലയത്തെക്കാൾ പഴക്കമുള്ള സഹ്യാദ്രി അനിതരസാധാരണമായ ജൈവവൈവിധ്യത്തിന്റെ കലവറയും, അതുകൊണ്ടുതന്നെ ലോകത്തെ അപൂർവ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നും ആണ്. നമ്മുടെ സുഗന്ധ, നാണ്യ വിളകളുടെ സുസ്ഥിരമായ ലഭ്യതയും കാലാവസ്ഥാ സംരക്ഷണവും വെള്ളം, വായു, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ജീവസന്ധാരണ വ്യവസ്ഥകളുടെ ലഭ്യതയും പശ്ചിമഘട്ടത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. പശ്ചിമഘട്ടമലനിരകൾ ഡെക്കാൻ പീഠഭൂമിയിൽ നിന്ന് കേരളത്തെ പാരിസ്ഥിതികമായും സാംസ്‌കാരികമായും സംരക്ഷിച്ചു നിർത്തിയിരുന്നുവെന്നതിനുപുറമെ സുസ്ഥിരവികസനത്തിന്റെ ആധാരശിലകളായ പരിസ്ഥിതിസുരക്ഷ, സാമ്പത്തികസുരക്ഷ, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്ന് ചുരുക്കം.

ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം എന്ന നിലയിൽ പ്രകൃതിവിഭവ പരിപാലനത്തിലും മാനവവിഭവശേഷി വികസനത്തിലും ഊന്നിയ സുസ്ഥിര വികസനം എന്ന ആശയത്തിന്റെ ആവിഷ്‌കാരത്തിനും പറ്റിയ മണ്ണാണ് കേരളം.

കേരളം എന്നത് കേവലം ഒരു ജൈവസമ്പന്നമായ ഭൂപ്രദേശം എന്നതിലുപരി അപൂർവവും വൈവിധ്യപൂർണവുമായ ഒരു ഗോത്ര സംസ്‌കൃതിയുടെ തുടർച്ചയും കൂടിയാണ്. പ്രസ്തുത സംസ്‌കൃതി ആഴത്തിൽ വേരോടിയതും ഈ മണ്ണിൽതന്നെയാണ്, പുഴകളിൽ നിന്നും വയലേലകളിൽനിന്നും തീരക്കടലിൽ നിന്നുമാണ്. കേരളത്തിൽ ഇന്ന് നാം കാണുന്ന ഉയർന്ന സാമൂഹ്യവികസനത്തിന് വിഭവലഭ്യത മാത്രമായിരുന്നില്ല കാരണം, മറിച്ച് സാക്ഷരതയിലും തുല്യതയിലും ഊന്നിയ സാമൂഹ്യ നവോത്ഥാനത്തിന്റെ പരിപ്രേക്ഷ്യവും കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം എന്ന നിലയിൽ പ്രകൃതിവിഭവ പരിപാലനത്തിലും മാനവവിഭവശേഷി വികസനത്തിലും ഊന്നിയ സുസ്ഥിര വികസനം എന്ന ആശയത്തിന്റെ ആവിഷ്‌കാരത്തിനും പറ്റിയ മണ്ണാണ് കേരളം. എന്നാൽ സുസ്ഥിരവികസനം എന്ന ആശയം പ്രാവർത്തികമാക്കാൻ മൗലികമായ ഒരു പരിവർത്തനം ഭക്ഷണം, ഭൂവിനിയോഗം, പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം, അടിസ്ഥാനസൗകര്യവികസനം എന്നിവകൂടി ഉൾപ്പെടുന്ന സാമൂഹ്യ-സാമ്പത്തിക സംവിധാനങ്ങളിൽ ഏർപ്പെടുത്തേണ്ടിവരും.

സുസ്ഥിര വികസനവും കേരളവും

രാജ്യത്തെ പൊതുസാമൂഹികാവസ്ഥയിൽനിന്ന്​ വേറിട്ട് ഉയർന്നുനിൽക്കുന്ന കേരളം സാമൂഹ്യവികസനത്തിന് ഒരു ആഗോളമാതൃകയാണ്. മികച്ച സാക്ഷരതയും ഉയർന്ന ആയുർദൈർഘ്യവും കുറഞ്ഞ ശിശുമരണവും കുറഞ്ഞ മാതൃമരണവും മെച്ചപ്പെട്ട സ്ത്രീ- പുരുഷ അനുപാതവും ഒക്കെയുള്ള സമൂഹം. സാർവത്രിക വിദ്യാഭ്യാസവും വിപുലമായ ജനകീയാരോഗ്യ സംവിധാനവും പൊതുവിതരണ സംവിധാനവും വിഭവങ്ങളുടെയും കൃഷിഭൂമിയുടെയും പുനർവിതരണവും അടിസ്ഥാനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണവും ഒക്കെ സമഗ്രവികസനം എന്ന ആശയം യാഥാർഥ്യമാക്കുന്നതിന് ഉപോൽബലകമായിട്ടുണ്ട്.

2018-ലെ പ്രളയകാലത്തെ കാഴ്ച / Photo: Wikimedia Commons

അനിതരസാധാരണമായ ജൈവവൈവിധ്യവും പ്രകൃതിവിഭവങ്ങളും കേരളത്തിന്റെ തനത് സവിശേഷതയാണെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടുതന്നെ അതീവ പരിസ്ഥിതി ദുർബലവും ആണ് കേരളത്തിന്റെ പരിസ്ഥിതി. അതുകൊണ്ടുതന്നെ ഭൂപ്രകൃതിക്ക് ഇണങ്ങുന്ന വികസനപരിപ്രേക്ഷ്യവും ഉപഭോഗസംസ്‌കാരവും നിലനിർത്തേണ്ട ആവശ്യവും ഉണ്ട്. സ്ഥലസംബന്ധിയായ ആസൂത്രണത്തിലെ പിഴവും കൃത്യമായ ഭൂവിനിയോഗ നയത്തിന്റ അഭാവവും വികസനപദ്ധതികൾ പരിസ്ഥിതിദുർബല പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന സാഹചര്യം ചില സന്ദർഭങ്ങളിൽ ഉണ്ടായിട്ടുണ്ട്. തുടരുന്ന പരിസ്ഥിതിനാശവും വിഭവശോഷണവും ഏറെ സമ്മർദത്തിലാക്കിയിരിക്കുന്നത് സാധാരണ ജനങ്ങളെയാണ്.

വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിതികാഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് പൊതുവെ സുസ്ഥിരവികസനം (sustainable development) എന്ന് പറയുന്നത്. ഐക്യരാഷ്ട്ര സംഘടന നിയോഗിച്ച, നോർവീജിയൻ പ്രധാനമന്തി ആയിരുന്ന ഗ്രോ ഹാർലെം ബ്രുണ്ട്‌ലാൻഡ്, ‘നമ്മുടെ പൊതുഭാവി' (our common future) എന്ന തന്റെ റിപ്പോർട്ടിലാണ് സുസ്ഥിര വികസനം എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ‘ഭാവിതലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള പര്യാപ്തതയ്ക്ക് വിട്ടുവീഴ്ചയില്ലാതെ ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുതകും വിധമുള്ള വികസനമാണ് ‘സുസ്ഥിര വികസനം' എന്ന നിർവചനവും അവർ നൽകിയിരിക്കുന്നു. ഇന്നത്തെ വികസനസമീപനങ്ങൾ ഇനിവരുന്ന തലമുറയ്ക്ക് അവശ്യം വേണ്ട വിഭവങ്ങൾ ഉറപ്പുവരുത്തുന്നതും ആവണം എന്ന് ചുരുക്കം. പരിസ്ഥിതി വികസനം, സാമ്പത്തിക വികസനം, സാമൂഹ്യ വികസനം എന്നീ ആധാരശിലകളാണ് സുസ്ഥിരവികസനത്തിനുള്ളത്.

ഐക്യരാഷ്ട്രസഭ 2030 ഓടെ നേടിയെടുക്കാൻ ഉദ്ദേശിച്ച്​ മുന്നോട്ടുവച്ചിട്ടുള്ള 17 ലക്ഷ്യങ്ങളെയാണ് സുസ്ഥിര വികസനം ലക്ഷ്യങ്ങൾ (എസ്.ഡി.ജി.) എന്ന് വിളിക്കുന്നത്. ഇവ യഥാക്രമം ദാരിദ്ര്യ നിർമാർജനം, വിശപ്പില്ലാത്ത അവസ്ഥ, നല്ല ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ വെള്ളവും ശുചിത്വവും, താങ്ങാവുന്നതും ശുദ്ധവുമായ ഊർജം, മാന്യമായ ജോലിയും സാമ്പത്തികവളർച്ചയും, വ്യവസായം, നവീകരണം, അടിസ്ഥാനസൗകര്യങ്ങൾ, കുറയുന്ന അസമത്വം, സുസ്ഥിര നഗരങ്ങളും കമ്മ്യൂണിറ്റികളും, ഉത്തരവാദിത്ത ഉപഭോഗവും ഉൽപാദനവും, കാലാവസ്ഥാ പ്രവർത്തനം, വെള്ളത്തിന് കീഴിലുള്ള ജീവൻ (ജൈവവൈവിധ്യം), കരഭൂമിയിലെ ജീവൻ, സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ, ലക്ഷ്യങ്ങൾക്കുള്ള പങ്കാളിത്തം എന്നിവയാണ്.

ചിത്രം 1: ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസൃതമായുള്ള നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചിക റാങ്കിങ്ങിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളം ഒന്നാം സ്ഥാനത്താണ്. 17 സുസ്ഥിര വികസനലക്ഷ്യങ്ങൾ ഉള്ളതിൽ16 ലക്ഷ്യങ്ങളിലെ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളുടെ മൊത്തം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പൂജ്യത്തിനും 100-നും ഇടയിലുള്ള സമ്മിശ്രമായ സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനതല സൂചിക തയാറാക്കപ്പെടുന്നത്. സുസ്ഥിര വികസന ലക്ഷ്യ സൂചിക സ്‌കോർ 70 നേടിയ കേരളവും ചണ്ഡീഗഡുമാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും റാങ്കിങ്ങിൽ യഥാക്രമം മുന്നിലുള്ളത്. സുസ്ഥിര വികസന ലക്ഷ്യ റാങ്കിങ്ങിൽ ‘ആരോഗ്യം', ‘വ്യവസായം', ‘നവീകരണം', ‘അടിസ്ഥാന സൗകര്യങ്ങൾ' എന്നീ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്തും ‘വിദ്യാഭ്യാസം', ‘ലിംഗസമത്വം' എന്നിവയിൽ രണ്ടാം സ്ഥാനത്തുമാണ്. സാമൂഹ്യനീതിയിൽ ഊന്നിയ നൂതന ആശയങ്ങളുടെ പ്രായോഗികതലത്തിലുള്ള ആവിഷ്‌കാരവും ഈ നേട്ടത്തിന് കാരണമായിട്ടുണ്ടെങ്കിലും സുസ്ഥിരവികസന ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കാൻ പാരിസ്ഥിതിക മൂലധനത്തിലും യുവതലമുറയുടെ നൈപുണ്യ വികസനത്തിലും ഊന്നിയ ഹരിത സമ്പദ്​വ്യവസ്​ഥയുടെ പിൻബലം തീർച്ചയായും വേണ്ടിവരും. ഹരിത രാഷ്രീയത്തിന് ഉപോൽബലകമാകാൻ സഹായമാകുന്ന ചില ചിന്തകൾ പങ്കുവയ്ക്കാം.

സുസ്ഥിര വികസനം എന്ന ആശയം ഉന്നത വിദ്യാഭ്യാസ പ്രക്രിയയിൽ സന്നിവേശിപ്പിക്കാനും നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകാനും കഴിഞ്ഞ കാലങ്ങളിൽ കൃത്യമായി സാധിച്ചില്ല. സാക്ഷരതായജ്ഞത്തിനു തുടർച്ചയായി ഉണ്ടാകേണ്ടിയിരുന്ന സാമൂഹിക സാക്ഷരതയിലേക്കുള്ള പരിവർത്തനവും സാധ്യമായില്ല.

കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ഒരു സമഗ്രമായ ഭൂവിനിയോഗനയം (land use policy) നടപ്പിലാക്കാൻ സാധിക്കാത്തതുകൊണ്ടുതന്നെ കൃഷിഭൂമിയുടെ വ്യാപക നാശവും തുണ്ടുവൽക്കരണവും പരിസ്ഥിതിലോല പ്രദേശങ്ങളിലെ വ്യാപകവും അശാസ്ത്രീയവും ആയ നിർമാണ പ്രവർത്തനങ്ങളും അനധികൃത ഖനന പ്രവർത്തനങ്ങളും നിയന്ത്രിക്കാനായില്ല. സ്ഥലസംബന്ധിയായ ആസൂത്രണവും അതിന് അവശ്യം വേണ്ട സാങ്കേതികവിദ്യകളുടെ പ്രയോഗവും ഉണ്ടാകാത്തതിനാൽ പാരിസ്ഥിക പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ എന്നിവ സംബന്ധിച്ച് ഒരു വിവരശേഖരവും (data bank) ഇല്ലാതെ പോയി. അടിസ്ഥാന വിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഉന്നത വിദ്യാഭ്യാസരംഗത്ത് ഉണ്ടാകേണ്ടിയിരുന്ന വിപ്ലവകരമായ മാറ്റം പല കാരണങ്ങൾ കൊണ്ടും നടക്കാതെ പോയി. ഭൂപരിഷ്‌കരണ രംഗത്തും കാർഷികരംഗത്തും അധികാര വികേന്ദ്രീകരണ രംഗത്തും സമൂല മാറ്റങ്ങൾ കൊണ്ടുവരാൻ ജനകീയാസൂത്രണത്തിലൂടെ ശ്രമിക്കുകയും വികേന്ദ്രീകൃത ആസൂത്രണവും പ്രാദേശിക വിഭവ വിനിയോഗവും ജനപങ്കാളിത്തവുമെല്ലാം ഗണ്യമായ തോതിൽ കൈവരിക്കുകയും ചെയ്തുവെങ്കിലും അനിവാര്യമായ തുടർച്ച നിലനിർത്തുന്നതിൽ വിജയിക്കാൻ സാധിച്ചില്ല.

സുസ്ഥിര വികസനം എന്ന ആശയം ഉന്നത വിദ്യാഭ്യാസ പ്രക്രിയയിൽ സന്നിവേശിപ്പിക്കാനും നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകാനും കഴിഞ്ഞ കാലങ്ങളിൽ കൃത്യമായി സാധിച്ചില്ല. സാക്ഷരതായജ്ഞത്തിനു തുടർച്ചയായി ഉണ്ടാകേണ്ടിയിരുന്ന സാമൂഹിക സാക്ഷരതയിലേക്കുള്ള പരിവർത്തനവും സാധ്യമായില്ല. പശ്ചിമഘട്ട സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഉതകുന്ന നിരവധി പ്രായോഗിക നിർദേശങ്ങൾ അടങ്ങിയ ‘ഗാഡ്ഗിൽ കമ്മിറ്റി' റിപ്പോർട്ട് പൊതുസമൂഹത്തിലും പ്രാദേശിക സർക്കാർ സംവിധാനങ്ങളിലും ചർച്ചയ്ക്ക് വയ്ക്കുന്നതിലും നാം പരാജയപ്പെട്ടു. കേരളത്തിന്റെ കാലാവസ്ഥയിൽ ഉണ്ടായിരിക്കുന്ന വ്യതിയാനവും ആഗോള കാലാവസ്ഥാമാറ്റം സൃഷ്​ടിക്കുന്ന പേമാരികളും മറ്റു പ്രകൃതി ദുരന്തങ്ങളും, നിപ, കോവിഡ്-19 തുടങ്ങിയ മഹാമാരികളും നമ്മുടെ സാമ്പത്തികസുരക്ഷയെ തന്നെ അസ്ഥിരപ്പെടുത്തുന്ന നിലയിൽ എത്തിയിരിക്കുന്നു.

കേരളത്തിൽ 14 വയസ്സവരെയുള്ളവരുടെ ജനസംഖ്യ 1961-ൽ 43 ശതമാനമായിരുന്നത് 2011-ൽ 23 ശതമാനമായി കുറഞ്ഞുവന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. എന്നാൽ 60 വയസ്സിനു മുകളിലുള്ള ആശ്രിതവിഭാഗത്തിന്റെ എണ്ണം ഇക്കാലയളവിൽ 5 ശതമാനത്തിൽ നിന്ന്​ 2011-ൽ 12.7 ശതമാനമായി വർധിച്ചു. ആരോഗ്യരംഗത്തെ ഉയർന്നുവരുന്ന പ്രശ്‌നങ്ങളായ ജീവിതശൈലീരോഗങ്ങളും വയോജന ജനസംഖ്യയിലെ വർധന സൃഷ്​ടിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളും ഒക്കെ പരിഹരിച്ച് ആരോഗ്യമുള്ള കേരളസമൂഹം എന്ന ലക്ഷ്യത്തോടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് സംസ്ഥാനം തുടക്കം കുറിച്ചിരിക്കുന്നുവെങ്കിലും മാറിയ കോവിഡനന്തര സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്നതും പരിസ്ഥിതി, മനുഷ്യൻ, ജീവജാലങ്ങൾ എന്നിവയുടെ ആരോഗ്യം ഉറപ്പുവരുത്തുന്ന സമഗ്ര സമീപനവുമായ ‘ഏകാരോഗ്യം' (one health) എന്ന ആശയത്തിലേക്കും കൂടി മാറേണ്ടിയിരിക്കുന്നു. കോവിഡനന്തര ലോകത്തിൽ സുസ്ഥിര വികസനം, സുസ്ഥിര ജീവനം, ആളോഹരി സന്തോഷം തുടങ്ങിയ ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുവെന്നു മാത്രമല്ല നിയോലിബറൽ വികസന സമീപങ്ങളിലെ പൊള്ളത്തരം കൂടുതൽ വ്യതിരിക്തമാവുകയും ചെയ്തിരിക്കുന്നു. സമൂഹത്തിൽ അടുത്തകാലത്ത് തിരിച്ചുവരുന്ന വർഗീയത, അസഹിഷ്ണുത, ആക്രമണോന്മുഖത, അനാചാരങ്ങൾ, അഴിമതി എന്നിവ തുടച്ചുനീക്കി ഹരിത രാഷ്രീയത്തിന്റെ വിത്തുകൾ തളിരിടേണ്ട ഊർവരതയുള്ള ഒരു ഭൂമികയിൽ നിന്ന് പുതിയ ഭാവിയ്ക്കായുള്ള പ്രവർത്തനങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു.

ചിത്രം 2: ആഗോളതലത്തിൽ പ്രകൃതിദത്തമൂലധനത്തിൽ ഉണ്ടാകുന്ന കുറവും ഉൽപ്പാദിത മൂലധനം, മാനവ മൂലധനം എന്നിവയിൽ ഉണ്ടാകുന്ന വർധനയും

പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുഴുവൻ വികസന പ്രത്യയശാസ്ത്രത്തിന്റെ ഒരു ‘മറ' കൊണ്ടുവരാനുള്ള ബോധപൂർവ ശ്രമങ്ങളും നടക്കുന്നുവെന്നാണ് കാലഘട്ടത്തിന്റെ പ്രത്യേകത. ഒപ്പം പരിസ്ഥിതിവാദികൾ വികസന വിരോധികളും ആകുന്നു. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന ആശയം ലോകമെമ്പാടും തമസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒപ്പം, മൂലധന നിക്ഷേപം മാത്രമാണ് വികസനത്തിന്റെ ഒരേ ഒരു മാനദണ്ഡം എന്ന നവഉദാരവൽകരസമീപനത്തിന് കോവിഡനന്തര കാലഘട്ടത്തിൽ ഏറെ മാറ്റം വന്നിരിക്കുന്നു. പ്രകൃതിദത്ത മൂലധന നിക്ഷേപത്തിലുണ്ടാകുന്ന കുറവ് ഭൂമിയുടെ നിലനിൽപ്പിന് മാത്രമല്ല പ്രാദേശികമായ സുസ്ഥിര വികസനത്തിനുതന്നെ ഹാനികരമായി ഭവിച്ചേക്കാം എന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതിനീതി, സാമൂഹ്യനീതി, അടിസ്ഥാനമൂല്യങ്ങൾ എന്നിവ സംരക്ഷിക്കാൻ പ്രകൃതിദത്ത മൂലധനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം രണ്ട് പ്രളയങ്ങളും കോവിഡ്-19 മഹാമാരിയും നമ്മെ ഓർമപ്പെടുത്തുന്നു. ഒപ്പം, പ്രളയങ്ങളുടെയും വരൾച്ചകളുടെയും, കാലാവസ്ഥാമാറ്റത്തിന്റെയും, മഹാമാരികളുടെയും, കൂട്ട വംശനാശത്തിന്റെയും, പരിസ്ഥിതിബന്ധിത പലായനങ്ങളുടെയും ദാരിദ്ര്യത്തിന്റെയും മലിനീകരണത്തിന്റെയും ഒക്കെ മുന്നിൽ പകച്ചുനിൽക്കുന്ന ലോകത്തിന് പരിസ്ഥിതി-ബന്ധിത പരിഹാരങ്ങൾ, സുസ്ഥിര വികസനം, നൈപുണ്യവികസനം, സമാധാനം, സന്തോഷം എന്നിവയിലൂന്നിയ പുതുലോക സൃഷ്ടിക്ക് ഹരിത രാഷ്ട്രീയചിന്ത അനിവാര്യമായിരിക്കുന്നു.

ഹരിത രാഷ്ട്രീയത്തിന്റെ പ്രസക്തി

പരിസ്ഥിതിബോധം, സാമൂഹ്യനീതി, അക്രമരാഹിത്യം, പങ്കാളിത്ത ജനാധിപത്യം, ലിംഗസമത്വം തുടങ്ങിയ ആശയങ്ങളിലൂന്നി പാരിസ്ഥികമായി സുസ്ഥിരമായ സമൂഹത്തെ വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ തത്ത്വശാസ്ത്രമാണ് ഹരിത രാഷ്ട്രീയം (Green politics/ Ecopolitics). പാശ്ചാത്യ രാജ്യങ്ങളിലാണ് ഇത്തരം ആശയം രൂപംകൊണ്ടത് എങ്കിലും ആഗോളതലത്തിൽ ഈ തത്വശാസ്ത്രത്തിന് പ്രസക്തി വർധിക്കുകയാണ്. ന്യൂസിലൻഡിലെ വാല്യൂ പാർട്ടി, ഇംഗ്ലണ്ടിലെ ഇക്കോളജി പാർട്ടി, ജർമനിയിലെ ഗ്രീൻ പാർട്ടി തുടങ്ങി നിരവധി സംരംഭങ്ങളിൽ തുടങ്ങിയ ഹരിതരാഷ്ട്രീയം ഫിൻലൻഡിലും ന്യൂസിലൻഡിലും ഒക്കെ ഹരിതപാർട്ടികൾ ഉൾപ്പെടുന്ന സർക്കാരുകൾ നിലവിൽ വന്നതോടെ കൂടുതൽ ലോകശ്രദ്ധയിൽ എത്തിയിരിക്കുന്നു. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് മാറിനിന്ന അമേരിക്കൻ ഭരണകൂടവും മാറിയിരിക്കുന്നു, അവർ ഉടമ്പടിയിൽ വീണ്ടും പങ്കാളികളാകും എന്ന പ്രതീക്ഷയിലാണ് ലോകം. സ്വീഡനിൽ ഗ്രേറ്റാ തുൻബെർഗ് തുടങ്ങിവച്ച പുതിയ ഭൂമിക്കായുള്ള സമരം ലോകമെമ്പാടുമുള്ള കലാലയങ്ങൾ ഏറ്റെടുത്തിരിക്കുന്നു. വൈരുധ്യാത്മക ഭൗതികവാദമോ സങ്കീർണമായ സിദ്ധാന്തങ്ങളൊ അല്ല, മറിച്ച് അതിജീവനത്തിന്റെ രാഷ്​ട്രീയമാണ്, തത്ത്വശാസ്ത്രമാണ് ഹരിതരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നത്.

കേരളത്തിന്റെ ജൈവൈവിധ്യവും നല്ല മണ്ണും ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിക്കുന്നതിന് എത്രത്തോളം പ്രതിജ്ഞാബദ്ധമായ ഇടപെടലുകൾ ആവശ്യമുണ്ടെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്.

കേരളത്തിന്റെ പരിസ്ഥിതി എത്രത്തോളം വെല്ലുവിളി നേരിടുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് 2018-ൽ മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം. ജലവിഭവം നേരിടുന്ന വെല്ലുവിളികൾ, വയൽനിലങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും നാശവും അനുബന്ധ പരിസ്ഥിതിപ്രശ്‌നങ്ങളും, വനങ്ങളുടെ നശീകരണവും ശോഷണവും ഉയർത്തുന്ന വെല്ലുവിളികൾ, തീരദേശ സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, ഖരമാലിന്യ നിർമാർജനം, വായുമലിനീകരണം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയൊക്കെ ഈ ധവളപത്രം വിശദമായി ചർച്ചചെയ്യുന്നു. പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ഭൂഗർഭ ജലസ്‌ത്രോതസുകളിൽ അമിതമായ ഫ്ളൂറൈഡ് സാന്നിധ്യമാണെങ്കിൽ എറണാകുളം, പാലക്കാട്, കൊല്ലം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വ്യാവസായിക മലിനീകരണം മൂലം ഭൂഗർഭജലം മലിനമാക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ജലാശയങ്ങളും മനുഷ്യവിസർജ്യം കൊണ്ടുള്ള മലിനീകരണത്തിന്റെ ഭീഷണിയിലാണ്, ഒപ്പം ഏറിവരുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങളുടെ ആധിക്യവും. പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും മേൽ ഏറിവരുന്ന കൈയേറ്റങ്ങളുടെ പരിണിതഫലങ്ങൾ പ്രകടമാണെന്നും പ്രകൃതിയോടുള്ള കരുതൽ വർധിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ജൈവൈവിധ്യവും നല്ല മണ്ണും ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിക്കുന്നതിന് എത്രത്തോളം പ്രതിജ്ഞാബദ്ധമായ ഇടപെടലുകൾ ആവശ്യമുണ്ടെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്.
കേരളത്തിൽ പ്രകൃതി മനുഷ്യനു നൽകുന്ന സേവനങ്ങളുടെ ഇന്നത്തെ അവസ്ഥ (പട്ടിക 1, ചിത്രം 3) ഭാവിയിലേക്കും കൂടിയുള്ള ചൂണ്ടുപലകയാണ്.

പട്ടിക 1. കേരളത്തിൽ പ്രകൃതി മനുഷ്യനു നൽകുന്ന സേവനങ്ങളുടെ ഇന്നത്തെ അവസ്ഥ
ചിത്രം 3 : ആവാസവ്യവസ്ഥകളും പാരിസ്ഥിതിക സേവനങ്ങളും

സുസ്ഥിരഭാവിയും ഹരിത രാഷ്ട്രീയ ചിന്തകളും

സമ്പന്നമായ ജൈവവൈവിധ്യവും ഊർവരതയുള്ള മണ്ണും സമൃദ്ധമായ മഴയും ജലവിഭവങ്ങളും പോഷകസമൃദ്ധമായ തീരക്കടലും പ്രകൃതിയുടെ വരദാനമായി ലഭ്യമാണെങ്കിലും അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ പോലും സ്വയം പര്യാപ്തതയിൽ എത്താൻ നമുക്കായിട്ടില്ല. കൂടാതെ സമ്മർദം താങ്ങാനാകാത്ത നിലയിൽ സ്വാഭാവിക ആവാസവ്യവസ്ഥകൾ എത്തിയപ്പോൾ മാറുന്ന കാലാവസ്ഥയിൽ സ്വയംപ്രതിരോധം തീർക്കാനുള്ള ആവാസവ്യവസ്ഥകളുടെ കഴിവും നഷ്ടമാകുന്നു. കൂടാതെ ആവാസവ്യസ്ഥയുടെ ഉൽപാദനക്ഷമതയെ അടിസ്ഥാനമാക്കി ജീവസന്ധാരണം നടത്തുന്ന കർഷകർ, ഗോത്രസമൂഹങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ വരുമാനത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു. സാമൂഹ്യനീതിയുടെ കാര്യത്തിൽ ഏറെ പുരോഗതി നേടാൻ സംസ്ഥാനത്തിന് കഴിഞ്ഞുവെങ്കിലും പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പാർശ്വവത്കൃത സമൂഹത്തിന്റെ അവസ്ഥയിൽ കാര്യമായ മാറ്റം വന്നിട്ടില്ല എന്നുമാത്രമല്ല അവർക്ക് നയരൂപീകരണത്തിൽ പങ്കാളിത്തവും കുറഞ്ഞുവരുന്നു. അവരുടെ പ്രതിനിധികളായി അധികാരശ്രേണിയിൽ എത്തിയവരും പരിസ്ഥിതിക്കുനേരെ നടക്കുന്ന കയ്യേറ്റങ്ങളിൽ മൗനം പാലിക്കുന്ന കാഴ്ചയും വിരളമല്ല.

നവകേരള നിർമിതിക്കുവേണ്ട, ഹരിതരാഷ്ട്രീയ അജണ്ടകൾ പരിശോധിക്കാം. പ്രകൃതിവിഭവങ്ങളും ഉപജീവനസാധ്യതകളും: സമീപകാലത്ത് പുറത്തുവന്ന റിപ്പോർട്ടുകളായ വിശ്വപ്രകൃതി നിധി (WWF)യുടെ ലിവിങ്ങ് പ്ലാനെറ്റ് റിപ്പോർട്ട്, ഗ്ലോബൽ അസ്സെസ്സ്‌മെൻറ്​ ഓഫ് ദി സ്റ്റാറ്റസ് ഓഫ് ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസ് (Global Assessment of the State of Biodiversity and Ecosystem Services), വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ റിസ്‌ക്‌സ് റിപ്പോർട്ട് എന്നിവ സമ്പദ്​വ്യവസ്​ഥയും കാലാവസ്ഥയും നമ്മുടെ ആരോഗ്യവും സംരക്ഷിക്കുന്നതിന് ജൈവവൈവിധ്യത്തിന്റെ പ്രധാന്യം വെളിവാക്കുന്നവയാണ്.
കൂടാതെ നിലവിലെ വർധിച്ച ജൈവവൈവിധ്യ നാശം രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, എന്നിവയുടെ ഗുരുതരമായി ബാധിക്കുമെന്നും പഠനങ്ങൾ വെളിവാക്കുന്നു. അതുകൊണ്ടു തന്നെ പ്രകൃതിവിഭവ സംരക്ഷണം വഴി സാധാരണ ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വികേന്ദ്രീകൃത വികസന സംവിധാനങ്ങളിലൂടെ പരിഹാരം കാണേണ്ടതുണ്ട്. നാടൻ വിത്തിനങ്ങൾ, കന്നുകാലികൾ, മത്സ്യങ്ങൾ എന്നിവയെ ഉപയോഗിച്ചുള്ള ഇക്കോളജിക്കൽ കൃഷിരീതികൾ വഴി മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന നിരവധി മാതൃകകൾ പ്രാദേശികമായി ഉയർന്നുവരുന്നത് ശുഭോദർക്കമായ കാര്യമാണ്. ജൈവവൈവിധ്യ ബോർഡിന് കീഴിലുള്ള ജൈവവൈവിധ്യ പരിപാലന സമിതികൾ വഴി ജൈവവൈവിധ്യ സംരക്ഷണത്തിനൊപ്പം അവയുടെ സുസ്ഥിരമായ ഉപയോഗവും അതുവഴി ലഭ്യമാകുന്ന പ്രയോജനങ്ങളുടെ നീതിപൂർവകമായ പങ്കുവയ്ക്കലും സാധ്യമാകും. ജൈവവൈവിധ്യ പരിപാലന സമിതികൾ ജനകീയാസൂത്രണ സംവിധാനങ്ങളുടെ ഭാഗമാവുകയും വേണം. കൂടാതെ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ സേവനങ്ങളും ഇതിനായി പ്രയോജനപ്പെടുത്താം. ഗ്രാമസഭകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്തായാൽ പ്രാദേശിക ജൈവവൈവിധ്യം വികസനത്തിനുള്ള കരുതൽ ആയി മാറുകയും ചെയ്യും.

പശ്ചിമഘട്ട സംരക്ഷണത്തിൽ ഡോ. മാധവ് ഗാഡ്ഗിൽ മുന്നോട്ടുവച്ച ജനപക്ഷ ആശയങ്ങൾ രാഷ്ട്രീയകേരളം ഒരുമിച്ചുനിന്ന് തിരസ്‌കരിക്കുന്നതും നാം കണ്ടതാണ്. നവകേരള സൃഷ്ടിക്കായി കേരളസർക്കാർ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ തീർച്ചയായും ഒരു പാരിസ്ഥിതിക പരിപ്രേക്ഷ്യത്തിൽ ഊന്നിയതും പങ്കാളിത്തസമീപനം വിഭാവനം ചെയ്യുന്നതും ആണ്.

പ്രകൃതി സംരക്ഷണം, പ്രകൃതി മൂലധനം: വനങ്ങൾ, തണ്ണീർത്തടങ്ങൾ, പുഴകൾ, കായലുകൾ, കണ്ടൽക്കാടുകൾ, തീരക്കടൽ എന്നിവയുടെ സംരക്ഷണത്തെപ്പറ്റി കൂടുതൽ പ്രളയാനന്തരകാലത്തിൽ നവകേരളനിർമിതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യത്തെക്കുറിച്ച് ഒക്കെ വിശദമായ ചർച്ചകൾ നടക്കേണ്ട സമയവുമാണിത്. ഇതിൽ പുഴ സംരക്ഷണം മാത്രം ഇവിടെ വിശദമായി പ്രതിപാദിക്കാം.

മനുഷ്യ ഇടപെടലുകൾ, പ്രത്യേകിച്ചും കഴിഞ്ഞ അമ്പത് വർഷങ്ങളിൽ, കേരളത്തിലെ പുഴകളുടെ രൂപത്തിലും ഭാവത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഒരു പുഴ ജനിക്കുന്നത് അതിന്റെ നീർത്തടപ്രദേശങ്ങളിലാണ്. പ്രസ്തുത പ്രദേശങ്ങളിലെ കാടുകളിൽ വന്നിട്ടുള്ള കുറവും, നീർത്തടങ്ങളുടെ പാരിസ്ഥിതിക നാശവും, അനിയന്ത്രിതമായി തുടരുന്ന മണൽ വാരലും, വർധിച്ചുവരുന്ന ക്വാറികളും, കൈയേറ്റങ്ങളും പുഴകളുടെ പാരിസ്ഥിതിക നാശത്തിന് പ്രധാന കാരണങ്ങളാണ്.

പെരിയാർ / Photo: Wikimedia Commons

പശ്ചിമഘട്ട സംരക്ഷണത്തിലൂന്നിയ, പുഴകളെ ജീവനുള്ള ആവാസവ്യവസ്ഥയായി കണ്ടുകൊണ്ടുള്ള പുഴ- ബന്ധിത സമഗ്ര നവകേരള/വികസന പരിപ്രേഷ്യമാണ് നവകേരള സൃഷ്ടിയിൽ ആദ്യം ഉണ്ടാകേണ്ടത്. ഒരു പുതിയ പദ്ധതി നടപ്പിൽ വരുത്താൻ ശ്രമിക്കുമ്പോൾ പ്രാദേശികമായി അത് കാര്യമായി ചർച്ചാവിഷയമാക്കാതെ, ഇത്തരം വിഷയങ്ങളിൽ പ്രാവീണ്യമുള്ള പ്രഗൽഭരായ വ്യക്തികളുടെ അഭിപ്രായങ്ങൾ പാടെ അവഗണിച്ചു മുന്നോട്ടുപോകാനും ആവില്ല. പശ്ചിമഘട്ട സംരക്ഷണത്തിൽ ഡോ. മാധവ് ഗാഡ്ഗിൽ മുന്നോട്ടുവച്ച ജനപക്ഷ ആശയങ്ങൾ രാഷ്ട്രീയകേരളം ഒരുമിച്ചുനിന്ന് തിരസ്‌കരിക്കുന്നതും നാം കണ്ടതാണ്. നവകേരള സൃഷ്ടിക്കായി കേരളസർക്കാർ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ തീർച്ചയായും ഒരു പാരിസ്ഥിതിക പരിപ്രേക്ഷ്യത്തിൽ ഊന്നിയതും പങ്കാളിത്തസമീപനം വിഭാവനം ചെയ്യുന്നതും ആണ്. എന്നാൽ ഇവിടെ മുൻഗണന വേണ്ടത് പ്രളയം തകർത്ത ഭൗതികസാഹചര്യങ്ങളെ (വീട്, പാലം, റോഡുകൾ, എന്നിവ) കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ലോകോത്തരമായി, പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പുനഃസൃഷ്ടിക്കുക എന്നതാണ്. ഒപ്പം, ജനങ്ങൾക്കുള്ള നഷ്ടപരിഹാരവും.

അടുത്തത്, വെള്ളപ്പൊക്കം ഉൾപ്പെടെ ഇനി ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാൻ സ്വയം തയ്യാറാകുക എന്നതാണ്. ഇവിടെയാണ് പരിസ്ഥിതിയെ ആധാരമാക്കിയുള്ള വികസന സങ്കൽപ്പങ്ങൾക്ക് പ്രസക്തി. ഇവിടെ പരിഗണന ലഭിക്കേണ്ട വിഷയങ്ങൾ പ്രധാനമായും ഇവയാണ്. ഒന്ന്, ആവാസവ്യവസ്ഥകളുടെ, പ്രത്യേകിച്ച്, പുഴകളുടെയും വയലുകൾ ഉൾപ്പടെ തണ്ണീർത്തടങ്ങളുടെയും, ഇടങ്ങൾ നിലനിറുത്തുക എന്നതാണ്. രണ്ട്, ഒരു ആവാസവ്യവസ്ഥ എന്ന നിലയിൽ ഇവയുടെ പരിപാലനവും അതിനുവേണ്ട സംവിധാനങ്ങളും പശ്ചിമഘട്ട സംരക്ഷണവും. മൂന്ന്, പുഴ ഉൾപ്പെടെയുള്ള ആവാസവ്യവസ്ഥകളെ സുസ്ഥിരവികസനത്തിനുവേണ്ട പാരിസ്ഥിതികവും സാമ്പത്തികവും, സാമൂഹ്യവുമായ ഭദ്രത ഉറപ്പുവരുത്തുന്ന സങ്കേതങ്ങളാക്കി എങ്ങനെ മാറ്റാം എന്ന ചിന്ത. നാല്, ഏതു വികസനചിന്തകൾക്കും ആധാരമാകേണ്ടത് ഇതുവരെ നാം തുടർന്നുവന്ന രീതികളിലെ തെറ്റും ശരിയും കൃത്യമായി വിശകലനം ചെയ്യാനും, പാരിസ്ഥിക അവബോധമുള്ള പുതിയ ഒരു തലമുറയെ സൃഷിക്കാനുമുള്ള വിദ്യാഭ്യാസ-ബോധവൽകരണ-ഗവേഷണ പദ്ധതികളാണ്. ഭൂമിയുടെ തുടർച്ചക്ക്, ജൈവസമ്പത്തിന്റെ സുസ്ഥിരതയ്ക്ക്, പാരിസ്ഥിതികമൂല്യങ്ങൾ ഉൾക്കൊള്ളുന്ന പരസ്പരപൂരക പരസ്പരാശ്രിത ജനസമൂഹങ്ങളും സംസ്‌കാരവും അനിവാര്യമാണ്.

ഗാഡ്ഗിൽ കമ്മിറ്റിയുടെ നിർദേശങ്ങളുടെ പ്രസക്തി പ്രാദേശികമായി ചർച്ചചെയ്യപ്പെടണം. ജൈവവൈവിധ്യ ബോർഡിന്റെ കീഴിൽ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികൾക്ക് ഇതിന് നേതൃത്വം നൽകാം.

പുഴകളുടെ നാടാണ് കേരളം, എങ്കിലും പുഴകൾക്ക് ഒഴുകുവാനുള്ള ‘അവകാശം' നമ്മുടെ ചർച്ചകൾക്ക് വിഷയീഭവിച്ചിട്ടില്ല. പുഴകളുടെ വഴി അവ സ്വയം കണ്ടെത്തുന്നതാണ്. ഇക്കഴിഞ്ഞ പ്രളയത്തിലും ഏറ്റവുമധികം മനുഷ്യനാശവും സാമ്പത്തികനാശവും ഉണ്ടായതിനുപിന്നിലും വികസനമന്ത്രങ്ങളിൽ നാം പുഴയുടെ വഴി മറന്നതുകൊണ്ടാണെന്ന് കാണേണ്ടിവരും. ഇനി വരാൻ സാധ്യതയുള്ള പ്രകൃതിദുരന്തങ്ങൾ പ്രതിരോധിക്കാൻ വേണ്ട അനുകൂലന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതും ആവാസവ്യവസ്ഥകളെ അടിസ്ഥാനമാക്കി ആവണം, അവയുടെ പാരിസ്ഥിതികഭദ്രതയെ ആധാരമാക്കി വേണം.
വിദ്യാസമ്പന്നർ ഏറെയുള്ള, മുന്തിയ പാരിസ്ഥിക അവബോധമുഉള്ള കേരളത്തിലും പുഴസംരക്ഷണ ചർച്ചകൾ, തീരത്ത് മുള വയ്ക്കുന്നതിലും, തടയണകൾ നിർമിക്കുന്നതിലും, മാലിന്യങ്ങൾ വൃത്തിയാക്കുന്നതിലും ആയി പരിമിതപ്പെടുന്നത് ഖേദകരമാണ്. പുഴകളുടെ വഴികൾ, അവയുടെ നീർത്തടം, വൃഷ്ടിപ്രദേശം, വെള്ളപ്പൊക്കപ്രദേശങ്ങൾ, പുഴയോര കാടുകൾ, ജൈവവൈവിധ്യം, നീരൊഴുക്കും അതിലെ വ്യതിയാനങ്ങളും, നീർത്തടമേഖലയുടെ ആരോഗ്യവും ലഭിക്കുന്ന മഴയും, പാരിസ്ഥിതിക സേവനങ്ങളുടെ മൂല്യം, പുഴയെ ആശ്രയിച്ചുജീവിക്കുന്ന ജനവിഭാഗങ്ങൾ എന്നിവയൊക്കെ കൃത്യമായി രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. കൃത്യമായ ലക്ഷ്യങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും നൽകി ഇത് പരിഹരിക്കാവുന്നതാണ്. കൂടാതെ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഗവേഷണ- അക്കാദമിക സ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും, പൗര ശാസ്ത്രജ്ഞർക്കും അവയുടെ സാമൂഹ്യബാധ്യത ഉൾക്കൊണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവാം.

പുഴയിലെ നീരൊഴുക്ക് നിലനിർത്താൻ അവശ്യം വേണ്ടത് തലപ്പിലെ നീർത്തടങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുക എന്നതാണ്. ഇത് പശ്ചിമഘട്ടസംരക്ഷണത്തിൽ ഊന്നിയാകേണ്ടതുണ്ട്. ഗാഡ്ഗിൽ കമ്മിറ്റിയുടെ നിർദേശങ്ങളുടെ പ്രസക്തി പ്രാദേശികമായി ചർച്ചചെയ്യപ്പെടണം. ജൈവവൈവിധ്യ ബോർഡിന്റെ കീഴിൽ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികൾക്ക് ഇതിന് നേതൃത്വം നൽകാം.

2020-ൽ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി / Photo: Wikimedia Commons

പരിസ്ഥിതിലോലമേഖലകൾ, ഭൂകമ്പവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിലെ നിർമാണപ്രവർത്തനങ്ങൾ, ക്വാറികൾ എന്നിവ കർശനമായി നിയന്ത്രിക്കപ്പെടണം. ജൈവവൈവിധ്യ ബോർഡ് വിശദമായ ചർച്ചകൾക്കുശേഷം തയ്യാറാക്കിയ ഭൂവിനിയോഗനയം പ്രാവർത്തികമാകണം.
നടപ്പിലാക്കാൻ തുടങ്ങി പാതിവഴിയിൽ ഉപേക്ഷിച്ച നീർത്തടാധിഷ്ടിത വികസനം കൂടുതൽ ചർച്ചചെയ്യപ്പെടുകയും മെച്ചപ്പെട്ട രീതിൽ നടപ്പിലാക്കപ്പെടുകയും വേണം. കഴിഞ്ഞ 60 വർഷങ്ങൾക്കുള്ളിൽ നിർമിക്കപ്പെട്ട ചെറുതും വലുതുമായ എൺപതോളം ജലസേചന-ജലവൈദ്യുത അണക്കെട്ടുകൾ കേരളത്തിലുണ്ട്. മുടക്കുമുതലുമായി താരതമ്യംചെയ്ത് നമ്മുടെ അണക്കെട്ടുകൾ ഇതുവരെ സംഭാവന ചെയ്തിട്ടുള്ള മൂല്യങ്ങൾ ഒരു സാമൂഹ്യകണക്കെടുപ്പിനു വിധേയമാകേണ്ടതാണ്. ഉള്ള അണക്കെട്ടുകളുടെ ബലവും വെള്ളം ശേഖരിക്കാനുള്ള കഴിവും കൃത്യമായി നിരീക്ഷിക്കാനും അവ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനും, അടിഞ്ഞുകൂടിയ എക്കലും മണലും കൃത്യമായി നീക്കംചെയ്യാനുമുള്ള സംവിധാനങ്ങളും വേണം. കാലാകാലങ്ങളിൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്, ശേഖരിക്കപ്പെടുന്ന മണലിന്റെ തോത്, വൃഷ്ടിപ്രദേശത്ത് ലഭ്യമാകുന്ന മഴ, കാലാവസ്ഥാമാറ്റം വരുത്താനിടയുള്ള മാറ്റങ്ങൾ എന്നിവ രേഖപ്പെടുത്തി മോഡലിങ് നടത്തി പരിപാലനസംവിധാനങ്ങൾ രൂപപ്പെടുത്താനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. ഇത്തരം കണക്കുകൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണം. പുഴകളുടെ വെള്ളപ്പൊക്കമേഖലകൾ കൃത്യമായി രേഖപ്പെടുത്തുകയും അനധികൃത നിർമാണങ്ങളും കൈയേറ്റവും കർശനമായി തടയുകയും വേണം. നാട്ടിലെ ജലാശയങ്ങൾ, വയലുകൾ ഉൾപ്പടെയുള്ള തണ്ണീർതടങ്ങൾ എന്നിവയെപ്പറ്റിയുള്ള ഡേറ്റ ബാങ്ക് പ്രസിദ്ധീകരിക്കണം. അണക്കെട്ടുകൾക്ക് താഴെ പുഴയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ നീരൊഴുക്ക് നിലനിർത്താനുള്ള ഉത്തരവാദിത്തബോധവും രാഷ്രീയ ഇച്ഛാശക്തിയും അനിവാര്യമാണ്.

പുഴ എന്നത് വിവിധ വകുപ്പുകളുടെ അധികാരപരിധിയിൽ വരികയും പദ്ധതി നടത്തിപ്പ് പാരിസ്ഥികബോധമില്ലാത്ത ഉദ്യോഗസ്ഥരാൽ നിറവേറ്റപ്പെടുകയും ചെയ്യുമ്പോൾ വേണ്ട ഫലം ലഭിക്കാതെ വരുന്നു.

നെതർലൻഡ്സ്, ജപ്പാൻ എന്നിവിടങ്ങളിലാണ് പുഴകളിൽ പ്രളയ നിയന്ത്രണത്തിനും അവയുടെ പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമുള്ള മികച്ച മാതൃകകൾ നിലവിലുള്ളത്. ഇവിടെയെല്ലാം പരിസ്ഥിതി പുനഃസ്ഥാപനത്തിനാണ് മുൻഗണന നൽകിയിരിക്കുന്നത്. പുഴകളുടെ വൃഷ്ടിപ്രദേശത്ത് പരിസ്ഥിതി പുനഃസ്ഥാപനം, പുഴയുടെ പാർശ്വങ്ങളിൽ പ്രാദേശികമായി വളരുന്ന സസ്യങ്ങൾ വച്ചുപിടിപ്പിച്ച് ദൃഢമാക്കൽ, പ്രളയജലം ശേഖരിക്കാൻ കൃത്രിമ തണ്ണീർത്തടങ്ങൾ സൃഷ്ടിക്കൽ, ഉള്ള തണ്ണീർത്തടങ്ങളുടെ പുനഃസ്ഥാപനം, നഗരങ്ങളിൽ പുഴകൾ വളഞ്ഞ് ഒഴുകുന്ന മേഖലകളിൽ (ഇത്തരം പ്രദേശങ്ങളിലൂടെയാണ് പ്രളയജലം നഗരത്തിൽ പ്രവേശിക്കുന്നത്) ഇവയെ ഋജുവാക്കി ഒഴുക്കൽ, കൃത്യമായ പരിപാലനവും നിരീക്ഷണവും ഇതൊക്ക പ്രളയം ഒഴിവാക്കാൻ നടപ്പാക്കുന്ന കാര്യങ്ങളാണ്. ഇതിനായി പാവീണ്യം നേടിയ ശാസ്ത്രജ്ഞർ, സാങ്കേതികവിദഗ്ദ്ധർ എന്നിവർ നേതൃത്വം നൽകുന്ന പ്രത്യേക സ്ഥാപനങ്ങളും സ്ഥാപിതമായിട്ടുണ്ട്.

എന്നാൽ, പുഴ എന്നത് വിവിധ വകുപ്പുകളുടെ അധികാരപരിധിയിൽ വരികയും പദ്ധതി നടത്തിപ്പ് പാരിസ്ഥികബോധമില്ലാത്ത ഉദ്യോഗസ്ഥരാൽ നിറവേറ്റപ്പെടുകയും ചെയ്യുമ്പോൾ വേണ്ട ഫലം ലഭിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ പുഴകളുടെ പുനഃസ്ഥാപനത്തിന് മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ നേതൃത്വം നൽകുന്ന ഒരു സംവിധാനം (ഉദാ: റിവർ മാനേജ്മെന്റ് അതോറിട്ടി) അവശ്യം വേണ്ടിവരും. ഓരോ ജില്ലാ ഭരണകൂടങ്ങളിലും ചെലവാകാതെ കിടക്കുന്ന റിവർ മാനേജ്‌മെന്റ് ഫണ്ട് ഇതിനായി ഉപയോഗിക്കാം. പ്രാദേശിക സർക്കാരുകൾ, സന്നദ്ധസംഘടനകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ പൂർണപങ്കാളിത്തം പദ്ധതി നടത്തിപ്പിലും തുടർപ്രവർത്തനങ്ങളിലും ഉണ്ടാവുകയും വേണം. പദ്ധതിനിർവഹണവും രേഖകളും സാമൂഹ്യ ഓഡിറ്റിന് വിധേയമാക്കുകയും വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തുകയും വഴി പൊതുസമൂഹത്തിന് ഇത്തരം പ്രവർത്തനങ്ങളിലെ വിശ്വാസ്യത വീണ്ടെടുക്കാനുമാകും.

മലിനീകരണ നിയന്ത്രണം, മണൽവാരൽ നിയന്ത്രണം, തുടങ്ങിയ നിയന്ത്രണോപാധികൾക്കൊപ്പം മണൽ പോലുള്ള പ്രകൃതിവിഭവങ്ങൾക്ക് ബദൽ വസ്തുക്കൾ കണ്ടെത്തുകയും പുതിയ പരിസ്ഥിതിസൗഹൃദ നിർമാണരീതികൾക്ക് പ്രചാരം ലഭിക്കുകയും വേണം. സംസ്ഥാനത്ത് നിർമിച്ചശേഷം ഉപയോഗിക്കാതെ കിടക്കുന്ന ലക്ഷക്കണക്കിന് വീടുകൾ ഭവനരഹിതർക്ക് നൽകാൻ സംവിധാനം വേണം.

എല്ലാ ജലാശയങ്ങളിലും ജലവിഭവങ്ങൾ ഭീഷണിയിലാണ്. പുഴയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിലൂടെ മാത്രമേ വിഭവപരിപാലനം പൂർണമായി നടപ്പാക്കാൻ കഴിയൂ. ജല ആവാസവ്യവസ്ഥയിൽ ജൈവസമ്പന്നവും എന്നാൽ ഭീഷണി നേരിടുന്നതുമായ കൂടുതൽ പ്രദേശങ്ങൾ സംരക്ഷിതമേഖലകളായി മാറേണ്ടതുണ്ട്.

പുഴ പുനഃസ്ഥാപനം (river restoration) എന്നത് സങ്കീർണ പ്രകിയയാണ്. ഇതിൽ രാജ്യത്ത് അധികം മാതൃകകളും ലഭ്യമല്ല. എന്നാൽ വിദേശ രാജ്യങ്ങളിൽ നിലനിൽക്കുന്ന മാതൃകകൾ അതുപടി പകർത്തുകയല്ല മറിച്ച് അവ എങ്ങനെ പ്രാദേശിക പാരിസ്ഥിതിക ചുറ്റുപാടുകളിൽ നടപ്പാക്കാം എന്നതാണ് സംയോജിത ഗവേഷണ പ്രവർത്തനങ്ങൾ വഴി തിരിച്ചറിയേണ്ടത്. പലപ്പോഴും വിദേശമാതൃകകൾ ഇവിടെ പരാജയപ്പെടാനുള്ള ഒരു കാരണവും ഇതാണ്. ഉദാഹരണത്തിന്, പുഴകളുടെ പുനഃസ്ഥാപനത്തിന് നെതർലൻഡ്സ്, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ നടപ്പിലാക്കിയിരിക്കുന്ന മികച്ച മാതൃകകളിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് ശാസ്ത്രീയ നീർത്തട പരിപാലനം, പുഴയോര കാടുകളുടെ പരിപാലനം, വെള്ളപ്പൊക്ക മേഖലകൾ വേർതിരിച്ച് കൃത്രിമ നീർത്തടങ്ങൾ സൃഷ്ടിക്കൽ, ജനവാസകേന്ദ്രങ്ങളിലൂടെ വളഞ്ഞ് ഒഴുകുന്ന നദികളെ അതിനുമുമ്പ്തന്നെ നേരെയാക്കി വെള്ളപ്പൊക്കസാധ്യത ഒഴിവാക്കൽ, പുഴയുടെ ആരോഗ്യത്തിനുവേണ്ട ജലലഭ്യത ഉറപ്പുവരുത്തൽ, തുടർച്ചയായ നിരീക്ഷണ പഠനങ്ങൾ എന്നിവയാണ്. ഇത്തരം സമഗ്രമായ പദ്ധതികളുടെ അഭാവത്തിൽ പുഴസംരക്ഷണം നാം കൊട്ടിഘോഷിച്ച് നടപ്പിലാക്കി പരാജയപ്പെട്ട പദ്ധതികളിൽ ഒന്നുകൂടി കൂട്ടിച്ചേർക്കാൻ മാത്രമേ ഉപകരിക്കൂ.

കടലും സഹ്യപർവതവും, കാടും പുഴയും ചേർന്ന് സൃഷ്ടിക്കുന്ന സങ്കീർണമായ ഒരു പാരിസ്ഥിതിക സാഹചര്യമാണ്, അതിന്റെ ഡൈനാമിക്‌സ് ആണ് കേരളത്തിന്റെ സവിശേഷ സ്വഭാവത്തിന് നിദാനം. കേരളത്തിന്റെ തീരപ്രദേശത്ത് അറബിക്കടലിനു സമാന്തരമായി കിടക്കുന്ന കായൽശൃംഖലയുടെ ആരോഗ്യവും, തീരക്കടലിന്റെ ഉൽപാദനക്ഷമതയും, കടൽതീരങ്ങളുടെ നിലനിലനിൽപ്പുമൊക്കെ പുഴകളുടെ ആരോഗ്യവുമായി പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. കടലിനും സഹ്യാദ്രിക്കുമിടയിലെ ശരാശരി വീതി 55- 60 കിലോമീറ്റർ മാത്രമാണ്. ഇത്തരം സവിശേഷ സാഹചര്യങ്ങൾ കൊണ്ട് തന്നെ ആവാസവ്യവസ്ഥകളുടെ സമഗ്ര സംരക്ഷണത്തിലൂടെ മാത്രമേ കേരളത്തിൽ സുസ്ഥിരവികസനം സാധ്യമാകൂ.

ആഗോളവൽകരണത്തിന്റെ ഭാഗമായി ലോകം മുഴുവൻ ഒറ്റ സംസ്‌കാരത്തിന് കീഴിലേക്ക് പ്രയാണം തുടരുമ്പോൾ മനുഷ്യരുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ചവറുഭക്ഷണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമാണ്. ഏറ്റവുമധികം പരസ്യം നൽകി വിറ്റഴിക്കപ്പെടുന്ന കോർപറേറ്റ് ഭക്ഷ്യവസ്തുക്കൾ നമ്മുടെ നാട്ടിലും വ്യാപകമാകുന്നു.

ആവാസവ്യവസ്ഥകളുടെ നിയന്ത്രണം മാഫിയകൾ കൈയടക്കുകയും സ്വന്തം നാട്ടിലെ കുടിവെള്ളത്തിൽ വിശ്വാസം നഷ്​ടപ്പെട്ട് കോർപറേറ്റ്​ കമ്പനികളുടെ കുടിവെള്ളത്തിലും സാങ്കേതികവിദ്യയിലും മാത്രം വിശ്വസിക്കുകയും ചെയ്യുന്നത് അപകടകരമായ പ്രവണതയാണ്. മാറുന്ന കാലാവസ്ഥയിൽ ചുറ്റുമുള്ള പ്രകൃതിയെ ആഴത്തിൽ അറിയാനും ഉൾക്കൊള്ളാനും കെൽപ്പുള്ള പാരിസ്ഥിതിക സംസ്‌കാരവും അതിനുതകുന്ന വിദ്യാഭ്യാസ സംസ്‌കാരവും കൂടി പരിണമിച്ചുവരേണ്ടതുണ്ട്.

ഭക്ഷ്യസുരക്ഷ

പരിസ്ഥിതി ചർച്ചകളിൽ പരിഗണിക്കാതെ തള്ളിക്കളയുന്നത് ഭക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ആഗോളതലത്തിൽ ഭീകരമായ കമ്പോളവൽകരണമാണ് കൃഷി, ആഹാരോൽപാദനം എന്നീ മേഖലകളിൽ നടക്കുന്നത്. ആഗോളവൽകരണത്തിന്റെ ഭാഗമായി ലോകം മുഴുവൻ ഒറ്റ സംസ്‌കാരത്തിന് കീഴിലേക്ക് പ്രയാണം തുടരുമ്പോൾ മനുഷ്യരുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ചവറുഭക്ഷണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമാണ്. ഏറ്റവുമധികം പരസ്യം നൽകി വിറ്റഴിക്കപ്പെടുന്ന കോർപറേറ്റ് ഭക്ഷ്യവസ്തുക്കൾ നമ്മുടെ നാട്ടിലും വ്യാപകമാകുന്നു. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബർഗറുകളും പിസയും ഉയർന്ന കലോറി മൂല്യവും കൊഴുപ്പും മനുഷ്യന് സമ്മാനിക്കുന്നതിനാൽ തന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. വിത്ത്, കീടനാശിനികൾ, രാസവളം എന്നിവയുടെ വിതരണം ഏതാനും കുത്തക കമ്പനികളുടെ വരുതിയിൽ ആകുമ്പോൾ ഇന്ത്യ പോലുള്ള മൂന്നാംലോക രാജ്യങ്ങളിൽ കാലാവസ്ഥാമാറ്റത്തിന്റെയും പരിസ്ഥിതിനാശത്തിന്റെയും ഇടയിൽ നട്ടംതിരിയുന്ന കർഷകർക്ക് ശുഭകരമായ ഭാവിയും അല്ല. അതുകൊണ്ടുത്തന്നെ പ്രാദേശികവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യസുരക്ഷ, പോഷകസുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകേണ്ടിവരും.

സാമൂഹ്യനീതി, സുതാര്യത, ഉത്തരവാദിത്ത ബോധം

സാമൂഹ്യനീതി ഉറപ്പുവരുത്തലാണ് ജനകീയ സർക്കാരുകളുടെ പ്രാഥമിക ചുമതല എന്ന സമീപനമാണ് ആദ്യം ഉണ്ടാകേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ സർക്കാർ കൂടുതൽ ക്രിയാത്മകമായി ഇടപെടുകയും പൊതുവിതരണസംവിധാനം വിപുലപ്പെടുത്തുകയും അഴിമതി മുക്തമാക്കുകയും വേണം.

നമ്മുടെ അയൽരാജ്യമായ ഭൂട്ടാൻ ആളോഹരി സന്തോഷം എന്ന ആശയം ഭരണഘടനയുടെ ഭാഗം തന്നെ ആക്കിയിരിക്കുന്നു / Photo: Flickr

മാനവിക മൂലധനം മെച്ചപ്പെടുന്നതിന് വിദ്യാഭ്യാസപ്രക്രിയയിൽ തന്നെ പ്രകടമായ വ്യതിയാനങ്ങൾ വരുത്താൻ കഴിയണം. ഉന്നതവിദ്യാഭ്യാസരംഗത്ത് നൈപുണ്യവികസനത്തിൽ അധിഷിതമായ പഠനരീതികളും തൊഴിൽമേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തുന്ന ഗുണനിലവാരമുള്ള സവിശേഷ പാഠ്യപദ്ധതികളും വേണം. ചെറുവിഷയങ്ങളിലായി പരിമിതപ്പെടുന്ന സർവകലാശാലകൾക്കു ബദലായി ലിബറൽ ആർട്‌സ് സർവകലാശാലകൾ നിലവിൽവരുമ്പോൾ സുസ്ഥിരവികസനം എന്ന ആശയം പാഠ്യപദ്ധതികളിൽ കൃത്യമായി സന്നിവേശിപ്പിക്കാൻ കഴിയും. പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ടു നടക്കുന്ന പദ്ധതികളെല്ലാം സാമൂഹിക- സാമ്പത്തിക- പാരിസ്ഥിതിക മാനങ്ങളുള്ളതും സുതാര്യവും ചെലവ്- ഗുണഫലങ്ങൾ വ്യക്തമായി വിശകലനം ചെയ്യപ്പെടുന്നവയും ആകേണ്ടതുണ്ട്. പദ്ധതികൾ കൃത്യമായി നടക്കാൻ വകുപ്പുകളുടെ ഏകോപനവും ജനപങ്കാളിത്തവും കൂടുതൽ താഴെത്തട്ടിൽ എത്തിപ്പെടേണ്ടതുണ്ട്.

ആഗോളതലത്തിൽ ആഗോളവൽകരണത്തിലും നവലിബറൽ സമീപനങ്ങളിലും പെട്ടെന്ന്​ ഒരു മാറ്റം പ്രതീക്ഷിക്കാനാവില്ല. എങ്കിലും സുസ്ഥിരവികസനം പ്രാദേശികതലത്തിൽ നടപ്പിലാക്കുന്ന ചെറുസമൂഹങ്ങളായി പ്രവർത്തിക്കാനും നവലിബറൽ സങ്കേതങ്ങളുടെ പരിമിതികൾ തുറന്നുകാട്ടാനും നമുക്ക് കഴിയണം.

കാലാവസ്ഥാപൂരകമായ വികസന സമീപനം എല്ലാ തട്ടിലും വളർന്നുവരണം. സുസ്ഥിര ജീവിതരീതികൾ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ സന്തോഷം വർധിപ്പിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകുകയും വേണം. ഉദാഹരണത്തിന് ആഗോള ഹാപ്പിനെസ്​ ഇൻഡെക്‌സിൽ ഒന്നാമതായി നിൽക്കുന്ന ഫിൻലൻഡ് ഉയർന്ന ആളോഹരി വരുമാനം, ആരോഗ്യം, മഹാമനസ്‌കത, സമൂഹ സ്വാതന്ത്ര്യം, അഴിമതിയിൽ നിന്ന് വിമുക്തി എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. നമ്മുടെ അയൽരാജ്യമായ ഭൂട്ടാൻ ആളോഹരി സന്തോഷം (Gross National Happiness or GNH) എന്ന ആശയം ഭരണഘടനയുടെ ഭാഗം തന്നെ ആക്കിയിരിക്കുന്നു. ആളോഹരി വരുമാനം എന്ന വിപണിയെ ആധാരമാക്കിയുള്ള ആശയത്തിനു ബദലായി കൊണ്ടുവന്ന ജി.എൻ.എച്ചിന്റെ നാല് അടിസ്ഥാന സ്തൂപങ്ങൾ ഭൂട്ടാൻ നിശ്ചയിച്ചത് ഇവയാണ്: 1 . സാമൂഹിക- സാമ്പത്തിക വികസനം. 2. സാംസ്‌കാരികത്തനിമയുടെ സംരക്ഷണവും വികസനവും. 3. പ്രകൃതി സംരക്ഷണം. 4. സൽഭരണം.

ആഗോളതലത്തിൽ ആഗോളവൽകരണത്തിലും നവലിബറൽ സമീപനങ്ങളിലും പെട്ടെന്ന്​ ഒരു മാറ്റം പ്രതീക്ഷിക്കാനാവില്ല. എങ്കിലും സുസ്ഥിരവികസനം പ്രാദേശികതലത്തിൽ നടപ്പിലാക്കുന്ന ചെറുസമൂഹങ്ങളായി പ്രവർത്തിക്കാനും നവലിബറൽ സങ്കേതങ്ങളുടെ പരിമിതികൾ തുറന്നുകാട്ടാനും നമുക്ക് കഴിയണം. ശാസ്ത്രസാങ്കേതിക വികാസം കൂടുതൽ കരുത്താർജിക്കുകയും നിർമിതബുദ്ധി സമസ്ത മേഖലകളിലേക്കും വ്യാപിക്കുകയും ചെയ്യും. എന്നാൽ ഓരോരുത്തരും സ്വയം കണ്ടെത്തുക എന്നതാണ് ഇത്തരുണത്തിൽ അഭികാമ്യം. നല്ല അനുഭവങ്ങളും സന്തോഷവും പങ്കുവച്ചും ഇടുങ്ങിയ മത- ജാതി ചിന്തകളിൽ നിന്ന് മാറിയും സമൂഹങ്ങൾ പരസ്പരം ബന്ധപ്പെട്ടു നിൽക്കേണ്ടതായിവരും.

കൂടാതെ നിർമിതബുദ്ധിയുടെ കാലഘട്ടത്തിൽ പുതിയ തലമുറ സാമൂഹ്യ നിലനിൽപ്പ് ശീലമാക്കുകയും മാനസികവൈഭവം വർധിപ്പിക്കാനുള്ള നൈപുണ്യ പരിപാടികളിൽ കൂടുതൽ പങ്കെടുക്കുകയും ആവാം. ബുദ്ധിയേക്കാൾ സുബോധമാണ് മനുഷ്യന് വേണ്ടതെന്നും, ജീവവർഗങ്ങൾ വെറും അൽഗോരിതങ്ങൾ (കണക്കുവഴികൾ) അല്ലെന്നും, ജീവിതം വിവരവിശകലനം അല്ലെന്നും, പുരോഗതി എന്നത് കമ്പോളവും കച്ചവടവും ലാഭവും സമ്പത്ത് ആർജിക്കലും അല്ലെന്നുമുള്ള ബോധവും അനിവാര്യമാണ്. ഒരുപക്ഷെ മാനവരാശിയുടെ ഭാവിയെപ്പറ്റിയുള്ള പ്രത്യാശ അവർ സഹാനുഭൂതിയും അനുകമ്പയും എത്രകണ്ട് പ്രകടിപ്പിക്കും എന്നതിലാണ് എന്നതുകൊണ്ടുതന്നെ സുസ്ഥിര ജീവിതശൈലികളും സുസ്ഥിര വികസന സമീപനങ്ങളും പഠനപ്രക്രിയയുടെ ഭാഗമാവുകയും വേണം. അറിവാണ് അതിജീവനത്തിനുള്ള കരുത്ത് എന്ന തിരിച്ചറിവാണ് അനിവാര്യം. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പ്രൊഫ. എ. ബിജു കുമാർ

കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം പ്രൊഫസറും മേധാവിയും. സർവകലാശാലയിലെ സയൻസ് ഫാക്കൽറ്റി ഡീൻ, റിസർച്ച് ഡയറക്ടർ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി സയന്റിഫിക് ഓഫീസർ, ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി (ഇൻചാർജ്) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജലപരിസ്ഥിതി, ജൈവവൈവിധ്യം എന്നിവയാണ് ഗവേഷണ മേഖലകൾ. 30 വർഷത്തെ അധ്യാപന-ഗവേഷണ പരിചയം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) സ്പീഷീസ് സർവൈവൽ കമ്മീഷൻ (എസ്.എസ്.സി.) അംഗം. സയൻസ് കമ്മ്യൂണിക്കേറ്ററും പരിസ്ഥിതി അധ്യാപകനും. ഇരുനൂറിധികം ഗവേഷണപ്രബന്ധങ്ങളും 25 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50-ലധികം പുതിയ സ്പീഷീസുകളെയും 8 പുതിയ ജനുസ്സുകളെയും പുതുതായി കണ്ടെത്തിയിട്ടുണ്ട്.

Comments