പരിസ്ഥിതിവാദികളും വികസനവാദികളും ഏറ്റുമുട്ടേണ്ടതുണ്ടോ?

പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുഴുവൻ വികസന പ്രത്യയശാസ്ത്രത്തിന്റെ ഒരു 'മറ' കൊണ്ടുവരാനുള്ള ബോധപൂർവ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതോടൊപ്പം പരിസ്ഥിതിവാദികളെ വികസനവിരോധികളുമാക്കുന്നു.

Truecopy Webzine

രിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുഴുവൻ വികസന പ്രത്യയശാസ്ത്രത്തിന്റെ ഒരു "മറ' കൊണ്ടുവരാനുള്ള ബോധപൂർവ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും പരിസ്ഥിതിവാദികൾ വികസന വിരോധികളാക്കുകയാണെന്നും പ്രൊഫ. എ. ബിജു കുമാർ ട്രൂകോപ്പി വെബ്‌സീനിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന ആശയം ലോകമെമ്പാടും തമസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. മൂലധന നിക്ഷേപം മാത്രമാണ് വികസനത്തിന്റെ ഒരേ ഒരു മാനദണ്ഡം എന്ന നവഉദാരവൽകരസമീപനത്തിന് കോവിഡനന്തര കാലഘട്ടത്തിൽ ഏറെ മാറ്റം വന്നിരിക്കുന്നതായും പ്രൊഫ. എ. ബിജു കുമാർ എഴുതുന്നു.

പ്രകൃതിദത്ത മൂലധന നിക്ഷേപത്തിലുണ്ടാകുന്ന കുറവ് ഭൂമിയുടെ നിലനിൽപ്പിന് മാത്രമല്ല പ്രാദേശികമായ സുസ്ഥിര വികസനത്തിനുതന്നെ ഹാനികരമായി ഭവിച്ചേക്കാം എന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതിനീതി, സാമൂഹ്യനീതി, അടിസ്ഥാനമൂല്യങ്ങൾ എന്നിവ സംരക്ഷിക്കാൻ പ്രകൃതിദത്ത മൂലധനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം രണ്ട് പ്രളയങ്ങളും കോവിഡ്-19 മഹാമാരിയും നമ്മെ ഓർമപ്പെടുത്തുന്നു. ഒപ്പം, പ്രളയങ്ങളുടെയും വരൾച്ചകളുടെയും, കാലാവസ്ഥാമാറ്റത്തിന്റെയും, മഹാമാരികളുടെയും, കൂട്ട വംശനാശത്തിന്റെയും, പരിസ്ഥിതിബന്ധിത പലായനങ്ങളുടെയും ദാരിദ്ര്യത്തിന്റെയും മലിനീകരണത്തിന്റെയും ഒക്കെ മുന്നിൽ പകച്ചുനിൽക്കുന്ന ലോകത്തിന് പരിസ്ഥിതി-ബന്ധിത പരിഹാരങ്ങൾ, സുസ്ഥിര വികസനം, നൈപുണ്യവികസനം, സമാധാനം, സന്തോഷം എന്നിവയിലൂന്നിയ പുതുലോക സൃഷ്ടിക്ക് ഹരിത രാഷ്ട്രീയചിന്ത അനിവാര്യമായിരിക്കുന്നു.

പരിസ്ഥിതിബോധം, സാമൂഹ്യനീതി, അക്രമരാഹിത്യം, പങ്കാളിത്ത ജനാധിപത്യം, ലിംഗസമത്വം തുടങ്ങിയ ആശയങ്ങളിലൂന്നി പാരിസ്ഥികമായി സുസ്ഥിരമായ സമൂഹത്തെ വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുള്ള രാഷ്ട്രീയ തത്ത്വശാസ്ത്രമാണ് ഹരിത രാഷ്ട്രീയം (Green politics/ Ecopolitics). പാശ്ചാത്യ രാജ്യങ്ങളിലാണ് ഇത്തരം ആശയം രൂപംകൊണ്ടത് എങ്കിലും ആഗോളതലത്തിൽ ഈ തത്വശാസ്ത്രത്തിന് പ്രസക്തി വർധിക്കുകയാണ്.

2020-ൽ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി / Photo: Wikimedia Commons

ന്യൂസിലൻഡിലെ വാല്യൂ പാർട്ടി, ഇംഗ്ലണ്ടിലെ ഇക്കോളജി പാർട്ടി, ജർമനിയിലെ ഗ്രീൻ പാർട്ടി തുടങ്ങി നിരവധി സംരംഭങ്ങളിൽ തുടങ്ങിയ ഹരിതരാഷ്ട്രീയം ഫിൻലൻഡിലും ന്യൂസിലൻഡിലും ഒക്കെ ഹരിതപാർട്ടികൾ ഉൾപ്പെടുന്ന സർക്കാരുകൾ നിലവിൽ വന്നതോടെ കൂടുതൽ ലോകശ്രദ്ധയിൽ എത്തിയിരിക്കുന്നു. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് മാറിനിന്ന അമേരിക്കൻ ഭരണകൂടവും മാറിയിരിക്കുന്നു, അവർ ഉടമ്പടിയിൽ വീണ്ടും പങ്കാളികളാകും എന്ന പ്രതീക്ഷയിലാണ് ലോകം. സ്വീഡനിൽ ഗ്രേറ്റാ തുൻബെർഗ് തുടങ്ങിവച്ച പുതിയ ഭൂമിക്കായുള്ള സമരം ലോകമെമ്പാടുമുള്ള കലാലയങ്ങൾ ഏറ്റെടുത്തിരിക്കുന്നു. വൈരുധ്യാത്മക ഭൗതികവാദമോ സങ്കീർണമായ സിദ്ധാന്തങ്ങളൊ അല്ല, മറിച്ച് അതിജീവനത്തിന്റെ രാഷ്?ട്രീയമാണ്, തത്ത്വശാസ്ത്രമാണ് ഹരിതരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നത്.

കേരളത്തിന്റെ പരിസ്ഥിതി എത്രത്തോളം വെല്ലുവിളി നേരിടുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് 2018-ൽ മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം. ജലവിഭവം നേരിടുന്ന വെല്ലുവിളികൾ, വയൽനിലങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും നാശവും അനുബന്ധ പരിസ്ഥിതിപ്രശ്നങ്ങളും, വനങ്ങളുടെ നശീകരണവും ശോഷണവും ഉയർത്തുന്ന വെല്ലുവിളികൾ, തീരദേശ സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, ഖരമാലിന്യ നിർമാർജനം, വായുമലിനീകരണം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയൊക്കെ ഈ ധവളപത്രം വിശദമായി ചർച്ചചെയ്യുന്നു. പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ഭൂഗർഭ ജലസ്ത്രോതസുകളിൽ അമിതമായ ഫ്‌ളൂറൈഡ് സാന്നിധ്യമാണെങ്കിൽ എറണാകുളം, പാലക്കാട്, കൊല്ലം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വ്യാവസായിക മലിനീകരണം മൂലം ഭൂഗർഭജലം മലിനമാക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ജലാശയങ്ങളും മനുഷ്യവിസർജ്യം കൊണ്ടുള്ള മലിനീകരണത്തിന്റെ ഭീഷണിയിലാണ്, ഒപ്പം ഏറിവരുന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങളുടെ ആധിക്യവും. പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും മേൽ ഏറിവരുന്ന കൈയേറ്റങ്ങളുടെ പരിണിതഫലങ്ങൾ പ്രകടമാണെന്നും പ്രകൃതിയോടുള്ള കരുതൽ വർധിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ജൈവൈവിധ്യവും നല്ല മണ്ണും ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിക്കുന്നതിന് എത്രത്തോളം പ്രതിജ്ഞാബദ്ധമായ ഇടപെടലുകൾ ആവശ്യമുണ്ടെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച്, കോവിഡനന്തര കാലത്തിന് വേണ്ടിയുള്ള ഹരിതരാഷ്ട്രീയ ചിന്തകളാണ് പ്രൊഫ. എ. ബിജു കുമാർ പങ്കുവെക്കുന്നത്.

പരിസ്ഥിതി വാദികളെ വികസന വിരോധികളാക്കുന്ന കാലത്ത് കോവിഡനന്തര കേരളത്തിനുവേണ്ടി ഒരു ഹരിതരാഷ്ട്രീയ വിചാരം - പ്രൊഫ. എ. ബിജു കുമാർ
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 49 ൽ വായിക്കാം, കേൾക്കാം.

Comments