നിരവധി കുന്നുകളും പുഴകളും ദിനംപ്രതി അപ്രത്യക്ഷമാകുന്നതിനിടെ, കേരളത്തിൽ, ഒരു കുന്നുകൂടി ഓർമയിലേക്ക്.
കൂടല്ലൂരിലെ താന്നിക്കുന്ന്.
എം.ടിയുടെ താന്നിക്കുന്ന്.
മണലില്ലാത്ത പൊന്തക്കാട്ടിൽ ഭീതിയോടെ ഒളിച്ചിരിയ്ക്കുകയാണ് ഭാരതപ്പുഴയിലെ നീർച്ചാലുകൾ. കിണറുകളിൽ മലിനജലമാണ്. കിണറുകൾ ഇടിഞ്ഞുതാഴുന്നു. വെള്ളം നിറം മാറുന്നു, വെള്ളം തിളയ്ക്കുന്നു, വെള്ളം കരച്ചിലോടെ ഭൂമിയുടെ ആഴങ്ങളിലേയ്ക്ക് വലിഞ്ഞുപോകുന്നു. ഭൂതത്താന്മാർ ഭൂമിയുടെ ഗർഭപാത്രം തുരക്കുന്നു. കണ്ണാന്തളിപ്പൂക്കൾ 'അരുതേ'യെന്ന് കണ്ണടയ്ക്കുന്നു.
താന്നിക്കുന്നിൽ വിടരുന്ന കണ്ണാന്തളിപ്പൂക്കളെക്കുറിച്ചുള്ള ഗൃഹാതുരതയല്ല ഈ ചെറുകുറിപ്പ്. എന്നാൽ, താന്നിക്കുന്ന് തീർച്ചയായും ഒരു പ്രതീകമാണ്. അസ്തമിയ്ക്കുന്ന പ്രകൃതിയ്ക്ക് അന്ത്യോപചാരമർപ്പിയ്ക്കാൻ താന്നിക്കുന്നിലേയ്ക്കു വരൂ...

ദേശമംഗലത്തെ ഒരു കുന്ന് നിന്നനില്പിൽ അപ്രത്യക്ഷമായി, മോഷണം പോയി. മയിലമ്മ ജീവിച്ചിരുന്നപ്പോൾ അവിടെ വലിയൊരു ജനകീയ പ്രക്ഷോഭമുണ്ടായി. കക്ഷി-രാഷ്ട്രീയ ജാതി-മത ഭേദമന്യേ എല്ലാവരും കൈകോർത്ത് മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. പിന്നെ, നമ്മളെല്ലാം ആലസ്യത്തിലേയ്ക്ക് വീണുപോയി, മയങ്ങിക്കിടന്നു.
മഴക്കാലത്ത് വെള്ളം കെട്ടിനില്ക്കുന്ന ക്വാറിയുടെ നേർത്ത പുറംഭിത്തി തകർന്നാൽ ഉരുൾപൊട്ടും. പ്രളയജലം ദേശമംഗലം അങ്ങാടിയേയും ആയിരത്തിലധികം കുഞ്ഞുങ്ങൾ പഠിയ്ക്കുന്ന സ്കൂളിനേയും മുക്കിക്കളയും. പൂട്ടിയിട്ട ബാങ്ക് ലോക്കറിലെ പണവും പാവങ്ങൾ പണയം വെച്ച കെട്ടുതാലിയും വെള്ളത്തിലാകും. വേനൽക്കാലത്ത് ചുടുകാറ്റിൽ വീശിയടിയ്ക്കുന്ന കരിങ്കൽപ്പൊടി എല്ലായ്പ്പോഴും അങ്ങാടിയിലും സ്കൂൾ കുട്ടികളുടെ നെഞ്ചിലും നിറയുകയാണ്. പിന്നീടിപ്പോൾ ആ കുന്നിനെ അവിടെ കാണാനില്ല.
ഭരണാധികാരികൾക്കും രാഷ്ട്രീയപ്പാർട്ടികൾക്കും പ്രകൃതിസംരക്ഷണ നിലപാടുണ്ടെന്നാണ് പറയുന്നത്. പക്ഷേ, എല്ലാവരും നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്നത് 'വികസനം' തന്നെയാണ്.
ധാതുക്ഷയം സംഭവിച്ച് വരണ്ടുണങ്ങിയ ആ കുന്നിൻപ്രദേശം വായ് തുറന്ന് ആകാശം നോക്കിക്കിടക്കുന്നു. ആറങ്ങോട്ടുകരയിലെ തച്ചുകുന്ന് വർഷങ്ങൾക്കു മുമ്പ് ഐ.സി.യു-വിലായതാണ്. പക്ഷേ, അന്ന് മരണത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെടുത്താൻ സാധിച്ചു. കുന്നിനെ ആശുപത്രിയിൽ നിന്ന് തിരികെ കൊണ്ടുവന്നു. ഒരു ഗാന്ധിജയന്തി ദിനത്തിൽ ഗ്രാമം മുഴുവൻ തച്ചുകുന്നിൽ നിരാഹാരമിരുന്നു. പരിസരത്തെ സ്കൂളുകളിലെ കുട്ടികൾ സമരത്തിന് അഭിവാദ്യവുമായി എത്തി. അന്ന് 'ഭൂമിയുടെ നിലവിളി' എന്ന പേരിൽ ഞാനൊരു കുറിപ്പെഴുതിയിരുന്നു. വി.എം.സുധീരൻ ആ കുറിപ്പും സമരസമിതിയുടെ രേഖകളും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് നേരിട്ട് കൈമാറി. ഉടനെ ഇടപെടലുണ്ടായി. മണ്ണു കയറ്റിപ്പോകുന്ന ലോറികൾ താല്ക്കാലികമായി സൈഡൊതുക്കി.

പക്ഷേ, തച്ചുകുന്ന് കൂടുതൽ അപകടത്തെ നേരിടേണ്ടിവരും എന്നു തന്നെയാണ് ഇപ്പോൾ തോന്നുന്നത്. ടോറസ് വണ്ടികൾ വീണ്ടുമിപ്പോൾ സജീവമാണ്. വീടിനടുത്ത മെയിൻ റോഡല്ലാത്ത വഴിയിലൂടെ രാത്രി മുഴുവൻ തുടർച്ചയായി ലോറികൾ അനധികൃത ലോഡുമായി ഇരമ്പുന്നു. ഒരേ ബ്രെയ്ക്ക് ചവിട്ടൽ, ഗിയർ മാറ്റൽ, കുതിച്ചു പായൽ...
ഉറക്കമില്ലാത്ത ഒരു രാത്രിയിൽ കേട്ട ശബ്ദങ്ങൾ എൻ്റെ തോന്നലാവട്ടെ എന്നാശിച്ച് വഴിയിലിറങ്ങി വെറുതെയൊന്നു നോക്കാമെന്നുവെച്ചു. സമയം പുലർച്ചെ മൂന്നര-നാലു മണിയാണ്. വാതിൽ തുറക്കാൻ തുടങ്ങിയപ്പോൾ ഭാര്യ ഗീത ജോസഫിൻ്റെ ശബ്ദം, 'മണ്ടത്തരമേ കാണിയ്ക്കൂ. ഇനിയിപ്പൊ ഭൂമാഫിയയുടെ തല്ലുകൊണ്ട് ചാകാനാണോ വിധി?’
എന്നിലെ ഭീരു തലപൊക്കി.
‘ശരിയാണല്ലോ...ഒറ്റയ്ക്ക് എന്തുചെയ്യും? ആളെക്കൂട്ടാതെ എങ്ങനെ ഈ നേരത്ത് വഴിയിലിറങ്ങി അന്വേഷിയ്ക്കാനാകും?'
നേരം വെളുത്തപ്പോൾ നാട്ടുകാരിൽ ചിലരെ കണ്ടു.
'നിങ്ങക്കെന്താ പ്രാന്തുണ്ടോ? വെറുതെ വേണ്ടാത്ത കാര്യത്തില് തല വെയ്ക്കണ്ട'. എല്ലാരും പഠിച്ചു വെച്ചപോലെ ഒരേ വാചകങ്ങൾ ഉരുവിട്ടു.
എൻ്റെ സുഹൃത്ത് എം.ബി.രാജേഷ് എം.എൽ.എയും മന്ത്രിയുമായ തൃത്താല മണ്ഡലത്തിലാണ് കൂടല്ലൂർ ഗ്രാമം. സർക്കാരിനും ഭരണ-പ്രതിപക്ഷ രാഷ്ടീയ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ- സാംസ്കാരിക മേഖലകളിലുള്ളവർക്കും സർവോപരി സാമാന്യജനങ്ങൾക്കുമുള്ള സങ്കടഹരജിയായി ഈ കുറിപ്പിനെ പരിഗണിക്കണം.
താന്നിക്കുന്നിൻ്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്നന്വേഷിച്ച് ഗൾഫിൽ നിന്നൊരു സുഹൃത്ത് വിളിച്ചിരുന്നു. എനിയ്ക്കെന്തു ചെയ്യാനാകും?
എം.ടിയുടെ മരുമകൾ ഗീതയാണ് ബ്ലോക്ക് പഞ്ചായത്തു മെമ്പർ. ‘‘കോടതി അനുവദിച്ചതിനേക്കാൾ വളരെ ആഴത്തിലാണ് ക്വാറിക്കാർ ഭൂമി കുഴിയ്ക്കുന്നത്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയും കുന്നിൻ നെറുകിൽ വെള്ളം കെട്ടിക്കിടക്കുന്ന ക്വാറികളും... ഉരുൾപൊട്ടലും പ്രളയവും ഉണ്ടാകുമെന്ന ഭീതിയിലാണ് ജീവിയ്ക്കേണ്ടി വരുന്നത്’’- എം.ടി.ഗീത പറഞ്ഞു.
ഭരണാധികാരികൾക്കും രാഷ്ട്രീയപ്പാർട്ടികൾക്കും പ്രകൃതിസംരക്ഷണ നിലപാടുണ്ടെന്നാണ് പറയുന്നത്. പക്ഷേ, എല്ലാവരും നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്നത് 'വികസനം' തന്നെയാണ്. എം.ടിയുടെ കൂടല്ലൂരിലും അക്കിത്തത്തിൻ്റെ കുമരനെല്ലൂരിലും വി.ടിയുടെ മേഴത്തൂരിലും താത്രിക്കുട്ടിയുടെ ആറങ്ങോട്ടുകരയിലും 'വികസനം' വേണ്ടേ? റോഡു വഴിയും കടൽ വഴിയും ആകാശം വഴിയും 'വികസനം' വന്നു ഭവിച്ചെങ്കിലോ?

മാധവ് ഗാഡ്ഗിലിൽ നിന്നും വയനാട്ടിൽ നിന്നും സ്വന്തം ജീവിതത്തിൽ നിന്നും നമ്മളൊന്നും പഠിച്ചില്ല. പ്രകൃതിയും ഭൂമിയും നിലനില്ക്കേണ്ടത് എൻ്റേയും നിൻ്റേയും ഞങ്ങളുടേയും നിങ്ങളുടേയും നമ്മൾ എല്ലാവരുടേയും ആവശ്യമല്ലേ... ഈ ഭൂമി നമുക്ക് ലഭിച്ചതിനേക്കാൾ മനോഹരമായി വരുംതലമുറയ്ക്ക് കൈമാറേണ്ടതുണ്ട് എന്ന് പറഞ്ഞ ആചാര്യൻ്റ പുസ്തകം മറിച്ചു നോക്കുകയെങ്കിലും ചെയ്യണം. കാടും കുന്നും പുഴയുമില്ലെങ്കിൽ, നീരൊഴുക്കില്ലെങ്കിൽ, ജീവവായുവില്ലെങ്കിൽ മണ്ണില്ല... മക്കളില്ല; മനുഷ്യകുലം ഇല്ലേയില്ല.
എൻ്റെ സുഹൃത്ത് എം.ബി.രാജേഷ് എം.എൽ.എയും മന്ത്രിയുമായ തൃത്താല മണ്ഡലത്തിലാണ് കൂടല്ലൂർ ഗ്രാമം. സർക്കാരിനും ഭരണ-പ്രതിപക്ഷ രാഷ്ടീയ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ- സാംസ്കാരിക മേഖലകളിലുള്ളവർക്കും സർവോപരി സാമാന്യജനങ്ങൾക്കുമുള്ള സങ്കട ഹരജിയായി ഈ കുറിപ്പിനെ പരിഗണിക്കണം. സ്വകാര്യ ദുഃഖങ്ങൾ ആരോടും പങ്കുവെയ്ക്കാനില്ലാതെ ഉള്ളിലൊതുക്കി എങ്ങോട്ടെന്നില്ലാതെ എം.ടി അലഞ്ഞുനടന്ന താന്നിക്കുന്നാണിത്. എം.ടിയുടെ വാക്കുകളും വാചകങ്ങളും മലയാള സാഹിത്യത്തിലും സിനിമയിലും സ്വപ്നങ്ങൾ വിതച്ച് പറന്നുയർന്ന താന്നിക്കുന്നാണിത്. ഇപ്പോൾ താന്നിക്കുന്ന് വെൻറിലേറ്ററിലായപ്പോൾ ആരോഗ്യമുള്ള എം.ടി നമുക്കിടയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.