കേരളത്തിൽ വീണ്ടും ആണവനിലയ ചർച്ചകൾ ആർക്കുവേണ്ടി?

ആഗോളതലത്തിൽ ആണവ ലോബിയുടെ ശക്തമായ സമ്മർദ്ദവും രാഷ്ട്രീയ സ്വാധീനവുമെല്ലാം പ്രയോഗിച്ചിട്ടും കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ ലോകത്തൊരിടത്തും പുതുതായി ആണവ നിലയങ്ങളൊന്നും കാര്യമായി പണിയാനോ കമ്മീഷൻ ചെയ്യാനോ സാധിച്ചിട്ടില്ല. വലിയ ബാദ്ധ്യതയായതിനാൽ ഉള്ള അണു നിലയങ്ങൾ പോലും പൂട്ടിയിടാനും പുതിയവ തുടങ്ങാതിരിക്കുവാനുമാണ് വികസിത രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചെർണോബിലും ഫുക്കുഷിമയും നടുക്കുന്ന ഓർമ്മകളായി നിലനില്ക്കുന്നത് കൊണ്ട് മാത്രമല്ല ഇത് സംഭവിക്കുന്നത്, കെ. രാമചന്ദ്രൻ എഴുതുന്നു…

തൊണ്ണൂറുകളുടെ തുടക്കത്തിൽ ജനകീയ പ്രക്ഷോഭങ്ങളിലൂടെ പ്രബുദ്ധകേരളം തിരസ്കരിച്ച ആണവനിലയം കേരളത്തിൽ സ്ഥാപിക്കാനുള്ള ഒരു നിർദ്ദേശം കേന്ദ്ര ഗവൺമെൻ്റിൽ നിന്നും പുതുതായി ഉയർന്നു വന്നിട്ടുണ്ട്. നേരത്തേ നിലയത്തിന് നിർദ്ദേശിക്കപ്പെട്ട പെരിങ്ങോമിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലത്തുള്ള ചീമേനിയാണ് ഇത്തവണ നിലയത്തിനായി പരിഗണിക്കപ്പെടുന്നത്.

വിസ്തൃതമായ ഒരു പാറപ്രദേശം ഒഴിഞ്ഞുകിടക്കുന്നുണ്ട് എന്നതായിരിക്കാം ഈ പരിഗണനയുടെ അടിസ്ഥാന കാരണം.
കേന്ദ്ര വിദ്യുച്ഛക്തി മന്ത്രി മനോഹർലാൽ ഖട്ടർ കേരള വിദ്യുച്ഛക്തി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് നിർദ്ദേശം ഉയർന്നു വന്നത്. പറ്റിയ ഭൂമി കണ്ടെത്തിയാൽ കേരളത്തിന് അണു വൈദ്യുതി നിലയം നൽകാമെന്നാണ് കേന്ദ്ര മന്ത്രിയുടെ വാഗ്ദാനം.

കേന്ദ്ര ഗവണ്മെൻ്റിനോ അണുശക്തി നിയമപ്രകാരം അത് ചുമതലപ്പെടുത്തുന്ന കമ്പനിക്കോ മാത്രമേ ഇന്ത്യയിൽ അണു നിലയം സ്ഥാപിക്കാൻ കഴിയൂ. NPCl L, Bhavini എന്നിവയാണ് ഇവിടെ ഈ അധികാരമുള്ള രണ്ട് കമ്പനികൾ.
ഇപ്പോൾ ഇന്ത്യയിൽ ഏഴ് ആണവ നിലയങ്ങളിലായി 22 റിയാക്ടറുകൾ പ്രവർത്തിക്കുന്നു. അവയുടെ മൊത്തം പ്രതിഷ്ഠാപിതശേഷി 6780 മെഗാവാട്ട് ആണ്. 2032 ആവുമ്പോഴേക്കും 63000 മെ - വാട്ട് ആണവ വൈദ്യുതി പ്രതിഷ്ഠാപിതശേഷി കൈവരിക്കും എന്ന ഒട്ടും യാഥാർത്ഥ്യബോധമില്ലാത്ത ഒരു അവകാശവാദമാണ് കേന്ദ്ര ഗവണ്മെൻറിനുള്ളത്!

കേന്ദ്ര വിദ്യുച്ഛക്തി മന്ത്രി മനോഹർലാൽ ഖട്ടറിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ വിദ്യുച്ഛക്തി മന്ത്രി കെ. കൃഷ്ണൻകുട്ടിയും നേരിൽ കണ്ടപ്പോൾ
കേന്ദ്ര വിദ്യുച്ഛക്തി മന്ത്രി മനോഹർലാൽ ഖട്ടറിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ വിദ്യുച്ഛക്തി മന്ത്രി കെ. കൃഷ്ണൻകുട്ടിയും നേരിൽ കണ്ടപ്പോൾ

കബളിപ്പിക്കുന്ന വിധത്തിൽ, കഴിഞ്ഞ 70 വർഷമായി ഇത്തരത്തിലുള്ള വമ്പൻ പ്രതീക്ഷകൾ ജനങ്ങൾക്ക് നൽകിക്കൊണ്ടിരുന്ന ആണവ അധികൃതർക്ക് ആകെ 6780 മെഗാ വാട്ട് ശേഷി മാത്രമേ സ്ഥാപിക്കാൻ കഴിഞ്ഞുള്ളൂ. എന്നിട്ട്, 50% പോലും കാര്യക്ഷമതയിൽ ഇന്നും ഈ ആണവ നിലയങ്ങൾ പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ മൂന്ന് ശതമാനം പോലും വരില്ല അണു വൈദ്യുതിയുടെ വിഹിതം. അതായത് വൈദ്യുതിയുടെ കാര്യത്തിൽ ഒട്ടും നിർണായകമല്ല അണു വൈദ്യുതിയുടെ പങ്ക് എന്ന് അർത്ഥം. ഫ്രാൻസ് ഒഴികെ ലോകമെങ്ങും ഇത് തന്നെയാണ് ആണവ വൈദ്യുതിയുടെ അവസ്ഥ. എന്നിട്ടും ഇന്ത്യയിൽ അണുശക്തി വകുപ്പിന്റെ വീമ്പ് പറച്ചിലിന് ഒട്ടും കുറവില്ല. താപനിലയങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, കാറ്റ്, സൗരോർജജം തുടങ്ങിയ പുതുക്കാവുന്ന സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്ന നിലയങ്ങൾ എന്നിവ കഴിഞ്ഞാൽ ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ വൈദ്യുതി സ്രോതസ്സാണത്രേ ആണവ നിലയങ്ങൾ. ഈ നാലാമത്തേത് കഴിഞ്ഞ് പിന്നെ എന്ത് ഉറവിടമാണാവോ ഉള്ളത്.

ആഗോളതലത്തിൽ ആണവ ലോബിയുടെ ശക്തമായ സമ്മർദ്ദവും രാഷ്ട്രീയ സ്വാധീനവുമെല്ലാം പ്രയോഗിച്ചിട്ടും കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ ലോകത്തൊരിടത്തും പുതുതായി ആണവ നിലയങ്ങളൊന്നും കാര്യമായി പണിയാനോ കമ്മീഷൻ ചെയ്യാനോ സാധിച്ചിട്ടില്ല. വലിയ ബാധ്യതയായതിനാൽ ഉള്ള അണു നിലയങ്ങൾ പോലും പൂട്ടിയിടാനും പുതിയവ തുടങ്ങാതിരിക്കുവാനുമാണ് വികസിത രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചെർണോബിലും ഫുക്കുഷിമയും നടുക്കുന്ന ഓർമ്മകളായി നിലനില്ക്കുന്നത് കൊണ്ട് മാത്രമല്ല ഇത് സംഭവിക്കുന്നത്. ആണവ നിലയങ്ങളുടെ കൂടപ്പിറപ്പായ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളും ആണവവൈദ്യുതി ഒട്ടും ലാഭകരമല്ലെന്നുള്ള സാമ്പത്തിക യാഥാർത്ഥ്യവുമാണ് ഈ അവസ്ഥയ്ക്ക് കാരണം. യുറേനിയം പോലുള്ള ഇന്ധനത്തിന് വലിയ ക്ഷാമമുണ്ട്. വലിയ അപകടങ്ങൾ നടന്ന ഉക്രെയിനിലും ജപ്പാനിലും മാരകമായ വികിരണ ശേഷിയുള്ള ആണവ മലിന്യങ്ങൾ ഇന്നും നീക്കാൻ കഴിഞ്ഞിട്ടില്ല. ആണവ നിലയങ്ങളിൽ നിന്നുള്ള അപകടകരമായ വികിരണം വമിക്കുന്ന അവശിഷ്ടങ്ങളെ സുരക്ഷിതമായി നിർമ്മാർജ്ജനം ചെയ്യാവുന്ന സാങ്കേതിക വിദ്യകളൊന്നും തന്നെ ഇത്രയും കാലത്തെ ഗവേഷണത്തിന് ശേഷവും ഇതുവരെ ഉരുത്തിരിഞ്ഞിട്ടുമില്ല. ഇത്തരം അവശിഷ്ടങ്ങളെത്തന്നെ ഇന്ധനമായി ഉപയോഗപ്പെടുത്താവുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളും പ്രായോഗികമായിത്തീർന്നിട്ടില്ല. ഭീമമായ ചെലവു വഹിച്ച് ഇതിനൊക്കെയുള്ള പരീക്ഷണങ്ങളും ശ്രമവും നടത്തിയത് വിജയം കാണുന്നില്ല.

ഈയൊരു പശ്ചാത്തലത്തിൽ പരിസ്ഥിതിക്കും പൗരരുടെ ആരോഗ്യത്തിനും വലിയ വില കല്പിക്കാത്ത ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ ചുമലിലേക്ക് ആണവ വികസനം അടിച്ചേല്പിക്കുവാനാണ് ആഗോള ആണവ വ്യാപാരികൾ ശ്രമിച്ചുകൊണ്ടിരുന്നത്. അതിന് ഒത്താശ ചെയ്ത് കമ്മീഷൻ പറ്റാനാണ് ചില മൂന്നാം ലോക സർക്കാരുകൾ അണു വൈദ്യുതിയെ പാടിപ്പുകഴ്ത്തിയത്. പക്ഷേ ശക്തമായ ജനകീയ പ്രതിരോധവും കടുത്ത സാമ്പത്തികച്ചെലവും ഇപ്പോഴും പരിഹാരമില്ലാത്ത സാങ്കേതിക വൈഷമ്യങ്ങളും മൂലം നിർദ്ദിഷ്ട പദ്ധതികൾ പോലും ഒന്നൊന്നായി ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായി. ഇന്ത്യയിൽ കൂടംകുളത്തിന് ശേഷം നിർദ്ദേശിക്കപ്പെട്ട, വിദേശ സഹകരണത്തോടെയുള്ള, ആണവ നിലയങ്ങൾ - മഹാരാഷ്ട്രയിലെ ജേയ്താപ്പൂർ, പശ്ചിമ ബംഗാളിലെ ഹരിപ്പൂർ, ആന്ധ്രയിലെ കൊവാഡ, ഗുജറാത്തിലെ മീഥി വർദി, മദ്ധ്യപ്രദേശിലെ ചുട്ക തുടങ്ങിയവ - ഇങ്ങിനെ തല്ക്കാലം ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതമായതാണ്. ഇതൊക്കെ മറച്ചുവെച്ചു കൊണ്ട് വീണ്ടും വൈദ്യുതി വികസനത്തിന് ഒരാണവനിലയം നിർദ്ദേശിക്കാൻ അതും കേരളത്തിൽ, ചീമേനിയിൽ സ്ഥാപിക്കാൻ, കാണിക്കുന്ന കേന്ദ്രത്തിന്റെ മഹാമനസ്കതയക്ക് നമോവാകം. ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്?

നാവടക്കി മൂലക്കിരുന്ന ആണവ വായാടികൾക്ക് ഇപ്പോൾ വിവേകരഹിതമായ ഇത്തരം നിർദ്ദേശങ്ങളുമായി മുന്നിട്ടിറങ്ങാൻ ധൈര്യമുണ്ടായത് കാലാവസ്ഥാ വ്യതിയാനമെന്ന വലിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ്. ഹരിതഗൃഹവാതക വിസർജനം കുറക്കേണ്ട ബാധ്യത ഏറ്റെടുക്കേണ്ടി വരുന്ന രാജ്യങ്ങൾ കൽക്കരി, പ്രകൃതി വാതകം തുടങ്ങിയ ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടി വരും. താപവൈദ്യുതി നിലയങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ വേണ്ടിവരും. ഈയൊരു പ്രശ്നത്തെ മുതലെടുത്താണ് ആണവ വൈദ്യുതി ശുദ്ധവും ഹരിതവുമായ ബദൽ ഊർജ്ജമാണെന്ന അസംബന്ധം കൊട്ടിഘോഷിച്ചു കൊണ്ട് ആണവനിലയം ജനങ്ങൾക്ക് സ്വീകാര്യമാക്കുവാനുള്ള പ്രചണ്ഡമായ പ്രചരണം ആണവാനുകൂലികൾ അഴിച്ചുവിടുന്നത്. യുറാനിയം ഖനനത്തിലും ഉപേക്ഷിക്കപ്പെട്ട പ്ലാൻ്റിന്റെ സംരക്ഷണത്തിലും അവശിഷ്ടങ്ങളുടെ സുരക്ഷിതമായ സൂക്ഷിപ്പിലും ആവശ്യമാവുന്ന ഊർജോപയോഗത്തെക്കുറിച്ചോ അതിന് വേണ്ട ഭീമമായ കാർബൺ പാദമുദ്രയെക്കുറിച്ചോ അവർ നിശ്ശബ്ദത പാലിക്കുകയാണ് പതിവ്. സങ്കീർണമായ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് സാധാരണക്കാർക്ക് അവരുടെ ഉത്തരം മുട്ടിക്കാൻ കഴിയുകയുമില്ല. അങ്ങനെ അവരുടെ നിർദ്ദേശങ്ങൾക്ക് സമൂഹത്തിൽ അനർഹമായ പരിഗണന ലഭിക്കുന്നു. കാലാവസ്ഥാ വ്യതിയാനമെന്ന ഒരു പ്രശ്നമേ ഇല്ലെന്നും അത് പരിസ്ഥിതിവാദികളുടെ ഭാവനാസൃഷ്ടിയാണെന്നും പറഞ്ഞു നടന്നിരുന്ന അതേ കൂട്ടരാണ് ഇപ്പോൾ കാലാവസ്ഥ വ്യതിയാനമുണ്ടെന്നും അതിന് മുഖ്യപരിഹാരം അണു വൈദ്യുതി വികസനമാണെന്നും പ്രചരിപ്പിക്കുന്നത്.

കൂടംകുളം ആണവനിലയം
കൂടംകുളം ആണവനിലയം

അണുശക്തിയുമായി അത് ബോംബായാലും ആണവ റിയാക്ടറായാലും, ബന്ധപ്പെട്ട ഏറ്റവും പ്രധാനമായ ഒരു രാഷ്ട്രീയ പ്രശ്നം അത് നിഗൂഢവും രഹസ്യാത്മകവുമായാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്നുള്ളതാണ്. അത് സഹജമായിത്തന്നെ ജനാധിപത്യവിരുദ്ധമാണ്. ഊർജ്ജോല്പാദന കാര്യത്തിലായാൽ പോലും സുതാര്യത എന്നത് അണുശക്തി വകുപ്പിന് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര ആണവ ചട്ടങ്ങളുടെയൊക്കെ പേരിൽ ആണയിട്ടുകൊണ്ട് നിലവിലുള്ള രഹസ്യാത്മകത അവർ നിലനിർത്തും. അതുകൊണ്ടാണ് സേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് വിശേഷിച്ചും ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്ക് അണുശക്തി ഏറ്റവും പ്രയോജനപ്രദമാവുന്നത്. ജനങ്ങളെ ഭയത്തിന്റെ കഠാരമുനയ്ക്ക് കീഴിൽ നിർത്താൻ അവർക്കത് ഉപയോഗപ്പെടുത്താം.

നുണകൾ കൊണ്ട് കെട്ടിപ്പടുത്ത, ജനങ്ങൾക്ക് തീരുമാനങ്ങളിൽ തീരെ പങ്കില്ലാത്ത ഒരു അർദ്ധസൈനിക ഭരണ സംവിധാനമാണ് ആണവ നിലയങ്ങളിൽ എവിടെയുമുള്ളതെന്ന് അണുശക്തിയുടെ ചരിത്രം വായിച്ചിട്ടുള്ളവർക്കറിയാം. ജനപക്ഷത്ത് നിലയുറപ്പിച്ച പ്രഗത്ഭ ശാസ്ത്രജ്ഞന്മാർ പലരും അണുശക്തിയെ എതിർക്കുന്നത് അതിനെ അനുകൂലിക്കുന്നതിന് യുക്തിസഹമോ ശാസ്ത്രീയമോ ആയ ന്യായീകരണങ്ങൾ ഇല്ലാത്തത് കൊണ്ടാണ്. പാരിസ്ഥിതികമോ, സാമ്പത്തികമോ രാഷ്ട്രീയമോ ആയി അഭികാമ്യമായ ഒന്നല്ല അണുശക്തി. അതിനു വേണ്ടി ധൂർത്തടിക്കുന്ന സമ്പത്ത് പുതുക്കാവുന്ന വിഭവങ്ങളുപയോഗിച്ചുള്ള വൈദ്യുതി വികസനത്തിന് വേണ്ടി വഴിതിരിച്ചുവിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാവാനാണ് ജനങ്ങൾ സമ്മർദം ചെലുത്തേണ്ടത്.

കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന സമരത്തിൽ നിന്നും
കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന സമരത്തിൽ നിന്നും

അണുനിലയങ്ങളെ എതിർക്കുന്നവരല്ല, അവയെ തെറ്റായ വാദങ്ങൾ നിരത്തി അനുകൂലിക്കുന്നവരാണ് വാസ്തവത്തിൽ "രാജ്യദ്രോഹികൾ", അവരാണ് "വികസന വിരുദ്ധർ".
കേരളത്തിലെ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ചീമേനിയിലെ നിർദിഷ്ട ആണവനിലയത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്ന് വരിക തന്നെ ചെയ്യും. എന്നാൽ അലംഭാവത്തിന് പ്രസക്തിയില്ല. നിതാന്തമായ ജാഗ്രതയും ജനകീയ പ്രതിരോധവും കൊണ്ടേ ഇത്തരം ഭീഷണികളെ നേരിടാൻ കഴിയൂ. മനുഷ്യന്റെ മാത്രമല്ല, ജീവ ജാതികളുടെ നിലനില്പിനും അതിജീവനത്തിനും എന്നെന്നേക്കും ഭീഷണി ഉയർത്തുന്നതാണ് അണുശക്തി .അതിനാൽ നമുക്ക് ഒരുമിച്ച് ഉച്ചത്തിൽ വിളിച്ചു പറയാം. " ആണവ നിലയം വേണ്ട. ചീമേനിയിലെന്നല്ല, ലോകത്ത് എവിടെയും."


Summary: A proposal to set up a nuclear power plant in Kerala has come up recently from the central government.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments