''If you appreciate nature's marvels, the Andaman and Nicobar Islands offer an unmatched natural paradise’’
▮
ഇന്ത്യയിലെ ജനകീയ- പാരിസ്ഥിതിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിലും ബോധപൂർവ്വമായ ഒഴിവാക്കലുകൾ ദേശീയ മുഖ്യധാരാ മാധ്യമങ്ങൾ നടത്തിവരുന്നുണ്ട്. അത്തരത്തിൽ കേന്ദ്ര ഭരണകൂടവും ദേശീയ മാധ്യമങ്ങളും ബോധപൂർവ്വം മറച്ച പ്രൊജക്റ്റാണ് ഗ്രേറ്റ് നിക്കോബാർ ഡെവലപ്പ്മെന്റ് പ്രൊജക്റ്റ് എന്നറിയപ്പെടുന്ന ആൻഡമാൻ പ്രൊജക്റ്റ് (The Great Nicobar Island Development Project). നിതി ആയോഗ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സംയോജിത വികസന കോർപ്പറേഷൻ (ANIIDCO) എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി ദ്വീപിന്റെ സ്വാഭാവിക ഘടനയ്ക്കും അവിടുത്തെ ഗോത്രജനതയുടെ നിലനിൽപ്പിനും എതിരെയുള്ള ആസൂത്രിത കടന്നുകയറ്റമാണ്.
ആന്തമാൻ വൈവിധ്യങ്ങളുടെ നാടാണ്. വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്കാരങ്ങൾ ഇടകലർന്ന് കഴിയുന്ന, ജാരവകളും സെന്റിലിനീസുകളും ആൻഡമാനീസുകളും ഷോംബനുകളും അടക്കം വിവിധ വിഭാഗങ്ങളിൽപെടുന്ന ശിലായുഗവാസികൾ അധിവസിക്കുന്ന മണ്ണ്. മൃഗങ്ങൾ, പക്ഷികൾ, സസ്യങ്ങൾ അടക്കം ദശലക്ഷക്കണക്കിന് ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യം. വിവിധയിനം ആവാസവ്യവസ്ഥയുടെ കടലാഴങ്ങളുള്ള, ‘മിനി ഇന്ത്യ’ എന്ന് വിശേഷിപ്പിക്കാവുന്ന ദ്വീപ്.
572- ഓളം ദ്വീപുകളുണ്ടെങ്കിലും 37- ഓളം ദ്വീപുകളിൽ മാത്രമാണ് ജനവാസം. അതും മൂന്നു ജില്ലകളിൽ മാത്രം.അവിടെയാണ് 80,000 കോടി രൂപയുടെ പദ്ധതി വരുന്നത്. അതും ദുർബലമായ പരിസ്ഥിതിക പ്രശ്നങ്ങളുള്ളയും സംരക്ഷിക്കപ്പെടേണ്ടതുമായ ശിലായുഗ മനുഷ്യർ അധിവസിക്കുന്ന ഒരു ദീപ് സമൂഹത്തിൽ.
പദ്ധതിയുടെ രഹസ്യ സ്വഭാവമാണ് അതിനെ ദുരൂഹമാക്കുന്നത്. തന്ത്രപരം, സാമ്പത്തിക താൽപ്പര്യങ്ങൾ എന്നിവ മുൻനിർത്തിയാണ് സർക്കാർ രഹസ്യാത്മകത നിലനിർത്തുന്നത്. പരിസ്ഥിതി- വനം മന്ത്രാലയം, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, ഗോത്ര കാര്യമന്ത്രാലയം, ദേശീയ ഹരിത ട്രൈബ്യൂണൽ ഉൾപ്പടെയുള്ള വിവിധ വകുപ്പുകളുടെ അനുമതി പദ്ധതിയ്ക്ക് എങ്ങനെ ലഭ്യമായി എന്നതു തന്നെ വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി മേൽനോട്ടത്തിലാണ് പദ്ധതി എന്നത്, ഇതിന്റെ പ്രത്യാഘാതങ്ങളെ ഗുരുതരമാക്കുന്നു. പരിസ്ഥിതിക അനുമതിയും വിവിധ വകുപ്പുകളുടെ ക്ലിയറൻസും സംബന്ധിച്ച വിവരങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പൊതുജനങ്ങളിൽനിന്ന് മറച്ചുപിടിക്കാൻ ഈ നിയന്ത്രണം വഴി സാധിക്കുന്നു. നഷ്ടപരിഹാരം അടക്കം വനവൽക്കരണ പദ്ധതിയുടെ ക്ലിയറൻസിന്റെ വിശദാംശങ്ങൾ പോലും അവ്യക്തമാണ്. ടെൻഡർ നൽകുന്നവർക്ക് ഇക്കാര്യങ്ങളെല്ലാം യഥേഷ്ടം കൈകാര്യം ചെയ്യാനുള്ള അവസരവുമുണ്ട്.

2021-ൽ ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവിന്റെയും ഗലാത്തിയ ബേയുടെയും കര, തീരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളെ സംരക്ഷിതപദവിയിൽ നിന്ന് ഒഴിവാക്കിയാണ് നിർദിഷ്ട പദ്ധതി നടപ്പിലാക്കുന്നത്.
പരിസ്ഥിതിക ലോല പ്രദേശത്ത് ലക്ഷക്കണക്കിനാളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ടൗൺഷിപ്പ്, ട്രാൻസ്മെന്റ്ഷിപ്പ് ടെർമിനൽ, മിലിറ്ററി സിവിൽ എയർപോർട്ട്, പവർ പ്ലാന്റ് എന്നിവയടങ്ങുന്ന മെഗാ പ്രൊജക്റ്റിന് 2022 നവംബർ 11 നാണ് പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയം (MoEFCC) പരിസ്ഥിതി- CRZ ക്ലിയറൻസ് നൽകിയത്. വാണിജ്യ, വ്യാവസായിക, റസിഡൻഷ്യൽ മേഖലകൾ ഉൾപ്പെടുന്ന നിലയിലാണ്, മിക്സഡ്- യൂസ് ടൗൺഷിപ്പ് പദ്ധതി രൂപപ്പെടുന്നത്. ഇതിലൂടെ അവിടെയുള്ള ജനസംഖ്യയുടെ നാല്പതിരട്ടി കുടിയേറ്റം ആ ദ്വീപിൽ സംഭവിക്കും. നിർദിഷ്ട പദ്ധതിപ്രദേശം വന- ജൈവ സമൃദ്ധമാണ്. അതിനാൽ ഇത്രയും ആളുകളെ ഉൾക്കൊള്ളുന്ന ടൗൺഷിപ്പ് പദ്ധതി വനപ്രദേശങ്ങളെ പൂർണ്ണമായും കൈയേറിക്കൊണ്ടാണ്.
സംയുക്ത സൈനിക- സിവിൽ ഉപയോഗം മുന്നിൽ കണ്ടാണ് വിമാനത്താവള പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദ്വീപിന്റെ തെക്കുകിഴക്കൻ ഭാഗത്ത് പ്രത്യേകമായി വേർതിരിച്ച 8.45 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് 8,583 കോടി രൂപ ചെലവിൽ വിമാനത്താവളം വരുന്നത്. ഭാഗികമായി ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും (vacant land) വെള്ളത്താൽ മൂടപ്പെട്ട ഭൂമിയും (submerged land) സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയും ഒപ്പം, സ്വകാര്യ ഉടമസ്ഥതയിലുള്ള കാർഷിക ഭൂമിയും ചേർത്താണ് എയർപോർട്ടിന് സ്ഥലമൊരുക്കുന്നത്. വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഭാഗങ്ങൾ പ്രധാനമായും ഗ്രീൻ സീ, ഒലിവ് റിഡ്‌ലി, ഹോക്സ്ബിൽ കടലാമകൾ വരുന്ന പ്രദേശമാണ്. വിമാനത്താവളത്തിനായി ഡ്രഡ്ജിങ് നടത്തുന്നത് പവിഴപ്പുറ്റുകൾ നിറഞ്ഞ കടൽഭാഗം കൂടി ചേർത്താണ്.
ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ ഗലാത്തിയ ബേയിൽ 44,000 കോടി രൂപ ചെലവിലാണ് കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം നിർമ്മിക്കുന്നത്. സമുദ്രത്തിന്റെ പരിസ്ഥിതിയ്ക്ക് ഗുരുതര ആഘാതം സൃഷ്ടിക്കുന്ന പദ്ധതിയാണിത്. ഡ്രഡ്ജിങ് നടക്കുന്ന വലിയൊരു സമുദ്രഭാഗം പവിഴപ്പുറ്റുകളുടെ കോളനിപ്രദേശമാണ്. കൂടാതെ അപൂർവയിനം സമുദ്രജല ജീവികളുടെ ആവാസവ്യവസ്ഥയുമാണ്.
ഇത്രയും വലിയ പദ്ധതികളെ ഉൾക്കൊള്ളാൻ ദ്വീപുകൾക്ക് ശേഷിയുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതം പതിവായ അസ്ഥിരമേഖലയാണിത്. യുനെസ്കോ അംഗീകരിച്ച ബയോസ്ഫിയർ റിസർവ് ഉൾപ്പെടുന്ന പ്രദേശത്താണ് നിർദിഷ്ട പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് . ഈ പദ്ധതി സ്വാഭാവികമായും ദ്വീപിന്റെ ജൈവ സാമൂഹ്യ പരിസ്ഥിതിയെ നശിപ്പിക്കും എന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകിക്കഴിഞ്ഞു.
ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ തീരപ്രദേശം കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കെതിരെ സ്വാഭാവിക കവചമായി നിലകൊള്ളുന്നതാണ് ഈ കണ്ടൽക്കാടുകൾ. പദ്ധതി വന്നാൽ അവ പൂർണമായും നശിക്കും. അതോടൊപ്പം തീരദേശ- നദീമുഖ ജീവജാലങ്ങൾ കുറ്റിയറ്റുപോകുകയും ചെയ്യും.
ആന്തമാൻ കടലിൽ 910 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജൈവഭൂമിശാസ്ത്ര അത്ഭുതമാണ് പദ്ധതി നിലവിൽ വരുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപ്. ഈ ദ്വീപിൽ നിക്കോബാറീസ്, ഷോംപെൻ സമൂഹങ്ങൾ അധിവസിക്കുന്നു. ലോകത്തിൽ തന്നെ ഏറ്റവും പുരാതനമായ ആദിവാസി ഗോത്ര സമുദായമാണ് അവർ. അതോടൊപ്പം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായി വിവിധ ജനവിഭാഗങ്ങളും ഈ ദ്വീപിലുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും ആവാസവ്യവസ്ഥയുടെ വൈവിധ്യം കൊണ്ടും നിരവധി തദ്ദേശീയ ജീവിവർഗങ്ങൾ ഉൾപ്പെടെ സവിശേഷമായ സസ്യജന്തുജാലങ്ങളുടെ കലവറയാണ് അവിടം. 2004-ലെ സുനാമി പോലുള്ള പരിസ്ഥിതി ആഘാതങ്ങൾ ദ്വീപിന്റെ സ്വഭാവ ഘടനയ്ക്ക് ആഘാതം ഏൽപ്പിച്ചിട്ടുണ്ട്. നിരവധി സസ്യ- ജന്തുജാലങ്ങൾ നശിപ്പിക്കപ്പെടുകയും വിവിധങ്ങളായ ഗോത്ര ജന വിഭാഗങ്ങൾ തുടച്ചുനീക്കപ്പെടുകയും ചെയ്തു. അവരുടെ ആവാസ വ്യവസ്ഥ പൂർണമായി തകർക്കപ്പെട്ടു.

160 ചതുരശ്ര കിലോമീറ്ററിലേറെയുള്ള പദ്ധതിപ്രദേശത്തെ 130 ചതുരശ്ര കിലോമീറ്ററും ഉഷ്ണമേഖലാ മഴക്കാടുകളാണ്. നിക്കോബാർ ക്രെസ്റ്റഡ് സർപ്പന്ത് ഈഗിൾ (Nicobar crested serpent eagle), നിക്കോബാർ സ്പാരോഹോക്ക് (Nicobar sparrowhawk), നിക്കോബാർ ട്രീഷ്രൂ (Nicobar treeshrew) അടക്കം അപൂർവ സസ്യ- ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രങ്ങളാണ് ഈ വനപ്രദേശങ്ങൾ. ഒരു ദശലക്ഷത്തിലധികം മരങ്ങൾ വെട്ടിമാറ്റേണ്ടിവരുമെന്നാണ് സർക്കാർ കണക്കുകൾ തന്നെ പറയുന്നത്. സംഭവിക്കാൻ പോകുന്ന വനനശീകരണത്തിന്റെ തോത് ഒരു പ്രധാന ആശങ്കയാണ്.
ഗ്രേറ്റ് നിക്കോബാർ ദ്വീപ് ടെക്റ്റോണിക് സെൻസിറ്റീവ് മേഖലയാണ്. അത്ഭുതകരമായ സൂക്ഷ്മ നദീതീര ആവാസ വ്യവസ്ഥ നിലനിൽക്കുന്ന പ്രദേശം. ദ്വീപിലെ ഏറ്റവും വലിയ സസ്തനി നിക്കോബാർ ലോങ്ങ്-ടെയിൽഡ് മക്കാക്ക് (Macaca fascicularis umbrosa) തെക്കുകിഴക്കൻ ഏഷ്യയിലുടനീളം കാണപ്പെടുന്ന ലോങ്ങ്- ടെയിൽഡ് മക്കാക്കുകളുടെ വംശപരമ്പരയിലെ ജീവിക്കുന്നവയിൽ ദുർബലമായ വിഭാഗമാണ്. പ്രധാനമായും ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ മഴക്കാടുകളിലും തീരദേശ പ്രദേശത്തെ ആവാസവ്യവസ്ഥയുമായി ഇഴുകിച്ചേർന്നും ജീവിക്കുന്നവയാണിവ. മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിക്കുന്നതോടെ മക്കാക്കുകളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാവും. അതുപോലെയാണ് ജയന്റ് ലെതർബാക്ക് ആമകളുടെ നിലനിൽപ്പും. ഇത്തരം അപൂർവ്വമായ ആമകളുടെ ആവാസകേന്ദ്രമാണ് ഗലാത്തിയ പ്രദേശം. വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ് ലെതർ ബാക്ക് ആമകൾ. നിർദിഷ്ട പദ്ധതി വന്നാൽ ജയന്റ് ലെതർബാക്ക് ആമകളുടെ മുട്ടയിടൽ പ്രദേശങ്ങൾ നശിപ്പിക്കപ്പെടും, അവയ്ക്ക് പൂർണ്ണമായ വംശനാശം സംഭവിക്കും.
ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ തീരപ്രദേശം കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കെതിരെ സ്വാഭാവിക കവചമായി നിലകൊള്ളുന്നതാണ് ഈ കണ്ടൽക്കാടുകൾ. പദ്ധതി വന്നാൽ അവ പൂർണമായും നശിക്കും. അതോടൊപ്പം തീരദേശ- നദീമുഖ ജീവജാലങ്ങൾ കുറ്റിയറ്റുപോകുകയും ചെയ്യും.
പത്ത് വർഷത്തിനിടെ ഈ ദ്വീപുകളിൽ ചെറുതും വലുതുമായ 444-ഓളം ഭൂകമ്പങ്ങളുണ്ടായിട്ടുണ്ടെന്നാണ് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (TISS) ജാംസെറ്റ്ജി ടാറ്റ സ്കൂൾ ഓഫ് ഡിസാസ്റ്റർ സ്റ്റഡീസിലെ പ്രൊഫ. ജാങ്കി അന്ധാരി അഭിപ്രായപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി വരുന്ന നഗരവൽക്കരണം ദ്വീപിന്റെ കാലാവസ്ഥയെ കൂടുതൽ ദുർബലമാക്കും.

തദ്ദേശീയ ഗോത്ര ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന വ്യവസ്ഥകൾ നമ്മുടെ ഭരണഘടനയിലുണ്ട്. അഞ്ചാമത്തെയും ആറാമത്തെയും ഷെഡ്യൂളുകൾ ഗോത്ര മേഖലകളുടെ ഭരണവും ഗോത്രസമൂഹങ്ങളുടെ പ്രത്യേക അവകാശകങ്ങളും വ്യവസ്ഥ ചെയ്യുന്നു. ഗോത്ര ഭൂമിയിലെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും അവ കൈവശപ്പെടുത്തുന്നത് തടയുന്നതിനും അവരുടെ സാംസ്കാരികവും ഭാഷാപരവുമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുമുള്ള വ്യവസ്ഥകൾ ഭരണഘടനയിലുണ്ട്. അവ നിലനിൽക്കുമ്പോൾ തന്നെയാണ് ഗോത്ര ജനതയുടെ നിലനിൽപ്പിനെതന്നെ ദോഷകരമായി ബാധിക്കുന്ന പദ്ധതി അടിച്ചേൽപ്പിക്കുന്നത്.
നൂറ്റാണ്ടുകളായി ഗ്രേറ്റ് നിക്കോബാറിൽ താമസിക്കുന്ന രണ്ട് പ്രധാന ഗോത്ര സമൂഹങ്ങളാണ് നിക്കോബാറീസും ഷോംപെനുകളും. ജനസംഖ്യ വളരെ കുറവായ ഇവരെ ദുർബലരായ ഗോത്ര വിഭാഗങ്ങളായാണ് പരിഗണിക്കുന്നത്, പ്രത്യേകിച്ച് ഷോംപെൻ വിഭാഗം. അതിജീവനത്തിന് വനങ്ങളെയും പ്രകൃതിവിഭവങ്ങളെയും ആശ്രയിക്കുന്ന വേട്ടയാടൽ- നാടോടി സമൂഹമാണ് ഷോംപെൻ ജനത.
ദ്വീപിലെ ജനസംഖ്യ 9000-ഓളമാണ്. നിർദിഷ്ട പദ്ധതിയുടെ ഭാഗമായ ടൗൺഷിപ്പ് വരുന്നതോടെ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കും. അത് ആദ്യഘട്ടത്തിൽ മൂന്നര ലക്ഷത്തോളം വരും. ദ്വീപിന്റെ സ്വാഭാവിക പരിസ്ഥിതിയെ ആശ്രയിച്ച് ജീവിക്കുന്ന ഗോത്രസമൂഹത്തിന് ഇത്തരത്തിലുള്ള ജനസംഖ്യാ വർദ്ധനവ് ഏൽപ്പിക്കാൻ പോകുന്ന ആഘാതം വലുതാണ്. ചൂഷണങ്ങൾക്കും രോഗങ്ങൾക്കും വിവേചനങ്ങൾക്കും അവർ ഇരയാക്കപ്പെടും, ഒപ്പം വൻതോതിലുള്ള കുടിയിറക്കിനും സംസ്കാരങ്ങളുടെ ശോഷണത്തിനും വഴിയൊരുക്കും. ഗോത്ര ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ആസൂത്രിത നാശത്തിന് കാരണമാകുന്ന ഈ പദ്ധതി അതുകൊണ്ടുതന്നെ ഭരണഘടനയുടെ പ്രത്യക്ഷ ലംഘനം കൂടിയാണ്. ഗോത്ര സമൂഹങ്ങളുടെ അവകാശങ്ങളും ഉപജീവനമാർഗ്ഗങ്ങളും വിഭവങ്ങളുടെ തുല്യമായ വിനിയോഗവും ഉറപ്പാക്കി അവരെ സംരക്ഷിക്കേണ്ട ഭരണകൂടം തന്നെയാണ് അവരുടെ വംശപരമായ നിലനിൽപ്പിനെ അസാധ്യമാക്കുന്നത് എന്ന ദുരന്തമാണ് സംഭവിക്കാൻ പോകുന്നത്.
ഒരു ദ്വീപിനെ ഒന്നാകെ വൻകിട കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വിട്ടുകൊടുക്കലാണ് ഈ പദ്ധതിയിലൂടെ സംഭവിക്കാൻ പോകുന്നത്. വൻകിട കോർപ്പറേറ്റുകൾക്കും ബാഹ്യ നിക്ഷേപകർക്കും അനുകൂലമാകുന്ന നിലയിലാണ് പദ്ധതിയുടെ രൂപകൽപ്പന. ഇന്ത്യയുടെ സമുദ്ര വ്യാപാര താല്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ് പദ്ധതി എന്നാണ് കേന്ദ്ര സർക്കാർ വാദം.
ആൻഡമാൻ നിക്കോബാറിൽ കേന്ദ്ര സർക്കാറിന് സാമ്പത്തിക- രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. കഴിഞ്ഞ വർഷമാണ് ദ്വീപിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയപുരം എന്നാക്കിയത്. പോർട്ബ്ലയർ ഇന്റർനാഷണൽ എയർപോർട്ടിന് വീർ സവർക്കർ എന്നും പേരിട്ടു. ഇത്തരം നിക്ഷിപ്ത താൽപര്യങ്ങളുടെ കൂടുതൽ വിശാലമായ തുടർച്ച ‘ആൻഡമാൻ പദ്ധതി’യിൽ കാണാം.
