സംരക്ഷിക്കപ്പെടണം,
തൃശൂർ മൃഗശാല- മ്യൂസിയം
പച്ചത്തുരുത്ത്:
ജൈവവൈവിധ്യ പഠന റിപ്പോർട്ട്

10.42 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തൃശൂർ ചെമ്പൂക്കാവ് മ്യൂസിയം പ്രദേശത്തെ പച്ചത്തുരുത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് ‘പച്ചത്തുരുത്ത്, തൃശ്ശൂർ’ എന്ന കൂട്ടായ്മ നടത്തിയ ജൈവവൈവിധ്യപഠനത്തിന്റെ റിപ്പോർട്ട്. പ്രതിവർഷം 50 കോടി രൂപയ്ക്ക് തുല്യമായ സാമ്പത്തിക മൂല്യമുള്ള ഈ ആവാസവ്യവസ്ഥയെ തൃശ്ശൂരിന്റെ ബൊട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുന്നു.

തൃശൂർ ചെമ്പൂക്കാവിലെ മൃഗശാലയും ജീവജാലങ്ങളും 2025 ഒക്ടോബറിൽ തൃശ്ശൂർ നഗരത്തോട് വിട പറഞ്ഞു. തൃശ്ശൂർ നഗരവാസികൾക്ക് ഇതൊരു നഷ്ടമാണെങ്കിലും പുത്തൂരിലെ പുതിയ സുവോളജിക്കൽ പാർക്കിൽ വിശാലമായ ആവാസ വ്യവസ്ഥയാണ് രൂപം കൊള്ളുന്നതെന്ന കാര്യം സന്തോഷകരമാണ്. കേരളത്തിന്റെ അഭിമാനവും അനന്യവുമായിരുന്ന 140 വർഷം പൂർത്തിയാക്കിയ മൃഗശാല, മൃഗശാലയുള്ളതുകൊണ്ടു മാത്രമാണ് 10.42 ഏക്കറിലെ പ്രദേശം നഗരത്തിന്റെ പച്ചത്തുരുത്തായി പരിണമിച്ചതും. അതിനാൽ ഈ ‘പച്ചത്തുരുത്ത്’ തന്നെ പൈതൃക മ്യൂസിയമായി സംരക്ഷിക്കപ്പെടണം.

ഈ പശ്ചാത്തലത്തിലാണ് പച്ചത്തുരുത്തിനെക്കുറിച്ചും അതിലെ ജൈവവൈവിധ്യത്തെക്കുറിച്ചും പഠിക്കാൻ ഞങ്ങൾ കുറച്ചുപേർ ‘പച്ചത്തുരുത്ത്, തൃശ്ശൂർ’ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്.

2024- ലാണ് പഠനം ആരംഭിച്ചത്. വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിലെ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലാണ് വിവിധ ഘട്ടങ്ങളിലായി മൃഗശാലാ പ്രദേശത്തെ സസ്യവൈവിധ്യം പഠനവിധേയമാക്കിയത്. തുടർന്ന് റിപ്പോർട്ടിലെ ഉള്ളടക്കം 2025 ആഗസ്റ്റ് 16 ന് നടത്തിയ ശില്പശാലയിൽ വിശദമായി ചർച്ച ചെയ്യുകയും പച്ചത്തുരുത്ത് സംരക്ഷിക്കുന്നതിനുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു. ശാസ്ത്രമേഖലകളിലെ അധ്യാപകരും അക്കാദമിക് വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും പൊതുപ്രവർത്തകരും സംഘടനാ പ്രതിനിധികളും ശില്പശാലയിൽ വിലപ്പെട്ട നിർദ്ദേശങ്ങൾ പങ്കുവെച്ചു.

10.42 ഏക്കറിലെ ചെമ്പൂക്കാവ് മ്യൂസിയം പ്രദേശത്തെ പച്ചത്തുരുത്ത് തൃശ്ശൂർ നഗരത്തിന്റെ ശ്വാസകോശമാണ്. പ്രതിവർഷം 50 കോടി രൂപയ്ക്ക് തുല്യമായ സാമ്പത്തിക മൂല്യമുള്ളതാണ് ഈ ആവാസ വ്യവസ്ഥ. അതിനാൽ ഇത് സംരക്ഷിക്കപ്പെടണം. തൃശ്ശൂരിന്റെ ബൊട്ടാണിക്കൽ ഗാർഡനായി ഈ പച്ചത്തുരുത്തിനെ വികസിപ്പിക്കണമെന്നാണ് ശില്പശാലയിൽ ഉയർന്നുവന്ന പൊതുവികാരവും ശാസ്ത്രീയ നിർദ്ദേശവും.

പച്ചത്തുരുത്ത് പഠനം
(തൃശൂർ മ്യൂസിയം, മൃഗശാല ചെമ്പൂക്കാവ്)

ഉത്ഭവം, വളർച്ച, പരിണാമം, പ്രാധാന്യം

തൃശ്ശൂർ ചെമ്പൂക്കാവ് മൃഗശാലയ്ക്കും കാഴ്ചബംഗ്ലാവിനും ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1885- ലാണ് മൃഗശാല തൃശ്ശൂരിൽ സ്ഥാപിതമായത്. കൃത്യമായി പറഞ്ഞാൽ, 140 വർഷം പിന്നിടുന്നു. 1985- ൽ മൃഗശാല ശതാബ്ദി വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ ആഘോഷിച്ചു.

1885- ൽ കൊച്ചി രാജ്യത്തെ ദിവാൻ പേഷ്കാർ ആയിരുന്ന ശങ്കരയ്യരുടെ കാലത്ത് വിയ്യൂരിൽ സ്ഥാപിച്ച പാർക്കാണ് പിന്നീട് തൃശ്ശൂർ മൃഗശാലയായും മ്യൂസിയവുമായി പരിണമിച്ചത്.

മൃഗശാലയുടെ ചരിത്രം

മൃഗശാലയുടെ സൂത്രധാരൻ കൊച്ചിയിലെ ദിവാൻ പേഷ്കാരായിരുന്ന ശങ്കരയ്യരാണ്. ചരിത്രകാരനായിരുന്ന വി.വി.കെ വാലത്ത് ഇക്കാര്യം സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്:

“തന്റെ ഭരണകാലത്ത് ശങ്കരയ്യരുടെ മനസ്സിൽ ഒരു മോഹമുദിച്ചു. കൊച്ചി രാജ്യത്തിന് സ്വന്തമായി കാഴ്ചബംഗ്ലാവോ മൃഗശാലയോ ഇല്ല. തിരുവിതാംകൂറിൽ അതുണ്ട്. നമുക്ക് കാഴ്ചബംഗ്ലാവ് ഉണ്ടാകണം- അത് തൃശ്ശൂരിലായിരിക്കണം”.

തുടർന്ന് അതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിച്ചു. അതിനായി തൃശ്ശൂരിന് രണ്ടര കിലോമീറ്റർ അകലെ വിശാലമായ പ്രകൃതിസൗന്ദര്യമുള്ള വിയ്യൂരിൽ സ്ഥലം കണ്ടെത്തുകയും ദിവാനെ അറിയിക്കുകയും ചെയ്തു. വരാൻ പോകുന്ന മൃഗശാലയുടെ രൂപഭദ്രതയ്ക്ക് വിയ്യൂരിലെ വൃക്ഷത്തോപ്പ് അനുകൂല ഘടകമാണെന്നും ശങ്കരയ്യ നിരീക്ഷിക്കുന്നുണ്ട്. തുടർന്ന് ദിവാന്റെ സമ്മതം ലഭിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. 2-3 കെട്ടിടങ്ങൾ നിർമ്മിച്ചു. കാഴ്ചബംഗ്ലാവിലേക്ക് പുരാതന വസ്തുക്കളും മൃഗശാലയിലേക്ക് മൃഗങ്ങളും എത്തി. പാർക്ക് ആരംഭിച്ചു. “വിയ്യൂർ പാർക്ക്” എന്നതിനെ നാമകരണം ചെയ്തു. അക്കാലത്ത് തൃശ്ശൂർ, ജനനിബിഡമല്ലാത്ത കൊച്ചുപട്ടണമായിരുന്നു. 1891- ലെ തൃശ്ശൂരിന്റെ ജനസംഖ്യ 16,000 മാത്രമായിരുന്നു.

തൃശൂർ മൃഗശാല 1913- ലാണ് വീണ്ടും പ്രവർത്തനക്ഷമമായത്. കൊച്ചിരാജാവ് തൃപ്പൂണിത്തുറ പാലസിൽ നിന്ന് പുള്ളിമാൻ, സാമ്പാർ മാൻ, കുരങ്ങ് മുതലായവ​യും കാട്ടുപന്നി, മലയണ്ണാൻ എന്നിവയും നൽകി.
തൃശൂർ മൃഗശാല 1913- ലാണ് വീണ്ടും പ്രവർത്തനക്ഷമമായത്. കൊച്ചിരാജാവ് തൃപ്പൂണിത്തുറ പാലസിൽ നിന്ന് പുള്ളിമാൻ, സാമ്പാർ മാൻ, കുരങ്ങ് മുതലായവ​യും കാട്ടുപന്നി, മലയണ്ണാൻ എന്നിവയും നൽകി.

കൂടുതൽ മൃഗങ്ങൾ പാർക്കിലെത്തി ആരംഭിച്ചെങ്കിലും സന്ദർശകരുടെ വരവ് പ്രതീക്ഷിച്ചപോലെ ഉണ്ടായില്ല. ഈ സമയത്ത് ശങ്കരയ്യ ഒരു തന്ത്രം പ്രയോഗിച്ചു. വിയ്യൂർ പാർക്കിൽ കാർഷിക- വ്യവസായിക മേള സംഘടിപ്പിക്കുക. കാർഷിക ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയായി പാർക്കിനെ മാറ്റിയതോടെ കാഴ്ചവലയാളക്കാരെത്തി. ജനം ഒഴുകിയെത്തി. കർഷകർ ചന്ത ജനങ്ങളെ ആകർഷിച്ചു. പാർക്ക് സജീവമായി.

പിൽക്കാലത്ത് ശങ്കരയ്യ ഉദ്യോഗത്തിൽനിന്ന് വിരമിച്ചതോടെ കാർഷിക ഉല്പന്ന ചന്ത മുടങ്ങിപ്പോയി. ജനത്തിന്റെ വരവ് നിലച്ചു. നഗരത്തിൽനിന്ന് ദൂരെയായതിനാൽ പാർക്കിന്റെ ആയുസ്സ് നീണ്ടില്ല. ഇക്കാര്യം 1898- ൽ ദിവാൻ രാജഗോപാലാചാരിയുടെ ശ്രദ്ധയിൽപെട്ടു. വരുമാനം നിലച്ചതോടെ പാർക്കിന് പണം പാഴാക്കുന്ന കാര്യം മനസ്സിലാക്കുകയും പാർക്ക് പൂട്ടാൻ ദിവാൻ നിർദ്ദേശിക്കുകയും ചെയ്തു. ബ്രിട്ടീഷ് റസിഡന്റ് നിർദ്ദേശം അംഗീകരിച്ചു. തുടർന്ന് പാർക്കിലെ മൃഗങ്ങളെ മദിരാശിയിലെ PEOPLES PARK ലേക്ക് മാറ്റുകയും ചെയ്തു.

തൃശൂർ നഗരം അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. 1891- ൽ 16,000 മാത്രമായിരുന്ന ജനസംഖ്യ 2025- ൽ 4,60,000 ആയി വർദ്ധിച്ചു. ഇത് 28 മടങ്ങ് വളർച്ചയാണ്.

1912- ൽ നാരായണ മാരാർ ആക്ടിംഗ് ദിവാനായി ചുമതലയേറ്റെടുത്തതോടെ മൃഗശാല വേണമെന്ന ആഗ്രഹം പുനരുജ്ജീവിപ്പിച്ചു. അക്കാലത്ത് കൊച്ചി സ്റ്റേറ്റ് മ്യൂസിയം തൃപ്പൂണിത്തുറയിലെ കൃഷ്ണവിലാസം പാലസിന്റെ അനുബന്ധ മന്ദിരത്തിൽ തുടങ്ങി, എറണാകുളത്തെ വിവിധ കെട്ടിടങ്ങളിലായി പ്രവർത്തിക്കുകയായിരുന്നു. ഇതോടെ, മൃഗശാലയ്ക്ക് അനുയോജ്യമായ കാലാവസ്ഥയും, മ്യൂസിയം വസ്തുക്കൾക്ക് കടൽക്കാറ്റ് മൂലം കേടുപാടുകൾ സംഭവിക്കാത്ത സാഹചര്യവും, സ്ഥലവും വേണമെന്ന് അധി കാരികൾക്ക് ബോധ്യപ്പെട്ടു. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ആലോചനകൾ മുറുകി. രണ്ട് കാര്യങ്ങളാണ് പ്രധാനമായും പരിഗണിച്ചത്.

1. ജീവനുള്ള പക്ഷി- മൃഗാദികളുടെ ആരോഗ്യത്തിനും നിലനില്പിനും അനുകൂ ലമായ കാലാവസ്ഥയും, വലിയ വൃക്ഷത്തലപ്പുകളോടുകൂടിയ പ്രദേശവും വേണം.

2. എറണാകുളത്തെ കടലോരക്കാറ്റ് മ്യൂസിയം വസ്തുക്കൾക്ക് ഹാനികരമാണ്. അതിനാൽ മറ്റൊരു പ്രദേശം അനിവാര്യമാണ്.

വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിലെ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലാണ് വിവിധ ഘട്ടങ്ങളിലായി മൃഗശാലാ പ്രദേശത്തെ സസ്യവൈവിധ്യം പഠനവിധേയമാക്കിയത്.
വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിലെ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിലാണ് വിവിധ ഘട്ടങ്ങളിലായി മൃഗശാലാ പ്രദേശത്തെ സസ്യവൈവിധ്യം പഠനവിധേയമാക്കിയത്.

മേൽപ്പറഞ്ഞ സവിശേഷതകളെ മുൻനിർത്തിയുള്ള അന്വേഷണമാണ് മൃഗശാലയും കാഴ്ചബംഗ്ലാവും ചെമ്പൂക്കാവിൽ ആരംഭിക്കുന്നതിന് നിദാനമായത്. ഇവയെല്ലാം പരിഗണിച്ച് ദിവാൻ ജെ. ഡബ്ല്യു. ബോർ, ഇന്നത്തെ ടൗൺഹാൾ സ്ഥിതി ചെയ്യുന്ന പ്രദേശവും, ലാൽ ബാഗ് തോപ്പും സമീപമുള്ള കൊല്ലങ്കോട് കൊട്ടാരവും (5 ഏക്കർ) മൃഗശാലയ്ക്കും മ്യൂസിയത്തിനുമായി തെരഞ്ഞെടുത്തു.

ശക്തൻ തമ്പുരാൻ നട്ടുവളർത്തിയ മരങ്ങളുള്ള പ്രദേശമാണ് ലാൽബാഗ് തോപ്പെന്ന പേരിലും, ടൗൺ ഹാൾ പൈതൃകം ഹാരിംഗ്ടൺ പാർക്കെന്ന പേരിലും അക്കാലത്ത് അറിയപ്പെട്ടിരുന്നത്. കൂടാതെ കൊട്ടാരത്തിന് സമീപമുള്ള I.N മേനോന്റെ 3.5 ഏക്കർ പുരയിടവും ഏറ്റെടുത്തു.

മ്യൂസിയം

1913- ൽ തന്നെ ഒരു മുഴുവൻ സമയ പ്രവർത്തകനും മ്യൂസിയം ക്യൂറേറ്ററുമായി പ്രശസ്ത പുരാവസ്തു ശാസ്ത്രജ്ഞനും ഗവേഷകനുമായ എൽ.കെ. അനന്തകൃഷ്ണയ്യരെ നിയോഗിച്ചു. മാനേജ്മെന്റ് ബോർഡിന് പകരം മ്യൂസിയം ഉപദേശക സമിതിയേയും നിയോഗിച്ചു. മ്യൂസിയം യഥാകാലം സന്ദർശിച്ച് ആരോഗ്യകരമായ നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത് സമിതിയുടെ ചുമതലയായിരുന്നു. ദിവാൻ ബോറിന്റെ നേതൃത്വത്തിൽ മ്യൂസിയത്തിന് വേണ്ടി പ്രത്യേക കെട്ടിടങ്ങൾ പണിയിച്ചു.

1913- ൽ തൃശൂർ മ്യൂസിയം ക്യൂറേറ്ററായി നിയമിക്കപ്പെട്ട പുരാവസ്തു ശാസ്ത്രജ്ഞനും ഗവേഷകനുമായ എൽ.കെ. അനന്തകൃഷ്ണയ്യർ.
1913- ൽ തൃശൂർ മ്യൂസിയം ക്യൂറേറ്ററായി നിയമിക്കപ്പെട്ട പുരാവസ്തു ശാസ്ത്രജ്ഞനും ഗവേഷകനുമായ എൽ.കെ. അനന്തകൃഷ്ണയ്യർ.

മൃഗശാല

മൃഗശാല 1913- ൽ വീണ്ടും പ്രവർത്തനക്ഷമമായി. മൃഗശാലയിൽ മൃഗങ്ങളെ എത്തിച്ചുതുടങ്ങി. കൊച്ചിരാജാവ് തൃപ്പൂണിത്തുറ പാലസിൽ നിന്ന് പുള്ളിമാൻ, സാമ്പാർ മാൻ, കുരങ്ങ് മുതലായവ​യും കാട്ടുപന്നി, മലയണ്ണാൻ എന്നിവയും നൽകി. ഇതിനുപുറമേ ആവശ്യാനുസരണം തിരുവിതാംകൂർ വകയായി ഒരു പുള്ളിപ്പുലിയും എറണാകുളം മഹാരാജാവ് വകപ്പിൽ നിന്ന് പിടിച്ച ഒരു മലമ്പാമ്പും കൊച്ചി സ്റ്റേറ്റ് വക ഒരു ആനക്കുട്ടിയും വീണു കിട്ടിയ രണ്ട് കുരങ്ങുകളും മൃഗശാലയിലെത്തി. 1915- ൽ പരിഷ്കൃത രീതിയിലുള്ള കൂടുകൾ സജ്ജമാക്കപ്പെട്ടു. ക്രമേണ വിദേശത്തുനിന്നും വിലയേറിയ ജീവജാലങ്ങളെത്തി. ശാലേംഗോൺ മൃഗശാലയിൽ നിന്നുള്ള മൂന്ന് പെൺ സിംഹം ലഭിച്ചു. 1924- ൽ ബോംബെ മൃഗശാലയിൽ നിന്ന് വില നൽകി വാങ്ങിയതും കൽക്കറ്റ സർക്കസ് മാനേജർ പാരിതോഷികം നൽകിയതുമുൾപ്പെടെ രണ്ട് ആൺ സിംഹങ്ങളും എത്തി.

സർപ്പവിഭാഗത്തിൽ ഇന്ത്യയിലെ മൃഗശാലകളിൽ മികച്ചു നിൽക്കുന്ന ഒന്നാണ് തൃശ്ശൂർ.

പുരാവസ്തു മ്യൂസിയം

കൊച്ചിയിലെ പുരാവസ്തുക്കൾ 1924- ൽ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നതുവരെ തൃശ്ശൂർ സ്റ്റേറ്റ് മ്യൂസിയം ക്യൂറേറ്ററുടെ നേതൃത്വത്തിലായിരുന്നു. തൃപ്പൂണിത്തുറ സംസ്കൃത സർവ്വകലാശാലയിലെ പ്രിൻസിപ്പാൾ കെ. രാമവർമ്മപ്പിഷാരടിക്ക് കൊച്ചി പുരാവസ്തു വിഭാഗത്തിന്റെ കൂടി ചുമതലയുണ്ടായിരുന്നു. അദ്ദേഹത്തെ തുടർന്ന് പി. അനുജൻഅച്ചൻ ഒരു മുഴുവൻ സമയ ആർക്കിയോളജിസ്റ്റായി നിയമിച്ചു. ആർക്കിയോളജിയുടെ ആസ്ഥാനം അതേ തുടർന്ന് തൃപ്പൂണിത്തുറയിൽ നിന്ന് തൃശ്ശൂർ സ്റ്റേറ്റ് മ്യൂസിയത്തിലേക്ക് മാറ്റി.

തൃശൂർ മൃഗശാല- കാഴ്ചബംഗ്ലാവ് പ്രദേശത്തെ മൊത്തം ഭൂവിസ്തൃതി 14.07 ഏക്കറാണ്. കെട്ടിടങ്ങൾ 2.31% പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ബാക്കി പ്രദേശം വൃക്ഷങ്ങളുടെ ആടുന്ന പച്ചത്തുരുത്താണ്. 10.43 ഏക്കർ ഭൂമിയാണ് പച്ചത്തുരുത്ത് പ്രദേശം.

മ്യൂസിയത്തിലെ സന്ദർശകരുടെ എണ്ണം

1915 മുതൽ 1928 വരെയുള്ള സന്ദർശകരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ വി.വി.കെ, വാലത്ത് സ്വന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 1915- ൽ 30,734 പേർ സന്ദർശിച്ചു. തുടർന്ന് ക്രമാനുഗതമായി വർദ്ധിച്ച് 1928 ലെത്തുമ്പോൾ 1,70,102 പേർ മ്യൂസിയവും മൃഗശാലയും സന്ദർശിച്ചതായി കാണാം. 2014 മുതൽ 2024 വരെയുള്ള 10 വർഷക്കാലത്തെ വിവരങ്ങൾ അനുസരിച്ച് 2014-15 സാമ്പത്തിക വർഷം 6,40,733 പേരും 2023-2024-ൽ 8,45,143 പേരും മൃഗശാല സന്ദർശിച്ചു. സന്ദർശകർ വഴിയുള്ള വരുമാനം 2014 ലെ 1.08 കോടിയിൽനിന്ന് 2024 ൽ 1.50 കോടി രൂപയിലെത്തി.

മൃഗശാല - മ്യൂസിയം സ്ഥാപനങ്ങൾ

കേരളത്തിലെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ തലയെടുപ്പാർന്ന പഴയ കെട്ടിടങ്ങളാണ് സ്റ്റേഡിയത്തിനടുത്തുള്ള കൊട്ടാരം, രാമനിലയം ഉൾപ്പെടുന്ന പ്രദേശം, ടൗൺഹാൾ, അക്കാദമികൾ, ഫൈൻ ആർട്ട്സ് കോളേജ്, എം ടി ഐ സ്റ്റേറ്റ് മ്യൂസിയം, കൊല്ലങ്കോട് കൊട്ടാരം തുടങ്ങിയവ. വൃക്ഷനിബിഡമായ സ്ഥലത്താണ് പാരിസ്ഥിതികമായിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നത് എന്നതാണ് ഇവയുടെ സവിശേഷത. അതിൽ ഏറ്റവും കൂടുതൽ വൃക്ഷങ്ങളുള്ള മൃഗശാല വകുപ്പിൽ നിന്നും ജന്തുജാലങ്ങൾ പോയിക്കഴിഞ്ഞാലും ഈ സ്ഥലം പുനരുപയോഗത്തിന് വിനിയോഗിക്കുമ്പോൾ അപൂർവ്വമായ വൃക്ഷങ്ങളും ആവാസവ്യവസ്ഥയും നിലനിർത്തേണ്ടതുണ്ട് എന്നത് പ്രധാനമാണ്. 56 കൂടുകളിലായി 3260.48 m2 (80 സെന്റ്) സ്ഥലമാണ് നിലവിലുണ്ടായിരുന്ന കൂടുകൾക്കായി ഉപയോഗിച്ചിരിക്കുന്നത്.

കൊല്ലങ്കോട് കൊട്ടാരം, തൃശ്ശൂർ
കൊല്ലങ്കോട് കൊട്ടാരം, തൃശ്ശൂർ

മൃഗശാല- കാഴ്ചബംഗ്ലാവ് പ്രദേശത്തെ മൊത്തം ഭൂവിസ്തൃതി 14.07 ഏക്കറാണ്. കെട്ടിടങ്ങൾ 2.31% പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ബാക്കി പ്രദേശം വൃക്ഷങ്ങളുടെ ആടുന്ന പച്ചത്തുരുത്താണ്. 10.43 ഏക്കർ ഭൂമിയാണ് പച്ചത്തുരുത്ത് പ്രദേശം.

തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗമാണ് ചെമ്പൂക്കാവ്. ചെമ്പൂക്കാവിലെ ഇപ്പോഴത്തെ സ്റ്റേറ്റ് മ്യൂസിയത്തിൽ താഴെ പറയുന്നവ പ്രവർത്തിക്കുന്നു.

1. മൃഗശാല.
2. ആർട്ട് മ്യൂസിയം.
3. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം.
4. ബൊട്ടാണിക്കൽ ഗാർഡൻ.
5. മൾട്ടി പർപ്പസ് മ്യൂസിയം.
6. മെഡിസിനൽ പ്ലാന്റ് ഗാർഡൻ.
7. 3D തിയേറ്റർ.

വിശാലമായ പച്ചത്തുരുത്തിന്റെ ഭാഗമായാണ് മേൽപ്പറഞ്ഞവയെല്ലാം പ്രവർത്തിക്കുന്നത്. തൃശ്ശൂർ നഗരത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഈ പച്ചത്തുരുത്ത് അത്യന്താപേക്ഷിതമാണ്.

ചരിത്ര പ്രാധാന്യം

ചെമ്പൂക്കാവിലെ മൃഗശാല ചരിത്രപരമായ 140 വർഷം പൂർത്തിയാക്കുകയാണ്. തൃശ്ശൂരിനെ സംബന്ധിച്ച് മൃഗശാല കേവലമൊരു സ്ഥാപനമല്ല. മൃഗശാല വന്നതുകൊണ്ടുമാത്രം അവിടെ വളർന്ന് വികസിച്ച് പന്തലിച്ച് അതിനകത്തുള്ള 10.42 ഏക്കർ വിസ്തൃതിയുള്ള ഒരു പച്ചത്തുരുത്ത് കൂടിയാണ്. ഈ പച്ചത്തുരുത്ത് തൃശ്ശൂരിന് പൊതുവായും നഗരത്തിന് പ്രത്യേകിച്ചും നൽകിയ ആവാസ വ്യവസ്ഥ - സേവനങ്ങൾ (ECHO SYSTEM SERVICES) അമൂല്യമാണ്. തൃശ്ശൂരിന്റെ ശ്വാസകോശമായി ഈ പച്ചത്തുരുത്ത് പ്രവർത്തിക്കുന്നു.

വന്യജീവി സംരക്ഷണം, പശ്ചിമഘട്ടത്തിലെ പ്രാദേശിക സസ്യ വർഗ്ഗങ്ങളുടെ സംരക്ഷണം, പ്രകൃതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ, വംശനാശം നേരിടുന്നവരുടെ പ്രത്യേക സംരക്ഷണം മുതലായവ മൃഗശാലകളുടെ സ്ഥാപിത ലക്ഷ്യങ്ങളാണ്.
വന്യജീവി സംരക്ഷണം, പശ്ചിമഘട്ടത്തിലെ പ്രാദേശിക സസ്യ വർഗ്ഗങ്ങളുടെ സംരക്ഷണം, പ്രകൃതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ, വംശനാശം നേരിടുന്നവരുടെ പ്രത്യേക സംരക്ഷണം മുതലായവ മൃഗശാലകളുടെ സ്ഥാപിത ലക്ഷ്യങ്ങളാണ്.

നിരവധി തലമുറകൾക്ക് മൃഗങ്ങളെ അടുത്തറിയാനും പ്രകൃതിയെ സ്നേഹിക്കാനും മൃഗശാല ഉപകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാനുള്ള അവസരം ലഭിച്ചു. വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യ- ജന്തുജാലങ്ങൾ പച്ചത്തുരുത്തിനാൽ സംരക്ഷിക്കപ്പെട്ടു. അവയുടെ പ്രജനനത്തിനും സംരക്ഷണത്തിനും മൃഗശാല വലിയ പങ്ക് വഹിച്ചു, ഇന്നും വഹിച്ചു കൊണ്ടിരിക്കുന്നു. വന്യജീവി സംരക്ഷണം, പശ്ചിമഘട്ടത്തിലെ പ്രാദേശിക സസ്യ വർഗ്ഗങ്ങളുടെ സംരക്ഷണം, പ്രകൃതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ, വംശനാശം നേരിടുന്നവരുടെ പ്രത്യേക സംരക്ഷണം മുതലായവ മൃഗശാലകളുടെ സ്ഥാപിത ലക്ഷ്യങ്ങളാണ്.ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഏറിയും കുറഞ്ഞും മൃഗശാലയ്ക്ക് കഴിഞ്ഞതായി രേഖപ്പെടുത്താനാകും. ഇതാണ് മൃഗശാല നിർവഹിക്കുന്ന ചരിത്രപരമായ ധർമ്മം.

പച്ചത്തുരുത്ത് സംരക്ഷണത്തിനായുള്ള നിർദ്ദേശങ്ങൾ

1. തൃശ്ശൂർ നഗരത്തിന്റെ ശ്വാസകോശമാണ് നഗരത്തിലും ചുറ്റുമുള്ളതുമായ പച്ചപ്പുകൾ. അവയിൽ ചെമ്പുങ്കാവിലെ മൃഗശാലയിലെ പച്ചത്തുരുത്ത് സവിശേഷമായ ഒന്നാണ്. അമൂല്യമായ ഈ പച്ചപ്പരവതാനി സംരക്ഷിക്കപ്പെടണം. സുസ്ഥിരവികസന കാഴ്ചപ്പാടുകളെ മുൻനിർത്തി, ഈ മാമരതോപ്പിനെ കലാബോധത്തോടെ തൃശ്ശൂരിന്റെ ജൈവോദ്യാനമായി (ബൊട്ടാണിക്കൽ ഗാർഡൻ) നിലനിർത്തി സംരക്ഷിക്കണം. തൃശ്ശൂരിന്റെ നഗരപച്ചത്തുരുത്ത് പരിരക്ഷിക്കണം. നിലവിലെ സസ്യസമ്പത്ത് മരങ്ങൾ വെട്ടിമാറ്റാതെ നിലനിർത്തുക. ആ പ്രദേശത്ത് പുതിയ നിർമ്മാണങ്ങൾ അനുവദിക്കരുത്. വാഹനപ്രവേശനവും അരുത്.

തൃശൂർ മൃഗശാലാവളപ്പിലെ കുളങ്ങൾ നികത്തിക്കളയാതെ അപൂർവ്വ ജലസസ്യങ്ങൾ വളർത്താവുന്നതാണ്. കൊല്ലംങ്കോട് കൊട്ടാരവും കൂടി ചേർത്ത് നല്ലൊരു ബൊട്ടാണിക്കൽ മ്യൂസിയം കൂടി ഉണ്ടാക്കാം. അന്യം നിന്ന് പോകുന്ന ഔഷധ സസ്യങ്ങളുടെ ഒരു ചെറിയ നഴ്‌സറി കൂടി സ്ഥാപിച്ചാൽ മധ്യകേരളത്തിലെ സസ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഔഷധസസ്യ കൃഷിക്കാർക്കും ഗുണകരമാകും.

2. പുത്തൂരിലെ പുതിയ സുവോളജിക്കൽ പാർക്കിന്റെ ബോധവത്കരണകേന്ദ്രമായി (Interpretation Centre) ചെമ്പുക്കാവിലെ സംവിധാനത്തെ മാറ്റുക. ഇത് തുടർന്നും, മ്യൂസിയം ആളുകൾ സന്ദർശിക്കുന്നതിനും അതിന്റെ നിലനിൽപ്പ് ഉറപ്പുവരുത്തുന്നതിനും സഹായിക്കും. ഈ പ്രവർത്തനം ഉടനെ ആരംഭിക്കാവുന്നതാണ്.

3. യുനസ്ക്‌കോയുടെ (UNESCO) GLOBAL NETWORK OF LEARNING CITY യിൽ തൃശ്ശൂർ നഗരം അംഗമാണ്. പാരമ്പര്യ അറിവുകളുടെ പഠനവും സംരക്ഷണവും ആവശ്യമായതിനാൽ മൃഗശാലയുടെ പച്ചത്തുരുത്തിലെ ജൈവവൈവിധ്യത്തെ ഭാവിതലമുറയുടെ പഠനത്തിനായി നിലനിർത്തേണ്ടതും പൈതൃക പഠനകേന്ദ്രമായി ഉയർത്തി സംരക്ഷിക്കുകയും വേണം.

4. അന്യം നിന്നുപോകുന്ന ഔഷധ്യസസ്യങ്ങളും മരങ്ങളും കൂടുതലായി വെച്ചുപിടിപ്പിക്കണം. മൃഗശാലാവളപ്പിൽ നിലവിലുള്ള കുളങ്ങൾ നികത്തിക്കളയാതെ അനേകം അപൂർവ്വ ജലസസ്യങ്ങൾ അതിൽ വളർത്താവുന്നതാണ്. കൊല്ലംങ്കോട് കൊട്ടാരവും കൂടി ചേർത്ത് നല്ലൊരു ബൊട്ടാണിക്കൽ മ്യൂസിയം കൂടി ഉണ്ടാക്കാം. ഒപ്പം അന്യം നിന്ന് പോകുന്ന ഔഷധ സസ്യങ്ങളുടെ ഒരു ചെറിയ നഴ്‌സറി കൂടി സ്ഥാപിച്ചാൽ മധ്യകേരളത്തിലെ സസ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഔഷധസസ്യ കൃഷിക്കാർക്കും ഗുണകരമാകും. ധാരാളം പുഷ്‌പസസ്യങ്ങൾ കൂടി നട്ടുപിടിപ്പിച്ചാൽ നല്ലൊരു ശലഭ പാർക്ക് കൂടി സ്ഥാപിക്കാവുന്നതാണ്. ഔഷധ സസ്യങ്ങൾ, ജല സസ്യങ്ങൾ എന്നിവയുടെ നഴ്‌സറി, ചിത്രശലഭോദ്യാനം എന്നിവ ആരംഭിക്കാം.

യുനസ്ക്‌കോയുടെ  GLOBAL NETWORK OF LEARNING CITY യിൽ തൃശ്ശൂർ നഗരം അംഗമാണ്.
യുനസ്ക്‌കോയുടെ GLOBAL NETWORK OF LEARNING CITY യിൽ തൃശ്ശൂർ നഗരം അംഗമാണ്.

5.ടൂറിസം ഡെസ്റ്റിനേഷൻ പോയിന്റ് ആയി മ്യൂസിയത്തെ മാറ്റണം.

6.സ്‌കൂൾ കോളേജ് കുട്ടികൾക്കായി ഒരു പരിസ്ഥിതി ബോധവൽക്കരണ കേന്ദ്രമായും (Awareness Centre) ജൈവസസ്യ ഉദ്യാനത്തിന്റെ പ്രാക്‌ടിക്കൽ ലാബായും പ്രയോജനപ്പെടുത്താവുന്നതാണ്. ബോട്ടണി വിദ്യാർത്ഥികൾക്കായുള്ള ഒരു പഠന പരിശീലന കേന്ദ്രമാക്കി (Internship) ഇതിനെ വികസിപ്പിക്കുകയും വേണം.

7.നിലവിലുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സുവോളജി വിദ്യാർത്ഥികൾക്ക് സഹായകരമാകും വിധം വിപുലപ്പെടുത്തണം. ജൈവോദ്യാനത്തെ പരിചയപ്പെടുത്താനായി Botany പഠിച്ചവരെ പ്രത്യേക Guide ആയി നിയോഗിക്കാം. പഠനത്തിന്റെ ഭാഗമായോ പഠനശേഷമോ ഉള്ള Internshipന് ഇവരെ പ്രയോജനപ്പെടുത്താം. Botany-Zoology വിഷയങ്ങൾ പഠിക്കുന്ന എല്ലാ കുട്ടികളുടേയും ഒരു ഇടമായി മ്യൂസിയത്തെ മാറ്റണം.

8. തൃശ്ശൂർ നഗരത്തിൽ ഇപ്പോൾ നല്ല നടപ്പാതയില്ല. പൊതുഇടങ്ങളും കുറവാണ്. അതിനാൽ പ്രഭാത സായാഹ്നസവാരിക്കും മാനസിക ഉല്ലാസത്തിനും ഒരു Soft Relaxed Space (വിശ്രമകേന്ദ്രം) ആവശ്യമാണ്. വൃക്ഷനിബിഡമായ ഈ പ്രദേശം എന്തുകൊണ്ടും ഇതിന് അനുയോജ്യമാണ്.

9. നടവഴികൾ നവീകരിച്ച് പൊതുജനങ്ങൾക്ക് നടക്കാനുള്ള walking track രൂപ കൽപ്പന ചെയ്യണം. സൈക്കിൾ സവാരിയുടെ സാധ്യതയും പരിശോധിക്കാം. ഒരു തുറന്ന വ്യായാമകേന്ദ്രം അവിടെ ആരംഭിക്കണം. സ്വതന്ത്രമായി നടക്കാനും ഇരിക്കാനും വിശ്രമിക്കാനും മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ കടന്നുവരാവുന്ന ഒരു പൊതുഇടമായി ഇത് മാറണം.

10. പൈതൃകമന്ദിരങ്ങൾ അതേപോലെ സംരക്ഷിക്കുക. അനാവശ്യമായതും തകർന്നതുമായ കെട്ടിടങ്ങളും കൂടുകളും പൊളിക്കാം. ആവശ്യമുള്ള ഇടങ്ങളിൽ നാടൻ ഭക്ഷ്യവസ്‌തുക്കൾ, ഭക്ഷണപാനീയ സ്റ്റാളുകൾ എന്നിവ ഒരുക്കുക

11. നിലവിലുള്ള ഹാളുകളെ പല വലുപ്പത്തിലുള്ള പ്രദർശന സമ്മേളനകേന്ദ്രങ്ങളായി പ്രയോജനപ്പെടുത്താം. ചെറിയ അക്കാദമിക്ക് പരിപാടികൾക്ക് മാത്രമായി അവ ഹരിത പ്രോട്ടോകോൾ പാലിച്ച് വാടകയ്ക്ക് നൽകി വരുമാനവും കണ്ടത്താം.

12. മ്യൂസിയത്തിന്റെയും ജൈവോദ്യാനത്തിന്റേയും നടത്തിപ്പിന് വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവർ ഉൾപ്പെട്ട ജനകീയ Advisory Body രൂപീകരിക്കുക.

13. മ്യൂസിയം കൂടുതൽ പുരാവസ്‌തുക്കൾ ഉൾപ്പെടുത്തി വിപുലീകരിക്കുക.

14. നിലവിലുള്ള ചിൽഡ്രൻസ് പാർക്ക് വിപുലീകരിക്കുക.

15. മ്യൂസിയം നവീകരണത്തിനും മെയിന്റനൻസിനുമായി പ്രത്യേക പ്രൊജക്ട് തയ്യാറാക്കി CSR Fund (Corporate Social Responsibility) തേടാം.

16. സമയബന്ധിതമായി മൃഗശാല പുത്തൂരിലേക്ക് മാറ്റുന്ന മുറയ്ക്ക് സർക്കാർ തലത്തിൽ ഉടനടി നടപടികൾ കൈക്കൊള്ളേണ്ടതാണ്.

അനുബന്ധം: 1

പച്ചത്തുരുത്തുകൾ (BOTANICAL GARDEN) നൽകുന്ന പാരിസ്ഥിതിക സേവനങ്ങളുടെ സാമ്പത്തിക മൂല്യം

ഇന്ത്യയിലെ ബൊട്ടാനിക്കൽ ഗാർഡനുകൾ നൽകുന്ന പാരിസ്ഥിതിക സേവനങ്ങളുടെ സാമ്പത്തിക മൂല്യം തിട്ടപ്പെടുത്താനുള്ള ചില ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതുപ്രകാരമുള്ള പഠനങ്ങൾ ക്രോഡീകരിക്കുമ്പോൾ ചെറുകിട വിസ്‌തൃതിയുള്ള ഒരു ബൊട്ടാനിക്കൽ ഗാർഡനിൽനിന്ന് ഏറ്റവും കുറഞ്ഞത് പ്രതിവർഷം ഒരു ഹെക്ടറിന് 12 കോടി രൂപക്ക് തുല്യമായ പാരിസ്ഥിതിക സേവനങ്ങൾ ലഭിക്കുന്നു എന്ന് തിട്ടപ്പെടുത്താം. അപ്രകാരം നോക്കുമ്പോൾ 10.43 ഏക്കർ വിസ്തൃതിയുള്ള ചെമ്പൂക്കാവിലെ പച്ചത്തുരുത്തിൽ (ബൊട്ടാണിക്കൽ ഗാർഡനിൽ) നിന്ന് ഏറ്റവും കുറഞ്ഞത് 50.64 കോടി രൂപക്ക് തുല്യമായ സേവനങ്ങൾ ലഭിക്കുന്നുവെന്ന് കരുതാം.

2021-ൽ പശ്ചിമബംഗാളിൽ ദേശീയപാതയിലെ റെയിൽവേ ക്രോസുകൾ ഒഴിവാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുവാൻ ആരംഭിച്ചപ്പോൾ ഏതാണ്ട് 356 വൻമരങ്ങൾ മുറിക്കേണ്ടതായി വരുന്ന സാഹചര്യത്തിൽ ഒരു പരിസ്ഥിതി സംഘടന സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി സമർപ്പിച്ചു. ഇതേതുടർന്ന് വന ആവാസവ്യവസ്ഥയ്ക്ക് പുറത്തുള്ള മരങ്ങളുടെ യഥാർത്ഥ പാരിസ്ഥിതികമൂല്യം തിട്ടപ്പെടുത്തുന്നതിന് വിദഗ്‌ധസമിതിയെ കോടതി ചുമതലപ്പെടുത്തി. റിപ്പോർട്ട്പ്രകാരം വൃക്ഷത്തിന്റെ യഥാർത്ഥ മൂല്യം എന്നത് പല തലങ്ങളിലായി ദർശിക്കേണ്ടതുണ്ട് എന്നാണ്. ജീവശാസ്ത്രപരം, പാരിസ്ഥിതികം, സാമൂഹികം, സാമ്പത്തികം, ചരിത്രപരം, സാംസ്ക്കാരികം എന്നിങ്ങനെ. അതിൻപ്രകാരം ഓരോ മരത്തിന്റെയും ശരാശരി മൂല്യം പ്രതിവർഷം 74580 രൂപയാണ്. മരത്തിന്റെ പ്രായം കൊണ്ട് ഗുണിക്കുമ്പോൾ ഇതിന്റെ യഥാർത്ഥ മൂല്യം പ്രതിഫലിക്കപ്പെടുന്നു. അതായത് 100 വർഷം പഴക്കമുള്ള ഒരു വൃക്ഷത്തിന്റെ മൂല്യം 72 ലക്ഷം രൂപയത്രേ.

(തയാറാക്കിയത്: ഡോ. പി. ഇന്ദിരാദേവി, കാർഷിക സർവ്വകലാശാല വെള്ളാനിക്കര, തൃശ്ശൂർ).

അനുബന്ധം: 2

പച്ചത്തുരുത്ത്:
നഗരത്തിന്റെ
ഹരിതശ്വാസകോശം

തൃശ്ശൂർ മൃഗശാലാ കാമ്പസിലെ പച്ചത്തുരുത്ത് നഗരത്തിന്റെ പാരിസ്ഥിതിക രക്ഷാകവചമായി വർത്തിക്കുന്നു. പച്ചപ്പ് 10.43 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. ഇത് നൽകുന്ന പാരിസ്ഥിതിക സേവനങ്ങളായ ഗ്രീൻ ബയോമാസ്സ്, കാർബൺ സംഭരണം, ജലസംഭരണം, ശബ്ദമലിനീകരണത്തിൻ്റെ ആഗിരണം മുതലായവ ശാസ്ത്രീയമായി കണക്കാക്കാം.

1. കാർബൺ സിങ്ക് (കാർബൺ സംഭരണം):

a) ഒരു ഹെക്ടറിലെ ഗ്രീൻ ബയോമാസ്സ് = 224 ടൺ.
b) 10.43 ഏക്കർ വിസ്തൃതിയിലെ (4.22 ഹെക്‌ടറിലെ) ഗ്രീൻ ബയോമാസ് = 947.49 ടൺ.
c) 4.22 ഹെക്ടറിൽ സംഭരിക്കുന്ന കാർബൺ (CARBON SEQUESTRATION) = 445.32 ടൺ.
d) 4.22 ഹെക്ടറിൽ സംഭരിക്കുന്ന കാർബൺഡയോക്സൈഡ് = 1634.35 ടൺ.

പച്ചത്തുരുത്ത് ഒരു കാർബൺ സിങ്കായി പ്രവർത്തിക്കുന്നു. മാത്രമല്ല 1634.35 ടൺ കാർബൺഡയോക്സൈഡിന് തുല്യമായ കാർബൺ ശേഖരിക്കുകയും ഹരിതഗൃഹവാതകമായ കാർബൺഡയോക്സൈഡിന്റെ ഉത്സർജനം (Co2 Emission) തടയുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹരിതഗൃഹ വാതകങ്ങൾ.

2. നഗരത്തിന്റെ ചൂട് കുറയ്ക്കുന്നു
(Heat Island Effect):

വ്യക്ഷലതാദികൾ സേവനം വഴി ചുറ്റുമുള്ള അന്തരീക്ഷത്തെ തണുപ്പിക്കുകയും നഗരത്തിലെ താപനില ക്രമാതീതമായി ഉയരുന്നത് തടയുകയും ചെയ്യുന്നു. അങ്ങനെ നഗരത്തെ Heat Island ആക്കുന്ന പ്രഭാവത്തെ ചെറുക്കുകയും ചെയ്യുന്നു.

3. ജലസംഭരണശേഷി
അന്തരീക്ഷത്തെ തണുപ്പിക്കുന്നു:

ഒരു ഹെക്ടർ പച്ചത്തുരുത്തിന് ഒരു മണിക്കൂറിൽ 273 mm മഴ മണ്ണിലേക്ക് ആഗിരണം ചെയ്യാനാകും. 10.43 ഏക്കറിൽ പച്ചത്തുരുത്ത് ഒരു കോടി 15 ലക്ഷം ലിറ്റർ ജലം മണ്ണിലേക്ക് സംഭരിക്കുന്നു. ഒരു ചതുരശ്ര മീറ്ററിലെ മണ്ണിന്റെ ജലസംഭരണശേഷി ഒരു ലിറ്റർ ആകുന്നു. ഇങ്ങനെ സംഭരിക്കപ്പെടുന്ന ജലം നഗരത്തിലെ ജലാശയത്തിൽ എത്തിച്ചേരുകയും നിരന്തരമായ ബാഷ്‌പീകരണം വഴി അന്തരീ ക്ഷത്തെ തണുപ്പിക്കുകയും ചെയ്യുന്നു.

4. ശബ്ദമലിനീകരണ നിയന്ത്രണം:

40 ചതുരശ്രമീറ്ററിലുള്ള ഒരു പച്ചത്തുരുത്തിന് 8 ഡെസിബെൽ വരെ ശബ്ദ മലിനീകരണം കുറയ്ക്കാൻ കഴിയും. ഇക്കാര്യത്തിലും പച്ചത്തുരുത്ത് വലിയ പങ്ക് വഹിക്കുന്നു.

5. വായു ശുദ്ധീകരണം (AIR QUALITY INDEX):

വാഹനങ്ങൾ പുറത്തുവിടുന്ന മലിനവായു വലിച്ചെടുത്ത് ഓക്സിജൻ പുറത്തുവിട്ട് അന്തരീക്ഷം ശുദ്ധീകരിക്കുന്നു. അങ്ങനെ പച്ചത്തുരുത്ത് നഗരത്തിന്റെ ശ്വാസകോശമായി പ്രവർത്തിക്കുന്നു. വായു മലിനീകരണം കുറയ്ക്കുന്നു. AIR QUALITY INDEX വർദ്ധിപ്പിക്കുന്നു.

അനുബന്ധം: 3

പച്ചത്തുരുത്തിലെ അപൂർവ്വവും
വംശനാശഭീഷണി നേരിടുന്നതുമായ സസ്യജാലങ്ങൾ

ചെമ്പൂക്കാവ് മൃഗശാലാ പരിസരത്ത് നടത്തിയ പഠനത്തിൽ വംശനാശഭീഷണി നേരിടുന്നതും അപൂർവ്വവുമായ നിരവധി സസ്യങ്ങളെ കണ്ടെത്തി. ഇത് ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വർധിപ്പിക്കുന്നു.

1. ശിംശിപ വൃക്ഷം (AMHERSTIA NOBILIS):

IUCN- ന്റെ (International Union for Conservation of Nature) റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട വൃക്ഷം. സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് വംശനാശം സംഭവിച്ച വിഭാഗത്തിൽപ്പെട്ട അതിമനോഹരമായ വൃക്ഷം. പ്രത്യേക പരിചരണം വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ വൃക്ഷം. ‘Pride of Burma’ എന്ന പേരിലും ഈ വൃക്ഷം അറിയപ്പെടുന്നു. കാട്ടിൽ വംശനാശം സംഭവിച്ച മരം.

2. ഊദ് (AQUILARIA MALACCENSIS):

ഗുരുതര വംശനാശഭീഷണി നേരിടുന്ന (ENDANGERED) വിഭാഗത്തിൽപ്പെട്ടതും പശ്ചിമ ഘട്ടത്തിൽ മാത്രം കാണുന്നതുമായ ENDEMIC ഇനം. (പ്രാദേശിക സസ്യം)

3. ചെറുകുരി (CYNOMETRA BEDDOMEI):

വംശനാശഭീഷണി നേരിടുന്ന (ENDANGERED) വിഭാഗത്തിൽപ്പെട്ടതും പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നതുമായ ENDEMIC ഇനം.

4. രക്തചന്ദനം (PETROCARPUS SANTALINUS):

വംശനാശഭീഷണി നേരിടുന്ന (ENDANGERED) വിഭാഗത്തിൽപ്പെട്ട സസ്യം.

5. ഈന്ത് (CYCAS CIRCINA LIS):

വംശനാശഭീഷണി നേരിടുന്ന (ENDANGERED) വിഭാഗത്തിൽപ്പെട്ട ദുർബല സസ്യം. ജുറാസിക് കാലഘട്ടത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നവയാണ് സൈക്കാഡ് (CYCAD) വിഭാഗത്തിൽപെട്ട ഈന്തുമരങ്ങൾ. 300 സ്‌പീഷിസോളം സൈക്കാഡുകൾ ലോകത്തുണ്ട്. ഇവയുടെ കൂട്ടത്തിൽപ്പെട്ട ഈന്ത് കേരളത്തിൽ വംശനാശഭീഷണിയിലാണ്.

6. വീട്ടി:

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന പ്രാദേശിക സസ്യം.

7. കരിമരം, നീർമാതളം:

അപൂർവ്വമായി മാത്രം കാണപ്പെടുന്ന വനവൃക്ഷങ്ങൾ.

8. പൊങ്കലം (PUTRANJIVA),
തമ്പകം (MALABAR IRON WOOD):

നിത്യഹരിതവനങ്ങളിൽ മാത്രം കാണപ്പെടുന്നു.
സ്വാഭാവിക ആവാസവ്യവസ്ഥയിൽനിന്ന് അന്യം നിന്നുപോകുന്ന മറ്റു അനവധി മരങ്ങളും പച്ചത്തുരുത്തിലുണ്ട്.

ചെമ്പൂക്കാവിലെ ബൊട്ടാണിക്കൽ ഗാർഡനിൽ (പച്ചത്തുരുത്തിൽ) അപൂർവ്വവും പഴക്കമുള്ളതുമായ 146 ഇനം വൃക്ഷസമ്പത്തുണ്ട്.  
ചെമ്പൂക്കാവിലെ ബൊട്ടാണിക്കൽ ഗാർഡനിൽ (പച്ചത്തുരുത്തിൽ) അപൂർവ്വവും പഴക്കമുള്ളതുമായ 146 ഇനം വൃക്ഷസമ്പത്തുണ്ട്.  

ചുരുക്കത്തിൽ ചെമ്പൂക്കാവിലെ ബൊട്ടാണിക്കൽ ഗാർഡനിൽ (പച്ചത്തുരുത്തിൽ) അപൂർവ്വവും പഴക്കമുള്ളതുമായ 146 ഇനം വൃക്ഷസമ്പത്തുണ്ട്.  

പക്ഷികൾ/ ശലഭങ്ങൾ

നഗരപ്രദേശങ്ങളിൽനിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പക്ഷികളും ദേശാടനപക്ഷികളും മൃഗശാലാ പച്ചത്തുരുത്തിൽ അഭയം തേടുന്നു. നാട്ടുവേഴാമ്പൽ (GREAT INDIAN HORNBILL) തത്തിച്ചിന്നൻ (VERNAL HANGING PARROT) മുതലായവ ഉദാഹരണം. നഗരവത്കരണം മൂലം എണ്ണം കുറഞ്ഞുവരുന്ന നിരവധി പക്ഷികൾക്കും ഈ പച്ചപ്പ് ആശ്വാസമാണ്. വലിയ വനമേഖലയിൽ മാത്രം കാണപ്പെടുന്ന പക്ഷികളാണിവ. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം ഉൾപ്പെടെ അനവധി ചിത്രശലഭങ്ങളും തുമ്പികളും ഇവിടെ കാണപ്പെടുന്നു. പഠനം, ഗവേഷണം, സസ്യങ്ങളുടെ സ്പെസിമെൻ ശേഖരണം എന്നീ കാര്യങ്ങൾക്ക് ഈ ഉദ്യാനം ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അമൂല്യമായ സഹായമാണ് നൽകിവരുന്നത്.

അനുബന്ധം: 4

പച്ചത്തുരുത്തുകൾ അഥവാ
ഗ്രീൻ കനോപ്പി നൽകുന്ന
ആവാസവ്യവസ്ഥാസേവനങ്ങൾ
(ECHO SYSTEM SERVICES)

1. പടർന്നുപന്തലിച്ച പച്ചപരവതാനിയാണ് ഗ്രീൻ കനോപ്പി അഥവാ പച്ചത്തുരുത്തുകൾ എന്ന് വിളിക്കുന്നത്.

2. ഒരു പ്രദേശത്തിന്റെ സമസ്‌ത മേഖലകളെയും അത് പരസ്‌പരം ബന്ധിപ്പിക്കുന്നു. ജീവിതം, ഭക്ഷണം, സംസ്കാരം, സാമ്പത്തികം, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളുടെ ശൃംഖല പ്രവർത്തനം കൂടിയാണിത്.

3. ആവാസവ്യവസ്ഥാ സേവനങ്ങൾ ഒരു സാങ്കേതിക പദമാണ്. ഒട്ടേറെ ഘടകങ്ങൾ അതിൽ ഉൾചേർന്നിരിക്കുന്നു. ശുദ്ധവായു, ശുദ്ധജലം, തണൽ, കുളിർമ എന്നിവയുടെ ലഭ്യത, ഭക്ഷണം, വിഭവം, മറ്റു ജീവജാലങ്ങൾക്ക് അഭയം നൽകൽ, വായു-ജല-ശബ്ദ മലീനീകരണ നിയന്ത്രണം ഇവയെല്ലാം അടിസ്ഥാന ഘടകങ്ങളാകുന്നു.

നഗരപ്രദേശങ്ങളിൽനിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പക്ഷികളും ദേശാടനപക്ഷികളും മൃഗശാലാ പച്ചത്തുരുത്തിൽ അഭയം തേടുന്നു. നാട്ടുവേഴാമ്പൽ, തത്തിച്ചിന്നൻ മുതലായവ ഉദാഹരണം.
നഗരപ്രദേശങ്ങളിൽനിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പക്ഷികളും ദേശാടനപക്ഷികളും മൃഗശാലാ പച്ചത്തുരുത്തിൽ അഭയം തേടുന്നു. നാട്ടുവേഴാമ്പൽ, തത്തിച്ചിന്നൻ മുതലായവ ഉദാഹരണം.

4. 1885- ൽ പാർക്ക് സ്ഥാപിക്കുമ്പോഴുള്ള തൃശൂർ നഗരത്തിന്റെ ജനസംഖ്യ 16,000 മാത്രമാണ്. ഇന്നത് (2025) 4.6 ലക്ഷമായി വർദ്ധിച്ചു. റോഡ്, കെട്ടിടം, വ്യവസായം, വാണിജ്യം എല്ലാം വർദ്ധിച്ചു. ധാരാളം പച്ചപ്പുകൾ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം നഷ്‌ടപ്പെട്ടു. അവശേഷിക്കുന്നവ ഒരു നഗരത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അതിജീവിക്കുവാൻ ആവശ്യമായ സമ്പത്തിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമാണ്.

5. പച്ചപ്പ് സുസ്ഥിര വികസനത്തിന്റെ ഒരു പ്രതീകമാണ്. നഗരവികസനവും അനുബന്ധ പശ്ചാത്തല സൗകര്യങ്ങളും നഗരത്തിന്റെയും മനുഷ്യജീവിതത്തി ന്റെയും അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് തന്നെയാണ്. എന്നാൽ ഈ വികസനം സുസ്ഥിരമാവേണ്ടത് കൂടിയാണ്. ഒരു കാലത്ത് വൃക്ഷനിബിഡമായ പ്രദേശങ്ങൾ, വയലുകൾ ഇവയാൽ ചുറ്റപ്പെട്ട തൃശ്ശൂർ പട്ടണത്തിന്റെ വലിയൊരു ശതമാനം പ്രദേശങ്ങൾ ഇന്ന് വീടും, റോഡും, മറ്റ് സ്ഥാപനങ്ങളാലും നിറഞ്ഞിരിക്കുന്നു.

6. വയലുകൾ നികത്തപ്പെട്ടു. സ്വാഭാവിക നീരൊഴുക്കിന്റെ ശൃംഖലകൾ ഇല്ലാതാ യി. അതിന്റെ പ്രതിഫലനമാണ് തൃശൂർ നഗരത്തിലെ വെള്ളക്കെട്ടുകൾ ദീർഘവീക്ഷണം നഗര വികസനമാണ് ഇതിന്റെ കാരണം.

7. തൃശൂർ നഗരത്തിലെ വൃക്ഷാവരണങ്ങളെല്ലാം സർക്കാർ പൊതുഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് ചുരുങ്ങിയിരിക്കുന്നു. വയലുകൾ അനുദിനം നികത്തപ്പെടുന്നു. ബാക്കിയുള്ള രക്ഷാവരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൃഗശാലയിലെ പച്ചപ്പ്. ഇതാണ് മൃഗശാല പരിസരത്തെ അമൂല്യമാക്കുന്നതും.

8. ലോകമാകെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രശ്‌നങ്ങൾ നേരിടുന്നു. ദ്രുതവികസന പ്രവർത്തനങ്ങൾ ഇവയെ ത്വരിതപ്പെടുത്തുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാധാന്യം ഇതാണ്.

അനുബന്ധം: 5

പാരിസ്ഥിതിക സേവനങ്ങൾ

പ്രകൃതിവിഭവങ്ങളും സേവനങ്ങളും പരിമിതമാണ്. അവ സൗജന്യമായും അനുസ്യൂതമായും ലഭ്യമാണെന്ന് ധാരണയ്ക്ക് മാറ്റം വന്നു. ദ്രുതഗതിയിലുള്ള വളർച്ച നിലനിർത്തുക പ്രയാസകരമാണെന്ന് തിരിച്ചറിവ് അനുഭവങ്ങളിലൂടെ നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.

പ്രകൃതിമൂലധനത്തിന്റെ സാംഗത്യം മനസ്സിലാക്കികൊണ്ടാണ് 2015- ൽ യൂണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് സമൂഹങ്ങൾ മാറേണ്ടതുണ്ടെന്ന് പ്രഖ്യാപിച്ചത്.

2001 മുതൽ 2005 വരെ നടത്തിയ മില്ലെനിയം എക്കോ സിസ്റ്റം അസ്സസ്മെന്റ് എന്ന (Millennium Echo System Assessment) ബൃഹത്തായ ആഗോളപഠനം പ്രകൃതിസമ്പത്തിന്റെ ബഹുമുഖ സേവനങ്ങൾ വിശദമായി ക്രോഡീകരിക്കുകയുണ്ടായി.

പ്രകൃതി നൽകുന്ന സേവനങ്ങളിൽ നാലു വിഭാഗങ്ങളായി തരംതിരിക്കാം.

1. പ്രൊവിഷനിംഗ് സർവീസസ്.
2. റെഗുലേറ്റിങ്ങ് സർവീസസ്.
3. കൾച്ചറൽ സർവീസസ്.
4. സപ്പോർട്ടിംഗ് സർവീസസ്.

1. പ്രൊവിഷനിംഗ് സർവീസസ്: ഉൽപന്നമായും വിഭവങ്ങളായും സേവനമായും നേരിട്ട് ലഭിക്കുന്ന പ്രകൃതിവിഭവങ്ങൾ.

2. റെഗുലേറ്റിംഗ് സർവീസസ്: പ്രകൃതി സന്തുലനത്തിലൂടെ അനുഭവവേദ്യമാക്കുന്ന സേവനങ്ങൾ.

3. കൾച്ചറൽ സർവീസസ്: വിദ്യാഭ്യാസം, വിനോദസഞ്ചാരം, സാംസ്‌കാരികം, ആചാരാനുഷ്‌ഠാനം, പൈതൃകം എന്നിവ. 

4. സപ്പോർട്ടിംഗ് സർവീസസ്: മേൽപ്പറഞ്ഞ മൂന്ന് ഉൽപ്പന്നങ്ങളുടേയും സേവനങ്ങളും അനുസൃതമായി നൽകുന്നതിന് ആവശ്യമായ പശ്ചാത്തല സ്വാഭാവിക പ്രവർത്തനങ്ങൾ.

മേൽ സൂചിപ്പിച്ച നാല് സേവനങ്ങളുടെ മൊത്തം സാമ്പത്തിക മൂല്യത്തെയാണ് ടോട്ടൽ വാല്യു ഓഫ് എക്കോസിസ്റ്റം സർവീസസ് അഥവാ പ്രകൃതി സേവനങ്ങളുടെ സാമ്പത്തിക മൂല്യം എന്നു വിളിക്കുന്നത്.

  • ലോകത്തിലെ എല്ലാ പ്രധാന ആവാസവ്യവസ്ഥകളിലും മൊത്തം പാരി സ്ഥിതി സേവന മൂല്യം പ്രതിവർഷം 33 ട്രില്യൻ യു.എസ് ഡോളർ ആകുന്നു. (1997 ലെ നിലവാരം അനുസരിച്ച് ഇത് 1226 ലക്ഷം കോടി രൂപ വരും) അതേസമയം ഗ്ലോബൽ GDP (ആഗോള മൊത്തം വരുമാനം) 18 ട്രില്യൺ ഡോളർ ആകുന്നു (669 ലക്ഷം കോടി രൂപ). എക്കോ സിസ്റ്റം സർവീസസ് വാല്യു ആഗോള ജി ഡി പിയുടെ ഏകദേശം രണ്ട് ഇരട്ടി വരുന്നു.

താഴെപ്പറയുന്നവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ

1. ഭക്ഷണം, ജലം, ജനിതക സമ്പത്ത്.
2. ജലലഭ്യത, പരാഗണം, അസംസ്കൃത വസ്‌തുക്കൾ, കാർബൺ ശുദ്ധീകരണം, വിനോദം, മണ്ണിന്റെ ഫലഭൂയിഷ്‌ഠത, ജനിതക സമ്പത്ത്, പ്രചോദനം.
3. നഴ്സറി സേവനം, ജലപ്രവാഹം നിയന്ത്രണം, മണ്ണൊലിപ്പ് നിയന്ത്രണം, പോഷക പുനസംക്രമണം, കാലാവസ്ഥാ വ്യവസ്ഥാപനം, സൗന്ദര്യാത്മക സേവനങ്ങൾ, ഔഷധവസ്‌തുക്കൾ, ഡിസ്റ്റർബൻസ് മോഡുലേഷൻ, അന്തരീക്ഷ ഗുണമേന്മ, കാലാവസ്ഥാ നിയന്ത്രണം, ജൈവവൈവിദ്ധ്യം, ഭൂഗർഭജല പോഷണം എന്നിവ.

ചുരുക്കിപ്പറഞ്ഞാൽ നേരിട്ടുള്ള വിഭവങ്ങളേക്കാൾ എത്രയോ മടങ്ങാണ് പാരിസ്ഥിതിക സേവനങ്ങളുടെ മൂല്യം.

പാരിസ്ഥിതി സേവനങ്ങളുടെ ഗുണമേന്മയാണ് മനുഷ്യ ആരോഗ്യത്തിന് അടിസ്ഥാനഘടകം. ലോകാരോഗ്യസംഘടന (ONE HEALTH) അഥവാ ഏകാരോഗ്യം എന്ന സമീപനം സ്വീകരിച്ചിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

അനുബന്ധം: 6

തൃശൂർ നഗരത്തിന്റെ വളർച്ച

തൃശൂർ നഗരം അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. 1891- ൽ 16,000 മാത്രമായിരുന്ന ജനസംഖ്യ 2025- ൽ 4,60,000 ആയി വർദ്ധിച്ചു. ഇത് 28 മടങ്ങ് വളർച്ചയാണ്. പഴയ മുൻസിപ്പൽ അതിർത്തി വികസിപ്പിക്കുകയും സമീപ പഞ്ചായത്തുകൾ തൃശൂർ കോർപ്പറേഷന്റെ ഭാഗമാക്കുകയും ചെയ്‌തു. പ്രതിവർഷ ജനസംഖ്യാ വളർച്ചാനിരക്ക് 3.91% ആണ്. തൃശൂർ നഗര വിസ്തൃതി 56 ഡിവിഷനുകളിലായി 101.42 സ്ക്വയർ കിലോമീറ്ററാണ്. TIER 2 സിറ്റിയാണ്, തൃശൂർ നഗരം. മൂന്നാമത്തെ വലിയ നഗരസഞ്ചയമായി (Urban Agglomeration) തൃശൂർ നഗരം പരിണമിച്ചു.

നഗരഉദ്യാനങ്ങളും പച്ചപ്പും മെച്ചപ്പെട്ട മാനസികാരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നഗരഉദ്യാനങ്ങളും പച്ചപ്പും മെച്ചപ്പെട്ട മാനസികാരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു.

നഗരവികസനവും
പാരിസ്ഥിതിക വെല്ലുവിളികളും

നഗരവികസനം അടിസ്ഥാന ആവശ്യമാണെങ്കിലും അത് സുസ്ഥിരമായിരിക്കണം. നഗരങ്ങളുടെ പച്ചത്തുരുത്തുകളുമായി ബന്ധപ്പെട്ടിരിക്കുന്ന നാല് പ്രധാന ലക്ഷ്യങ്ങൾ ഇതിനാവശ്യമാണ്:

1. കരയിലെ ആവാസവ്യവസ്ഥകളുടെ സംരക്ഷണം, പുനഃസ്ഥാപനം, സുസ്ഥിരമായ ഉപയോഗം.
2. കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും ചെറുക്കാനുള്ള അടിയന്തര നടപടികൾ.
3. സുരക്ഷിതമായ കുടിവെള്ളവും ശുചിത്വസൗകര്യങ്ങളും ഉറപ്പാക്കൽ.
4. നഗരത്തെ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്നതും സുരക്ഷിതവും സുസ്ഥിരവുമാക്കുക.
5. ഫ്ലാറ്റ് നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ അത്യാവശ്യം.

അനുബന്ധം: 7

നഗര ജൈവവൈവിദ്ധ്യ
സംരക്ഷണത്തിന്റെ നേട്ടങ്ങൾ

1. മെച്ചപ്പെട്ട വായുഗുണനിലവാരം:

ആധുനിക കാലത്തെ ഏറ്റവും വലിയ പാരിസ്ഥിതിക, ആരോഗ്യ ഭീഷണിയായി വായുമലിനീകരണം മാറിയിരിക്കയാണ്. നഗരങ്ങളിൽ വായു മലിനീകരണം അതിരൂക്ഷമാണ്. മലിനീകരണത്തിന്റെ ഫലമായി വായുവിൽ എത്തിപ്പെടുന്ന സൂക്ഷ്‌മ, അദൃശ്യ കണികകൾ നമ്മുടെ ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും ശരീരത്തിലേക്കും കയറാനിടവരുന്നു. മലിനവായുവിന്റെ ശ്വസനം പക്ഷാഘാതം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കാൻസർ തുടങ്ങിയ അവസ്‌ഥകളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. വായുമലിനീകരണം വലിയ തോതിൽ ഒഴിവാക്കാവുന്നതും പ്രതികൂല ഫലങ്ങൾ തടയാവുന്നതുമാണ് എന്നതാണ് ബന്ധപ്പെട്ട നല്ല വാർത്ത.

നഗരങ്ങളിലെ സസ്യജാലങ്ങൾ നാം ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. മരങ്ങളും മറ്റ് സസ്യങ്ങളും ഉൾപ്പെടെയുള്ള ഹരിത ഇടങ്ങൾ, ദോഷകരമായ വായുമാലിന്യങ്ങൾ പിടിച്ചെടുക്കുകയും അരിച്ചുവിടുകയും ചെയ്‌തുകൊണ്ട് വായുവിലെ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു. നഗരങ്ങളിലെ സസ്യങ്ങൾ വായുവിലൂടെ പകരുന്ന മാലിന്യങ്ങളുടെ, പ്രത്യേകിച്ച് കണിക പദാർത്ഥത്തിന്റെ (PM) സാന്ദ്രത കുറക്കാൻ സഹായിക്കുന്നു. മലിനവായുവിലെ കണിക പദാർത്ഥങ്ങളെ (പൊടി, ചാരം, പൂമ്പൊടി, പുക) തടസ്സപ്പെടുത്തുകയും ഓസോൺ, സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ ആഗിരണം ചെയ്‌തുകൊണ്ടും പ്രാദേശിക വായുവിന്റെ ഗുണനിലവാരം നിലനിർത്താൻ സസ്യ ഉദ്യാനങ്ങളിലെ ചെടികളും മരങ്ങളും സഹായിക്കുന്നു.

2. കാലാവസ്‌ഥാ നിയന്ത്രണം

നഗരങ്ങളിൽ ജനസംഖ്യ വർദ്ധിച്ചുവരുന്നത്, വെള്ളം ഇറങ്ങാത്ത (Impervious) ഉപരിതല പ്രദേശങ്ങളുടെ (കെട്ടിടങ്ങൾ, നടപ്പാതകൾ) തുടർച്ചയായ വികാസത്തിലേക്ക് നയിക്കുന്നു. 350 ഉദ്യാനങ്ങളും വൃക്ഷങ്ങളും തണൽ നൽകി പ്രാദേശിക കാലാവസ്ഥയെ നിയന്ത്രിക്കുന്നതിനും താപദ്വീപ് പ്രഭാവം (Heat Island Effect) കുറയ്ക്കുന്നതിനും സഹായിക്കുന്നു. അടുത്തിടെ, 'ലാൻഡ്സ്കേപ്പ് ആൻഡ് അർബൻ പ്ലാനിംഗ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, നഗരസസ്യജാലങ്ങൾ പകൽ സമയത്ത് ഭൂഉപരിതലത്തിന്റെ താപനില 6 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി. തണലും സ്വേദനബാഷ്പീകരണത്തിലൂടെ (Evapotranspiration) തണുപ്പും നൽകി മരങ്ങളും മറ്റു സസ്യങ്ങളും താപനില കുറയ്ക്കുന്നു. വെള്ളം കിനിഞ്ഞിറങ്ങാൻ സഹായിക്കുന്ന നടപ്പാതകൾക്കും നഗര തണ്ണീർത്തടങ്ങൾക്കും വെള്ളപ്പൊക്കത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും പട്ടണപ്രകൃതിയെ സംരക്ഷിക്കാൻ കഴിയും.

വെള്ളം കിനിഞ്ഞിറങ്ങാൻ സഹായിക്കുന്ന നടപ്പാതകൾക്കും നഗര തണ്ണീർത്തടങ്ങൾക്കും വെള്ളപ്പൊക്കത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും പട്ടണപ്രകൃതിയെ സംരക്ഷിക്കാൻ കഴിയും.
വെള്ളം കിനിഞ്ഞിറങ്ങാൻ സഹായിക്കുന്ന നടപ്പാതകൾക്കും നഗര തണ്ണീർത്തടങ്ങൾക്കും വെള്ളപ്പൊക്കത്തിൽ നിന്നും മലിനീകരണത്തിൽ നിന്നും പട്ടണപ്രകൃതിയെ സംരക്ഷിക്കാൻ കഴിയും.

3. മെച്ചപ്പെട്ട മാനസിക ക്ഷേമം

നഗരഉദ്യാനങ്ങളും പച്ചപ്പും മെച്ചപ്പെട്ട മാനസികാരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പഠനം കാണിക്കുന്നത്, ഉയർന്ന അളവിൽ ഹരിത ഇടങ്ങളുള്ള അയൽപക്കങ്ങളിൽ താമസിക്കുന്ന വ്യക്തികൾക്ക് കുറഞ്ഞ മാനസിക ക്ലേശങ്ങളും മെച്ചപ്പെട്ട മൊത്തത്തിലുള്ള ക്ഷേമവും ഉണ്ടന്നാണ്.

4. പാരിസ്‌ഥിതിക പ്രതിരോധം

നഗര തീവ്രമായ കാലാവസ്‌ഥാസംഭവങ്ങളും കാലാവസ്‌ഥാ വ്യതിയാന ആഘാതങ്ങളും ഉൾപ്പെടെയുള്ള പാരിസ്‌ഥിതിക മാറ്റങ്ങളോട് വൈവിധ്യമാർന്ന ആവാസവ്യവസ്‌ഥകൾ നന്നായി പ്രതിരോധിക്കും. 'നേച്ചർ എജ്യുക്കേഷൻ നോളജ്' ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് ഉയർന്ന തലത്തിലുള്ള ജൈവ വൈവിധ്യത്തിന് ആവാസവ്യവസ്ഥയുടെ സേവനങ്ങൾ നൽകാനും അസ്വസ്‌ഥതകളോട് പൊരുത്തപ്പെടാനും കഴിയും എന്നാണ്.

ആവാസവ്യവസ്‌ഥയുടെ ആരോഗ്യം നിലനിർത്തിക്കൊണ്ട് മാറിക്കൊണ്ടിരിക്കുന്ന പാരിസ്‌ഥിതിക സാഹചര്യങ്ങളുമായി പൊരു ത്തപ്പെടാനുള്ള ഒരു നഗരത്തിന്റെ കഴിവിന് ജൈവ വൈവിധ്യം ഗണ്യമായി സംഭാവന ചെയ്യുന്നു. ആവാസ വ്യവസ്‌ഥയുടെ ജൈവഭൗതിക പ്രവർത്തനവും ആനുകൂല്യങ്ങളിലൂടെയും സാമ്പത്തിക മൂല്യങ്ങളിലൂടെയും മനുഷ്യന്റെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജൈവവൈവിധ്യം സംരക്ഷിക്കുന്നതും വർദ്ധിപ്പിക്കുന്നതും മനുഷ്യന്റെ ക്ഷേമം വർദ്ധിപ്പിക്കുന്നതുൾപ്പെടെ വിവിധ ആവാസവ്യവസ്ഥാ പ്രക്രിയകളുടെ തുടർച്ചയെ പിന്തുണയ്ക്കുന്നു. നഗരങ്ങളിലെ ആവാസവ്യവസ്ഥാ സേവനങ്ങളെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും, കണ്ടെത്തലുകൾ പലപ്പോഴും അവഗണിക്കപ്പെടുന്നു, ന​ഗര ആസൂത്രകർ അവ ഉപയോഗിക്കുന്നില്ല.

5.പരാഗണത്തെ പിന്തുണയ്ക്കുന്നു

ഭക്ഷ്യോൽപ്പാദനത്തിലും ആവാസവ്യവസ്‌ഥയുടെ പ്രവർത്തനത്തിലും സുപ്രധാന പങ്ക് വഹിക്കുന്ന തേനീച്ചകൾ, ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ എന്നിവ പോലുള്ള പരാഗണകാരികൾ നഗര ഉദ്യാനങ്ങൾ നിർണായക അഭയകേന്ദ്രമായി വർത്തിക്കും.

6. വിനോദത്തിനുള്ള അവസരങ്ങൾ

നഗരങ്ങളിലെ ഹരിത ഇടങ്ങൾ നഗര ഭൂപ്രകൃതികളുടെ സൗന്ദര്യാത്മക മൂല്യം മെച്ചപ്പെടുത്തുകയും അതിലെ താമസക്കാർക്ക് വിനോദ അവസരങ്ങൾ നൽകുകയും ചെയ്യുന്നു. അലങ്കാര വൃക്ഷങ്ങൾ, പൂച്ചെടികൾ, ലാൻഡ്സ്കേപ്പിംഗ് ഘടകങ്ങൾ എന്നിവ നഗര പ്രദേശങ്ങൾക്ക് സൗന്ദര്യത്തിന്റെയും ശാന്തതയുടെയും ഒരു ബോധം നൽകുന്നു, അത് വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്നു, അതേസമയം തദ്ദേശവാസികൾക്ക് സാമൂഹിക ബന്ധം, വിശ്രമം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങളുള്ളതിനാൽ, വിനോദത്തിനുള്ള ഒരു അത്യാവശ്യ മേഖലയായും പ്രവർത്തിക്കുന്നു. വിവിധ പശ്ചാത്തങ്ങളിൽ നിന്നുള്ള ആളുകൾക്ക് പ്രകൃതിയുമായി ഇടപഴകാനും ബന്ധപ്പെടാനും സമൂഹ ബന്ധങ്ങൾ സൃഷ്ടിക്കാനുമുള്ള ഒത്തുചേരൽസ്‌ഥലങ്ങളായും ഹരിത ഇടങ്ങൾ പ്രവർത്തിക്കുന്നു.

7. ജൈവവൈവിധ്യ വിദ്യാഭ്യാസവും അവബോധവും

വിദ്യാഭ്യാസത്തിനും പാരിസ്‌ഥിതിക അവബോധം വളർത്തുന്നതിനുമുള്ള ഒരു സവിശേഷ അവസരമായി നഗരജൈവവൈവിധ്യം പ്രവർത്തിക്കുന്നു. ഹരിത ഇടങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, നഗരങ്ങൾക്ക് പ്രകൃതിയെ അടിസ്‌ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലും പാരിസ്‌ഥിതിക പുനരുദ്ധാരണ പദ്ധതികളിലും വിദ്യാഭ്യാസ പരിപാടികളിലും സമൂഹങ്ങളെ ഉൾപ്പെടുത്താൻ കഴിയും. പ്രത്യേകിച്ച് പ്രകൃതിദത്തമോ ചരിത്രപരമോ ആയ മൂല്യമുള്ള ഹരിത ഇടങ്ങൾ, ധ്യാനത്തിനും ആത്മീയ പുനരുജ്ജീവനത്തിനും വേണ്ടിയുള്ള സങ്കേത ങ്ങളായി വർത്തിക്കുന്നു. നഗരവാസികൾക്കിടയിൽ, പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും, പാരിസ്‌ഥിതിക പ്രക്രിയകൾ, ജൈവവൈവിധ്യസംരക്ഷണം, സുസ്‌ഥിര ജീവിതരീതികൾ എന്നിവയെ ക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കാനും ഇത് സഹായിക്കുന്നു.

പഠന റിപ്പോർട്ട് തയ്യാറാക്കിയവർ:

1. ഡോ. കെ വിദ്യാസാഗർ (റിട്ട. ഡീൻ, ഫോറസ്ട്രി കോളേജ്, കാർഷിക സർവ്വകലാശാല).
2. സച്ചിൻ കെ.അരവിന്ദ് (അസി.പ്രൊഫസർ, ഫോറസ്ട്രി കോളേജ്, കാർഷിക സർവ്വകലാശാല).
3. നിയാസ് പി. (വിദ്യാർത്ഥി, ഫോറസ്ട്രി കോളേജ്).
4. സച്ചിൻ കൃഷ്ണ (വിദ്യാർത്ഥി, ഫോറസ്ട്രി കോളേജ്).
5. സൂരജ് കുമാർ (വിദ്യാർത്ഥി, ഫോറസ്ട്രി കോളേജ്).
6. കിരൺ മോഹൻ (വിദ്യാർത്ഥി, ഫോറസ്ട്രി കോളേജ്).
7. അർജുൻ സുരേഷ് (വിദ്യാർത്ഥി, ഫോറസ്ട്രി കോളേജ്).
8. അനീഷ് കുമാർ കെ കെ.
9. പ്രൊഫ. എ.എ. ബേബി.
10. ജയകുമാർ പി. കെ.
11. ജോസ് എ.ടി.
12. ഗ്രീഷ്മ
13. ജയചന്ദ്രൻ എസ്.എസ്.
14. സന്തോഷ്കുമാർ എം.ആർ.
15. ബാലകൃഷ്ണൻ ടി. വി.
16. വിശ്വംഭരൻ ടി.വി.
17. ആനന്ദ് സെബാസ്റ്റ്യൻ.
18. ഡോ. കെ. ജി. രാധാകൃഷ്ണൻ.
19. വൈ. അച്യുത പ്രസാദ് (കൺവീനർ, പച്ചത്തുരുത്ത് ടീം).


Summary: A biodiversity study by ‘Pachathuruthu, Thrissur’ highlights the ecological and economic value of the 10.42-acre green space in Chembukkavu and proposes developing it as Thrissur’s Botanical Garden.


പച്ചത്തുരുത്ത്, തൃശൂർ

തൃശ്ശൂർ ചെമ്പൂക്കാവ് മ്യൂസിയം പ്രദേശത്ത് 10.42 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പച്ചത്തുരുത്തിനെക്കുറിച്ചും അതിലെ ജൈവവൈവിധ്യത്തെക്കുറിച്ചും പഠിക്കാൻ രൂപീകരിക്കപ്പെട്ട കൂട്ടായ്മ.

Comments