പെട്ടിമുടിയെ പൊടിച്ചത് മഴബോംബ്

61.62 സെന്റീമീറ്റർ മഴയാണ് ആഗസ്റ്റ് ആറിന് പെട്ടിമുടിയിൽ കെ.ഡി.എച്ച്.പി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തോ കൊച്ചിയിലോ കോഴിക്കോടോ നിന്നുപെയ്താൽ മറ്റൊരു പ്രളയം എന്ന് മാധ്യമങ്ങൾക്ക് വിശേഷിപ്പിക്കേണ്ടി വരുമായിരുന്ന പെരുമഴ. അഞ്ചുദിവസത്തെ കണക്ക് നോക്കിയാൽ മേഘസ്‌ഫോടനസമാനമായ മഴബോംബാണ് പെട്ടിമുടിയിൽ പൊട്ടിവീണത്. പെട്ടിമുടിയിലെ ഉരുൾപൊട്ടലിന്റെ യഥാർഥ കാരണം വെളിപ്പെടുത്തുകയാണ് മാധ്യമപ്രവർത്തകനും ഇടുക്കി സ്വദേശിയുമായ ലേഖകൻ

പെട്ടിമുടിയിൽ വ്യാഴാഴ്ച രാത്രി പത്തരയോടെ ഉരുൾപൊട്ടിയെങ്കിലും പുറംലോകമറിഞ്ഞത് പിറ്റേന്ന് പുലർച്ചെ ആറരയ്ക്കുമാത്രമാണ്. മൊബൈൽ ഫോൺ റേഞ്ചില്ലാത്ത പെട്ടിമുടിയിൽ ആഗസ്റ്റ് ഒന്നിന് പെരുമഴയെതുടർന്ന് വൈദ്യുതിയും ടെലഫോൺ ബന്ധവും നിലച്ചിരുന്നു. ഉരുൾപൊട്ടിയ വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും കെ.ഡി.എച്ച്.പി കമ്പനി അധികൃതർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് അവർ തന്നെ വിശദീകരിക്കുന്നു. കാരണം, കണ്ണൻദേവൻ മലനിരകളിൽ ഏറ്റവും സുരക്ഷിതമായ ഭൂപ്രദേശമെന്ന് കരുതിപ്പോന്ന ഒരിടത്താണ് പ്രകൃതി ദുരന്തം വിതച്ചത്. ഭൂപ്രകൃതി കൊണ്ട് മാത്രമല്ല, സംരക്ഷിത വനമേഖലയോട് ചേർന്ന തേയിലത്തോട്ടങ്ങളായതുകൊണ്ടുതന്നെ മനുഷ്യസഞ്ചാരം കർശനമായി നിയന്ത്രിച്ചുപോന്നിടത്ത് ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് ആരും പ്രവചിച്ചിരുന്നില്ല.

പെട്ടിമുടി (2014), ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പകർത്തിയ ചിത്രം

പക്ഷേ, അത് സംഭവിച്ചു, ചെങ്കുത്തായ മലനിരകളല്ലെങ്കിലും ഒരു കിലോമീറ്ററോളം ഉയരത്തിൽനിന്ന് ഇടിഞ്ഞിരുന്ന മലഞ്ചെരിവ് ഇരുപതുകുടുംബങ്ങളെ തകർത്ത് താഴേയ്ക്കുരുണ്ടു.

പശ്ചിമഘട്ടത്തിൽ ഇല്ല, സുരക്ഷിത ഇടം

മൂന്നാർ പട്ടണത്തിൽനിന്ന് 25 കിലോമീറ്റർ പോകണം പെട്ടിമുടിയിലേയ്ക്ക്. വരയാടുകളെ കാണാനും നീലക്കുറിഞ്ഞിയുടെ പടം പിടിക്കാനുമൊക്കെ രാജമലയിൽ പോയിട്ടുള്ളവർക്കറിയാം, നിയന്ത്രിതമാണ് ആ വഴിയിലേയ്ക്കുള്ള പ്രവേശനം തന്നെ. മൂന്നാർ- ഉടുമൽപേട്ട റോഡിൽ അഞ്ചാംമൈലിൽനിന്ന് ഇരവികുളം ദേശീയോദ്യാനത്തിലേയ്ക്ക് കടന്നാൽ ഇടുങ്ങിയ ഒറ്റ വഴിമാത്രം. അതുവഴി 13 കിലോമീറ്റർ പോകണം പെട്ടിമുടിയിലേയ്ക്ക്. അവിടെനിന്ന്

പെട്ടിമുടി ഡിവിഷനിൽ കഴിഞ്ഞ നാൽപ്പതുവർഷത്തിനിടെ ഇത്ര തീവ്രമായ മഴ പെയ്തതായി രേഖകളിലില്ല

സൊസൈറ്റി കുടി വരെ ജീപ്പ് റോഡും പിന്നീടങ്ങോട്ട് ഇടമലക്കുടിയിലേയ്ക്കുള്ള നടപ്പാതയുമാണ്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി ജീവനക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പെട്ടിമുടിക്കപ്പുറമുള്ള ആദിവാസി കുടികളിലുള്ളവർക്കും മാത്രമാണ് ഇവിടേയ്ക്ക് പ്രവേശനാനുമതി. അതായത്, കാടിനെയും മലകളെയും നിരന്തരം മുറിവേൽപ്പിക്കുന്നവരവിടെയില്ല. അവരുടെ ഏതെങ്കിലും തരത്തിലുള്ള സാന്നിധ്യമോ സ്വാധീനമോ ആ മേഖലയിലില്ല.

ദുരന്തത്തിന് മുൻപുള്ള പെട്ടിമുടി

ഒരു നൂറ്റാണ്ട് മുമ്പാണ് പെട്ടിമുടിയിലും രാജമലയിലും തേയില പ്ലാന്റേഷൻ തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ 1910ൽ. മലയിടിച്ചിലിൽ തകർന്ന നാല് ലൈൻ വീടുകളിൽ ഒന്നിന് നൂറുവർഷത്തിനുമേൽ പഴക്കമുണ്ട്. മൂന്ന് ലൈൻ വീടുകൾ 1981ൽ പുതുക്കി പണിതതും. പെട്ടിമുടി ടീ പ്ലാന്റേഷന്റെ നൂറുവർഷത്തെ ചരിത്രത്തിൽ ഒരിക്കലും ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ല. നൂറുവർഷം മുമ്പ് പ്ലാന്റേഷൻ സ്ഥാപിക്കുമ്പോൾ നടന്ന പ്രകൃതിചൂഷണത്തോളം പിന്നീടൊരിക്കലും ആ ചുറ്റുവട്ടത്ത് ഉണ്ടായിട്ടുമില്ല. പിന്നെ എന്തുകൊണ്ട് ആ സുന്ദരഭൂമി ഇടിഞ്ഞുവീണു എന്ന ചോദ്യത്തിന് തൽക്കാലം ഒരുത്തരമേ ഉള്ളൂ. പശ്ചിമഘട്ടത്തിൽ സുരക്ഷിതഇടം എന്നൊന്നില്ല. പ്രകൃതി പിണങ്ങിയാൽ ഏത് നൂറ്റാണ്ടിന്റെ ചരിത്രവും നിമിഷാർദ്ധം കൊണ്ട് പൊളിച്ചെഴുതപ്പെടും.

ആ മഴയുടെ കണക്ക് ഇതാ...

എങ്കിലും പിണങ്ങാനൊരു കാരണം വേണ്ടേ? തൽക്കാലം, പേമാരിതന്നെയാണ് പെട്ടിമുടിയെ തകർക്കാൻ പ്രകൃതി കാരണമാക്കിയത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു നിശ്ചിത ഭൂപ്രദേശത്ത് പെയ്യുന്ന മഴ 60 സെന്റീമീറ്ററിലധികമാണെങ്കിൽ പെട്ടിമുടിക്കെന്നല്ല ഏത് പശ്ചിമഘട്ടശിഖരത്തിനും താങ്ങാനാവില്ല. ആഗസ്റ്റ് ആറിന് പെട്ടിമുടിയിൽ പെയ്തിറങ്ങിയത് 60 സെന്റീമീറ്റർ മഴയാണെന്നാണ് കണ്ണൻദേവൻ ഹിൽസ്

നാൽപതുവർഷത്തിനിടെ പ്രളയകാലത്തുപോലും രേഖപ്പെടുത്താത്ത മഴ എന്തുകൊണ്ടുപെയ്തു എന്നത് പഠിക്കേണ്ട വിഷയമാണ്

പ്ലാന്റേഷൻസ് കമ്പനിയുടെ കണക്ക്. അത് ശരിയാവാനാണ് സാധ്യതയെന്ന് വനം വകുപ്പ് അധികൃതരും പറയുന്നു. കാരണം, 1924ലെ പ്രളയത്തിനുശേഷം ഇങ്ങോട്ട് ഓരോ ദിവസത്തേയും മഴക്കണക്ക് കണ്ണൻദേവൻ തേയില കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏരിയൽ ഡിസ്റ്റൻസിൽ ആറുകിലോമീറ്ററപ്പുറമുള്ള വനം വകുപ്പിന്റെ മഴമാപിനിയിൽ ആഗസ്റ്റ് ഒന്നുമുതൽ ആറുവരെ പെയ്ത മഴ 995മില്ലിമീറ്ററാണ്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനാണ് രാജമല ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ സ്ഥാപിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒന്നുമുതൽ കനത്ത മഴ ആഗസ്റ്റ് ആറോടെ മഴമാപിനിയുടെ പ്രവർത്തനത്തെത്തന്നെ അവതാളത്തിലാക്കി. മഴകവിഞ്ഞൊഴുകിയ ആറാം ദിവസം ഓട്ടോമാറ്റിക് വെതർ‌സ്റ്റേഷൻ രേഖപ്പെടുത്തിയത് 30.9 സെന്റീമീറ്റർ മഴയാണ്. മഴ അതിനപ്പുറം കടന്നതോടെ മഴമാപിനിക്കും കണക്ക് പിഴച്ചു.

പെട്ടിമുടിയിലെ ഉരുൾപൊട്ടൽ

രാജമലയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ രേഖപ്പെടുത്തിയ മഴക്കണക്ക്- രാജമലയിൽ പെയ്ത മഴ:
1-8-2020 - 22 mm
2-8- 2020 - 58 mm
3-8- 2020 - 111 mm
4-8-2020 - 195 mm
5-8-2020 - 93 mm
6-8-2020 - 309 mm
7-8-2020 -167 mm

അതായത്, 2018ലെ പ്രളയകാലത്ത് പെയ്തതിനേക്കാൾ വലിയ മഴ ആഗസ്റ്റ് ഒന്നുമുതൽ പെട്ടിമുടിയിൽ പെയ്തിറങ്ങി. വനം വകുപ്പ് മില്ലിമീറ്ററിലും കണ്ണൻദേവൻ കമ്പനി ഇഞ്ച് അളവിലുമാണ് മഴ രേഖപ്പെടുത്തുന്നത്. പെട്ടിമുടി ഡിവിഷനിൽ കഴിഞ്ഞ നാൽപ്പതുവർഷത്തിനിടെ ഇത്ര തീവ്രമായ മഴ പെയ്തതായി രേഖകളിലില്ല. അഞ്ചുദിവസത്തെ കണക്ക് നോക്കിയാൽ മേഘസ്‌ഫോടനസമാനമായ മഴബോംബാണ് പെട്ടിമുടിയിൽ പൊട്ടിവീണത്.

പെട്ടിമുടിയിലെ മഴക്കണക്ക് KDHP രേഖപ്പെടുത്തിയത്:
(Pettimudi Division Rainfall)
1.8.2020 - 3.12 Inches
2.8.2020 - 6.64 inches
3.8.2020 - 11.88 inches
4.8.2020 - 12.16 inches
5.8.2020 - 14.48 Inches
6.8.2020 - 24.26 inches

12 സെന്റീമീറ്ററിനുമുകളിലുള്ള ഏത് മഴയും ദുരന്തകാരണമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. 61.62 സെന്റീമീറ്റർ മഴയാണ് ആഗസ്റ്റ് ആറിന് പെട്ടിമുടിയിൽ KDHP രേഖപ്പെടുത്തിയത്. രാജമലയിൽ വനം വകുപ്പ് രേഖപ്പെടുത്തിയത് 30.9 സെന്റിമീറ്ററും. തിരുവനന്തപുരത്തോ കൊച്ചിയിലോ കോഴിക്കോടോ നിന്നുപെയ്താൽ മറ്റൊരു പ്രളയം എന്ന് മാധ്യമങ്ങൾക്ക്

എല്ലാ പെരുമഴക്കാലത്തും പെട്ടിമുടിയിലും തൊട്ടടുത്ത രാജമലയിലും പെയ്തമഴ അമ്പരപ്പിക്കുന്നതാണ്. മുന്നറിയിപ്പ് നൽകാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് തൽക്കാലം പ്രസക്തിയില്ല

വിശേഷിപ്പിക്കേണ്ടി വരുമായിരുന്ന പെരുമഴ. നാൽപതുവർഷത്തിനിടെ പ്രളയകാലത്തുപോലും രേഖപ്പെടുത്താത്ത മഴ എന്തുകൊണ്ടുപെയ്തു എന്നത് പഠിക്കേണ്ട വിഷയമാണ്. മൂന്നുവർഷമായി കാലാവസ്ഥാവ്യതിയാനം എന്നത് പഠനറിപ്പോർട്ടുകൾക്കും ലേഖനങ്ങൾക്കും പരിസ്ഥിതിസമരങ്ങൾക്കുമപ്പുറം യാഥാർത്ഥ്യമായി നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ അതിന്റെ ഉത്തരവാദിത്തം ഹൈറേഞ്ചിൽ ജീവിക്കുന്നവരുടെ തലയിൽ എളുപ്പത്തിൽ കെട്ടിവച്ച് ഒഴിയാൻ പരുവപ്പെട്ടതാണ് കേരളത്തിന്റെ പൊതുബോധം.

തോട്ടം തൊഴിലാളികൾ തിരിച്ചുപിടിച്ച ജീവനുകൾ

കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയുടെ നയമക്കാട് എസ്റ്റേറ്റിലെ രാജമല സെക്ഷനിലാണ് പെട്ടിമുടി ഡിവിഷൻ വരിക. നൂറുവർഷം പ്രായമായ പ്ലാന്റേഷനിൽ നൂറ്റിയിരുപത് സ്ഥിരം തൊഴിലാളികളാണുള്ളത്. ആകെ ജനസംഖ്യ മുന്നൂറോളം. എല്ലാവരും തമിഴ്‌നാട്ടുകാർ, അറുപത് ശതമാനത്തിലേറെ ദളിതർ. അതിൽ മലയിടിച്ചിലിൽ പെട്ടത് 83 പേരാണ്. പതിനഞ്ചുപേരെ തൊഴിലാളികൾ രക്ഷപ്പെടുത്തി. ചെറിയ കാര്യമല്ലത്. മണ്ണുമാന്തി യന്ത്രമോ മറ്റ് സാങ്കേതികസൗകര്യങ്ങളോ ഇല്ലാതെ വെറുംകയ്യുമായി പെരുമഴയത്ത് തോട്ടംതൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതാണ്.

ഉരുൾപൊട്ടലിനുശേഷമുള്ള പെട്ടിമുടി

അപകടം നടന്ന് ആറുമണിക്കൂറിന് ശേഷമാണ് മണ്ണിൽനിന്ന് പലരുടേയും ജീവൻ തൊഴിലാളികൾ തിരിച്ചുപിടിച്ചത്. രാജമലയിലേയ്ക്കുള്ള ഒരേഒരു വഴി മണ്ണിടിഞ്ഞ് തടസ്സപ്പെട്ടതുകൊണ്ട് പുറമേനിന്നുള്ള യന്ത്രസഹായം പിന്നേയും ഏറെ വൈകി.
2018ൽ വേലവർ കോവിലാറിലൂടെയും ഭീമനോടയിലൂടെയും ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ പെരിയവരൈയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പാലം തകർത്തിരുന്നു. പുതിയ പാലത്തിന്റെ പണി പുരോഗമിക്കുന്നേയുള്ളൂ. താൽക്കാലിക പാലം 2019ലും ഇപ്പോൾ 2020ൽ ഈ മഴയത്തും തകർന്നു. അതുകൊണ്ടുതന്നെ ആംബുലൻസുകളും ഫയർഫോഴ്‌സിന്റേയും ദുരന്തനിവാരണസേനയുടേയും വാഹനങ്ങളും അവിടെനിന്നു. മണ്ണിനടിയിൽനിന്ന് കണ്ടെത്തിയ ആറുപേരെ വാഹനസൗകര്യമുള്ളിടത്ത് എത്തിക്കാൻ നാലുകിലോമീറ്റർ ദൂരം ചുമന്നെത്തിച്ചതും നയമക്കാട്ടെ

രണ്ട് തലമുറകളാണ് ചെളിയിൽ പുതഞ്ഞുകിടക്കുന്നത്

തൊഴിലാളികൾ തന്നെയാണ്. മരിക്കുകയോ മണ്ണിനടിയിൽ കാണാതാവുകയോ ചെയ്ത അറുപത്തെട്ടുപേരിൽ ഇരുപത്തഞ്ച് സ്ഥിരം തൊഴിലാളികളുണ്ട്. 24 പേർ കുട്ടികളാണ്. മറ്റുള്ളവർ സ്ഥിരം തൊഴിലാളികളുടെ ബന്ധുക്കളും.

ഈ മലയിടിച്ചിൽ പ്രതിസന്ധിയിലാക്കിയത് 24 ആദിവാസി ഊരുകളെ കൂടിയാണ്. ഇടമലക്കുടിയിലേയ്ക്കുള്ള ഏകവഴിയാണ് നെടുകെ പിളർന്ന് പെട്ടിമുടിയാറായി താഴേയ്‌ക്കൊഴുകിയത്. സൊസൈറ്റി കുടി വരെയാണ് ഫോർവീൽ ഡ്രൈവ് ജീപ്പ് കയറിച്ചെല്ലുക. അവിടെനിന്ന് ഇടമലക്കുടിയിലേയടക്കം 23 ഊരുകളിലേയ്ക്കും നടന്നുപോകണം. പരപ്പയാർകുടിക്കുതാഴെ കെ.ഡി.എച്ച്.പി കമ്പനിയുടെ കൈവശമുള്ള ഭൂമിയിൽനിന്നുതന്നെയാണ് മല ഇടിഞ്ഞിരുന്നത്.

പെട്ടിമുടിയിലെ രക്ഷാപ്രവർത്തനം

ഇടിഞ്ഞമല ആദ്യം തകർത്തത് എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് കുടിവെള്ളമെത്തിക്കാൻ സ്ഥാപിച്ച കൂറ്റൻ വാട്ടർ ടാങ്കിനെയാണ്. മലയ്‌ക്കൊപ്പം ആ ടാങ്കും അതിലുണ്ടായിരുന്ന വെള്ളവും മണ്ണിനും പാറയ്ക്കുമൊപ്പം ലായപ്പുരകൾക്കുമേൽ പതിച്ചു. പിന്നെ പെട്ടിമുടിയാറിലേയ്ക്ക് ഒഴുകി. രണ്ടുകിലോമീറ്റർ താഴെ ആറ്റിൽനിന്നുപോലും തൊഴിലാളികളുടെ മൃതദേഹം കണ്ടെടുത്തു. എല്ലാ പെരുമഴക്കാലത്തും പെട്ടിമുടിയിലും തൊട്ടടുത്ത രാജമലയിലും പെയ്തമഴ അമ്പരപ്പിക്കുന്നതാണ്. മുന്നറിയിപ്പ് നൽകാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് തൽക്കാലം പ്രസക്തിയില്ല. പക്ഷേ തെക്കൻ തമിഴ്‌നാട്ടിൽനിന്ന് ബ്രിട്ടീഷ് പ്ലാന്റർമാർക്കുവേണ്ടി കങ്കാണിമാർ ജോടിക്ക് വിലയിട്ട് കൊണ്ടുവന്ന മനുഷ്യരുടെ അഞ്ചാം തലമുറയും ആറാംതലമുറയുമാണ് പെട്ടിമുടിയിലെ ചെളിയിലും പാറക്കെട്ടുകളിലും പുതഞ്ഞുകിടക്കുന്നത്. ആ വിലയിടൽ ഈ മഹാദുരന്തവും ദുരന്തവാർത്തയും കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളിലും മാധ്യമങ്ങളിലുമൊക്കെ അബോധസാന്നിധ്യമായി തുടരുന്നു എന്ന വിമർശനം തള്ളിക്കളയാവുന്നതല്ല.

Comments