പ്രയോഗത്തെയും സിദ്ധാന്തത്തെയും ശാസ്ത്രീയമായി സമന്വയിപ്പിച്ച്, കേരളത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തന്റേതായ സംഭാവന നൽകുകയും നേതൃപരമായി ഇടപെടുകയും ചെയ്ത മുൻനിര പേരാളികളിലൊരാളായിരുന്നു ഡോ. എ. അച്യുതൻ. തന്റേതായ എളിമയോടെ, മറ്റൊരാൾക്കും ബുദ്ധിമുട്ടുണ്ടാക്കാതെ പാതയോരങ്ങളിലൂടെ നടക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചതെങ്കിലും കർമഭൂമികളിൽ അച്യുതൻ മാഷ് കേന്ദ്രസ്ഥാനത്തുതന്നെ നിലയുറപ്പിച്ചിരുന്നു. നവതിയിലേക്കെത്തിയ മാഷ്, ഇരിങ്ങാലക്കുടയിലാണ് ജനിച്ചുവളർന്നത് എങ്കിലും, ജീവിതത്തിൽ ആറു ദശാബ്ദത്തോളം കോഴിക്കോട്ടുകാരനായിരുന്നു.
നാലഞ്ച് സ്‌കൂളുകളിൽ പഠിച്ചിരുന്നുവെങ്കിലും കൊടുങ്ങല്ലൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽനിന്നാണ് 1948ൽ മാഷ് പത്താം ക്ലാസ് പാസായത്. ഇന്റർമീഡിയറ്റിന് പഠിച്ചത് തൃശൂർ സെൻറ് തോമസ് കോളേജിൽ. 1950ൽ നല്ല രീതിയിൽ ഇന്റർമീഡിയറ്റ് പാസായി. തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽനിന്ന് 1954ൽ ബി.എസ്‌സി എഞ്ചിനീയറിംഗ് ബിരുദമെടുത്തു. കുറച്ചുകാലം അധ്യാപകനായും എഞ്ചിനീയറായും ജോലി ചെയ്തു. 1957ൽ അമേരിക്കയിലെ വിസ്‌കോൺസിൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടി. (എം.എസ്, സിവിൽ എഞ്ചിനീയറിംഗ്, ഹൈഡ്രോളിക്‌സ്). പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രത്യേക പദ്ധതിയനുസരിച്ച് തെരഞ്ഞെടുത്ത വിദ്യാർഥികളെ വിദേശരാജ്യങ്ങളിലയച്ച് പഠിപ്പിക്കുന്നതിന്റെ ഭാഗമായ 39 അംഗ ടീമിൽ ഒരംഗമായിരുന്നു അച്യുതൻ മാഷ്. 1962ൽ കോഴിക്കോട് റീജ്യനൽ എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപകനായി. 1970ൽ മദിരാശി ഐ.ഐ.ടിയിൽനിന്ന് ഡോക്ടറൽ ബിരുദം. തുടർന്ന് അധ്യപനം, ഗവേഷണം, അവയുടെ പ്രയോഗം എന്നീ നിലകളിൽ 2022 വരെ അദ്ദേഹം സജീവമായിരുന്നു.
എഞ്ചിനീയറിംഗ് ബിരുദം നേടിയപ്പോൾതന്നെ പഠനമിടുക്കിനാൽ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ഡമോൺസ്‌ട്രേറ്ററായി. കുറച്ചുകഴിഞ്ഞപ്പോൾ സുഹൃത്തുക്കളുടെ നിർബന്ധത്താൽ പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായി. കുറച്ചുകാലം ഐ.സി.എം.ആറിന്റെ സാനിറ്റേഷൻ പ്രൊജക്റ്റിൽ കൊല്ലത്ത് പ്രവർത്തിച്ചു. പിന്നീട് കുറെക്കാലം തൃശൂർ കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എഞ്ചിനീയറായി. ഉപരിപഠനത്തോടൊപ്പം വീണ്ടും അധ്യാപനത്തിലേക്കുതന്നെ തിരിച്ചുവന്നു.
1962ൽ കോഴിക്കോട് ആർ.ഇ.സിയിൽ നേരിട്ടുള്ള നിയമനത്തിൽ ജോലിയിൽ പ്രവേശിച്ചു. 16 വർഷം അവിടെ തുടർന്നു. 1978ൽ കോഴിക്കോട് സർവകലാശാലയിൽ വിദ്യാർഥിക്ഷേമവിഭാഗം ഡീൻ ആയി. പിന്നീട് അവിടെ തന്നെ അക്കാദമിക് സ്റ്റാഫ് കോളേജിന്റെ ഡയറക്ടർ, എഞ്ചിനീയർ എന്നിങ്ങനെയെല്ലാം പ്രവർത്തിച്ചു. കോഴിക്കോട് ‘സ്‌റ്റെഡി’ന്റെ ഡയറക്ടർ ആയിരുന്നു. പിന്നീട് ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലാതെ തന്റെ അറിവും അനുഭവവും ജനങ്ങൾക്കും നാടിനുമായി അദ്ദേഹം സമർപ്പിച്ചു. ആർ.ഇ.സിയിലെ അവസാന ഘട്ടം, അദ്ദേഹത്തിന് ഏറെ മാനസിക പ്രയാസമുണ്ടാക്കിയ കാലം കൂടിയായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. രാജൻ കേസും അന്വേഷണവും മറ്റുമായിരുന്നു പ്രധാനമായും അദ്ദേഹത്തിന് പ്രയാസമുണ്ടാക്കിയത്.
1962ൽ അധ്യാപകനായി കോഴിക്കോട്ട് എത്തിയ അതേ ഏപ്രിലിൽ തന്നെയാണ് അവിടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന രൂപം കൊള്ളുന്നത്. ആദ്യ യോഗങ്ങളിലൊന്നും മാഷ് പങ്കെടുത്തിരുന്നില്ല. എന്നാൽ, 1960കളിലെ കലാ- സാഹിത്യ- സാംസ്‌കാരിക സമ്പന്നമായ കോഴിക്കോടിന്റെ ഭാഗമായി അദ്ദേഹം മാറി. ഒരു കവിയരങ്ങളിൽ മറ്റൊരു ഇരിഞ്ഞാലക്കുടക്കാരനായ എൻ.വി. കൃഷ്ണവാരിയരെ പരിചയപ്പെട്ടു. 1965ൽ പരിഷത്ത് അംഗമായി. എം.എൻ. സുബ്രഹ്മണ്യനായിരുന്നു അംഗത്വം നൽകിയത്. 1966ൽ മാഷ് പരിഷത്ത് ജനറൽ സെക്രട്ടറിയായി. 1969ൽ സംസ്ഥാന പ്രസിഡന്റായി. ഇക്കാലത്തുതന്നെ ‘ശാസ്ത്രഗതി' പത്രാധിപരായി. മാഷിന്റെ കാലത്താണ് പരിഷത്ത് സൊസൈറ്റിയായി രജിസ്റ്റർ ചെയ്യുന്നത്. രജിസ്റ്റർ ചെയ്തത് അച്യുതൻ മാഷിന്റെ വീടിന്റെ വിലാസത്തിലാണ് (അഞ്ജലി, പി.ഒ ആർ.ഇ.സി). അതോടെ മാഷിന്റെ വീട് പരിഷത്ത് ഓഫീസും പരിഷത്ത് ഓഫീസ് മാഷിന്റെ വീടുമായി മാറുകയായിരുന്നു. അഥവാ, പരിഷത്തിന് ഒരു വിലാസമുണ്ടാക്കിയത് മാഷ് ആയിരുന്നു.
പഠിച്ച കാര്യങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുകയായിരുന്നു മാഷിന്റെ പ്രധാന ദൗത്യം. ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ ഈ സമീപനം അവസാനം വരെ അദ്ദേഹം തുടർന്നു. മാലിന്യസംസ്‌കരണത്തിനുള്ള പുതിയ മാർഗങ്ങൾ, കൊതുകനിവാരണം, പുക കുറഞ്ഞ അടുപ്പിന്റെ (ഇന്നത്തെ പരിഷത്ത് അടുപ്പ്) രൂപീകരണം, വൈദ്യുതി ലാഭിക്കാനുള്ള മാർഗങ്ങൾ, കുടിവെള്ള സംരക്ഷണ നടപടികൾ, ചെലവ് കുറഞ്ഞയും പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ചുമുള്ള കെട്ടിടനിർമാണം എന്നീ രംഗങ്ങളിലായിരുന്നു അദ്ദേഹം ഊന്നിപ്രവർത്തിച്ചത്. ഇവയൊക്കെ പ്രചരിപ്പിക്കാൻ ധാരാളം ഗ്രന്ഥങ്ങളും ലഘുലേഖകളും അദ്ദേഹം തയാറാക്കി. ‘നിങ്ങൾക്കൊരു വീട്' എന്നതാണ് ഇക്കൂട്ടത്തിൽ പ്രധാനം. ആർ.ഇ.സിയിൽ സഹപ്രവർത്തകനായിരുന്ന വിൻസെൻറ് പോളുമായി ചേർന്നാണ് ഈ പുസ്തകം തയാറാക്കിയത്. ‘പരിസ്ഥിതി പഠനത്തിനൊരാമുഖം' എന്നത് സമഗ്രമായ ചെറിയൊരു പരിസ്ഥിതി സമീപന രേഖയാണ്. അതിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അവസാനം തയാറാക്കിയ ‘ഉയിർനീർ' വെള്ളത്തിന്റെ എ ടു ഇസെഡ് കാര്യങ്ങൾ അടങ്ങിയ ഗ്രന്ഥമാണ്. കൂടാതെയുള്ള ലഘുലേഖകൾ, 15ഓളം പുസ്തകങ്ങൾ എന്നിവയൊക്കെ കാലിക പ്രധാന്യമുള്ള വിഷയങ്ങൾ കെകാര്യം ചെയ്യുന്നവയായിരുന്നു.
ഈയിടെയായി അദ്ദേഹത്തെ അലട്ടിയ പ്രധാന പ്രശ്‌നം കാലാവസ്ഥാ മാറ്റവും അതിന്റെ ആഘാതങ്ങളുമായിരുന്നു. ഈ ലേഖകനും കെ. രമയും ചേർന്ന് തയാറാക്കിയ പുസ്‌കത്തിന്റെ അവരാതികയിൽ അദ്ദേഹം പറഞ്ഞു, ‘ഇനിയും തർക്കിച്ച് നാളുകൾ കളഞ്ഞാൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലെത്തും. അതുകൊണ്ട് ആഗോള താപനം നിയന്ത്രിക്കാനുള്ള പ്രവർത്തനത്തിന് ഒട്ടും വൈകിക്കൂടാ... ഗവൺമെന്റിനെക്കൊണ്ട് ചെയ്യിക്കേണ്ടത് ഇനി നിങ്ങളാണ്. നാളെയാവുകിൽ ഏറെ വൈകീടും...'
പരിഷത്തിനകത്തും പുറത്തും നിന്നുകൊണ്ട് മാഷ് നേതൃത്വം നൽകിയ സമരങ്ങൾ പ്രധാനമായും പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തിലൂന്നിയുള്ളവയായിരുന്നു. സൈലൻറ്വാലി സംരക്ഷണ സമരം തന്നെയായിരുന്നു തുടക്കം. എഞ്ചിനീയറായ മാഷ് ആദ്യമൊക്കെ വൈദ്യുതിയുടെ ഭാഗത്തായിരുന്നു. എന്നാൽ, എം.കെ. പ്രസാദ് മാഷിന്റെ സാന്നിധ്യമാണ് ഇതിൽ മാറ്റം വരുത്തിയത്. പിന്നീട് സൈലൻറ്വാലിയുടെ വിശദാംശങ്ങൾ പഠിക്കാനും മനസ്സിലാക്കാനും തയാറായതോടെ ആ വനങ്ങൾ സംരക്ഷിക്കാനായി നിരന്തരം അദ്ദേഹം പോരാടി. ഈ വീറോടെയാണ് ചാലിയാർ മലിനീകരണ പ്രശ്‌നത്തിനെതിരെയുള്ള പോരാട്ടവും നടത്തുന്നത്. മാവൂർ ഗ്വാളിയോർ റയൺസിൽ മലിനീകരണം ഒഴിവാക്കി കമ്പനി നടത്താമായിരുന്നു. എന്നാൽ, ലാഭം കുറയും. അത് മുതലാളിക്ക് ഇഷ്ടമില്ല. അവിടെയാണ് മുതലാളിത്തവും ജനജീവിതവും തമ്മിലുള്ള തുലനത്തെ അഭിസംബോധന ചെയ്യുന്നത്. ഈ ചിന്ത പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയൊരു മാനവും രാഷ്ട്രീയദിശയും നൽകി. ദരിദ്രർക്ക് പരിസ്ഥിതി ഒരു ഉപജീവന മാർഗമാണ്, അതിനാൽ പരിസ്ഥിതി സംരക്ഷണം എന്നാൽ ദരിദ്രപക്ഷ സംരക്ഷണമാണ് എന്നതാണ് ആ തിരിച്ചറിവ്. ആ നിലപാട് രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും മാഷിന് വലിയൊരു പങ്കുണ്ട്. കേരളത്തിൽ അരങ്ങേറിയ ഖനന- മണൽ മാഫിയയെയും ഇതേ നിലപാടിൽ നിന്നുകൊണ്ടുതന്നെയാണ് മാഷ് എതിർത്തത്.
ജീരകപ്പാറ വനസംരക്ഷണത്തിൽ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. ചെങ്ങോട്ടുമല സംരക്ഷണത്തിൽ പരിഷത്ത് നിയോഗിച്ച വിദഗ്ധ സമിതിയിൽ മാഷ് അംഗമായിരുന്നു. മുക്കം ഭാഗത്തെ ഉരുൾപൊട്ടൽ പഠിക്കാനുള്ള കമ്മിറ്റിയിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ചു. പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നത്തിലും കാസർകോട് എൻഡോസൾഫാൻ പ്രശ്‌നത്തിലും പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, ശാസ്ത്രത്തിന്റെ പിൻബലത്തിൽ നിലപാടെടുത്തു. കോഴിക്കോട് കിനാലൂരിൽ ജനഹിതം മാനിക്കാതെയുണ്ടായ ഇടപാടിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സംഘത്തിന്റെ ചുമതല മാഷിനായിരുന്നു. ഞങ്ങളൊക്കെ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്താണ് പലതും മനസ്സിലാക്കിയത്. ഈ പഠനത്തെ മുൻനിർത്തി മാഷ് തയാറാക്കിയ റിപ്പോർട്ടിന്റെ തലക്കെട്ടുതന്നെ ‘കിനാലൂർ: ജനവികാരം അവഗണിച്ചതിന്റെ പ്രത്യാഘാതം' എന്നായിരുന്നു.
കുടുംബത്തെ ഒപ്പം നിർത്തിക്കൊണ്ടുതന്നെ എല്ലാ സാമൂഹിക പ്രവർത്തനങ്ങളും നിറവേറ്റിപ്പോന്ന മാഷ് അക്ഷരാർഥത്തിൽ ഒരു കർമയോഗിയായിരുന്നു. ആ കുടുംബബന്ധത്തിന്റെ തീവ്രത ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിരന്തരം ഇടപെടൽ നടത്തിയ, സ്വന്തമായി പഠിച്ചതിനെയെല്ലാം പ്രയോഗിച്ച, അതിന്റെ ഗുണം നാടിനായി ലഭിക്കാൻ പ്രയത്‌നിച്ച കർമയോഗി. അച്യുതൻ മാഷിന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയറാകാമായിരുന്നു. ‘പല' രീതിയിലുമുള്ള ഉയർച്ചക്ക് അതൊക്കെ ഗുണകരമാകുമായിരുന്നു. മാഷ് പക്ഷെ, ആ വഴിയല്ല സ്വീകരിച്ചത്. പഠനവും അധ്യാപനവും പൊതുപ്രവർത്തനവുമാണ് തന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ കൂടപ്പിറപ്പുകളെക്കുറിച്ചുകൂടി അദ്ദേഹം ചിന്തിച്ചു. അവർക്കായി പ്രവർത്തിച്ചു. അങ്ങനെ സഹജീവികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി യത്‌നിച്ച മനുഷ്യസ്‌നേഹിയായി. അങ്ങനെയാണ് സിവിൽ എഞ്ചിനീയറായ ഡോ. എ. അച്യുതൻ പരിസ്ഥിതി പ്രവർത്തകനും ജനകീയ ശാസ്ത്രപ്രചാരകനുമായ അച്യുതൻ മാഷായി നമ്മോടൊപ്പം ഉണ്ടായിരുന്നത്.