പരിസ്ഥിതി സംരക്ഷകർ കൊല ചെയ്യപ്പെടുന്ന കാലത്ത് COP-30ൽ ഉയർന്ന ആദിവാസിശബ്ദം

“ബ്രസീലിൽ നടന്നുകൊണ്ടിരിക്കുന്ന COP30 കാലാവസ്ഥാ ഉച്ചകോടി പരിസ്ഥിതി നീതിയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ ഒരു വഴിത്തിരിവായി മാറവേ ഈ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഘടകം ആദിവാസി ജനതയുടെ സാന്നിധ്യവും അവരുടെ പ്രതിഷേധവുമാണ്. ലോകത്ത് പരിസ്ഥിതി സംരക്ഷകർ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ആദിവാസികൾ ഉയർത്തിയ സ്വരം പ്രകൃതി സംരക്ഷണത്തിന്റെ മറ്റൊരുമുഖമാണ് കാട്ടിത്തരുന്നത്,” ഷൈൻ. കെ എഴുതുന്നു.

ലോകമെമ്പാടും പരിസ്ഥിതി സംരക്ഷകരും കാലാവസ്ഥാ പ്രവർത്തകരും നേരിടുന്ന ആക്രമണങ്ങളും പീഡനങ്ങളും കഴിഞ്ഞ വർഷങ്ങളിൽ ഗൗരവമായി വർധിച്ചിരിക്കുന്നു എന്ന് പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആഗോള ഗവേഷക സമൂഹം അഭിപ്രായപ്പെടുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പല രാജ്യങ്ങളിലും കുറ്റകരമായതായി കണക്കാക്കപ്പെടുകയും, ഇത്തരം പ്രതിഷേധങ്ങളോട് കർശനമായ നിയമനടപടികളും പൊലീസ് ഇടപെടലുകളുമാണ് നിലവിൽ സ്വീകരിച്ച് പോരുന്നതെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. തന്നെയുമല്ല, കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഇവർക്കെതിരെയുള്ള ആക്രമണങ്ങളിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട് എന്നാണ്. ബ്രസീലിൽ നടന്നുകൊണ്ടിരിക്കുന്ന COP30 കാലാവസ്ഥാ ഉച്ചകോടിയിൽ ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തകരും സുരക്ഷാ സേനകളും തമ്മിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. 2023-ൽ ഇക്വഡോറിൽ ഖനനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും കൊല്ലപ്പെട്ടതായും അൽ ജസീറ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആക്രമണങ്ങളും സാമൂഹ്യപ്രതിഫലനവും

പരിസ്ഥിതി സംരക്ഷകർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ 21-ആം നൂറ്റാണ്ടിലെ ഭയപ്പെടുത്തുന്ന മനുഷ്യാവകാശ പ്രതിസന്ധികളിലൊന്നായി മാറിയിരിക്കുകയാണ്. Global Witness പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം, 2012 മുതൽ 2023 വരെ 2,100-ലധികം പരിസ്ഥിതി പ്രവർത്തകർ കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും ലാറ്റിനമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലായിരുന്നു. 2025-ലും ഈ പ്രവണതയിൽ മാറ്റമൊന്നുമില്ല. മണ്ണും വെള്ളവും വനവും സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നവർ വ്യവസായ-സർക്കാർ കൂട്ടുകെട്ടുകളുടെ ലക്ഷ്യമായി മാറുകയാണ്.

ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയ, ബ്രസീൽ, പെറു, ഹോണ്ടുറാസ്, മെക്സിക്കോ എന്നിവിടങ്ങളിലാണ് കൊലപാതകങ്ങൾ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ രാജ്യങ്ങളിൽ ഖനനം, വനംനശീകരണം, ഡാം നിർമ്മാണം, എണ്ണ-വാതക ശേഖരണം തുടങ്ങിയ വികസന പദ്ധതികൾക്കെതിരെ പ്രവർത്തിച്ചവർക്കാണ് ഏറെയും ജീവൻ നഷ്ടമായത്. ഉദാഹരണത്തിന്, ഹോണ്ടുറാസിലെ പരിസ്ഥിതി പ്രവർത്തകയായ ബെർത കാസെറാസ് 2016-ൽ കൊലചെയ്യപ്പെട്ടത് ലോകശ്രദ്ധ നേടിയ സംഭവം ആയിരുന്നു; ഇവർ പ്രാദേശിക ആദിവാസി സമുദായങ്ങളുടെ ജലാവകാശത്തിനു വേണ്ടിയായിരുന്നു പോരാട്ടം നയിച്ചത്.

ഇക്വഡോറിൽ 2025-ൽ നടന്ന പ്രതിഷേധങ്ങളിൽ നിരവധി ഭൂമിരക്ഷകരും നാട്ടുകാരും കൊല്ലപ്പെടുകയുണ്ടായി. ഖനനക്കമ്പനികൾക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് വെടിവച്ച സംഭവങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രസീലിലെ ബെലേം നഗരത്തിൽ നടന്ന COP30 ഉച്ചകോടിയിൽ, ആമസോൺ വന സംരക്ഷണത്തിനായി പ്രതിഷേധിച്ച ആദിവാസികൾക്കെതിരെ സുരക്ഷാ സേന ബലപ്രയോഗം നടത്തി. ഈ സംഭവങ്ങൾ, പരിസ്ഥിതി സംരക്ഷണം പോലും ‘സുരക്ഷാ പ്രശ്നം’ എന്ന പേരിൽ അടിച്ചമർത്തപ്പെടുന്ന പുതിയ രാഷ്ട്രീയ മനോഭാവത്തെയാണ് അടയാളപ്പെടുത്തിവയ്ക്കുന്നത്.

ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിലും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുമുള്ള പരിസ്ഥിതി പ്രവർത്തകരുടെ സ്ഥിതി അതിലും അപകടകരമാണ്. നൈജീരിയയിൽ 1995-ൽ കൊല്ലപ്പെട്ട ഒഗോണി ണയൻ (Ogoni Nine) എന്ന പേരിൽ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകർക്ക് 30 വർഷം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് Amnesty International 2025-ൽ പ്രസ്താവിച്ചിരുന്നു. ആഫ്രിക്കയിലെ എണ്ണ ഉത്പാദന മേഖലകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഇപ്പോഴും തുടരുന്നു എന്നതിനുള്ള തെളിവാണിത്.

എന്നാൽ വികസിത രാജ്യങ്ങളിലാവട്ടെ ഈ പ്രവണതയ്ക്ക് മറ്റൊരു രൂപമാണ് കാണാൻ സാധിക്കുന്നത്. യു.കെയിലും ഓസ്ട്രേലിയയിലും പരിസ്ഥിതി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനും തടവിലാക്കുന്നതിനുമായി കർശനമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ചെറിയ പൊതുപ്രതിഷേധങ്ങൾ പോലും “പൊതു ക്രമലംഘനം” എന്ന പേരിൽ കുറ്റകരമാക്കപ്പെടുന്നു. ഇതിലൂടെ, നിയമപരമായി തന്നെ ഇവരെ കൈകാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടാവുന്നു.

ഹോണ്ടുറാസിലെ പരിസ്ഥിതി പ്രവർത്തകയായ ബെർത കാസെറാസ് 2016-ൽ കൊലചെയ്യപ്പെട്ടത് ലോകശ്രദ്ധ നേടിയ സംഭവം ആയിരുന്നു; ഇവർ പ്രാദേശിക ആദിവാസി സമുദായങ്ങളുടെ ജലാവകാശത്തിനു വേണ്ടിയായിരുന്നു പോരാട്ടം നയിച്ചത്.
ഹോണ്ടുറാസിലെ പരിസ്ഥിതി പ്രവർത്തകയായ ബെർത കാസെറാസ് 2016-ൽ കൊലചെയ്യപ്പെട്ടത് ലോകശ്രദ്ധ നേടിയ സംഭവം ആയിരുന്നു; ഇവർ പ്രാദേശിക ആദിവാസി സമുദായങ്ങളുടെ ജലാവകാശത്തിനു വേണ്ടിയായിരുന്നു പോരാട്ടം നയിച്ചത്.

അതിക്രമങ്ങളുടെ രാഷ്ട്രീയ–സാമ്പത്തിക ഘടന

പരിസ്ഥിതി പ്രവർത്തകർക്കതിരെയുള്ള ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. അത് ലാഭത്തെ ലക്ഷ്യമിടുന്നവരുടെ രാഷ്ട്രീയ സാമ്പത്തിക ഘടനയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. അതിനാൽ തന്നെ ഖനനം, എനർജി എന്നീ മേഖലകളെ രാഷ്ട്രീയ പിന്തുണയാൽ സംരക്ഷിച്ചു നിർത്തുകയാണ് ചെയ്യുന്നത്. അതിനായി ദുർബലമായ നിയമസംവിധാനങ്ങളും കോർപ്പറേറ്റുകളും സർക്കാരുകളും തമ്മിലുള്ള അപ്രഖ്യാപിത കൂട്ടുകെട്ടുകളുമുള്ള വ്യവസ്ഥിതിയും കൂട്ട് നിൽക്കുന്നു. വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരവിരുദ്ധമാണെന്ന തെറ്റായ ധാരണ മുന്നോട്ടുവെച്ച് ഭരണകൂടങ്ങൾ പരിസ്ഥിതി സംരക്ഷകരെ ‘വികസനവിരുദ്ധർ,’ ‘രാജ്യദ്രോഹികൾ’ എന്നൊക്കെ മുദ്രകുത്തുകയും ഇതിലൂടെ ജനങ്ങളുടെ പിന്തുണ ലഭിക്കാതിരിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു. UN Special Rapporteur Michel Forst അഭിപ്രായപ്പെടുന്നതുപോലെ, പരിസ്ഥിതി സംരക്ഷണം ഭാവി തലമുറകളുടെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമാണ്. അതിനാൽ പരിസ്ഥിതിപ്രവർത്തകരെ അടിച്ചമർത്തുന്നത് പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ ഒരു ഭാഗം മാത്രമായി ഒതുങ്ങുന്നില്ല. മറിച്ച്, അത് ഭാവിയിലെ തലമുറകളുടെ അവകാശങ്ങളും അവസരങ്ങളും നഷ്ടപ്പെടുത്തുന്നതിലേക്കുമാണ് നയിക്കുന്നത്.

പരിസ്ഥിതി പ്രവർത്തകർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പ്രത്യേക രാജ്യത്തിലെ മാത്രം പ്രശ്നമല്ല, ആഗോള മനുഷ്യസമൂഹം നേരിടുന്ന പ്രശ്നമാണ്. ഭൂമിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ നിശ്ശബ്ദരാക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാതെ, കാലാവസ്ഥാ പ്രതിസന്ധിയേയും ജലസുരക്ഷാ പ്രതിസന്ധിയേയും നേരിടാൻ കഴിയില്ല. അതിനാൽ, പരിസ്ഥിതി സംരക്ഷകരുടെ സുരക്ഷയും അവകാശങ്ങളും അന്താരാഷ്ട്ര നയനിർമ്മാണത്തിന്റെ മുഖ്യവിഷയമായി ഉയർത്തേണ്ടത് അനിവാര്യമാണ്.

COP30-ൽ ഉയർന്ന ആദിവാസി ശബ്ദങ്ങൾ, പുതിയ പ്രതിരോധം

ബ്രസീലിൽ നടന്നുകൊണ്ടിരിക്കുന്ന COP30 കാലാവസ്ഥാ ഉച്ചകോടി പരിസ്ഥിതി നീതിയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ ഒരു വഴിത്തിരിവായി മാറിക്കൊണ്ടിരിക്കവേ ഈ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഘടകം ആദിവാസി ജനതയുടെ സാന്നിധ്യവും അവരുടെ ശക്തമായ പ്രതിഷേധങ്ങളുമാണ്.
ലോകമെമ്പാടും പരിസ്ഥിതി സംരക്ഷകർ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ആദിവാസികൾ ഉയർത്തിയ സ്വരം പ്രകൃതി സംരക്ഷണത്തിന്റെ മറ്റൊരുമുഖമാണ് എടുത്തുകാട്ടിയത്. ആൻഡീസ് പർവ്വതങ്ങളിൽ നിന്ന്, ആമസോൺ വനങ്ങളിൽ നിന്ന്, പെസഫിക് തീരങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആദിവാസി നേതാക്കളും യുവാക്കളുമാണ് ബെലേമിലേക്ക് എത്തിച്ചേർന്നത്. “ഞങ്ങളില്ലാതെ ഞങ്ങളുടെ ഭാവിയെ നിങ്ങൾ തീരുമാനിക്കുന്നതെന്തിന്” എന്ന മുദ്രാവാക്യമാണ് പ്രധാനമായും ഉയർന്നത്. ഇത്, കാലാവസ്ഥാ നയനിർമ്മാണത്തിൽ അവരുടെ പങ്കാളിത്തം ഇപ്പോഴും പര്യാപ്തമായി അംഗീകരിക്കപ്പെടുന്നില്ലെന്ന ഗൗരവമായ ആശങ്കയെയാണ് പ്രതിഫലിപ്പിച്ചത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട് എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും അവരുടെ അവകാശവും പങ്കാളിത്തവും അംഗീകരിക്കണമെന്ന ആവശ്യം അവർ ഉന്നയിച്ചു. ഖനനം, എണ്ണശേഖരണം, വനംനശീകരണം എന്നിവയ്‌ക്കെതിരെ നടക്കുന്ന പരമ്പരാഗത പോരാട്ടങ്ങളെ കാലാവസ്ഥാ നീതിയുമായി ബന്ധിപ്പിച്ചുകൊണ്ട്, ഇവർ COP30-ൽ പുതിയ ചർച്ചകൾക്ക് തുടക്കം കുറിപ്പിച്ചു. സുരക്ഷാസേനയുമായി സംഘർഷമുണ്ടായെങ്കിലും, ഭൂരിഭാഗം ആദിവാസി കൂട്ടായ്മകളും സമാധാനപരമായ പ്രതിഷേധത്തെ മുൻനിർത്തി അവരുടെ നിലപാട് വ്യക്തമാക്കുകയുമുണ്ടായി.

ബ്രസീലിൽ നടന്നുകൊണ്ടിരിക്കുന്ന COP30 കാലാവസ്ഥാ ഉച്ചകോടി പരിസ്ഥിതി നീതിയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ ഒരു വഴിത്തിരിവായി മാറിക്കൊണ്ടിരിക്കവേ ഈ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഘടകം ആദിവാസി ജനതയുടെ സാന്നിധ്യവും അവരുടെ ശക്തമായ പ്രതിഷേധങ്ങളുമാണ്.
ബ്രസീലിൽ നടന്നുകൊണ്ടിരിക്കുന്ന COP30 കാലാവസ്ഥാ ഉച്ചകോടി പരിസ്ഥിതി നീതിയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ ഒരു വഴിത്തിരിവായി മാറിക്കൊണ്ടിരിക്കവേ ഈ സമ്മേളനത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഘടകം ആദിവാസി ജനതയുടെ സാന്നിധ്യവും അവരുടെ ശക്തമായ പ്രതിഷേധങ്ങളുമാണ്.

തങ്ങളുടെ ജീവനും സംസ്കാരവും നേരിട്ട് ബന്ധിപ്പിക്കുന്ന ഭൂഅവകാശം, സമതുലിതമായ കാലാവസ്ഥാ ധനസഹായം, അന്താരാഷ്ട്ര ചർച്ചകളിൽ പ്രതിനിധാനം എന്നിവ ഈ പ്രതിഷേധക്കാരുടെ ആവശ്യങ്ങളായിരുന്നു. തന്നെയുമല്ല, ഭൂമിയുടെ ഔദ്യോഗിക ഡീമാർക്കേഷൻ വേഗത്തിൽ നടപ്പിലാക്കണമെന്നും വനനശീകരണം, ഖനനം, പെട്രോളിയം ഖനനം പോലുള്ള അവരുടെ ഭൂമിയെയും ജീവിതരീതിയെയും ഭീഷണിയിലാഴ്ത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ, കാലാവസ്ഥാ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് തങ്ങളാണെന്നും ഇടനിലക്കാരില്ലാതെ കാലാവസ്ഥാ ധനസഹായം നേരിട്ട് ലഭിക്കുന്ന രീതി ഉറപ്പാക്കണമെന്നും മറ്റൊരു ആവശ്യമായി. പ്രതിഷേധക്കാർ ഉന്നയിച്ച മറ്റൊരു ആശങ്ക എന്നത് പരിസ്ഥിതി സൗഹൃദ നയങ്ങളുടെ പേരിൽ മുന്നോട്ട് കൊണ്ടുവരുന്ന ഊർജ്ജവും ഇൻഫ്രാസ്ട്രക്ചറും ഉൾപ്പെട്ട ചില ദേശീയ പദ്ധതികൾ പ്രായോഗികമായി ഖനനവും വനംനശീകരണവും വർദ്ധിപ്പിക്കാനുള്ള സാധ്യതകൾ സൃഷ്ടിക്കുന്നു എന്നതാണ്. മുപ്പതാമത് COP സമ്മേളനം 1.5°C താപനില ലക്ഷ്യം പാലിക്കൽ, പുതുക്കിയ NDC സമർപ്പണം, COP29-ലെ ധനവാഗ്ദാനങ്ങളുടെ പുരോഗതി എന്നിവയിലാണ് മുഖ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉച്ചകോടി നവംബർ 6–21 വരെ ബ്രസീലിലെ ബെലെമിൽ നടക്കുന്നു.

പരിസ്ഥിതി പ്രവർത്തകരുടെ സുരക്ഷ, അവഗണിക്കപ്പെട്ട ചോദ്യങ്ങൾ

പരിസ്ഥിതി പ്രവർത്തകർക്കെതിരെ വ്യത്യസ്ത രാജ്യങ്ങളിൽ നടക്കുന്ന അടിച്ചമർത്തലും ആക്രമണങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കാൻ ആവില്ലെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. നിയന്ത്രണമില്ലാത്ത ലാഭാധിഷ്ഠിത വികസന മാതൃകയും അതിനെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ–കോർപ്പറേറ്റ് കൂട്ടുകെട്ടുകളുമാണ്. അതിനാൽ തന്നെ പരിസ്ഥിതി സംരക്ഷണം ഒരു നൈതിക ചുമതലയെന്നതിലുപരി ഒരു മനുഷ്യാവകാശ വിഷയമായി തിരിച്ചറിയേണ്ട ആവശ്യം ലോകത്തിനു മുന്നിൽ എല്ലാ കാലത്തും ഉയർന്നിട്ടുണ്ട്.

ലോകത്തിന്റെ പല മേഖലകളിലും ഭരണകൂടങ്ങൾ വികസന പദ്ധതികളെ സംരക്ഷിക്കുന്നതിനായി പ്രതിഷേധങ്ങളെ ‘സുരക്ഷാ ഭീഷണി’ എന്ന പേരിൽ കർശനമായി അടിച്ചമർത്തുന്ന പ്രവണത ശക്തമാകുകയാണ്. പ്രത്യേകിച്ച്, ഖനനം, ഹൈഡ്രോ കാർബൺ പദ്ധതികൾ, വൻതോതിലുള്ള ഇൻഫ്രാസ്ട്രക്ചർ നിർമാണം എന്നിവയ്ക്കെതിരായ പ്രതിരോധമാണ് കൂടുതൽ ലക്ഷ്യമാക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി പ്രതിഷേധക്കാരുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാക്കുകയും, ‘രാജ്യവിരുദ്ധ’മെന്ന് മുദ്ര കുത്തുകയും ചെയ്യുന്ന രീതിയാണ് പൊതുവായി കണ്ടുവരുന്നത്. ഇന്നത്തെ അന്താരാഷ്ട്ര നയതന്ത്രവേദികളിൽ പരിസ്ഥിതി സംരക്ഷകരുടെ സുരക്ഷ പ്രധാന ചർച്ചാവിഷയമാവാത്തതും മറ്റൊരു ഗുരുതര പ്രശ്നമാണ്. കാലാവസ്ഥാ ധനസഹായം, കാർബൺ കുറവ്, പുതുക്കിയ NDC സമർപ്പണം എന്നിവയൊക്കെ പ്രധാന ചർച്ചാ വിഷയങ്ങളായിരിക്കുമ്പോഴും ഈ നയങ്ങൾ നടപ്പിലാക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ പ്രാധാന്യം ലഭിക്കുന്നില്ല. പ്രത്യേകിച്ച്, ആമസോൺ താഴ്-വരയിലെ ആദിവാസി സമൂഹങ്ങൾ, ആഫ്രിക്കയിലെ ഖനന മേഖലകളിലെ പ്രദേശവാസികൾ, ഏഷ്യയിലെ തീരദേശ മത്സ്യബന്ധന സമൂഹങ്ങൾ എന്നിവയാണ് ഇന്ന് ഏറ്റവും അപകടത്തിലുളളവർ. ഇവരുടെ നിലനിൽപ്പ് തന്നെ നേരിട്ട് ഭൂമി–വന–ജല വിഭവങ്ങളുമായി ബന്ധപ്പെട്ടു നിന്നിട്ടും, അന്താരാഷ്ട്ര നയ നിർമ്മാണത്തിൽ അവർക്ക് ലഭിക്കുന്ന പ്രതിനിധാനം വളരെ പരിമിതമാണ്.

 ആമസോൺ താഴ്-വരയിലെ ആദിവാസി സമൂഹങ്ങൾ, ആഫ്രിക്കയിലെ ഖനന മേഖലകളിലെ പ്രദേശവാസികൾ, ഏഷ്യയിലെ തീരദേശ മത്സ്യബന്ധന സമൂഹങ്ങൾ എന്നിവയാണ് ഇന്ന് ഏറ്റവും അപകടത്തിലുളളവർ.
ആമസോൺ താഴ്-വരയിലെ ആദിവാസി സമൂഹങ്ങൾ, ആഫ്രിക്കയിലെ ഖനന മേഖലകളിലെ പ്രദേശവാസികൾ, ഏഷ്യയിലെ തീരദേശ മത്സ്യബന്ധന സമൂഹങ്ങൾ എന്നിവയാണ് ഇന്ന് ഏറ്റവും അപകടത്തിലുളളവർ.

കാലാവസ്ഥാ പ്രതിസന്ധി കടുക്കുന്ന ഈ ഘട്ടത്തിൽ, പരിസ്ഥിതി പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാതെ കപട പരിസ്ഥിതിവാദം പേറി ജനങ്ങൾക്ക് മുന്നിൽ കസേരകളിൽ കേറി ഇരിക്കുന്നത് തീർത്തും നൈതികമായ നിലപാടുകളെ തന്നെ ദുർബലപ്പെടുത്തുന്ന പ്രവണതയാണ്. ഈ പ്രവർത്തകരുടെ അവകാശവും സുരക്ഷയും ഉറപ്പാക്കുക എന്നത് തന്നെയാണ് യഥാർഥ നീതിയുക്തമായ പരിസ്ഥിതി നീതി.

References

1. Global Witness Report

Global Witness. (2023). Standing firm: The deadly toll of defending the planet. Global Witness. https://www.globalwitness.org

2. United Nations Special Rapporteur on Environmental Defenders

United Nations Human Rights Council. (2022). Report of the Special Rapporteur on environmental defenders: Human rights and environmental protection. United Nations. https://www.ohchr.org

3. Al Jazeera News Article (Environmental Conflicts / Ecuador / Mining Protest)

Al Jazeera. (2023, August 28). Ecuador’s Indigenous groups protest mining and oil extraction amid rising violence. Al Jazeera Media Network. https://www.aljazeera.com

4. COP30 Protest News – Deshabhimani (Malayalam source)

Deshabhimani. (2025, November). COP30 protest clash in Belem: Indigenous communities question exclusion from climate policy. Deshabhimani Daily. https://www.deshabhimani.com

5. Amnesty International Report (Environmental Defenders in Nigeria / Ogoni Nine)

Amnesty International. (2025). Nigeria: 30 years after the Ogoni Nine killings—No justice for environmental defenders. Amnesty International Publications. https://www.amnesty.org


Summary: At a time when environmentalists are under attack around the world, the voice raised by tribals at COP-30 shows another facet of nature conservation, Shine K writes.


ഷൈൻ. കെ

ഗവേഷക വിദ്യാർഥി, ​സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് & ഡെവലപ്മെൻറ് സ്റ്റഡീസ് , മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം.

Comments