ഘാസി മലനിരകളിലെ തദ്ദേശീയ ഗോത്രജനത നാല് പതിറ്റാണ്ടായി നടത്തിയ പോരാട്ടത്തിന് ചരിത്രവിജയം. മേഘാലയയിലെ സൗത്ത് വെസ്റ്റ് ഘാസി ഹിൽസ് ജില്ലയിലെ ഡോമിയാസിയാറ്റിൽ യുറേനിയം ഖനനം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ ഔദ്യോഗികമായി പ്രമേയം പാസാക്കി. ഭരണഘടനയിലെ ആറാം പട്ടികയുടെ വ്യവസ്ഥകൾ പ്രകാരമാണ് പ്രമേയം പാസാക്കിയത്. നിയമസഭ ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്. മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രമേയത്തിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് യുറേനിയം ഖനനം നടത്തുന്നതും സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും എതിർത്താണ് മേഘാലയ നിയമസഭ പ്രമേയം പാസാക്കിയത്.
ഡൊമിയാസിയാറ്റ്, വാഖിൻ, നോങ്സ്റ്റോയിൻ തുടങ്ങിയ പ്രദേശങ്ങളിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്ന് പ്രമേയം അവതരിപ്പിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം, പാരിസ്ഥിതിക നാശം, കുടിയൊഴിപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം പ്രാദേശവാസികളും വിദ്യാർത്ഥി സംഘടനകളും വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും നിർദ്ദിഷ്ട ഖനന പ്രവർത്തനങ്ങൾക്കെതിരേ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ സംരക്ഷിക്കപ്പെടുന്ന സമുദായം, വംശം, വ്യക്തികൾ എന്നിവരുടെ ഉടമസ്ഥാവകാശങ്ങൾ ഉൾക്കൊള്ളുന്ന സവിശേഷമായ ഭരണഘടനാപരവും പരമ്പരാഗതവുമായ ചട്ടക്കൂടിന് കീഴിലാണ് മേഘാലയയിലെ ഭൂമി കൈകാര്യം ചെയ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണഘടനയുടെ ആറാം ഷെഡ്യൂളിന്റെ പരിധിയിൽ വരുന്നതാണ് മേഘാലയയിലെ ഗോത്ര പ്രദേശങ്ങൾ. അതുകൊണ്ടുതന്നെ, സ്വയംഭരണ ജില്ലകളിലെ ഭൂമിയുടെ വിനിയോഗം പ്രധാനമായും സമൂഹം, വംശം, വ്യക്തിഗത ആചാരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ളതാണ്. അത്തരം ഭൂമിയുടെ വിനിയോഗം സ്വയംഭരണ ജില്ലാ കൗൺസിലുകളുടെ നിയമനിർമ്മാണപരിധിയിലാണ് വരുന്നത്. അതുകൊണ്ടുതന്നെ ഈ ഭൂമിയുടെ കൈമാറ്റം, 1971-ലെ മേഘാലയ ഭൂമി കൈമാറ്റ (നിയന്ത്രണം) നിയമമനുസരിച്ച് നിയന്ത്രിക്കപ്പെട്ടിരിക്കുന്നതായി പ്രമേയത്തില്‍ സൂചിപ്പിക്കുന്നു.
മേഘാലയ സ്റ്റേറ്റ് Vs ഓൾ ദിമാസ സ്റ്റുഡന്റ്സ് യൂണിയൻ കേസിൽ വന്ന സുപ്രീംകോടതിവിധിയും മേഘാലയ സർക്കാരിന്റെ തീരുമാനത്തിൽ നിർണായകമായി. സംസ്ഥാനത്തെ ഗോത്രവർഗക്കാർക്ക് ഭൂമിയുടെയും അതിലെ ധാതുക്കളുടെയും മേൽ ഉടമസ്ഥാവകാശമുണ്ടെന്ന് കോടതിവിധിയിൽ വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ, ഡോമിയാസിയാറ്റ് ഉൾപ്പെടുന്ന പ്രദേശത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും പരിസ്ഥിതിപരമായ പ്രത്യേകതകളും കണക്കിലെടുത്താണ് സർക്കാർ യുറേനിയം ഖനനത്തിന് അനുമതി നിഷേധിച്ചത്. അസാധാരണമായ തോതിൽ മഴ ലഭിക്കുന്ന പ്രദേശമാണിത്. കുത്തനെയുള്ള ഭൂപ്രകൃതിയും മണ്ണിടിച്ചിൽ സാധ്യതയും ഖനന പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കൂടുതൽ ഗുരുതരമാക്കുന്നു.
വിശാലമായൊരു പ്രദേശത്തെ കുടിവെള്ളം, കൃഷി, മത്സ്യബന്ധനം, മറ്റ് ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് ആശ്രയമായ അരുവികളുടെയും നദികളുടെയും നീർത്തട മേഖലകൂടിയാണ് ഡോമിയാസിയാറ്റ്. യുറേനിയം ഖനനത്തിൽ നിന്നുണ്ടാകുന്ന മണ്ണും പാറയും ഉൾപ്പെടെയുള്ള അമിതഭാരം, മിൽ ടെയിലിംഗ്സ്, സംസ്കരണ മാലിന്യങ്ങൾ എന്നിവയുടെ സുരക്ഷിതമായ നിർമാർജനവും നിയന്ത്രണവും സംബന്ധിച്ച് പ്രദേശവാസികൾക്ക് മതിയായ ഉറപ്പ് നൽകാൻ കഴിയില്ലെന്ന വിലയിരുത്തലും സർക്കാരിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. ഈ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് യുറേനിയം ഖനനത്തിനായി അനുമതി നൽകേണ്ടതില്ലെന്ന നിലപാടിലേക്ക് മേഘാലയ സർക്കാരിനെ എത്തിച്ചത്.

‘ദേശീയ താൽപര്യം’, ‘വികസനം’ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ മറവിൽ ഗോത്രവിഭാഗങ്ങളുടെയും അവർ തലമുറകളായി അധിവസിക്കുന്ന ഭൂമിയുടെയും മേൽ നടക്കുന്ന കടന്നുകയറ്റങ്ങൾക്കെതിരായ ശക്തമായ തിരിച്ചടിയാണ് ഈ തീരുമാനം. ഖനനത്തിനും വൈദ്യുതി ഉൽപ്പാദനത്തിനും മറ്റ് വികസന പദ്ധതികൾക്കുമായി ഗോത്രഭൂമികൾ ഒന്നിനുപിറകെ ഒന്നായി ഏറ്റെടുക്കപ്പെടുന്ന സാഹചര്യത്തിൽ, തദ്ദേശീയ ജനതയുടെ അവകാശങ്ങളും താൽപര്യങ്ങളും പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുണ്ട്.
മേഘാലയയിലെ യുറേനിയം ഖനനത്തിനെതിരെ ദീർഘകാലമായി സമരരംഗത്തുള്ള സംഘടനയാണ് ഘാസി സ്റ്റുഡന്റ്സ് യൂണിയൻ. സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2016-ൽ യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് നൽകിയ അനുമതി സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു. 1980-കളിൽ, അന്നത്തെ വെസ്റ്റ് ഘാസി ഹിൽസ് ജില്ലയിലെ ഡൊമിയാസിയാറ്റ്, കില്ലെങ്-പിൻഡെങ്‌സോഹിയോങ്-മാവ്‌തബാഹ് മേഖലകളിലെ യുറേനിയം സമ്പന്നമായ പ്രദേശങ്ങളിൽ 'അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്‌പ്ലോറേഷൻ ആൻഡ് റിസർച്ച്' (AMD) പര്യവേക്ഷണം ആരംഭിച്ചപ്പോഴാണ് മേഘാലയയിൽ യുറേനിയം ഖനന വിരുദ്ധ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നത്. ഡൊമിയാസിയാറ്റിലെ നിക്ഷേപം ഇന്ത്യയിലെ പ്രധാനപ്പെട്ട യുറേനിയം നിക്ഷേപങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത് (ഏകദേശം 92.2 ലക്ഷം ടൺ). യുറേനിയം ഖനനത്തിനെതിരെ ജനങ്ങളെ അണിനിരത്തിയ ഹോപ്പിംഗ്സ്റ്റോൺ ലിങ്‌ദോ ആയിരുന്നു ആദ്യകാലത്ത് ഇതിലെ പ്രമുഖ ശബ്ദങ്ങളിലൊരാൾ. ഈ പ്രസ്ഥാനത്തിന്റെ മുഖമായി മാറിയ മറ്റൊരാളായിരുന്നു ഡൊമിയാസിയാറ്റിലെ സ്പെലിറ്റി ലിങ്‌ദോ ലാങ്‌റിൻ എന്ന വനിത. തന്റെ ഭൂമിക്കുവേണ്ടി യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (UCIL) നൽകിയ വലിയൊരു വാഗ്ദാനം അവർ നിരസിക്കുകയും, അതുവഴി ശക്തമായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറുകയും ചെയ്തിരുന്നു അവര്‍.

