ജോയിയെ രക്ഷിക്കാനിറക്കിയ റോബോട്ടിനെ ജോയി ചെയ്ത പണിക്ക് ഉപയോഗിക്കാമായിരുന്നു…

തിരുവനന്തപുരത്ത് വികസിപ്പിച്ച ബന്ദികൂട്ട് (bandicoot) എന്ന റോബോട്ടിന് മാൻഹോളുകൾ വൃത്തിയാക്കാനാകും. അവരുടെ പ്രധാന ഉദ്ധരണി തന്നെ ‘മാൻഹോൾ’ എന്ന വാക്ക് മാറ്റി ‘റോബോ ഹോൾ’ എന്നാക്കലാണ്. അതിലൂടെ ഒരുപാട് തോട്ടിപ്പണിക്കാരെ പുനരധിവസിപ്പിക്കാം. തിരുവനന്തപുരത്ത് അപകടത്തിൽ പെട്ട ജോയിയെ കണ്ടെത്താൻ റോബോട്ടിന്റെ സഹായം തേടിയിരുന്നു. എന്നാൽ, ജോയി ചെയ്ത പണി റോബോട്ടുകളെക്കൊണ്ട് ആദ്യമേ ചെയ്യിച്ചിരുന്നുവെങ്കിൽ, ആ ജീവൻ രക്ഷിക്കാമായിരുന്നു- രേഷ്മ ചന്ദ്രൻ എഴുതുന്നു.

നാം ഓരോരുത്തരുടേയും ആരോഗ്യം സാരക്ഷിക്കാൻ, മനുഷ്യ വിസർജ്ജമടക്കമുള്ള മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി സ്വന്തം ജീവിതം ബലികൊടുത്തിരിക്കുകയാണ് ജോയ്. മുപ്പതു വർഷത്തെ സേവനത്തിനുശേഷം മരണക്കിടക്കയിൽ വച്ച് മകൻ ചുടല മുത്തുവിന് തന്റെ പണിയായുധങ്ങളായ പാട്ടയും മമ്മട്ടിയും ഇശക്കിമുത്തു കൈമാറുന്ന രംഗം തകഴിയുടെ ‘തോട്ടിയുടെ മകൻ’ എന്ന നോവലിൽ വായിച്ചിട്ടുണ്ടാകും. ആ രംഗം വീണ്ടും ഓർമപ്പെടുത്തുന്ന, അങ്ങേയറ്റം വേദനയുണ്ടാക്കുന്ന മറ്റൊരു സംഭവമാണിത്. പാഴ് വസ്തുക്കൾ പെറുക്കിയും തോടുകൾ വൃത്തിയാക്കിയുമാണ് ജോയ് ജീവിച്ചിരുന്നത്. ഈ കൊലപാതകത്തിന് കാരണം നാം ഓരോരുത്തരുമാണ് എന്നതിൽ തർക്കിക്കേണ്ട കാര്യമില്ല.

അച്ഛൻ തോട്ടിപ്പണിക്കാരനായതിനാൽ കല്യാണം നടക്കാത്ത മകളെപ്പറ്റിയും, ദേഹം മുഴുവൻ അഴുക്ക് പുരണ്ടതിനാൽ ജീവിതകാലം മുഴുവൻ അറപ്പും പുച്ഛവും നിറഞ്ഞ മനുഷ്യ മുഖങ്ങൾ മാത്രം നേരിട്ടിട്ടുള്ളവരെ പറ്റിയും, പണിസമയത്ത് ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്തവരെപറ്റിയും, ഇതുപോലെ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങി മരണത്തിന് കീഴടങ്ങിയവരെ പറ്റിയുമൊക്ക നാം മുന്നേയും കേട്ടിട്ടുണ്ടാവാം. ഇവരൊക്കെ ആർക്ക് വേണ്ടിയാണ് ഈ പണിയെടുക്കുന്നത്?

ജോയ്
ജോയ്

കേരളത്തിലുള്ളത്
600-ലേറെ തോട്ടിപ്പണിക്കാർ

കേരളത്തിൽ ശുചീകരണ തൊഴിലാളികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് നമുക്കറിയാം. തോട്ടിപ്പണിയെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 2018- ൽ ശുചിത്വമിഷൻ കൊല്ലം, എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സർവ്വേയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്, ഈ പ്രദേശങ്ങളിൽ 600-ഓളം തോട്ടിപ്പണിക്കാരുണ്ടെന്നാണ്. കൊല്ലം- 274, എറണാകുളം -155, ആലപ്പുഴ -96, പാലക്കാട് -75 ഇതാണ് ഈ ജില്ലകളുടെ സ്ഥിതി. ഇങ്ങനെയാണെങ്കിൽ കേരളത്തിൽ മറ്റ് ജില്ലകളിലെ കൂടി കണക്കെടുക്കുമ്പോൾ എണ്ണം ഇതിലും കൂടും.

തോട്ടിപ്പണിക്ക് തൊഴിലാളികളെ ഉപയോഗിക്കുന്നത് ജയിൽ ശിക്ഷക്ക് പുറമെ പിഴയുമുള്ള കുറ്റമാണ്. വെള്ളം ഉപയോഗിക്കാൻ പറ്റുന്ന ശൗചാലയങ്ങളുടെ ലഭ്യതക്കുറവ്, തോട്ടികൾ നിലനിൽക്കുന്നുണ്ടെന്ന വസ്തുത നിഷേധിക്കൽ, തൊഴിലില്ലായ്മ, വിമോചനതന്ത്രങ്ങളുടെ കുറവ്, സാമൂഹിക കളങ്കപ്പെടുത്തൽ, കുടുംബഭാരം, പാരമ്പര്യം അങ്ങനെ പലതും കാരണമാണ് പലരും ഇപ്പോഴും തോട്ടിപ്പണി തുടരുന്നത്.

2018- ൽ ശുചിത്വമിഷൻ കൊല്ലം, എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സർവ്വേയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്, ഈ പ്രദേശങ്ങളിൽ 600-ഓളം തോട്ടിപ്പണിക്കാരുണ്ടെന്നാണ്.  / Photo: PACS India
2018- ൽ ശുചിത്വമിഷൻ കൊല്ലം, എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ സർവ്വേയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്, ഈ പ്രദേശങ്ങളിൽ 600-ഓളം തോട്ടിപ്പണിക്കാരുണ്ടെന്നാണ്. / Photo: PACS India

തോട്ടിപ്പണി ആരോഗ്യപരമായും ഈ പണി ചെയ്യുന്നവരുടെ ജീവനെടുക്കുന്നുണ്ട്. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പിറ്റൈറ്റസ് തുടങ്ങിയ പകർച്ചവ്യാധി ഭീഷണികളെ കൂടാതെ വിഷവാതകം ശ്വസിച്ച് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്കും ഈ പണി കാരണമാകുന്നു. ഇതിനു പുറമെയാണ് ജാതിയുടെ പേരിലും ലിംഗത്തിന്റെ പേരിലുമുള്ള വിവേചനവും സാമൂഹിക വിവേചനവും. ജോയിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെയുള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ അവരെ രക്ഷിക്കാനിറങ്ങുന്ന മറ്റു മനുഷ്യരുടെയും സ്ഥിതി ഇതു തന്നെയാണ്.
എന്താണ് പരിഹാരം.
മനുഷ്യനു പകരം യന്ത്രങ്ങളെ ഇറക്കുക എന്നതു തന്നെ.

മാൻഹോളുകൾ വൃത്തിയാക്കാൻ റോബോട്ടുകൾ

തിരുവനന്തപുരത്തുതന്നെ വികസിപ്പിച്ച ബന്ദികൂട്ട് (bandicoot) എന്ന റോബോട്ട് മാൻഹോളുകൾ വൃത്തിയാക്കാൻ നിലവിലുണ്ട്. അവരുടെ പ്രധാന ഉദ്ധരണി തന്നെ ‘മാൻഹോൾ’ എന്ന വാക്ക് മാറ്റി ‘റോബോ ഹോൾ’ എന്നാക്കലാണ്. അതിലൂടെ ഒരുപാട് തോട്ടിപ്പണിക്കാരെ പുനരധിവസിപ്പിക്കാം. ഇന്ന് കേരളത്തിലും പുറത്തുമായി ഇത്തരം റോബോട്ടിനെ ഉപയോഗിച്ചുവരുന്നു. മൂന്നു പേർ ചേർന്ന് മൂന്നു മണിക്കൂർ കൊണ്ട് ഒരു മാൻഹോൾ വൃത്തിയാക്കുമെങ്കിൽ റോബോട്ടുകൾ വെറും 30 മിനിറ്റിനുള്ളിൽ അത് പൂർത്തിയാക്കുന്നു എന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്.

ജെന്‍റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത് ബന്ദികൂട്ട് (bandicoot)
ജെന്‍റോബോട്ടിക്സ് വികസിപ്പിച്ചെടുത്ത് ബന്ദികൂട്ട് (bandicoot)

മാൻഹോൾ, തോട് എന്നിവ വൃത്തിയാക്കാൻ ഇത്തരം റോബോട്ടുകളെയാണ് നാം ആശ്രയിക്കേണ്ടത്. പ്രത്യേകിച്ച് മനുഷ്യന് എത്തിപ്പെടാനാവാത്ത ഇടങ്ങളിൽ. എന്നാൽ തിരുവനന്തപുരത്ത് എന്താണ് നടന്നത്? ഈ പണി ചെയ്യാൻ ജോയി എന്ന ​തൊഴിലാളി ഇറങ്ങി. അപകടത്തിൽ പെട്ട അദ്ദേഹത്തെ കണ്ടെത്താൻ റോബോട്ടിന്റെ സഹായം തേടി. ജോയി ചെയ്ത പണി റോബോട്ടുകളെക്കൊണ്ട് ആദ്യമേ ചെയ്യിച്ചിരുന്നുവെങ്കിൽ, ആ ജീവൻ രക്ഷിക്കാമായിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ

മാലിന്യ സംസ്കരണവും ശുചീകരണവും ഉറപ്പാക്കാനായി ധാരാളം വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളും പദ്ധതികളും ഇതിനോടകം കേരളത്തിലുടനീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വികസിപ്പിച്ചു കഴിഞ്ഞു. അതിൽ ചിലത് നോക്കാം.

വികേന്ദ്രീകൃത മാലിന്യ സംസ്കരണം: ഉറവിടത്തിലുണ്ടാകുന്ന മാലിന്യങ്ങളെ അവിടെ തന്നെ തരം തിരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഘടകം. അതിൽനിന്ന് ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റായി മാറ്റുകയും അജൈവ മാലിന്യങ്ങളെ അവ ശേഖരിക്കാൻ വരുന്ന ഹരിത കർമ സേനാംഗങ്ങളെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഇവർക്ക് യൂസർ ഫീയായി ചെറിയൊരു തുക നൽകണം. ഇത്തരം അജൈവ മാലിന്യങ്ങൾ പുനഃചംക്രമണത്തിനായും പുനരുപയോഗത്തിനായും മറ്റുമായി പോകുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ ശുചിത്വം കൈവരിക്കാനും ഒപ്പം ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുമാകും.

ടേക്ക് എ ബ്രേക്ക് (Take a Break)

പൊതുവേ പൊതുശൗചാലയങ്ങളിൽ പോകാൻ മടിയുള്ളവരാണ് മലയാളികളിലധികവും. ഇതിനു പ്രധാന കാരണം, വൃത്തിയില്ലായ്മയും അതിലൂടെ പടരാൻ സാധ്യതയുള്ള രോഗങ്ങളുമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യം കഷ്ടമാണ്. ആർത്തവ ദിനമാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ഇതിന് താൽക്കാലിക പരിഹാരമെന്ന രീതിയിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പരിപാടിയാണ് ‘ടേക്ക് എ ബ്രേക്ക്’ എന്ന വഴിയോര വിശ്രമകേന്ദ്രം.

പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ശുചിമുറികൾ എന്നതിനു പുറമെ മുലയൂട്ടാനായി പ്രത്യേകം മുറികളും ഇവിടെ സജ്ജമാണ്. പല വിശ്രമകേന്ദ്രങ്ങളിലും ലഘു ഭക്ഷണശാലയുമുണ്ട്. വെറും അഞ്ചു രൂപയാണ് ശുചിമുറി ഉപയോഗിക്കുന്നതിന് ഫീസ്. മിക്ക സ്ഥലങ്ങളിലും കുടുംബശ്രീക്കാണ് ഇതിന്റെ പ്രവർത്തന ചുമതല. അതിലൂടെ അവർക്ക് ചെറിയൊരു വരുമാനം കണ്ടെത്താനുമാകുന്നു.

പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ശുചിമുറികൾ എന്നതിനു പുറമെ മുലയൂട്ടാനായി പ്രത്യേകം മുറികളും ടേക്ക് എ ബ്രേക്കില്‍ സജ്ജമാണ്. / Photo: Somlal Soman
പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ശുചിമുറികൾ എന്നതിനു പുറമെ മുലയൂട്ടാനായി പ്രത്യേകം മുറികളും ടേക്ക് എ ബ്രേക്കില്‍ സജ്ജമാണ്. / Photo: Somlal Soman

ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് പ്ലാന്റ്റുകൾ

തിരുവനന്തപുരം കോർപ്പറേഷൻ, കൊച്ചി കോർപ്പറേഷൻ, കൽപ്പറ്റ മുൻസിപ്പാലിറ്റി എന്നിവയുടെ കീഴിൽ ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് പ്ലാന്റുകൾ പ്രവർത്തിച്ചുവരുന്നു. പല സ്ഥലങ്ങളിലും ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കുനേരെ വരുന്ന പ്രതിഷേധങ്ങൾ പോലെ തന്നെ ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് പ്ലാന്റുകൾക്ക് നേരെയും പ്രതിഷേധങ്ങൾ വരാറുണ്ട്.

ഓരോ ജില്ലയിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിൽ ഓരോ ഫീക്കൽ സ്ലഡ്ജ് മാനേജ്മെന്റ് പ്ലാന്റുകൾ നിർമിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കണമെങ്കിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണം ആവശ്യമാണ്. അതിനായി പൊതു വിദ്യാഭ്യാസ പരിപാടികൾ അനിവാര്യമാണ്.

മലംഭൂതം

ഒരുപക്ഷേ ഈ പേര് കേൾക്കുമ്പോൾ ആദ്യം അത്ഭുതം തോന്നിയേക്കാം. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ‘മലംഭൂതം’.

ഇന്ന് കേരളത്തിലെ ജലാശയങ്ങളിൽ മിക്കതിലും കോളിഫോം ബാക്ടീരിയ പടരുകയാണ്. ഇത് തടയാൻ ആദ്യം വേണ്ടത് നല്ല രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിന് പൊതുജനങ്ങളുടെ എതിർപ്പ് നേരിടേണ്ടിവരുന്നു.

മലംഭൂതം ക്യാമ്പയിന്‍ ഉദ്ഘാടനം
മലംഭൂതം ക്യാമ്പയിന്‍ ഉദ്ഘാടനം

കൃത്യമായ മാലിന്യ സംസ്കരണത്തിന്റെ ആവശ്യകത പൊതുജനങ്ങളിലെത്തിക്കൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മുന്നേ ശുചിത്വമിഷന്റെ തന്നെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘തെളിനീര് ഒഴുകും നവകേരളം’ കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കേരളത്തിലെ പൊതു ജലാശയങ്ങളിൽ 80 ശതമാനവും മനുഷ്യവിസർജത്താൽ മലിനപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

അത് പൊതു ജലാശയങ്ങളിലല്ലേ എന്നു കരുതി കണ്ണടയ്ക്കുന്നവർ ഒന്ന് മനസ്സിലാക്കണം, വീടുകളിലെ കിണറിന്റെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. ഈ സാഹചര്യത്തിൽ അടിയന്തര പരിഹാരത്തിനായാണ് സംസ്ഥാന സർക്കാർ ‘മലംഭൂതം’ എന്ന പരിപാടി ആവിഷ്കരിച്ചത്.

ഇത്തരത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രം പുതിയ പരിപാടികൾ ആവിഷ്കരിച്ചാൽ മതിയോ? പോരാ. അതിനൊപ്പം നാം ഓരോരുത്തരും മാറണം.

നമുക്ക് ചെയ്യാനാവുന്നത്

ആദ്യം തന്നെ നമ്മുടെ ചില ശീലങ്ങളും മാറണം. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ ശ്രദ്ധിക്കണം. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് വൃത്തിയാക്കി അവ ശേഖരിക്കാൻ വരുന്നവരെ ഏൽപ്പിക്കണം. പുനരുപയോഗസാധ്യമായ സാനിറ്ററി പാഡുകളും ഡയപ്പറുമൊക്കെ കഴിവതും തിരഞ്ഞെടുക്കണം. ഇത്തരത്തിൽ വലിയൊരു ശതമാനം മാലിന്യം ഓവുചാലിലേക്കും സെപ്റ്റിക് ടാങ്കുകളിലേക്കും പോകുന്നതിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും. നമ്മുടെ മാലിന്യം മറ്റാരെങ്കിലും തരംതിരിക്കട്ടെ എന്നതും ഒരുതരം തോട്ടിപ്പണിയെടുപ്പിക്കലാണ്. അതോടൊപ്പം, തുറസായ സ്ഥലങ്ങളിൽ മൂത്രവിസർജനം പൂർണമായും ഒഴിവാക്കുക.

‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്നത് ഇനിയെങ്കിലും പൂർണമായും ഉൾക്കൊള്ളണം. ഇതിലൂടെയൊക്കെ ഒരുപാട് ശുചീകരണ തൊഴിലാളികളെ മാലിന്യക്കുഴിയിൽനിന്ന് കൈപിടിച്ചു കയറ്റാം. കേരളത്തിൽ ഈ രംഗത്ത് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. അവ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കട്ടെ എന്നും ആശിക്കാം. ഇനിയെങ്കിലും മറ്റൊരു ജോയിക്കുവേണ്ടി റോബോട്ടുകൾ തിരച്ചിൽ നടത്താതിരിക്കട്ടെ.

Comments