ചില മാസങ്ങൾക്കു മുമ്പ് ഒറീസയിലെ കൊരാപുട്ടിൽ പോയി മടങ്ങുമ്പോൾ ഒരു ദിവസം വിശാഖപട്ടണത്ത് തങ്ങിയിരുന്നു. അവിടെ അന്തരീക്ഷ വായുവിൽ ഫാക്ടറി മാലിന്യങ്ങളുള്ളതായി ഇറങ്ങിയപ്പോൾ മുതൽ അനുഭവപ്പെട്ടു. ലെഡ് നിയന്ത്രണാതീതമായി കലർന്നതു പോലുള്ള പ്രാണവായുവാണ് ശ്വസിക്കുന്നതെന്ന് തോന്നി. അതോ മറ്റെന്തെങ്കിലുമാണോ? വിശാഖപട്ടണം ഇന്ത്യൻ കിഴക്കൻ നാവിക സേനയുടെ ആസ്ഥാനം മാത്രമല്ല, നിരവധി ഫാക്ടറികൾ കൂടി ഉള്ള സ്ഥലമാണ്. ഫാക്ടറി മണക്കുന്ന പ്രാണവായുവായിരിക്കും ഇത്തരം സ്ഥലങ്ങളിലെല്ലാം. പലയിടങ്ങളിലും ഇത് അനുഭവിച്ചിട്ടുണ്ട്. നഗരത്തിൽ നിന്നും 64 കിലോ മീറ്റർ അകലെയുള്ള ബോറ ഗുഹകളിൽ പോകാനുള്ള പദ്ധതിയുമായാണ് വിശാഖപട്ടണത്തിറങ്ങിയത്. ഗുഹയിലേക്കുള്ള വഴിയറിയാമെന്ന് പറഞ്ഞ ഷെയറിംഗ് ടാക്‌സി ഡ്രൈവർക്ക് വഴി തെറ്റി. അതു കുറച്ചു കഴിഞ്ഞപ്പോൾ വാഹനത്തിലുള്ളവർക്ക് മനസ്സിലായി. ആ വഴി തെറ്റി, നിങ്ങൾക്ക് എന്റെ വക ഒരു ഫ്രീ കാഴ്ച്ച കൂടി, ഇതിലൂടെ പോയാലും ഒരു വഴിയുണ്ട്, അങ്ങിനേയും ബോറ ഗുഹകളിലേക്കെത്താം.
കുറച്ചു നേരം വണ്ടി ഓടിച്ച് അയാൾ ദൂരേക്ക് കൈകാണിച്ചു കൊണ്ട് പറഞ്ഞു, അതാ അതാണ് എൽ.ജി. പോളിമേഴ്‌സ്. നഗരത്തിലുള്ളതിനേക്കാൾ രൂക്ഷമായ ഫാക്ടറി മണമുള്ള പ്രാണവായുവായിരുന്നു അവിടെ. ഇപ്പോൾ ഭോപ്പാൽ വാതക ദുരന്തത്തെ അനുസ്മരിപ്പിക്കും വിധത്തിലുണ്ടായ വിഷവാതക ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ആ യാത്ര ഓർമ്മയിലേക്ക് വന്നു. ആളുകൾ മരിച്ചു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഒരു പക്ഷെ വഴി തെറ്റിയ ഷെയറിംഗ് ടാക്‌സിയിൽ അന്നു കടന്നു പോയ റോഡുകളിലായിരിക്കാം മനുഷ്യർ ശ്വാസം കിട്ടാതെ പിടഞ്ഞു വീണു മരിച്ചത്. ഈ വാർത്തകൾ കണ്ടു മരവിച്ചിരിക്കുമ്പോൾ ഭോപ്പാലിലേക്ക് നടത്തിയ ഒരു യാത്രയും അവിടെ വെച്ച് പരിചയപ്പെട്ട രണ്ടു പോരാളികളേയും (അതിൽ ഒരാൾ ഇപ്പോൾ ഇല്ല) ഓർത്തു. അവരൊന്നും നൽകിയ മുന്നറിയിപ്പുകൾ, അനുഭവങ്ങൾ, പങ്കുവെച്ച വിലാപങ്ങൾ ഒന്നും ഒരിക്കലും കാര്യമായി ഭരണകൂടമോ ബന്ധപ്പെട്ടവരോ എടുക്കുന്നില്ലെന്നതിന്റെ, ആവർത്തിക്കുന്ന ഉദാഹരണമാണ് വിശാഖപട്ടണത്തെ ദുരന്തം.
പഴയ ഭോപ്പാലിലെ ഇടുങ്ങിയ തെരുവുകളിലൂടെ നാടക പ്രവർത്തകനായ താരിഖ് ദാദാണ് (ഇദ്ദേഹവും അടുത്ത കാലത്ത് മരിച്ചു, ഭോപ്പാൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ മലയാളിയായ രാജനാണ് താരീഖിനെ പരിചയപ്പെടുത്തിത്തന്നത്) ഞങ്ങളെ മൂന്നു പേരെ (ബെന്യാമിൻ, റഷീദ് അറക്കൽ) ഹമീദബിയുടെ വീട്ടിലേക്ക് നയിച്ചത്. അവർ ഞങ്ങളോട് സംസാരിച്ചു തുടങ്ങി.
പ്രാതലിന് ഒരു കോപ്പ വിഷമാണ് കുടിക്കുന്നതെന്ന് തോന്നും, എന്നും വിഷം തീണ്ടിയ കുഞ്ഞുങ്ങളുമായോ അമ്മമാരുമായോ ആശുപത്രികളിലേക്ക് പോകുമ്പോൾ. ഞങ്ങളുടെ മൂന്നാം തലമുറയിലേക്കും വിഷപ്പുക പടർന്നിരിക്കുന്നു. തോൽക്കാനും വിധിയെന്ന് ശപിച്ച് വീടുകളിലിരിക്കാനും ഞങ്ങൾ ഒരുക്കമല്ല, പൊരുതുക മാത്രമാണ് ഏക വഴി പഴയ ഭോപ്പാലിലെ ഇടുങ്ങിയ തെരുവിലെ രണ്ടു മുറി വീട്ടിലിരുന്ന് കത്തുന്ന കണ്ണുകളുമായി ഹമീദബി പറഞ്ഞു. ഒരു കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ കാണിച്ചു വരുംവഴി കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന വിഷവാതക ഇരകളുടെ ധർണയിലും പങ്കെടുത്താണ് എഴുപതുകളോടടുക്കുന്ന അവർ വീട്ടിലെത്തിയത്.
ഒരു കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ കാണിച്ചു വരുംവഴി കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന വിഷവാതക ഇരകളുടെ ധർണയിലും പങ്കെടുത്താണ് എഴുപതുകളോടടുക്കുന്ന അവർ വീട്ടിലെത്തിയത്.
ഞങ്ങൾ ഭോപ്പാലിലെ പല വഴികളിലൂടെയും സഞ്ചരിച്ച് അന്ന് രാവിലെ റൂത്ത് വാട്ടർമാനും സഞ്ജയ് മിത്രയും രൂപപ്പെടുത്തിയ "വിഷവാതക നഗരത്തിലെ അമ്മ' എന്ന ശിൽപത്തിനരികിൽ എത്തിയിരുന്നു. കുഞ്ഞിന് മുല കൊടുത്തുകൊണ്ട്, മുഖത്തടിക്കുന്ന വിഷവാതകം തന്നെ അന്ധയാക്കുമെന്നറിഞ്ഞ് കണ്ണുകൾ ഒരു കൈകൊണ്ട് പൊത്തിപ്പിടിച്ചുകൊണ്ട് ഓടുന്ന അമ്മയാണ് ശിൽപത്തിലുള്ളത്. ആ അമ്മയുടെ പിറകിൽ ഒരു കുഞ്ഞ് തൂങ്ങിക്കിടക്കുന്നുമുണ്ട് (രാം കിങ്കർ ബെയ്ജിന്റെ പ്രശസ്തമായ സന്താൾ കുടുംബം എന്ന ശിൽപത്തിലും അമ്മയുടെ പിറകിൽ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കാണാം). ആ ശിൽപത്തിന്റെ പിറക് വശത്ത് ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. No Hiroshima, No Bhopal, we want to live. Memorial dedicated to the victims of the gas disaster caused by the multinational killer Union Carbide on 2 and 3 December 1984, Nagarik Rahat Aur Punarvas Committee. Sculpture Ruth water man/ Sanjay Mitra. ശിൽപത്തിന് മുന്നിൽ ഇതേ കാര്യങ്ങൾ ഉർദുവിലും എഴുതിവെച്ചിട്ടുണ്ട്. അങ്ങനെയുള്ള പതിനായിരക്കണക്കിന് അമ്മമാരുടെയും ഉമ്മമാരുടെയും (അച്ഛന്മാരുടെയും) നഗരമാണ് ഭോപ്പാൽ. 1984 ഡിസംബർ രണ്ടിനും മൂന്നിനും യൂനിയൻ കാർബൈഡ് ഫാക്ടറിയിൽനിന്ന് വമിച്ച വിഷവാതകം അവരുടെ ജീവിതം ഇവ്വിധമാക്കി. ആ ശിൽപം ഹമീദബി അടക്കമുള്ളവരുടെ ജീവിത ഉള്ളടക്കത്തെ കൊത്തിവെച്ചിരിക്കുന്നു. 34 വർഷത്തിനു ശേഷവും അത് മാറ്റമില്ലാതെ തുടരുന്നു.
റോഡ് വികസനത്തിന്റെ ഭാഗമായി ആ ശിൽപം പൊളിച്ചുനീക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. ഞങ്ങൾ അതിനെ പ്രതിരോധിക്കുന്നുമുണ്ട്. ഹമീദബി പറഞ്ഞു. നഷ്ടപരിഹാരത്തിനു വേണ്ടി നടത്തിവന്ന സമരങ്ങൾ, ചികിത്സാ സൗകര്യങ്ങൾക്കായി നടത്തിയ പൊരുതലുകൾ, വിഷവാതക ദുരന്തത്തിനു ശേഷമുള്ള ഞങ്ങളുടെ ജീവിതങ്ങൾ എല്ലാം മായ്ച്ചുകളയാൻ ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഭോപ്പാൽ ജനതയുടെ പോരാട്ടവീര്യമാണ് എല്ലാത്തിനെയും പ്രതിരോധിക്കുന്നത്. ഞാൻ വെറുമൊരു വീട്ടമ്മയായിരുന്നു. ദുരന്തം എന്നെ തെരുവിലിറക്കി, നിരന്തരം സമരം ചെയ്യേണ്ടുന്ന അവസ്ഥയിലെത്തിച്ചു. നിങ്ങൾ ഇനി ഭോപ്പാലിൽ വരുമ്പോൾ ആ ശിൽപമോ ഞാനോ ഉണ്ടാകണമെന്നില്ല. പക്ഷേ, ഞങ്ങളുടെ സമരം അവസാനിക്കില്ല. വിഷവാതകം ഏറ്റവും കൂടുതലായി ആഞ്ഞടിച്ച പഴയ ഭോപ്പാലിലെ വീടുകളിൽ നിങ്ങൾ കയറിനോക്കൂ, ഓരോ വീട്ടിലും ആ ദുരന്തത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളുണ്ട്. പുതിയ ഒരു കുഞ്ഞ് പിറന്നു വീഴുമ്പോൾ ഞങ്ങൾക്ക് ആധിയാണ്. അച്ഛനോ അമ്മയോ ദുരന്ത ഇരയാണെങ്കിൽ അതിന്റെ ഒരംശം കുഞ്ഞുങ്ങൾക്കും ലഭിക്കുന്നു, ലോകം ഭോപ്പാൽ വാതക ദുരന്തം മറന്നിരിക്കുന്നു. പക്ഷേ, ഞങ്ങളുടെ നിത്യജീവിതത്തിൽ, ഓരോ പുതുപ്പിറവിയുടെ സമയത്തും വിഷനാളങ്ങൾ കാർന്നുതിന്നുന്നത് തുടരുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ, അവയവങ്ങൾ ഉറക്കാത്ത കുട്ടികൾ അങ്ങനെ പുതുതലമുറയെയും കാർബൈഡ് വിഷം തിന്നുതീർക്കുകയാണ് ഹമീദബി പറഞ്ഞു.
ഞങ്ങൾ യൂനിയൻ കാർബൈഡ് ഫാക്ടറി കാണാൻ ശ്രമിച്ചിരുന്നു. മുഖ്യകവാടത്തിലൂടെ ചെന്നപ്പോൾ പൊലീസ് ബാരിക്കേഡ്. ജില്ലാ കലക്ടറുടെ അനുവാദം ഇല്ലാതെ ബാരിക്കേഡിനപ്പുറത്തേക്ക് കടക്കാൻ പാടില്ല എന്ന് പറഞ്ഞ് പൊലീസ് മടക്കി. ജില്ലാ കലക്ടറുടെ ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും സന്ദർശകർക്കു കയറി ഇറങ്ങാനുള്ള സ്ഥലമല്ല ഫാക്ടറി എന്നു പറഞ്ഞ് ഞങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ബാരിക്കേഡിലെ പൊലീസുകാർ അവരുടെ നിസ്സഹായത വെളിപ്പെടുത്തി. നിങ്ങൾ ദൂരെ കേരളത്തിൽനിന്നും വരുന്നവരാണെന്നറിയാം. പക്ഷേ, ഞങ്ങൾ നിസ്സഹായർ. നിങ്ങൾക്കു വേണ്ടി ഒന്നും ചെയ്തു തരാൻ കഴിയില്ല. അവർ കൈമലർത്തി. ദുരന്തസമയത്തെ കമ്പനി മേധാവി വാറൻ ആൻഡേഴ്‌സനെ ഇന്ത്യവിടാൻ സഹായിച്ച അതേ ജാഗ്രത ഡൗ ഇന്റർനാഷനലിന്റെ യൂനിയൻ കാർബൈഡ് ഫാക്ടറിയുടെ അസ്ഥിപഞ്ജരങ്ങളും അതിന്റെ ദുരൂഹതകളും കാത്തുസൂക്ഷിക്കുന്നതിൽ ഇന്നും ഭരണകൂടം തുടരുകയാണ്.
ദുരന്തസമയത്തെ കമ്പനി മേധാവി വാറൻ ആൻഡേഴ്‌സനെ ഇന്ത്യവിടാൻ സഹായിച്ച അതേ ജാഗ്രത ഡൗ ഇന്റർനാഷനലിന്റെ യൂനിയൻ കാർബൈഡ് ഫാക്ടറിയുടെ അസ്ഥിപഞ്ജരങ്ങളും അതിന്റെ ദുരൂഹതകളും കാത്തുസൂക്ഷിക്കുന്നതിൽ ഇന്നും ഭരണകൂടം തുടരുകയാണ്.
അതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഹമീദബി അവരുടെ ആൽബം തുറന്നു. കമ്പനിക്കുള്ളിൽ തകർന്ന പ്ലാന്റിലേക്ക് വിരൽചൂണ്ടി നിൽക്കുന്ന അവരുടെ ചിത്രം കാണിച്ചു തന്നു. അതൊരു ഡോക്യുമെന്ററി സിനിമയുടെ ചിത്രീകരണവേളയായിരുന്നു. ഞങ്ങൾ പൊലീസിനോടോ ജില്ലാ കലക്ടറോടോ ഒന്നും അനുവാദം വാങ്ങിച്ചില്ല. അകത്തു കയറി, ചിത്രീകരണം പൂർത്തിയാക്കി. ആ ഇളവ് നിങ്ങളായതുകൊണ്ടായിരിക്കുമെന്നു പറഞ്ഞപ്പോൾ അവർ തലയാട്ടി സമ്മതിച്ചു.
യൂനിയൻ കാർബൈഡ് ഫാക്ടറിയുടെ വളരെ നീളമുള്ള മതിലിൽ മുഴുവനും ചുവരെഴുത്തുകളാണ്. Dow chemical no Justice in Bhopal, no business in India, Remediate the contaminated Enviornment, Make in India, but remember Bhopal... ഹിന്ദിയിലും ഉർദുവിലും ചുവരെഴുത്തുകളുണ്ട്.
ഭോപ്പാലിലെ മനുഷ്യരുടെ ശാപം ഫാക്ടറി മതിലിൽ ചുവരെഴുത്തുകളും മുദ്രാവാക്യങ്ങളുമായി പടർന്ന് കിടക്കുന്നു. ഞങ്ങളുടെ ശാപവും രോഷവും ഈ നഗരം കത്തിച്ചാമ്പലാക്കാൻ പോന്നതാണ്, പക്ഷേ ഭോപ്പാൽ നിലനിൽക്കണം, നീതി ലഭിക്കാതെപോയ മനുഷ്യജന്മങ്ങൾക്കുള്ള സ്മാരകമായി, വിഷമുക്തമായി ജീവിക്കാൻ ഭാഗ്യമുള്ള ഒരു തലമുറക്കായി ഹമീദബി ദീർഘനിശ്വാസത്തിനൊപ്പം ഇങ്ങനെ വാക്കുകൾ പങ്കിട്ടു. ഭോപ്പാലിലെ മണ്ണും വെള്ളവും വായുവും ഇന്നും വിഷമയമാണ്. ഇക്കാലമത്രയായിട്ടും വിഷപ്പുക പൂർണമായും പിൻവാങ്ങിയിട്ടില്ല. പൂർണമായും വിഷമുക്തമായ ഭോപ്പാൽ, അവിടെ ജീവിക്കാൻ ഭാഗ്യം കിട്ടുന്നവർ. അവരെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഞങ്ങളെ സമരമുഖത്ത് തന്നെ ഉറപ്പിച്ചു നിർത്തുന്നത്. രോഗികൾക്ക് ചികിത്സ കിട്ടണം, വിഷമുക്ത ഭോപ്പാലിൽ ജീവിക്കാൻ ഇനി വരുന്ന തലമുറകൾക്ക് സാധിക്കണം ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം. അതിനു വേണ്ടിയാണ് മൂന്നു പതിറ്റാണ്ടിലേറെക്കാലമായുള്ള പൊരുതൽ, സംസാരിച്ചുകൊണ്ടിരിക്കെ അവർക്ക് ഒരു ഫോൺ വന്നു, ഒരു കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാനുള്ള സഹായം അഭ്യർഥിച്ചുകൊണ്ട് ഒരമ്മ വിളിക്കുകയാണ്.
പൊലീസുകാർ കാർബൈഡ് ഫാക്ടറിയിൽനിന്ന് പുറത്താക്കിയതിനു ശേഷം ഞങ്ങൾ ഫാക്ടറി മതിലിനരികിലൂടെ കുറെ നേരം നടന്നു. മതിലിലെ കല്ലുകൾ ഇളക്കിയുണ്ടാക്കിയ വിടവിലൂടെ അകത്തു കടന്ന് പന്തുകളിക്കുന്ന ഒരു പറ്റം കുട്ടികളെ കണ്ടു. ഭോപ്പാലിനെ മൃതനഗരമാക്കി മാറ്റിയ ഫാക്ടറി കോമ്പൗണ്ട് ഇപ്പോഴവർക്ക് കളി മൈതാനമാണ്. പന്തുകളി നോക്കിനിൽക്കെ അൽപം മുതിർന്ന ഒരു കുട്ടി മതിലിലെ വിടവിനടുത്ത് വന്നു, ഫാക്ടറി കാണണമോ എന്നു ചോദിച്ചു. വേണമെന്ന് പറഞ്ഞു, എങ്കിൽ ഞങ്ങളുടെ കൂടെ പന്തുകളിച്ചാൽ മതിയെന്നായി. നീട്ടിയടിക്കുന്ന പന്തിനു പിന്നാലെ ഓടിയാൽ പ്ലാന്റിന്റെ ചില ഭാഗങ്ങൾ അടുത്തു നിന്ന് കാണാമെന്ന തന്ത്രവും ആ കുട്ടി പങ്കുവെച്ചു. അങ്ങനെ ചെയ്തു. അവന്റെ ഒരു ലോങ്‌ഷോട്ടിനു പിന്നാലെ പാഞ്ഞ് പ്ലാന്റ് കുറെക്കൂടി അടുത്തു നിന്ന് കണ്ടു. പൊലീസുകാർ തിരിച്ചുവിടുന്നവരെ ഞങ്ങൾ ചിലപ്പോൾ ഇങ്ങനെ സഹായിക്കാറുണ്ട്. നിറഞ്ഞ ചിരിയോടെ ആ കുട്ടി പറഞ്ഞു.
അക്കാര്യം ഹമീദബിയോട് പങ്കുവെച്ചിരുന്നു. കുട്ടികൾ അങ്ങനെയാണ്, അവർ നമ്മെ സത്യത്തിലേക്കും ഏറ്റവും ചുരുങ്ങിയത് അതിനടുത്തേക്കും എത്തിക്കും. "വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ, ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ' എന്ന വൈലോപ്പിള്ളിയുടെ വരികൾ അപ്പോൾ അവിടെ ആരോ ഉറക്കെ ചൊല്ലുന്നതുപോലെ തോന്നി.
പൊലീസുകാർ കാർബൈഡ് ഫാക്ടറിയിൽനിന്ന് പുറത്താക്കിയതിനു ശേഷം ഞങ്ങൾ ഫാക്ടറി മതിലിനരികിലൂടെ കുറെ നേരം നടന്നു. മതിലിലെ കല്ലുകൾ ഇളക്കിയുണ്ടാക്കിയ വിടവിലൂടെ അകത്തു കടന്ന് പന്തുകളിക്കുന്ന ഒരു പറ്റം കുട്ടികളെ കണ്ടു. ഭോപ്പാലിനെ മൃതനഗരമാക്കി മാറ്റിയ ഫാക്ടറി കോമ്പൗണ്ട് ഇപ്പോഴവർക്ക് കളി മൈതാനമാണ്.
ഹമീദബിയുടെ ആൽബത്തിൽ സമരക്കാർക്ക് കാലം കൊണ്ടുവന്ന മാറ്റവും ശ്രദ്ധയിൽ പെട്ടിരുന്നു. ദുരന്തത്തിനു ശേഷം നടന്ന ആദ്യ പ്രകടനങ്ങളിൽ പങ്കെടുത്തിരുന്ന മിക്കവാറും മുസ്ലിം സ്ത്രീകളെല്ലാം ബുർഖ ധാരിണികളാണ്. അവരുടെ മുഖം കാണില്ല. എന്നാൽ മുഖം തുറന്നല്ലാതെ സമൂഹത്തോട് സംസാരിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കി അവരിൽ പലരും ബുർഖയിൽ നിന്നും പുറത്തു വന്നു. സാരിയും സാൽവാർ കമീസും ധരിച്ചാണ് പിൽക്കാല ചിത്രങ്ങളിൽ അവരെ കാണാനാവുക. ഹമീദബിയുടെ കാര്യവും അങ്ങനെത്തന്നെ. അവരുടെ ആൽബത്തിലെ ചിത്രങ്ങൾ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനെക്കുറിച്ച് ഹമീദബി ഇങ്ങനെ പ്രതികരിച്ചു. 'പഴയ ഭോപ്പാലിൽ മുസ്‌ലീംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലാണ് വിഷവാതക ദുരന്തം കൂടുതലായി ഉണ്ടായത്. പക്ഷേ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ദുരന്തത്തിനിരയായി. എല്ലാവരും ചേർന്നാണ് സമര രംഗത്ത് പ്രവർത്തിച്ചത്. നഷ്ടപരിഹാരം, ചികിത്സ, പുനരധിവാസം, കാർബൈഡിനെ കെട്ടുകെട്ടിക്കൽ, തൊഴിൽ ഇങ്ങനെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. ബുർഖ ധരിക്കുന്നതോടെ മുഖം നഷ്ടമാകും, അത് സമര രംഗത്ത് ശരിയാവില്ല എന്ന് ഞങ്ങൾ സ്ത്രീകൾക്ക് മനസ്സിലായി. മിക്കവരും സാൽവാർ കമീസിലേക്ക് മാറി. മുഖം കാണാം, മതം പറയുന്ന തരത്തിലുള്ള മാന്യമായ വസ്ത്രവുമാണ്. പിന്നെ തെരുവിൽ മുദ്രാവാക്യം വിളിക്കുമ്പോൾ തലയിലെ തട്ടം ഊർന്ന് പോകുന്നത് ദൈവത്തിന് മനസ്സിലാകും, ഞങ്ങളെല്ലാവരും പൂർണ മതവിശ്വാസികളും ആ ചിട്ടയിൽതന്നെ ജീവിക്കുന്നവരുമാണ്. ചില പുരോഹിതർ ബുർഖ ഉപേക്ഷിച്ചതിനെ വിമർശിച്ചിരുന്നു, നീതി തേടിയുള്ള സമരത്തിൽ ഇത്തരം കാര്യങ്ങളെല്ലാം പൊടുന്നനെ പരാമർശിക്കാൻ കൊള്ളാത്ത കാര്യങ്ങളായി മാറി ഹമീദബി പറഞ്ഞു.
അതോടൊപ്പംതന്നെ പറയാനുള്ള കാര്യം സമരരംഗത്ത് നിരവധി സംഘടനകൾ പ്രത്യക്ഷപ്പെട്ടതും അതുമായി ബന്ധപ്പെട്ട ചില അഭിപ്രായ ഭിന്നതകളെക്കുറിച്ചുമാണ്. പല സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ പുറത്തുനിന്നു വന്നവരായിരുന്നു. അവർക്ക് ഭോപ്പാലിലെ ജനങ്ങളുടെ സംസ്‌കാരത്തെക്കുറിച്ച് വേണ്ട വിധത്തിലുള്ള അറിവുണ്ടായിരുന്നില്ല. ഇതും ചില പ്രശ്‌നങ്ങൾക്കിടയാക്കി. എന്നെക്കുറിച്ച് നിങ്ങൾ മറ്റു ചിലരോട് ചോദിച്ചാൽ ചിലപ്പോൾ ചില വിമർശനങ്ങൾ കേൾക്കേണ്ടി വരും. അവരെക്കുറിച്ച് എനിക്കും ചില വിയോജിപ്പുകളുണ്ടാകും. പക്ഷേ, അതൊന്നുമല്ല കാര്യം, പല തലങ്ങളിൽനിന്നുകൊണ്ട് ഞങ്ങളിന്നും നീതിക്കുവേണ്ടി പൊരുതുന്നു എന്നതാണ്. നഷ്ടപരിഹാരം കൊടുത്തുവെന്ന് കമ്പനിയും കേന്ദ്രസംസ്ഥാന സർക്കാറും പറയും. പക്ഷേ, കിട്ടിയതെല്ലാം നാമമാത്രമായിരുന്നു, ഇതൊന്നും കിട്ടാതെ പുറത്തായവർ നിരവധിയാണ്. ഇത്തരത്തിലുള്ളവർക്കു വേണ്ടി പോരാടാനുള്ള ഐക്യനിരയാണ് പ്രധാനം. അത് നിലനിർത്താൻ ഭോപ്പാലിലെ ജനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അതാണ് പ്രധാനം. മറ്റെല്ലാം അവഗണിക്കേണ്ട വിഷയങ്ങളാണ് അവർ അസന്ദിഗ്ധമായി നിലപാട് വ്യക്തമാക്കി. എനിക്ക് ഭക്ഷണം ഉണ്ടാക്കണം അവർ വീട്ടിലെ ഇടുങ്ങിയ അടുക്കളയിലേക്ക് കയറി. സ്റ്റൗ കത്തിച്ചു, വെള്ളം തിളപ്പിക്കാൻ തുടങ്ങി.
സ്വാഭിമാൻ കേന്ദ്രയിൽ ഇരകളുടെ പുനരധിവാസത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അബ്ദുൽ ജബ്ബാർ ഖാനാണ് ഇതിന്റെ ചുക്കാൻ പിടിക്കുന്നത്. വിഷവാതക ദംശനത്തിൽ ദിനേനയെന്നോണം അദ്ദേഹത്തിന്റെ കാഴ്ചയും മങ്ങുന്നുണ്ട്. കണ്ണടക്കു പുറമെ അഡീഷണൽ ലെൻസുകൾ കൂടി ഉപയോഗിച്ചാണ് കടലാസുകളും മറ്റും വായിക്കുന്നത്. ചികിത്സാ സഹായത്തിനുള്ള കടലാസുകൾ ശരിയാക്കാൻ വരുന്നവരുടെ ചെറുതല്ലാത്ത ഒരു ക്യൂ അവിടെയുണ്ട്. കേന്ദ്രത്തിനകത്ത് തുന്നലും കരകൗശല വസ്തുക്കളുടെ നിർമാണവും നടക്കുന്നു. കമ്പ്യൂട്ടർ പഠിപ്പിക്കുന്നുമുണ്ട്. സുപ്രീംകോടതിയോളം തന്റെ നിയമപോരാട്ടവുമായി പോയിട്ടുണ്ട് അബ്ദുൽ ജബ്ബാർ. അനുകൂല വിധികളും സമ്പാദിച്ചിട്ടുണ്ട്. ഇപ്പോഴും ജില്ലാ കോടതിയിലും സുപ്രീംകോടതിയിലുമായി ഇരകൾക്ക് നീതി കിട്ടാനായി എട്ട് കേസുകൾ അദ്ദേഹം നടത്തുന്നു. കേന്ദ്രത്തിന്റെ ഇടനാഴിയിൽ വാതകദുരന്തത്തിന്റെ നിരവധി ചിത്രങ്ങൾ. സമരങ്ങളും പോരാട്ടങ്ങളും അടയാളപ്പെടുത്തിയ ഫോട്ടോകളും കാണാം. കൂട്ടത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്ക് ടുളിക്കൊപ്പം ജബ്ബാർ നിൽക്കുന്ന ചിത്രവുമുണ്ട്. ഭോപ്പാൽ ദുരന്തത്തിന്റെ കൊടിയ വേദന പകർത്തിയ രഘുറായിയുടെ ചിത്രവും അക്കൂട്ടത്തിലുണ്ട്. കണ്ണുകൾ വിഷപ്പുകയേറ്റ് കരിഞ്ഞുപോയ, വിഷപ്പുക ശ്വസിച്ച് മരിച്ച കുഞ്ഞിനെ മണ്ണിലേക്ക് വെക്കുന്ന ചിത്രം. രഘുറായിയുമായി അടുത്ത് സൗഹൃദമുള്ള ജമാൽ എന്ന സുഹൃത്ത് ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. അദ്ദേഹം വികാരാധീനനായി പറഞ്ഞു: ആ കുട്ടി ആരാണെന്ന് തിരിച്ചറിയുക സാധ്യമായിരുന്നില്ല. അത്രയേറെ മൃതദേഹങ്ങൾക്കിടയിലായിരുന്നു ഞാൻ. കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്തുക സാധ്യമായിരുന്നില്ല. പിൽക്കാലത്തുള്ള യാത്രകളിലും ആ കുട്ടിയുടെ വിവരങ്ങൾ കണ്ടെത്താനുള്ള വഴികളൊന്നും തെളിഞ്ഞില്ല.
അബ്ദുൽ ജബ്ബാർ ഖാൻ സംസാരിച്ചു തുടങ്ങി: ഞാൻ കുഴൽക്കിണർ പണിക്കാരനായിരുന്നു. വിഷപ്പുകയേറ്റ് ശ്വാസകോശം ചുരുങ്ങി. ആ പ്രശ്‌നം ഇപ്പോഴുമുണ്ട്. ഈയടുത്ത് ബൈപാസ് സർജറിയും വേണ്ടി വന്നു. സ്വാഭിമാൻ കേന്ദ്ര വഴി 6000ത്തിലധികം പേർക്ക് തൊഴിൽ പരിശീലനം നൽകിയിട്ടുണ്ട്. ഇപ്പോൾ കമ്പ്യൂട്ടർ പരിശീലനത്തിനുള്ള അധ്യാപകരെയാണ് ഞങ്ങൾ തേടുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് കേന്ദ്രയെ ഇക്കാര്യത്തിൽ സഹായിക്കാം. കമ്പ്യൂട്ടർ പഠിക്കാൻ ധാരാളം പേർ എത്തുന്നു. എല്ലാവരെയും പഠിപ്പിക്കാനുള്ള സംവിധാനം ഇവിടെയില്ല. അത് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജബ്ബാർ.
ദുരന്ത ദിവസം തന്റെ മുന്നിൽ, തെരുവിൽ ഒന്നിനു പിറകെ ഒന്നായി ആളുകൾ മരിച്ചുവീഴുന്നത് കണ്ടതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്ന് ജബ്ബാർ പറഞ്ഞു. തീവണ്ടികൾ വഴി മാറ്റി വിടാൻ അധികൃതർ ശ്രദ്ധിക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂടുതൽ വർധിപ്പിച്ചു
ദുരന്ത ദിവസം തന്റെ മുന്നിൽ, തെരുവിൽ ഒന്നിനു പിറകെ ഒന്നായി ആളുകൾ മരിച്ചുവീഴുന്നത് കണ്ടതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്ന് ജബ്ബാർ പറഞ്ഞു. തീവണ്ടികൾ വഴി മാറ്റി വിടാൻ അധികൃതർ ശ്രദ്ധിക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂടുതൽ വർധിപ്പിച്ചു. സംഭാവന വേണ്ട, ജോലി മതി എന്നതാണ് തന്റെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ദുരന്തത്തിനിരയായവർക്ക് നിത്യജീവിതത്തിനുള്ള വഴി കണ്ടെത്താനുള്ള ജോലിയാണ് വേണ്ടത്, അത് മനസ്സിലാക്കിയാണ് ഇത്തരത്തിൽ ഒരു തൊഴിൽ പരിശീലന കേന്ദ്രം സാധ്യമാക്കിയത്. അതോടൊപ്പം കേന്ദ്രം നിയമപോരാട്ടത്തിനുള്ള സഹായങ്ങൾ നൽകുന്നു. ചികിത്സക്കാവശ്യമായ കാര്യങ്ങൾക്കും വേണ്ടി പോരാടുന്നു.
കേന്ദ്രത്തിനകത്തെ തയ്യൽ മെഷിനുകളിൽ നിരവധി സ്ത്രീകൾ വസ്ത്രങ്ങൾ തയ്യുന്നു. അതിലൊരാൾ തന്റെ കാഴ്ച വലിയ തോതിൽ കുറഞ്ഞിരിക്കുന്നുവെന്നും എത്രനാൾ ഇങ്ങനെ ജോലി ചെയ്യാൻ കഴിയുമെന്നറിയില്ലെന്നും പറഞ്ഞു. അവിടെ തൊഴിലെടുക്കുന്നവരെല്ലാം രോഗികളാണ്. അല്ലെങ്കിൽ രോഗികളെ സഹായിക്കാൻ ബാധ്യസ്ഥരായവർ.
ഭോപ്പാൽ ഇബ്രാഹിംപുരയിലെ യാശ് യാദവിനെ അവിടെ നിന്നാണ് കണ്ടത്. ചികിത്സാ സഹായത്തിനുള്ള കടലാസ് ശരിയാക്കാനായി വന്നതാണ്. ദാരിദ്ര്യത്തിനൊപ്പം വിഷപ്പുക എങ്ങനെ ഭോപ്പാലിലെ മനുഷ്യരെ ഇല്ലാതാക്കി എന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾ ശീട്ടുകൊട്ടാരങ്ങൾ തകരുംപോലെ മരിച്ചു വീണു. തെരുവുകൾ തന്നെ ശ്മശാനങ്ങളായി മാറി. ഭോപ്പാലിലെ സർക്കാർ ആശുപത്രിയുടെ മുകളിലെ ടെറസിൽ ശവക്കൂമ്പാരങ്ങൾ ഉയർന്നു. എന്റെ കുടുംബത്തേയും മരണം വിഴുങ്ങി. ഇപ്പോൾ ഒറ്റക്കാണ്. വൃക്കകൾ പ്രവർത്തനക്ഷമമല്ലാതാവുകയാണ്. ഇതിനായി ചികിത്സ വേണം. എന്നെപ്പോലെ ഒറ്റക്കായ പിതാക്കന്മാർ, അച്ഛനും അമ്മയും മരിച്ച അനാഥരായ മക്കൾ. പല പ്രായത്തിലുള്ള അനാഥരെയാണ് ഭോപ്പാലിൽ നിങ്ങൾ കാണുക. ഏതൊരാൾക്കും അനാഥത്വത്തിന്റെ ഒരു വാസ്തവ കഥ പറയാനുണ്ടാകും.
വീണ്ടും സന്ധ്യ വന്നു. കാഴ്ച കൂടുതൽ മങ്ങി ജബ്ബാർ ഖാൻ പറഞ്ഞു. എനിക്കൊരു ചെറിയ ജോലിയുണ്ട്, നമുക്ക് ഇപ്പോൾ പിരിയാം. ഇങ്ങനെ പറഞ്ഞുകൊണ്ട് അബ്ദുൽ ജബ്ബാർ ഖാൻ അതിനോടകം മെഴുക്കുപുരണ്ട ലെൻസുകളും കണ്ണടയും ലെൻസ് ക്ലീനറിൽ കഴുകാൻ തുടങ്ങി.
(2019 നവംബർ 14ന് അബ്ദുൽ ജബ്ബാർ ഖാൻ 61-ാത്തെ വയസ്സിൽ മരിച്ചു. ഇവരെ കണ്ടതിന്റെ അനുഭവങ്ങൾ ബങ്കറിനരികിലെ ബുദ്ധൻ: പ്രസാധനം: ഡി.സി.ബുക്ക്‌സ്: പങ്കുവെച്ചിട്ടുണ്ട്.)
ഭോപ്പാൽ വാതക ദുരന്തം നേരിൽ കണ്ടതിനെക്കുറിച്ച് താരീഖ് ദാദ് അന്ന് ചില കാര്യങ്ങൾ പങ്കുവെച്ചിരുന്നു. തെരുവിൽ കിടന്നിരുന്ന മൃതദേഹങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. പിന്നീട് നിരവധി തെരുവുനാടകങ്ങളിൽ ഈ അനുഭവം അദ്ദേഹം ആവിഷ്‌ക്കരിച്ചിരുന്നു. വിഷവാതക ദുരന്ത ഇരകൾക്ക് നീതി കിട്ടാൻ ഭോപ്പാൽ സ്വദേശിയായ നടൻ എന്ന നിലയിൽ അദ്ദേഹം ശക്തമായി പ്രവർത്തിച്ചിരുന്നു. എന്നാൽ അബ്ദുൽ ജബ്ബാർ ഖാന്റെ അവസാന നാളുകൾ, ഭോപ്പാലിലെ ഒരു ആശുപത്രിക്കിടക്കയിൽ അസ്തമിച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം വളരെ ഒറ്റപ്പെട്ട നിലയിലായിരുന്നു. താരീഖ് ദാദിനെയും ഭോപ്പാലുകാർ എളുപ്പത്തിൽ മറന്നു കളഞ്ഞു. ദുരന്തങ്ങൾ ആവർത്തിക്കുന്നു. ഇരകളും അവർക്കു വേണ്ടി പോരാടിയവരും വിസ്മൃതരാകുന്നു. വിശാഖപട്ടണം ദുരന്തം സംഭവിച്ചതിനു തൊട്ടു പിന്നാലെ വിശാഖപട്ടണം വെസ്റ്റ് എം.എൽ.എ ഗണബാബു ഫാക്ടറിയിൽ പൊട്ടിത്തെറിയും വാതകച്ചോർച്ചയുമുണ്ടായി എന്ന കാര്യം നിഷേധിച്ചു കൊണ്ട് പ്രസ്താവനയിറക്കി. അപ്പോഴേക്കും 11 പേർ മരിച്ചു കഴിഞ്ഞിരുന്നു. 350 പേർ ആശുപത്രികളിലുണ്ട്. ഇനിയും കൂടുതൽ പേർ ആശുപത്രികളിലെത്താനിടയുള്ളതായും വിശാഖ പട്ടണത്തെ മാധ്യമ പ്രവർത്തകർ പറയുന്നു. ഭോപ്പാൽ ദുരന്ത സമയത്ത് അന്നത്തെ കമ്പനി മേധാവി വാറൻ ആൻഡേഴ്‌സണെ സംരക്ഷിക്കാൻ, കമ്പനിക്കു വേണ്ടി സംസാരിക്കാൻ ഇതേ പോലെ രാഷ്ട്രീയക്കാർ രംഗത്തു വന്നിരുന്നു. ഇന്നും ഭോപ്പാലിൽ പോയാൽ അതേ വാദഗതി പങ്കിടുന്ന രാഷ്ട്രീയക്കാരെ കാണാം. അന്ന് വാറൻ ആൻഡേഴ്‌സണെ ഇന്ത്യ വിടാൻ സഹായിച്ചത് അന്നത്തെ കേന്ദ്ര സർക്കാരായിരുന്നു എന്നതിനു പോലും പിൽക്കാലത്ത് തെളിവുകളുണ്ടായി. ബഹുരാഷ്ട്ര കുത്തകകൾക്കും വിഷവാതക ഫാക്ടറികൾക്കും ഒപ്പമാണ് നമ്മുടെ രാഷ്ട്രീയക്കാർ എല്ലാ കാലത്തും നില കൊണ്ടിട്ടുള്ളത്. അതിന്റെ ആഴവും പരപ്പും എത്രയാണെന്ന് നോക്കിയാൽ മതി. ഭോപ്പാൽ ഇരകൾക്ക് അവർ അർഹിക്കുന്ന നഷ്ടപരിഹാരം പോലും കിട്ടിയില്ല. അബ്ദുൽ ജബ്ബാർ ഖാൻ അവസാന നാൾ വരെ അതിനായുള്ള പോരാട്ടത്തിലായിരുന്നു. ഭോപ്പാലിലെ കോടതികളിലും സുപ്രീം കോടതികളിലും അദ്ദേഹം നിയമപോരാട്ടം നടത്തിക്കൊണ്ടിരുന്നു. മരിക്കുന്നതിനു മൂന്നു മാസം മുമ്പ് സുപ്രീം കോടതിയിൽ കൊടുത്ത അഫിഡവിറ്റിന്റെ പകർപ്പ് എനിക്ക് അദ്ദേഹം ഇ-മെയിലിൽ അയച്ചു തന്നു. സംസാരിക്കാൻ പ്രയാസമുണ്ട്, അതിനാൽ ഫോൺ വിളിക്കാൻ വയ്യ, ഒരു സഹായിയാണ് ഈ മെയിൽ അയക്കുന്നത്- അദ്ദേഹം ആ സന്ദേശത്തിൽ കുറിച്ചു. അബ്ദുൽ ജബ്ബാർ ഖാൻ മാഞ്ഞു പോകുന്നതായി ആ സന്ദേശം വായിച്ചപ്പോൾ എനിക്കു തോന്നിയിരുന്നു.
ഭോപ്പാൽ വാതക ദുരന്തത്തെ കൃത്യമായി അനുസ്മരിപ്പിക്കുന്നതാണ് വിശാഖപട്ടണത്തിലുണ്ടായ വ്യാവസായിക ദുരന്തം. ദുരന്തങ്ങളിൽ നിന്നും മനുഷ്യക്കുരുതികളിൽ നിന്നും നാം പലതും പഠിക്കുന്നു, ഉടനെ മറക്കുന്നു, മറ്റൊരു ദുരന്തത്തിലേക്ക് വാതിൽ തുറന്ന് അൽപ്പനേരം അന്തം വിട്ടു നിൽക്കുന്നു, പിന്നീട് പഴയ ദുരന്ത പ്രോട്ടോക്കോളുകളിലേക്കു തന്നെ മടങ്ങുന്നു.