പാമ്പുകളും പാമ്പുപിടിത്തക്കാരുമൊക്കെ എല്ലാ കാലത്തും ചർച്ചയാകുന്ന വിഷയങ്ങളാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തനായ പാമ്പുപിടിത്തക്കാരൻ വാവ സുരേഷിന് മൂർഖന്റെ കടിയേറ്റത്, പാമ്പുപിടുത്തത്തെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞശേഷം, നില മെച്ചപ്പെട്ട് വാവ സുരേഷ് ആശുപത്രി വിട്ടു.
ഈ അപകടം വാവ സുരേഷ് ക്ഷണിച്ചുവരുത്തിയതല്ലേ എന്ന ചോദ്യമാണ് പാമ്പുകളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നവർ ഉന്നയിക്കുന്നത്. പാമ്പുകളെ പൊതുവെ എല്ലാവർക്കും പേടിയാണ്. ഈ പേടിയുണ്ടാക്കുന്നതിൽ മതങ്ങളും അന്ധവിശ്വാസങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാമ്പിനെ പിടിക്കുക, കൈകളിലെടുക്കുക തുടങ്ങിയവ സമൂഹത്തിൽ ഹീറോ പരിവേഷമുള്ള കാര്യങ്ങളാണ്. വാവ സുരേഷിന്റെ ആരാധകവൃന്ദവും അതിന്റെ തെളിവാണ്.
വാവ സുരേഷിന്റെ പാമ്പുപിടുത്തം അശാസ്ത്രീയവും പാമ്പിനും അദ്ദേഹത്തിനും നാട്ടുകാർക്കും ഭീഷണിയാണെന്നും ഡോക്ടർമാരടക്കമുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. വാവ സുരേഷ് ശാസ്ത്രീയമായ പാമ്പുപിടുത്ത രീതി പരിശീലിച്ച് ഈ സേവനം തുടരണമെന്നും എ ന്നാൽ, പാമ്പിനെ പിടികൂടിയശേഷമുള്ള പ്രകടനം അവസാനിപ്പിക്കണമെന്നുമാണ് ഇവർ പറയുന്നത്. പാമ്പു പിടുത്തത്തെ ഒരു ഷോ ആയി കാണാൻ താൽപര്യമുള്ള പൊതുസമൂഹവും ഇവിടെയുണ്ട്. അവർക്കുമുന്നിലാണ് ഇത്തരം പ്രകടനങ്ങൾ അരങ്ങേറുന്നത്. അതുകൊണ്ട് ഇത്തരം 'ഫാൻസു'കളെ ബോധവൽക്കരിക്കുക കൂടി വനം വകുപ്പ് ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതുണ്ട്.
അശാസ്ത്രീയമായ പാമ്പുപിടിത്തം അപകടകരമാണെന്ന് ഏറെക്കാലമായി ഈ മേഖലയിൽ ഗവേഷണം നടത്തുന്നവരും വനം വകുപ്പ് ഉദ്യോഗസ്ഥരുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. വിഷമുള്ള ജീവികളായതിനാൽ പാമ്പുകൾ ഏറെ അപകടകാരികളാണ്. പാമ്പുകളെ കണ്ടാൽ തല്ലിക്കൊല്ലുകയോ ഏതെങ്കിലും പാമ്പുപിടിത്തക്കാരെ വിളിക്കുകയോ ആണ് എല്ലാവരും ചെയ്യുക. ഇങ്ങനെയുള്ളവർ അശാസ്ത്രീയമായ രീതിയിലായിരിക്കും പാമ്പിനെ കൈകാര്യം ചെയ്യുന്നത്. ഇത് ചിലപ്പോൾ അവരുടെയും മറ്റുള്ളവരുടെയും പാമ്പുകളുടെയും ജീവൻ തന്നെ അപകടത്തിലാക്കും. കണ്ടുനിൽക്കുന്നവരെ ആവേശം കൊള്ളിക്കാൻ ചില പ്രകടനങ്ങളും ഇവർ നടത്തിയേക്കും. ഇതൊക്കെ അപകടാവസ്ഥ രൂക്ഷമാക്കുകയേയുള്ളൂ.
താരമാകുന്ന പാമ്പുപിടിത്തക്കാർ
വാവ സുരേഷിന് മൂർഖന്റെ കടിയേറ്റതോടെയാണ് പാമ്പു പിടുത്തത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് ചർച്ച വ്യാപകമായത്. അദ്ദേഹത്തിന് പാമ്പിനെ പിടികൂടാനുള്ള ലൈസൻസ് ഇല്ല എന്നു കാണിച്ച് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തന്നെ രംഗത്തുവന്നിരുന്നു. പാമ്പിനെ പിടിക്കാൻ വനം വകുപ്പ് ലൈസൻസ് നൽകുന്നുണ്ടെന്നും എന്നാൽ, ലൈസൻസ് ലഭിച്ചവരുടെ സേവനം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. അതുകൊണ്ടാണ്, വാവ സുരേഷിനെപ്പോലെയുള്ളവരെ പലപ്പോഴും ആശ്രയിക്കേണ്ടിവരുന്നത് എന്ന വാദവു ഉയർന്നു. മൂന്നര പതിറ്റാണ്ടിലേറെയായി പാമ്പുകളെ പിടിക്കുന്ന തനിക്ക് എന്തിനാണ് ഇനി ലൈസൻസ് എന്നാണ് വാവ സുരേഷ് ചോദിക്കുന്നത്.
അശാസ്ത്രീയതയും ധീരതാപ്രകടനങ്ങളുമൊക്കെയുണ്ടെങ്കിലും വാവ സുരേഷിനെ പോലെയുള്ള നിരവധിയാളുകൾ ചെയ്യുന്നത്, ഒരു സേവനമാണെന്നു പറയാം. എന്തെങ്കിലും സാമ്പത്തികനേട്ടം പ്രതീക്ഷിച്ചല്ല അവർ ഇത് ചെയ്യുന്നത്. എന്നാൽ, പരിശീലനം ലഭിക്കാത്തവർ പാമ്പുകളെ പിടികൂടുന്നത് ശിക്ഷാർഹമായ കുറ്റമാണ്. പരിശീലനം നേടി വനം വകുപ്പിന്റെ സർട്ടിഫിക്കറ്റ് നേടാത്തവർ പാമ്പുകളെ പിടികൂടിയാൽ 1972-ലെ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കാവുന്നതാണ്. എന്നാൽ, വാവ സുരേഷിനെപ്പോലുള്ള പാമ്പുപിടുത്തക്കാർക്ക് ആരാധക പിന്തുണ ഏറെയുണ്ടാകുമെന്നതിനാലും ഇവർ ചെയ്യുന്നത് നന്മ ഉദ്ദേശിച്ചുള്ള കാര്യമായതിനാലുമാണ് വനം വന്യജീവി വകുപ്പിന് ഇവർക്കെതിരെ കാര്യമായ നടപടികൾ എടുക്കാനാകാത്തത്.
മാധ്യമങ്ങളും ഇത്തരം ആരാധകവൃന്ദങ്ങൾക്കുവേണ്ടി വാർത്തകൾ ചമയ്ക്കാറുണ്ട്. ‘പ്രാർഥനക്ക് ഫലം കണ്ടു, വാവക്ക് രണ്ടാം ജന്മം' എന്നിങ്ങനെയുള്ള മാധ്യമവാർത്തകൾ, വാവ സുരേഷ് ആശുപത്രി വിട്ടതിനുശേഷമുണ്ടായി. എന്നാൽ, ആധുനിക മെഡിക്കൽ സയൻസാണ് വാവ സുരേഷിന്റെ രക്ഷക്കെത്തിയത്. സാധാരണ മൂർഖന്റെ കടിയേറ്റ ഒരാൾക്ക് നൽകുന്നതിലും കൂടുതൽ ആന്റിവെനമാണ് വാവക്ക് നൽകിയതെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയുകമാർ പറയുന്നു. സാധാരണ ഒരാൾക്ക് 25 കുപ്പി ആന്റി വെനമാണ് നൽകുക, എന്നാൽ, വാവ സുരേഷിന് നൽകിയത് 65 കുപ്പിയിലേറെയാണ്. അദ്ദേഹത്തിന്റെ ശരീരത്തിൽ കൂടുതൽ അളവിൽ വിഷം കയറിയതുകൊണ്ടാണ് ഇത് വേണ്ടിവന്നത്.
സംരക്ഷിക്കണം പാമ്പുകളെ
എല്ലാതരം പാമ്പുകളും സംരക്ഷിത വന്യജീവികളുടെ വിഭാഗത്തിൽ പെടുന്നവയാണ്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റിന്റെ ഷെഡ്യൂൾ ഒന്നിലോ രണ്ടിലോ ഉൾപ്പെട്ട പാമ്പുകളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് മൂന്നുവർഷം മുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഷെഡ്യൂൾ ഒന്നിലും രണ്ടിലും പെടാത്ത പാമ്പുകളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം വരെ തടവും 25000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനം, വന്യജീവി സംരക്ഷണം എന്നുപറയുന്നത് ആർട്ടിക്കിൾ 51 A(S) പ്രകാരം എല്ലാ പൗരൻമാരുടെയും ഉത്തരവാദിത്തമാണ്. അതുകൊണ്ട് സംരക്ഷിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. പൊതുജനങ്ങളുടെ പിന്തുണയില്ലാതെ വന്യജീവി സംരക്ഷണം സാധ്യമല്ലെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
പാമ്പുകളെപ്പറ്റിയുള്ള തെറ്റായ അറിവുകളും ധാരണകളും ഭയവും അറപ്പും ഉള്ള കാലത്തോളം സാധാരണ ജനങ്ങൾക്ക് ഇത്തരം ജീവിയെ കൈകാര്യം ചെയ്യുന്നവരോടും മതിപ്പും ആരാധനയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതുകൊണ്ട് ഇത്തരക്കാർക്കെതിരെ നടപടികളെടുക്കുന്നതിന് പരിമിതികളേറെയുണ്ടെന്നും നാച്ചുറലിസ്റ്റ് ഡേവിഡ് രാജു പറയുന്നു. 16 വർഷത്തിലേറെയായി ദക്ഷിണേന്ത്യയിലെ വനങ്ങളിൽ സഞ്ചരിച്ച് വന്യജീവികളെക്കുറിച്ച് പഠിയ്ക്കുന്ന ഡേവിഡ് രാജു പാമ്പുകളെക്കുറിച്ചും സവിശേഷ പഠനം നടത്തുന്നുണ്ട്.
ലോകത്ത് ആകെ 3600 ഓളം ഇനം പാമ്പുകളുണ്ടെന്നാണ് കരുതുന്നത്. അതിൽ 300ലേറെ ഇനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നുണ്ട്. കേരളത്തിൽ 12 കുടുംബങ്ങളിലായി 100-ലധികം ഇനം പാമ്പുകളാണുള്ളത്. ഇതിൽ വിഷപ്പാമ്പുകൾ ഇരുപതിനമാണുള്ളത്. പാമ്പുകൾ വിഷത്തിന്റെ കാര്യത്തിലും ആവാസവ്യവസ്ഥയിലുമെല്ലാം വ്യത്യസ്തകളുള്ളവയാണ്. പുതിയ പാമ്പ് ഇനങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. രാജവെമ്പാല, മൂർഖൻ, രണ്ടിനം അണലികൾ, വെള്ളിക്കട്ടൻ എന്നിവയാണ് മരണകാരണമാകുന്ന വിഷമുള്ള പാമ്പുകൾ. രാജവെമ്പാലയെ വനത്തിനോടുചേർന്നാണ് സാധാരണ കാണുക. നഗരവത്കരണത്തിന്റെ ഭാഗമായൊക്കെ പാമ്പുകളുടെ ആവാസവ്യവസ്ഥ നശിക്കുന്നത് ഭീഷണിയാണെങ്കിലും പാമ്പുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. നഗരങ്ങളിൽ ഉൾപ്പെടെ മാലിന്യം കൂടുമ്പോൾ, എലികൾ വർധിക്കുന്നു. ഇത് സ്വാഭാവികമായും പാമ്പുകളുടെ സാന്നിധ്യം കൂടാൻ കാരണമാകുന്നു. എലിശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ വരാൻ സാധ്യതയുള്ളത് മൂർഖൻ പാമ്പുകളാണ്.
പരിശീലനം നേടിയവർ എല്ലായിടത്തും
ജനവാസകേന്ദ്രങ്ങളിൽ പാമ്പുകളെ കണ്ടാൽ എന്തുചെയ്യണം, പാമ്പുകടിയേറ്റാൽ എങ്ങനെയാണ് ശുശ്രൂഷിക്കേണ്ടത് എന്നതിനൊക്കെ ശാസ്ത്രീയമായ പരിശീലനം ലഭിച്ചവർ ഇന്ന് കേരളത്തിൽ എല്ലായിടത്തുമുണ്ട്. സംസ്ഥാന വനം വകുപ്പാണ് അവരെ ഏകോപിപ്പിക്കുന്നത്. അത്തരക്കാരുടെ സഹായം തേടുകയാണ് ജനങ്ങൾ ചെയ്യേണ്ടത്. പൊതുജനങ്ങൾക്ക് വനം വകുപ്പിന്റെ പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാക്കുന്നതിനായി SARPA എന്ന പേരിൽ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനും തുടങ്ങിയിട്ടുണ്ട്.
പാമ്പിനെ വെറും കൈകൊണ്ട് പിടിക്കുക, വിഷപ്പാമ്പിന് ഉമ്മ കൊടുക്കുക, കൂടെ നിന്ന് സെൽഫി എടുക്കുക, കൈയിൽ പിടിച്ച് ക്ലാസെടുക്കുക, തലയിൽ പിടിച്ച് വിഷപ്പല്ലുകൾ കാട്ടിക്കൊടുക്കുക തുടങ്ങി നിരവധി കോപ്രായങ്ങളാണ് പാമ്പിനെ പിടിക്കുന്ന പലരും ചെയ്യുന്നത്. ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി പാമ്പുകളെ പിടികൂടാൻ ഇത്തരം ആളുകളെ നേരത്തെ വനം വകുപ്പിന് ആശ്രയിക്കേണ്ടി വന്നിരുന്നു. കാരണം, വനം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പാമ്പുപിടിത്തത്തിനുള്ള പരിശീലനം ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. വന്യജീവികളെ പിടികൂടി (റെസ്‌ക്യൂ ചെയ്ത്) സുരക്ഷിതസ്ഥാനത്ത് വിടുന്നതിനുള്ള ശാസ്ത്രീയ പരിശീലനം വനം വകുപ്പ് നൽകുന്നുണ്ട്. 2020-ലാണ് വിപുലമായ രീതിയിൽ പരിശീലനം സംഘടിപ്പിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങൾക്കും പൊതുജനങ്ങൾക്കും പരിശീലനം നൽകി.
2020 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി വനം വകുപ്പിലെ 928 പേരാണ് പരിശീലനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയതെന്ന് സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ പറഞ്ഞു.
പാമ്പിനെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതുതന്നെയാണ് ഇപ്പോൾ വാവ സുരേഷിന് അപകടം സംഭവിക്കാൻ കാരണമെന്ന് വനം വകുപ്പിന്റെ സ്റ്റേറ്റ് റെസ്‌ക്യൂ ആക്റ്റിവിറ്റീസ് നോഡൽ ഓഫീസർ കൂടിയായ മുഹമ്മദ് അൻവർ ചൂണ്ടിക്കാട്ടി. ""ഇഴഞ്ഞുനീങ്ങുന്ന ജീവിയായ പാമ്പിന്റെ നട്ടെല്ല് വളരെ ലോലമായതാണ്. അതിന് എഴുന്നേറ്റ് നിൽക്കാനുള്ള കഴിവില്ല. അങ്ങനെയുള്ള ജീവിയെ തലകീഴായി കുറേ നേരം പിടിച്ചാൽ സ്വാഭാവികമായും കടിച്ചുപോകും. അതാണ് സുരേഷിന് കടി കിട്ടാൻ കാരണം.'' -അൻവർ പറഞ്ഞു.
""പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കിലിടാൻ ശ്രമിക്കുന്നതൊക്കെ തെറ്റായ രീതിയാണ്. ഇരുണ്ട തുണിയോ സഞ്ചിയോ ചാക്കോ പൈപ്പിനോട് ചേർത്തുവെച്ച് മാളം പോലെയാക്കി പാമ്പിനെ അതിനടുത്തേയ്ക്ക് എത്തിച്ച് ഉള്ളിലേയ്ക്ക് കയറ്റുകയാണ് ചെയ്യേണ്ടത്. ഹുക്ക് ഉപയോഗിച്ചാണ് പാമ്പിനെ പിടിക്കേണ്ടത്. അല്ലാതെ വെറും കൈയിൽ പിടിച്ചാൽ അത് പാമ്പിന് അസ്വസ്ഥതയുണ്ടാക്കുകയും അക്രമാസക്തമാകാൻ ഇടയാകുകയും ചെയ്യും.'' -അൻവർ വിശദീകരിച്ചു.
പരിശീലനത്തിൽ പങ്കെടുക്കാനും സർട്ടിഫിക്കറ്റ് നേടാനും വാവ സുരേഷിന് പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹം തയ്യാറാകുന്നില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ""വാവ സുരേഷ് ചെയ്യുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള കാര്യമാണ്. ഏത് സമയത്ത് വിളിച്ചാലും ഓടിയെത്തുന്ന സുരേഷ് ആളുകൾക്ക് വലിയ ആശ്വാസമാണ്. പക്ഷെ ഇപ്പോൾ അദ്ദേഹം സ്വയം അപകടത്തിൽപെട്ടിരിക്കുകയാണ്. ഇങ്ങനെയുണ്ടാകാതിരിക്കാനാണ് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയത്.'' -അൻവർ പറയുന്നു.
കേരളത്തിലെ ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരെ, പാമ്പുകളെ തിരിച്ചറിയുതിന് സഹായിക്കാൻ അവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഇൻഫോ ക്ലിനിക്കിന്റെയും പാമ്പുകളെക്കുറിച്ച് ഗവേഷണം നടത്തുവരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. കടിയേറ്റ രോഗിയോടൊപ്പം കടിച്ച പാമ്പുകളെ കൂടി ആശുപത്രിയിൽ കൊണ്ടുവരുന്ന ശീലം നമുക്കിടയിലുണ്ട്. ആവശ്യമുള്ള കാര്യമല്ല എങ്കിൽ പോലും, പാമ്പുകളെ തിരിച്ചറിഞ്ഞാൽ, ചികിത്സയ്ക്കു ഉപകാരപ്രദമായിരിക്കും.
വിരൽത്തുമ്പിലുണ്ട് സഹായം (SARPA)
Snake Awarnes, Rescue and Protection App എന്നതിന്റെ ചുരുക്കപ്പേരാണ് സർപ (SARPA). പാമ്പുകളെക്കുറിച്ച് അവബോധമുണ്ടാക്കാനും പാമ്പുകളെ സുരക്ഷിതമായി പിടികൂടുന്നതിനും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സംസ്ഥാന വനം വകുപ്പ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഈ പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ആൻഡ്രോയ്ഡ് ആപ്പാണ്. വൈകാതെ തന്നെ ഐ ഫോണിലും ലഭ്യമാകും. 2020 ആഗസ്റ്റിലാണ് SARPA തുടങ്ങിയത്. 2021 ജനുവരിയോടെയാണ് പൂർണതോതിൽ പ്രവർത്തനം തുടങ്ങിയത്. മലയാളത്തിലും ഇംഗ്ലീഷിലും വിവരങ്ങൾ ലഭ്യമാണ്. പാമ്പിനെ കണ്ടാലും പാമ്പുകടി റിപ്പോർട്ട് ചെയ്യാനും പാമ്പിനെ തിരിച്ചറിയാനും ആപ്പിൽ സംവിധാനമുണ്ട്. പാമ്പിന്റെയോ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെയോ ഫോട്ടോയെടുത്ത് ആപ്പിന്റെ മുകളിൽ തന്നെയുള്ള പാമ്പിനെ കണ്ടാൽ (Report a Snake), പാമ്പുകടി റിപ്പോർട്ട് ചെയ്യാൻ (Report a Snakebite), പാമ്പിനെ തിരിച്ചറിയാൻ (Snake Identification) എന്നീ സെക്ഷനുകളിൽ അപ് ലോഡ് ചെയ്താൽ മതി. ചിത്രത്തിനൊപ്പം സാധ്യമെങ്കിൽ ചെറുവിവരണവും നൽകാം. നിങ്ങളുടെ ലോക്കേഷൻ ട്രേസ് ചെയ്ത് വനം വകുപ്പ് ഉദ്യോഗസ്ഥരോ പരിശീലനം ലഭിച്ചോ വൊളന്റിയറോ സ്ഥലത്തെത്തും.
വിഭവങ്ങൾ (Resources) എന്ന സെക്ഷനിൽ വിഷമുള്ള പാമ്പ് കടിച്ചാൽ എന്തുചെയ്യണം, 4 ഡെഡ്‌ലിയസ്റ്റ് സ്‌നേക്‌സ് ഓഫ് ഇന്ത്യ, സർവൈവൽ ഗൈഡ് എന്നീ വീഡിയോകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഹോസ്പിറ്റൽ ലിസ്റ്റ് എന്ന സെക്ഷനിൽ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ പേരും ഗൂഗിൾ മാപ്പ് റൂട്ടും ഫോൺ നമ്പറും കൊടുത്തിരിക്കുന്നു. പ്രഥമശുശ്രൂഷ (First Aid) സെക്ഷനിൽ പാമ്പുകടിയേറ്റാൽ എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്ന കാര്യം വിശദമാക്കിയിട്ടുണ്ട്.
ഫീൽഡ് ഗൈഡ് എന്ന സെക്ഷനിൽ വിവിധ ഇനം പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ചിത്രങ്ങൾ സഹിതം നൽകിയിരിക്കുന്നു. രക്ഷകരുടെയും (Rescuers) ഉദ്യോഗസ്ഥരുടെയും (Officers) ലിസ്റ്റും ആപ്പിൽ ലഭ്യമാണ്. നിങ്ങളുടെ പരിസരത്ത് പാമ്പുകളെ കണ്ടാൽ Rescuers എന്ന സെക്ഷനിലുള്ളവരുടെ സഹായം സ്വീകരിക്കാം. രക്ഷകരുടെ പേരും ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ആപ്പ് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഫോണിൽ വിളിച്ച് വിവരം പറയാം. നിങ്ങൾ വിളിക്കുന്നയാൾ പരിസരത്തുള്ളയാളല്ലെങ്കിൽ വാട്‌സാപ്പ് ഗ്രൂപ്പിൽ വിവരം നൽകി ആളെ എത്തിക്കുന്നതാണ്. രക്ഷകരും ഉദ്യോഗസ്ഥരും എല്ലാം ഉൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പ് 24 മണിക്കൂറും സജീവമാണ്. അതുകൊണ്ട് ഏതുസമയത്ത് വിളിച്ചാലും സഹായം ഉറപ്പാണ്.
പാമ്പുകളെ അറിയാം, മനസ്സിലാക്കാം (Snakepedia)
കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള സമഗ്രമായ ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനാണ് Snakepedia. പാമ്പുകളെ ചിത്രങ്ങളുടെ സഹായത്തോടെയും ശബ്ദരേഖയുടെ സഹായത്തോടെയും പരിചയപ്പെടുത്തുന്നതിനൊപ്പം പ്രഥമശുശ്രൂഷയെക്കുറിച്ചും ചികിത്സയെക്കുറിച്ചും വിശദീകരിക്കുകയും ചെയ്യുന്നു. പാമ്പുകളെ തിരിച്ചറിയാനുള്ള ഓൺലൈൻ ഹെൽപ്ലൈനുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും വിവരങ്ങൾ ലഭ്യമാണ്. 90 ശതമാനവും ഇതൊരു ഓഫ്ലൈൻ ആപ്പാണ്. ശബ്ദരേഖയും ഓലൈൻ ഹെൽപ്ലൈനും ഒഴികെ ബാക്കി എല്ലാ സൗകര്യങ്ങളും ഓഫ്ലൈൻ ആയി ഉപയോഗിക്കാവുന്നതാണ്.
പാമ്പുകളെ അവയുടെ ഇംഗ്ലീഷ് പേരിന്റെയോ, മലയാളം പേരിന്റെയോ, ശാസ്ത്രനാമത്തിന്റെയും ആദ്യ അക്ഷരങ്ങൾ ഉപയോഗിച്ച് എളുപ്പം കണ്ടുപിടിക്കാം. സാധാരണക്കാർക്ക് മനസ്സിലാക്കാൻ ലക്ഷ്യമിട്ടുള്ള ആപ്പിൽ സാങ്കേതികപദങ്ങൾ ഒവിവാക്കി ലളിതമായാണ് വിവരണങ്ങൾ നൽകിയിരിക്കുന്നത്. പാമ്പുകളെ തിരിച്ചറിയുന്നതിനായി ചിത്രങ്ങളും നൽകിയിട്ടുണ്ട്. ഓരോയിനം പാമ്പുകളെയും കൃത്യമായി തിരിച്ചറിയാനുള്ള അടയാളങ്ങളും സവിശേഷതകളുമൊക്കെ ഇൻഫോഗ്രാഫിക്സിന്റെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്ന ID Tips എന്ന സെക്ഷൻ ആളുകൾക്ക് ഏറെ ഉപകാരപ്രദമാണ്. പാമ്പുകളെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാനായി വിദഗ്ധരോട് ചോദിക്കാം (Ask Expert) എന്ന സെക്ഷനുമുണ്ട്. ഇതിൽ മൂന്ന് ചിത്രങ്ങൾ വരെ അയക്കാനാവും. വിദഗ്ധർ അവ പരിശോധിച്ച് വിവരങ്ങൾ നൽകും.
പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ, വിഷചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ പട്ടിക, വിഷചികിത്സ എന്നീ സെക്ഷനുകളുമുണ്ട്. പ്രതിവിഷം അടക്കമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള 158 ആശുപത്രികളുടെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആശുപത്രികളുടെ ലിസ്റ്റും അങ്ങോട്ടുള്ള ഗൂഗിൾ മാപ്പ് റൂട്ടും ഇവിടെ ലഭ്യമാണ്. യാത്ര ആരംഭിക്കുതിനുമുൻപ് ആശുപത്രിയിലെ ഫോൺ നമ്പറിൽ വിളിച്ച് അറിയിക്കുന്നത് നല്ലതാണ്. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയമായ ചെറുവിവരണം, പാമ്പുകടി തടയാനുള്ള വിവിധ മാർഗങ്ങൾ, പാമ്പുകളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്നീ ലേഖനങ്ങൾ ഇൻഫോ എന്ന സെക്ഷനിൽ വായിക്കാം.
പാമ്പുരക്ഷകർ (Rescuers) എന്ന സെക്ഷനിൽ പാമ്പുകളെ രക്ഷപ്പെടുത്താൻ, വനം വന്യജീവി വകുപ്പ് നൽകിയ ശാസ്ത്രീയമായ പരിശീലനവും ലൈസൻസും ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളുണ്ട്. കേരളത്തിലെ പാമ്പുകളുടെ ലിസ്റ്റ് (Checklist) എന്ന സെക്ഷൻ കേരളത്തിലെ ആവാസവ്യവസ്ഥകളിൽ കണ്ടിട്ടുള്ള പാമ്പുകൾ ഉൾപ്പെട്ടതാണ്. ഓരോ പുതിയ ഇനം പാമ്പുകളെ കണ്ടെത്തുമ്പോഴും, പഴയതിന്റെ ശാസ്ത്രീയനാമം പോലുള്ളവയിൽ പുതിയ പഠനങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകുമ്പോഴും അത്തരം വിവരങ്ങൾ പുതുക്കി നൽകും. പോഡ്കാസ്റ്റ് എന്ന സെക്ഷനിൽ പാമ്പുകളെ സംബന്ധിച്ചുള്ള എല്ലാ വിവരണങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും കേൾക്കാം.
പാമ്പുകടിയേറ്റാൽ
പാമ്പുകടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വളരെയധികം തെറ്റായ ധാരണകളാണുള്ളത്. പാമ്പുകടിയേറ്റ ഭാഗത്തിന് മുകളിൽ കെട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പലരും ചെയ്യുന്നതാണ്. പാമ്പുകടിയേറ്റാൽ ആളെ എത്രയും പെട്ടെന്ന് എടുത്ത് ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യേണ്ടത്. കടിയേറ്റ ഭാഗം ഇളകാൻ പടില്ലാത്തതിനാൽ ആളെ എടുത്തുതന്നെ വാഹനത്തിലേയ്ക്ക് കയറ്റണം. മുറിവിൽ ഒന്നും ചെയ്യാൻ പാടില്ല. കടിയേറ്റ ഭാഗത്തിനുമുകളിൽ കെട്ടാനും പാടില്ല. കെട്ടിട്ടാൽ വിഷം അവിടെ കെട്ടിക്കിടന്ന് ആ ഭാഗം മുറിച്ചുമാറ്റേണ്ട അവസ്ഥ തന്നെയുണ്ടായേക്കാം.
ഏത് പാമ്പാണ് കടിച്ചതെന്ന് അറിയുന്നതും ചികിത്സയ്ക്ക് സൗകര്യമാണ്. പാമ്പിനെ കണ്ടുകിട്ടുകയാണെങ്കിൽ അതിന്റെ ചിത്രം SARPA ആപ്പിൽ അപ് ലോഡ് ചെയ്താൽ വിവരം ലഭിക്കും. പാമ്പുകടിയേറ്റാൽ സർപ ആപ്പ് വഴി സഹായം തേടാവുന്നതാണ്. ഒരു ചിത്രമെടുത്ത് Report a Snakebite എന്ന സെക്ഷനിൽ അപ് ലോഡ് ചെയ്ത്, കടിയേറ്റതിന്റെ വിവരങ്ങൾ നൽകാം. രോഗിയുടെയോ ബന്ധുവിന്റെയോ ഫോൺ നമ്പർ നൽകിയാൽ നിർദേശങ്ങൾ ലഭിക്കും. വിഷചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക സർപയിലും സ്‌നേക്ക്പീഡിയയിലും ലഭ്യമാണ്. ആശുപത്രികളുടെ നമ്പറുകളുമുണ്ട്. നിങ്ങളുടെ അടുത്തുള്ള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനുമുമ്പ് ഫോണിൽ വിളിച്ച് വിവരം പറയണം.
പാമ്പിനെ പിടിക്കുകയല്ല, രക്ഷിക്കുകയാണ്
പാമ്പുകളുമായി ബന്ധപ്പെട്ട് വളരെയധികം കഥകളും മിത്തുകളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം പ്രചാരത്തിലുണ്ട്. പാമ്പ് ആരാധനയും സാധാരണമാണ്. പാമ്പിനെ കണ്ടാൽ, പാമ്പ് കടിച്ചാൽ ഒക്കെ (അന്ധ)വിശ്വാസവുമായി കൂട്ടിക്കെട്ടുന്ന പ്രവണതയുമുണ്ട്. വിശ്വാസത്തിന്റെ പേരിൽ പാമ്പിനെ ഉപദ്രവിക്കാത്തവരുണ്ട്. ഏത് പാമ്പിനെ കണ്ടാലും തല്ലിക്കൊല്ലാൻ ശ്രമിക്കുന്നവരുമുണ്ട്. നേരിയ തോതിൽ മാത്രം വിഷമുള്ള മനുഷ്യർക്ക് ഒട്ടും അപകടകാരിയല്ലാത്ത പാമ്പുകളെ പോലും ഇത്തരക്കാർ വെറുതെ വിടില്ല. മാത്രമല്ല, അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ കൈകൊണ്ട് പിടിച്ച് ചാക്കിലിടുകയോ ചിലപ്പോൾ അടിച്ചുകൊല്ലുകയോ ആണ് പലരും ചെയ്യുന്നത്. വീട്ടുമുറ്റത്തോ പരിസരത്തോ പാമ്പിനെ കണ്ടാൽ എല്ലാവരും ചെയ്യുന്നത് പാമ്പിനെ പിടികൂടുന്നവർ എന്നറിയപ്പെടുന്ന ആരെയെങ്കിലും വിളിക്കുകയാണ്. അറിവില്ലായ്മയോ ഭയമോ ഒക്കെയാവാം ഇതിന് കാരണം.
എല്ലാ ജീവികളും സംരക്ഷിക്കപ്പെടണമെന്ന ചിന്തയിലാണ് മെഡിക്കൽ റെപ്രസെന്റേറ്റീവായ അരുൺ മോഹൻ വനം വകുപ്പിന്റെ പരിശീലനത്തിൽ പങ്കെടുത്തത്. പത്തുവർഷത്തോളമായി പ്രകൃതിസംരക്ഷണത്തിനായി പ്രവർത്തിക്കുന്നയാളാണ്. കേരളത്തിലാകെ ഇത്തരത്തിൽ പരിശീലനം ലഭിച്ച 900-ലേറെ പേരുണ്ട്. നേരത്തെ പാമ്പുപിടിത്തം നടത്തിയ നിരവധിയാളുകൾ വനം വകുപ്പിന്റെ പരിശീലനത്തിൽ പങ്കെടുക്കുകയും ലൈസൻസ് നേടുകയും ചെയ്തിട്ടുണ്ട്.
""നേരത്തെ വിഷമില്ലാത്ത ചെറിയ ഇനം പാമ്പുകളെ മാത്രമാണ് റെസ്‌ക്യൂ ചെയ്തിട്ടുള്ളത്. പരിശീലനം ലഭിച്ചതിനുശേഷം എല്ലാതരം പാമ്പുകളെയും രക്ഷപ്പെടുത്താറുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 50-ലേറെ പാമ്പുകളെയാണ് ആലപ്പുഴയിൽ എനിയ്ക്ക് രക്ഷപ്പെടുത്താനായത്.'' -അരുൺ മോഹൻ പറഞ്ഞു. ജോലിയ്ക്ക് പോകുമ്പോഴും പാമ്പിനെ രക്ഷപ്പെടുത്താനുള്ള ഹുക്ക്, പൈപ്പ്, ബാഗ് തുടങ്ങിയ സാധനങ്ങൾ വണ്ടിയിൽ കരുതാറുണ്ടെന്നും എപ്പോൾ വിളി വന്നാലും പോകാൻ തയ്യാറായാണിരിക്കുന്നതെന്നും അരുൺ പറയുന്നു. ""പാമ്പിനെ പിടിക്കുമ്പോൾ പൊതുവെ ആൾക്കൂട്ടം ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ട്. ആളുകളെ മാറ്റിയശേഷം ബാഗും പൈപ്പും സെറ്റ് ചെയ്ത് പാമ്പിനെ അതിലേയ്ക്ക് കയറ്റാൻ ശ്രമിക്കും. ഹുക്ക് ഉപയോഗിച്ചാണ് പാമ്പിനെ പൈപ്പിനടുത്തേയ്ക്ക് എത്തിക്കുന്നത്. അത്യാവശ്യമാണെങ്കിൽ മാത്രമെ കൈകൊണ്ട് തൊടാറുള്ളൂ. പിടികൂടിയ പാമ്പിനെ വനം വകുപ്പിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. പാമ്പിനെ ബാഗിൽ കയറ്റിയതിനുശേഷം അവിടെക്കൂടിയ ആളുകൾക്ക് പാമ്പുകളെക്കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞുകൊടുക്കാറുമുണ്ട്.''- അരുൺ പറഞ്ഞു. ആലപ്പുഴ ജില്ലയിൽ നിന്ന് പിടിക്കുന്ന പാമ്പുകളെ റാന്നിയിലെ വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിനെയാണ് ഏൽപ്പിക്കുന്നത്. അവർ അതിനെ കാട്ടിൽ വിടും.
പാമ്പിനെ കൈകളിലെടുക്കുകയും തലകീഴായി തൂക്കിപ്പിടിക്കുകയുമൊക്കെ ചെയ്താൽ പിന്നീട് കാട്ടിൽ വിട്ടാലും അതിന് ജീവിക്കാനാവില്ല. ഭക്ഷണം കഴിക്കാനാകാതെ അത് മരിച്ചുപോവുകയേയുള്ളൂ. പാമ്പിനെ പിടികൂടുമ്പോഴും തുറന്നുവിടുമ്പോഴും എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ വനം വകുപ്പ് പരിശീലനത്തിൽ നൽകുന്നുണ്ട്.