ജൂലൈ 30 ന് രാത്രി 12.45 ഓടെയാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടലുണ്ടാകുന്നത്. വാണിമേൽ ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ വിലങ്ങാട്, കണ്ണൂർ ജില്ലയിലെ കണ്ണവം, വയനാട് ജില്ലയിലെ കുഞ്ഞോം വനമേഖലയോട് ചേർന്നാണ് കിടക്കുന്നത്. വാണിമേൽ പഞ്ചായത്തിലെയും നരിപ്പറ്റ പഞ്ചായത്തിയലെയും മഞ്ഞച്ചീളി, പാനോം, വലിയ പാനോം, അടിച്ചിപ്പാറ, മലയങ്ങാട്, പന്നിയേരി, മഞ്ഞക്കുന്ന്, പാനോത്ത്, കുറ്റല്ലൂർ, പറക്കാട്, ആനക്കുഴി, മാടാഞ്ചേരി എന്നിവിടങ്ങളിലാണ് ആ രാത്രിയിൽ ഉരുൾപൊട്ടൽ നാശം വിതച്ചത്.
കലി തുള്ളിയെത്തിയ ദുരന്തത്തിൽ എല്ലാം നഷ്ടമായ വിലങ്ങാടിന്റെ പുനരധിവാസമാണ് ഇനിയുള്ള വെല്ലുവിളി. നാശനഷ്ടത്തിന്റെ കണക്ക് ഇത് വരെ പൂർത്തിയായിട്ടില്ല. വിലങ്ങാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ആദ്യമെത്തിയ വാര്‍ത്തകളിൽ വിലങ്ങാട് ടൗണും മാത്യു മാഷിന്റെ ജീവനെടുത്ത മഞ്ഞച്ചീളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നാക്ക മേഖലയായ പന്നിയേരി, പറക്കാട്, കുറ്റല്ലൂർ, മാടാഞ്ചേരി, മലയങ്ങാട് പ്രദേശങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ വാർത്തകളിലും ചിത്രങ്ങളിലും ഉണ്ടായിരുന്നില്ല. പിന്നാക്ക മേഖലയിടക്കമുള്ള വിലങ്ങാടിലെ ജനങ്ങളുടെ പുനരധിവാസമാണ് പ്രധാന വെല്ലുവിളിയായി മുന്നിലുള്ളത്.