മാർച്ച് മാസത്തിന്റെ ആരംഭത്തിൽ തന്നെ അസാധാരണമായ തോതിലുള്ള ഉഷ്ണത്തെക്കുറിച്ച് നാം പരാതിപ്പെടാൻ തുടങ്ങിയിരിക്കുന്നു. സാധാരണയിലധികമുള്ള ചൂടാണ് രാജ്യത്തെമ്പാടും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. പകൽനേരങ്ങളിലെ താപനില സാധാരണയിൽ നിന്ന് 4 മുതൽ 8 വരെ ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടെലിവിഷൻ ചാനലുകളിലും മൊബൈൽ ഫോണിലും പശ്ചിമേഷ്യയിൽ നടക്കുന്ന യുഎസ്-ഇസ്രയേൽ/ഇറാൻ യുദ്ധത്തിന്റെ ലൈവ് വീഡിയോകൾ കണ്ടുകൊണ്ടാണ് നാം താപവർധനവിനെക്കുറിച്ച് വേവലാതിപ്പെടുന്നത്. അതേസമയം യുദ്ധവും കാലാവസ്ഥാ മാറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമ്മളിൽ എത്രപേർ ചിന്തിച്ചിട്ടുണ്ടാകും എന്നറിയില്ല.
താപനിലയിലെ വർധനവിലെ സുപ്രധാന ഘടകം അന്തരീക്ഷ കാർബണിന്റെ അളവിലുള്ള ഉയർച്ചയാണ് എന്ന കാര്യത്തിൽ ഇന്ന് ആർക്കെങ്കിലും സന്ദേഹമുണ്ടാകുമെന്ന് തോന്നുന്നില്ല. കാർബൺ ഉത്സർജ്ജനം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര കരാറുകൾ വരെ ഇന്ന് തയ്യാറാക്കപ്പെട്ടു കഴിഞ്ഞു. പല രാജ്യങ്ങളും അവരുടെ കാർബൺ വിസർജ്ജനം കുറയ്ക്കുന്നതിനായി കാലപരിധി വരെ നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. 2047 ആകുമ്പോഴേക്കും ഇന്ത്യയുടെ കാലാവസ്ഥാ പ്രതിബദ്ധത പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകത്തിലെ എണ്ണ ഉത്പാദനത്തിലെ മുഖ്യപങ്ക് വഹിക്കുന്ന പശ്ചിമേഷ്യയിൽ ഇറാനെതിരായി ഇസ്രയേലും അമേരിക്കയും നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ യുദ്ധം നിലവിലെ കാർബൺ വിസർജ്ജനത്തിലെ തോത് എത്ര മടങ്ങ് കണ്ട് വർധിപ്പിക്കും എന്ന് നാമെപ്പോഴെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. ഇറാനിലെയും ഖത്തറിലെയും ഇസ്രായേലിലെയും കത്തിക്കൊണ്ടിരിക്കുന്ന എണ്ണ സംഭരണശാലകൾ തീർച്ചയായും ആഗോള കാലാവസ്ഥാ ശ്രമങ്ങൾക്ക് തിരിച്ചടിയായി മാറും എന്നതിൽ തർക്കമൊന്നുമില്ല.

യുദ്ധാവശ്യങ്ങൾക്കായി വിഭവങ്ങൾ കൂടുതലായി ഉപയോഗിക്കപ്പെടുന്നതു കൂടാതെ, യുദ്ധങ്ങളിൽ തകർക്കപ്പെടുന്ന നിർമ്മിതികളുടെ പുനരുദ്ധാരണത്തിനും അധിക വിഭവ വിനിയോഗം ആവശ്യമായി വരുന്നുണ്ട്.
അടുത്തകാലത്ത്, അമേരിക്ക പലസ്തീനിൽ നടത്തിയ ഇടപെടൽ ആഗോള കാർബൺ ഉത്സർജ്ജനത്തിൽ ഉണ്ടാക്കിയ വർധനവ് മാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. വിവിധ സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നത്, അമേരിക്ക ഗാസയിൽ നടത്തിയ യുദ്ധത്തിൽ സൈനിക ഇന്ധന ഉപയോഗത്തിലൂടെ മാത്രം 600,000 ടൺ കാർബൺ (CO2e) തത്തുല്യ ഉത്സർജ്ജനം നടത്തിയിട്ടുണ്ടെന്നാണ്.
പശ്ചാത്തല സൗകര്യങ്ങളുടെ നാശം, തീപ്പിടുത്തം, ചോർച്ച എന്നിവയിലൂടെ സംഭവിച്ച കാർബൺ വിസർജ്ജനത്തോത് 1.9 ദശലക്ഷം കാർബൺ (CO2e) ആണെന്ന് മറ്റൊരു കണക്ക് സൂചിപ്പിക്കുന്നു. അതേരീതിയിൽ പശ്ചാത്തല സൗകര്യങ്ങളുടെ പുനർനിർമ്മിതിക്കായി ചെലവഴിക്കപ്പെടുന്ന സിമന്റ്, സ്റ്റീൽ പോലുള്ള വിഭവങ്ങളിലൂടെ കാർബൺ ഉത്സർജ്ജനം 60 ദശലക്ഷം (CO2e) ആയിരിക്കുമെന്നും കണക്കാക്കപ്പെടുന്നു. ഈ കണക്കുകൾ മൊത്തത്തിൽ പരിശോധിച്ചാൽ 100 രാജ്യങ്ങളുടെ വാർഷിക എമിഷന് തുല്യമായിരിക്കും ഇസ്രയേൽ-ഗാസ യുദ്ധത്തിലെ കാർബൺ വിസർജ്ജനത്തിന്റെ തോത്.
സൈനിക ഉപയോഗം, നിർമ്മിതികളുടെ തകർച്ച, പുനർനിർമ്മിതി എന്നിവയ്ക്ക് പുറമെ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ എണ്ണ സംഭരണശാലകൾക്ക് നേരെ ആക്രമണം നടക്കുന്നതും അവ കത്തിപ്പുകഞ്ഞുകൊണ്ടിരിക്കുന്നതും കൂടുതൽ കടുത്ത പ്രതിസന്ധികളിലേക്ക് നയിക്കും എന്നത് ഉറപ്പാണ്.

ലക്ഷക്കണക്കിന് എണ്ണ ടാങ്കറുകൾ വഹിച്ചുകൊണ്ടുള്ള കപ്പലുകളെ നടുക്കടലിൽ മിസൈലുകൾ ഉപയോഗിച്ച് തകർക്കുന്നത് Oil spill പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. 1991-ലെ ഗൾഫ് യുദ്ധത്തിൽ 240 ദശലക്ഷം ഗാലൻ എണ്ണയാണ് പേർഷ്യൻ ഗൾഫ് കടലിലേക്ക് തള്ളപ്പെട്ടത്. സമുദ്ര ജലത്തിലേക്ക് വൻതോതിൽ എണ്ണ കലരുന്നത് സമുദ്ര ജൈവവ്യവസ്ഥയെ ഇത് എത്രമാത്രം പ്രതികൂലമായി ബാധിക്കും എന്നതിനെക്കുറിച്ച് വലിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
ആരാന്റെ പറമ്പിലെ വഴക്ക് കണ്ടു നിൽക്കുന്ന ലാഘവത്തോടെ യുദ്ധ വാർത്തകൾ കൗതുകത്തോടെ വീക്ഷിക്കുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെ അടുക്കളകളെ തൊട്ട് ദിനാവസ്ഥകളെ വരെ ബാധിക്കാനിരിക്കാനിരിക്കുന്നതേയുള്ളൂ എന്ന് ഓർക്കുന്നത് നന്ന്.
